Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, 29 July 2024

അസ്മാബിയുടെ ഗർഭം!

കാലം 1989.

ചീനിക്കുഴി ഹമീദ് ഹാജി, നാരോത്ത്കാവ് എന്ന നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയും പള്ളി കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.

വയസ്സ് അൻപത്തിയഞ്ചു ആയിട്ടുണ്ട്. കുറേ വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. ഭാര്യ അലീമയും മൂന്ന് ആണ്കുട്ടികളും ആയി സമാധാന ജീവിതം..

മുപ്പത്‌ കിലോമീറ്റർ അകലെ മൂന്നര ഏക്കർ റബ്ബർ തോട്ടമുണ്ട്. എല്ലാ ഞായറാഴ്ചയും രാവിലെ ബസ്സിൽ അവിടെ പോവും. പണിക്കാരെ നോക്കലും കൂലി കൊടുക്കലും ഒക്കെ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തും. തോട്ടത്തിന്റെ ഒരരികിൽ റബ്ബർ ഷീറ്റ് ഷെഡ് ഉണ്ട്. അതിലാണ് ഷീറ്റ് അടിക്കുന്ന യന്ത്രങ്ങൾ ഉള്ളത്.

ഒരു അതിരിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്. പണ്ട്, ഹമീദ് ഹാജിയുടെ ഉപ്പാന്റെ കാളവണ്ടിക്കാരൻ പരേതനായ അബുവിന്റെ പ്രായമായ ഭാര്യയും പത്തൊൻപത് വയസ്സുള്ള മകൾ അസ്മാബിയും ആണ് അവിടെ ഉള്ളത്.

അസ്മാബി ആണ് റബ്ബർ പാൽ ഷീറ്റ് ആക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾ രണ്ട് പേർ കൊണ്ടുവരുന്ന റബ്ബർ പാൽ സൂക്ഷിച്ച് വെച്ച് ഷീറ്റ് ആക്കുന്നത് അസ്മാബി എന്ന ഇരുനിറമുള്ള യുവതിയാണ്.

തന്റെ ഉപ്പാന്റെ കാളവണ്ടിക്കാരന്റെ മകൾ എന്നത് കണക്കിലെടുത്തു അസ്മാബിക്ക് കൂലിക്ക് പുറമേ സാമ്പത്തിക സഹായം ഹമീദ് ഹാജി നൽകിയിരുന്നു. അവൾക്ക് പുറംവേദന ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളേയും ഉമ്മയെയും കൂട്ടി ഒരിക്കൽ കോഴിക്കോട് ഏതോ വൈദ്യരെ കാണിക്കാൻ കൊണ്ടുപോയിരുന്നു ഹമീദ് ഹാജി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വരുമ്പോൾ ഹമീദ് ഹാജി അസ്മാബിയെ തന്റെ മകൻ സജീറിന്റെ ഒപ്പം നാട്ടിലെ തുണിപ്പീടിക നടത്തുന്ന അബ്ദു ഹാജിയുടെ അടുത്തേക്ക് ഇഷ്ടമുള്ള ബ്ലൗസും പാവാടയ്ക്കും ഉള്ളത് എടുക്കാൻ വിടുമായിരുന്നു. 

സജീറിന്റെ കൂടെ നിരത്തിലൂടെ നടന്ന് പോവുന്ന അസ്മാബിയെ നോക്കി സജീറിന്റെ കൂട്ടുകാർ കളിയാക്കി ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് സജീർ നടത്തത്തിന്റെ വേഗം കൂട്ടും. 

അബ്ദു ഹാജിയുടെ തുണിഷോപ്പിൽ നിന്നും രണ്ട് സെറ്റ് ബ്ലൗസ്, പാവാട കട്ട്പീസ് തിരഞ്ഞെടുത്തത് നോക്കി നിൽക്കുന്ന സജീറിനോട് "നിനക്ക് ഷർട്ട്, പാന്റ് തുണി വേണ്ടേ?" എന്ന് അബ്ദുഹാജി ചോദിച്ചപ്പോൾ അവൻ ഇപ്പോ വേണ്ട, ഉപ്പാനോട് ചോദിച്ച് പിന്നെ വരാ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.

"നാട്ടിൽ നല്ല തയ്യൽക്കാരൻ ഉണ്ട്, എന്നെയൊന്ന് ബസ്സ് കേറ്റി വിടൂ" അസ്മാബി പറഞ്ഞത് കേട്ട് "തുണിയുടെ പൈസ ഉപ്പ തരും" എന്ന് സജീർ അബ്ദു ഹാജിയോട് പറഞ്ഞ് ബസ്സ് സ്റ്റാന്റിലേക്ക് നടന്നു. അവളെ ബസ്സ് കേറ്റി വിട്ടിട്ട് സജീർ വീട്ടിലെത്തി.

എല്ലാ ഞായറാഴ്ചയും ഹമീദ് ഹാജി റബ്ബർ തോട്ടത്തിൽ മുടങ്ങാതെ പോയി വന്നു. മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം അസ്മാബിയുടെ നാട്ടുകാർ അഞ്ചാറു പേർ ഹമീദ് ഹാജിയുടെ വീട്ടിലെത്തി.

വന്നവരോട് എന്താ കാര്യം എന്ന് ചോദിച്ച് സിറ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു.

വന്നവരിൽ ഒരാൾ കാര്യം പറഞ്ഞു.

അസ്മാബി ഗർഭിണി ആണ്.

"അതിന്? നിങ്ങൾ എല്ലാവരും കൂടി എന്തിനാ ഇങ്ങോട്ട് വന്നത്?"

ഹമീദ് ഹാജി ചോദിച്ചു.

അന്നേരം സജീറും രണ്ട് അനുജന്മാരും അടുക്കളയിൽ വന്നവർക്ക് ചായ ഉണ്ടാക്കുന്ന ഉമ്മ അലീമയോട് കാര്യം പറഞ്ഞു, അസ്മാബി ഗർഭിണിയായ വിവരം. അലീമ സിറ്റിംഗ് റൂമിൽ ഇരിക്കുന്ന ആളുകളെ നോക്കി പറഞ്ഞു

"ആരോ ഉണ്ടാക്കിയ ഗർഭത്തിന്റെ ഉത്തരവാദി എന്റെ ഭർത്താവ് അല്ല. വെറുതെ നുണ പറയാൻ നോക്കണ്ട"

"ഹമീദ് ഹാജി എല്ലാ ഞായറാഴ്ചയും അവിടെ വരാറുണ്ടല്ലോ. റബ്ബർ ഷീറ്റ് അടിക്കുന്നത് അസ്മാബിയാണ്. ഉച്ചഭക്ഷണം കഴിക്കുന്നതും ഓളെ വീട്ടിൽ നിന്നാണ്. ഓള് ഉടുക്കുന്ന വസ്ത്രങ്ങൾ ഹമീദ് ഹാജി വാങ്ങിക്കൊടുത്തത് ആണ്.

അപ്പോ ഓളെ ഗർഭത്തിന്റെ ഉത്തരവാദി വേറെ ആരാ? ഞങ്ങളാരും അല്ല"

"എന്നിട്ട് അസ്മാബി ഹമീദ് ഹാജിയുടെ പേര് പറഞ്ഞോ? ഇല്ലല്ലോ?" അലീമ ചോദിച്ചത് കേട്ട് വന്നവർ "അത് പിന്നെ, ഇത് പിന്നെ" എന്നിങ്ങനെ ബ ബ്ബ ഭ അടിച്ചു.

"ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞങ്ങൾ നാട്ടുകാർ പോവുകയുള്ളൂ" വന്നവരിൽ ഒരാൾ പറഞ്ഞു.

ഹമീദ് ഹാജി എണീറ്റ് കൂട്ടത്തിലെ ഒരാളെ ആംഗ്യത്തിൽ വിളിച്ച് മുറ്റത്ത് ഇറങ്ങി.

ഹമീദ് ഹാജി അയാളോട് സ്വകാര്യമായി ചോദിച്ചു

"എല്ലാ എന്താ നിങ്ങളുടെ ഉദ്ദേശ്യം? എന്താ നിങ്ങൾക്ക് വേണ്ടത്. അത് പറ"

അയാൾ ഒരു മിനിറ്റ് എന്നും പറഞ്ഞ് അകത്തേക്ക് പോയി കൂട്ടുകാരോട് രഹസ്യ ചർച്ചയായി. എന്നിട്ട് ഹമീദ് ഹാജിയുടെ അടുത്തെത്തി പറഞ്ഞു.

"ഞങ്ങൾക്ക് ഒരു മുപ്പതിനായിരം തന്നാൽ അസ്മാബിയുടെ ഗർഭം വേറൊരാളെ തലയിൽ വെക്കാം. എന്താച്ചാൽ ഇപ്പോ അഭിപ്രായം പറയണം"

ഹമീദ് ഹാജി ഞെട്ടിയില്ല. കൂൾ ആയി പറഞ്ഞു "ശെരി, നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ബാങ്കിൽ പോയി കാശ് എടുത്ത് വരാം."

കേട്ടയാൾ സന്തോഷത്തോടെ ആയിക്കോട്ടെ എന്നും പറഞ്ഞു സിറ്റിംഗ് റൂമിൽ പോയി കൂട്ടുകാരോട് ഒപ്പം ഇരുന്നു.

"എന്റെ ഭർത്താവ് ഒരു പെണ്ണിനെ പോലും നോക്കാത്ത പടച്ചോനെ പേടിയുള്ള ആളാണ്" അലീമ അവരോട് പറഞ്ഞു.

"അതിന് ഹമീദ് ഹാജി ആരേയും പീഡിപ്പിച്ചു എന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ. കല്യാണം കഴിയാത്ത അസ്മാബി ഗർഭിണിയായ സത്യം പറഞ്ഞു. അതിന് ഉത്തരവാദി വേറെ ആരാ?"

അന്നേരം ഹമീദ് ഹാജി പോലീസ് സ്റ്റേഷനിൽ എത്തി എസ്. ഐ യോട് സംഗതി അറിയിച്ചു. നാട്ടിലെ മാന്യവ്യക്തി, ഇതുവരെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത ആള് ഹമീദ് ഹാജി പറഞ്ഞത് കേട്ടു.

"വേറെ ആരുടെയോ ഗർഭം നിങ്ങളുടെ മേൽ ചാർത്തി കാശ് പിടുങ്ങാനുള്ള ബ്ളാക്ക് മെയിൽ ആണിത്."

