Saturday, 5 February 2011

ഇരിക്കപ്പൊറുതി ഇല്ലാത്ത പൊല്ലാപ്പുകള്‍


സൗദിയില്‍ പണിയെടുക്കുന്ന ഷുക്കൂറിന്റെ വീട്ടില്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. അന്നൊരു ഞായറാഴ്ച ആയിരുന്നു. ദിനപത്രത്തില്‍ അവന്‍റെ വൈവാഹികപരസ്യം വന്നപ്പോള്‍ തൊട്ട് വീട്ടിലെ ഫോണ്‍ ശബ്ദിച്ചുതുടങ്ങിയതാണ്. പഴയ പ്രവാസിയായ ഉപ്പ പത്രത്താളില്‍ മകന്‍റെ പരസ്യം വായിച്ച് നെടുവീര്‍പ്പിട്ടു കോലായയില്‍ ഇരിക്കുമ്പോള്‍ ഉമ്മ ഫോണില്‍ സംസാരിച്ചു.

പരസ്യം കണ്ടിട്ട് ആരോ വിളിക്കുന്നതാണ്. ഉപ്പ പത്രം മടക്കിവെച്ച് ശ്രദ്ധിച്ച് ഇരുന്നു. ഫോണ്‍ വെച്ച് ഉമ്മ കോലായില്‍ പ്രത്യക്ഷപ്പെട്ടു. സംഗതി അറിയിച്ചു.

നോക്ക്യാണീ.. മലപ്പൊറത്ത്‌ നിന്നാന്ന്. പെണ്ണ്‍ സൌന്ദര്യവതി ഒക്കെയാണ്. പക്ഷെ ഒരു ചെറ്യേ കൊഴപ്പം..

എന്താണാ കൊഴപ്പം? ഉപ്പ മുഖം കനപ്പിച്ചു പറമ്പിലെ മണ്ടപോയ തെങ്ങില്‍ നോക്കി ചോദിച്ചു.

ഉമ്മ മടിച്ച് മടിച്ച് പറഞ്ഞു: ഓള്‍ക്ക് മൂന്ന്‍ കുട്ട്യേള് ഉണ്ട്ന്ന്!!

ഓനോട് വിളിച്ച് ചോദിക്ക് പറ്റ്വോന്ന്. ഉപ്പ എഴുന്നേറ്റു മുണ്ട് മുറുക്കി ഉടുത്തു മുറിയില്‍ കയറി കതകടച്ചു.

ഉമ്മ ഫോണിന് അടുത്തേക്ക്‌ നടന്നു. ഷുക്കൂറിനെ ലൈനില്‍ കിട്ടി. സംഗതി അറിയിച്ചു.

മോനേ ഷുക്കൂര്‍, ഞമ്മള് കൊടുത്ത പരസ്യം കണ്ടു ഒരുത്തീടെ ഉമ്മ വിളിച്ച്. ഓള് നല്ല സൌന്ദര്യവതിയാ. ഓളെ ഫോട്ടോ എന്തോ ഒരു ഇതീക്കൂടി അനക്ക് അയച്ചുതരാംന്ന് ഓളെ ഉമ്മ പറഞ്ഞു.

ഷുക്കൂര്‍ ആഹ്ലാദവാനായി കാര്യങ്ങള്‍ കേട്ടു.

പരസ്യത്തില്‍ കൊടുത്ത ഈമെയില്‍ ആണ് അത് ഉമ്മാ

അതെന്താ സാധനം? ആ എന്തായാലും ഒരു കൊഴപ്പം ഉണ്ട് മോനേ. അത് കേട്ട് അനക്ക് പറ്റിയാല്‍ ആ സാധനം വഴി ഓളെ ഫോട്ടോ അയച്ച് തരാന്‍ ഞാന്‍ ഒരോട് പറയാം.

എന്താണാ കൊഴപ്പം ഉമ്മാ? ഷുക്കൂര്‍ ചോദിച്ചു.

ഓള്‍ക്ക് മൂന്ന്‍ കുട്ട്യേള് ഉണ്ട്ന്ന്!!

