Showing posts with label സംഭവകഥ. Show all posts
Showing posts with label സംഭവകഥ. Show all posts

Saturday, 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

Friday, 27 March 2009

ബത്താക്ക മാഫീ.!

ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു ഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ വെളുപ്പും കറുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ സി.ഐ.ഡി 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍'സി.ഐ.ഡി: "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

സി.ഐ.ഡീസ് മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീ..?"

"ബത്താക്കാ മാത്രം മാ-ഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ ബത്താക്ക ഇല്ലെന്നത് കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'ദാസന്‍' ചെരിഞ്ഞോടി. അറബി'വിജയന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു. പാവം കോയമോന്‍ പലഹാരങ്ങളുടെ കൂട്ടത്തില്‍ ബത്താക്ക ചോദിച്ചപ്പോള്‍ മാഫീ എന്നറിയിച്ച് അകത്തായത് ഓര്‍ത്തപ്പോള്‍ ഒരു സുലൈമാനി കൂടി കുടിക്കാന്‍ തോന്നിയില്ല.

Sunday, 8 March 2009

ബ്ലോഗിണിയെ സന്ധിച്ച വേള!

ദുബായ് വിട്ടുവന്ന് ഇനിയെന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞ വേള. നാന, ചിത്രഭൂമി വാരികകള്‍ കരണ്ടുതിന്നുതീര്‍ത്ത് ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ മൊബൈല്‍ ഫോണ്‍ശബ്ദം കേട്ട് ഞാന്‍ ഈര്‍ഷ്യയോടെ 'ഹലോ' ചൊല്ലി.

'ഹലോ അറിയോ?' - ഒരു കിളിനാദം ആയിരുന്നു അത്.

ഇതേതാണാവോ എന്നറിയാതെ ഞാന്‍ ഉഴറിക്കിടന്നു. തലയിണ കെട്ടിപ്പുണര്‍ന്ന് മൊബൈല്‍ ചെവിയോടടുപ്പിച്ച് നാനയുടെ മുഖചിത്രത്തിലെ സുന്ദരിയാമൊരു നടിയുടെ അഴകുമേനി നോക്കി പലരേയും ഊഹിച്ചുപോയി. വല്ല പേരും പറഞ്ഞ് അവളാണോ എന്ന് ചോദിച്ച് പുലിവാല്‍ പിടിക്കേണ്ടാന്ന് കരുതി ചുമ്മാ ചിരിച്ചുകൊണ്ട് സുല്ലിട്ടു.

'ഒന്നോര്‍ത്തു നോക്ക്യേ ഏറാടാ' എന്നായി പിന്നെ ആ ചെല്ലക്കിളി.

'ഉം ഉം.. ഒരു ക്ലൂ?' എന്ന് ഞാനും.

'നാം ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ടതാ. പിന്നെ ഏറാടന്റെ കഥകള്‍ വായിച്ച് വിമര്‍ശിക്കാറുള്ള ഒരു ബ്ലോഗിണിയും.. മനസ്സിലായില്ലാ?'

'എന്റെ ബ്ലോഗിണീ ഇനി ക്ഷമയില്ല. പറയൂ ഭവതീടെ നാമം എന്താണ്‌?'

എന്റെ ക്ഷമ ശരിക്കും നശിച്ചു. ഉറക്കവും പോയിക്കിട്ടി. ആകെ ഉല്ലാസം പടര്‍ന്നുകയറി.

'അങ്ങനെ പേരൊന്നും ഇപ്പോ പറയാന്‍ പറ്റില്ല.'

??!

ഇനി ആരെങ്കിലും കളിപ്പീരുമായി ഇറങ്ങിയതാണോ എന്നെനിക്ക് തോന്നി. ശരിക്കും കലിപ്പും തോന്നിത്തുടങ്ങി.

'എന്റെ ഉച്ചമയക്കം കെടുത്താന്‍ തന്നെ തുനിഞ്ഞിറങ്ങിയ ബ്ലോഗിണീ, പേരു പറയാന്‍ മനസ്സില്ലാത്ത അനോണിനീ.. എന്നാ ഫോണ്‍ വെച്ചേച്ച് വല്ല പോസ്റ്റും ബ്ലോഗൂ.. ഞാന്‍ കിടന്നുറങ്ങിക്കോട്ടെ'

അതിനുത്തരമായി മധുരോദാത്തമായ കുറുകലോടെ ചിരി എന്റെ കാതില്‍ വന്നുപതിച്ചു.

'ഏറാടാ ഒരു കാര്യം ചെയ്യാവോ?'

ഓ അതാണോ. ദുബായീല്‌ പലരുടേയും പറ്റിക്കല്‍സ് കണ്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ മൊബൈലില്‍ ഒരു കിളിനാദം വന്നു. നല്ല ഇമ്പമാര്‍ന്ന കളമൊഴി. ആരോടെങ്കിലും പറയോ, പറയില്ലാലോ, എന്നാ പറയട്ടെ? എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞ് ഒരു ചെല്ലക്കിളി നമ്മളെ വട്ടാക്കീട്ട് ഒടുക്കം ചോദിക്കുന്നത് എന്താന്നറിയോ? ഒരു അന്‍‌പത് പൈസ തര്വോ എന്ന്! അത് റിക്കാര്‍ഡ് ചെയ്ത മെസ്സേജ് ആയിരുന്നെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ഒരു അബദ്ധമെങ്കിലും പിണയണം. ഞാനിപ്പഴും അതുപോലെ വല്ലതുമാവും എന്ന് കരുതി. പക്ഷെ..

'ഞാനിന്ന് വൈകിട്ട് അഞ്ചുമണിക്ക് ബീച്ച് റോഡിലെ കോഫിബീന്‍സിനു മുന്നില്‍ വരാം. ഏറാടന്‍ വരണം. അവിടെവെച്ച് സസ്പെന്‍സ് പൊളിക്കാം. എന്താ?'

'ശെരി. വന്നേക്കാം. പക്ഷെ, ഊരും പേരും അറിയാത്ത അനോണി ബ്ലോഗിണിയെ ഞാന്‍ എങ്ങനെ തിരിച്ചറിയും?'

വീണ്ടും മനം മയക്കുന്ന ചിരി മൊബൈലില്‍ കേള്‍ക്കായി.

'എന്റെ മണ്ടന്‍ ഏറാടാ, നേരില്‍ കണ്ടിട്ടില്ലേലും ഏറാടനെ എനിക്ക് കണ്ടാലറിയാലോ. അവിടെ വരൂ. ഞാന്‍ പിടിച്ചോളാം. ട്രീറ്റ് എന്റെ വക ആയിക്കോട്ടെ. ഓക്കേ?'

'ഓക്കെങ്കിലോക്കെ.'

ഫോണ്‍ കട്ടായി. ഞാന്‍ വാച്ചില്‍ നോക്കി. മൂന്നര മണി. ഇനി ഉറക്കം കിട്ടൂല. ഞാന്‍ മലര്‍ന്ന് കിടന്ന് അട്ടത്ത് നോക്കി ആലോചിച്ചു. അതാരാവും ആ ബ്ലോഗിണി? ഇഞ്ചിപ്പെണ്ണ്? ഹേയ് അല്ല. ഇഞ്ചി അമ്മാതിരി ട്രീറ്റ് ഒന്നും തരാന്‍ ആയിട്ടില്ല. കാന്താരിക്കുട്ടി? നോ. കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ. പ്രിയാ ഉണ്ണികൃഷ്ണന്‍? അവര്‍ അമേരിക്കായിലല്ലേ? കോഴിക്കോട്ട് കേന്ദ്രീകരിച്ച് ഏതാണിമ്മാതിരി അനോണി??

ഞാന്‍ എഴുന്നേറ്റ് കുളിക്കാന്‍ കയറി. കുളിയും കഴിഞ്ഞ് വസ്ത്രം മാറി ദുബായീന്ന് കൊണ്ടുവന്ന സ്പ്രേ പൂശി ഉടനെ നഗരത്തിലേക്ക് പുറപ്പെട്ടു. പതിനഞ്ചുമിനിറ്റ് ബസ്സില്‍ തൂങ്ങിക്കിടന്നാടി സിറ്റി എത്താറായപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. ബസ്സില്‍ പലരും മഴയെ ശപിക്കുന്നത് കേട്ടു. എനിക്ക് ആഹ്ലാദമാണ്‌ തോന്നിയത്. ഇതുവരെ കാണാത്ത ഒരു പെണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മഴ വരുന്നത് സിനിമയിലും കഥകളിലും മാത്രമല്ല ജീവിതത്തിലും അതിരസകരമാണ്‌ എന്നുതോന്നി.