എസ് ഐ പറഞ്ഞപ്പോൾ ഹമീദ് ഹാജി സന്തോഷിച്ചു. ഇനിയെന്ത് ചെയ്യണം എന്നാരാഞ്ഞപ്പോൾ യൂണിഫോമിൽ അല്ലാത്ത മഫ്തി വേഷത്തിൽ ഒരു പോലീസുകാരൻ നിങ്ങളുടെ കൂടെ വരും. അത് ബാങ്ക് മാനേജർ ആണെന്ന് അവർക്ക് തോന്നും. മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ എസ് ഐ വിളിക്കുന്നത് കേട്ട് വന്നു. അയാളോട് എസ് ഐ കാര്യങ്ങൾ അറിയിച്ചു.

ഹമീദ് ഹാജി ബാങ്ക് മാനേജർ ഒന്നിച്ച് വരുന്നത് കണ്ട ആളുകൾ എണീറ്റു. അവരോട് ഇരിക്കാൻ പറഞ്ഞ മഫ്തി പോലീസുകാരൻ ഒരു കസേരയിൽ ഇരുന്നു. ഹമീദ് ഹാജിയും ഇരുന്നു.

ഭാര്യ അലീമയും മക്കളും വാതിൽക്കൽ നിന്നു.

"ഞാൻ ബാങ്ക് മാനേജർ. നിങ്ങളുടെ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് തന്നാൽ ചോദിച്ച കാശ് അതിലേക്ക് ഇട്ട് തരാം."

"ഞങ്ങൾക്ക് ആർക്കും ബാങ്ക് അക്കൗണ്ട് ഇല്ല സർ, പണമായിട്ട് മുപ്പതിനായിരം ഇന്ന് കിട്ടണം. അസ്മാബിയുടെ ഗർഭം നാട്ടിലെ വേറെ ആരുടെയെങ്കിലും തലയിൽ വെച്ചോളാ" കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞത് കേട്ട് 

പോലീസുകാരൻ ചാടി എണീറ്റ് "ഭ റാസ്‌കൽ, എണീക്കേടാ എല്ലാവരും"

എല്ലാവരും ചാടിയെഴുന്നേറ്റു.

"ഞാൻ ബാങ്ക് മാനേജർ അല്ല. പോലീസ് ആണ്. നിങ്ങളെന്താ വിചാരിച്ചത്. മാന്യമായി ജീവിക്കുന്ന ഹമീദ് ഹാജിയെ അപായപ്പെടുത്തി കാശ് പിടുങ്ങാമെന്നോ.. എല്ലാവരെയും ഞാൻ അഴിയെണ്ണിക്കും"

"കേസൊന്നും എടുക്കേണ്ട. അവരെ ഒന്ന് പറഞ്ഞയച്ചാൽ മതി" ഹമീദ് ഹാജി അറിയിച്ചു.

"എല്ലാവരും പിരിഞ്ഞു പോണം. ഹമീദ് ഹാജിയുടെ നല്ല മനസ്സ് കൊണ്ട് നിയമ നടപടി എടുക്കുന്നില്ല." പോലീസ് പറഞ്ഞതും വന്നവർ വേഗം പുറത്ത് ഇറങ്ങി ഓടി.

മാസങ്ങൾ കഴിഞ്ഞ് അസ്മാബി ഒരു പെണ്കുട്ടിയെ പ്രസവിച്ചു. ആരാണ് കുട്ടിയുടെ പിതാവെന്ന് അവൾക്കും അവളുടെ ഉമ്മയ്ക്കും ഓർമ്മയില്ല എന്നാണ് നാട്ടിൽ പാട്ട്.

Thursday, 2 May 2019

ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിന് പോയി..


