Showing posts with label പ്രണയകഥ. Show all posts
Showing posts with label പ്രണയകഥ. Show all posts

Saturday, 14 March 2009

എന്റെ സ്നേഹിതയേ...(ബ്ലോഗിണിയെ സന്ധിച്ച വേള -2)

മിഠായ് തെരുവില്‍ നിന്നും രണ്ടാം ഗേറ്റും ലെവല്‍ ക്രോസ്സും കുലുങ്ങിക്കടന്ന് മാതൃഭൂമി ആപ്പീസും കഴിഞ്ഞ് മഴയിലൂടെ ഓട്ടോ ശടുകുടു ഓടി ഒരു തിരിവും കഴിഞ്ഞ് ഇതുവരെ കാണാത്ത സ്നേഹിത സൂചിപ്പിച്ച ഇടമെത്തി. അവിടെ എത്തുന്നതിനും മുന്നെ എന്റെ കണ്ണുകള്‍ അവിടെ എത്തിയിരുന്നു.

അവിടെ ഒരു മുതുക്കിത്തള്ളയും വെള്ള യൂണിഫോമിട്ട പ്രായം ചെന്ന ഒരു നഴ്സമ്മയും പിന്നെ ഏതാനും തള്ളമാരും ഓട്ടോയുടെ മുന്നിലെ ഗ്ലാസ്സിലൂടെ അവ്യക്തമായി എന്റെ കണ്ണില്‍ അനുവാദമില്ലാതെ കയറിവരുന്നത് തടയാന്‍ ആവുന്നതും ശ്രമിച്ചെങ്കിലും നിരാശയോടെ കണ്ണുകള്‍ നിറഞ്ഞതും അന്തരാളങ്ങള്‍ കലിപ്പോടെ കത്തിജ്വലിച്ചതും ഞാനറിഞ്ഞു. അവിടെ നേരത്തെ ഫോണില്‍ കേട്ട കിളിനാദത്തിന്റെ ഉല്‍ഭവസ്രോതസ്സ് എവിടെ? ഇനി ആ നഴ്സമ്മയാണോ എന്റെ അക്ഞാത ബ്ലോഗിണി സ്നേഹിത! അയ്യയ്യോ! എന്നൊക്കെ ചിന്തിച്ച് ഓട്ടോക്കാരനോട് വണ്ടി തിരിക്കാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍.....!

അത് സംഭവിച്ചു.

മഴത്തുള്ളികളില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാന്‍ ഓട്ടോയുടെ ഇരുവശവും കെട്ടിമൂടിയ ടാര്‍പ്പോളിന്‍ ഇടതുവശം നീക്കി വെളിച്ചം പരത്തിക്കൊണ്ട് നെയില്‍ പോളിഷിട്ട നീണ്ട വിരലുകള്‍ കാണാറായി. പിന്നെ വളയിട്ട കൈകളും പ്രത്യക്ഷപ്പെട്ടു. അകമ്പടിയായി മഴച്ചാറ്റല്‍ നീര്‍ത്തുള്ളികള്‍ പൊഴിച്ച വെളുത്ത ഒരു മുഖവും! നീലക്കുടയുടെ ചോട്ടില്‍ നിന്നതിനാല്‍ ആ മുഖത്തിന്‌ കൂടുതല്‍ ഒരു ചന്തം തോന്നി. എത്രയോകാലം ചിരപരിചിതരാണെന്നപോലെ അവള്‍ ചിരിച്ചുകൊണ്ട് 'ഏറാടനല്ലേ?' എന്നുചോദിച്ചു. അപ്പോയിതാണാല്ലേ ബ്ലോഗിണി മൈ സ്നേഹിത!

ഓട്ടൊസീറ്റില്‍ നീങ്ങിയിരുന്ന് അവള്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഞാന്‍ അതെയെന്ന് തലയാട്ടി. എന്റെ ശബ്‌ദമെല്ലാം അന്നേരം എവിടേയോ പോയൊളിച്ചിരുന്നു. അവള്‍ അവിടെയിരുന്ന് നീലക്കുട മടക്കി. അവളുടെ വെളുത്ത ചുരിദാറെല്ലാം മഴനഞ്ഞിട്ട് മെലിഞ്ഞ ദേഹത്തൊട്ടിക്കിടന്നിരുന്നത് ഞാന്‍ ഇടം കണ്ണാല്‍ ശ്രദ്ധിക്കാതിരുന്നില്ല. തലയിലൂടെയിട്ട ഷാള്‍ കഴുത്തിലൂടെ നീണ്ടുകിടന്നതിനടിയില്‍ ആ മാറിടങ്ങള്‍ മറഞ്ഞുതന്നെ കിടന്നു.