പാളയം ചിന്താവളപ്പില്‍ ബസ്സില്‍ നിന്നും ഞാന്‍ തോരാമഴയിലേക്ക് ചാടിയിറങ്ങി. കുട ചൂടി അലസം പോകുന്നവരെ കണ്ടപ്പോള്‍ അസൂയ തോന്നാതിരുന്നില്ല. മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ നാല്‌ മിസ്സ്ഡ് കാള്‍സ്. എല്ലാം ആ ബ്ലോഗിണീടെ നമ്പര്‍സ്. ടൈം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു! ഞാന്‍ മഴ നനഞ്ഞുകൊണ്ട് ഒരു ഓട്ടോയില്‍ ഓടിക്കയറി. ബ്ലോഗിണിയെ വിളിച്ച് പറഞ്ഞു. അവള്‍ അവിടെയല്ല അത്രേ. എന്നോട് അവള്‍ നില്‍ക്കുന്ന ഇടം പറഞ്ഞുതന്നു. ഓട്ടോ അങ്ങോട്ട് പാഞ്ഞു.

'അല്ലാ ബ്ലോഗിണീ. അവിടെ നില്‍ക്കുന്നോരുടെ കൂട്ടത്തില്‍ ഞാനെങ്ങനെ നിന്നെ കണ്ടുപിടിക്കും?'

'വെളുത്ത ചിരിദാറണിഞ്ഞ് നീലക്കുട പിടിച്ച് ഞാനിവിടെ നില്‍പ്പുണ്ട്. മഴ കാരണം ഇവിടെ നില്‍ക്കുന്നതാ. വേഗം വരില്ലേ?'

ഓട്ടോ മിഠായ് തെരുവിലൂടെ വെള്ളം തെറുപ്പിച്ച് മഴയത്ത് ആടിയുലഞ്ഞോടി. എന്റെ മനം തുള്ളിത്തുളുമ്പി. ഇതുവരെ കാണാത്ത ഓര്‍ക്കൂട്ടിലെ ബ്ലോഗിണിയെ സന്ധിക്കുവാന്‍ പോകുന്നേരം മഴയുടെ നൃത്തം നിറുത്താതെ തുടരട്ടെ എന്നാശിച്ചു.

(ശേഷം ഭാഗം ഉടനെ../)

Sunday, 8 June 2008

ഒരു പള്ളിക്കൂടചരിതം.

ചെട്ട്യങ്ങാടി എല്‍‌പി സ്‌ക്കൂളില് ഞാന്‍ രണ്ടാം ക്ലാസ്സില്‌ പഠിക്കുന്ന കാലം. കുട്ടികള്‌ കലപില ഒച്ചയുണ്ടാക്കുന്നത്‌ നിറുത്താനായിട്ട്‌ സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില്‌ ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി. ഞങ്ങള്‌ പിള്ളേര്‍ക്ക്‌ ആദ്യമൊക്കെ ഒരു അടക്കോം ഒതുക്കോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ ദിവസങ്ങള്‌ കഴിഞ്ഞപ്പോഴേക്കും അപ്പുറമിപ്പുറം ഇരിക്കുന്ന ചങ്ങായിച്ചികള്‍ക്ക്‌ പെന്‍സിലുപൊട്ട്‌ കൊടുത്തും സ്ലേയിറ്റ്‌ മായിക്കാന്‍ വഴിയ്ക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന വെള്ളത്തണ്ട്‌ പൊട്ടിച്ചുകൊണ്ടുവന്ന് കൊടുത്തും നല്ല കൂട്ടായി. എനിക്കിപ്പഴും ഓര്‍മ്മയുണ്ട്‌, എന്റെ വലതുവശത്തിരുന്നത്‌ സൈറാബാനുവും ഇടതുവശത്ത്‌ ശാന്തകുമാരിയും. ആ മുഖങ്ങളിന്നും ഓര്‍മയിലുണ്ടെങ്കിലും അവരെ അന്നുപിരിഞ്ഞിട്ട്‌ പിന്നെ കണ്ടിട്ടില്ല.

ശാന്തകുമാരിയെന്ന കറുമ്പി വലിയ കുറുമ്പിയായിരുന്നു. അവളെ കാണാന്‍ വല്യ ശേലില്ല എന്നു കളിയാക്കിയ എന്റെ ഇടതുകണ്ണിലിട്ട്‌ അവള്‍ പെന്‍സില്‍ വെച്ച്‌ കുത്തിയതിന്റെ പോറല്‍ ഒരു കറുത്തപുള്ളിയായിട്ട്‌ ഇന്നും മായാതെ എന്റെ തിരിച്ചറിയല്‍ അടയാളമായിട്ട്‌ ആധികാരികരേഖകളിലും ഇടം നേടികൊണ്ട്‌ കിടപ്പുണ്ട്‌. കുറുമ്പിശാന്ത എന്ന അവള്‍ എന്റെ കണ്ണിലിട്ട്‌ കുത്തിയപ്പോള്‍ ഞാന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അവള്‍ അതിലും വല്യ കരച്ചില്‌ കരഞ്ഞ്‌ എന്നെ കുറ്റക്കാരനാക്കി. ടീച്ചര്‍ ഞാന്‍ പറഞ്ഞത്‌ ഗൗനിക്കാതെ എനിക്ക്‌ ചൂരല്‍ കഷായം തന്നതും, അടുത്തദിവസം കറുമ്പിശാന്ത ചോയിചേട്ടന്റെ പശുത്തൊഴുത്തില്‌ കറവക്കാരനായ അവളുടെ അച്‌ഛനെ പള്ളിക്കൂടത്തില്‍ കൊണ്ടുവന്ന് എന്നെ ചൂണ്ടിക്കാണിച്ചതും.. കരിമുട്ടിപോലെത്തെ പുള്ളിക്കാരന്‍ എന്നെ പള്ളിക്കൂടത്തില്‍ ഇട്ടോടിച്ച്‌ പിടിക്കാന്‍ ശ്രമിച്ചതും.. എല്ലാമെല്ലാം ഞാന്‍ ഒരുകാലത്തും മറക്കൂല!! ദിവസം പലവട്ടം കണ്ണാടിയില്‍ നോക്കുന്നേരം എന്റെ ഇടത്തേകണ്ണിലെ കറുത്തമറുക്‌ ആ കിടിലന്‍ സംഭവങ്ങള്‍ റീ-പ്ലേ ചെയ്തും സ്ലോമോഷനാക്കിയും സൂം-ഇന്‍ ആക്കിയും കാണിച്ച്‌ എന്നെ കിടുകിടെയാക്കാറുണ്ട്‌.

പള്ളിക്കൂടത്തില്‍ പോകുന്ന ഊറ്റം അല്‍പമില്ലാതാക്കിയ ഈ കറുമ്പിശാന്ത പിന്നീട്‌ എന്നോട്‌ കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പുച്ഛിച്ച്‌ തള്ളി. പിന്നേയും പലവട്ടം അവളുടേ കറവക്കാരനച്ഛന്‍ ചെളിനിറമുള്ള തോര്‍ത്തും തോളത്തിട്ട്‌ മുറുക്കിത്തുപ്പിയ വിണ്ടുകീറിയ ചുണ്ടുകള്‍ കോട്ടിക്കൊണ്ട്‌ ശാന്തകുമാരിയെ കാണാനെത്തിയിരുന്നു. ഞാനന്നേരം കാണുന്ന വല്ലയിടത്തും പോയൊളിക്കും. പക്ഷെ ആ പുള്ളി അതെന്നേ മറന്നുപോയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ മുതിര്‍ന്നൊരാളാകേണ്ടിവന്നു.