രാത്രിയില്‍ വിജനമായ വീഥിയിലൂടെ കറുത്ത ബൈക്കോടിച്ച് പോവുന്ന സിറാജ് ആകെ അസ്വസ്ഥനാണ്. ലക്ഷ്യം ഗുരുവായൂരാണ്. റോഡിലെ ബോര്‍ഡില്‍ നൂറ് കിലോമീറ്റര്‍ എന്ന് കണ്ട് ബൈക്കിന്‍റെ വേഗം കൂട്ടി. ഗുരുവായൂരപ്പനെ കണി കാണണം, തന്‍റെ സങ്കടങ്ങള്‍ പറയണം, ദൂരെ നിന്നിട്ട് എങ്കിലും.. അതാണ്‌ അയാളുടെ ആഗ്രഹം.
ചെറുപ്പത്തിലേ ശ്രീകൃഷ്ണ കഥകള്‍ സിറാജിന്‍റെ മനസ്സില്‍ ചേക്കേറിയിരുന്നു. കണ്ണനും തോഴിമാരും വൃന്ദാവനവും, മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന് നല്‍കിയ ഗീതോപദേശങ്ങളും അയാളെ ചെറുപ്പത്തിലേ ആകര്‍ഷിച്ചു. തനിച്ച് ജീവിക്കുമ്പോള്‍ വല്ലാതെ ഒറ്റപ്പെട്ട അയാള്‍ ഒരു രാത്രി പെട്ടെന്ന്‍ കണ്ണനെ കാണാന്‍ മോഹമുദിച്ച് വീട് പൂട്ടിയിറങ്ങി ബൈക്കില്‍ പുറപ്പെട്ടതാണ്.
ഏറെദൂരം ബൈക്കോടിക്കുമ്പോള്‍ സിറാജിന്‍റെ കണ്ണുകള്‍ ഉറക്കം വന്ന് അടയാന്‍ തുടങ്ങിയതും ബൈക്ക് ഒരു ഗട്ടറില്‍ വീണതും പെട്ടെന്നായിരുന്നു. അയാള്‍ തെറിച്ച് വീണു. ഹെല്‍മെറ്റ്‌ ഉള്ളതിനാല്‍ ഒന്നും പറ്റിയില്ല. കാലില്‍ തൊലി പോയിട്ടുണ്ട്. അയാള്‍ എണീറ്റ് വേച്ച് വേച്ച് നടന്ന് ബൈക്ക് താങ്ങി സ്റ്റാന്‍ഡില്‍ നിറുത്തി. എന്നിട്ട് അടുത്തുള്ള പീടിക കോലായില്‍ കിടന്നു ക്ഷീണം മാറ്റി, വീണ്ടും യാത്ര തുടര്‍ന്നു. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍..’ സിറാജ് എത്രയാവര്‍ത്തി ഈ ഗാനം പാടി എന്നോര്‍മ്മയില്ല.
നേരം വെളുക്കുമ്പോള്‍ സിറാജ് ഏതോ ഗ്രാമത്തില്‍ എത്തിയിരുന്നു. അടുത്തുള്ള റെയില്‍പാളത്തിലൂടെ ഒരു ട്രെയിന്‍ കുതിച്ചുപോയി. അതിനുമപ്പുറം ഒരു ചെറിയ അമ്പലത്തില്‍ നിന്നും ഭക്തിഗാനം കേള്‍ക്കായി. സിറാജ് ബൈക്ക് നിറുത്തി, അങ്ങോട്ട്‌ നടന്നു. അമ്പലപ്പറമ്പില്‍ ആരുമില്ല. അവിടെയുള്ള കിണറില്‍ നിന്നും വെള്ളം കോരി തലയിലൂടെ ഒഴിച്ച് പ്രതിഷ്ട നോക്കി കൈകൂപ്പി തിരിഞ്ഞപ്പോള്‍ ഒരു വൃദ്ധ തൊഴാന്‍ വരുന്നുണ്ടായിരുന്നു. അവര്‍ അയാളെ നോക്കി ‘മോനേതാ? ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാലോ?’ എന്ന് ചോദിച്ചു. ‘ഞാനൊരു വഴിപോക്കന്‍’ സിറാജ് മറുപടി കൊടുത്ത് നടന്നു. വീണ്ടും ബൈക്കില്‍ യാത്ര തുടങ്ങി. ഗുരുവായൂര്‍ വഴി ഏതാന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ അയാള്‍ പോവുമ്പോള്‍ ചിലരോട് വഴി ചോദിച്ചു. അപ്പോഴാണ്‌ തനിക്ക് വഴി തെറ്റിയ കാര്യം സിറാജ് അറിയുന്നത്. താന്‍ പാലക്കാട് ജില്ലയിലെ ഏതോ ഭാഗത്ത് എത്തിയിരിക്കുന്നു!
അയാള്‍ കുറച്ചൂടെ മുന്നോട്ട് വണ്ടി ഓടിച്ചപ്പോള്‍ ഒരു ക്ഷേത്രത്തിന്‍റെ ബോര്‍ഡ് കണ്ടു. റോഡില്‍ നിന്നും അങ്ങോട്ട്‌ തിരിയുന്ന മണ്പാതയിലൂടെ അയാള്‍ ബൈക്കില്‍ ചെന്നു. വണ്ടി സൈഡാക്കി, സിറാജ് ഭക്തിപുരസ്സരം കാട് മൂടിക്കിടക്കുന്ന ക്ഷേത്രമുറ്റത്ത് പ്രവേശിച്ചു. വിജനമായ അവിടെ കൌണ്ടറില്‍ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്ന് തനിക്ക് ഗുരുവായൂര്‍ ആണ് പോവേണ്ടതെന്നും വഴി തെറ്റി ഇവിടെ എത്തിയതാണെന്നും സിറാജ് അറിയിച്ചു. ‘ഗുരുവായൂരപ്പനെ കാണാന്‍ താങ്കള്‍ക്ക് സമയം ആയില്ലാന്ന്‍ കരുത്യാ മതി. സാരല്ല്യ, ഇവിടേം എല്ലാ ദൈവങ്ങളുടേയും സാന്നിധ്യമുണ്ട് എന്ന് വിചാരിച്ചോളൂ..’
ഭക്തിയോടെ നിന്ന സിറാജ് ‘എനിക്ക് ഒരു ശത്രു സംഹാരോം ഒരു പുഷ്പാഞ്ജലിയും നേരണം.’
‘അവരുടെ പേരും നാളും പറഞ്ഞോളൂ.. ചീട്ടാക്കാം..’ അയാള്‍ പറഞ്ഞു.
തന്‍റെ ശത്രുവായ ചതിയന്‍റെ പേരും നാളും പിന്നെ തനിക്ക് ഏറെ ഇഷ്ടമായിരുന്ന കൂടെ പഠിച്ച കോലോത്തെ തമ്പ്രാട്ടികുട്ടിയുടെ പേരും നാളും സിറാജ് കൊടുത്തു. കാശ് അടച്ച് ചീട്ടാക്കി. കൌണ്ടറിലെ ആള്‍ പുറത്ത് വന്ന് സിറാജിനോട് ഷര്‍ട്ട് ഊരിവെച്ച് തന്‍റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. സിറാജ് ഷര്‍ട്ട് ഊരി ഒരിടത്ത് വെച്ച് അയാളെ പിന്തുടര്‍ന്നു.
ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്ത് എല്ലാ അവതാരങ്ങളുടെയും പ്രതിമകള്‍ സ്ഥാപിച്ച ഒരു കല്‍മണ്ഡപം. സിറാജിന്‍റെ ശ്രദ്ധ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചെന്നുടക്കി. അയാള്‍ അടുത്ത് ചെന്ന് അതില്‍ തൂങ്ങിക്കിടക്കുന്ന മാറാല കൈകൊണ്ട് തട്ടിമാറ്റി തഴുകി. പൂജാരി ‘വരൂ..’ എന്നറിയിച്ചപ്പോള്‍ സിറാജ് ചെന്നു. ക്ഷേത്രത്തിന്‍റെ അകത്തളത്തില്‍ പ്രവേശിച്ചപ്പോള്‍ സിറാജിന് എന്തോ ഒരനുഭൂതി അനുഭവപ്പെട്ടു. വേറൊരു പൂജാരിയും അവിടെയുണ്ട്. അദ്ദേഹം നിവേദിച്ച പൂക്കളും തീര്‍ത്ഥവും സിറാജ് കൈകുമ്പിളില്‍ സ്വീകരിച്ചു. അവനെ ശ്രദ്ധിച്ച ആ രണ്ട് അമ്പലവാസികള്‍ക്കും മനസ്സിലായി അയാള്‍ ഹിന്ദുവല്ല എന്നത്. അവര്‍ അയാളെ കൂടെനിന്ന് ആരാധനാ കര്‍മ്മങ്ങളില്‍ സഹായിച്ചു. ക്ഷേത്രം വലം വെച്ച് പുറത്ത് വന്ന അയാളെ അവര്‍ നാഗദേവന്മാരുടെ പ്രതിഷ്ടകള്‍ വെച്ച കാവില്‍ കൊണ്ടുപോയി. അവനോട് കണ്ണടച്ച്  തൊഴാന്‍ പറഞ്ഞു. സിറാജ് കൈകൂപ്പി കണ്ണടച്ച് നിന്നു.
കണ്ണ്‍ തുറന്നപ്പോള്‍ ക്ഷേത്രത്തിനകത്ത് നിന്നും ഒരു പൌരുഷ ശബ്ദം: ‘അയാള്‍ പോയോ?’ സിറാജ് തിരിഞ്ഞുനോക്കി. ഇരുനിറത്തിലുള്ള നല്ല വടിവൊത്ത ശരീരമുള്ള കളരിയഭ്യാസിയുടെ പോലെ തുണിയുടുത്ത ഒരു ചെറുപ്പക്കാരന്‍ തന്‍റെ നേരെ മന്ദഹസിച്ച് നടന്നുവരുന്നത് കണ്ടു. നിലം തൊടാതെ ഒരു കാറ്റിന്‍റെ അകമ്പടിയോടെ ഒഴുകിവരുന്ന പോലെയാണ് സിറാജിന് തോന്നിയത്. ചെറുപ്പക്കാരന്‍ അരികില്‍ വന്നുനിന്നു. സിറാജ് അയാളെ ആകെമൊത്തം നോക്കി. നെറ്റിയില്‍ ഒരു ചെറിയ കുറി. ദേഹത്ത് നിന്നും നല്ല ചന്ദനത്തിന്‍റെ വാസന. താന്‍ വരുമ്പോഴും ക്ഷേത്രം വലം വെച്ചപ്പോഴും ഉണ്ടായിരുന്ന ആ രണ്ടു പൂജാരികള്‍ എവിടെ പോയി? സിറാജ് ചുറ്റും നോക്കി. ഇല്ല അവരെ അവിടെയൊന്നും കാണുന്നില്ല. വരുമ്പോള്‍ കാണാതിരുന്ന ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട ഈ ചെറുപ്പക്കാരന്‍ ആരാണ്? എവിടെയായിരുന്നു? സിറാജ് ആകെ ചിന്താകുഴപ്പത്തിലായി.
‘മനസ്സും ശരീരവും എപ്പോഴും ശുദ്ധമാക്കി വെക്കുക. ചിന്താകുഴപ്പം ഇല്ലാതാവും. ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ദൈവത്തില്‍ പ്രാപിച്ചാലും പ്രാര്‍ത്ഥന മുടക്കരുത്.’ ചെറുപ്പക്കാരന്‍ വിദൂരതയില്‍ നോക്കി മുഴങ്ങുന്ന ശബ്ദത്തില്‍ ഉപദേശിച്ചു.
എന്നിട്ട് സിറാജിനെ ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി ചോദിച്ചു: ‘എന്താണ് നിങ്ങളെ അലട്ടുന്നത്? എന്തായാലും മനമുരുകി താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തോട് പറയുക. പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ ഒന്നുമേയില്ല ഈ ലോകത്തില്‍.’
‘ഞാന്‍ തീവ്രമായി ആഗ്രഹിച്ചവ, ഇഷ്ടപ്പെടുന്നവ എന്നില്‍ നിന്നും നഷ്ടപ്പെടുന്നു. ഞാന്‍ ഇഷ്ടപ്പെടാത്തവ, എന്നില്‍ അടിച്ചേല്‍പ്പിച്ചവ എന്നില്‍ നിന്നും അകന്നും പോയിട്ടുണ്ട്. ജീവിതത്തില്‍ ഒരു മനസമാധാനവും കിട്ടുന്നില്ല. അതാണെന്‍റെ പ്രശ്നം.’ സിറാജ് ആഗതനോട് അറിയിച്ചു.
ചെറുപ്പക്കാരന്‍ മന്ദസ്മിതത്തോടെ തല കുലുക്കി മുകളിലേക്ക് നോക്കി പറഞ്ഞു ‘നിങ്ങള്‍ ധൈര്യമായി മടങ്ങി പോവൂ.. എന്‍റെ ഡ്യൂട്ടി കഴിഞ്ഞു. ഞാന്‍ പോവുന്നു.’
അയാളുടെ കഴുത്തിലെ മാലലോക്കറ്റില്‍ സിറാജിന്‍റെ കണ്ണുടക്കി. ശ്രീകൃഷ്ണന്‍റെ ചിത്രം! അയാളുടെ മുഖത്ത് നോക്കിയ സിറാജിന് അവിടേയും ആ മുഖചൈതന്യം അനുഭവപ്പെട്ടു. സിറാജ് കണ്ണടച്ച് കൈകൂപ്പി ‘ഭഗവാനേ ഗുരുവായൂരപ്പാ!’ എന്ന് മന്ത്രിച്ചു. കണ്ണ്‍ തുറന്നപ്പോള്‍ ആ ക്ഷേത്രമുറ്റത്ത് താനല്ലാതെ വേറെ ആരുമില്ലെന്ന് സിറാജിന് ബോധ്യമായി!
കാട് മൂടിക്കിടക്കുന്ന ആ ക്ഷേത്രപറമ്പില്‍ നിന്നും അയാള്‍ തന്‍റെ ഊരിവെച്ച ഷര്‍ട്ട് എടുത്തണിഞ്ഞ് വേഗം നടന്ന്, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഓടിച്ചുപോയി. താന്‍ കണ്ടതും കേട്ടതും സത്യമോ മിഥ്യയോ എന്നറിയാതെ വന്ന വഴി അയാള്‍ മടങ്ങി.

Thursday, 2 August 2018

മീശ വില്‍പനയ്ക്ക്..

ബിസി ബുക്ക് ഷോറൂമിന്റെ മുന്നിലെ ഗ്ളാസ്സിൽ തെളിഞ്ഞ പ്രതിബിംബങ്ങളെ നോക്കുമ്പോഴാണ് കോളേജ് പെൺകുട്ടികൾ ഡോറിനരികിൽ നിൽക്കുന്ന കൊമ്പൻമീശക്കാരൻ സെക്യൂരിറ്റിക്കാരനെ ശ്രദ്ധിച്ചത്. കണ്ടാൽ കാട്ടുകള്ളൻ വീരപ്പന്റെ മീശ പോലുണ്ടെന്നവർക്ക് തോന്നി.
അയാളുടെ കൊമ്പൻ മീശയെ ഒന്ന് 'ആക്കി'ക്കളയാമെന്ന തീരുമാനത്തിലെത്തിയ പെൺകുട്ടികൾ അടുത്തെത്തി ആ മീശയിൽ നിർന്നിമേഷരായി നോക്കി നിൽക്കുമ്പോൾ ഗൗരവത്തിൽ അയാൾ നിന്നു.
'എന്ത് വേണം?' - സെക്യൂരിറ്റിക്കാരൻ കൊമ്പൻമീശയിൽ വിരലാൽ വീണമീട്ടി ചോദിച്ചു.
അയാളുടെ ആകാരത്തിനും കൊമ്പൻമീശയ്ക്കും ചേരാത്ത കൊച്ചുകുട്ടിയുടെ സ്വരത്തിലുള്ള ആ ചോദ്യം പെൺകുട്ടികൾ പ്രതീക്ഷിച്ചതല്ല. അവർ ചിരിയടക്കി അയാളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
'ചേട്ടാ, ചേട്ടന്റെ മീശ ഞങ്ങൾക്ക് ഇഷ്ടായി. അതീന്ന് വലിയ രണ്ടുമൂന്ന് രോമങ്ങൾ പറിച്ചുതരാവോ?'
'എന്നാത്തിനാ എന്റെ മീശ?' - അയാൾ കണ്ണുതുറിപ്പിച്ച് ചോദിച്ചു.
'ആ മീശേലെ രോമം കൊണ്ട് മോതിരം ഉണ്ടാക്കിയിടാനാ, ഈ ആനവാൽ മോതിരം പോലെ.. പേടി മാറിക്കിട്ടാനാ ചേട്ടാ..' - സുന്ദരികൊച്ചിന്റെ പറച്ചിൽ കേട്ട അയാൾക്ക് അവർ തന്നെ കളിയാക്കുകയാണെന്നത് മനസ്സിലായെങ്കിലും ഗൗരവം നടിച്ച് അയാൾ പറഞ്ഞു.
'വർഷങ്ങളെടുത്ത് ഞാനുണ്ടാക്കി പരിപാലിച്ചുപോരുന്ന മീശയാണിത്. നിങ്ങളെപോലെത്തെ പെങ്കുട്ട്യോൾ ചോദിച്ചാൽ ഞാനെന്താ ചെയ്യാ.. ഉം.. ശരി, ഇരുന്നൂറ് രൂപാ എടുക്ക്, മീശേലെ രണ്ട് രോമം തരാ..'
പെൺകുട്ടികൾ വിലപേശി നൂറ് രൂപാ കൊടുത്തത് മേടിച്ച് ഇപ്പോൾ വരാമെന്നറിയിച്ച സെക്യൂരിറ്റിക്കാരൻ കുറച്ച് കഴിഞ്ഞ് അവരുടെ മുന്നിലേക്കെത്തി, നീണ്ട് വളഞ്ഞ് സ്പ്രിംഗ് പോലുള്ള രണ്ട് ചെമ്പൻ രോമങ്ങൾ അവർക്ക് നേരെ നീട്ടി.
'അയ്യോ ചേട്ടാ! ഇതേതാ ഈ ചെമ്പൻ രോമങ്ങൾ?' - അവർ ഞെട്ടി.
കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു: 'ഇത് വെറും ഷോറൂം, വില്പനയില്ല. ഇഷ്ടംപോലെ സ്റ്റോക്കുള്ള ഗോഡൗണിൽ മാത്രമേ വില്പനയുള്ളൂ..'
അയാളുടെ വിരലുകൾ അരയ്ക്ക് താഴോട്ട് പോവുന്നത് കാണാൻ നിൽക്കാതെ പെൺകുട്ടികൾ കണ്ണുപൊത്തി.

