Tuesday 8 January 2019

തോമാച്ചന്റെ വീട്ടിലെ യേശുകൃസ്തുവിന്റെ പടം



തോമാച്ചൻ പുതിയ വീട് പണിത് താമസമായി. കൂടെ അമ്മയും കുട്ടികളില്ലാത്ത ഭാര്യയും.. ദൈവഭക്തിയില്ലാത്ത തോമാച്ചനോട് അവർ മുട്ടിപ്പായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറഞ്ഞെങ്കിലും അതിൽനിന്നും ഒഴിഞ്ഞുമാറാൻ അങ്ങേര് ഒരു പോംവഴി കണ്ടു. യേശുകൃസ്തുവിന്റെ നല്ലൊരു പടം കളിമണ്ണിൽ ചുട്ടെടുത്തത് വീട്ടിൽ വെയ്ക്കാം, എന്നിട്ട് പ്രാർത്ഥന തുടങ്ങാം..

നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരൻ കൃഷ്ണനെ കണ്ട് കാര്യം അറിയിച്ചു പെട്ടെന്ന് ഏർപ്പാടാക്കി. തിരക്കിനിടയിൽ കൃഷ്ണൻ യേശുവിന്റെ ചിത്രം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കി തോമാച്ചന്റെ വീട്ടിലേക്ക് കൊണ്ടുപോവാൻ നേരത്ത് ഒരു സംഗതി കണ്ണിൽ പെട്ടു. യേശുവിന്റെ ഒരു ചെവിയുടെ സ്ഥാനത്ത് ഒരു വിടവ്! ചെവി വിട്ടുപോയിരിക്കുന്നു. കൃഷ്ണന്റെ പണിക്കാരൻ ബംഗാളി വേഗം അല്പം കളിമണ്ണ് കുഴച്ച് അവിടെ ഒട്ടിച്ച് വെച്ചു. തോമാച്ചന്റെ തുടരെയുള്ള വിളി വന്നപ്പോൾ ആ പടവുമായി അവരവിടെ ചെന്ന് ചുമരിൽ സ്ഥാപിച്ച് കാശിനുവേണ്ടി നിന്നപ്പോൾ അടുത്ത ആഴ്ച്ച വിളിച്ചിട്ട് വരാൻ തോമാച്ചൻ അറിയിച്ചു.

ഒരാഴ്ച്ച കഴിഞ്ഞ് കൃഷ്ണൻ തോമാച്ചനെ ഫോൺ ചെയ്തു, യേശുക്രിസ്തു പടത്തിന്റെ കാശ് റെഡിയല്ലേ എന്നാരാഞ്ഞപ്പോൾ തോമാച്ചൻ ഞെട്ടിക്കുന്ന കാര്യമാണ് അറിയിച്ചത്.

'അല്പം ഭ്രാന്തുള്ള അമ്മയ്ക്ക് മുഴുഭ്രാന്തായി ചികിത്സയിലാണ്. കാരണം കൃഷ്ണൻ ഉണ്ടാക്കിയ യേശുകൃസ്തുവിന്റെ പടമാണ്!'

ഞെട്ടിപ്പോയ കൃഷ്ണൻ എന്താ ഉണ്ടായേ എന്ന് ചോദിച്ചു.

'ഒരു ദിവസം അമ്മ പ്രാർത്ഥിക്കാൻ യേശുവിന്റെ പടത്തിന് മുന്നിൽ നിൽക്കുമ്പോൾ അതാ യേശുവിന്റെ ഒരു ചെവിയിൽ നിന്നും മൂളികൊണ്ടൊരു വലിയ വണ്ട് വട്ടമിട്ട് പറന്നുപോവുന്നു! അതു കണ്ട അമ്മ സ്തോത്രം ചൊല്ലി ബോധം കെട്ട് വീണു. വെള്ളം തളിച്ച് ഉണർത്തിയപ്പോൾ പിച്ചും പേയും പറഞ്ഞു വട്ട് മൂത്തു. എവിടെയോ കന്യാമറിയത്തിന്റെ കണ്ണിലൂടെ പാലൊഴുകി, ഇവിടെയിതാ കൃസ്തുവിന്റെ കാതിലൂടെ വണ്ട് പറക്കുന്നു! ഹലേലൂയ്യാ, സ്തോത്രം!'

കൃഷ്ണൻ ഫ്‌ളാഷ്ബാക്കിൽ കൃസ്തുവിന്റെ പടത്തിൽ ചെവിയുടെ ഒഴിഞ്ഞ ഭാഗത്ത് ബംഗാളി പണിക്കാരൻ കളിമണ്ണ് കുഴച്ച് ഒട്ടിച്ചത് ഓർത്തു.

'അപ്പോൾ എന്റെ പണിക്കൂലി?' കൃഷ്ണൻ ചോദിച്ചു.

'അമ്മയുടെ ഭ്രാന്ത് മാറിയിട്ട് തരാം. പക്ഷെ ഡോക്ടർ പറഞ്ഞത് കുറേക്കാലം എടുക്കും നോർമൽ ആവാനെന്നാണ്. അമ്മയ്ക്ക് ഇല്ലാത്തത് കണ്ടതായി തോന്നിയതാന്നാണ് ഡോക്ടർ പറഞ്ഞത്. ഞങ്ങളും കണ്ടതാ യേശുവിന്റെ പടത്തിൽ ചെവിയിലൂടെ വണ്ട് പാറുന്നത്. ഞാനതിനെ തല്ലിക്കൊന്ന് ഡോക്ടറെ കാണിച്ച് ഉള്ള കാര്യം പറഞ്ഞു. എന്നിട്ടും ഡോക്ടർ അമ്മയെ ഡിസ്ചാർജ് ആക്കാതെ ചികില്സിക്കുവാ.. അപ്പൊ ശരി, രോഗം ഭേതമായിട്ട് കാശ് തരാം. എല്ലാം കൃഷ്ണൻ ഉണ്ടാക്കിയ ചിത്രം കാരണമല്ലേ?'

ഫോൺ കട്ടായപ്പോൾ കൃഷ്ണൻ ബംഗാളി പണിക്കാരന്റെ ഒരു ദിവസത്തെ കൂലി വെട്ടി, ചുട്ടെടുത്ത കളിമണ്ണ് ചിത്രത്തിൽ വെറും കളിമണ്ണ് കൊണ്ട് ചെവി കൃസ്തുവിന് വെച്ചതിലാണ് വണ്ട് കൂട് കൂട്ടിയത്!

ഇത് കഥയല്ല, നടന്ന സംഭവവും ആവാം..

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com