കേട്ടെഴുത്ത്‌ കഴിഞ്ഞ്‌ താടിവാലന്‍ ഉണ്ണിമെയിതീന്‍ മാഷ്‌ എന്റെ സ്ലേയിറ്റില്‍ പലവട്ടം പൊങ്ങിപ്പോവുന്ന 'വിമാനം' പോലെ കോറിയിട്ടപ്പോള്‍ ഞാന്‍ തുള്ളീച്ചാടി സൈറാബാനുവിനും ബാക്കിലിരിക്കുന്ന യൂസഫിനും കാണിച്ചുകൊടുത്ത്‌ 'നോക്കെടീ(ടാ) പറക്ക്‌ണ ബീമാനം!' എന്നാഹ്ലാദിച്ചു. അവര്‍ കളിയാക്കി പറഞ്ഞപ്പോഴാണ്‌ അത്‌ വിമാനമല്ല, തെറ്റുത്തരം സൂചിപ്പിക്കുന്ന സിമ്പലാണെന്ന് ആദ്യമായറിയുന്നത്‌!

പിന്നെയൊരിക്കല്‍ ലീലാവതിടീച്ചര്‍ എന്റെ ഒരുത്തരത്തിനു നേരെ വല്യ മുട്ട വരച്ചുതന്നപ്പോള്‍ ഞാന്‍ അതിനു എന്റെവക കണ്ണും മൂക്കും കൈയ്യും കാലും ഒക്കെ വരച്ചുചേര്‍ത്തപ്പോള്‍ വയറില്‍ ബട്ടനുള്ള ഭാഗത്ത്‌ പിടിച്ച്‌ പിച്ചിക്കശക്കിയ ടീച്ചര്‍ പലപ്രാവശ്യം പറയാറുള്ള ഡയലോഗ്‌ ശിഷ്യഗണങ്ങള്‍ വഴി നാട്ടിലിന്നും പാട്ടാണ്‌.

"പഠിക്കത്തില്ല ചെക്കന്‍ (ചെക്കത്തി), ഉപ്പുമാവ്‌ തിന്നാനായിട്ട്‌ ഇങ്ങട്ട്‌ വന്നോളും!"

ഈ ഡയലോഗ്‌ ഒരു പ്രത്യേക താളത്തിലാണ്‌ ലീലാവതിടീച്ചര്‍ പറയാറ്‌, ആ താളത്തിനൊത്ത്‌ പൊക്കിള്‍ കൂട്ടിപ്പിടിച്ച്‌ തിരിച്ച്‌ നമ്മളേയും ഇട്ടുവട്ടം കറക്കും. അതനുഭവിക്കുന്നവന്‍(വള്‍) പൊന്നീച്ച, നക്ഷത്രം എന്നിവ ഒരുമിച്ച്‌ തലയ്ക്കുചുറ്റും കറങ്ങുന്നത്‌ കണ്ടെന്നിരിക്കും.

അങ്ങിനെയിരിക്കെ, ഒരുനാള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധിയായിട്ട്‌ ഒരു മീശക്കൊമ്പന്‍ സാറ്‌ ക്ലാസ്സുകളില്‍ പരിശോധനയ്ക്കെത്തി. തലേദിവസം തന്നെ ടീച്ചറമ്മാരും മാസ്‌റ്റമ്മാരും കുട്ട്യോളെ "മാനേ തേനേ" എന്നൊലിപ്പിച്ച്‌ വല്യകാര്യത്തില്‍ ഒരുനാളെങ്കിലും പുസ്‌തകം പഠിച്ചുവരാന്‍ സോപ്പിട്ടതാണ്‌. ആ മിശക്കൊമ്പന്‍ സാറ്‌ വന്നപ്പോള്‍ അവരെല്ലാം ഓഛാനിച്ച്‌ പിറകില്‍ നിന്നു. ചങ്കിടിപ്പോടെ ഞങ്ങള്‌ കുട്ട്യോളെല്ലാം ആ മീശക്കൊമ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു.

ആ സാര്‍ പാഠവിഷയങ്ങളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിച്ചില്ല. പകരം വിരല്‍ ചൂണ്ടുന്ന ദിക്കില്‍ ആരാണോ ആസനസ്ഥന്‍, അവരോട്‌ പൊതുവേയുള്ള കാര്യങ്ങളാണ്‌ ആരാഞ്ഞത്‌. അങ്ങിനെ ആ മീശക്കൊമ്പന്റെ ചൂണ്ടുവിരല്‍ എന്നിലും വന്നുനിന്നു. ഞാന്‍ എഴുന്നേറ്റു. മുട്ടുകള്‍ വിറച്ചിടിക്കുന്നുണ്ട്‌.

'എന്താ പേര്‌?'

'..........'

'വീടെവിടാ? വീട്ടിലാരൊക്കെ?'

ഞാന്‍ വിറച്ചുകൊണ്ടുത്തരമോതി.

'ഉമ്മയ്‌ക്ക്‌ എന്താ പണി?'

'പൊരേല്‌ വരുന്ന വിരുന്നുകാര്‍ക്ക്‌ ചായ, കാപ്പി, ചോറ്‌ ചാറ്‌ ഉണ്ടാക്കല്‌'

'അതുശെരി! ഉപ്പ എന്തുചെയ്യുന്നു?'

'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില്‌ കൊണ്ടുവരും'

മീശക്കൊമ്പന്‍ സാറ്‌ അന്തംവിട്ട്‌ പിറകില്‍ പമ്മിനില്‍ക്കുന്ന അധ്യാപഹരെ നോക്കി.

'ഉമ്മ വീട്ടില്‌ മക്കാനി നടത്തുന്നു. ഉപ്പ പെട്ടിക്കച്ചവടവും, അല്ലേ?'

മീശക്കൊമ്പന്‍ മഞ്ഞപ്പല്ലിളിച്ചുകൊണ്ട് പരിഹാസത്തോടെ ചോദിച്ചതിനുള്ള വിശദീകരണം സത്യവതിടീച്ചറാണ്‌ കൊടുത്തത്‌.

'ഇവന്റെ ഉപ്പ ഗള്‍ഫിലാണ്‌ സാര്‍. എന്നും വിരുന്നുകാര്‍ വരുന്ന വീട്ടില്‌ ഇവന്റെ ഉമ്മയ്ക്ക്‌ ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ'

താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട്‌ ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!

Tuesday, 13 May 2008

എന്റെ എസ്സെസ്സെല്‍സി റിസെള്‍ട്ട്‌!

ഞാന്‍ പത്താം തരത്തില്‍ പ്രവേശിക്കുന്നത്‌ പത്തൊമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്നെയുള്ള കാലത്തായിരുന്നു. എന്റെ ഉമ്മയെ പത്താം ക്ലാസ്സില്‍ ഹിന്ദി പഠിപ്പിച്ച ശോശാമ്മ ടീച്ചര്‍ തന്നെയായിരുന്നു എന്റേയും ക്ലാസ്സ്‌ ടീച്ചര്‍! അതുകൊണ്ടുതന്നെ ഒന്‍പതാം തരം വരെ ഉണ്ടായിരുന്ന പോക്കിരിത്തരങ്ങളും വായ്‌ നോട്ടവും അല്‍പസ്വല്‍പം കണ്‍ട്രോള്‍ ആക്കേണ്ടിവന്നത്‌ എന്നെ എരിപിരികൊള്ളിച്ചു.

എന്റെ ഉമ്മ ശോശാമ്മടീച്ചറുടെ ശിഷ്യ ആയിരുന്ന വിവരം ഞാന്‍ തന്നെ വല്യ ഗെറ്റപ്പില്‍ സഹപഠിതാക്കളുടെ മുന്നീന്ന് പറഞ്ഞത്‌ വടികൊടുത്ത്‌ അടിവാങ്ങുക എന്ന് കേട്ടിരുന്ന ചൊല്ല് അര്‍ത്ഥവത്താകുന്നത്‌ അനുഭവിച്ചറിഞ്ഞതായിരുന്നു.