Thursday, 30 July 2015

ലക്ഷദ്വീപിലെ നടുക്കുന്ന പ്ലാറ്റ്ഫോമില്‍...

കരയില്‍ നിന്നും അല്പം ദൂരെ കടല്‍ തിരമാലകള്‍ക്ക് നടുവില്‍ ഉള്ള ഒരു കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമില്‍ ഞാന്‍ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. നേരം വെളുത്ത് വന്നിട്ടേയുള്ളൂ. കവറത്തിയുടെ തീരത്ത് നിന്നും സൂര്യോദയത്തിനു മുന്‍പ്  ഒരു മുക്കുവതോണി ഉന്തിതള്ളി അതില്‍ ചൂണ്ടയും വലയുമായി ദ്വീപിലെ ബന്ധുക്കളായ സാജിദ്, ആഷിക്ക്, നാട്ടില്‍ നിന്നും അവധിക്കാലം ആസ്വദിക്കാന്‍ വന്ന കസിന്‍ റിയാസ് എന്നിവര്‍ക്കൊപ്പം ഞാനും കയറി. തോണിയുടെ ഉടമ അറിയാതെ ഉള്ള പോക്കാണ്.

യാത്ര പുറപ്പെട്ടപ്പോള്‍ തോണി ആടിയുലഞ്ഞു. എനിക്ക് പേടിയായി. നീന്താനറിയില്ല. അവരൊക്കെ നല്ല നീന്തല്‍ / മുങ്ങല്‍ വിദഗ്ദ്ധരും. കുറച്ചുദൂരം പോയപ്പോള്‍ ലൈറ്റ് ഹൌസില്‍ നിന്നും വരുന്ന വെളിച്ചത്തില്‍ കണ്ടതാണ് ഈ പ്ലാറ്റ്ഫോം.

"തോണി അടുപ്പിച്ചേ.. ഞാന്‍ ഇല്ല ഇനി ഉള്‍ക്കടലിലേക്ക് ചാവാന്‍.."

എന്‍റെ വെപ്രാളം കേട്ട് അവര്‍ നോക്കി.

"ഞാന്‍ ഈ പ്ലാറ്റ്ഫോമില്‍ നിന്നോളാം. നിങ്ങള് മടങ്ങിവരുമ്പോള്‍ എന്നെ കൂട്ടിയാല്‍ മതി."

അവര്‍ തോണി അടുപ്പിച്ചു. ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് കയറി നിന്നു.

"അപ്പോള്‍ ശരി. പോയി വന്നിട്ട് കാണാംട്ടോ." - സാജിദ് പറഞ്ഞു.

അവര്‍ തോണി തുഴഞ്ഞ് പോയിമറഞ്ഞു. അരണ്ടവെളിച്ചത്തില്‍ ഞാന്‍ ചുറ്റും നോക്കി. ചെറിയ ഓളങ്ങള്‍ മാത്രം. കടല്‍ കൂടുതല്‍ ഇരുണ്ടുകിടന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. പ്ലാറ്റ്ഫോമിന്റെ കീഴെ ജലനിരപ്പ് കൂടിയിരിക്കുന്നു. ഇപ്പോള്‍ പ്ലാറ്റ്ഫോമും കടലും ഏതാനും ഇഞ്ച്‌ വ്യത്യാസം മാത്രം. ഞാന്‍ പേടികൊണ്ട് വിറച്ചു. കണ്ണടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഏതായാലും ജലനിരപ്പ് താഴ്ന്നില്ല, എന്നാല്‍ ഉയര്‍ന്നുമില്ല.

പ്രഭാതകിരണങ്ങള്‍ എങ്ങും പരന്നു. നീലനിറമുള്ള കടലിന്‍റെ അടിത്തട്ട് വ്യക്തമായി കാണാം. പലവിധ വര്‍ണ്ണമത്സ്യങ്ങള്‍ കൂട്ടമായി അങ്ങോട്ടുമിങ്ങോട്ടും പോവുന്നു. പവിഴപ്പുറ്റുകള്‍. ഒരു വലിയ അക്വേറിയം പോലെ തോന്നി.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ദൂരെനിന്നും തോണി വരുന്നത് കണ്ടു. അവരുടെ സംസാരം അവ്യക്തമായി കാതിലെത്തി. അവര്‍ തോണി അടുപ്പിച്ചു. ഞാന്‍ വലിയ ആശ്വാസത്തോടെ അവര്‍ക്കൊപ്പം ചേര്‍ന്നു. തോണിയില്‍ ഒരു മൂലയില്‍ അവര്‍ പിടിച്ച മീനുകള്‍ കൂട്ടിയിട്ടിരുന്നു.

അവരെന്നെ നോക്കി നെടുവീര്‍പ്പിടുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു.

"എന്താ പഹയന്മാരെ ഇങ്ങനെ നോക്കുന്നത്?"

"പ്ലാറ്റ്ഫോമില്‍ എന്തെങ്കിലും അസാധാരണമായി കണ്ടോ?" - സാജിദ് ചോദിച്ചു.

ഞാന്‍ വാപൊളിച്ച് നോക്കി.

"എന്തെങ്കിലും രൂപമോ, അല്ലെങ്കില്‍ ഒരു പെണ്ണിന്‍റെ വിഷാദഗാനമോ മറ്റോ?" - ആഷിക്ക് ചോദിച്ചത് കേട്ട് ഞാന്‍ ഒന്നൂടെ ഞെട്ടി.

"ഇല്ലാ. എന്തേയ്?" - ഞാന്‍ ചോദിച്ചു.

സാജിദ് ഒരു കഥ പറയാന്‍ തുടങ്ങി.

"പണ്ട് മുക്കുവനെ സ്നേഹിച്ച ഒരു സുന്ദരിപെണ്ണ്  ഉണ്ടായിരുന്നു. ദ്വീപുകാര്‍ അവരെ ഒറ്റപ്പെടുത്തിയപ്പോള്‍ മുക്കുവനും അവളും നീന്തിവന്ന്  ഈ പ്ലാറ്റ്ഫോമില്‍ കയറി. വീട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കെ അവര്‍ ആലിംഗനബദ്ധരായി ചുംബനമേളം നടത്തി. പ്രണയത്തെ എതിര്‍ത്തവരെ വെല്ലുവിളിച്ച് തോണിയില്‍ കരുതിയിരുന്ന വലിയൊരു പാറക്കല്ല് വലയില്‍ ബന്ധിച്ച് ദേഹത്ത് ചുറ്റി വരിഞ്ഞുകെട്ടി കടലിലേക്ക് എടുത്ത് ചാടി. നാട്ടുകാര്‍ക്ക് പേരുദോഷം ഉണ്ടാക്കിയ പ്രനയിതാക്കളെ രക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല. അവര്‍ ഈ കടലില്‍ ഒടുങ്ങി. ഇപ്പോഴും ഈ പ്ലാറ്റ്ഫോം പരിസരങ്ങളില്‍ അവരുടെ പ്രേതത്തെ കണ്ടവരുണ്ട്. ആ പെണ്ണിന്‍റെ ദുഃഖഗാനം കേട്ടവരുണ്ട്."

എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി.

ആഷിക്ക് വളരെ കൂളായി പറഞ്ഞു:  "അപ്രതീക്ഷിതമായി ജലനിരപ്പ് തോന്നിയപോലെ പൊങ്ങിവന്ന് പ്ലാറ്റ്ഫോം മൂടാറുണ്ട്. പിന്നെ വെള്ളം ഇറങ്ങി പഴയപോലെ തന്നെയാവും. നീ രക്ഷപ്പെട്ടത് നിന്‍റെ ഭാഗ്യം."

അപ്പോള്‍ കസിന്‍ റിയാസ് എന്നെ ആശ്വസിപ്പിക്കാന്‍ തോളില്‍ കൈയ്യിട്ടുകൊണ്ട് പറയുകയാണ്‌ :

"ഡാ ഞങ്ങള് നിന്നെ ഇവിടെ ആക്കിയത് മറന്നിരുന്നു. തോണി തുഴഞ്ഞ് കര എത്താറായപ്പോഴാ നീ പ്ലാറ്റ്ഫോമില്‍ ഉണ്ടല്ലോ എന്ന കാര്യം ഞങ്ങള്‍ ഓര്‍ത്തത്. അപ്പോള്‍ത്തന്നെ തോണി റിവേഴ്സ് എടുത്ത് തുഴഞ്ഞു."

എനിക്ക് അവരെ കൊല്ലാനുള്ള ദേഷ്യം വന്നു:

"നല്ല തങ്കമനസ്സുള്ള പഹയന്മാര്‍ തന്നെ. തോണിയില്‍ പോണ പേടി മാറ്റാന്‍ കൊണ്ടാക്കിയ ഇടം കൊള്ളാം."

ഞങ്ങള്‍ കരയില്‍ എത്തിയപ്പോള്‍ പല്ലിറുമ്മി ഒരാള്‍ ഞങ്ങളെ നോക്കി നില്‍പ്പുണ്ടായിരുന്നു. തോണിയുടെ ഉടമ. തോണി കാണാഞ്ഞ് കലിപ്പിലാണ്.

