Saturday, 17 August 2013

ഒരേ ഞെട്ടിലെ രണ്ടു മൊട്ടുകള്‍


ഇരട്ടക്കുട്ടികളായ അവര്‍ കളിച്ചും ചിരിച്ചും ചെറുപിണക്കവും ഒക്കെയായി ഒരുമിച്ച് കുട്ടിക്കാലം കഴിച്ചുകൂട്ടി. ഒരുപോലെ തോന്നിയിരുന്ന അവരെ എല്ലാവര്‍ക്കും കൌതുകമായിരുന്നു. കല്ലടതറവാട്ടിലെ തൊടിയില്‍ അവര്‍ കളിപ്പുരവെച്ച് ചോറും കറിയും കളിച്ച് വര്‍ണ്ണശലഭങ്ങളെപ്പോലെ അവര്‍ പാറിനടന്നു. ഒരേയുടുപ്പിട്ട് അവര്‍ വീട്ടുഗേറ്റില്‍ തൂങ്ങിനിന്ന് റോഡിലൂടെ പോകുന്നവരെ നോക്കി പുഞ്ചിരിച്ചു. നാട്ടിലെ പ്രമുഖനായിരുന്ന ഡോക്ടര്‍ ഉസ്മാന്‍സാഹിബ് പള്ളിയിലേക്ക് പോകുമ്പോള്‍ ഗേറ്റില്‍ നില്‍ക്കുന്ന അവരോട് കുശലംചോദിക്കുമായിരുന്നു. എല്ലാവര്‍ക്കും പേടിയായിരുന്ന ഭ്രാന്തനബുട്ടിയെ കാണുമ്പോള്‍ അവര്‍ ഉമ്മയുടെ അടുത്തേക്ക് ഓടിരക്ഷപ്പെടുമായിരുന്നു.

ഇടയ്ക്കൊക്കെ ഉമ്മയുടെ വീട്ടിലേക്ക് തിരക്കുള്ള ബസ്സില്‍ വിരുന്നുപോകുമ്പോള്‍ ഇരട്ടകളെ സഹായാത്രികമാരില്‍ ആരെങ്കിലും ഉമ്മയുടെ കൈയ്യില്‍നിന്നും ഒരു സഹായത്തിന് ഏറ്റുവാങ്ങി മടിയിലിരുത്തുമ്പോള്‍ ഏട്ടനായ ഞാന്‍ വാവിട്ടുകരയുമായിരുന്നു. എന്‍റെ കുഞ്ഞുമനസ്സില്‍ തോന്നിയിരുന്നത് ഉമ്മ ഇരട്ടകളെ ആ അക്ഞാതസ്ത്രീയ്ക്ക് എന്നെന്നേക്കുമായി കൊടുത്തതാണ് എന്നായിരുന്നു. എന്‍റെ കരച്ചില്‍കണ്ട് ഇരട്ടകളും ഒരെയീണത്തില്‍ കരയാന്‍തുടങ്ങും. കണ്ടക്ടര്‍ ഇടപെട്ട് ആ സ്ത്രീയെ എഴുന്നേല്‍പ്പിച്ച് ഉമ്മയ്ക്കും എനിക്കും ഇരട്ടകള്‍ക്കും സീറ്റ് തരുമായിരുന്നു.

ഒന്നാംക്ലാസ്സ് തൊട്ട് പ്രീഡിഗ്രി (+2) വരെ ഒരേക്ലാസ്സില്‍ ഒന്നാമന്‍മാരായി ഇരട്ടകള്‍ പഠിച്ചു. നാട്ടിലെ വെറുംസാധാരണ സ്കൂളില്‍ പഠിച്ച് അവര്‍ മിടുക്കികളായി. ചെറുപ്പത്തിലേ അവരെ ഡോക്ടര്‍മാരാക്കണം എന്ന ലക്ഷ്യത്തോടെ ഉമ്മ അവര്‍ക്ക് ട്യൂഷനെടുത്തു. കുടുംബത്തിലെ പലരും ഉമ്മയോട് പറഞ്ഞിരുന്നു, എന്തിനാ വെറുതെ അവരെ പഠിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത്? പെണ്‍കുട്ടികള്‍ ഒരുപ്രായം കഴിഞ്ഞാല്‍ വേറെവീട്ടില്‍ ജീവിക്കേണ്ടവരാണ്, ഇതൊക്കെ വെറുതെയാവില്ലേ?

