Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, 30 July 2015

ലക്ഷദ്വീപിലെ നടുക്കുന്ന പ്ലാറ്റ്ഫോമില്‍...

കരയില്‍ നിന്നും അല്പം ദൂരെ കടല്‍ തിരമാലകള്‍ക്ക് നടുവില്‍ ഉള്ള ഒരു കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമില്‍ ഞാന്‍ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. നേരം വെളുത്ത് വന്നിട്ടേയുള്ളൂ. കവറത്തിയുടെ തീരത്ത് നിന്നും സൂര്യോദയത്തിനു മുന്‍പ്  ഒരു മുക്കുവതോണി ഉന്തിതള്ളി അതില്‍ ചൂണ്ടയും വലയുമായി ദ്വീപിലെ ബന്ധുക്കളായ സാജിദ്, ആഷിക്ക്, നാട്ടില്‍ നിന്നും അവധിക്കാലം ആസ്വദിക്കാന്‍ വന്ന കസിന്‍ റിയാസ് എന്നിവര്‍ക്കൊപ്പം ഞാനും കയറി. തോണിയുടെ ഉടമ അറിയാതെ ഉള്ള പോക്കാണ്.

യാത്ര പുറപ്പെട്ടപ്പോള്‍ തോണി ആടിയുലഞ്ഞു. എനിക്ക് പേടിയായി. നീന്താനറിയില്ല. അവരൊക്കെ നല്ല നീന്തല്‍ / മുങ്ങല്‍ വിദഗ്ദ്ധരും. കുറച്ചുദൂരം പോയപ്പോള്‍ ലൈറ്റ് ഹൌസില്‍ നിന്നും വരുന്ന വെളിച്ചത്തില്‍ കണ്ടതാണ് ഈ പ്ലാറ്റ്ഫോം.

"തോണി അടുപ്പിച്ചേ.. ഞാന്‍ ഇല്ല ഇനി ഉള്‍ക്കടലിലേക്ക് ചാവാന്‍.."

എന്‍റെ വെപ്രാളം കേട്ട് അവര്‍ നോക്കി.

"ഞാന്‍ ഈ പ്ലാറ്റ്ഫോമില്‍ നിന്നോളാം. നിങ്ങള് മടങ്ങിവരുമ്പോള്‍ എന്നെ കൂട്ടിയാല്‍ മതി."

അവര്‍ തോണി അടുപ്പിച്ചു. ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് കയറി നിന്നു.

"അപ്പോള്‍ ശരി. പോയി വന്നിട്ട് കാണാംട്ടോ." - സാജിദ് പറഞ്ഞു.

അവര്‍ തോണി തുഴഞ്ഞ് പോയിമറഞ്ഞു. അരണ്ടവെളിച്ചത്തില്‍ ഞാന്‍ ചുറ്റും നോക്കി. ചെറിയ ഓളങ്ങള്‍ മാത്രം. കടല്‍ കൂടുതല്‍ ഇരുണ്ടുകിടന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. പ്ലാറ്റ്ഫോമിന്റെ കീഴെ ജലനിരപ്പ് കൂടിയിരിക്കുന്നു. ഇപ്പോള്‍ പ്ലാറ്റ്ഫോമും കടലും ഏതാനും ഇഞ്ച്‌ വ്യത്യാസം മാത്രം. ഞാന്‍ പേടികൊണ്ട് വിറച്ചു. കണ്ണടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഏതായാലും ജലനിരപ്പ് താഴ്ന്നില്ല, എന്നാല്‍ ഉയര്‍ന്നുമില്ല.

പ്രഭാതകിരണങ്ങള്‍ എങ്ങും പരന്നു. നീലനിറമുള്ള കടലിന്‍റെ അടിത്തട്ട് വ്യക്തമായി കാണാം. പലവിധ വര്‍ണ്ണമത്സ്യങ്ങള്‍ കൂട്ടമായി അങ്ങോട്ടുമിങ്ങോട്ടും പോവുന്നു. പവിഴപ്പുറ്റുകള്‍. ഒരു വലിയ അക്വേറിയം പോലെ തോന്നി.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ദൂരെനിന്നും തോണി വരുന്നത് കണ്ടു. അവരുടെ സംസാരം അവ്യക്തമായി കാതിലെത്തി. അവര്‍ തോണി അടുപ്പിച്ചു. ഞാന്‍ വലിയ ആശ്വാസത്തോടെ അവര്‍ക്കൊപ്പം ചേര്‍ന്നു. തോണിയില്‍ ഒരു മൂലയില്‍ അവര്‍ പിടിച്ച മീനുകള്‍ കൂട്ടിയിട്ടിരുന്നു.

അവരെന്നെ നോക്കി നെടുവീര്‍പ്പിടുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു.

"എന്താ പഹയന്മാരെ ഇങ്ങനെ നോക്കുന്നത്?"

"പ്ലാറ്റ്ഫോമില്‍ എന്തെങ്കിലും അസാധാരണമായി കണ്ടോ?" - സാജിദ് ചോദിച്ചു.

ഞാന്‍ വാപൊളിച്ച് നോക്കി.

"എന്തെങ്കിലും രൂപമോ, അല്ലെങ്കില്‍ ഒരു പെണ്ണിന്‍റെ വിഷാദഗാനമോ മറ്റോ?" - ആഷിക്ക് ചോദിച്ചത് കേട്ട് ഞാന്‍ ഒന്നൂടെ ഞെട്ടി.

"ഇല്ലാ. എന്തേയ്?" - ഞാന്‍ ചോദിച്ചു.

സാജിദ് ഒരു കഥ പറയാന്‍ തുടങ്ങി.

"പണ്ട് മുക്കുവനെ സ്നേഹിച്ച ഒരു സുന്ദരിപെണ്ണ്  ഉണ്ടായിരുന്നു. ദ്വീപുകാര്‍ അവരെ ഒറ്റപ്പെടുത്തിയപ്പോള്‍ മുക്കുവനും അവളും നീന്തിവന്ന്  ഈ പ്ലാറ്റ്ഫോമില്‍ കയറി. വീട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കെ അവര്‍ ആലിംഗനബദ്ധരായി ചുംബനമേളം നടത്തി. പ്രണയത്തെ എതിര്‍ത്തവരെ വെല്ലുവിളിച്ച് തോണിയില്‍ കരുതിയിരുന്ന വലിയൊരു പാറക്കല്ല് വലയില്‍ ബന്ധിച്ച് ദേഹത്ത് ചുറ്റി വരിഞ്ഞുകെട്ടി കടലിലേക്ക് എടുത്ത് ചാടി. നാട്ടുകാര്‍ക്ക് പേരുദോഷം ഉണ്ടാക്കിയ പ്രനയിതാക്കളെ രക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല. അവര്‍ ഈ കടലില്‍ ഒടുങ്ങി. ഇപ്പോഴും ഈ പ്ലാറ്റ്ഫോം പരിസരങ്ങളില്‍ അവരുടെ പ്രേതത്തെ കണ്ടവരുണ്ട്. ആ പെണ്ണിന്‍റെ ദുഃഖഗാനം കേട്ടവരുണ്ട്."

എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി.

ആഷിക്ക് വളരെ കൂളായി പറഞ്ഞു:  "അപ്രതീക്ഷിതമായി ജലനിരപ്പ് തോന്നിയപോലെ പൊങ്ങിവന്ന് പ്ലാറ്റ്ഫോം മൂടാറുണ്ട്. പിന്നെ വെള്ളം ഇറങ്ങി പഴയപോലെ തന്നെയാവും. നീ രക്ഷപ്പെട്ടത് നിന്‍റെ ഭാഗ്യം."

അപ്പോള്‍ കസിന്‍ റിയാസ് എന്നെ ആശ്വസിപ്പിക്കാന്‍ തോളില്‍ കൈയ്യിട്ടുകൊണ്ട് പറയുകയാണ്‌ :

"ഡാ ഞങ്ങള് നിന്നെ ഇവിടെ ആക്കിയത് മറന്നിരുന്നു. തോണി തുഴഞ്ഞ് കര എത്താറായപ്പോഴാ നീ പ്ലാറ്റ്ഫോമില്‍ ഉണ്ടല്ലോ എന്ന കാര്യം ഞങ്ങള്‍ ഓര്‍ത്തത്. അപ്പോള്‍ത്തന്നെ തോണി റിവേഴ്സ് എടുത്ത് തുഴഞ്ഞു."

എനിക്ക് അവരെ കൊല്ലാനുള്ള ദേഷ്യം വന്നു:

"നല്ല തങ്കമനസ്സുള്ള പഹയന്മാര്‍ തന്നെ. തോണിയില്‍ പോണ പേടി മാറ്റാന്‍ കൊണ്ടാക്കിയ ഇടം കൊള്ളാം."

ഞങ്ങള്‍ കരയില്‍ എത്തിയപ്പോള്‍ പല്ലിറുമ്മി ഒരാള്‍ ഞങ്ങളെ നോക്കി നില്‍പ്പുണ്ടായിരുന്നു. തോണിയുടെ ഉടമ. തോണി കാണാഞ്ഞ് കലിപ്പിലാണ്.

വളിച്ചചിരിയോടെ തോണി ഞങ്ങള്‍ കരയ്ക്ക് അടുപ്പിച്ചു.

"മുത്തുകോയക്കാ.. സുഖാണോ?" - ആഷിക്ക് നമ്പറിട്ടു.

"ഇല്ല മോനേ. വയറിളമാ. സുഖായിട്ട് കളഞ്ഞു." : മൂപ്പര്‍ പല്ലിറുമ്മി പറഞ്ഞു.

"ഈ കോയക്കാന്‍റെ തമാശ." : സാജിദ് ഹസ്തദാനത്തിന് കൈനീട്ടി. കോയക്ക പിന്നാക്കം കെട്ടിനിന്നു.

ഞങ്ങള്‍ തോണിയില്‍ നിന്നും മീന്‍ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ കോയക്ക തടഞ്ഞു.

"തോണി നിങ്ങളുടേതല്ല. അതിലെ മീനും നിങ്ങള്‍ക്കുള്ളതല്ല. അത് എനിക്കുള്ളതാ."

സാജിദ് ഞങ്ങളോട് മന്ത്രിച്ചു പറഞ്ഞു : "വേഗം സ്ഥലം കാലിയാക്കുന്നതാ നല്ലത്. ആളല്‍പ്പം പിശകാ.."

(പ്രിയമുള്ളവരേ.. ഇന്ന് സാജിദിന്‍റെ ചരമദിനമാണ്‌. 1998 ജൂലൈ 30ന് കൊച്ചിയിലുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ഒന്‍പത് ഹതഭാഗ്യരില്‍ കാബിന്‍ ക്രൂ ആയിരുന്ന അവനും ഉണ്ടായിരുന്നു. കവരത്തി-കൊച്ചി ഫ്ലൈറ്റില്‍ ജോലിക്ക് കയറി മൂന്ന്‍ മാസം ആയപ്പോള്‍ മരണം അവനെ തേടിയെത്തി. അവന്‍റെ ഡ്യൂട്ടിദിനം അല്ലാഞ്ഞിട്ടും സഹപ്രവര്ത്തകന് അവധി വേണമെന്ന്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം സാജിദ് ഡ്യൂട്ടിയെടുത്തു. വിധിയെ ആര്‍ക്കും തടുക്കാനാവില്ലല്ലോ. സാഹസികത കൂടപ്പിറപ്പ് ആയിരുന്ന പ്രിയപ്പെട്ട കസിന്‍ സാജിദിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി അശ്രുപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്... )

Monday, 27 February 2012

ഒരു പ്രവാസിയുടെ നാട്ടില്‍ പോക്ക്.

ഇപ്രാവശ്യം നാട്ടിലേക്ക്‌ പോയത്‌ ഒമാന്‍ എയറില്‍ ഒമാന്‍ വഴിയായിരുന്നു. അബുദാബിയില്‍ നിന്നും ചെക്കിന്‍ ചെയ്തു ഒമാനില്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന് കരിപ്പൂരില്‍ വന്നിറങ്ങിയപ്പോള്‍ ഒരു മണിക്കൂര്‍ വീണ്ടും ഞാന്‍ നില്‍ക്കേണ്ടി വന്നു. അത് എന്തിനാണെന്ന് ഞാന്‍ പറയാം.

എമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞ് ഞാന്‍ എന്റെ പെട്ടിയും വട്ടിയും കാത്ത് നിന്ന് അവ കൈയ്യില്‍ കിട്ടി നോക്കുമ്പോള്‍ ആകെ വിലപിടിപ്പുള്ള സാധനമായ സോണി പ്ലാസ്മ ടിവിയുടെ പാക്കിങ്ങില്‍ മൊത്തം ചുവന്ന ക്രോസ്സ് മാര്‍ക്ക്‌!!. കണ്ടു! അത് വക വെക്കാതെ പുറത്തേക്കു വരുമ്പോള്‍ സമാധാനത്തിന്റെ നിറമായ വെള്ള യൂണിഫോം ധരിച്ച കസ്റ്റംസ്‌ പുരുഷനും ഒരു സ്ത്രീയും എന്നെ തടുത്ത് നിറുത്തി. ഞാന്‍ അത് പ്രതീക്ഷിച്ചതാണ്.

ഇല്ലാത്ത ധൈര്യം വരുത്തി ഞാന്‍ അവരെ എതിരേറ്റു. അവര്‍ എന്നോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു. ഒരു കള്ളനോട് പെരുമാറും പോലെ, ഞാന്‍ എന്തോ അടിച്ചുമാറ്റി കൊണ്ടുവന്ന പോലെ..

"ഈ ടിവിയുടെ ബില്ല് എവിടെ?" - ആപ്പീസര്‍ ചോദിച്ചു.

"ഇതിനു ബില്ലില്ല. എനിക്ക് കമ്പനി സമ്മാനം തന്നതാണ്." - ഞാന്‍ അറിയിച്ചു.

"ഇതിന്റെ വില എത്രയാണ് എന്നറിയാമോ?" - അവര്‍ വീണ്ടും എന്നെ കുരുക്കാന്‍ ചോദിച്ചു.

"ദാനം കിട്ടിയ പശുവിന്റെ വില നോക്കണോ സര്‍ ?" - ഞാന്‍ ചിരി വരുത്തി ചോദിച്ചു.

"ദാനം കിട്ടിയതായാലും അല്ലേലും ഇതിനിവിടെ മുപ്പത്തി ഒമ്പയിനായിരം ഉരുപ്പ്യ വരും"

"എന്നാല്‍ എനിക്ക് വിലവിവര പട്ടിക കാണിച്ചു താ സര്‍ "

അപ്പോള്‍ ആപ്പീസര്‍ വനിതാ ആപ്പീസറിനെ നോക്കിയിട്ട് വിലവിവരം എടുക്കാന്‍ പറഞ്ഞു. അവര്‍ കുറേ തപ്പിയിട്ടും അത് കിട്ടിയില്ല. അപ്പോള്‍ ആപ്പീസര്‍ എന്നോട് കൂടെ വരാന്‍ പറഞ്ഞു. എങ്ങോട്ടാ എന്ന് ഞാന്‍ ചോദിച്ചു. ഗൂഗിളില്‍ കാണിച്ചു തരാം ടിവിയുടെ റേറ്റ്‌ എന്നയാള്‍ ..

"ഗൂഗിളില്‍ അതിന്റെ വില എനിക്ക് കാണേണ്ട. ഇതിനു അവിടെ ഗള്‍ഫില്‍ ആയിരത്തി അഞ്ഞൂറ് ദിര്‍ഹംസ് ഉണ്ട്" - എന്ന് ഞാന്‍ വെച്ചടിച്ചു.

അപ്പോള്‍ അയാള്‍ കാല്‍ക്കുലേറ്റര്‍ ഞെക്കി കണക്കുകൂട്ടി. ഞാന്‍ ഒരു ബോര്‍ഡ്‌ കാണിച്ചു പറഞ്ഞു: "ഇരുപത്തി അയ്യായിരം ഉറുപ്യ വിലയുള്ള സാധനം കൊണ്ടുവരാം എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും അല്ലെ ആ എഴുതി വെച്ചിരിക്കുന്നത്? പിന്നെ എന്തിനാ സാര്‍ എന്നെ ബുദ്ധിമുട്ടിക്കുന്നത്?"

അപ്പോള്‍ അയാള്‍ പ്ലേറ്റ്‌ മാറ്റി. "നിന്റെ മറ്റേ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ എന്തൊക്കെയാ ഉള്ളത്?"

"അതില്‍ എന്റെ ജെട്ടിയും ബനിയനും കുപ്പായവും, പാന്സും പിന്നെ ഷേവിംഗ് സെറ്റും, ക്രീമും ഒക്കെ തന്നെയാ ഉള്ളത്. വേണേല്‍ പൊളിച്ചു നോക്കിക്കോ.."

"അത് മാത്രമേ ഉള്ളോ?" - അയാള്‍ സംശയത്തോടെ ചോദിച്ചു. (അതില്‍ ഒരു നോട്ട്ബുക്ക് പിസി, മൊബൈല്‍ എന്നിവ ഉണ്ടായിരുന്നു.)

"സാര്‍ ഒരു കാര്യം ചെയ്. ഈ ടിവിയും എന്റെ ഈ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും ഇവിടെ വെച്ചോളൂ.. എന്നിട്ട് എന്റെ പാസ്പോര്‍ട്ടില്‍ അവ സ്വീകരിച്ചു എന്ന് എഴുതി താ. ഞാന്‍ തിരികെ പോകുമ്പോള്‍ എടുത്തോളാം (നിന്നെ)!"

"ഓഹോ.. താന്‍ കുടിച്ചിട്ടുണ്ടോ?" - എന്നായി അയാള്‍ .

"അത് എന്തിനാ സാര്‍ അറിയുന്നത്? അത് പോലീസ്‌ നോക്കികോളും. ഇനി ചോദിച്ച സ്ഥിതിക്ക് ഞാന്‍ പറയാം. അതെ കുടിച്ചിട്ടുണ്ട്.  നാല് ബിയര്‍ കഴിച്ചു. ഞങ്ങള്‍ പ്രവാസികള്‍ എന്താ കള്ളന്‍മാര്‍ ആണോ? വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെ പിഴിയാനും ചോദ്യങ്ങള്‍ കൊണ്ട് പോറല്‍ എല്പിക്കാനും?"

"ഇയാള്‍ നാട്ടില്‍ എവിട്യാ?" - ആപ്പീസര്‍ വിടുന്ന മട്ടില്ല.

"നിലമ്പൂറിലാ. ആര്യാടന്റെ ഒരു ബന്ധുവായി വരും. സാര്‍ ഞാന്‍ തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ പിടിച്ചോളൂ. ഞാന്‍ ഈ ടിവിയും എന്റെ മാറാപ്പ് പെട്ടിയും കൊണ്ടുപോകുന്നില്ല. നിങ്ങള്‍ അതിവിടെ വെച്ചോളൂ. എന്നിട്ട് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തൂ. നിയമം നിയമത്തിന്റെ വഴിക്ക്‌ പോട്ടെ."

ഇതൊക്കെ നടക്കുമ്പോള്‍ എന്നെ കാത്ത്‌ വെളിയില്‍ എന്റെ ഏട്ടന്‍ നില്‍പ്പുണ്ടായിരുന്നു. ഭാഗ്യം എന്ന് പറയാം. എന്റെ മൊബൈല്‍ ശബ്ദിച്ചു. ഗള്‍ഫിലെ സിം കാര്‍ഡ്‌ ആണ്. അതിലേക്കു വന്ന വിളി ഏട്ടന്റെ.. ഞാന്‍ സംഗതി അറിയിച്ചു. അവന്‍ എന്നോട് സമാധാനമായി നില്ക്കാന്‍ പറഞ്ഞു. അവനു അല്പം പിടിപാടുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മുതിര്‍ന്ന കസ്റ്റംസ്‌ ആപ്പീസര്‍ പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ ആണോ ഏറനാടന്‍ ? എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ തലയാട്ടി. എന്റെ പെട്ടിയും ടിവിയും എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുക്കില്ല എന്നറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ.

അയാള്‍ കുറേ പറഞ്ഞിട്ടും ഞാന്‍ സാമാനങ്ങള്‍ എടുത്തില്ല. അവസാനം അയാള്‍ ശബ്ദം കൂട്ടി പറഞ്ഞു. "നിന്റെ സാധങ്ങള്‍ എടുക്കൂ, ഉം! എന്നിട്ട് എന്റെ കൂടെ വരൂ, ഉം!"

ഞാന്‍ അറിയാതെ എന്റെ സാധനങ്ങള്‍ എടുത്ത്  ആപ്പീസറിനെ നോക്കി മായികവലയത്തില്‍ പെട്ട പോലെ പിന്തുടര്‍ന്നു. തിരിഞ്ഞു നോക്കി ബാക്കിയുള്ള ആപ്പീസര്‍മാരെ നോക്കി ചിരിച്ചു കൈ വീശി.

അവര്‍ ചിരിച്ചില്ല. ഇനി ആരെങ്കിലും വരാനുണ്ടോ എന്നപോലെ അപ്പുറത്തേക്ക് നോക്കി അവര്‍ നിന്നു. ഞാന്‍ വെളിയില്‍ വന്നപ്പോള്‍ എന്നെ കാത്തുനിന്നിരുന്ന എന്റെ ഏട്ടന്‍ സലീല്‍ ചിരിച്ചുകൊണ്ട് കൈവീശി എതിരേറ്റു.

"യാത്ര ഒക്കെ സുഖകരം ആയിരുന്നോ?"

"പിന്നേ നല്ല സുഖം ആയിരുന്നു. സിഗരറ്റ്‌ ഉണ്ടോ തീപ്പെട്ടി എടുക്കാന്‍ ?" ഞാന്‍ ഏട്ടനെ കെട്ടിപ്പിടിച്ച് ചോദിച്ചു. അവന്‍ ഒരെണ്ണം തന്നു. അത് കത്തിച്ച് പുക വിട്ടപ്പോള്‍ ഒരു സെക്യൂരിറ്റിക്കാരന്‍ കൈ കൊട്ടി ആംഗ്യം കാണിച്ചു. വലി നിശ്ശിദ്ധം എന്നായിരുന്നു അതെന്നു മനസ്സിലായി. ഞാന്‍ മൂന്നു പുക വിട്ടുകൊണ്ട് സിഗരറ്റ് നിലത്തിട്ടു ചവിട്ടിയരച്ചു.

ഒമാന്‍ വഴിയുള്ള യാത്ര അങ്ങനെ അവസാനിച്ചു. ഇനി ഒരു മാസം നാട്ടില്‍ നില്‍ക്കണം. അതും വേഗം കഴിഞ്ഞു വീണ്ടും തിരികെ അബുദാബിയില്‍ കാലുകുത്തിയിട്ടു ഇപ്പോള്‍ ഒരു മാസം ആവുന്നു.

Friday, 10 February 2012

രണ്ട് 25 പൈസ നാണയതുട്ടുകള്‍

റിപ് വാന്‍ വിങ്കിള്‍ കഥ കേട്ടിട്ടില്ലേ കൂട്ടരേ? ഒരുപാട് വര്‍ഷം ഉറങ്ങിപ്പോയ കക്ഷി ഉറങ്ങി എഴുന്നേറ്റ്‌ നോക്കുമ്പോള്‍ തന്റെ സ്ഥാവകജംഗമ വസ്തുക്കള്‍ എല്ലാം തുരുമ്പുപിടിച്ചു പോയിരിക്കുന്നതും ഉറങ്ങിയത് ഇന്നലെ അല്ലെ എന്നയാള്‍ കരുതിയതും?

അതുപോലെ അല്ലെങ്കിലും എനിക്കും ഒരു പറ്റല്‍ പറ്റി..!