വളിച്ചചിരിയോടെ തോണി ഞങ്ങള്‍ കരയ്ക്ക് അടുപ്പിച്ചു.

"മുത്തുകോയക്കാ.. സുഖാണോ?" - ആഷിക്ക് നമ്പറിട്ടു.

"ഇല്ല മോനേ. വയറിളമാ. സുഖായിട്ട് കളഞ്ഞു." : മൂപ്പര്‍ പല്ലിറുമ്മി പറഞ്ഞു.

"ഈ കോയക്കാന്‍റെ തമാശ." : സാജിദ് ഹസ്തദാനത്തിന് കൈനീട്ടി. കോയക്ക പിന്നാക്കം കെട്ടിനിന്നു.

ഞങ്ങള്‍ തോണിയില്‍ നിന്നും മീന്‍ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ കോയക്ക തടഞ്ഞു.

"തോണി നിങ്ങളുടേതല്ല. അതിലെ മീനും നിങ്ങള്‍ക്കുള്ളതല്ല. അത് എനിക്കുള്ളതാ."

സാജിദ് ഞങ്ങളോട് മന്ത്രിച്ചു പറഞ്ഞു : "വേഗം സ്ഥലം കാലിയാക്കുന്നതാ നല്ലത്. ആളല്‍പ്പം പിശകാ.."

(പ്രിയമുള്ളവരേ.. ഇന്ന് സാജിദിന്‍റെ ചരമദിനമാണ്‌. 1998 ജൂലൈ 30ന് കൊച്ചിയിലുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ഒന്‍പത് ഹതഭാഗ്യരില്‍ കാബിന്‍ ക്രൂ ആയിരുന്ന അവനും ഉണ്ടായിരുന്നു. കവരത്തി-കൊച്ചി ഫ്ലൈറ്റില്‍ ജോലിക്ക് കയറി മൂന്ന്‍ മാസം ആയപ്പോള്‍ മരണം അവനെ തേടിയെത്തി. അവന്‍റെ ഡ്യൂട്ടിദിനം അല്ലാഞ്ഞിട്ടും സഹപ്രവര്ത്തകന് അവധി വേണമെന്ന്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം സാജിദ് ഡ്യൂട്ടിയെടുത്തു. വിധിയെ ആര്‍ക്കും തടുക്കാനാവില്ലല്ലോ. സാഹസികത കൂടപ്പിറപ്പ് ആയിരുന്ന പ്രിയപ്പെട്ട കസിന്‍ സാജിദിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി അശ്രുപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്... )

Saturday, 24 August 2013

അകലുന്തോറും... (അധ്യായം - 1)

പച്ചപ്പ്‌ തണലേകിനില്‍ക്കുന്ന മേലോത്ത് തറവാട്ടുപറമ്പിലെ അച്ഛന്‍റെ സമാധിയില്‍ വിളക്ക് കത്തിച്ച് കൈകൂപ്പി കണ്ണടച്ച് സിന്ധു നിന്നു. സമീപം ബിന്ദുവും നന്ദുവും..

സിന്ധുവിന്‍റെ ഓര്‍മ്മകളില്‍ അച്ഛന്‍ തെളിഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ ഗോപാലന്‍റെ സ്കൂട്ടറില്‍ അഞ്ചുവയസ്സുള്ള, കണ്ടാല്‍ ഒരുപോലെ തോന്നിക്കുന്ന, സുന്ദരികളായ സിന്ധുവും ബിന്ദുവും ആദ്യമായി സ്കൂളിലേക്ക് യാത്രയാവുന്നു. അവരെ നോക്കി കൈവീശുന്ന അമ്മ മാധവി മൂന്നുവയസ്സുള്ള നന്ദുവിനെ മാറോട് ചേര്‍ത്ത് താലോലിക്കുന്നുണ്ട്.

സര്‍ക്കാര്‍സ്കൂളിലെ ഒന്നാംക്ലാസ്സില്‍ ഇരട്ടകളെ ഇരുത്തി മുത്തം കൊടുത്ത് തിരികെപോകുന്ന അച്ഛന്‍. ഒരുപാട് കുട്ടികള്‍ കലപിലകൂട്ടുന്ന പുതിയലോകത്തെ പകച്ചുനോക്കി ഇരിക്കുന്ന ഇരട്ടകള്‍..

“സിന്ധൂ.. അമ്മേടെ അടുത്താരുമില്ല. പോകാം.”

ബിന്ദുവിന്‍റെ ശബ്ദം സിന്ധുവിനെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി. അവര്‍ പറമ്പിലൂടെ വീട്ടിലേക്ക് നടന്നു. ഗേറ്റിനുമുന്നില്‍ ഒരു കാര്‍ വന്നുനിന്നു. അവര്‍ അങ്ങോട്ട്‌ നോക്കി. ഗേറ്റ് തുറന്ന് പത്തുവയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ കുറേ സമ്മാനപൊതികളുമായി ഓടിവന്നു. കാര്‍ തിരിച്ച്പോകുന്ന ശബ്ദം നേര്‍ത്തില്ലാതായി.

“എന്‍റെ മോനാ.. നിഥിന്‍. എല്ലാ ഞായറാഴ്ചയും അവന്‍റെ അച്ഛന്‍ വന്നുകൊണ്ടുപോകും. ബീച്ചിലും മാളിലും കൊണ്ടുനടന്ന് അവന് പലതും മേടിച്ചുകൊടുത്ത് വൈകിട്ട് കൊണ്ടുവിടും.”

ബിന്ദു ഓടിവന്ന മകനെ കെട്ടിപ്പിടിച്ച് സിന്ധുവിനോട് പറഞ്ഞു.

“മോനേ.. ഇതാരാന്നറിയോ? പണ്ട് അമേരിക്കയില്‍ പോയ സിന്ധുമാമിയാ ഇത്.”

നിഥിന്‍ പുഞ്ചിരിച്ചു. സിന്ധു അവനെ തലോടി ഒരുപാടുനേരം നോക്കിനിന്നു.

“മാമീ.. എവിടെ സോനയും അങ്കിളും?”

സിന്ധു മറുപടി കിട്ടാതെ വല്ലാതായി. നന്ദു ഇടപെട്ടു.

“അവര്‍ ഉടനെയെത്തും. മോന്‍ പോയി കളിച്ചേ.. ചെല്ല്.” – നന്ദു പറഞ്ഞു.

തൊഴുത്തിലെ പശുക്കളെ കുളിപ്പിക്കുന്ന നാണുവേട്ടന്‍റെ അടുത്തേക്ക് ചെല്ലുന്ന നിഥിന്‍ അച്ഛന്‍ മേടിച്ചുകൊടുത്ത പുതിയ കളിക്കോപ്പുകള്‍ കാണിച്ചുകൊടുക്കുന്നു. നാണുവേട്ടന്‍ അവ നോക്കിയിട്ട് ഉഷാറാണല്ലോ എന്നൊക്കെ പറഞ്ഞ് അവനെ സന്തോഷിപ്പിക്കുന്നുണ്ട്.

അമ്മയുടെ മുറിയില്‍ വരുന്ന സിന്ധുവും ബിന്ദുവും അമ്മയെ എണീപ്പിച്ച് കട്ടിലില്‍ തലയിണവെച്ച് ചാരിയിരുത്തി. ഇരുവശത്തും ഇരുന്ന് അവര്‍ ഓറഞ്ച് തൊലിച്ച് കൊടുത്തു.

“രണ്ടു ഡോക്ടര്‍മാര്‍ ഇടതും വലതും ഉള്ളതാ ഒരാശ്വാസം. ഒരിക്കലും ഇനി ഒരുമിച്ച് നിങ്ങളെ കാണില്ലാ എന്ന വിഷമത്തോടെ പോയില്ലേ പാവം അച്ഛന്‍” – ക്ഷീണിച്ച സ്വരത്തില്‍ അമ്മ പറഞ്ഞു.

“അമ്മേ.., വെറുതെ ഓരോന്ന് ഓര്‍ത്ത് വിഷമിക്കല്ലേ..” – ബിന്ദു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“കാരാഗൃഹത്തില്‍ പെട്ടപോലെ ആയിരുന്നല്ലോ ഞാനവിടെ.. ഒരുവിധത്തിലും സ്വന്തക്കാരെ ബന്ധപ്പെടാന്‍പോലും അനുവദിക്കാത്ത ജയിലര്‍ ആയിരുന്നു സുധി. അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വീട്ടിലേക്ക് ഒന്ന്‍ വിളിക്കാന്‍പോലും എന്നെ സമ്മതിച്ചില്ല.” – സിന്ധു വിഷമത്തോടെ പറഞ്ഞു.

“സുധീടെ കാര്യം ഇനി പറയേണ്ട. എന്നേയും മനുവിനേയും വേര്‍പ്പെടുത്തിയതും, ഇരട്ടകളായ നമ്മളെ അകറ്റിയതുമെല്ലാം അവന്‍റെ കുബുദ്ധിയാണ്!” – ബിന്ദു രോഷംകൊണ്ടു.

“എല്ലാം തലവിധി. മുജ്ജന്മശാപം, ഈശ്വരാ..” – അമ്മ പിറുപിറുത്തു.

“പ്രിയയേയും മോളേയും കൂട്ടികൊണ്ടുവരാന്‍ പോകുന്നു. വിരുന്നുപാര്‍ക്കാന്‍ പോയിട്ട് ഒത്തിരി ദിവസങ്ങളായി.” - നന്ദു വാതില്‍ക്കല്‍ വന്നുപറഞ്ഞിട്ട് പോയി. കാര്‍ സ്റ്റാര്‍ട്ടായി ഗേറ്റ് കടന്നുപോകുന്ന ശബ്ദം കേട്ടു.

“മോളേ.. സന്ധ്യാദീപത്തിന് നേരായി.” – അമ്മ പറഞ്ഞത് കേട്ട് ബിന്ദു എഴുന്നേറ്റ് പോയി.

സിന്ധു അമ്മയുടെ ശോഷിച്ചകൈകള്‍ ചേര്‍ത്തുപിടിച്ചു. അമ്മ അവളെ നോക്കി ചോദിച്ചു: “ഇനിയെന്നാ അമേരിക്കയിലേക്ക്..?”

“ഇനി പോണില്ല! ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്യണം.” – സിന്ധു അറിയിച്ചു.