പക്ഷെ, ഉമ്മയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അറുപതുകളില്‍ മലബാറില്‍ വിരളമായിരുന്ന ഫസ്റ്റ്ക്ലാസ്സില്‍ പത്താംതരം പാസ്സായി പിന്നീട് ഫാറൂഖ്കോളേജില്‍നിന്നും ഉയര്‍ന്നമാര്‍ക്കോടെ പ്രീഡിഗ്രി ജയിച്ചയുടനെ വിവാഹം കഴിഞ്ഞപ്പോള്‍ ഉമ്മയ്ക്ക് സാധിക്കാതെപോയ ഉദ്യോഗസ്ഥപദവി.. തന്‍റെ പെണ്മക്കള്‍ക്ക് ഇനി അങ്ങനെയൊരു ദുര്‍വിധി ഉണ്ടാവാന്‍ പാടില്ലയെന്ന് ആ മാതൃഹൃദയം ആഗ്രഹിച്ചു.

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ദൂരെയുള്ള കോഴിക്കോട്നഗരത്തിലെ മെഡിക്കല്‍ എന്ട്രന്‍സ് കോഴ്സിന് ഇരട്ടകളെ ചേര്‍ത്തു. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇരട്ടസഹോദരിമാര്‍ക്കൊപ്പം ഒരു കാവലാളായിട്ട് ഞാന്‍ പോകുമായിരുന്നു. വെറുതെപോവേണ്ട എന്ന് കരുതിയ ഞങ്ങളുടെ ഉപ്പ എന്നെ അതേ ഇന്‍സ്റ്റിട്യൂട്ടിലെ കമ്പ്യൂട്ടര്‍ക്ലാസ്സില്‍ ചേര്‍ത്തിരുന്നു. ഇന്റര്‍നെറ്റ്, ഈമെയില്‍ അക്ഞാതമായിരുന്ന ആ കാലഘട്ടത്തില്‍ ഡോസും ഡാറ്റാബേസും ഒക്കെയായിരുന്നു എന്‍റെ പഠിപ്പ്. ഉപ്പയുടെ ബന്ധുവീടുകളില്‍ ഞങ്ങള്‍ ഓരോ ആഴ്ചകളിലും മാറി മാറി വിരുന്നുപാര്‍ത്തു. നാട്ടിലും കുടുംബത്തിലും കോഴിക്കോട്ടെ ബന്ധുവീടുകളിലും ഉമ്മ എത്ര വിവരിച്ചുകൊടുത്തിട്ടും എന്താണീ മെഡിക്കല്‍ എന്ട്രന്‍സ് കോഴ്സ് എന്നാര്‍ക്കും ഒരുപിടിയും കിട്ടിയിരുന്നില്ല. പക്ഷെ ഉമ്മയുടെ സ്വപ്നം, അവരുടെ ലക്ഷ്യം വിഫലമായില്ല. ഇരട്ടകള്‍ എന്ട്രന്‍സ് ടെസ്റ്റ്‌ മെറിറ്റില്‍ പാസ്സായി. നിലമ്പൂരില്‍ നിന്നും സെലക്ഷന്‍ ലഭിച്ച ഏതാനും പേരില്‍ ഇരട്ടകളായ അവരും ഉള്ളത് നാട്ടുകാര്‍ക്കെല്ലാം അഭിമാനമായ വാര്‍ത്തയായിരുന്നു.

ബിസിനസ്സ് ലാഭമില്ലാതെയായ ഉപ്പ ഒരു തീരുമാനമെടുത്തു. ഉമ്മയും പിന്തുണച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മെറിറ്റ്‌സീറ്റ് ലഭിച്ച ഇരട്ടകള്‍ക്കുവേണ്ടി ജന്മനാട് വിടാനും കോളേജിനടുത്ത് തല്‍ക്കാലം വാടകവീട്ടില്‍ താമസിക്കാനും പദ്ധതിയിട്ടു. ആകെയുണ്ടായിരുന്ന തറവാട്ടുവീടും സ്ഥലവും വിറ്റ്‌ കടങ്ങള്‍ തീര്‍ത്ത് ഞങ്ങള്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഒരു വെള്ളിയാഴ്ച ജുമുഅ-നമസ്കാരം കഴിഞ്ഞവേളയില്‍ എന്നെന്നേക്കുമായി ജന്മനാട്ടില്‍നിന്നും പാലായനം ചെയ്തു. ഡിഗ്രികഴിഞ്ഞ യുവാവായ എനിക്ക് അത് താങ്ങാന്‍കഴിയാത്ത അവസ്ഥയാണ് ഉളവാക്കിയത്. നിറഞ്ഞകണ്ണുകളോടെ ഉമ്മയും ഞാനും ഇരട്ടകളും സ്വന്തക്കാരെ, നാട്ടുകാരെ നോക്കി യാത്രയായി.