പോകേണ്ടയിടം ഡ്രൈവറോട് പറഞ്ഞിട്ട് അവള്‍ കുശലങ്ങളുടെ കെട്ടഴിച്ചു. ഞാന്‍ വാക്കുകളില്ലാതെ ചൂളിക്കൂടിയിരുന്നു. ഓട്ടോ കുലുങ്ങിയോടുന്നതിന്‌ അനുസരിച്ച് ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ തൊട്ടുരുമ്മിയപ്പോള്‍ കുളിരിന്‌ വല്ലാത്തൊരു കുളിര്‌ അനുഭവപ്പെട്ടു. അവളുടെ ഷാള്‍ തലയിലി നിന്നും ഊര്‍ന്നുവീണു. വാനിറ്റിബാഗില്‍ നിന്നും മൊബൈല്‍ റിംഗ് കേള്‍ക്കായി. നല്ലൊരു ഹിന്ദിട്യൂണ്‍..

ബാഗിന്റെ സിബ്ബ് തുറന്ന് അവള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ വെളിയിലെടുത്തു. റിംഗ് ചെയ്യുന്നതെടുത്ത് കാതോടു കാതോരം ചേര്‍ത്ത് മറ്റേത് ബാഗിലിട്ട് അവളിരുന്നു.

കുറേ ബിസ്സിനസ്സ്പരമായ സംസാരത്തില്‍ അവള്‍ മുഴുകി. ഏതൊക്കെയോ വീസ, റിക്രൂട്ട്മെന്റ്, ഇന്റര്‍‌വ്യൂസ്, സൗദി, ദുബായ് എന്നൊക്കെ അവള്‍ പറയുന്നത് കേട്ട് 'ആ ആര്‍ക്കറിയാം' എന്ന ഭാവേന ഞാന്‍ ആ ദേഹത്ത് മുട്ടീമുട്ടീലാ എന്നപോലെ കുലുങ്ങുംഓട്ടോയിലിരുന്നു. എന്റെ മൊബൈലില്‍ ഒരു മിസ്സ്കാളെങ്കിലും അന്നേരം ആരെങ്കിലും അടിച്ചിരുന്നെങ്കില്‍ എന്ന് തോന്നാതെയിരുന്നില്ല. ഞാനും ഒരു ബിസ്സിക്കാരന്‍ ആണെന്ന് അവളറിയട്ടെ എന്നൊരു വ്യാമോഹം, ആശ..

അവള്‍ പറഞ്ഞ കോഫീബീന്‍സിനു മുന്നില്‍ ഓട്ടോ നിന്നു. ഇത്രപെട്ടെന്ന് എത്തേണ്ടിയിരുന്നില്ല. ഒരു നൂറു മൈല്‍ ദൂരമെങ്കിലും അങ്ങനെ കുലുങ്ങി തട്ടിമുട്ടി ഇരുന്ന് അതുമിതും മിണ്ടിപ്പറഞ്ഞ് ഇരിക്കാന്‍ പൂതി വന്നുതുടങ്ങിയതായിരുന്നു. പറഞ്ഞിട്ടെന്താ സ്ഥലമെത്തിയില്ലേ. ഹൈഹീല്‍ഡിട്ട ബ്ലോഗിണിയുടെ കാലുകള്‍ നിലം തൊട്ടു. മഴയ്ക്ക് ശമനമുണ്ട്. അവള്‍ വാനിറ്റിബാഗുതുറന്ന് ഓട്ടോക്കൂലി കൊടുക്കുന്നത് എന്നെ കൊച്ചാക്കാന്‍ ആയിരുന്നില്ലേ എന്ന് എന്റെ ഉള്ളിലിരുന്നാരോ ചോദിച്ചു. ഞാന്‍ ചാടിയിറങ്ങി ആ മെലിഞ്ഞകൈയ്യില്‍ ആട്ടോമാറ്റിക്കായി പിടിച്ച് തടഞ്ഞു. എന്നിട്ട് എന്റെ പേഴ്സ് എടുത്ത് അതിലെ അഞ്ഞൂറു ഉറുപ്പിക എടുത്തപ്പോള്‍ ഓട്ടോക്കാരന്‍ കൈമലര്‍ത്തി. ചില്ലറ നഹി നഹി.