“ങേ..! അപ്പോ.., സുധീം സോനമോളും..?!” – അമ്മ അന്തംവിട്ടു അവളെ നോക്കി.
സിന്ധു ശൂന്യമായ നോട്ടത്തോടെ ഇരുന്നു.
“അരുതാത്തത് എന്തൊക്കെയോ സംഭവിച്ചപോലെ അമ്മയ്ക്ക് തോന്നുന്നു മോളേ.. എന്താണ്ടായേ?” - അമ്മയുടെ ചോദ്യം മുള്ളുപോലെ സിന്ധുവിന്‍റെ ഹൃദയത്തില്‍ കൊണ്ടു.

“ദീപം.. ദീപം.. ദീപം...” – ബിന്ദുവിന്‍റെ സ്വരം ഇടനാഴിയിലൂടെ പോയി കോലായില്‍ ചെന്നവസാനിച്ചു. അമ്മ കണ്ണടച്ച് നാമം ജപിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ചുമരിലെ കൃഷ്ണഭഗവാന്‍റെ ചിത്രത്തില്‍ ചെന്നുനിന്നു.


(തുടരും../-)

Thursday, 22 August 2013

അകലുന്തോറും...

കരിപ്പൂര്‍ വിമാനതാവളത്തിന്‍റെ ‘ആഗമന’കവാടത്തില്‍ നന്ദു കാത്തുനിന്നു. ദുബായ് ഫ്ലൈറ്റ് ഇറങ്ങിവരുന്ന യാത്രക്കാരില്‍ അവന്‍റെ കണ്ണുകള്‍ പാഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍ പ്രതീക്ഷിച്ചയാള്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ സിന്ധു. മുഖം മ്ലാനമാണ്. വര്‍ഷങ്ങള്‍ക്കുശേഷം പെങ്ങളും ആങ്ങളയും തമ്മില്‍ കാണുകയാണ്. അവളെ സ്വീകരിച്ച് ഒന്ന് കെട്ടിപ്പിടിച്ച് അവന്‍ ലഗേജ്ട്രോളി ഉറുട്ടികൊണ്ട് പാര്‍ക്ക് ചെയ്ത കാറിന്‍റെ ഡിക്കിയില്‍ വെച്ചു.

കാര്‍ ഓടിക്കുന്ന നന്ദു. സമീപം സിന്ധു. അവര്‍ ഒന്നും അധികം മിണ്ടിയില്ല. ഏറെനേരം ഓടിയ കാര്‍ ഒരു പഴയ തറവാട്ടുവളപ്പിലേക്ക് പ്രവേശിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാര്‍ വരുന്നത് കണ്ട കാര്യസ്ഥന്‍ നാണുവേട്ടന്‍ കോലായില്‍ നിന്നും ഇറങ്ങിവന്നു. കുഞ്ഞുനാള്‍തൊട്ടേ കാണുന്ന നാണുവേട്ടനെ കുറേകാലത്തിനുശേഷം സിന്ധു കാണുകയാണ്. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. നാണുവേട്ടനും ചിരിച്ചു. കാര്‍ മുറ്റത്ത് നിറുത്തിയിട്ട്‌ നന്ദു ഇറങ്ങി. ഡിക്കി തുറന്ന് ലഗേജ് നാണുവേട്ടന്‍ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി.  സിന്ധുവും നന്ദുവും അനുഗമിച്ചു.

ഇരുണ്ടമുറിയില്‍ രോഗശയ്യയില്‍ കിടക്കുന്ന പ്രായമായ അമ്മ മാധവി, അരികെ മകള്‍ ഡോക്ടര്‍ ബിന്ദു. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഇരട്ടസഹോദരിയായ സിന്ധുവിനെ കണ്ട ബിന്ദു നിര്‍വികാരമായ നോട്ടത്തോടെ എഴുന്നേറ്റു. പിറകെ നന്ദുവും മുറിയിലേക്ക് കടന്നുവന്നു. മാധവിയമ്മയുടെ ക്ഷീണിച്ച കണ്ണുകള്‍ പാതിതുറന്ന് ആഗതരെ നോക്കി. ആ നോട്ടത്തില്‍ സിന്ധുവിന്‍റെ രൂപം അവ്യക്തമായി തെളിഞ്ഞു. അമ്മയുടെ ചുണ്ടുകള്‍ പ്രയാസപ്പെട്ട് അനങ്ങാന്‍ തുടങ്ങി. അവ്യക്തമായ വാക്കുകള്‍ നിര്‍ഗളിച്ചു.

“മോളേ... നീ വന്നോ? അമേരിക്കയില്‍ സുഖാണോ നിനക്കും.. കുടുംബത്തിനും..?”

സിന്ധു ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു വിതുമ്പി.

“അമ്മേ.. ഈ മോളോട് പൊറുക്കണം.”

അമ്മയുടെ മാറില്‍ ഒരു കൊച്ചുകുഞ്ഞിനെപോലെ അവള്‍ കിടന്നുകരഞ്ഞു. അവളെ നന്ദു പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇരട്ടഅനുജത്തി ബിന്ദു നിര്‍വികാരയായി നോക്കിനിന്നു. കാര്യസ്ഥന്‍ നാണുവേട്ടന്‍ ഒന്നെത്തിനോക്കിയിട്ട് അപ്പുറത്തേക്ക് പോയിമറഞ്ഞു.

(തുടരും../)


Saturday, 13 July 2013

എട്ടിന്‍റെ തത്ത

എട്ടുവീട്ടിലെ എട്ടുസലീം ഒരിക്കല്‍ നിലമ്പൂര്‍കാട്ടില്‍വെച്ച് തെറ്റാലി തൊടുത്ത് പിടിച്ചു നല്ലൊരു പച്ചതത്തയെ... തത്തയ്ക്ക് നല്ലൊരു പേരും ഇട്ടു. മാളൂട്ടിതത്ത.

“മോളേ മാളൂട്ടീ..” എന്ന് വിളിച്ചാല്‍ തത്ത വിളികേള്‍ക്കാന്‍ തുടങ്ങി.
എട്ടുവീട്ടിലെ ഇറയത്ത്‌ തൂക്കിയ കൂട്ടില്‍ മാളൂട്ടിയെ പൊന്നുപോലെ അവന്‍ വളര്‍ത്തി. നായ്കരിമ്പ് കൊടുത്ത് മലയാളം പറയിക്കാന്‍ പഠിപ്പിച്ചു. തത്ത ആദ്യമായി “പോടാ പട്ടീ, തെണ്ടീ..” ഒക്കെ പറയാന്‍ പഠിച്ചു.

എന്നും എട്ടുസലീം പൂവന്‍പഴം കൊണ്ടുവന്ന് മാളൂട്ടിയ്ക്ക് കൊടുത്തു. പക്ഷെ, ആ പഴം മാളൂട്ടിയ്ക്ക് കിട്ടീല. ഓട്ടോ ഓടിച്ച് തിരിച്ചുവന്ന എട്ടുസലീം നോക്കുമ്പോള്‍ ദുഖിതയായ മാളൂട്ടിതത്ത തലതാഴ്ത്തി കൂട്ടില്‍ ഇരിക്കുന്നു. പഴം തൊലിയോടെ അപ്രത്യക്ഷം.

“മോളേ മാളൂട്ടീ..” എട്ടുസലീം സ്നേഹത്തോടെ വിളിച്ചു.

“പോടാ പട്ടീ..” തത്ത പ്രതികരിച്ചുകൊണ്ട് കൂട്ടിലെ മരക്കൊമ്പില്‍ നിരങ്ങി മാറിയിരുന്നു.

എന്നും പൂവന്‍പഴം കൊണ്ടുവന്നു കൊടുത്ത എട്ടുസലീം പഴം കാണാതെ മാളൂട്ടിതത്തയുടെ തെറിവിളി കേട്ട് അന്തംപോയി വിഷണ്ണനായി. മാളൂട്ടിയെ പിടിക്കാന്‍ നോക്കിയ കാടന്‍പൂച്ചയെ എട്ടുസലീം ഒരിക്കല്‍ തല്ലിക്കൊന്നു. ബാക്കിയുള്ള വീട്ടിലെ പൂച്ചകളെ മൊത്തം ഒരു ചാക്കിലാക്കി അവന്‍ ഓട്ടോയില്‍ കയറ്റി ചാലിയാര്‍പുഴയുടെ അക്കരേയ്ക്ക് നാടുകടത്തിയിരുന്നു.

ദിനംപ്രതി മാളൂട്ടിതത്ത മെലിഞ്ഞുകൊണ്ടിരുന്നു. പൂവന്‍പഴം കട്ടെടുക്കുന്ന പ്രതിയെ പിടിക്കാന്‍ എട്ടുസലീം പ്ലാനിട്ടു. ഒരുദിവസം പൂവന്‍പഴത്തില്‍ എലിവിഷം പൂഴ്ത്തിവെച്ച് എട്ടുസലീം മാളൂട്ടിതത്തയുടെ കൂട്ടില്‍ തൂക്കിയിട്ടു. കുറേനേരം കാവലിരുന്ന എട്ടുസലീം അറിയാതെ ഉറങ്ങിപ്പോയി.

ഒരു ദീനരോദനം കേട്ട് ഞെട്ടിയുണര്‍ന്ന എട്ടുസലീം കണ്ടത് പഴം വിഴുങ്ങി കണ്ണുതള്ളി ഗുഡ്ബൈ പറഞ്ഞുകൊണ്ടിരിക്കുന്ന മാളൂട്ടിതത്തയെ!

“മോളേ.. മാളൂട്ടീ..” എട്ടുസലീം കൂടിനടുത്ത് ഓടിയെത്തി. കൂടുതുറന്ന് തത്തയുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന പൂവന്‍പഴം അവന്‍ തോണ്ടിയെടുത്തു. തത്തയുടെ അണ്ണാക്കില്‍ അവന്‍ വെള്ളം ഒഴിച്ചുകൊടുത്തു.

എട്ടുസലീം കരഞ്ഞു. “മാളൂട്ടീ.. എന്നും പയം കൈക്കാതെ ഇജ്ജ് എത്തിനാ ഇന്ന് പയം കൈച്ചേ?”

“പോടാ.. പട്ടീ..” - മരിക്കുന്നതിനു മുന്‍പ് മാളൂട്ടിതത്ത അവസാനം മൊഴിഞ്ഞ ഡയലോഗ്.

