കൊച്ചിയില്‍ കൂടിയിട്ടിപ്പോ മുപ്പതീസം ആയിപ്പൊയതറിഞ്ഞില്ല. പോസ്റ്റുകള്‍ കുത്തിയിരുന്ന് പടച്ചിടുവാന്‍ ആശയില്ലാഞ്ഞിട്ടല്ല, പ്രവാസഭൂമിയിലെ പണിപോലെയല്ലാലോ.. അവിടെ ഫ്രീടൈം ഫ്രീയായിട്ടൊത്തിരി ഉണ്ടായിരുന്നതിന്റെ മഹത്വം ഇപ്പോഴാ മനസ്സിലായത്.
ഒരിത്തിരി ഫ്രീടൈം കിട്ടിയപ്പോ ഒരു കൊച്ചുപോസ്റ്റ് ഇടാനൊരാശ തോന്നി. ഇതൊരു കഥയല്ല, സാങ്കല്‍പികസൃഷ്ടിയുമല്ല. പിന്നേയോ? നടന്ന സംഭവം, അല്ല, തറപറ്റിയ ഒരുവന്റെ കഥയാണ്. (തല്‍ക്കാലം നമുക്കവനെ ദാമു എന്നുവിളിക്കാം)
വൈറ്റില വഴി സന്ധ്യാനേരം വരുമ്പോള്‍ കണ്ടു ഞാന്‍ ഒരു പോലീസ്ജീപ്പും കാക്കികളും ഒത്തിരി നാട്ടാരും കൂടിനില്‍ക്കുന്നൊരു ദൃശ്യം. എന്താണെന്നറിയാനുള്ള ത്വരയോടെ എന്റെ കാലുകള്‍ എന്നെ അങ്ങോട്ട് വഹിച്ചുകൊണ്ടെത്തിച്ചു.
ഒരുത്തന്‍ നിലത്തു നിലംപരിശായി കമഴ്‌ന്നുകിടക്കുന്നുണ്ട്. ഇരുകൈകളും ഇരുകാലുകളും മാക്സിമം വിസ്തരിച്ചുവെച്ചിരിക്കുന്ന ദാമുവിനെ കണ്ടാല്‍ ഏതോ ബുള്‍ഡോസറ് കൊണ്ട് കയറ്റിചമ്മന്തിയാക്കിപോയോ എന്നുതോന്നിയാല്‍ അതിശയോക്തിയില്ല. രാത്രികാലങ്ങളില്‍ ലോഡും നിറച്ച് വരുന്ന ലോറിക്കുമുന്നില്‍ നെഗളിച്ചുനിന്ന പോക്കാച്ചിതവള വണ്ടിപോയിക്കഴിഞ്ഞാല്‍ റോഡില്‍ പറ്റിപ്പിടിച്ച് 'പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍' പോലെയായാല്‍ ഉണ്ടാവുന്ന അതേപോലെ ഈ ദാമു നിലംപരിശായിപോയിരിക്കുന്നു.
പോലീസിലൊരുത്തന്‍ ലാത്തിവടികൊണ്ട് ദാമുവിന്റെ മൂട്ടിലിട്ട് തോണ്ടിനോക്കുന്നുണ്ട്. ഓ, വടിയായിട്ടില്ല, അനക്കമുണ്ട് ദാമുവിന്. അപ്പോളിതൊരു കൊലപാതകമല്ല. മോളിലോട്ട് നോക്കിയപ്പോള്‍ കണ്ടു ഒരു ബോറ്‌ഡ് - 'ബാറ് BAR'.
ആപ്പൊളതാണ് കെടപ്പ്. ദാമു പൂസ്സായികിടക്കുന്നത് തന്നെ. കുന്നത്ത് ബ്രാന്‍ഡ് വരയന്‍ ജെട്ടിയുള്ളത് നന്നായി. ഉടുതുണി സമീപത്തെ പോസ്റ്റിന്റെ സ്റ്റേവയറില്‍ കുരുങ്ങികിടപ്പുണ്ട്. പോലിസ്സുകാരന്‍ ലാത്തികൊണ്ടുള്ള തോണ്ടലും കുത്തലും തുടരുന്നതിനിടയില്‍ ദാമുവിന് അനക്കം വെച്ചു.
ഇരുകൈകളും നിലത്തൂന്നി ദാമു പൊങ്ങാന്‍ തുടങ്ങി. പതിയെ തലപൊങ്ങി. കാല്‍ പൊങ്ങി. വീണ്ടും ദേ.. പഴേപോലെ നിലംപരിശ്!
"സാധ്യമല്ലാ.."
വീണ്ടും ദാമു ശ്രമം തുടങ്ങി. അല്‍പം പൊങ്ങി. നോ വേ..
"സാധ്യമല്ലാ, നെവറ്, സാധ്യമല്ല"
ദാമു ഏതോ പ്രൊഫഷണല്‍ നാടകട്രൂപ്പിലെ നടന്‍ തന്നെയെന്നത് ഉറപ്പ്. ഘനഗംഭീരമായ ശബ്ദത്തില്‍ ഒരേയൊരു ഡയലോഗ് തന്നെ ബാസ് കൂട്ടിയിട്ട് പറയുന്നത് കേട്ടാലൊറപ്പ്.
പോലീസ്സുകാരന്‍ സഹികെട്ട് ഇളക്കികൊണ്ടിരുന്ന ലാത്തികൊണ്ട് അടിതുടങ്ങി. ദാമു തലപൊക്കി രൂക്ഷനോട്ടം നോക്കികൊണ്ട്:
"എന്നെ തല്ലേണ്ട സാറേ.. എനിക്ക് സാധ്യമല്ല!"
"എന്നാല്‍ എനിക്ക് സാധ്യമാണെടാ @#$%**"
എന്നും പറഞ്ഞ് പോലീസ്സുകാരന്‍ ദാമുവിനേയും പൊക്കി ജീപ്പിലിട്ട് രംഗം കാലിയാക്കി.
പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.. ഒരുടുതുണി മാത്രം കാറ്റിലാടികിടക്കുന്നതല്ലാതെ...