ഇപ്രാവശ്യം നാട്ടില്‍ അവധിക്കു പോയപ്പോള്‍ (കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോള്‍ ) വീട്ടിലെ പഴയ തറവാട്ട് മേശ തുറന്നപ്പോള്‍ കിട്ടിയ രണ്ട് 25 പൈസ നാണയതുട്ടുകള്‍ ഞാന്‍ കീശയിലിട്ടു. വേറൊന്നിനും വേണ്ടിയല്ല. പുറത്തിറങ്ങിയാല്‍ ഏതു കടക്കാരനും ചില്ലറ വല്ലതും ചോദിക്കുക പതിവാണ്. അപ്പോള്‍ കൊടുക്കാന്‍ വേണ്ടിയാണ് മുന്‍കരുതല്‍ എടുത്തത്‌ പാരയായി!

പൂവാട്ടുപറമ്പില്‍ നിന്നും പെരുമണ്ണയിലേക്ക്‌ തിരിയുന്ന പാതയുടെ ഒരത്തെ പെട്ടിക്കടയില്‍ നിന്നും മോരുവെള്ളം കുടിച്ചപ്പോള്‍ എത്രയായി എന്ന് ചോദിച്ചു. മൂന്നര ഉറുപ്യയായി.

ഞാന്‍ കൂള്‍ ആയി മൂന്ന്‍ ഒരു രൂപയും കൂടെ രണ്ട് 25 പൈസ നാണയതുട്ടുകളും കടക്കാരന് നേരെ നീട്ടി. അയാള്‍ വികലമായി ചിരിച്ചു. അവിടെ വെടിപറഞ്ഞിരിക്കുന്ന രണ്ട് വൃദ്ധരും ചിരിയോ ചിരി. എനിക്ക് കാര്യം മനസ്സിലായില്ല.

"25 പൈസ നാണയം സര്‍ക്കാര്‍ എന്നേ നിറുത്തിയത് അറിഞ്ഞില്ലേ കോയാ?"

"ഇല്ല! എപ്പോ?" - ഞാന്‍ കടക്കാരനോട് ചോദിച്ചു.

"ഇങ്ങള്‍ക്ക് സുഖല്ലേ? അല്ലാ വട്ടാണോ?" - എന്ന് അയാള്‍ ചോദിച്ചില്ലെങ്കിലും എനിക്കങ്ങനെ ആ മുഖത്ത് നിന്നും വായിച്ച് എടുക്കാന്‍ പറ്റി.

"ക്ഷമിക്കണം. ഞാന്‍ കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വന്നുപോകുന്ന പരേതന്‍ (സോറി) പ്രവാസി ആണ് ഏട്ടാ.. നാട്ടിലെ മാറ്റങ്ങള്‍ ഒന്നും അറിഞ്ഞില്ല. ഏതായാലും ഇത് വെച്ചോളൂ.. സ്മാരകം ആയ സാധനം അല്ലേ.."

ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു തടി കൈച്ചില്‍ ആക്കി അവിടെ നിന്നും നടന്നു.

Saturday, 20 August 2011

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന നാടന്‍വഴികളിലൂടെ..

പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ ഒന്നാം ചാന്‍സില്‍ പാസ്സായി കിട്ടിയ മാര്‍ക്കിലെ അക്കം കണ്ട് കോളേജുകാര്‍ ആരും  ഒരു  സീറ്റ്‌ തരില്ല എന്നായപ്പോള്‍ നാട്ടിലെ പാരലല്‍ കോളേജ്‌ ആയ ക്ലാസിക്കിന്റെ പ്രൊപ്രൈറ്റര്‍ കം പ്രിന്‍സിപ്പല്‍ സോണിസാര്‍ സന്തോഷപൂര്‍വ്വം  നീട്ടിത്തന്ന ബെഞ്ചിലെ ഒരു സീറ്റില്‍ ഞാന്‍ ഡിഗ്രിക്ക് ഇരുന്നു. പാരലല്‍ കോളേജിലെ ഗ്ലാമര്‍ വിഭാഗമായ ഇംഗ്ലീഷ്‌ സാഹിത്യക്ലാസില്‍ ആകെ പതിനഞ്ച് വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്നു. ഏഴാണ് എട്ടു പെണ്ണ്.

ജലീല്‍ സായിബ്‌ വാടകയ്ക്ക് കൊടുത്ത മൂപ്പരുടെ വലിയ തറവാടിന്റെ ഒരു ഭാഗവും പിന്നെ മുറ്റത്ത്‌ കെട്ടിപ്പൊക്കിയ ഷെഡിലും ആണ് ഈ സമാന്തരകോളേജ്‌ പ്രധാനകെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ കുട്ടികളെ ഉള്‍കൊള്ളാന്‍ കഴിയാഞ്ഞപ്പോള്‍ അല്പം അകലെയുള്ള ഹരിജനഹോസ്റ്റല്‍ ഉണ്ടായിരുന്ന കാലികെട്ടിടവും സമീപമുള്ള സുന്നിമദ്രസകെട്ടിടവും കൂടെ വാടകയ്ക്ക് എടുത്ത് ക്ലാസിക്‌ വിപുലീകരിച്ചു. ഒന്നാം ഡിഗ്രി ക്ലാസ്സില്‍ പ്രവേശിച്ച എനിക്ക് എന്തെന്നില്ലാത്ത അനുഭൂതി ഉളവായി. പണ്ട് ഓത്ത് പഠിക്കാന്‍ ഇരുന്ന മദ്രസയിലെ അതേ ക്ലാസ്സില്‍ വീണ്ടും വിധിയാല്‍ ഞാന്‍ എത്തപ്പെട്ടിരിക്കുന്നു!

കറുത്ത പെയിന്‍റ് അടിച്ച പാര്‍ട്ടിഷന്‍ ബോര്‍ഡ്‌ കൊണ്ട് ക്ലാസുകള്‍ തരംതിരിച്ചിരിക്കുന്നു. അതില്‍ ഏതോ കുസൃതികള്‍ ഉണ്ടാക്കിയ തുളകളിലൂടെ തൊട്ടപ്പുറം ഇരിക്കുന്ന തരുണീമണികളെ കാണാം. എസ് എം എസ്, ഈമെയില്‍ , ഫെയിസ്ബുക്ക്, ഓര്‍ക്കൂട്ട് ഇല്ലാത്ത അക്കാലത്ത് സന്ദേശങ്ങള്‍ അയക്കാനുള്ള മാര്‍ഗങ്ങള്‍ ഇത്തരം തുളകള്‍ ആയിരുന്നല്ലോ..

തൊട്ടപ്പുറത്തെ വീടുകളില്‍ നിന്നും ഉച്ചയാവാന്‍ നേരം മൂക്കില്‍ തുളച്ചെത്തുന്ന പൊരിച്ച മീന്‍മണം വിശപ്പിന്റെ വിളികൂട്ടി. ക്ലാസ്‌ എടുക്കുന്ന ബാബുമാഷിന്റെ വായില്‍ നിന്നും ഉമിനീര്‍ ഇടയ്ക്ക് തെറിച്ച് വീണു മുന്നില്‍ ഇരിക്കുന്ന കുട്ടികളുടെ പുസ്തകതാളുകള്‍ നനവൂറി. സമീപ പ്രദേശങ്ങളില്‍ നിന്നും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന ആട്, പശു, കോഴി, താറാവ് ശബ്ദങ്ങള്‍ ഞങ്ങള്‍ കാനനത്തിലെ ഒരു പര്‍ണശാലയില്‍ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പിച്ചു. രാവിലെ ചാലിയാര്‍ പുഴയിലേക്ക്‌ അലക്കാനുള്ള വസ്ത്രങ്ങളുമായി കലപില സംസാരിച്ച് പോകുന്ന നാട്ടിലെ സ്ത്രീസംഘത്തെ നോക്കി ക്ലാസില്‍ ഇരുന്നു ഇംഗ്ലീഷ്‌ കവിതകളും കഥകളും പഠിക്കാന്‍ ഒരു രസമുണ്ട്.

അന്നൊക്കെ ഷിഫ്റ്റ്‌ ക്ലാസ്‌ ആയിരുന്നു. ഉച്ച കഴിഞ്ഞാല്‍ ഞാന്‍ ഉപ്പയെ ഉറങ്ങാന്‍ സഹായിക്കും. എങ്ങനെയെന്നോ? നിലമ്പൂരില്‍ ആദ്യമായി ആട്ടോമാറ്റിക് ഫോട്ടോസ്റ്റാറ്റ് കം ടൈപ്പിംഗ് സെന്‍റര്‍ തുറന്നത് ദേശത്ത് നിന്നും ആദ്യമായി ഗള്‍ഫില്‍ പോയി തിരികെവന്ന ഉപ്പയാണ്. ഗള്‍ഫില്‍ നിന്നും ശീലിച്ച ഉച്ചയുറക്കം ഉപ്പ മുടക്കാറില്ല. ഊണ് കഴിഞ്ഞാല്‍ ഉപ്പ ഉറങ്ങാന്‍ പോകും. ഞാന്‍ കടയില്‍ ഇരിക്കും. തറവാട്ടുവീടിന്റെ മുന്നിലുള്ള ചില്ല് വെച്ച കടയുടെ അപ്പുറത്തെ മുറി ഒരു ഫര്‍ണിച്ചര്‍ ഷോപ്പാണ്. നമ്മുടെ കടയില്‍ ഏതോ ഹോട്ടലുകാര്‍ വിറ്റ കണ്ണാടിഷെല്‍ഫുകള്‍ രണ്ടെണ്ണം ഉണ്ട്. അതില്‍ നിറയെ പല വലിപ്പത്തിലുള്ള എന്‍വലപ്പുകള്‍ , പി.എസ്.സി. അപേക്ഷകള്‍ എന്നിവയാണ്.  മൂന്ന് ചൂരല്‍കസേരകള്‍ ഇട്ടിട്ടുണ്ട്. (മുന്‍പ്‌ തറവാട്ട് കോലായില്‍ ആയിരുന്നു അവ). ഒരു പാര്‍ട്ടിഷന്‍ ചെയ്ത് അപ്പുറത്ത് വെച്ച മേശമേല്‍ ഒരു ഇലക്ട്രിക്‌ ടൈപ്പ്റൈറ്റര്‍ (ഒലിവെറ്റി), മറ്റൊരു മേശമേല്‍ വെച്ച ഫോട്ടോസ്റ്റാറ്റ് മെഷീന്‍ (റിക്കോ). പിന്നെ പേപ്പര്‍ കട്ടര്‍ , മറ്റ് സ്റ്റേഷനറി സാമഗ്രികള്‍ . എമര്‍ജന്‍സി വന്നാല്‍ വിളിക്കാന്‍ തറവാട്ടിലെ കാളിംഗ്ബെല്‍ സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്.

വല്ലപ്പോഴും കോപ്പി എടുക്കാന്‍ വരുന്നവരെ ഒഴിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കടയില്‍ ഇരുന്ന് പത്രമാസികകള്‍ യഥേഷ്‌ടം വായിച്ച് ഇരിക്കാം. ഫാനിന്റെ കാറ്റില്‍ വേണമെങ്കില്‍ ഉറങ്ങാം. മിക്കദിവസവും പി.എസ്.സി ബുള്ളറ്റിന്‍ നോക്കുവാന്‍ വരാറുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നു. അവരുമായി സിനിമാ-രാഷ്ട്രീയ ചര്‍ച്ചകള്‍ ചിലപ്പോള്‍ ചൂടേറും. റോഡിന്റെ അപ്പുറത്തുള്ള അബ്ദുറയുടെ തട്ടുകടയില്‍ നിന്നും നാലുമണി ചായ, കടി എന്നിവ വരുത്തി ഞങ്ങള്‍ കഴിക്കും. പൈസ കടയിലെ കളക്ഷനില്‍ നിന്നും അടിച്ചുമാറ്റും. Fast-N-First എന്ന പേരുപോലെതന്നെ ഈ കടയും വേഗം പൂട്ടേണ്ടിവന്നത് ഇതുകൊണ്ടല്ല. മിക്കദിവസവും മെഷീന്‍ പണിമുടക്കും. നന്നാക്കാനുള്ള ആള് കൊച്ചിയില്‍ നിന്നും വരണം. ഒടുക്കം അടക്കേണ്ടിവന്നു. കട ആരംഭിച്ച ദിവസം എനിക്കോര്‍മ്മ വന്നു...