തത്തയുടെ ചുവന്ന കണ്ണുകള്‍ എട്ടുസലീമില്‍ നിന്നും മാറി അട്ടത്ത് ഫിക്സ്‌ ആയി നിന്നു. തത്തയുടെ ഡെഡ്ബോഡി തൂക്കിയെടുത്ത് എട്ടുസലീം നടക്കുമ്പോള്‍ ഇറയത്ത്‌ ആരോ വന്ന ഒച്ചകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അവന്‍ ഞെട്ടി!

എട്ടുസലീമിന്‍റെ അനുജന്‍ എട്ടുസലാം പമ്മിപമ്മി തത്തക്കൂട്ടിനടുത്ത് വരുന്നു. കൂടുതുറന്നു കൈയ്യിട്ട് പരതുന്നു. പഴമില്ല. തത്തയുമില്ല!

“ഛെ! വൈകിപ്പോയി.” – എട്ടുസലാം പിറുപിറുത്തു നോക്കുമ്പോള്‍ തത്തയെ തൂക്കി ഓടിവരുന്ന എട്ടുസലീമിനെ കണ്ടു. അവന്‍ ഇറങ്ങിയോടി.

“ഡാ ഇജ്ജാല്ലേ എന്നും മാളൂട്ടീന്‍റെ പയം കക്കുന്ന കള്ളന്‍?”

“അള്ളോ.. ഇന്ന് പയം കട്ടത് ഞമ്മളല്ലേ..”

അവരുടെ അടിപിടിയില്‍ മാളൂട്ടിയുടെ ഡെഡ്ബോഡി തെറിച്ചു കറങ്ങി മുരിങ്ങമരക്കൊമ്പില്‍ കുരുങ്ങിക്കിടന്നു.

Tuesday, 28 May 2013

ചാറ്റ് കൊടുങ്കാറ്റ്

വര്‍ഷങ്ങളായിട്ട്‌ എന്നും അയാള്‍ ഇന്റര്‍നെറ്റില്‍ അവളെ തിരഞ്ഞു. എവിടേയും അയാള്‍ക്ക് അവളെ കാണാന്‍ കഴിഞ്ഞില്ല. ഫേസ്ബുക്കില്‍ അവളുടെ കൂട്ടുകാരിയെ കിട്ടി. അവളുമായി അയാള്‍ ചാറ്റ് ചെയ്തു. കൂട്ടുകാരിയും അവളെ കുറിച്ച് അയാളോട് പറയാന്‍ കൂട്ടാക്കിയില്ല. അയാള്‍ ദേഷ്യപ്പെട്ട് കൂട്ടുകാരിയെ ബ്ലോക്ക് ചെയ്തു.

അതിനു ശേഷം അയാള്‍ തേടിനടന്ന അവള്‍ ഒരു ഈമെയില്‍ രൂപത്തില്‍ ഒരുനാള്‍ വന്നു! “ഏട്ടാ എന്തിനാ നമ്മുടെ സ്വകാര്യങ്ങള്‍ നിങ്ങള്‍ കൂട്ടുകാരിയുമായി ചാറ്റ് ചെയ്തത്?” പിന്നീട് അയാളും അവളും മെയില്‍ വഴി വീണ്ടും അടുത്തു. അയാള്‍ ആ കൂട്ടുകാരിക്ക് മനസ്സില്‍ നന്ദി പറഞ്ഞു.

ഫേസ്ബുക്ക് മുതലാളിക്ക് അയാള്‍ ജയ്‌ വിളിച്ചുപോയി.

ഒന്ന് കാണാന്‍ കൊതിയായി എന്നറിയിച്ച അയാളോട് അവള്‍ ഇനി ഒരിക്കലും കാണരുത് എന്നറിയിച്ചു. എന്നിട്ടും അയാള്‍ അവളെ പോയി കണ്ടു. അവള്‍ ഞെട്ടി. ഇത്രയും കാലം ഏട്ടന്‍ എവിടെ ആയിരുന്നു എന്നൊക്കെ കയര്‍ത്തു. താന്‍ അങ്ങനെ ഈമെയിലുകള്‍ അയച്ചിട്ടില്ല എന്നവള്‍ നിരാകരിച്ചു. അയാള്‍ ഞെട്ടി. 

"ഏതായാലും വന്നതല്ലേ.. ഏട്ടന് ഞാന്‍ രണ്ടുപേരെ പരിചയപ്പെടുത്താം."

അവള്‍ അയാളെ തന്‍റെ ഭര്‍ത്താവിനും മകള്‍ക്കും പരിചയപ്പെടുത്തികൊടുത്തു! 

“ഇത് എന്‍റെ ആദ്യഭര്‍ത്താവ്. ആരോ എന്‍റെ പേരില്‍ അയച്ച മെയിലുകള്‍ കിട്ടിയിട്ട് വന്നതാ..” 

അയാളുടെ മനസ്സില്‍ അവളുടെ കൂട്ടുകാരി ചാറ്റ് കൊടുങ്കാറ്റ് ആയി തെളിഞ്ഞു.


ഫേസ്ബുക്ക് മുതലാളിക്ക് മൂര്‍ദാബാദ് വിളിച്ചുകൊണ്ട് അയാള്‍ അവിടെ നിന്നും തിരികെ പോയി.

Friday, 10 August 2012

ട്രങ്ക്-വിളി എന്ന റങ്ക്-വിളി


(ഈ കഥ നടന്നത് മൊബൈല്‍ഫോണും നെറ്റ്കാളും ചാറ്റും കണ്ടുപിടിക്കപ്പെടുന്നതിനും മുന്‍പേ.. അതായത്‌ നാട്ടില്‍ ടെലിഫോണ്‍ പ്രചാരത്തില്‍ വരുന്നതിനും മുന്‍പേ ഒരു കാലത്താണ്.)

മുത്തുനവാ രത്നമുഖം
കത്തിടും മയിലാളെ..

മാപ്പിളപ്പാട്ട് ഇശലുകള്‍ പാടികൊണ്ട് കുഞ്ഞായിന്‍ക്ക കാളവണ്ടിയില്‍ മരംകയറ്റി വന്നപ്പോള്‍ ചെട്ട്യങ്ങാടിയില്‍ പതിവുപോലെ ആളുകളെ ആരേയും കാണാതെ ചുറ്റും നോക്കി.

വര്‍ഷങ്ങളായി കൂടെയുള്ള രണ്ടുകാളകളും മണികുലുക്കി മിണ്ടാതെ നിന്ന് കിട്ടിയനേരം വിശ്രമിച്ചു. സാധാരണ ചെട്ട്യങ്ങാടിയില്‍ എത്തിയാല്‍ കുഞ്ഞായിന്‍ക്ക അബ്ദുക്കയുടെ മക്കാനിയില്‍ നിന്നും പൊറോട്ടയും മത്തിക്കറിയും കഴിക്കാറുണ്ട്. അന്നേരം അബ്ദുക്കയുടെ മകന്‍ കാദര്‍ ഒരുതൊട്ടി നിറയെ കാടിവെള്ളം കാളകള്‍ക്ക് കൊണ്ടുവെച്ചുകൊടുക്കും. അത് കുടിച്ചാല്‍ കാളകള്‍ സംതൃപ്തിയോടെ മണികുലുക്കി അവനെ നോക്കും.

ഇന്ന് അബ്ദുക്കയുടെ മക്കാനിയിലും ആരുമില്ല. തുറന്നിട്ടിട്ടുണ്ട്. എവിടെ പോയി എല്ലാവരും? കുഞ്ഞായിന്‍ക്ക അന്തംവിട്ടു കാളവണ്ടിയില്‍ നിന്നും ചാടിയിറങ്ങി. കാളകള്‍ അപ്പിയിട്ടു വാലാട്ടി നിന്നു.

പള്ളിയിലെ മുക്രി ഉമ്മര്‍ക്ക തത്രപ്പെട്ട് ചെട്ട്യങ്ങാടി ഇറക്കം ഇറങ്ങി ഓടിപോകുന്നത് കണ്ടു. കുഞ്ഞായിന്‍ക്ക കൈകൊട്ടി മുക്രിയെ വിളിച്ചു, പിന്നെ കൂവി. ഓടുന്നതിനിടയില്‍ മുക്രി തിരിഞ്ഞുനോക്കി.

എങ്ങട്ടാ ഓടുന്നത്? അങ്ങാടിയില് ആരേയും കാണുന്നില്ല?

കുഞ്ഞായിന്‍ക്കയുടെ ചോദ്യം കേട്ട് മുക്രി ഉമ്മര്‍ക്ക ഓട്ടത്തിനിടയില്‍ വിളിച്ചു പറഞ്ഞു.

മേക്കുന്നത്ത് തറവാട്ടില്‍ക്ക് ട്രങ്ക് വിളി വന്നിരിക്കുന്നു. എല്ലാരും അങ്ങോട്ട്‌ പോയിരിക്ക്വാ.. വേണേല്‍ വന്നോ..

എന്ത് വിളി? വാങ്ക് വിളിക്കുന്ന നിങ്ങള് തെളിച്ചു പറാ..

കുഞ്ഞായിന്‍ക്ക ചോദിച്ച് വാപൊളിച്ചു നിന്നു. എന്ത് വിളിയാണതെന്ന് അറിയാന്‍ അങ്ങോട്ട്‌ പോവുകതന്നെ.

കാളകളെ നുകത്തില്‍ നിന്നും അഴിച്ചുമാറ്റി കവലയിലെ ഒരു മരത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടു. കുഞ്ഞായിന്‍ക്കയും സംഭവം അറിയാന്‍ പാഞ്ഞു.

മേക്കുന്നത്ത് തറവാട്ടിലെ ഏകബിരുദധാരിയായ മൂസ്സ പേര്‍ഷ്യ എന്നൊരു ദൂരദേശത്ത് പോയിരിക്കുന്നു എന്നറിയാം. ഇനി മൂസ്സക്ക് എന്തെങ്കിലും സംഭവിച്ചോ?

മേക്കുന്നത്ത് തറവാട്ടില്‍ എത്തിയപ്പോള്‍ അവിടെ നാട്ടിലെ ഒട്ടുമിക്ക പെണ്ണുങ്ങളും കൂടിനില്‍പ്പുണ്ട്. അകത്തുനിന്നും അടക്കിയുള്ള കരച്ചില്‍ കേട്ടു. ആണുങ്ങളെ ആരേയും കാണാഞ്ഞ് കുഞ്ഞായിന്‍ക്ക മുറ്റത്ത്‌ കയറാതെ വഴിയില്‍ നിന്നു. മുന്നേ പാഞ്ഞുപോയ മുക്രി ഉമ്മര്‍ക്ക വേറെ വഴിക്ക്‌ പായുന്നത് കണ്ടു.

