Tuesday 13 February 2018

പെൺകുട്ടിയുടെ അച്ഛൻ

അയാൾ എന്നും ഭക്ഷണം കഴിക്കാറുള്ള ഒരിടത്തരം ഹോട്ടലിൽ, രാത്രി, ടേബിളിൽ അപ്പുറത്ത് ഒരു മിടുക്കി പെൺകുട്ടിയും അതിന്റെ അമ്മയും അച്ഛനും വന്ന് ഇരിപ്പായി. പെൺകുട്ടിക്ക് ഏതാണ്ട് 12 വയസ്സായിട്ടുണ്ടാവും.

എന്താ കഴിക്കാൻ വേണ്ടതെന്ന അമ്മയുടെ ചോദ്യത്തിന് 'പൊറോട്ട' എന്ന് പറഞ്ഞ പെൺകുട്ടിയുടെ ഉത്സാഹം അച്ഛൻ ശ്രദ്ധിച്ചില്ലെങ്കിലും അയാൾ ശ്രദ്ധിച്ചു. അച്ഛൻ വേറെ കറികളൊക്കെ ഓർഡർ കൊടുത്തു. കുറച്ചുകഴിഞ്ഞ് ഭക്ഷണം എത്തി.

അയാൾ ഭക്ഷണം കഴിക്കുമ്പോഴും ആ കുട്ടിയെ നോക്കുന്നുണ്ടായിരുന്നു. കുട്ടിയും അമ്മയും അയാളുടെ നോട്ടം ശ്രദ്ധിച്ചു. അച്ഛൻ പരിസരം മറന്ന് തിന്നുകൊണ്ടിരിക്കുകയാണ്..

പെൺകുട്ടി വാതോരാതെ അമ്മയോട് പലതും സംസാരിക്കുന്നത് അയാൾ കൗതുകത്തോടെ നോക്കി ഇരുന്നു. കുട്ടിയുടെ സുന്ദരമായ കണ്ണുകൾ അയാളിൽ പതിഞ്ഞു. അയാൾ പുഞ്ചിരിച്ചു. പെൺകുട്ടി നാണത്തോടെ അമ്മയോട് എന്തോ സ്വകാര്യമോതി.

അമ്മ അയാളെ തുറിച്ചുനോക്കി, പിന്നെ ഭർത്താവിനോട് ആംഗ്യത്തിൽ അയാളിലേക്ക് ശ്രദ്ധ വരുത്തിച്ചു. ധൈര്യം കിട്ടിയ പെൺകുട്ടി 'അച്ഛാ.. അയാളെന്നെ നോക്കി വല്ലാത്ത ചിരി'

അമ്മയും പരാതി തുടങ്ങി 'കുറേനേരായി ഇയാൾ ഞങ്ങളെ നോക്കി വെള്ളമിറക്കുന്നു. ഞരമ്പുരോഗി!'

പെൺകുട്ടിയുടെ കലി മൂത്ത അച്ഛൻ ഗ്ലാസ്സിലെ ചൂടുവെള്ളം അയാളുടെ മുഖത്തേക്ക് ഊക്കോടെ ചിന്തികൊണ്ട് അലറി: 'എന്താടോ തന്റെ സൂക്കേട്? ഞാനിപ്പോൾ പോലീസിനെ വിളിച്ചാ താൻ പിന്നെ പുറംലോകം കാണൂല്ല. ബാലികാ പീഢനം അറിയാലോ?'

ഹോട്ടലിലെ എല്ലാവരും നിശബ്ദരായി ചുറ്റും നോക്കി ഇരുന്നു. അയാളെ അറിയുന്ന മാനേജർ ശാന്തമാക്കാൻ അടുത്തെത്തിയെങ്കിലും കുട്ടിയുടെ അച്ഛൻ തട്ടിമാറ്റി, മൊബൈലിൽ പോലീസിനെ വിളിക്കാൻ തുടങ്ങിയിരുന്നു.

ചൂടുവെള്ളം മുഖത്തുനിന്നും തുടച്ച് അയാൾ കുട്ടിയുടെ പിതാവിൽനിന്നും മൊബൈൽ തട്ടിമാറ്റി. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.

പെൺകുട്ടിയും അമ്മയും മിഴിച്ചു നോക്കി നിൽക്കുമ്പോൾ അയാൾ ആ സത്യം എല്ലാവരും കേൾക്കെ പറഞ്ഞു:

'നിങ്ങളെന്നെ തെറ്റിദ്ധരിക്കുകയാണ് മിസ്റ്റർ. ഞാൻ നിങ്ങൾ കരുതുമ്പോലെ ബാലികാ പീഢകനോ ഞരമ്പുരോഗിയോ അല്ല. എനിക്കും ഉണ്ടൊരു മകൾ. ഈ മോളുടെ അതേ പ്രായം. എനിക്കാ മകളെ ഇതുവരെ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. ഒരു ഫോട്ടോപോലും എനിക്ക് കാണാൻ കിട്ടിയിട്ടില്ല..'

എല്ലാവരും സ്തബ്ധരായി നിൽക്കുമ്പോൾ അയാൾ ആ പെൺകുട്ടിയുടെ തലയിൽ കൈവെച്ച് തുടർന്നു : 'ഈ കുട്ടിയുടെ മുഖം കണ്ടപ്പോൾ.. ഞാൻ അറിയാതെ എന്റെ മകളുടെ മുഖം കണ്ടു, അല്ല ഇങ്ങനെയാവും എന്ന് ചിന്തിച്ചുപോയി. അത് തെറ്റായിപോയെങ്കിൽ നിങ്ങൾക്ക് എന്നെ പോലീസിൽ ഏല്പിക്കാം.'

അച്ഛനും അമ്മയും പെൺകുട്ടിയും അയാൾക്ക് മുന്നിൽ കൈകൂപ്പി നിന്ന് : 'ഞങ്ങളോട് പൊറുക്കണം. എല്ലാം സംശയത്തോടെ, തെറ്റായി കാണുന്ന ഇക്കാലത്തെ പ്രവണതയിൽ ഞങ്ങളും പെട്ടുപ്പോയി.'

അയാൾ വേഗം കൈകഴുകി, മുഖം തുടച്ച് കൗണ്ടറിൽ ചെന്ന് കാശ് കൊടുക്കുമ്പോൾ മാനേജർ അയാളെ ആശ്വസിപ്പിച്ചു. 'ങേ! എനിക്കിതൊന്നും അറിയില്ലായിരുന്നു. അപ്പോൾ ഭാര്യ?'

'ദൂരെ ഒരിടത്ത്, നിധി കാക്കും ഭൂതം പോലെ ഇരിപ്പുണ്ട് ഭാര്യ ആയിരുന്നവൾ, മകളെ കാത്ത് സൂക്ഷിച്ച് കൊണ്ട്..'

അതും പറഞ്ഞ് അയാൾ പുറത്തേക്ക് പോവുമ്പോൾ ഒന്നൂടെ ആ പെൺകുട്ടിയെ നോക്കി പുഞ്ചിരിച്ച് കൈവീശി. കുട്ടി തിരിച്ചും പുഞ്ചിരിയോടെ കൈവീശി.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com