ആഹ്ലാദം പോയ അവന്‍ കേട്ടു. ഒന്നും പറഞ്ഞില്ല. ഫോണ്‍ വെച്ചു. സൗദിയിലെ പണിസ്ഥലത്ത്‌ അസ്വസ്ഥനായിക്കൊണ്ട് ഷുക്കൂര്‍ ഉമ്മ അറിയിച്ച വിവരം കേട്ട് തന്‍റെ ജോലി തുടര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മൊബൈല്‍ഫോണ്‍ വീണ്ടും ശബ്ദിച്ചു.

ഹലോ

അസ്സലാമുഅലൈക്കും. ഇന്ന് പത്രത്തില്‍ വിവാഹപരസ്യം കൊടുത്ത ഷുക്കൂര്‍ ആണോ?

വഅലൈക്കും മുസ്സലാം. നിങ്ങളാരാ? എങ്ങനെ ഈ നമ്പര്‍ കിട്ടി? നാട്ടിലെ നമ്പര്‍ ആണല്ലോ അതില്‍ കൊടുത്തത്‌?

ഞാന്‍ അതില് വിളിച്ചപ്പോ ഈ നമ്പര്‍ തന്നു. എന്‍റെ പെങ്ങള്‍ക്ക് വേണ്ടിയാ വിളിക്കുന്നത്. ഇങ്ങളെ ഒന്ന് കാണണമല്ലോ. ഞാനും ഇവിടെത്തന്നെ ഉണ്ട്.

എന്നാല്‍ ഞാന്‍ എന്‍റെ സ്ഥലം പറഞ്ഞേരാം. വന്നു കണ്ടോളൂ.

അള്ളോ! അത് പറ്റൂല്ല. പത്ത്‌ കൊല്ലായിട്ട് വിസ ഇല്ലാതെ പോലീസിനെ വെട്ടിച്ച് മരുഭൂമിയില്‍ പണിയെടുക്കുന്നതാ ഞാനേയ്. ഇങ്ങള് ഇന്ന് വൈകുന്നേരം മക്കയിലെ ആ മലയുടെ അപ്പുറത്ത് എത്തിയാല് ഒന്നീ നമ്പറിലേക്ക് വിളിച്ചാ മതി. ഞാന്‍ അവിടെ പൊങ്ങാം. എന്തേയ്?

ഷുക്കൂര്‍ പിന്നെയും പോല്ലാപ്പിലായി. നേരം കിട്ടിയാല്‍ വന്നുകാണാം എന്നറിയിച്ചു അവന്‍ ഫോണ്‍ കട്ടാക്കി തന്‍റെ പണിയില്‍ മുഴുകി.

ഒരു വിവാഹം കഴിച്ചാലോന്ന് പുരയില്‍ അറിയിച്ചപ്പോള്‍ ഇങ്ങനെ ആലോചനകള്‍ വരുമെന്ന് വിചാരിച്ചതല്ല. വീട്ടിലെ നമ്പര്‍ മാത്രം കൊടുത്താല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അവിടെനിന്നും ലിങ്ക് ചെയ്ത് ഇപ്പോള്‍ ആലോചന നേരിട്ട് എത്താന്‍ തുടങ്ങിയിരിക്കുന്നു.

ഹായ്‌ ഷുക്കൂര്‍..!

ഷുക്കൂര്‍ തിരിഞ്ഞുനോക്കി. തന്‍റെ സഹമുറിയനും സുഹൃത്തുമായ പരീത്‌ ആണത്. അവന്‍ നല്ല സന്തോഷത്തിലാണ്. സാധാരണ ഓഫീസില്‍ അങ്ങനെ വരാറില്ല. ഇതിപ്പോള്‍ എന്താണാവോ?

എടാ ഇജ്ജ്‌ ഞമ്മള്‍ അറിയാതെ പെണ്ണ് കെട്ടാന്‍ തീരുമാനിച്ച് അല്ലേ പഹയാ?

ഷുക്കൂര്‍ അന്തം പോയിനിന്നു ചിരിച്ചു. പരീത്‌ വന്നു അവനെ കെട്ടിപ്പിടിച്ചു. അന്നത്തെ പത്രത്തില്‍ പരസ്യം വന്നത് വെട്ടിയെടുത്തത് ഷുക്കൂറിനെ കാണിച്ചു. അവന്‍ അത് വാങ്ങി വായിച്ചുനോക്കി നിര്‍വൃതികൊണ്ട് നിന്നു.

