Thursday 2 May 2019

ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിന് പോയി..


രാത്രിയില്‍ വിജനമായ വീഥിയിലൂടെ കറുത്ത ബൈക്കോടിച്ച് പോവുന്ന സിറാജ് ആകെ അസ്വസ്ഥനാണ്. ലക്ഷ്യം ഗുരുവായൂരാണ്. റോഡിലെ ബോര്‍ഡില്‍ നൂറ് കിലോമീറ്റര്‍ എന്ന് കണ്ട് ബൈക്കിന്‍റെ വേഗം കൂട്ടി. ഗുരുവായൂരപ്പനെ കണി കാണണം, തന്‍റെ സങ്കടങ്ങള്‍ പറയണം, ദൂരെ നിന്നിട്ട് എങ്കിലും.. അതാണ്‌ അയാളുടെ ആഗ്രഹം.
ചെറുപ്പത്തിലേ ശ്രീകൃഷ്ണ കഥകള്‍ സിറാജിന്‍റെ മനസ്സില്‍ ചേക്കേറിയിരുന്നു. കണ്ണനും തോഴിമാരും വൃന്ദാവനവും, മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന് നല്‍കിയ ഗീതോപദേശങ്ങളും അയാളെ ചെറുപ്പത്തിലേ ആകര്‍ഷിച്ചു. തനിച്ച് ജീവിക്കുമ്പോള്‍ വല്ലാതെ ഒറ്റപ്പെട്ട അയാള്‍ ഒരു രാത്രി പെട്ടെന്ന്‍ കണ്ണനെ കാണാന്‍ മോഹമുദിച്ച് വീട് പൂട്ടിയിറങ്ങി ബൈക്കില്‍ പുറപ്പെട്ടതാണ്.
ഏറെദൂരം ബൈക്കോടിക്കുമ്പോള്‍ സിറാജിന്‍റെ കണ്ണുകള്‍ ഉറക്കം വന്ന് അടയാന്‍ തുടങ്ങിയതും ബൈക്ക് ഒരു ഗട്ടറില്‍ വീണതും പെട്ടെന്നായിരുന്നു. അയാള്‍ തെറിച്ച് വീണു. ഹെല്‍മെറ്റ്‌ ഉള്ളതിനാല്‍ ഒന്നും പറ്റിയില്ല. കാലില്‍ തൊലി പോയിട്ടുണ്ട്. അയാള്‍ എണീറ്റ് വേച്ച് വേച്ച് നടന്ന് ബൈക്ക് താങ്ങി സ്റ്റാന്‍ഡില്‍ നിറുത്തി. എന്നിട്ട് അടുത്തുള്ള പീടിക കോലായില്‍ കിടന്നു ക്ഷീണം മാറ്റി, വീണ്ടും യാത്ര തുടര്‍ന്നു. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍..’ സിറാജ് എത്രയാവര്‍ത്തി ഈ ഗാനം പാടി എന്നോര്‍മ്മയില്ല.
നേരം വെളുക്കുമ്പോള്‍ സിറാജ് ഏതോ ഗ്രാമത്തില്‍ എത്തിയിരുന്നു. അടുത്തുള്ള റെയില്‍പാളത്തിലൂടെ ഒരു ട്രെയിന്‍ കുതിച്ചുപോയി. അതിനുമപ്പുറം ഒരു ചെറിയ അമ്പലത്തില്‍ നിന്നും ഭക്തിഗാനം കേള്‍ക്കായി. സിറാജ് ബൈക്ക് നിറുത്തി, അങ്ങോട്ട്‌ നടന്നു. അമ്പലപ്പറമ്പില്‍ ആരുമില്ല. അവിടെയുള്ള കിണറില്‍ നിന്നും വെള്ളം കോരി തലയിലൂടെ ഒഴിച്ച് പ്രതിഷ്ട നോക്കി കൈകൂപ്പി തിരിഞ്ഞപ്പോള്‍ ഒരു വൃദ്ധ തൊഴാന്‍ വരുന്നുണ്ടായിരുന്നു. അവര്‍ അയാളെ നോക്കി ‘മോനേതാ? ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാലോ?’ എന്ന് ചോദിച്ചു. ‘ഞാനൊരു വഴിപോക്കന്‍’ സിറാജ് മറുപടി കൊടുത്ത് നടന്നു. വീണ്ടും ബൈക്കില്‍ യാത്ര തുടങ്ങി. ഗുരുവായൂര്‍ വഴി ഏതാന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ അയാള്‍ പോവുമ്പോള്‍ ചിലരോട് വഴി ചോദിച്ചു. അപ്പോഴാണ്‌ തനിക്ക് വഴി തെറ്റിയ കാര്യം സിറാജ് അറിയുന്നത്. താന്‍ പാലക്കാട് ജില്ലയിലെ ഏതോ ഭാഗത്ത് എത്തിയിരിക്കുന്നു!