കട തുടങ്ങാന്‍ പോകുന്ന വിവരം ഒരു ജീപ്പും മൈക്ക്‌സെറ്റും വാടകയ്ക്ക് എടുത്ത് നാട്ടിലെ മികച്ച ശബ്ദതാരം നാടകക്കാരന്‍ അസീസിനെ ഏര്‍പ്പാടാക്കി. അസീസിന് എന്റെ ഉപ്പ കുറെ നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ സാഹിത്യമൊന്നും വിളമ്പേണ്ട സംഗതി മാത്രം പറഞ്ഞാല്‍ മതി. തലകുലുക്കിയ അസീസിനെ വിശ്വാസം പോരാഞ്ഞ് എന്നെയും ഏട്ടനേയും കൂടെ വിട്ടു.

ജീപ്പ്‌ പോകുന്നതും നോക്കി ഉപ്പ നിന്നു. അസീസ്‌ അപ്പോഴൊന്നും തന്റെ പരിപാടി തുടങ്ങിയില്ല. ജീപ്പ്‌ ഏറെദൂരം പിന്നിട്ടപ്പോള്‍ അസീസ്‌ തന്റെ നാടകശൈലിയില്‍ വിളംബരം തുടങ്ങി. ജീപ്പില്‍ തൂങ്ങിപ്പിടിച്ചുനിന്ന ഞങ്ങള്‍ നോട്ടിസുകള്‍ വാരിവിതറി നാട്ടുപാതയിലൂടെ പാഞ്ഞു.

"മാന്യമഹാജനങ്ങളേ, നാരിമാരേ, അമ്മമാരേ, പെങ്ങമ്മാരേ പച്ചപ്പട്ടു വിരിച്ച കിഴക്കന്‍ ഏറനാടിന്റെ രോമാഞ്ചമായ നമ്മുടെ മാമലനാടായ നിലമ്പൂരില്‍ ആദ്യമായി ആരംഭിക്കുന്ന കട. ഏതു ഭാഷയിലുമുള്ള പ്രമാണങ്ങള്‍ , പ്രണയലേഖനങ്ങള്‍ , കടലാസുകള്‍ നിമിഷനേരം കൊണ്ട് കോപ്പി അടിക്കാനുള്ള അത്യാധുനിക ജപ്പാന്‍ സാങ്കേതികവിദ്യ നമ്മുടെ നാട്ടില്‍ ഇതാ ഇതാ.. കടന്നുവരൂ മടിച്ചു നില്‍ക്കാതെ നാളെ മുതല്‍ ആരംഭിക്കുന്ന പാഷ്റ്റ് എന്‍ പഷ്ട് പോട്ടോസ്റ്റാറ്റ്.."

സാഹിത്യം കൂലംകുത്തിയൊഴുകുന്ന അസീസിന്റെ ശബ്ദം നാട്ടിലെങ്ങും അലയടിച്ചു. തിരികെ വന്ന് ജീപ്പ്‌ നിന്നപ്പോള്‍ ഉപ്പ കാത്ത്‌ നില്പുണ്ടായിരുന്നു. ചെക്കിങ്ങിനു അയച്ച എന്നോടും എട്ടനോടും ഉപ്പ ചോദിച്ചു. അസീസ്‌ കുളം ആക്കിയോ? ഞങ്ങള്‍ പറഞ്ഞു. ഇല്ല ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ലാന്നു..

കട തുടങ്ങിയ ആദ്യനാളില്‍ അടുത്തുള്ള മിഠായിഅലവിക്കയുടെ കടയില്‍ നിന്നും ഫ്രൂട്ടി ജ്യൂസ് നാല് ഡസന്‍ മേടിച്ച് വന്നവര്‍ക്ക് ഒക്കെ കൊടുത്തു. ബാക്കിയുള്ളത് ഉപ്പ എന്റെ കൈയ്യില്‍ തന്നിട്ട് അടുത്തുള്ള തപാലാപീസിലും പഞ്ചായത്ത് ആപീസിലും കൊണ്ട്കൊടുക്കാന്‍ ഏല്പിച്ചു. അതുമായി ഞാന്‍ അവിടെ കയറിചെന്നപ്പോള്‍ പല സ്റ്റാഫുകളും എന്നെ ആട്ടിവിടാന്‍ ആണ് ശ്രമിച്ചത്.

"ഹേ. ഇതൊന്നും ഇവിടെ വില്‍ക്കാന്‍ പാടില്ല. കൊണ്ടുപോ.."

"വില്‍ക്കാനല്ല. ഇത് ഫ്രീയാ. ഞങ്ങള്‍ തുടങ്ങിയ കടയുടെ ഉദ്ഘാടനം."

ഇത്കേട്ടതും സ്റ്റാഫുകള്‍ പലരും ചാടിവന്ന് ഫ്രൂട്ടി ജ്യൂസ് കൈക്കലാക്കി ചിരിച്ചു നിന്നു.

ആദ്യം ഉപ്പ തുടങ്ങിയത് ഒരു മലഞ്ചരക്ക് വ്യാപാരം ആയിരുന്നു. ഏറനാട്ടിലെ പല കൃഷിക്കാരും കുരുമുളക്, ചുക്ക്, അടക്ക, റബ്ബര്‍ എല്ലാം താങ്ങിപ്പിടിച്ച് കടയില്‍ കൊണ്ടുവരും. അവരുടെ വിയര്‍പ്പും ക്ഷീണവും കാണുമ്പോള്‍ അലിവ് തോന്നിയ ഉപ്പ അവര്‍ക്ക്‌ അങ്ങാടിനിലവാരം നോക്കാതെ നല്ല വില നല്‍കും. എന്നിട്ട് തൂക്കിവാങ്ങുന്ന കുരുമുളക്, അടയ്ക്ക, ചുക്ക് എന്നിവ ടെറസ്സില്‍ നിരത്തിയിട്ട് കുടുബക്കാരായ സൈനാത്തയേയും ഭര്‍ത്താവ്‌ കാദര്‍ക്കയെയും ദിവസക്കൂലിക്ക് നിറുത്തി ഉണക്കിയെടുക്കും. മേടിച്ച സമയത്തുള്ള തൂക്കം പകുതിയെങ്കിലും കുറഞ്ഞിട്ടുണ്ടാവും. പിന്നെ അതെല്ലാം ചാക്കിലാക്കി വാടകയ്ക്ക് പിടിച്ച ജീപ്പില്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ടുപോയി വില്‍ക്കുമ്പോള്‍ മിച്ചം തുച്ഛം ആയിരിക്കും. അങ്ങനെ ആ കട വേഗം പൂട്ടേണ്ടിവന്നു.

ആയിടയ്ക്ക്, ഉപ്പ നിസ്കരിക്കാന്‍ പോയനേരം എന്റെ കൂട്ടുകാര്‍ എന്റെ അടുത്ത് വന്നു. ഒരു ഐഡിയ തന്നു. ഞാന്‍ അവര്‍ക്ക്‌ കുറച്ചു കുരുമുളക്  വാരി കവറില്‍ ആക്കികൊടുത്തു. അവര്‍ അതുംകൊണ്ട് പോയി. പള്ളിയില്‍ നിന്നും വന്ന ഉപ്പ കടയില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ ആ കവറുമായി വന്നു. ഉപ്പയ്ക്ക് കൊടുത്തു. ഉപ്പ അത് മേടിച്ചു തൂക്കിനോക്കി. ഒരു കിലോ ഉണ്ടാവും. കാശ് കൊടുത്തതും അതുമായി അവര്‍ സ്ഥലം കാലിയാക്കി. അതിന്റെ ഒരു ഷെയര്‍ വൈകിട്ട് കൂട്ടുകാര്‍ എനിക്കും തന്നിരുന്നു.

ഇങ്ങനെ കഴിയവേ കൂട്ടുകാരന്‍ ചുണ്ടിയന്‍ എന്ന ചെങ്ങായി (ശരിക്കുള്ള പേര്‍ പറയുന്നില്ല. അവന്‍ കേസ്‌ കൊടുത്താലോ?) ഉച്ചനേരം മിക്കവാറും കടയില്‍ വന്നു 'ഒലിവെട്ടി' ടൈപ്പ്റൈറ്ററില്‍ പേപ്പര്‍ വെച്ച് ചടപടാ ടൈപ്പ്‌ ചെയ്യും. ഫിംഗറിംഗ് സ്പീഡ്‌ ആക്കാന്‍ ആണത്രേ.. കൂട്ടത്തില്‍ അവന്റെ വീരഗാഥകള്‍ പറഞ്ഞ് എന്നെ അസൂയപ്പെടുത്തി.

വീട്ടികുത്ത്‌ റോഡില്‍ രാജേശ്വരി ടാക്കീസിനടുത്ത്  അതിന്റെ മാനേജര്‍ നടത്തുന്ന പഴയൊരു ടൈപ്പ്റൈറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. അവന്‍ രാവിലെ അവിടെ ടൈപ്പ് പഠിക്കാന്‍ പോകുന്നുണ്ട്. ലോവര്‍  തീരാറായി. ആ ബാച്ചില്‍ ധാരാളം പെണ്‍കുട്ടികള്‍ മെഷീന്‍ മേടാന്‍ ഉണ്ട്. അതിലെ സിന്ധു എന്നൊരു സുന്ദരിയും ചുണ്ടിയനും അടുത്തടുത്ത മെഷീനിലാണ് മേടുന്നത്. തുടക്കക്കാരിയായ സിന്ധുവിന്റെ വിരലുകള്‍ പഴയ ടൈപ്പ്‌റൈറ്ററില്‍ ചലിക്കുമ്പോള്‍ ഇടയ്ക്കിടെ ടൈപ്പ്‌കട്ടകളുടെ ഇടയില്‍ കുടുങ്ങിപ്പോവുമ്പോള്‍ അവനാണ് ആ മെലിഞ്ഞ വിരലുകളെ ഇളക്കി എടുത്ത്‌ രക്ഷപ്പെടുത്തുന്നത് എന്നൊക്കെ കേട്ടപ്പോള്‍ എനിക്കും ടൈപ്പ് പഠിക്കാന്‍ മോഹമുദിച്ചു.

മാത്രമല്ല മറ്റൊരു സുഹൃത്തായ ഫിര്‍സുവും അവിടെ ടൈപ്പ്‌ മേടാന്‍ പോവുന്ന വിശേഷം വന്നു പറയാന്‍ തുടങ്ങിയിരുന്നു. മുതലാളിയുടെ മകളെയാണ് അവന്‍ നോട്ടമിട്ടിരിക്കുന്നത്. ടൈപ്പ്‌ ചെയ്ത കടലാസ് പരിശോധിക്കാന്‍ കൊണ്ട്ചെല്ലുമ്പോള്‍ ഒരിക്കല്‍ മുതലാളി ഇല്ലായിരുന്നു. മകള്‍ ആ കടലാസ് മേടിക്കാന്‍ കൈനീട്ടി. അവന്റെ കൈയ്യില്‍ നിന്നും കടലാസ് നിലത്ത് വീണതും അവള്‍ കുനിഞ്ഞതും കാണാന്‍ പാടില്ലാത്ത വിധം അവളുടെ മാറിടം തെളിഞ്ഞുകണ്ടതും ഫാന്‍കാറ്റില്‍ മുറിയിലൂടെ കടലാസ് തെന്നിനടന്നതും അതെടുക്കാന്‍ അവളും അവനും കൂടെ നിലത്ത്‌ ഒരുമിച്ച്  കുനിഞ്ഞു പരതി മേശയ്ക്കടിയില്‍ കയറിയതും മുതലാളി വന്നതിനാല്‍ പ്രോഗ്രാമിനിടയില്‍ കൊമേഴ്സ്യല്‍ ബ്രേക്ക്‌ ആയതും ഒക്കെ കേട്ടപ്പോള്‍  ഞാനും അവിടെ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ ആ മോഹം കൂട്ടുകാരെ ഞാന്‍ അറിയിച്ചില്ല.