പരീത്‌ കാര്യത്തിലേക്ക് കടന്നു. അവന്‍റെ അകന്ന കുടുംബത്തിലെ ഒരുത്തന്‍ മക്കയിലുണ്ട്. അയാളും ആ പരസ്യം വായിച്ച് പരീതിനെ വിളിച്ച് ഷുക്കൂറിനെ കുറിച്ച് കുറേ ചോദിച്ചത്രേ. ഷുക്കൂറിനെ ഒന്ന് നേരില്‍ കാണാന്‍ ആഗ്രഹം പറഞ്ഞത്‌ പരീത്‌ അറിയിച്ചു.

ഷുക്കൂര്‍ അതിനെന്താ കാണാല്ലോ എന്നറിയിച്ചു. പക്ഷെ..പരീത്‌ പിന്നീട് അറിയിച്ചത്‌ അവനെ നിരാശപ്പെടുത്തി.

എന്‍റെ ബന്ധുക്കാരന്‍ ആദ്യം കെട്ടിയ പെണ്ണാണ്. അവന്‍ അതിനെ മൊഴിചൊല്ലിയതാ കേട്ടോ. ഓള് നല്ല മൊഞ്ചത്തിയാണ്. ഓര് തമ്മില് വല്യ പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷേങ്കില് ഓന്റെ ഉമ്മാക്ക് ഓളെ അത്ര പിടിച്ചില്ല. ആറുമാസം കഴിഞ്ഞ് ഓളെ ഓന്‍ മൊഴിചൊല്ലിയതാ.

ഷുക്കൂര്‍ വാപൊളിച്ചു കേട്ട് നിന്നു. പരീത്‌ ചിരിച്ചുകൊണ്ട് അവന്‍റെ തോളില്‍ തട്ടി.

അനക്ക് ഓള് നന്നായി ചേരും ഷുക്കൂര്‍

പോടാ.. പെണ്ണിന്‍റെ ആദ്യഭര്‍ത്താവ്‌ തന്നെ ആലോചനകൊണ്ട് വന്നിരിക്കുന്നു. അതിനു പിന്തുണയുമായി പരീതെ നീയും?

പരീത്‌ ചിരിനിറുത്തി. അനക്ക് വേണ്ടെങ്കി ഇനിക്കും ഈ ബന്ധം വേണ്ട. വൈന്നേരം മുറിയില്‍ കാണാം

പരീത്‌ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ ഷുക്കൂറിന്റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു. അവന്‍റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ അവനെ നോക്കി ചിരിച്ചു. മാനേജര്‍ അറബി ഗൌരവത്തില്‍ നോക്കി കടന്നുപോയി.

ഫോണില്‍ വീണ്ടും ആലോചന വന്നതാണ്. അവന്‍ മനസ്സില്ലാമനസ്സോടെ ഫോണില്‍ വന്ന വിളികേട്ടു.

ഹലോ. ഇങ്ങളെ വീട്ടില്‍ വിളിച്ചപ്പോള്‍ ഉപ്പ ഇങ്ങളെ നമ്പര്‍ തന്നു.

നിങ്ങള് കാര്യം പറയ്‌.

വിളിച്ചയാള്‍ കുട്ടിയെകുറിച്ച് വിശദീകരിച്ചു. രണ്ടാംകെട്ടാണത്രേ. കാണാന്‍ ശേലുണ്ട്. ടീച്ചറാണ്. നല്ല സ്വത്തുണ്ട്. ഷുക്കൂര്‍ സീറ്റില്‍ നിന്നും അറിയാതെ പൊങ്ങി. കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കുട്ടിയുടെ അമ്മാവന്‍ ആണ് ഫോണില്‍. അയാള്‍ അവന്‍റെ സംഗതികള്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കി.

കുട്ടിയെ ഒന്ന് കാണാന്‍ പൂതിയുണ്ട്. എവിടെയുണ്ട് നിങ്ങള്‍?

ഞാനും കുട്ടിയും കുട്ടിയുടെ കുടുംബവും ഒക്കെ ജിദ്ദയില്‍ തന്നെയുണ്ട്.

എന്നാല്‍ ഈ വെള്ളിയാഴ്ച ഒന്ന് നേരില്‍ കണ്ടാലോ? ഷുക്കൂര്‍ അതിയായ ആഗ്രഹത്തില്‍ ചോദിച്ചു.