അയാള്‍ കുറച്ചൂടെ മുന്നോട്ട് വണ്ടി ഓടിച്ചപ്പോള്‍ ഒരു ക്ഷേത്രത്തിന്‍റെ ബോര്‍ഡ് കണ്ടു. റോഡില്‍ നിന്നും അങ്ങോട്ട്‌ തിരിയുന്ന മണ്പാതയിലൂടെ അയാള്‍ ബൈക്കില്‍ ചെന്നു. വണ്ടി സൈഡാക്കി, സിറാജ് ഭക്തിപുരസ്സരം കാട് മൂടിക്കിടക്കുന്ന ക്ഷേത്രമുറ്റത്ത് പ്രവേശിച്ചു. വിജനമായ അവിടെ കൌണ്ടറില്‍ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്ന് തനിക്ക് ഗുരുവായൂര്‍ ആണ് പോവേണ്ടതെന്നും വഴി തെറ്റി ഇവിടെ എത്തിയതാണെന്നും സിറാജ് അറിയിച്ചു. ‘ഗുരുവായൂരപ്പനെ കാണാന്‍ താങ്കള്‍ക്ക് സമയം ആയില്ലാന്ന്‍ കരുത്യാ മതി. സാരല്ല്യ, ഇവിടേം എല്ലാ ദൈവങ്ങളുടേയും സാന്നിധ്യമുണ്ട് എന്ന് വിചാരിച്ചോളൂ..’
ഭക്തിയോടെ നിന്ന സിറാജ് ‘എനിക്ക് ഒരു ശത്രു സംഹാരോം ഒരു പുഷ്പാഞ്ജലിയും നേരണം.’
‘അവരുടെ പേരും നാളും പറഞ്ഞോളൂ.. ചീട്ടാക്കാം..’ അയാള്‍ പറഞ്ഞു.
തന്‍റെ ശത്രുവായ ചതിയന്‍റെ പേരും നാളും പിന്നെ തനിക്ക് ഏറെ ഇഷ്ടമായിരുന്ന കൂടെ പഠിച്ച കോലോത്തെ തമ്പ്രാട്ടികുട്ടിയുടെ പേരും നാളും സിറാജ് കൊടുത്തു. കാശ് അടച്ച് ചീട്ടാക്കി. കൌണ്ടറിലെ ആള്‍ പുറത്ത് വന്ന് സിറാജിനോട് ഷര്‍ട്ട് ഊരിവെച്ച് തന്‍റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. സിറാജ് ഷര്‍ട്ട് ഊരി ഒരിടത്ത് വെച്ച് അയാളെ പിന്തുടര്‍ന്നു.
ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്ത് എല്ലാ അവതാരങ്ങളുടെയും പ്രതിമകള്‍ സ്ഥാപിച്ച ഒരു കല്‍മണ്ഡപം. സിറാജിന്‍റെ ശ്രദ്ധ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചെന്നുടക്കി. അയാള്‍ അടുത്ത് ചെന്ന് അതില്‍ തൂങ്ങിക്കിടക്കുന്ന മാറാല കൈകൊണ്ട് തട്ടിമാറ്റി തഴുകി. പൂജാരി ‘വരൂ..’ എന്നറിയിച്ചപ്പോള്‍ സിറാജ് ചെന്നു. ക്ഷേത്രത്തിന്‍റെ അകത്തളത്തില്‍ പ്രവേശിച്ചപ്പോള്‍ സിറാജിന് എന്തോ ഒരനുഭൂതി അനുഭവപ്പെട്ടു. വേറൊരു പൂജാരിയും അവിടെയുണ്ട്. അദ്ദേഹം നിവേദിച്ച പൂക്കളും തീര്‍ത്ഥവും സിറാജ് കൈകുമ്പിളില്‍ സ്വീകരിച്ചു. അവനെ ശ്രദ്ധിച്ച ആ രണ്ട് അമ്പലവാസികള്‍ക്കും മനസ്സിലായി അയാള്‍ ഹിന്ദുവല്ല എന്നത്. അവര്‍ അയാളെ കൂടെനിന്ന് ആരാധനാ കര്‍മ്മങ്ങളില്‍ സഹായിച്ചു. ക്ഷേത്രം വലം വെച്ച് പുറത്ത് വന്ന അയാളെ അവര്‍ നാഗദേവന്മാരുടെ പ്രതിഷ്ടകള്‍ വെച്ച കാവില്‍ കൊണ്ടുപോയി. അവനോട് കണ്ണടച്ച്  തൊഴാന്‍ പറഞ്ഞു. സിറാജ് കൈകൂപ്പി കണ്ണടച്ച് നിന്നു.