കോഴിക്കോട്ടെ ഓട്ടോക്കാര്‍ സത്യസന്ധതയ്ക്ക് പണ്ടേ പേരുകേട്ടവരല്ലേ. ഇത്രേം ഓടിയിട്ടും മീറ്ററിലെ പതിനെട്ട് രൂ. എഴുപ്പത്തഞ്ച് പൈ മതിയത്രേ. അതവള്‍ തന്നെ ബാഗില്‍ നിന്നും കൊടുത്തു. (ഞാന്‍ ഊറിച്ചിരിച്ചു. ഇതെന്റെ സ്ഥിരം നമ്പറാണെന്ന് അവരറിയില്ലാലോ. എവിടെപ്പോയാലും അഞ്ഞൂറു രൂ നോട്ട് എത്രവട്ടം എന്നെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷിച്ചിരിക്കുന്നു. ഈ നോട്ട് വെളിയിലെടുത്ത് പേഴ്സില്‍ മടക്കിവെച്ച് വെച്ച് മുഷിഞ്ഞുതുടങ്ങിയിട്ട് മാസം ഒന്നായിരിക്കുന്നു.)

പലവിധ കാപ്പികളും ബര്‍ഗറുകളും സാന്‍‌വിച്ചുകളും തിന്നുകൊണ്ട് ഇണക്കിളികളും ചെല്ലക്കിളികളും ഇരിക്കുന്ന കോഫിബീന്‍സിന്റെ ഒരു കോര്‍ണറില്‍ അവളും ഞാനും ഇരുന്നു. മെനു നോക്കി അറിയാമ്പാടില്ലാത്ത ഐറ്റംസ് അവളോര്‍ഡര്‍ കൊടുത്തിട്ട് പിന്നേം മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ബിസ്സിനസ്സ് ടാക്കില്‍ പെട്ടുപോയി. അന്നേരം രണ്ടാം മൊബൈലിലും ആരോ വിളിച്ചു. ആദ്യത്തെ ടാക്ക് നിറുത്തി പിന്നെ വിളിക്കൂ എന്നും പറഞ്ഞ് അത് ഇത് അറ്റന്‍ഡ് ചെയ്തു. എനിക്ക് കോട്ടുവാ വന്നത് കണ്ടിട്ടോ എന്തോ അവള്‍ അയ്യോടാ എന്നപോലെ ബിസ്സിനസ്സ് ടാക്ക് നിറുത്തീട്ട് ചാറ്റ് ആരംഭിച്ചു.

'എന്താ ഏറാടാ വിവാഹം ചെയ്യാത്തെ? മുടിയെല്ലാം പോയിത്തുടങ്ങീലേ? ഉള്ളതില്‍ നരയും വന്നുതുടങ്ങീട്ടും വൈ ആര്‍ യു നോട്ട് ഗെറ്റിംഗ് മാരീഡ്?'

'ഇയാള്‍ക്ക് എന്താ എന്നെ കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും അനന്തരഫലം എന്താവും എന്നറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒരു പുഞ്ചിരിയിലൊതുക്കി ഞാന്‍ ഇരുന്നു.

'എന്റെ മുന്‍‌കാല ജീവിതകഥ ഒന്നുമറിയാതെയാണ്‌ സ്നേഹിത ഇത് ചോദിച്ചത്. അതുപോട്ടെ, ബ്ലോഗിണിയുടെ ജീവിതം വിരോധമില്ലേല്‍ ഒന്ന് കേട്ടാല്‍ കൊള്ളാം.'

'അയ്യട എന്നിട്ട് വേണം ബ്ലോഗായ ബ്ലോഗിലൊക്കെ പോസ്റ്റിട്ട് എന്നെ നാറ്റിക്കാന്‍ അല്ലേ?'

'ഇനി ഇട്ടാലും ഞാന്‍ ബ്ലോഗിണി എന്നേ ഇടൂ. പേരിടില്ല. ഇനി പേര്‌ നിര്‍ബന്ധമാണേല്‍ റജീന എന്നോ അജിത എന്നോ ഇട്ടോളാം. എന്താ പോരേ?'