അവരെ സ്തബ്ധരാക്കിക്കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ അവിടെ പോകാന്‍ തുടങ്ങി. അവരുടെ അതേ ബാച്ചില്‍തന്നെ ഏതാനും പെണ്‍കുട്ടികളുടെ ഇടയില്‍ A-S-D-F ടൈപ്പ് കട്ടകള്‍ മേടി ഇരിക്കുന്ന എന്നെ കണ്ട ചുണ്ടിയനും ഫിര്‍സുവും അന്തംവിട്ടു പരസ്പരം നോക്കി നിന്നു. "എടാ കാലമാടാ നീ കഞ്ഞിയില്‍ പാറ്റയിടാനോ ഉപ്പ് വാരിയിടാനോ വന്നത്?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഞാന്‍ ഒരു ഹായ്‌ പറഞ്ഞ് ടൈപ്പ്കട്ടകള്‍ക്കിടയില്‍ കുരുങ്ങിയ എന്റെ വിരലുകള്‍ ഊരിയെടുക്കാന്‍ പാടുപെട്ടു.

തോട്ടപ്പുറം ഇരിക്കുന്ന സുന്ദരി സിന്ധു പറഞ്ഞു: "സൂക്ഷിച്ച്. മെല്ലെ മേടിയാല്‍ കട്ടകള്‍ക്കിടയില്‍ വിരല്‍ കുടുങ്ങില്ല. എന്റെ വിരലുകള്‍ ആദ്യമൊക്കെ കുടുങ്ങിയിരുന്നു."

"ആ അത് ഞാന്‍ കേട്ടിട്ടുണ്ട്." - ഞാന്‍ അറിയാതെ പറഞ്ഞത്‌ കേട്ട് സിന്ധു അന്ധാളിച്ച് എന്നെ നോക്കി. എങ്ങനെ കേട്ടു?? എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. അന്നേരം ചുണ്ടിയന്‍ അരികില്‍ വന്നു അപ്പുറത്തെ സീറ്റില്‍ ഇരുന്നു എന്നെ രൂക്ഷമായി നോക്കി ടൈപ്പ്റൈറ്ററില്‍ പേപ്പര്‍ തിരുകികയറ്റി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുമ്പോലെ പടപടാന്ന്‍ കീകള്‍ മേടാന്‍ തുടങ്ങി. ചെകുത്താനും കടലിനും ഇടയില്‍പെട്ടുപോയ പാവം സിന്ധു ഇടംവലം ഇരിക്കുന്ന ഞങ്ങളെ നോക്കി ടൈപ്പ്റൈറ്റര്‍ ക്രാഡില്‍ പാടുപെട്ട് കരകരാ ഒച്ചയോടെ നീക്കി മേടല്‍ തുടര്‍ന്നു.

Saturday, 19 March 2011

എന്തിനാ ആ കുതിര ചിരിച്ചത്‌?


ജീവിതത്തില്‍ ആദ്യമായി ഒരു കുതിര എന്‍റെ കാലിനടിയിലൂടെ കടന്നുപോയി!
അല്ല.
ആദ്യമായി കുതിരയുടെ മുകളിലൂടെ 'ഹൈജംപ്' ചെയ്ത ആള്‍ ആയി ഞാന്‍ !!

ഖലീഫ പാര്‍ക്കില്‍ കണ്ട കുതിരയുടെ മുകളില്‍ കയറാന്‍ പൂതിയായപ്പോള്‍ അതിനെ പിടിച്ചുനില്‍ക്കുന്ന അറബിചെക്കനെ സോപ്പിട്ട് മുകളില്‍ കയറാന്‍ ശ്രമിച്ച എന്‍റെ ഭാരം സഹിക്കാനാവാതെ കുതിര ചെരിഞ്ഞു നിന്നു. ഞാന്‍ ഒരു ഊക്കില്‍ മറ്റേ കാല്‍ അപ്പുറത്തേക്ക് വെച്ചതും ഇപ്പറത്തെ കാല്‍ ഉയര്‍ന്നതും, പിന്നെ കുതിരയെ തൊടാതെ 'റ' വട്ടത്തില്‍ ശൂം എന്ന് വായുവിലൂടെ അപ്പുറത്തെ പുല്ലിലേക്ക് കൂപ്പു കുത്തിയതും പെട്ടെന്ന്‍ കഴിഞ്ഞു.

(ആരും ഇത് ശ്രമിക്കരുത്. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല.)

അതിനു ശേഷം ആ കുതിര പല്ല് കാട്ടി ഇടയ്ക്കിടെ ചിരിച്ചു നില്‍ക്കുന്നത്‌ കണ്ടു മോന്ത അടക്കി ഒന്ന് കൊടുക്കാന്‍ തോന്നിപ്പോയി.

Tuesday, 2 November 2010

പടച്ചവന്‍ തന്ന പണി!

നമ്മുടെ സ്നേഹിതന്‍ ഫിര്‍സു എനിക്ക് ഇത്തിസലാത്തില്‍ പണി കിട്ടിയത് നിലമ്പൂരിലെ പഴയ അയല്പക്കക്കാരെ ഒക്കെ ഓടി നടന്നു അറിയിച്ചത്‌ ഇങ്ങനെ...

കല്ലായ്‌ സ്കൂളിന്‍റെ അരികിലെ പൊതുടാപ്പിലെ വെള്ളം എടുത്ത് നില്‍ക്കുന്ന നാട്ടിലെ പല പ്രായത്തിലും കോലത്തിലും ഉള്ള പെണ്ണുങ്ങളെ അവന്‍ അറിയിച്ചു. 


"നമ്മുടെ ഹംസാജീടെ മോന് ഇത്തിസലാതില്‍* പണിയായി."

അവര്‍ ഒന്നടങ്കം ചോദ്യം: "ഏത്‌ ? ആ സില്‍മാപിരാന്തന്‍ മോനോ?"

അവന്‍ അതെ എന്ന് തലകുലുക്കി. അപ്പോള്‍ പെണ്ണുങ്ങള്‍ മൂക്കത്ത്‌ വിരല്‍ വെച്ച് പറയുകയാ..


"ഇതാ പടച്ചോന്റെ കളി. 
സില്‍മ തലയില്‍ വെച്ച് കണ്ട സില്‍മാക്കാരുടെ മൂട്ടില് നടന്ന  ചെക്കനല്ലേ.. 
ഇനി ഇള്ളകാലം  കുത്തിരുന്ന് കൊറെ ഇത്തി-സലാത്ത് * ചൊല്ലിക്കോട്ടേ!! 
മനുഷ്യന്‍റെ കാര്യം ഇത്തിസലാത്ത് ആക്കാന്‍ പടച്ചോന്‍ തന്നെ വിചാരിക്കണം!"


മരിച്ചുപോയ എട്ടുമറിയാത്തയുടെ മൂത്ത മോള്‍ എട്ടുപാത്തുമ്മ കണ്ണ് നിറഞ്ഞത് തട്ടം കൊണ്ട് തുടച്ച് മൂക്ക് ചീറ്റി ഗദ്ഗദം.


"ഇന്‍റെ മോന്‍ (എട്ടു) യൂസഫിനും പടച്ചോന്‍ ഒരു ഇത്തി-സലാത്ത് തോന്നിപ്പിക്കട്ടെ. 
ഇന്നാള് ഇബടെ വന്ന സര്‍ക്കസ്സാളുകള്‍ കുറ്റിം പറിച്ച് പോയപ്പം ഓനും കൂടെ പോയതാ. രാജസ്ഥാനിലോ മറ്റോ എത്തി എന്ന് ഒരു കാര്‍ഡ്‌ വന്നിട്ട് കൊല്ലം മൂന്ന്‍ കയിഞ്ഞു."


ഫിര്‍സു സഹായിക്കാന്‍ വേണ്ടി വെള്ളം നിറച്ച അലൂമിനിയകുടം താങ്ങി അവരുടെ തലയില്‍ വെച്ചു കൊടുത്തു. ആ ഭാരവും കൊണ്ട് ചരിഞ്ഞു നടക്കുമ്പോള്‍ എട്ടുപാത്തുമ്മ പറഞ്ഞു :


"പടച്ചോനേ ഇജ്ജ്‌ ഓനും ഒരു ഇത്തി-സലാത്ത് കൊടുക്ക്!"

ഫിര്‍സു എത്ര ശ്രമിച്ചിട്ടും അവരുടെ മനസ്സിലെ "ഇത്തി-സലാത്ത് " തിരുത്താന്‍ ആയില്ലത്രേ!


കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോളില്‍ നാട്ടിലേക്ക്‌ പോകാന്‍ ഇനി എനിക്ക് മൂന്ന്‍ ദിനങ്ങള്‍ മാത്രം. അന്നേരം ഈ സംഭവം വെറുതെ ഓര്‍ത്തു. അത് നിങ്ങള്‍ക്ക്‌  സമര്‍പ്പിക്കുന്നു.

ഇനി ഞാന്‍ തന്നെ അവരുടെ "സലാത്ത്" തിരുത്തണം എന്നോര്‍ക്കുമ്പോള്‍ ...


* ഇത്തിസലാത്ത് = യു.എ.ഇ ടെലികോം കമ്പനി 
* സലാത്ത് ചൊല്ലല്‍ = മുസ്ലീങ്ങള്‍ ദൈവത്തോട്‌ ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന (അറബിയില്‍ )

Saturday, 23 October 2010

ആമിന്‍ താത്ത



ആമിന്‍ താത്ത -- എന്നേയും മൂന്ന്‍ പെങ്ങന്മാരേയും ജ്യേഷ്ഠനേയും അനുജനേയും കുഞ്ഞുനാള്‍ തൊട്ട്‌ വലുതാവും വരെ അവര്‍ പരിപാലിച്ചു. വര്‍ഷങ്ങളോളം ഞങ്ങളുടെ തറവാട്ടില്‍ അവര്‍ താമസിച്ചിരുന്നു. ഞങ്ങളുടെ ഉമ്മയ്ക്ക് അടുക്കളയില്‍ ഒരു സഹായിയും ആയിരുന്നു അവര്‍ .. വര്‍ഷങ്ങളോളം കല്ലട തറവാട്ടിലെ ഒരംഗം പോലെ കഴിഞ്ഞ്  അവിടെത്തെ എല്ലാ കാര്യങ്ങളും കണ്ടും കേട്ടും അവര്‍ ജീവിച്ചു.

പ്രതാപകാലങ്ങളില്‍ മരക്കച്ചവടക്കാരന്‍ ആയിരുന്ന വല്യാപ അന്ന് കൂപ്പില്‍ പണിഎടുത്തിരുന്ന ചെറുമികളില്‍ ചിലരെ സ്വന്തം തറവാട്ട് പേര് ചാര്‍ത്തിക്കൊടുത്തുവെന്നും അവരെ മതത്തില്‍ ചേര്‍ത്തുവെന്നും പറയപ്പെടുന്നു. അതിലൂടെ വന്ന പരമ്പരയിലെ ഒരു കണ്ണിയാവാം ഇവരും എന്ന് കരുതപ്പെടുന്നു. ആമിന്‍ താത്തയുടെ ഉപ്പ ഉമ്മ മറ്റ് കുടുംബക്കാര്‍ എന്നിവരെ കുറിച്ച് അത്ര അറിവില്ല. ഇന്നും അത് അത്ര വെളിപ്പെട്ടിട്ടുമില്ല.

എന്റെ കുഞ്ഞുനാളില്‍ ഉമ്മ ഉറങ്ങുന്ന സമയത്ത് ആമിന്‍ താത്ത നിലാവുള്ള രാത്രികളില്‍ അമ്പിളിയമ്മാമനെ കാണിച്ചുതന്ന് വെളിച്ചെണ്ണ ഒഴിച്ച് ഉപ്പിട്ട് ഉരുളയാക്കി വായില്‍ വെച്ച് തന്നിരുന്ന ചോറിന്‍റെ സ്വാദ്‌ ഇന്ന് ഈ അര്‍ദ്ധരാത്രിയില്‍ കണ്ണീരുപ്പ് കലര്‍ന്ന ഓര്‍മ്മകള്‍ ആയി.