കണ്ണ്‍ തുറന്നപ്പോള്‍ ക്ഷേത്രത്തിനകത്ത് നിന്നും ഒരു പൌരുഷ ശബ്ദം: ‘അയാള്‍ പോയോ?’ സിറാജ് തിരിഞ്ഞുനോക്കി. ഇരുനിറത്തിലുള്ള നല്ല വടിവൊത്ത ശരീരമുള്ള കളരിയഭ്യാസിയുടെ പോലെ തുണിയുടുത്ത ഒരു ചെറുപ്പക്കാരന്‍ തന്‍റെ നേരെ മന്ദഹസിച്ച് നടന്നുവരുന്നത് കണ്ടു. നിലം തൊടാതെ ഒരു കാറ്റിന്‍റെ അകമ്പടിയോടെ ഒഴുകിവരുന്ന പോലെയാണ് സിറാജിന് തോന്നിയത്. ചെറുപ്പക്കാരന്‍ അരികില്‍ വന്നുനിന്നു. സിറാജ് അയാളെ ആകെമൊത്തം നോക്കി. നെറ്റിയില്‍ ഒരു ചെറിയ കുറി. ദേഹത്ത് നിന്നും നല്ല ചന്ദനത്തിന്‍റെ വാസന. താന്‍ വരുമ്പോഴും ക്ഷേത്രം വലം വെച്ചപ്പോഴും ഉണ്ടായിരുന്ന ആ രണ്ടു പൂജാരികള്‍ എവിടെ പോയി? സിറാജ് ചുറ്റും നോക്കി. ഇല്ല അവരെ അവിടെയൊന്നും കാണുന്നില്ല. വരുമ്പോള്‍ കാണാതിരുന്ന ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട ഈ ചെറുപ്പക്കാരന്‍ ആരാണ്? എവിടെയായിരുന്നു? സിറാജ് ആകെ ചിന്താകുഴപ്പത്തിലായി.
‘മനസ്സും ശരീരവും എപ്പോഴും ശുദ്ധമാക്കി വെക്കുക. ചിന്താകുഴപ്പം ഇല്ലാതാവും. ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ദൈവത്തില്‍ പ്രാപിച്ചാലും പ്രാര്‍ത്ഥന മുടക്കരുത്.’ ചെറുപ്പക്കാരന്‍ വിദൂരതയില്‍ നോക്കി മുഴങ്ങുന്ന ശബ്ദത്തില്‍ ഉപദേശിച്ചു.
എന്നിട്ട് സിറാജിനെ ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി ചോദിച്ചു: ‘എന്താണ് നിങ്ങളെ അലട്ടുന്നത്? എന്തായാലും മനമുരുകി താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തോട് പറയുക. പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ ഒന്നുമേയില്ല ഈ ലോകത്തില്‍.’
‘ഞാന്‍ തീവ്രമായി ആഗ്രഹിച്ചവ, ഇഷ്ടപ്പെടുന്നവ എന്നില്‍ നിന്നും നഷ്ടപ്പെടുന്നു. ഞാന്‍ ഇഷ്ടപ്പെടാത്തവ, എന്നില്‍ അടിച്ചേല്‍പ്പിച്ചവ എന്നില്‍ നിന്നും അകന്നും പോയിട്ടുണ്ട്. ജീവിതത്തില്‍ ഒരു മനസമാധാനവും കിട്ടുന്നില്ല. അതാണെന്‍റെ പ്രശ്നം.’ സിറാജ് ആഗതനോട് അറിയിച്ചു.
ചെറുപ്പക്കാരന്‍ മന്ദസ്മിതത്തോടെ തല കുലുക്കി മുകളിലേക്ക് നോക്കി പറഞ്ഞു ‘നിങ്ങള്‍ ധൈര്യമായി മടങ്ങി പോവൂ.. എന്‍റെ ഡ്യൂട്ടി കഴിഞ്ഞു. ഞാന്‍ പോവുന്നു.’
അയാളുടെ കഴുത്തിലെ മാലലോക്കറ്റില്‍ സിറാജിന്‍റെ കണ്ണുടക്കി. ശ്രീകൃഷ്ണന്‍റെ ചിത്രം! അയാളുടെ മുഖത്ത് നോക്കിയ സിറാജിന് അവിടേയും ആ മുഖചൈതന്യം അനുഭവപ്പെട്ടു. സിറാജ് കണ്ണടച്ച് കൈകൂപ്പി ‘ഭഗവാനേ ഗുരുവായൂരപ്പാ!’ എന്ന് മന്ത്രിച്ചു. കണ്ണ്‍ തുറന്നപ്പോള്‍ ആ ക്ഷേത്രമുറ്റത്ത് താനല്ലാതെ വേറെ ആരുമില്ലെന്ന് സിറാജിന് ബോധ്യമായി!
കാട് മൂടിക്കിടക്കുന്ന ആ ക്ഷേത്രപറമ്പില്‍ നിന്നും അയാള്‍ തന്‍റെ ഊരിവെച്ച ഷര്‍ട്ട് എടുത്തണിഞ്ഞ് വേഗം നടന്ന്, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഓടിച്ചുപോയി. താന്‍ കണ്ടതും കേട്ടതും സത്യമോ മിഥ്യയോ എന്നറിയാതെ വന്ന വഴി അയാള്‍ മടങ്ങി.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com