'അറിയാല്ലോ. ഞാന്‍ ഇത്തിരി വിഐപീസുമായും സാംസ്കാരികവ്യക്തികളുമായും നല്ല പരിചയമുള്ള ആളാണ്‌. അവര്‍ക്കെല്ലാം അതുവായിച്ചാല്‍ അത് ഞാന്‍ ആണെന്നറിയും. ഇപ്പോ ഏറാടനെ പരിചയമായതും അങ്ങനെയല്ലേ?'

ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു. ബെയറര്‍ കോഫി കൊണ്ടുവന്നു. അത് കൊറേശ്ശെ രുചിച്ച് ഞങ്ങളിരുന്നു. പിന്നീട് അവള്‍ ജീവിതകഥ ഒരു ചെറുകഥയായി പറഞ്ഞുതന്നു. ശരിക്കും പാവം ഒരു ദുരന്തനായിക ആണെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതകഥയൊന്നും ഒരു മണ്ണാങ്കട്ടയും അല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സോഫ്റ്റ് കോര്‍ണര്‍ എനിക്കപ്പോള്‍ ആ കോര്‍ണറിലിരുന്നപ്പോള്‍ തോന്നി.

ഇനിയും എന്റെ ജീവിതകഥ അവളോട് മറച്ചുവെക്കുന്നത് നീതിയല്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മനസ്സില്ലാമനസ്സോടെ എന്റെ കഥയും പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ ദുഖിതയായി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ക്ഷോഭിതനായിക്കൊണ്ട് തെറ്റു ചെയ്തതിന്‌ എന്റെ സ്വന്തം കുഞ്ഞിനെ എന്നെ ഒരിക്കല്‍ പോലും കാണിക്കാതെ, പേരുപോലും അറിയിക്കാതെ വളര്‍ത്തുന്ന എന്റെ ജീവിതസഖി ആയിരുന്ന ആ പെണ്ണിനെ അവള്‍ക്കും വെറുപ്പായി. ആ കുഞ്ഞിന്റെ മുഖം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ സ്നേഹിത ഞെട്ടിയത് ഞാനറിഞ്ഞു.

'ഒരുകണക്കിനു നോക്കിയാല്‍ നമ്മളിരുവരും ഒരേ തൂവല്‍‌പക്ഷികളാണല്ലേ ഏറാടാ? തുല്യദു:ഖിതര്‍. എനിക്ക് എന്റെ കുഞ്ഞിനെ കാണാനെങ്കിലും സാധിക്കുന്നുണ്ട്. ആ വ്യത്യാസം മാത്രം. ഡോണ്ട് വറി. ഒരു നല്ല മൊഞ്ചത്തിയെ വിവാഹം ചെയ്യൂ. ഇങ്ങനെ എത്രകാലം ഇനിയും ഏകാകി ആയി ജീവിക്കും നീ?'

'അറിയില്ല. ആരെങ്കിലും എല്ലാം അറിഞ്ഞ് മനസ്സിലാക്കി വരുന്നത് വരെ, അല്ലെങ്കില്‍ എല്ലാം ഒത്തുവരുന്നതുവരെ..'

ഞങ്ങള്‍ എഴുന്നേറ്റു. കുറേദിവസം പേഴ്സില്‍ മടക്കിച്ചുളിച്ചുവെച്ചിരുന്ന അഞ്ഞൂറു രൂപാ നോട്ട് തുറന്ന മനസ്സോടെ ഞാന്‍ കോഫീബീന്‍സില്‍ അവള്‍ എതിര്‍ത്തിട്ടും ബില്ലോടുകൂടി കൊടുത്ത് ബാക്കി വാങ്ങി ഒരുമിച്ച് പുറത്ത് ഇറങ്ങിനിന്നു. വീണ്ടും അവള്‍ക്ക് കാള്‍ വന്നു. ബിസ്സിനസ്സ് കാള്‍സ്. ഫ്ലൈറ്റ് ടൈം, ലേബേഴ്സ് വീസാ എന്നൊക്ക് കേട്ട് ഞാന്‍ മാറിനിന്നു. അവള്‍ക്ക് ആകര്‍ഷണമൊക്കെയുണ്ട്. കമ്പനി തലപ്പത്തിരിക്കാനുള്ള പവര്‍ ആ സ്ലിം ബോഡിയില്‍ നിറഞ്ഞിരിപ്പുണ്ട്.