ട്രങ്ക് വിളി ഇവിടെയല്ല. തപാലാപ്പീസിലാ വന്നിരിക്കുന്നത്. വേണേല്‍ വന്നോ..

പാച്ചിലിനിടയില്‍ മുക്രി കുഞ്ഞായിനോട് വിളിച്ചു പറഞ്ഞു.

കുഞ്ഞായിന്‍ക്ക പിന്നാലെ പാഞ്ഞു. തപാലാപ്പീസില്‍ എത്തിയപ്പോള്‍ അവിടെ ജനക്കൂട്ടം ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നു. മുക്രിയും കുഞ്ഞായിന്‍ക്കയും തിക്കിതിരക്കി നിന്നു.

മേക്കുന്നത്ത് തറവാട്ടിലെ കാരണവര്‍ ഖദര്‍ജുബ്ബയും മുണ്ടും ധരിച്ച് തപാലാപ്പീസ് വരാന്തയില്‍ ശിപായി കൊണ്ടുവന്നുവെച്ച കസേരയില്‍ ഇരിപ്പുണ്ട്. വിശറി വീശികൊണ്ട് അരികില്‍ ശിങ്കിടിയും നില്‍ക്കുന്നു.

ജനങ്ങള്‍ പലതും പതുക്കെ പറഞ്ഞു നില്‍ക്കുന്നു. കുഞ്ഞായിന്‍ക്ക സംഭവം എന്താന്നറിയാന്‍ ആവലാതിയോടെ മുക്രി ഉമ്മര്‍ക്കയെ നോക്കി ആംഗ്യത്തില്‍ ചോദിച്ചു.

ട്രങ്ക് വിളി മുക്രി കാറ്റൂതും സ്വരത്തില്‍ കണ്ണുരുട്ടി മന്ത്രിച്ചു.

നമ്മുടെ കണക്കൊക്കെ എഴുതി കൂടെനിന്നോ എന്ന് പറഞ്ഞിട്ടും മൂസ്സ കേട്ടില്ല. അവന് പേര്‍ഷ്യയില്‍ പോയേ സമാധാനാവൂ എന്ന് വെച്ചാല്‍..? മൂസ്സയ്ക്ക് പേര്‍ഷ്യപൂതി പറഞ്ഞുകൊടുത്ത ആളെ എന്‍റെ കൈയ്യില്‍ കിട്ട്യാല്‍..

മേക്കുന്നത്ത് കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു പല്ല് ഞെരിച്ചു.

പാലായില്‍ നിന്നും റബ്ബര്‍കൃഷി ചെയ്യാന്‍ വന്ന് ചെട്ട്യങ്ങാടിക്കാരന്‍ ആയിമാറിയ മത്തായി ചൂളി അന്നേരം പിന്നാക്കം വന്ന് കുഞ്ഞായിന്‍ക്കയെ മുട്ടിയപ്പോള്‍ ഞെട്ടി തിരിഞ്ഞുനോക്കി.

ഉം. എനിക്കറിയാം മത്തായീ.. കുഞ്ഞായിന്‍ അര്‍ത്ഥംവെച്ച് ചിരിച്ചു.

മൂസ്സ പോയിട്ട് മാസം ആറായില്ലേ? ആരോ ചോദിക്കുന്നത് കേട്ടു.

പോയിട്ട് പിന്നെ ഒരു വിവരോം ഇല്ല. കത്തുമില്ല. ഇപ്പൊ ദാ ഒരു ട്രങ്ക് വിളി വന്നിരിക്കുന്നു.

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പൊതുവേ നിശബ്ദമായ പരിസരത്ത് ടിര്‍ണിം ടിര്‍ണീം മുഴങ്ങി.

എല്ലാവരും തപാലാപ്പീസിന്റെ അകത്തേക്ക് നോട്ടം ഫോക്കസ്‌ ചെയ്തു ഏന്തിവലിഞ്ഞു നിന്നു.

തപാലാപ്പീസ് മാസ്റ്റര്‍ ഓടിച്ചെന്ന് ഫോണെടുത്തു. ഫോണ്‍ എന്ന് പറഞ്ഞാല്‍ മരത്തിന്റെ ചട്ടക്കൂടുള്ള ഭാരിച്ച ഒരു സാധനമാണ്. കുഞ്ഞായിന്‍ക്ക ആദ്യായിട്ടാണ് ഫോണ്‍ കാണുന്നത്.

ഹലോ.. ഹലോ.. തപാലാപ്പീസ് മാസ്റ്റര്‍ ഉച്ചത്തില്‍ കൂവി.

ശിപായി ഓടിവന്നു കാരണവരോട് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കാരണവര്‍ പ്രൌഡിയോടെ നടന്നു അകത്തേക്ക് പോയി.

ഫോണ്‍റിസീവര്‍ തിരികെപിടിച്ച കാരണവരെ മാസ്റ്റര്‍ വിഷമത്തോടെ നോക്കി നേരെപിടിക്കാന്‍ കാണിച്ചുകൊടുത്തു.

കാരണവര്‍ റിസീവര്‍ ചെവിയില്‍ പിടിച്ചു ശ്രദ്ധിച്ചു. ഫോണില്‍ ഒരു പെണ്ണിന്റെ സ്വരം!

“This is a Trunk Call from Dubai. Please Wait.”

ആരാ ആരാ? എവിടുന്നാ? കാരണവര്‍ ഉറക്കെ ചോദിച്ചു.

മൂസ്സയാണ് ദുബായീന്നാ..

മോനേ മൂസ്സാ.. നിന്‍റെ കൂടെ ഏതാടാ ഒരു പെണ്ണ്? കാരണവര്‍ അലറി.

ബാപ്പാ.. പെണ്ണോ? ഏതു? എവിടെ? ഇവിടെ ഞാന്‍ ഒറ്റയ്ക്കാ.

നീ എന്നെ പറ്റിക്കണ്ട.

ടൂം ടൂം. സ്വരത്തിനു പിന്നാലെ വീണ്ടും പെണ്ണിന്റെ ശബ്ദം വന്നു.

“Thank you for choosing India Government Telecom Service”

ഫോണ്‍ മിണ്ടാട്ടം ഇല്ലാതെയായി. കാരണവര്‍ കലിതുള്ളി ഫോണ്‍ റിസീവര്‍ ഊക്കോടെ താഴെയിട്ടു. തപാല്‍മാസ്റ്ററും ശിപായിയും സമയത്തിന് അത് പിടിച്ചു ക്രാഡിലില്‍ വെച്ചു. അവരെ തള്ളിമാറ്റി കാരണവര്‍ വേഗം പുറത്തേക്കു വന്നു.

ജനങ്ങള്‍ പരസ്പരം നോക്കി. മൂസ്സ, പെണ്ണ്.. പേര്‍ഷ്യ.. ശരിക്കും എന്താ ഉണ്ടായത്‌. അവര്‍ കാരണവരെ നോക്കി. പക്ഷെ ആര്‍ക്കും ധൈര്യമില്ല കാരണവരോട് ചോദിക്കാന്‍..

കാരണവര്‍ കലിതുള്ളി തോളത്തെ തോര്‍ത്തെടുത്ത് ഒന്ന് ചുഴറ്റി വീണ്ടും യഥാസ്ഥാനത്ത്‌ വെച്ചു.

ഹും എന്നോടാ കളി. മൂസ്സ പേര്‍ഷ്യയില്‍ പോയി ഏതോ ഇംഗ്ലീഷ്‌കാരിയുടെ കൂടെ വിലസുകയാ.. അവനു പേര്‍ഷ്യപൂതി പറഞ്ഞുകൊടുത്ത പഹയനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍..

കൂട്ടത്തില്‍ നിന്ന മത്തായി തലക്കെട്ട്‌ എടുത്ത് മുഖം പൊത്തി കുനിഞ്ഞു നിന്നു.

കൂടുതല്‍ ചോദിച്ചപ്പോള്‍ മൂസ്സയ്ക്ക് മിണ്ടാട്ടം മുട്ടി. പിന്നെ സംസാരിച്ചത്‌ ആ പെമ്പ്രന്നോത്തിയാ.

പറഞ്ഞുകഴിഞ്ഞ് മേക്കുന്നത്ത് കാരണവര്‍ പല്ല് ഞെരിച്ചു കാര്‍ക്കിച്ചു തുപ്പിയിട്ടു ജനങ്ങളുടെ ഇടയിലൂടെ നടന്നു. പിറകെ ശിങ്കിടിയും.

നല്ല നിസ്കാരോം നോമ്പും ഓത്തും ഒക്കെയുള്ള കുണ്ടന്‍ ആയിരുന്നു മൂസ്സ. പറഞ്ഞിട്ടെന്താ അവനേയും ഇബ്‌ലീസ് കെണിയിലാക്കി. മുക്രി ഉമ്മര്‍ക്ക നെടുവീര്‍പ്പിട്ടു.

അപ്പോ ഇതാണല്ലേ ട്രങ്ക് വിളി. ഇതൊരു തരം റങ്ക് വിളിതന്നെ! കുഞ്ഞായിന്‍ക്ക എല്ലാം മനസ്സിലായ ഭാവത്തില്‍ നടന്നു.

ചെട്ട്യങ്ങാടികവലയില്‍ ഇട്ടുപോന്ന കാളവണ്ടിയും അതിലെ മരത്തടികളും കാളകളും പെട്ടെന്ന്‍ ഓര്‍മ്മയില്‍ ഓടിയെതിയപ്പോള്‍ കുഞ്ഞായിന്‍ക്ക ഓട്ടം തുടങ്ങി.

കവലയില്‍ എത്തിയപ്പോള്‍ കുഞ്ഞായിന്‍ക്കയെ പ്രതീക്ഷിച്ചപോലെ നിലത്ത് കിടന്നിരുന്ന കാളകള്‍ അയവിറക്കല്‍ നിറുത്തി പതുക്കെ എഴുന്നേറ്റു നിന്നു.

അബ്ദുക്കയുടെ മക്കാനിയില്‍ ആളുകള്‍ എത്തിതുടങ്ങി. കുഞ്ഞായിന്‍ക്ക പതിവുപോലെ പൊറോട്ടയും മത്തിക്കറിയും കഴിക്കാന്‍ അവിടെ ചെന്നു. മക്കാനിയില്‍ നിന്നും തൊട്ടിയില്‍ കാടിവെള്ളം കൊണ്ടുവന്ന കാദര്‍ കാളകള്‍ക്ക് മുന്നില്‍ വെച്ചുകൊടുത്തു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com