എന്നും രാത്രി ഉറങ്ങണമെങ്കില്‍ എനിക്ക് അരികില്‍ ആമിന്‍ താത്ത വേണം.തലമുടിയിലൂടെ അവര്‍ വിരലോടിച്ച് ഈരും പേനും പരതും. അത് 'ശ് ശ് ശ് ' എന്ന ഒച്ചയോടെ പൊട്ടിക്കും. പിന്നെ അറിയാവുന്ന പഴങ്കഥകള്‍ പറഞ്ഞുതരും. അത് കേട്ട് പാതിയടഞ്ഞ കണ്ണുകളില്‍ അവരെ നോക്കി ആ ശോഷിച്ച കൈകള്‍ കൊണ്ടുള്ള തലോടല്‍ ആസ്വദിച്ച് കഥ തീരും മുന്നേ ഞാന്‍ ഉറക്കത്തില്‍ സുന്ദരസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടാവും...

കല്ലട തറവാട്ട് വീട്  വിറ്റ്‌, നാട് വിട്ട്, കോഴിക്കോട്ട് താമസം മാറിയതിനു ശേഷം ആമിന്‍ താത്തയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ല. ഇടയ്ക്ക് നിലമ്പൂര്‍ പോകുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവരുടെ അകന്ന ബന്ധുക്കള്‍ വഴി അറിഞ്ഞിരുന്നു. പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒരു പ്രദേശത്തായിരുന്നു കുറേകാലമായിട്ട് അവര്‍ താമസിച്ച് പോന്നത്. ലക്ഷംവീട് കോളനിയില്‍ ഉള്ള ഒരു കൊച്ചുകൂരയില്‍ ഏകയായി കഴിഞ്ഞുകൂടിവരികയായിരുന്നു ആരോരും ഇല്ലാത്ത അവര്‍ .. 


രണ്ടുകൊല്ലം മുന്‍പ്‌ ഞങ്ങള്‍ നാട്ടില്‍ ഒരു ഹ്രസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ അവരെ പോയി കണ്ടിരുന്നു. ആ കൂരയില്‍ ഒരു ഉച്ച തിരിഞ്ഞ വേളയില്‍ ഉമ്മയും ഞാനും അനുജനും അനിയത്തിയും കയറി ചെല്ലുമ്പോള്‍ തുറന്നിട്ട വാതിലില്‍ കൂടി അടുക്കളയുടെ വാതില്‍ക്കപ്പുറം തിരിഞ്ഞിരുന്ന് മീന്‍ വൃത്തിയാക്കി ഇരിക്കുന്ന ആമിന്‍ താത്തയെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കണ്ടു. 

ഉമ്മയുടെ വിളി കേട്ട് തിരിച്ചറിഞ്ഞ അവര്‍ പ്രായാധിക്യം മറന്ന് എഴുന്നേറ്റ്‌ ഓടിയെത്തി അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട് സന്തോഷത്തോടെ നോക്കി കണ്ണുകള്‍ നിറഞ്ഞു നിന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ കൂടെ പോന്നില്ല. ആ കൊച്ചുകൂരയില്‍ തന്നെ കഴിഞ്ഞ് മരിക്കാന്‍ ആയിരുന്നു അവരുടെ ആഗ്രഹം.. ഒന്നോ രണ്ടോ വട്ടം മാത്രം അവര്‍ കോഴിക്കോട്ട് വന്നു, മടങ്ങി.

അസുഖം ബാധിച്ച അവസാനനാളുകളില്‍ അവര്‍ തനിക്ക്‌ ദാനം കിട്ടിയ കൊച്ചുപുരയും നാല് സെന്റ്‌ ഭൂമിയും പള്ളിക്കമ്മറ്റിക്ക്  കൊടുത്തു. വൃക്കരോഗിയായ ആമിന്‍ താത്ത മൂത്രം പോകാന്‍ ഇട്ടിരുന്ന പൈപ്പ്‌  പിടിച്ച് വളരെ പ്രയാസപ്പെട്ട് വേദന സഹിച്ച് അടുത്തുള്ള കടയില്‍ പോയി കഴിക്കാനുള്ള ചോറിനും കറിക്കുമുള്ളത്  വാങ്ങി വരുമായിരുന്നു എന്ന് അയല്‍പക്കക്കാര്‍ മുഖാന്തിരം അറിഞ്ഞപ്പോള്‍ .. പടച്ചവനേ.. എന്ന് അറിയാതെ ഞാന്‍ വിളിച്ചു.. അയല്‍ക്കാര്‍ അവരുടെ സഹായത്തിനു ഉണ്ടായി. 

തീരെ പുരയ്ക്ക് വെളിയില്‍ കാണാഞ്ഞ് ചെന്നുനോക്കിയ അയല്‍ക്കാര്‍ കണ്ടത്‌ നിശ്ചലയായി പായയില്‍ കിടക്കുന്ന ആമിന്‍ താത്തയെ. സുഖനിദ്രയില്‍ കിടക്കുംപോലെ..

ഇന്നലെ, (വെള്ളിയാഴ്ച, ഒക്ടോ-22, 2010) ആമിന്‍ താത്ത പരലോകം പൂകി..  അള്ളാഹു ആമിന്‍ താത്തയ്ക്ക് സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഒരു ഇടം നല്കുമാറാകട്ടെ... ആമീന്‍ ...

Wednesday, 8 September 2010

പെരുന്നാള്‍ പെരുമ – സ്മരണ

ഓരോ പെരുന്നാളും വന്നുപോകുന്നത് പണ്ടത്തെ പെരുന്നാളുകളുടെ സ്മരണകളെ ഉണര്‍ത്തിക്കൊണ്ടാണ്. ഇക്കണ്ട കാലംകൊണ്ട് മൊത്തം മുപ്പത്തിനാല് ചെറിയ-വലിയ പെരുന്നാളുകള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയി. ഇന്ന് പ്രവാസിമണ്ണില്‍ കഴിയുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിലത് നിങ്ങളുമായി പങ്കുവെയ്ക്കാം...

കൂട്ടുകുടുംബവ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന പണ്ടുകാലത്തെ പെരുന്നാള്‍രാവുകള്‍, ദിനങ്ങള്‍ ആണെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌. നിലമ്പൂരിലെ തറവാട്ടില്‍ കഴിഞ്ഞുപോന്ന എന്റെ ബാല്യ-കൌമാര കാലം.. റമസാന്‍ നോമ്പ്‌ കാലം മുതല്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ആഘോഷം ആരംഭിക്കും. രാത്രി ഇശാഹ് നിസ്കാരം, തറാവീഹ് എന്നിവയ്ക്ക് അവസാന പത്തില്‍ തറവാടിന്റെ ഒരു മതിലിനപ്പുറത്തെ പഴക്കമുള്ള ചെട്ട്യങ്ങാടിപള്ളിയില്‍ നല്ല തിരക്കാവും. മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുമ്പോള്‍ പലദിക്കില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ കൂട്ടം കൂടി ഇരുള്‍ നിറഞ്ഞ പള്ളിയുടെ പല മൂലകളില്‍ ഇരുന്ന്‍ ഓരോ തമാശകള്‍ പറഞ്ഞ് അടക്കിപ്പിടിച്ച ചിരിയില്‍ മുഴുകും. അല്ലെങ്കില്‍ നോമ്പിന് മാത്രം പള്ളിയില്‍ കാണാറുള്ള പിരാന്തന്‍ അബു, പൊട്ടന്‍ കാദര്‍ക്ക എന്നിവരെ കളിയാക്കി ചൊടിപ്പിച്ച് ഇരിക്കും. ശബ്ദം ഉച്ചത്തില്‍ ആവുമ്പോള്‍ മോല്ലാക്കയോ കമ്മിറ്റിയിലെ കരിമ്പനക്കല്‍ ഹദ്രോസാക്കയോ കണ്ണുരുട്ടി വന്നു കയര്‍ത്ത്നോക്കും. നോമ്പ്‌ ഇരുപത്തഞ്ച് ആയിക്കഴിഞ്ഞാല്‍ കമ്മിറ്റി ഏല്പിച്ച ആള്‍ക്കാര്‍ നാട്ടില്‍ പലയിടത്തും പോയി സ്വരൂപിച്ച് കൊണ്ടുവരുന്ന ഫിത്തര്‍സക്കാത്ത്‌ അരി പള്ളിയുടെ കോലായയില്‍ കുന്നുകൂടി കിടക്കും. അപ്പോഴേ പെരുന്നാള്‍പിറ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരിക്കും. കമ്മിറ്റിക്കാരും സഹായികളും അരി അളന്ന് തിട്ടപ്പെടുത്തി കുന്നുകൂട്ടിയിടുന്ന കോലായയുടെ ചാരുപടിയില്‍ ഇരുന്ന്‍ ഞങ്ങള്‍ ഊറ്റംകൊളളും. സക്കാത്ത് അരിമേടിക്കാന്‍ വരുന്ന സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തെ നോക്കി പരിചയക്കാരെ കണ്ടാല്‍ പുഞ്ചിരിച്ച് ഇരിക്കുന്ന കുട്ടികള്‍ മൊല്ലാക്ക ഇഖാമത് കൊടുക്കുമ്പോള്‍ നിസ്കാരത്തിനു ഓടും.

സസ്പെന്‍സ് നിറഞ്ഞ ഉദ്വേഗജനകമായ സമയമാണ് ഇരുപത്തൊമ്പതാം നോമ്പിന്റെ രാത്രി. നോമ്പ്‌ തുറന്നാല്‍ പിന്നെ എല്ലാവരും പള്ളിയില്‍ കൂടി നില്‍ക്കും. ദേശത്തെ പെണ്ണുങ്ങള്‍ പള്ളിയുടെ സമീപമുള്ള വീടുകളില്‍ സൊറ പറഞ്ഞ് കൂടും. ഞങ്ങളുടെ തറവാട്ടിലും ചെറുവത്ത്‌കുന്നിലെ സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെ  ഒക്കത്ത് വെച്ച്, പള്ളിമുകളിലെ കോളാമ്പിമൈക്കില്‍ നോക്കി ചെവിയോര്‍ത്ത്‌ നില്‍ക്കും. എന്തിനാണെന്നോ? പെരുന്നാള്‍ മാസപ്പിറവി ആയെന്ന അറിയിപ്പ്‌ കേട്ട് സന്തോഷിക്കാന്‍..

ഇന്നത്തെപ്പോലെ ഫ്ലാഷ്ന്യൂസ് അറിയിക്കാന്‍ അന്ന് ചാനലുകള്‍ ഇല്ല. ദൂരദര്‍ശന്‍ അത്ര പ്രചാരമായിട്ടില്ല. ആകെയുള്ള ആശ്രയം പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പാണ്. മൊല്ലാക്ക ആയിരുന്നു അന്നത്തെ വാര്‍ത്താസ്രോതസ്സ്. കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ മോന്തിയായിവരുന്ന മാനത്ത്‌ കണ്ണുംനട്ട് എവിടെയെങ്കിലും പെരുന്നാള്‍അമ്പിളി ഉദിച്ചുവോ, മാസം പിറന്നോ എന്ന് പരതും. ആകാംക്ഷയുടെ മിടിക്കുന്ന നിമിഷങ്ങള്‍ ആണത്. ഇങ്ങനെ ഉല്‍ക്കണ്ഠയുടെ മുനയില്‍ നില്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന്‍ ഒരുത്തന്റെ അറിയിപ്പില്‍ അയഞ്ഞു. മാസം കണ്ടേ, ചന്ദ്രനെ കണ്ടേ..!രസികനായ അയല്‍പക്കത്തെ നജീബ് ഒരിക്കല്‍ വിളിച്ചു കൂവി. പെണ്ണുങ്ങള്‍ എല്ലാരും മാനത്ത്‌ നോക്കി എവിടെ എവിടെയെന്ന്‍ തിക്കിത്തിരക്കി. അന്നേരം റോഡിലേക്ക്‌ വിരല്‍ ചൂണ്ടി നജീബ് ഇളിച്ചുകൊണ്ട് അറിയിച്ചു. ദാ നോക്ക് അവിടെയതാ..!