എന്തിനും ഏതിനും ശോശാമ്മ ടീച്ചര്‍ എന്നെ വിളിച്ച്‌ ക്ലാസ്സിനൊരു മാതൃകാബാലനാക്കാന്‍ ശ്രമിച്ചു. പണ്ടുകാലത്ത്‌ അതായത്‌ ടീച്ചറുടെ ചെറുപ്പകാലത്ത്‌ ഉമ്മ ബാലിക ആയിരുന്നപ്പോള്‍ പഠിപ്പിച്ച്‌ ഹിന്ദിയില്‍ ഫുള്‍ മാര്‍ക്ക്‌ മേടിച്ചുകൊടുത്തെന്നു കരുതി മകന്‍ അങ്ങിനെ ആയിക്കൊള്ളണമെന്ന് ടീച്ചര്‍ക്കൊരു വാശി ഉള്ളതുപോലെ. ക്ലാസ്സിലെ ലീഡര്‍ സാജു ആയിരുന്നിട്ടും ചോക്കെടുക്കാനും കോമ്പസിഷന്‍ ബുക്കുകെട്ട്‌ താങ്ങിയെടുത്ത്‌ വരാനുമൊക്കെ ശോശാമ്മ ടീച്ചര്‍ എന്നെ സ്‌റ്റാഫ്‌ മുറിയിലേക്ക്‌ ഓട്ടിച്ചുവിടും. ടീച്ചറുടെ കണ്ണെത്തും ദൂരം വരെ ബെന്‍ ജോണ്‍സണ്‍ കണക്കെയോടിയിട്ട്‌ പിന്നെ വരാന്തയിലൂടെ പതുക്കെ നടന്ന് അപ്പുറത്തെ ടാപ്പിലെ വെള്ളം മോന്തിക്കുടിച്ച്‌ സാവധാനം ബുക്കുകെട്ടും താങ്ങി തിരിച്ചെത്തും. വൈകിയതെന്തേ എന്നുചോദിച്ചാല്‍ പുസ്‌തകഭാരം കാരണമെന്ന് പറഞ്ഞ്‌ ക്ഷീണിച്ച്‌ ബെഞ്ചില്‍ പോയിരിക്കും. പിറകിലെ ബെഞ്ചിലിരുന്ന് ബുക്കിനുള്ളില്‍ ബാലരമയും 'വേറെ' രമയും ഒക്കെ മറിച്ച്‌ കഴിഞ്ഞ അക്കാലങ്ങള്‍ അയവിറക്കി അങ്ങനെയിരിക്കും. ശോശാമ്മടീച്ചര്‍ എന്നെ മുന്‍ബെഞ്ചില്‍ പ്രതിഷ്‌ടിച്ചിരുന്നു.

ബസ്സിലെ കമ്പിയില്‍ തൂങ്ങിയാടുന്നവരെ അനുസ്മരിപ്പിക്കുന്ന, സ്‌ക്കൂള്‍ വളപ്പിലെ അരയാല്‍ കൊമ്പില്‍ തലകുത്തനെയാക്കി തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഓര്‍മ്മിപ്പിക്കുന്ന ഹിന്ദി അക്ഷരങ്ങളെ ശോശാമ്മ ടീച്ചര്‍ ബോര്‍ഡില്‍ ചോക്കമര്‍ത്തി എഴുതുമ്പോള്‍ പിന്നിലെ ബെഞ്ചിലിരുന്ന് വെളിയില്‍ നോക്കിയിരിക്കുന്ന പല്ലന്‍ സന്തോഷിനേയും ചെമ്പന്‍ സലീമിനേയും എല്ലന്‍ ബാബുരാജിനേയുമൊക്കെ ഞാന്‍ തിരിഞ്ഞുനോക്കി അയവിറക്കും. അവരുടെ അമ്മ ഉമ്മമാരൊന്നും ശോശാമ്മടീച്ചര്‍ടെ കൈയ്യീകിട്ടാത്തതല്ലേ അവരിപ്പോ അനുഭവിക്കുന്ന സന്തോഷം!

അങ്ങിനെയങ്ങിനെ പത്താം തരം അന്തിമപരീക്ഷയെത്തി. പഠിക്കാനുള്ള അവധിയെത്തി. (അതിനിടയിലുണ്ടായ ചില സംഭവവികസങ്ങള്‍ പോസ്റ്റായിട്ട്‌ പിന്നെ ഇട്ടാപ്പോരേ, നാളെ രാവിലെ പത്താം ക്ലാസ്സ്‌ റിസല്‍ട്ട്‌ പ്രഖ്യാപനം ആയതിനാല്‍ ധൃതിയില്‍ വിവരിക്കുന്നതാണിത്‌.)

പഠനയവധിക്ക്‌ തൊടിയിലെ പേരക്കാമരത്തിന്റെ കൊമ്പുകളില്‍ പുസ്തകങ്ങളുമായി വലിഞ്ഞുകയറി വായിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് പഠിക്കുന്നത്‌ ഹൃദിസ്ഥമാകുമെന്ന് പണ്ടൊരു ഔലിയ (ഋഷി) പറഞ്ഞിട്ടുണ്ടെന്ന് ഉമ്മയെ ബോധിപ്പിച്ചിട്ടാണ്‌ ഇങ്ങനെ അവസരം കിട്ടിയത്‌. ഇടയ്ക്കിടെ പേരക്ക പറിച്ച്‌ കടിച്ചുതിന്ന് വായനയും ഒപ്പം അങ്ങേതൊടിയിലേക്ക്‌ കണ്ണെറിഞ്ഞും അതങ്ങനെ തുടര്‍ന്നു.

അങ്ങേതിലെ തൊടിയിലെന്താണെന്നോ? പശുവും കിടാവും ഒന്നുമല്ല. അങ്ങേതിലെ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്നറിയപ്പെടുന്ന പെണ്ണുങ്ങളുണ്ട്‌. എട്ട്‌ സഹോദരികള്‍ അവരുടെ ഉമ്മമാരൊത്ത്‌ താമസിക്കുന്നത്‌ അയല്‍പക്കത്തെ വല്യവീട്ടിലാണ്‌. മൂത്തത്‌ തൊടിയിലെ പൈപ്പിന്‍ ചുവട്ടില്‍ വന്ന് തുണികളൊക്കെ അലക്കിയിട്ട്‌ പോയാല്‍ അടുത്തതിന്റെ വരവാണ്‌. അതും അലക്കിയിട്ട്‌ പോയാല്‍ അതിനടുത്തത്‌ വരും. അങ്ങിനെ എട്ട്‌ പെണ്ണുങ്ങളും വന്നോയെന്ന് ഉറപ്പാക്കിയിട്ടേ ഞാന്‍ പേരക്കാമരക്കൊമ്പില്‍ നിന്നും താഴെ ഭൂമിയില്‍ കാലുകുത്താറുള്ളൂ. അവര്‍ ഓരോരുത്തര്‍ വേലിക്കപ്പുറം പൈപ്പ്പിന്‍ ചോട്ടില്‍ തുണികളൊക്കെ അലക്കുന്നേരം പേരക്കാമരത്തിലിരുന്ന് ഉറക്കെ പാഠഭാഗങ്ങള്‍ ഉരുവിട്ടിരിക്കുന്ന എന്നെ സഹതാപപൂര്‍വം നോക്കും. കുശലങ്ങളൊക്കെ അവര്‍ ചോദിച്ചെന്നിരിക്കും. അതിനു ചെവിയോര്‍ത്താണല്ലോ ഇരിപ്പെന്ന് അവരറിയില്ലല്ലോ. പക്ഷെ, ഈ പേരക്കാമരത്തിലെ പഠനം പെട്ടെന്ന് നിറുത്തേണ്ടിവന്നു.