അതിനെന്താ കാണാല്ലോ. ഇനി പറഞ്ഞില്ലാന്ന് പറയരുത്. ഒരു ചെറ്യേ കൊഴപ്പം ഉണ്ട് കേട്ടോ..!

ഷുക്കൂര്‍ പിന്നെയും പോല്ലാപ്പിലായി. എന്താണാ കൊഴപ്പം?

അവള്‍ക്ക്..

കുട്ടികള്‍ ഉണ്ടാവും അല്ലേ? അയാള്‍ മുഴുമിക്കുന്നതിനും മുന്നേ ഷുക്കൂര്‍ ചോദിച്ചു.

അതല്ല. കുട്ടികളേ ഉണ്ടാവില്ല

അതെന്തേയ്?

അവള്‍ക്ക് ഗര്‍ഭപാത്രം ഇല്ല!! കുട്ടിയുടെ അമ്മാവന്‍ തുടര്‍ന്നുപറഞ്ഞു

അത് എങ്ങനെ പറ്റും കുട്ടിയുടെ അമ്മാവാ..? കല്യാണം കഴിക്കുന്നത് തന്നെ കുട്ടികളെ ഉണ്ടാക്കാനല്ലേ

ഷുക്കൂര്‍ താനേ അവന്‍റെ സീറ്റില്‍ ഇരുന്നു ഫോണ്‍ കട്ടാക്കി. അവന്‍ ആകെ പോല്ലാപ്പിലായി ഉമ്മയെ വിളിച്ചു. ഉമ്മയെ ഫോണില്‍ കിട്ടി. അന്നത്തെ പത്രത്തില്‍ അവന്‍റെ പരസ്യം കണ്ടു ഒരുപാട് പേര്‍ വിളിക്കുന്നത് ഉമ്മ വഴി അവന്‍ അറിഞ്ഞു. ഇനി ആര്‍ക്കും തന്‍റെ ഫോണ്‍നമ്പര്‍ കൊടുക്കല്ലേ എന്നവന്‍ അറിയിച്ചു. ഉപ്പയാണ് നമ്പര്‍ കൊടുക്കുന്നതെന്ന് അറിഞ്ഞു അവന്‍ ഉപ്പ എവിടെ എന്ന് ചോദിച്ചു. ഉപ്പ നല്ല ഉറക്കത്തില്‍ ആണ് എന്നറിഞ്ഞ അവന്‍ ഉമ്മയോട്‌ ഇങ്ങനെ പറഞ്ഞു.

ഇനി വിവാഹമേ വേണ്ട എന്ന് വിചാരിച്ചതാ. നിങ്ങളൊക്കെ പറഞ്ഞത്‌കൊണ്ട് മാത്രമാ ഞാന്‍ പരസ്യം കൊടുക്കാന്‍ പറഞ്ഞത്‌. ഇരിക്കപ്പൊറുതി ഇല്ലാത്ത പൊല്ലാപ്പുകള്‍ തുരുതുരാ വന്നിട്ട് ഇവിടെ മനസ്സമാധാനമില്ല.

എന്താ മോനേ ഷുക്കൂര്‍ ഇങ്ങനെ പറയുന്നത്?

ഇനി എന്താവാന്‍? ഇതിലും ഭേതം ആദ്യത്തെ ഭാര്യ ആയിരുന്നു. ഓളെ പത്രാസും ഓളെ മമ്മി ഡാഡിമാരെയും സഹിച്ച് എന്‍റെ മോളെയും നോക്കി ആ ഫ്ലാറ്റിന്റെ വാടകയും ചിലവും കൊടുത്ത് നിന്നാ മതിയായിരുന്നു എനിക്ക്. ഇതിപ്പോ വരുന്ന ആലോചനകള്‍ മൊത്തം പൊല്ലാപ്പുകള്‍!

ഉമ്മ ഒന്നും പറഞ്ഞില്ല. ആരോ കോളിംഗ്ബെല്‍ അടിക്കുന്നത് കേട്ടു. പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഉമ്മ ഫോണ്‍ കട്ട് ചെയ്തു. ഷുക്കൂര്‍ തന്‍റെ ജോലിയില്‍ മുഴുകി ഇരുന്നു.