എല്ലാവരും നോക്കുമ്പോള്‍ കണ്ടത്‌ റോഡിലൂടെ പള്ളിയിലേക്ക്‌ പായുന്ന കഷണ്ടിതലയന്‍ കമ്പോണ്ടര്‍ ഉണ്ണിഹസ്സനിക്കയെ. കറുത്ത മുടികൊണ്ട് അതിര്‍വരമ്പ്‌ ഇട്ട അദേഹത്തിന്റെ മിനുസമുള്ള കഷണ്ടിത്തല കണ്ടാണ് നജീബ് മാസപ്പിറവി നിശ്ചയിച്ചത് എന്നറിഞ്ഞ എല്ലാവരും പിന്നെ അവനെ നോക്കി മുറുമുറുപ്പ് തുടങ്ങും. അവരുടെ ആഗ്രഹം പടച്ചോന്‍ കേട്ടത് പോലെ, പള്ളിയുടെ കോളാമ്പിമൈക്ക്‌ കരകര ഒച്ചയില്‍ ചെറുതായി പൊട്ടലും ചീറ്റലും തുടങ്ങും. ആരൊക്കെയോ മൈക്കിനടുത്ത് നിന്ന് സംസാരിക്കുന്നത് അലയൊലി ആയിവരും. ആകാംക്ഷയോടെ കരയുന്ന കുഞ്ഞുങ്ങളുടെ വായ പൊത്തി പെണ്ണുങ്ങള്‍ നിശബ്ദരാകും. അപ്പോള്‍ വരുന്നു മൊല്ലാക്കയുടെ ഒച്ച: നാളെ പെരുന്നാള്‍ ആണെന്ന് ഉറപ്പിചിരിക്കുന്നൂ...!! പിന്നെ എല്ലാവരും ചിരിച്ചുകൊണ്ട് പരസ്പരം പെരുന്നാള്‍ ആശംസ നേരുന്നു. ആഹ്ലാദം നിറഞ്ഞ രാവ്‌ ആരംഭിച്ചു.

ഞങ്ങള്‍ കുട്ടികള്‍ പള്ളിയിലേക്ക്‌ പായും. അവിടെ തിമിര്‍ത്ത്‌ ഓടി രസിച്ച് കൂടും. പെരുന്നാള്‍തക്ബീര്‍ ചൊല്ലുന്ന മൊല്ലാക്കയുടെ കൂടെയുള്ള ആളുകളുടെ ഇടയില്‍ ഇരുന്നു കുട്ടികളായ ഞങ്ങളും പീക്കിരിശബ്ദത്തില്‍ ഏറ്റ്ചൊല്ലും. പിന്നെ നേരെ പോകുന്നത് സിദ്ദീഖിന്റെ തയ്യല്‍കടയിലേക്ക്.. ആഴ്ചകള്‍ക്ക് മുന്‍പ്‌ ഏല്പിച്ച തുണികള്‍ പെരുന്നാള്‍തലേന്നും തിരക്കിട്ട് അയാളും ജോലിക്കാരും ധൃതിയില്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് കാണാം. നേരം പുലരുവോളം നിലയ്ക്കാത്ത തയ്യല്‍മെഷീനുകള്‍, കത്രികാശബ്ദങ്ങള്‍ പെരുന്നാള്‍രാത്രിയെ നിറയ്ക്കും. അവരുടെ മുഷിപ്പിനെ ഇല്ലാതാക്കാന്‍ മേശമേല്‍ വെച്ച പഴയ മോണോടേപ്പ്‌റിക്കോര്‍ഡറില്‍ മാപ്പിളപ്പാട്ടുകള്‍ അലയടിക്കുന്നുണ്ടാവും.

പെരുന്നാള്‍ സുദിനത്തില്‍ എണ്ണതേച്ച് കുളിയാണ്. പലരുടെയും ദേഹത്ത്‌ എണ്ണ തൊടുന്നത് പെരുന്നാളിനായിരിക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ചായകുടിച്ച് തക്ബീര്‍ ധ്വനികള്‍ കേട്ട് പള്ളിയിലേക്ക്‌ പിന്നെ ഒരോട്ടമാണ്. അന്നേരം ഉമ്മ പായസം ഉണ്ടാക്കുന്നുണ്ടാവും. ജ്യേഷ്ഠന്‍ തലേന്ന് മേടിച്ച്കൊടുന്ന കോഴിയിറച്ചി, വര്‍ഷങ്ങളായി സഹായിക്കാന്‍നില്‍ക്കുന്ന ആമിന്‍താത്ത കഴുകികൊണ്ട് ബിരിയാണിക്ക് ഒരുക്കുന്നുണ്ടാവും. അയല്‍പക്കത്തെ പെണ്ണുങ്ങള്‍ വേലിക്കപ്പുറം വന്ന് ഈദ്‌ മുബാറക്ക്‌ പറയുന്നതിന് അടുക്കളജനാലയിലൂടെ നോക്കി ഉമ്മയും ആമിന്‍താത്തയും തിരിച്ചും ആശംസിച്ച് വിശേഷങ്ങള്‍ പറയുന്നത് കാണാം.

തൊടിയിലെ മൈലാഞ്ചിക്കൊമ്പ് ഒടിച്ച് ഇലനുള്ളി അരച്ച് റെഡിയാക്കിയ മൈലാഞ്ചി ചക്കചൊണ (വളഞ്ഞി) ചേര്‍ത്ത്‌ കൈയ്യിലിട്ട് വസ്ത്രത്തില്‍ ആവാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ചത് ഊരി, നനച്ച് പരസ്പരം കാണിച്ചുകൊണ്ട് എന്റെ ഇത്താത്തയും ഇരട്ടഅനിയത്തിമാരും വേലിക്കരികില്‍ നില്‍ക്കുന്ന അങ്ങീലെ പെണ്ണുങ്ങള്‍ക്ക് അരികിലെത്തും. അവരും അവരുടെ മൈലാഞ്ചിക്കൈകള്‍ കാണിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാം.

മൊല്ലാക്കയുടെ അരികിലിരുന്ന്‍ മൈക്കില്‍ ശബ്ദം വ്യക്തമായി വെളിയില്‍ വരുവാന്‍ ആവേശത്തോടെ കുട്ടികളായ ഞങ്ങള്‍ തക്ബീര്‍ ചൊല്ലും. ആളുകള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ ഒരു മുറിതുറന്ന്‍ പ്രത്യക്ഷപ്പെടുന്ന ഖാളിമുസ്ല്യാര്‍ അത്തറിന്റെ പരിമളം വീശി മുന്നിലേക്ക്‌ വരും. പിന്നെ തക്ബീര്‍ ചൊല്ലി സലാം പറഞ്ഞ് പെരുന്നാള്‍ നിസ്കാരക്രമം അറിയിച്ച് നിസ്കാരം ആരംഭിക്കും. അത് കഴിഞ്ഞാല്‍ ഉള്ള ഖുതുബ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അസഹനീയമായിരുന്നു. പെരുന്നാള്‍ദിനം ഓരോ നിമിഷവും തീര്‍ന്നുപോവുന്നത് ഞങ്ങള്‍ക്ക്‌ സങ്കടമായിരുന്നു. അവിടെനിന്നും എത്രയും വേഗം രക്ഷപ്പെടാനായിരുന്നു ആഗ്രഹം. പക്ഷെ ഒരിക്കലും അവസാനിക്കാത്ത ഖുതുബ ആയി തോന്നിയിരുന്നു അത്. പ്രാര്‍ത്ഥന ചൊല്ലുന്നതിനു ആമീന്‍ പറഞ്ഞ് തീരും മുന്നേ ഞങ്ങള്‍ ഓടി റോഡിലെത്തും. വീട്ടില്‍ എത്തിയാല്‍ ഉമ്മ തയ്യാറാക്കിയ സേമിയാപായസം ചൂടോടെ ഊതിക്കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പള്ളിയില്‍ നിന്നെത്തും.

ഉപ്പയെ ഭയംകലര്‍ന്ന ബഹുമാനമായിരുന്നു ഞങ്ങള്‍ക്ക്. അധികമൊന്നും സംസാരിക്കാന്‍ പോകാറില്ല. ഉപ്പയും അത്ര സംസാരപ്രിയനല്ല. എന്നാലും ഞങ്ങളോട് പുറത്ത്‌ പ്രകടിപ്പിക്കാത്ത സ്നേഹമാണ്. ഉപ്പ മാളികമുറിയിലേക്ക്‌ മരഗോവണി കയറിപ്പോകും. പിന്നെ ഇറങ്ങിവരുന്നത് നോക്കി ഞങ്ങള്‍ പ്രതീക്ഷയോടെ പായസം കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പുത്തന്‍ അഞ്ചുരൂപയുടെ ഒരു കെട്ടുമായി ഇറങ്ങിവരും. ഞങ്ങള്‍ ഉത്സാഹം പുറത്ത്‌ കാണിക്കില്ല. ഉപ്പ ഓരോ അഞ്ചുരൂപ എടുത്ത്‌ ജ്യേഷ്ഠനും എനിക്കും അനുജനും, ഇത്താത്ത, ഇരട്ടഅനിയത്തിമാര്‍ക്കും തരും. അപ്പോഴും ഞങ്ങള്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ആഹ്ലാദതിരമാലകള്‍ ഹൃദയഭിത്തിയില്‍ തടുത്ത് നിറുത്തി ഉപ്പയെ നോക്കി ചിരിച്ചു പായസം കുടിക്കും. ഉപ്പ അടുക്കളയില്‍ ഒന്നെത്തിനോക്കി മാളികമുറിയിലേക്ക്‌ പോയി വാതില്‍ അടക്കും. ഉപ്പ കുറേകാലം അബുദാബിയില്‍ ആയിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക് ഉപ്പയോട് ഇങ്ങനെ അകന്ന അടുപ്പം ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഉമ്മയോട്‌ ഞങ്ങള്‍ക്ക്‌ ഏറെ അടുപ്പവും എന്തും പറഞ്ഞ് പൊട്ടിച്ചിരിക്കാനും രസങ്ങള്‍ പങ്കുവെക്കാനും ഉള്ള ഭാഗ്യമുണ്ട്.

കുറച്ച് കഴിഞ്ഞാല്‍ പാടിക്കുന്നിലെ കുടുംബവീടുകളിലെ ഒരുപറ്റം കുട്ടികള്‍ വീട്ടിലെത്തും. സ്വന്തം വീടെന്നപോലെ അവര്‍ തറവാട്ടില്‍ വൈകുവോളം കഴിയും. ഉമ്മ ഉണ്ടാക്കിയ വലിയപാത്രം പായസവും ഒരു ചെമ്പ്‌ ബിരിയാണിയും  അവരെല്ലാം കാലിയാക്കി ഏമ്പക്കമിട്ട് തറവാട്ടില്‍ തിമിര്‍ക്കും. പിന്നെ അവരുടെ ഒപ്പം കൂടി ഒളിച്ചുകളിയാണ്. ഇരുള്‍നിറഞ്ഞ കിഴക്കകം, അറ, മേലെ-താഴെ കോലായ, തായേര, എഴുത്തൂറി (വല്യാപയുടെ കാലത്ത്‌ മരപ്പണിക്കാര്‍ കണക്കെഴുതാന്‍ ഉപയോഗിച്ചിരുന്ന  നീണ്ടമുറിയാണ് ലോപിച്ച് ഇങ്ങനെ അറിയപ്പെട്ടത്), ഇവിടൊക്കെ ഞങ്ങള്‍ ഒളിക്കും. പകല്‍പോലും ജിന്നുകള്‍, ഭൂതങ്ങള്‍ വസിക്കുന്നു എന്ന് പഴമക്കാര്‍ പറഞ്ഞുപേടിപ്പിച്ച തറവാട്ടിലെ ചില മൂലകളില്‍ ഭയത്തോടെ കൂട്ടമായി കളിക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതി ഉണ്ടാകുമായിരുന്നു.