കാരണം, വേറെ പള്ളീക്കൂടത്തില്‍ പഠിക്കുന്ന അവരുടെ സഹോദരന്‍ ബാബു പുസ്‌തകക്കെട്ടുകളും താങ്ങി കമ്പയിന്‍ സ്‌റ്റഡി എന്ന ചടങ്ങിനായിട്ട്‌ പ്രത്യക്ഷപ്പെട്ടു. എനിക്കെന്ത്‌ പറയാനാവും. അങ്ങിനെ ബാബുവുമൊത്ത്‌ ഞാന്‍ പിന്നെ കമ്പയിന്‍ സ്‌റ്റഡിയാക്കി. പേരക്കാമരത്തിനെ ഖേദപൂര്‍വം നോക്കിയിട്ട്‌ അപ്പുറത്തെ മുസ്ലിം പള്ളിയുടെ വാട്ടര്‍ ടാങ്കിന്റെ ചായിപ്പില്‍ പോയിരുന്ന് ഒരുമിച്ചുള്ള പഠനം തുടങ്ങി. അത്‌ പരാജയമായെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബാബു ഓരോ അഞ്ചുമിനിറ്റിലും അവന്റെ പുരയില്‍ പോയി നല്ല പഴുത്ത ചോക്ക്ലേറ്റ്‌ നിറമുള്ള വാളന്‍പുളിയും കല്ലുപ്പും കൊണ്ട്‌ തിരിച്ചെത്തും. പിന്നെ പുളി കല്ലുപ്പും ചേര്‍ത്ത്‌ ഞൊട്ടിനുണഞ്ഞ്‌ എതിരേയുള്ള റബ്ബര്‍ബോര്‍ഡ്‌ വക സ്ഥലത്ത്‌ മേയുന്ന ആട്‌, മാട്‌, കോഴി, താറാവ്‌ എന്നിവയെ നോക്കി നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കും. പെട്ടെന്ന് കെട്ടുകണക്കിനുകിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണുമ്പോള്‍ ഉള്‍ക്കിടിലത്തോടെ പരീക്ഷാദിനം തുടങ്ങുന്ന കൗണ്ട്‌ ഡൗണ്‍ ഞെട്ടലോടെ മനസ്സിലാക്കി വല്ലതും വായിച്ചെന്നു വരുത്തും. അവന്‍ എന്നാ മടങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ പരീക്ഷ തുടങ്ങുന്നതുവരെ ഇവിടേയൊക്കെത്തന്നെ ഉണ്ടാവുമെന്ന് ഞെട്ടലോടെ കേട്ടു. വൃഥാ ഞാന്‍ കാറ്റിലാടിനില്‍ക്കുന്ന പേരയ്ക്കാമരത്തിനെ നോക്കിപ്പോയി. വേലിക്കപ്പുറത്ത്‌ അപ്പോള്‍ അലക്കുകല്ലില്‍ തുണിയടിക്കുന്നതും ഒരു കിളിസ്വരത്തിലുള്ള മൂളിപ്പാട്ടും കേട്ടു.

വല്ലാത്ത മൂഡോഫ്‌ തോന്നിയ ഒരു ദിവസം ബാബു വരുന്നതിനും മുന്‍പ്‌ പുസ്തകക്കെട്ട്‌ ഔട്ട്‌ ഹൗസില്‍ ഭദ്രമായിവെച്ചിട്ട്‌ ഞാന്‍ മാറ്റിനി കാണാന്‍ അടുത്തുള്ള സിനിമാകൊട്ടകയില്‍ പോയി. കോട്ടയം കുഞ്ഞച്ചന്‍ പടം ആയിരുന്നു അവിടെ ഓടിയിരുന്നത്‌. അതിലെ മമ്മൂക്കാന്റെ ഇടിയും ചൂടാകലും കണ്ടുംകേട്ടും ഇടവഴി കേറി കുറുക്കുവഴിപിടിച്ച്‌ വീട്ടുപറമ്പിലെത്തി ഒളിപ്പിച്ചുവെച്ച പുസ്തകങ്ങളെടുത്ത്‌ തൊടിയിലെ പേരക്കാമരത്തെ പാസ്സ്‌ ചെയ്ത്‌ പള്ളിയുടെ വെള്ളടാങ്കിനരികിലെ സ്ഥിരം വേദിയിലെത്തി. അവിടെ പുസ്തകം തലയിണയാക്കിവെച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന ബാബുവിനെ കണ്ടു. പരിസരത്ത്‌ അങ്ങിങ്ങായിക്കിടക്കുന്ന പുളിങ്കുരുക്കളും കണ്ടു. പാവം എന്നെക്കാണാഞ്ഞ്‌ ഉറങ്ങിപ്പോയതാവും. (പാവം ബാബു ഇന്ന് നമ്മോടൊപ്പമില്ല. 1999-ല്‍ ഹാര്‍ട്ട്‌ അറ്റാക്കുവന്ന് മരിച്ചുപോയി)

കട്ടന്‍ചായ വല്ലതും കിട്ടുമോ എന്നറിയാന്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ഉമ്മായുടെ അന്വേഷണം. പഠനം എത്രാമത്തെ റിവിഷന്‍ ആയെന്ന്?! ഒന്നുപോയിട്ട്‌ കാല്‍ ഭാഗം പോലും റിവിഷന്‍ ആയിട്ടില്ലെന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അവ്യക്തമായി എന്തോ എനിക്കുതന്നെ മനസ്സിലാകാത്ത മറുപടികൊടുത്ത്‌ അവിടെ പാത്രത്തില്‍ വെച്ച ചൂടാറിയ കട്ടനടിച്ച്‌ തിരികെ താവളത്തിലെത്തിയപ്പോള്‍ ബാബു കിടന്നിടത്ത്‌ പൂടപോലുമില്ല. അവന്‍ ഉണര്‍ന്നെഴുന്നേറ്റ്‌ പോയിരിക്കുന്നു. അവന്‍ കഴിച്ചിട്ട്‌ കളഞ്ഞ പുളിങ്കുരുക്കള്‍ പുളിയനുറുമ്പുകള്‍ ആന്റിനകൊണ്ട്‌ ചെക്ക്‌ ചെയ്ത്‌ വട്ടം കൂടിനില്‍ക്കുന്നുണ്ട്‌. അല്‍പം കിട്ടിയ ഏകാന്തതയില്‍ എന്തോ വാശിപ്പുറത്ത്‌ നേരം ഇരുട്ടുവോളം കൈയ്യില്‍ തടഞ്ഞ പുസ്‌തകങ്ങള്‍ വായിച്ചു. മലയാളടെക്‍സ്‌റ്റ്‌ ആയിരുന്നു കൂടുതല്‍ വായിച്ചത്‌. അതിലെ കഥകളും കവിതകളും കൊള്ളാം. ഹിന്ദി തൊട്ടുനോക്കാനേ തോന്നിയില്ല. അതുകാണുമ്പഴേക്കും ശോശാമ്മടീച്ചറുടെ വസൂരിക്കലയുള്ള മുഖം ഓര്‍മയിലെത്തും.

ഒരുനാള്‍ സ്‌ക്കൂളില്‍ ഹാള്‍ടിക്കറ്റ്‌ മേടിക്കാന്‍ പോയി. അന്ന് വീണ്ടും സാജിതയേയും ശത്രു ഷാജിയേയും കണ്ടു. ചെമ്പനേയും പല്ലനേയും കണ്ടു. അങ്ങിനെയങ്ങിനെ ഒടുവില്‍ പരീക്ഷയെത്തി. നെട്ടോട്ടമോടിയിട്ട്‌ പരീക്ഷാഹാള്‍ കണ്ടെത്തി. ബെല്ലടിച്ചു. പിന്നേം അടിച്ചു. ശ്‌മശാനമൂകത! എന്നും ഉച്ചതിരിഞ്ഞ്‌ രണ്ടേകാല്‍ മണിനേരത്ത്‌ കുറച്ചങ്ങുദൂരെയുള്ള സിനിമാടാക്കീസിലെ പാട്ടുകള്‍ കാറ്റില്‍ ഉയര്‍ന്ന് പരീക്ഷാഹാളിലും എത്തും. 'കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കുന്നേരം,.' 'വളനല്ല കുപ്പിവള വാങ്കിതരും നാള്‌..' എന്നീഗാനങ്ങളിന്നും എന്നെ ആ പരീക്ഷാഹാളിലെത്തിക്കും. അതും കേട്ടിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടുമ്പോലെ..