നാട്ടിലെ വീട്ടുപടിക്കല്‍ ആരോ വന്നത് കണ്ടു ഉമ്മ വാതില്‍ തുറന്നു. അയാള്‍ തന്‍റെ ലാപ്‌ടോപ്‌ കോലായയിലെ കസേരയില്‍ വെച്ച് മറ്റൊരു കസേരയില്‍ ഇരുന്നു. ഉമ്മ പോയി ഉറങ്ങിക്കിടക്കുന്ന ഉപ്പയെ വിളിച്ചുകൊണ്ടുവന്നു.

ഞാന്‍ വിവാഹദല്ലാള്‍ വീരാന്‍കുട്ടി. നിങ്ങളുടെ മകന്‍ ഷുക്കൂറിന്റെ പരസ്യം ഇന്ന് പത്രത്തില്‍ കണ്ടു. കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു ആലോചനയുമായി ഈ വഴി വരാന്‍ പുറപ്പെട്ടതായിരുന്നു.

എന്നിട്ട്? ഉപ്പ കോട്ടുവായിട്ട് ചോദിച്ചു.

ഇപ്പോള്‍ ഞാന്‍ മെഡിക്കല്‍കോളേജില്‍ പോയി ഒരാളെ കണ്ടിട്ടാ വരുന്നത് വീരാന്‍കുട്ടി പറഞ്ഞു.

അവിടെയുള്ള വല്ല ഡോക്ടര്‍കുട്ടിയുടേയും ആലോചനയാണോ?

ഹേയ് അല്ല. കവലയിലെ ഒരുത്തന്‍ അവിടെ അടികൊണ്ട് അഡ്മിറ്റ്‌ ആയി. കാര്യം വേറൊന്നും അല്ല. അന്ന് ഞാന്‍ ഷുക്കൂറിനെ കുറിച്ച് അയാളോടാ ചോദിച്ചത്. അതിനു അയാള്‍ അസ്ഥാനത്ത്‌ ഒരു അഭിപ്രായം പറഞ്ഞു.

നിങ്ങള് തെളിയിച്ചു പറയൂ ഷുക്കൂറിന്റെ ഉമ്മ ബേജാറായി.

കുടിക്കാന്‍ ചായ എടുത്തേ ഉപ്പ ഉമ്മയെ അടുക്കളയില്‍ പറഞ്ഞയക്കാന്‍ ശ്രമിച്ചു.

ഞാന്‍ കവലയില്‍ എത്തി ഷുക്കൂറിനെ പറ്റി ചോദിച്ചത് ഒരുത്തന്‍ കേട്ടു. അവന്‍ ചോദിച്ചു. ഇങ്ങളെ മോന്‍ ഷുക്കൂര്‍ ആണോന്ന്? അവന്‍ ആണെങ്കില്‍ ഓ നല്ല പയ്യന്‍ അല്ലേ എന്ന് ഒരുമാതിരി ഭാവത്തില്‍ അയാള്‍ പറഞ്ഞു. പന്തികേട് തോന്നി ഞാന്‍ അന്ന് മടങ്ങിപ്പോയതാണ്.

ഉപ്പയും ഉമ്മയും പരസ്പരം നോക്കി പിന്നെ വിവാഹദല്ലാളിനെ നോക്കി.

വിവാഹം മുടക്കാന്‍ ഓരോരുത്തര്‍ ഇറങ്ങിക്കോളും എന്നുംപറഞ്ഞ് ഷുക്കൂറിന്റെ കൂട്ടുകാര്‍ ആ ആളിനെ നന്നായി പെരുമാറി പരുവമാക്കി. അസ്ഥാനത്ത്‌ പറഞ്ഞ അഭിപ്രായത്തിനു അയാളിപ്പോള്‍ മെഡിക്കല്‍കോളേജിലും ആയി.

വിവാഹദല്ലാള്‍ വീരാന്‍കുട്ടി ലാപ്‌ടോപ്‌ തുറന്നു ഓണാക്കി. അതില്‍ പലവിധ ഫയലുകളില്‍ സൂക്ഷിച്ചുവെച്ച പെണ്‍കുട്ടികളുടെ പലകോലത്തില്‍ ഉള്ള പടങ്ങള്‍ ക്ലിക്ക്‌ ചെയ്ത് അവരോട് വിവരിച്ചു കൊടുത്തു.