'സോറീട്ടോ. ബിസ്സിനസ്സ് കാള്‍സാ. ഞാന്‍ പറായാന്‍ വിട്ടുപോയി. ട്രാവല്‍ ടുര്‍സ് ബിസ്സിനസ്സ് റണ്‍ ചെയ്യ്ന്ന കാര്യം. ഒത്തിരി വീസാ പാസ്സായിട്ടുണ്ട്. അതിന്റെ തിരക്കിലാ. എല്ലാം ഓക്കെ ആയാല്‍ നല്ലൊരു തുക കിട്ടും. കെട്ട്യോന്‍ ഇല്ലെങ്കിലും അവന്‍ തന്നിട്ടുപോയ കുഞ്ഞിനെ എനിക്ക് പോറ്റണ്ടേ? മുസ്ലിം പെണ്ണാണെന്ന് പറഞ്ഞ് അടുക്കളയില്‍ മാത്രം ഒതുങ്ങാനൊന്നും എനിക്ക് പറ്റില്ല. പലരും നെറ്റിചുളിക്കുന്നുണ്ടെങ്കിലും അപവാധം പറയുന്നുണ്ടെങ്കിലും നെവര്‍ മൈന്‍ഡ്!'

സ്നേഹിതയുടെ ചങ്കൂറ്റത്തില്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ പുഞ്ചിരിച്ചു നിന്നു. ഒരു പക്ഷെ എന്നെ ഒഴിവാക്കി എന്നെന്നേക്കുമായി എന്റെ കുഞ്ഞിനെ അടര്‍ത്തി മാറ്റിക്കൊണ്ടുപോയ ആ സ്ത്രീയും കുഞ്ഞിനെ പോറ്റാന്‍, ജീവിതപാതയില്‍ അടരാതെ പതറാതെ മുന്നേറുവാന്‍, ഇവളെപ്പോലെ പാടുപെടുന്നുണ്ടാവും എന്നോര്‍ത്ത് എന്റെ കണ്ണുകള്‍ സജലങ്ങളായി.

സ്നേഹിത അരികെ വന്നു. വാ ഒരിടം വരെ കൂടി പോകാനുണ്ടെന്നും അവിടെവരെ ഒരുമിച്ച് എന്തെങ്കിലൊക്കെ സംസാരിച്ച് പോകാമെന്നും പറഞ്ഞപ്പോള്‍ നഷ്‌ടസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നില്ലാതായി.

'എവിടേക്ക്?'

'എന്താ പേടിയാണോ? വാ പറയാം.' എന്ന് സ്നേഹിത ചിരിച്ചുകൊണ്ട് പറഞ്ഞു.

മഴ തോര്‍ന്ന പാതയിലൂടെ മഴവെള്ളം കെട്ടിനില്‍ക്കുന്ന ഓരത്തൂടെ ഞങ്ങള്‍ മഴവെള്ളക്കെട്ടിലെ പ്രതിബിംബങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നു. ഒരിടവഴിയിലൂടെ ആയിരുന്നു പോയത്. ഏറെനേരം ഞങ്ങള്‍ക്ക് ഒന്നും പറായാന്‍ വിഷയങ്ങളില്ലാതെയായി നിശ്ശബ്ദരായി നീങ്ങി. ജീവിതദുരന്തങ്ങള്‍ പേറുന്ന രണ്ട് പേടകങ്ങള്‍ അങ്ങനെ മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ പോയിക്കൊണ്ടിരുന്നു. എവിടേക്ക് എന്നറിയാതെ?

അവള്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. നടത്തം സ്ലോ ആക്കി. ഞാന്‍ മുന്നിലായിരുന്നു.

'ഹലോ ടാജ് റെസിഡന്‍സി?'

ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അല്പം പിറകിലായി അവള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ട് നടത്ത തുടര്‍ന്നു. ഇവള്‍ എന്തിനാ കോഴിക്കോട്ടെ മുന്തിയ ഹോട്ടലായ ടാജിലൊക്കെ വിളിക്കുന്നതാവോ എന്നു വിചാരിച്ചപോഴേക്കും...