ഒരുപാട് ത്യാഗംസഹിച്ച് ഇരട്ടകള്‍ ലക്ഷ്യം നിറവേറ്റി. അവര്‍ ഒരേ കാമ്പസ്സില്‍നിന്നും ഡോക്ടര്‍മാരായി ഇറങ്ങി. ഒരാള്‍ സീനിയര്‍ ക്ലാസ്സിലും മറ്റേയാള്‍ ജൂനിയര്‍ ക്ലാസ്സിലുമായിരുന്നു. അവരുടെ പദവികണ്ട് ഒരുപാട് വിവാഹാലോചനകള്‍ വന്നു. അവര്‍ വിവാഹിതകളായി, ആദ്യമായി ജീവിതത്തില്‍നിന്നും ഇരട്ടകള്‍ വേര്‍പെട്ടു വെവ്വേറെ വീടുകളിലേക്ക് കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. മൂത്തവളെ ഭര്‍ത്താവ് അമേരിക്കയിലേക്ക് കൊണ്ടുപോയി. ഇളയവള്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഉന്നതപഠനത്തിന് ചേര്‍ന്നു. അവളുടെ ഭര്‍ത്താവും അവിടെ MD-ക്ക് പഠിക്കുകയായിരുന്നു.

അത്രയുംകാലം ഒരുമിച്ച് ഒരേമനസ്സുമായി ജീവിച്ച ഇരട്ടകള്‍ ഭൂമിയുടെ രണ്ടറ്റങ്ങളില്‍ കഴിയേണ്ടിവന്നു. പക്ഷെ, ടെലിപ്പതി എന്നോ മറ്റോ അറിയില്ല, അത്ഭുതമെന്ന് പറയട്ടെ, രണ്ടാള്‍ക്കും വിഷമം വരുന്നത് രണ്ടാളും ഒരേപോലെ ഭൂമിയുടെ രണ്ടറ്റങ്ങളില്‍ ഇരുന്നറിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍നിന്നും പീഡിയാട്രിക് MD നല്ലമാര്‍ക്കോടെ പാസ്സായ മൂത്തവള്‍ക്ക് സഹായമാവാന്‍ ഉമ്മയെ അവളുടെ ഭര്‍ത്താവ് അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. അവരുടെ കുഞ്ഞിനെ പരിപാലിച്ച് ഉമ്മ വീണ്ടും അവളുടെ ലക്ഷ്യം നിറവേറ്റാന്‍ തന്നാലാവുംവിധം സഹായിച്ചു. അമേരിക്കയിലെ ക്യാമ്പസ്സില്‍വെച്ച് MD പട്ടം നല്‍കുന്ന കോണ്‍വോക്കേഷന്‍ ചടങ്ങില്‍ നിറഞ്ഞസദസ്സിനെനോക്കി അവള്‍ മുന്നിലിരിക്കുന്ന ഉമ്മയെ വാനോളം പുകഴ്ത്തി മൈക്കിലൂടെ സംസാരിച്ചു. ഹൃദയത്തിന്‍റെ ഭാഷയില്‍ തന്‍റെ ഡോക്ടര്‍പദവിക്ക് നിദാനമായ മാതാവിനെ ആ മകള്‍ സദസ്സിനുമുന്നില്‍ സന്തോഷകണ്ണീരോടെ പരിചയപ്പെടുത്തി.

അതേകാലത്ത്, നാട്ടിലുള്ള അവളുടെ ഇരട്ടസഹോദരിയും ഉയര്‍ന്ന മാര്‍ക്കോടെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍നിന്നും ഫിസിക്കല്‍മെഡിസിന്‍ റീഹാബിലിറ്റെഷന്‍ MD പൂര്‍ത്തിയാക്കി. ജീവിതസാഹചര്യങ്ങളെകൊണ്ടും വ്യത്യസ്തകുടുംബങ്ങളില്‍ ആയതുകൊണ്ടും ഇരട്ടകള്‍ തമ്മില്‍ കാണാനും ബന്ധപ്പെടാനും കഴിയുന്ന അവസരങ്ങള്‍ കുറഞ്ഞുവന്നു എന്നത് ഖേതകരമായി. എന്നിരുന്നാലും ഞങ്ങള്‍ക്കെല്ലാം സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഇവരെക്കുറിച്ച് അഭിമാനമാണ്.


ഒരേ ഞെട്ടിലെ രണ്ടു മൊട്ടുകള്‍പോലെ അവരിനിയും ജീവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ 

സ്വന്തം ഏട്ടന്‍...... 

16 comments:

 1. ഒരേ ഞെട്ടിലെ രണ്ടു മൊട്ടുകളെ പരിചയപ്പെടുത്തട്ടെ...

  ReplyDelete
 2. പ്രചോദനാത്മകമായ ജീവിതകഥ!