ഉമ്മ അയാള്‍ക്ക്‌ കൊടുക്കാന്‍ ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറി. ഉപ്പ ഉഷാര്‍ ആയി അയാളുടെ ലാപ്ടോപ്പിലെ പടങ്ങളില്‍ കണ്ണുംനട്ട് ഇരുന്നു. മുറ്റത്തെ മണ്ടപോയ തെങ്ങ് കാറ്റില്‍ ചെറുതായി ഒന്നിളകി.

16 comments:

  1. പുതിയ കഥ "ഇരിക്കപ്പൊറുതി ഇല്ലാത്ത പൊല്ലാപ്പുകള്‍"

    ReplyDelete
  2. അപ്പോള്‍ പത്രപരസ്യത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഇതൊക്കെയാണല്ലേ?
    രസകരമായി എഴുതി..

    ReplyDelete
  3. Dear eranaadan,
    good story no good reality.
    regards.
    shanavas.

    ReplyDelete
  4. ഇനി സെലെക്റ്റ് ചെയ്ത് ..ക്ലിക്ക് ചെയ്യ് എന്റെ പഹയാ!!!

    ReplyDelete
  5. ഹോ ഇതൊരു വല്ലാത്ത ഇരിക്കപ്പുറിതിയില്ലാത്ത പൊല്ലാപ്പുകള്‍ തന്നെ

    ReplyDelete
  6. ഏറനാടാ.. ബല്ലാത്ത പൊല്ലാപ്പുകള്‍ തന്നെ ഇസ്റ്റാ..

    ReplyDelete
  7. ഷുക്കൂറിന് സാലിഹ് എന്ന് മറ്റൊരു പേരുകൂടിയുണ്ടോ മച്ചാ :)

    ReplyDelete
  8. @ സുല്‍ : ഷുക്കൂര്‍ തികച്ചും സാങ്കല്പികം മാത്രം.
    ഇതാരുടെ ജീവിതത്തിലും സംഭവിക്കാം, സംഭവിച്ചിരിക്കാം.

    ReplyDelete
  9. മാഷെ, ഈ കഥയിലെ അവസാനം ഭാഗം(ക്ലൈമാക്സ്) മനസ്സിലായില്ല, ദയവായി ഒന്നു പറയാമൊ, കാരണം അതുവരെ രസകരമായി വായിച്ചു..

    ReplyDelete
  10. തെന്താ...??
    നന്നായി വായിച്ച് വന്നതാ. അവസാനം തുമ്പില്ലാതായി.
    നല്ല ഒരു സന്ദേശം ഉണ്ടാകുമെന്ന് കരുതി, ആദ്യ ഭാര്യ തന്നെ മതിയായിരുന്നെന്ന് നായകന്‍ പറഞ്ഞപ്പോ.
    അവസാനം ഒരടിയില്‍ ഒതുക്കി എല്ലാം .
    സത്യത്തില്‍ എന്താ കഥ??

    കഥ ഇഷ്ട്ടയില്ലാ

    ReplyDelete
  11. @ കൂതറ: ഇങ്ങനെയും സംഭവിക്കാലോ? ഷുക്കൂര്‍ എന്ത് തീരുമാനിച്ചു എന്നത് വായനക്കാരുടെ ഹിതത്തിന് വിട്ടുകൊടുക്കുക. അവന്‍റെ ഉപ്പയും ഉമ്മയും ആരെയെങ്കിലും കണ്ടുപിടിച്ചു കൊടുത്താലും അവന്‍ അത് സമ്മതിക്കില്ല എങ്കിലോ? അതൊക്കെ ഓരോ വായനക്കാരുടേയും ഇഷ്ടത്തിനു വിട്ടുകൊടുക്കുന്നു.

    ReplyDelete
  12. രസകരമായി വായിച്ചു. കഥയുടെ എന്‍ഡിങ് ഞാന്‍ എന്റെ ഇമാജിനേഷന് വിട്ടു കൊടുത്തു. അവര് തീരുമാനിക്കട്ടെ.

    ReplyDelete
  13. മാഷെ, ഈ കഥയിലെ അവസാനം ഭാഗം തുമ്പില്ലാതായി.

    ReplyDelete
  14. കഥ നന്നായി വന്നതാണ്..അവസാനം ശരിയായില്ല..

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com