പേപ്പര്‍ വിതരണം നടക്കുമ്പോള്‍ കുറുനാടിറഷീദിനെ പിടിച്ച്‌ ഒരു അധ്യാപകന്‍ വരാന്തയിലൂടെ കൊണ്ടുപോകുന്നതുകണ്ടു. ആരോ പറയുന്നത്‌ കേട്ടു. അവന്‍ ഹാള്‍ടിക്കറ്റ്‌ വീട്ടീവെച്ചുപോന്നത്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവന്റെ ഇത്താത്ത അതെടുത്ത്‌ കുട്ടിയുടെ അപ്പി കോരിയെടുത്ത്‌ തൊടിയില്‍ കൊണ്ടുപോയി കളഞ്ഞത്രേ! അവര്‍ക്കറിയില്ലല്ലോ ഹാള്‍ടിക്കറ്റിന്റെ വില.

ഒടുവില്‍ പരീക്ഷ തുടങ്ങി. എന്നുമില്ലാത്ത ഞെഞ്ചിടിപ്പ്‌ തോന്നി. മലയാളപരീക്ഷ കുഴപ്പമില്ലാതെ കടലാസുകള്‍ മല്‍സരിച്ച്‌ വാങ്ങി എഴുതിക്കൂട്ടി. ഉച്ചയ്ക്ക്‌ ശേഷവും മലയാളം ബി ധര്‍മ്മരാജ ആയിരുന്നു. അതും വാതോരാതെ എഴുതിക്കൂട്ടി പുറത്തിറങ്ങി. അങ്ങിനെ ഓരോ ദിവസവും കഴിഞ്ഞു. ഹിന്ദിപരീഷയ്ക്ക്‌ ആരെങ്കിലും കോപ്പിയടിക്കുന്നുണ്ടോ എന്നു നോക്കി ഞെളിഞ്ഞുനടക്കുന്ന ഒരു കഷണ്ടിമാഷ്‌ അരികിലെത്തി വിരല്‍ ചൂണ്ടി ശെരിയുത്തരം ചോദ്യപേപ്പറില്‍ കണ്ണും നട്ടിരുന്ന എനിക്ക്‌ കാണിച്ചുതന്നത്‌ ജീവിതകാലത്തെന്നും ഓര്‍ക്കും. മൂപ്പര്‍ക്ക്‌ എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിൂട്ടെന്തു ഫലം. കീശ കാലിയല്ലേ.

അങ്ങിനെ കണക്കുപരീക്ഷയും കുത്തിയെഴുതിക്കുറിച്ച്‌ നീണ്ട ബെല്ലടികേട്ട്‌ ഉയിര്‍ത്തെഴുന്നേറ്റവരെപ്പോലെ എല്ലാവരും മുറ്റത്തേക്ക്‌ ഓടി. പരീക്ഷ ഓവര്‍! വീണ്ടും പലരോടും യാത്രപറഞ്ഞുപിരിഞ്ഞു.

മൂന്നുമാസം എന്താക്കണം എന്ന ചിന്തയായിരുന്നു അപ്പോള്‍. അന്ന് കമ്പ്യൂട്ടര്‍ ഇല്ല പഠിക്കാനോ പരിശീലിക്കാനോ എങ്ങും ആ സാധനമില്ല. ആകെയുള്ളത്‌ രാജേശ്വരി ടാക്കീസിനടുത്തുള്ള അതിന്റെ തന്നെ മാനേജറും ഭാര്യയും സുന്ദരിമോളും നടത്തുന്ന 'ലക്ഷ്‌മീ ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌. അങ്ങിനെ അവിടെ ചേര്‍ന്ന് കീകള്‍ കുത്തിപ്പടിക്കുവാന്‍ ആശ മൊട്ടിട്ടു. ടൂ ഇന്‍ വണ്‍ ആയിരുന്നു അതിനുള്ള കാരണം. അതുപിന്നീട്‌ തരം പോലെ പറയാം.

ഒടുക്കം എസ്സ്‌ എസ്സ്‌ എല്‍ സി റിസല്‍ട്ട്‌ വന്നു. ഇന്നത്തെപ്പോലെ എസ്‌ എം എസ്സിലോ ഇന്റര്‍നെറ്റിലോ ഈ മെയില്‍ വഴിയോ ഒന്നും അറിയില്ലാലോ. രാവിലെതന്നെ മനോരമയെ കാത്തിരുന്നു. അതാരെന്നോ? ഒടുവില്‍ ഗേറ്റിനുമുകളിലൂടെ മനോരമ ടപ്പേം എന്നുവീണ ഒച്ചകേട്ട്‌ ഉള്ളുകാളിപ്പോയി. ഓടിച്ചെന്ന് എടുത്ത്‌ ഏട്‌ മറിച്ചുനോക്കി. നെഞ്ചിടിപ്പുകൂടി. കണ്ണിലിരുട്ട്‌ കേറുമ്പോലെ.

എന്റെ കൈയ്യീന്ന് ഉമ്മയും പെങ്ങളും ഏട്ടനും മനോരമയെ തട്ടിയെടുത്തു. അവര്‍ ഹാള്‍ടിക്കറ്റും വാങ്ങി ഒത്തുനോക്കി. ഏറെപ്പണിപ്പെട്ട്‌ എന്റെ നമ്പര്‍ അവര്‍ മാര്‍ക്കിട്ടുവെച്ചു. എന്നെ തോണ്ടി പറഞ്ഞു. "നീ തോറ്റിട്ടില്ല, സെക്കന്റ്‌ ക്ലാസ്സുണ്ട്‌. വല്യകാര്യായി ഹൂ." തോല്‍ക്കും എന്നുകരുതിയ ഞാന്‍ അതുകേട്ട്‌ തുള്ളിച്ചാടി. വീട്ടിലെ ആദ്യത്തെ സെക്കന്റുക്ലാസ്സുകാരന്‍ എന്ന ബഹുമതി എനിക്കുകിട്ടി. ബാക്കിയുള്ളോര്‍ ഒക്കെ ഒന്നാം ക്ലാസ്സുകാരായിരുന്നല്ലോ. ശോശാമ്മടീച്ചറുടെ ശിഷ്യയായ ഉമ്മപോലും അന്തകാലം ഒന്നാം ക്ലാസ്സുംകൊണ്ട്‌ ജയച്ച കുടുംബത്തില്‍ ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പിച്ച്‌ ആരെങ്കിലും രണ്ടാം ക്ലാസ്സ്‌ വാങ്ങാമോ എന്ന് ഞാന്‍ വെല്ലുവിളിച്ചിട്ട്‌ അതാരും ഇന്നേവരെ ചെയ്തിട്ടില്ല എന്നതാണെന്റെ ആത്മനിര്‍വൃതി!

Thursday, 16 November 2006

ആകാശപ്രണയത്തിന്‌ ഇത്രേയുള്ളൂ ആയുസ്സ്‌!

ഖത്തറിലെ അറബിയോട്‌ ഗുഡ്‌ബൈ ചൊല്ലി രാജിക്കത്തും കൊടുത്ത്‌ കിട്ടേണ്ടതെല്ലാം മേടിച്ച്‌ ആ രാജ്യത്തോടും അവിടുത്തെ സുഹൃത്തുക്കളോടും വിട ചൊല്ലി പിരിയുന്ന ദിനം.

അവസാനമായി ഞാന്‍ ജോലി ചെയ്‌ത ഇരിപ്പിടവും വിട്ട്‌ നനവാര്‍ന്ന നേത്രങ്ങള്‍ ആരും കാണാതെ തുടച്ച്‌ ഗോവണിയിറങ്ങി താഴെയെത്തുമ്പോള്‍ എന്നും ഉപദേശം തരാറുള്ള പ്രായമുള്ള മാനേജര്‍ രാജേട്ടന്‍ വെളിയില്‍ നിന്നും കയറിവന്നു. എന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ അരികെ വന്ന് കൈ പിടിച്ചു. ഞാന്‍ യാത്ര ചോദിച്ചു. അയാള്‍ വിതുമ്പി കരഞ്ഞു. കൊച്ചുകുട്ടികളെ പോലെ!

ആദ്യമായി അന്നാണ്‌ ഞാന്‍ അങ്ങിനെയൊരു ബോസ്സിനെ കാണുന്നത്‌. ഞാന്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച്‌ പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ രാജേട്ടന്‍ വാതിലിനടുത്ത്‌ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക്‌. അന്നത്തെ ഫ്ലൈറ്റില്‍ മിക്ക സീറ്റുകളും കാലിയായിരുന്നു. പാന്‍ട്രിയുടെ അരികിലുള്ള സീറ്റാണ്‌ എനിക്ക്‌ ലഭിച്ചത്‌. വലിയൊരു വിമാനത്തില്‍ വിരലിലെണ്ണാവുന്ന ആളുകളും നാല്‌ സുന്ദരി ഹോസ്‌റ്റസുകളും രണ്ട്‌ ഹോസ്‌റ്റന്‍മാരും കൂടാതെ പൈലറ്റുമാരും മാത്രം.