  ReplyDelete
 3. ഉമ്മയ്ക്കാണ് സല്യൂട്ട് :)

  ReplyDelete
 4. നന്മയുടെ പാതയിലൂടെയുള്ള ജീവിതാനുഭവം വായിച്ചപ്പോള്‍ മനസ്സില്‍
  സന്തോഷം നിറയുന്നു...
  ആശംസകള്‍

  ReplyDelete
 5. ഇവരെക്കുറിച്ച് അഭിമാനമാണ്

  ReplyDelete
 6. രണ്ടു ഡോക്ടര്‍മാര്‍ക്കും സഹോദരനും എല്ലാവിധ ആശംസകളും; അതേസമയം അവരുടെ സേവനങ്ങള്‍ നമ്മടെ നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗത്തിനു കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഉമ്മയുടെ സഹനത്തിനും,പുണ്യത്തിനും നൂറു മേനി നന്മയുടെ പകിട്ട്. !!
  നന്നായി വിവരിച്ചു.

  ReplyDelete
  Replies
  1. ധ്വനി: ഇരട്ടകളില്‍ രണ്ടാമന്‍ ഡോ.സുഹൈല കോഴിക്കോട് ഗ്രാമപ്രദേശങ്ങളിലും എല്ലാ ഞായറാഴ്ചയും പയ്യന്നൂരിലും സാധാരണ ജനങ്ങളെ സേവിച്ച് നാട്ടില്‍ കഴിയുന്നു. :)

   Delete
 7. പരിചയപ്പെടുത്തല്‍ നന്നായി.....

  ReplyDelete
 8. നന്ദി പ്രിയപ്പെട്ട അജിത്‌, നിരക്ഷരന്‍,കാഴ്ചക്കാരന്‍, സി.വി. തങ്കപ്പന്‍, ഖലീല്‍, ധ്വനി, വിനീത് വാവ.

  ReplyDelete
 9. Salih, who gave you permission to publish my photo? And who gave permission to write about me? Remove it immediately or I will file internet abuse case with Abu Dhabi Police. You already killed me once and gave me a death certificate.

  Sahla

  ReplyDelete
  Replies
  1. Do it.. no problem Sahla. I will be ready to prove that
   I didn't blame or harm you or your family in any manner. I found your photo and got it from Google search and I didn't manipulate or harm your photo in any manner. The article itself is not meant to harm or hurt you or your family in any manner. It shows how much affection and struggle was by our loving mother behind you and your twin sister achievement

   Delete
  2. Dear brother Sali...
   thanks a lot for the touching narration ....there was tears in my eyes...
   Though Sa has forgotten me and Mom now in her busy US life...memories will never decay...

   Just ignore all the negative comments about this anyway...

   Congrats dear bhayya...

   Delete
 10. പ്രിയപ്പെട്ടവരേ, വളരെ വ്യസനത്തോടെ ഇതിവിടെ കുറിക്കട്ടെ ഞാന്‍..

  ഇയ്യിടെ, എന്‍റെ പേജില്‍ ഞാന്‍ ഇട്ടിരുന്ന എന്‍റെ സ്വന്തം ഇരട്ടസഹോദരിമാരായ ഡോ.സഹല & ഡോ.സുഹൈലമാരെകുറിച്ചും അവരുടെ കുഞ്ഞുനാളിലെ എന്‍റെ മാതാവിന്‍റെ പ്രയക്നത്തെകുറിച്ചും ആര്‍ക്കും ദ്രോഹം വരാത്ത രീതിയില്‍ ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നത് നിങ്ങളില്‍ മിക്കവരും വായിച്ച് അഭിപ്രായം ഇട്ടിരുന്നല്ലോ.

  അതില്‍ എരിപിരികൊണ്ട, അസൂയമൂത്ത പേര് പറയാന്‍ ഞാന്‍ തല്‍ക്കാലം ആഗ്രഹിക്കാത്ത ഒരു മലപ്പുറം കാക്ക കാരണം ഫേസ്ബുക്ക് അധികൃതര്‍ ഇന്ന് ആ പോസ്റ്റ്‌ റിമൂവ് ചെയ്തിരിക്കുന്നു.
  എന്‍റെ ബ്ലോഗില്‍ അത് വായിക്കാന്‍ ലഭ്യമാണ്. ലിങ്കിതാ.. http://eranadanpeople.blogspot.ae/2013/08/blog-post.html#comment-form

  ReplyDelete
 11. Tracking and monitoring. ..

  ReplyDelete
 12. ഒരു പാട് ആശംസകൾ.......വിദ്യാഭ്യാസം നേടുക എന്നത് ചെറിയ കാര്യമല്ല......100% സാക്ഷരർ ആണ് കേരളത്തിലുള്ളത് പക്ഷെ ലക്ഷ്യ സ്ഥാനം എത്തുന്നതോ വളരെ കുറച്ചു ആളുകൾ മാത്രം........

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com