ശബ്ദകോലാഹലം കേട്ട് മാളികമുകളിലെ വാതില്‍കൊളുത്ത് ഇളകുന്നതും കര-കര ഒച്ചയോടെ തുറന്ന് ഗോവണി ഇറങ്ങി ധൃതിയില്‍ വരുന്ന ഉപ്പയുടെ കാലടികള്‍ കേട്ട് കുട്ടികളായ ഞങ്ങള്‍ ഓടിയൊളിക്കും. നെല്ല് സൂക്ഷിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയുടെ വാതില്‍പാളിക്കപ്പുറം ഒളിച്ചുനിന്ന എന്നെ കൈനീട്ടി ചെവിക്ക്പിടിച്ച് ഉപ്പ വെളിയില്‍ ഇടും. മണ്ടയ്ക്ക് രണ്ട് മേട്ടം തന്ന്‍ ഒന്നും മിണ്ടാതെ ഉപ്പ പിന്നേയും ഗോവണി കേറി മാളികമുറിയില്‍ വാതിലടച്ച് അപ്രത്യക്ഷനാകും. ഇളിഭ്യനായി കരയണോ വേണ്ടയോ എന്നറിയാതെ മണ്ടതടവി നില്‍ക്കുന്ന എന്നെ നോക്കി കൂട്ടുകാര്‍ പലയിടത്തുനിന്നും കളിയാക്കിക്കൊണ്ട് പൊങ്ങിവരും. കണ്ണ് ഒലിച്ചിറങ്ങുന്ന നിശബ്ദകരച്ചില്‍ അടക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു.

വന്ന കുട്ടികള്‍ അടുക്കളയില്‍ ചെന്ന് കാലിയായ പായസം, ബിരിയാണിപ്പാത്രങ്ങള്‍ ഒന്നൂടെ വടിച്ച് വെടിപ്പാക്കി പോയിക്കഴിഞ്ഞാവും തലേന്ന് തുടങ്ങിയ ജോലിയില്‍ ക്ഷീണിച്ച് നടുമുറിയില്‍  ഉറങ്ങുകയായിരുന്ന എന്റെ ഉമ്മ ഉണര്‍ന്ന് അടുക്കളയില്‍ എത്തുന്നത്. പടച്ചോനേ എന്നൊരു വിളിയോടെ ഉമ്മ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും ചോറും കറിയും വെക്കുന്നത് കാണാം. ആമിന്‍താത്ത നേരത്തെ സ്വന്തക്കാരെ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ടാവും. ഈ കുട്ടിപ്പടസംഘത്തെ തറവാട്ട് വീട്ടിലേക്ക്‌ കാലത്ത്‌ വിട്ട് സിനിമയ്ക്ക് പോയിരുന്ന അവരുടെ മാതാപിതാക്കള്‍ അടങ്ങിയ സംഘം വൈകിട്ടാണ് ഉമ്മയെ സന്ദര്‍ശിക്കുക പതിവ്‌. അവര്‍ക്ക്‌ രണ്ടാമത്‌ വെച്ച ചോറും കറിയും വിളമ്പി ഉമ്മ സല്‍ക്കരിക്കുമ്പോള്‍ ചിലര്‍ ഉമ്മയോട്‌ ചോദിക്കാറുണ്ട്. പെരുന്നാളായിട്ട് വെറുംചോറാണോ വെച്ചത് അമ്മായീ?! ബിരിയാണിയും പായസവും അവരുടെ സന്തതികള്‍ തന്നെ കാലിയാക്കിപ്പോയത്‌ ഉമ്മ പറയാറില്ല. മറുപടിയില്ലാതെ ഉമ്മ വിശേഷങ്ങള്‍ ചോദിച്ച് അവര്‍ക്കൊപ്പം ഇരിക്കും.

കുട്ടികളായ ഞങ്ങള്‍ക്ക്‌ കിട്ടുന്ന അഞ്ചുരൂപാ പുത്തന്‍നോട്ട് ഒരു മില്യന്‍ ദിര്‍ഹം സമ്മാനം കിട്ടുന്നത് പോലെയായിരുന്നു. അത് എന്ത് ചെയ്യണം എന്നത് ആലോചിച്ച് ഞങ്ങള്‍ മടക്ക് വരാത്ത പുത്തന്‍പച്ച കറന്‍സിനോട്ടില്‍ നോക്കി ഇരിക്കും. അന്നത്തെ ഒരു സംഭവം ആലോചിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മുതിര്‍ന്നവരായിട്ടും ഞങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞ് ചിരിക്കാറുണ്ട്. കിട്ടിയ രൂപ എന്ത് ചെയ്തുവെന്ന് ഞങ്ങളോട് ഉപ്പ ചോദിച്ചപ്പോള്‍ അന്ന് നാലര വയസ്സുള്ള അനുജന്‍ സാദിക്ക്‌ വാവിട്ട് കരച്ചിലായി. ഞങ്ങള്‍ക്ക്‌ അങ്കലാപ്പായി. ഉപ്പ അന്തംവിട്ടു. ഉമ്മ വന്ന് കാരണം ചോദിച്ചു. എന്റെ പൈസകൊണ്ട് ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പറയാതെ കീര്‍ത്തിടാക്കീസില്‍ പോയി മാറ്റിനി കണ്ടിരുന്നു. ബാക്കി വന്ന പൈസക്ക്‌ വാടകക്ക് എടുത്ത സൈക്കിള്‍ ഓടിച്ച് കറങ്ങി തീര്‍ത്തു. (അന്ന് സൈക്കിളുകള്‍- കാല്‍, അര, മുക്കാല്‍, ഒന്ന്‍- പല പ്രായക്കാര്‍ മത്സരിച്ച് വാടകക്ക് എടുത്ത് പഞ്ചായത്ത് റോഡിലും കളത്തിന്‍കടവ്‌ മൈതാനത്തും നിറയും, ചിലര്‍ വക്കാണവും അടിയും വരെയാകും). എന്റെ അനുജന്‍ എന്തിനാ കരയുന്നത് എന്നറിയാതെ ഞാന്‍ ഉപ്പയെ നോക്കി എന്തു നുണ പറഞ്ഞ് രക്ഷപ്പെടാം എന്നാലോചിച്ചു പരുങ്ങി.

അന്നേരം ഇരട്ടസഹോദരികള്‍ കുറേ തുണ്ട്കടലാസുകളുമായി ഓടിവന്നു. അവര്‍ ഉപ്പയെ നോക്കി ഉമ്മയുടെ കൈയ്യില്‍ ആ തുണ്ടുകള്‍ കൊടുത്തു. ഉമ്മ അത് എവിടുന്നാ കിട്ടിയതെന്ന്‍ എന്ന് ചോദിച്ചു. കക്കൂസില്‍ കണ്ടതാണ്. കുറച്ച് എടുത്ത്‌ ഓടിവന്നതാ. ഇരട്ടകള്‍ ഏകസ്വരത്തില്‍ കണ്ടെത്തല്‍ ഉമ്മയെ അറിയിച്ചു. ഉമ്മ ഉറക്കെച്ചിരിച്ചു. ഉപ്പ പതിവ്പോലെ ഗൌരവത്തില്‍ ഇരുന്നു. സാദിക്ക്‌ കരച്ചില്‍ ഉച്ചത്തിലാക്കി. ജ്യേഷ്ഠന്‍ സലീലും ഇത്താത്ത സാജിദയും ഉമ്മയുടെ കൈയ്യില്‍നിന്നും തുണ്ടുകള്‍ മേടിച്ച് നോക്കി ഞെട്ടി! അത് വേറൊന്നും അല്ലായിരുന്നു. പുത്തന്‍ കറന്‍സി അഞ്ചുരൂപ തുണ്ടംതുണ്ടമായി പിച്ചിചീന്തിയത്തിന്റെ ബാക്കിവന്നവയാണ് ഇരട്ടകളായ സഹലാ-സുഹൈലമാര്‍ കക്കൂസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്!

കഷണം ആയിപ്പോയ പെരുന്നാള്‍വിഹിതമായ അഞ്ച് രൂപയെ ഓര്‍ത്ത്‌ എനിക്ക് സങ്കടമായി. അതും കൂടെ കിട്ടിയിരുന്നെങ്കില്‍ ശങ്കുവൈദ്യരുടെ കടയില്‍ ചെന്ന് പടക്കം, പൂത്തിരി, റോള്‍പടക്കം പൊട്ടിക്കുന്ന കറുത്ത തോക്ക് എന്നിവ വാങ്ങി ഉപ്പ കാണാതെ എവിടെയെങ്കിലും കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് തീര്‍ക്കാമായിരുന്നല്ലോ.. അനിയന് കിട്ടാന്‍ പോകുന്ന ശിക്ഷ എന്താവാം എന്ന പേടിയോടെ ഉപ്പയെ ഞങ്ങള്‍ നോക്കി. അത്ഭുതമെന്ന് പറയട്ടെ! പല്ല് വെളിയില്‍ കാണുംവിധം ചിരിക്കുന്ന ഉപ്പയെ അപൂര്‍വമായിട്ട് അന്നാദ്യമായി കണ്ടു. പൈസയുടെ മൂല്യം, പ്രാധാന്യം വിവരിച്ച് ലഘുപ്രസംഗം പോലെ പറഞ്ഞിട്ട് ഉപ്പ മാളികമുറിയിലേക്ക്‌ ഗോവണിയില്‍ ശബ്ദമുണ്ടാക്കി പോയി വാതിലടച്ചു. അനുജന്‍ കരച്ചിലിന് ബ്രേക്കിട്ട് അന്തംപോയി നിന്നുനോക്കി. എന്നോട് വിശദീകരണം ചോദിക്കുന്നതില്‍ നിന്നും ഉപ്പയെ വ്യതിചലിപ്പിച്ചതിന് ഞാന്‍ അനിയനെ മനസ്സില്‍ നന്ദി നേര്‍ന്ന് നോക്കി ചിരിച്ചു.

(അന്ന്, കക്കൂസില്‍ സുഖത്തില്‍ ഇരുന്ന്‍ അഞ്ചുരൂപ കീറിപ്പറത്തിയ അവന്‍, ഇന്ന്, യാദൃശ്ചികമേന്നോണം പടച്ചവന്റെ അനുഗ്രഹത്താല്‍ ഒരു ബാങ്കുദ്യോഗസ്ഥന്‍ ആയി അബുദാബിയില്‍ കുടുംബസമേതം കഴിയുന്നു.)

എസ്.എം.എസ്, ഈമെയില്‍, ചാറ്റിംഗ് യുഗമായ ഇക്കാലത്ത്‌ പരസ്പരം അയക്കുന്ന  ഈദ്‌ ഗ്രീറ്റിംഗ്സിലും, ടിവിചാനലുകള്‍ തരുന്ന മുഷിപ്പിക്കുന്ന ഈദ്‌ പരിപാടികളിലും തളച്ചിടപ്പെട്ട നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍, ഇതൊന്നും ഇല്ലാതിരുന്ന പൊയ്പോയ ആ ഊഷ്മളമായ പെരുന്നാള്‍ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പരമാവധി ബന്ധു-സുഹൃത് സന്ദര്‍ശനങ്ങള്‍ ചെയ്ത് നമുക്ക്‌ ഇന്നത്തെ പെരുന്നാള്‍ ആഘോഷിക്കാം.

എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു..

Tuesday, 15 September 2009

27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

അറബിക്കടുവയും മലയാളിക്കിടുവയും (അവസാനഭാഗം)

അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍‌സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍‌ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.

അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.

‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.

‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.

പെര്‍‌ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍‌സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.

അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?

എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍‌ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.

ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍‌പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍‌മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.

നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍‌വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.

പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.

ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.

‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.

ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍‌മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍‌രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.

‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.

‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.

‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’

-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍‌ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..

പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍‌കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍‌സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..

നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.

“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”

ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:

“മന്‍ അന്‍‌താ?“ (താന്‍ ആരുവാഡേയ്?”

“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.

അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)

അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍‌വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍‌ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:

“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”

നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:

“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”

ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.

നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:

“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”

“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“

റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:

“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”

“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തം‌വിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.

(ശുഭം)

Saturday, 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com