വിമാനം ദോഹ എയര്‍പോര്‍ട്ടില്‍ നിന്നും പൊങ്ങിയുയര്‍ന്നു. അല്‍പം കഴിഞ്ഞ്‌ മധുരവും പാനീയങ്ങളും വിതരണം ചെയ്‌ത്‌ ആകാശസുന്ദരിമാര്‍ അവതരിച്ചു. ഞാന്‍ ജോലിപോയത്‌ ആഘോഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ബിയര്‍ ഒത്തിരി എടുത്ത്‌ അകത്താക്കി. വീണ്ടും ആവശ്യപ്പെട്ട നേരം കരിമിഴിയിളക്കിയ നോട്ടം നോക്കിയ ഒരുത്തി എന്നെ വിലക്കി.

എന്നിട്ടൊരു സ്വകാര്യം കാതില്‍ മൊഴിഞ്ഞു. ഒപ്പം അവളുപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മാസ്‌മരിക വാസന തഴുകിയെത്തി.

"അവിടെ പാന്‍ട്രിയില്‍ വന്നാല്‍ അല്‍പം കൂടെ തരാം. വേറെയാരേയും അറിയിക്കല്ലേ പ്ലീസ്‌.."

ഞാനാകെ കോള്‍മയിര്‍ കൊണ്ടു. ആദ്യം കഴിച്ചതിന്റെ ലഹരി പാദം മുതല്‍ ശിരസ്സ്‌ വരെ വിദ്യുത്‌ തരംഗം പോലെ അനുഭവപ്പെടുന്നു. അപ്പോളിങ്ങനെ ഗഗനസുന്ദരിയും ക്ഷണിച്ചതിന്റെ ത്രില്‍! ഹോ.. ഞാന്‍ ഭൂമിയില്‍ നിന്നും വീണ്ടും പൊങ്ങിയുയര്‍ന്ന് അങ്ങ്‌ നക്ഷത്രങ്ങളുടെ തോഴിമാരുടെയൊപ്പം പറുദീസയിലോ!

നോക്കുമ്പോളതാ ചിത്രശലഭങ്ങളെപോലെ നാലെണ്ണം ഒഴുകി പറന്ന് പോവുന്നു. പാന്‍ട്രിയില്‍ ചേക്കേറുന്നു. എന്നെ ക്ഷണിച്ചവള്‍ സാകൂതം കടക്കണ്ണാലെ "വരൂന്നേ.." എന്ന് വിളിക്കുന്നുവോ? ബാക്കിയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലാണ്‌. ഞാന്‍ അങ്ങോട്ട്‌ നടന്നു.

"ഹായ്‌ ഞാന്‍ സാലി." - ഞാന്‍ സ്വയം പരിചയപ്പെടുത്തി കൈ നീട്ടി.

"ഹായ്‌ ഞാനും സാലി!" - അവള്‍ കൈയ്യില്‍ മൃദുലമായി തൊട്ടുകൊണ്ട്‌ പുഞ്ചിരിച്ചു.

"എന്നെ കളിയാക്കുകയാ അല്ലേ?"

"അല്ലാ മിസ്‌റ്റര്‍ എന്റെ പേര്‌ അതു തന്നെയാ."

"എന്നാല്‍ എന്റെ ഫുള്‍ നെയിം സാലിഹ്‌ എന്നാ" - ഒരു പെണ്ണിന്റെ പേരില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ഉരുണ്ടുകളിച്ചു. അതവള്‍ക്ക്‌ മനസ്സിലായോ? അവള്‍ ബിയറും ബദാം പാക്കറ്റും എടുത്ത്‌ തന്നു. പൊട്ടിച്ച്‌ ഗ്ലാസ്സിലൊഴിക്കാനും സഹായിച്ചു.

"മിസ്റ്റര്‍ സാലി സീറ്റില്‍ പോയി ഇരുന്നോളൂ. അരികെ സീറ്റ്‌ കാലിയല്ലേ? ഞാന്‍ ഇതൊക്കെ ഒതുക്കി വെച്ചതിന്‌ ശേഷം ജോയിന്‍ ചെയ്‌തോളാം. ഒകെയ്‌?"

"ശരി മിസ്സ്‌ സാലി. വൈകരുത്‌ട്ടോ.." - ഞാന്‍ തിരിച്ച്‌ സീറ്റില്‍ വന്നിരുന്നു.

എനിക്ക്‌ നൃത്തം ചെയ്യാനും മേഘക്കൂട്ടത്തിലൂടെ അവളുടെ പിറകെ അവസാനമില്ലാതെ ഓടിക്കളിക്കാനുമൊക്കെ പൂതി വന്നു.

ബിയര്‍ നുണഞ്ഞ്‌ കണ്ണടച്ച്‌ ഞാന്‍ മന:സ്ക്രീനില്‍ സാലി-സാലികളുടെ മഴപ്പാട്ട്‌ കാണവേ... ഒരു മൃദുസ്പര്‍ശം. ഉണര്‍ന്ന് നോക്കുമ്പോള്‍ അവള്‍ സാലി പുഞ്ചിരിച്ച്‌ കൊണ്ട്‌ സമീപം വന്ന് ഇരിക്കുന്നു. അവള്‍ സോഫ്‌റ്റ്‌ ഡ്രിങ്ക്സ്‌ നുണയുന്നുണ്ട്‌.

ആദ്യമാദ്യം ഒരു സ്‌ടാര്‍ടിംഗ്‌ പ്രോബ്ലം. പിന്നെ പരിചയം തുടങ്ങി. പാന്‍ട്രിയിലേക്ക്‌ നോക്കി. അവിടെ രണ്ട്‌ ഹോസ്‌റ്റന്മാര്‍ മൂന്നെണ്ണത്തിനെ കത്തി വെച്ച്‌ പൊട്ടിച്ചിരിച്ച്‌ സമയം കൊല്ലുന്നു.

സാലി ഏതാനും മാസമേ ആയുള്ളൂ ഹോസ്‌റ്റസ്സായിട്ട്‌. അവള്‍ക്കിത്‌ ഇഷ്‌ടമല്ലാഞ്ഞിട്ടും തുടരേണ്ടി വന്നു. കാരണം ബോംബെയിലെ അവളുടെ കാമുകനെന്നും പറഞ്ഞ്‌ പിറകേ നടക്കുന്ന ഒരുത്തന്റെ ശല്യം അസഹനീയമായപ്പോള്‍ കിട്ടിയ രക്ഷാമാര്‍ഗം ആകാശയാത്രയല്ലാതെ വേറൊന്നില്ലായിരുന്നു. ജന്മനാടായ ബോംബേയില്‍ ഒരു നിമിഷം പോലും കഴിയാന്‍ ഇന്നവള്‍ക്ക്‌ താത്‌പര്യമില്ല. അവള്‍ കഥ തുടര്‍ന്നു. ഏറെ നേരം അറബിക്കടലിന്റെ മുകളില്‍ ലോകര്‍ മൊത്തം നിദ്രയിലായ വേളയില്‍ ഉറങ്ങാതെ ഞങ്ങള്‍ പരസ്പരം അറിഞ്ഞ്‌ അരികിലങ്ങനെ കഴിഞ്ഞ്‌ പറന്നുകൊണ്ടിരുന്നു. കൂട്ടിന്‌ അല്‍പം ലഹരിയും. ഞാന്‍ അവളെ സ്പര്‍ശിച്ചു. എതിരൊന്നും പറഞ്ഞില്ല.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ സൗകര്യം എപ്പോഴും കിട്ടില്ല. ചോദിച്ച്‌ വാങ്ങിയാല്‍ ഒരുപക്ഷെ നമ്മുടെ പി.ജെ.ജോസഫിന്റെ സ്ഥിതിയാവും അവസ്ഥ. (പാവം പുള്ളിയേയും ഇതേ പോലെ ഒരവസ്ഥയില്‍ ആരെങ്കിലും കണ്ട്‌ പരസ്യമാക്കിയതാവാം).

"ഇനി തൊടേണ്ടാട്ടോ. വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരിക്കാം. അതല്ലേ രസം?" - അവള്‍ അതൃപ്‌തി സൗമ്യമായി അറിയിച്ചു. അതിനിടയില്‍ ഏതോ സീറ്റിലെ യാത്രക്കാരന്റെ ബെല്ലടി വന്നപ്പോള്‍ അവള്‍ എഴുന്നേറ്റ്‌ പോയി. ആവശ്യപ്പെട്ട വെള്ളമോ മറ്റോ കൊണ്ടുപോയി കൊടുത്ത്‌ തിരികെയെത്തി.

ഞാന്‍ എന്റെ പഴയകാല പ്രണയകഥ പറഞ്ഞു. കഥാനായികയും ഞാനും ഒരുപാട്‌ കാലത്തിനിപ്പുറം വീണ്ടും അറിയാനിട വന്ന സാഹചര്യം അവള്‍ ഒരു സിനിമ ദര്‍ശിച്ച ഭാവത്തിലാണ്‌ ശ്രവിച്ചത്‌. പക്ഷെ അവള്‍ കുടുംബിനിയും ഞാന്‍ അവിവാഹിതനുമായി കഴിയുന്നത്‌ കഷ്‌ടമായെന്ന് സാലി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സരസവര്‍ത്തമാനത്തില്‍ ബാക്കിയുള്ള ഹോസ്‌റ്റസ്സുമാരും കൂടി. അവര്‍ ഞങ്ങള്‍ക്ക്‌ നല്ല പൊരുത്തമാണെന്ന് പരിഹസിച്ചു. ഞങ്ങളുടെ പേരുകള്‍ ഒരേ സമയം വിളിച്ച്‌ ഞങ്ങളെ നട്ടം തിരിച്ചു. അതിലൊരുത്തി എന്നെ ആംഗ്യത്തിലൂടെ സാലിയെ താലികെട്ടിക്കൂടേ എന്നുപോലും അഭിപ്രായം അറിയിച്ചു. എനിക്കും തോന്നി എന്തുകൊണ്ട്‌ ആയിക്കൂടാ?

ഒന്നൂല്ലെങ്കില്‍ ഞാനും പതിനായിരങ്ങള്‍ പൊട്ടിച്ച്‌ കാബിന്‍ ക്രൂ പരിശിലനം നേടിയിട്ടുണ്ടല്ലോ. ഈ പണി ചെയ്തില്ലെന്നേയുള്ളൂ. ഇവളെന്ത്‌ കൊണ്ടും എനിക്കിണങ്ങും. ആകാശ റാണിയെ പ്രണയിച്ച ഒരു സാധാരണ 'ധര്‍ത്തിപുതൃ' മാത്രമായി ഞാന്‍ ഇരുന്നു.

"ഇനിയെങ്കിലും വിവാഹം ചെയ്‌തൂടെ വൈകാതെ?" - സാലി ചോദിച്ചത്‌ കേട്ട്‌ രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന കണക്കെ ഞാന്‍ ഞെട്ടി.

"അതിനിപ്പോ എങ്ങനെ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാ ഞാന്‍"

"ചെന്ന് കാണണം നല്ലൊരു മൊഞ്ചത്തിക്കുട്ടിയെ. എന്നിട്ട്‌ സന്തോഷമായി ജീവിക്കണം"

"ഓ, എനിക്ക്‌ ഉടനെയൊന്നും കുടുംബജീവിതത്തിനോട്‌ ആഗ്രഹമില്ല."

ഞാന്‍ മൂഡ്‌ നഷ്‌ടമായി ഇരുന്നു. ശുഭരാത്രി ആശംസിച്ച്‌ സാലി എഴുന്നേറ്റു. ഞാന്‍ മയക്കത്തിന്റെ കയത്തിലേക്ക്‌ മുങ്ങി.

ഏറെ നേരം മയങ്ങിയിരിക്കുന്നു. കോക്‍പിറ്റിലെ അറിയിപ്പ്‌ കേട്ടാണ്‌ ഉണര്‍ന്നത്‌. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മണ്ണില്‍ ഈ ആകാശപേടകം ഇറങ്ങുന്നതായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍മ അനുഭവപ്പെട്ടു. എല്ലാവരും സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി. ഞാന്‍ തിരിഞ്ഞു നോക്കി. സാലി ജോലിത്തിരക്കിലാണ്‌. ഞാന്‍ വിളിച്ച്‌ ഒരു സുപ്രഭാതം നേര്‍ന്നു.

വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ വിമാനം റണ്‍വേയിലൂടെ പാഞ്ഞു. ഗട്ടറുള്ള പാതയില്‍ ബസ്സ്‌ ഓടുന്ന അതേ പ്രതീതി. പിന്നെ ഏതാനും തിരിച്ചിലിന്‌ ശേഷം നിശ്ചലമായി. എല്ലാവരും ബാഗേജുകളെടുത്ത്‌ വെളിയിലേക്ക്‌.

ഞാനിതാ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌ യാന്ത്രികമായി ബാഗുമെടുത്ത്‌ പാന്‍ട്രിയുടെ അരികിലെ ഗോവണി ലക്ഷ്യമാക്കി നടക്കുന്നു. ഇനി നമ്മള്‍ കാണുമോ? അറിയില്ല. ഒരു രാത്രി മാത്രം പ്രണയിച്ച ആദ്യ ജോഡിയെന്ന ബഹുമതി നിലനിര്‍ത്തികൊണ്ട്‌ ഞങ്ങള്‍ പിരിയുന്ന, ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്നറിയുന്ന ആ നിമിഷത്തെ ശപിച്ച്‌ അവളെ കൈ ഗ്രഹിച്ച്‌ ഞാന്‍ യാത്ര ചൊല്ലി.

അവള്‍ ഒരു ടിഷ്യൂപേപ്പറില്‍ ഇമെയില്‍ വിലാസം എഴുതി എന്റെ പോക്കറ്റിലിട്ടു.

"താങ്കള്‍ ബന്ധപ്പെടാന്‍ മറക്കരുത്‌. കല്ല്യാണക്കാര്യമെല്ലാം അറിയിക്കണം."

ഞാന്‍ തലകുലുക്കി തിരിയുമ്പോള്‍ വീണ്ടും അവള്‍ എന്നെ വിളിച്ചു. ഞാന്‍ നിന്നു. വിമാനത്തിനകത്ത്‌ യാത്രക്കാരനായി ഞാന്‍ മാത്രമുണ്ട്‌ പുറത്തിറങ്ങാന്‍.

"സീ മിസ്റ്റര്‍ സാലി? എന്റെ എന്‍ഗേജ്‌മന്റ്‌ റിംഗ്‌ ശ്രദ്ധിച്ചിരുന്നില്ലേ? ഞാന്‍ പറയാന്‍ മറന്നു. എന്റെ വിവാഹം അടുത്ത മാസമാണ്‌. വരന്‍ ഞാന്‍ പറഞ്ഞ ശല്ല്യക്കാരന്റെ അയല്‍പക്കത്തുള്ള പോലീസ്‌ ഇന്‍സ്പെക്‍ടറാണ്‌."

"ങ്‌ഹേ! എനിക്കൊന്നും അറിയില്ലേ!"

"എന്തേലും പറഞ്ഞോ ഇപ്പോള്‍?

"ഉം.. ദീര്‍ഘ സുമംഗലീ ഭവ:" എന്ന് പുലമ്പി ഞാനെന്റെ ബാണ്ടക്കെട്ടെടുത്ത്‌ മ്ലാനവദനവുമായി പുറത്തിറങ്ങി. എന്നെ ആദ്യം വരവേറ്റത്‌ കാക്കകളുടെ "കാ കാ" ഈണമാണ്‌. ഗള്‍ഫില്‍ കേള്‍ക്കാനാവാത്തതിനാല്‍ കാക്കയുടെ സ്വരത്തിനെന്തൊരു മാധുര്യം!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com