'എ ഡീലക്സ് ഡബിള്‍ റൂം ഫോര്‍ വണ്‍ നൈറ്റ്. യെസ്, റ്റുനൈറ്റ്, പ്ലീസ് ബുക്കിറ്റ് നൗ ഇന്‍ ദി നെയിം ഓഫ്..............'

അതുകേട്ടപ്പോള്‍ എന്റെ ഉള്ളം അലയടിച്ചുയര്‍ന്നു. എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ആ നിമിഷം ശരിക്കും ഞാന്‍ രോമാഞ്ചകഞ്ചിതകുഞ്ചിതന്‍ ആയിമാറി. ഞാന്‍ എന്റെ പേഴ്സില്‍ കൈവെച്ചു. സാരമില്ല, എടിയെം കാര്‍ഡുണ്ടല്ലോ, എക്കൗണ്ടില്‍ കാശുമുണ്ട്. അഡ്ജസ്റ്റ് ചെയ്യാം. എന്നൊക്കെ സാത്താന്‍ ഡ്രീംസ് ഞൊടിയിടയ്ക്കുള്ളില്‍ മിന്നിത്തെളിഞ്ഞു. എന്റെ തലകറങ്ങി.

അവളെ നോക്കുമ്പോള്‍ അവള്‍ ഒന്നല്ല, രണ്ടല്ല, പത്താളായി എന്റെ റെറ്റിനയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന പോലെ.

'മൈ ഡിയര്‍ ബ്ലോഗിണീ, ടാജ് എങ്കില്‍ ടാജ്, ഫോര്‍ വണ്‍ ആന്റ് ഓണ്‍ലി വണ്‍ നൈറ്റ്, വൈ നോട്ട്?! എന്നൊക്കെ വിളിച്ചു കൂവണമെന്ന് തോന്നി.'

മൊബൈല്‍ വാനിറ്റിബാഗില്‍ വെച്ച് സിബ്ബ് അടച്ച് അവള്‍ എന്നരികില്‍ എത്തി. എനിക്ക് വീണ്ടും ശബ്‌ദം പോയിക്കിട്ടി. എന്റെ ഹൃദയം പെരുമ്പറയടി ആരംഭിച്ചു. കൊള്ളാം ബ്ലോഗിണീ, ഒരു രാത്രി നമുക്ക് എല്ലാം മറന്നുല്ലസിക്കാം, എന്നെന്നേക്കും സ്മരിക്കപ്പെടാന്‍ ഒരേയൊരു നൈറ്റ്, അല്ലേ? ഞാന്‍ മനസ്സില്‍ മന്ത്രിച്ചു.

'എന്താ ഒന്നും മിണ്ടാതെ നോക്കുന്നത്?'

'ഊഹും ഹൊന്നൂല്ലാ. ടാജ് റെസിഡന്‍സി എത്താറായല്ലോ?'

'അതിന്‌ നമ്മള്‍ അങ്ങോട്ടല്ലാലോ പോകുന്നത്, ഏറാടാ?'

ഞാന്‍ സ്തബ്‌ദനായിപ്പോയി. പിന്നെ? പിന്നെ നാം എങ്ങോട്ടാ? അപ്പോ ആ ഡീലക്സ് റൂം ബുക്ക് ചെയ്തത്? ഇന്നത്തെ രാത്രി ഡബിള്‍ ബെഡ്? എന്റെ അന്തരംഗം യുദ്ധരംഗമായി നൂറായിരം ചോദ്യങ്ങളെ തൊടുത്തുവിടാനൊരുങ്ങിനിന്നു. അന്നേരം അടുത്തുള്ള ചര്‍ച്ചിലെ മണി മുഴങ്ങിക്കേട്ടു.

ചോദിക്കുന്നേനും മുന്നെത്തന്നെ അവള്‍ കൂളായി ചിരിച്ചുകൊണ്ട് പറഞ്ഞു.

'നേരത്തെ പറഞ്ഞില്ലേ. സൗദിയിലേക്ക് ആയിരം ലേബര്‍ വീസാ വന്നകാര്യം. ആ കമ്പനീടെ മൊതലാളി സൗദിക്കിളവന്‍ ഇന്ന് കരിപ്പൂരീല്‍ വന്നിറങ്ങും. മൂപ്പര്‍ക്കും മാനേജര്‍ക്കും കൂടി രാത്രി തങ്ങാനുള്ള മുറിയാ ഇപ്പോ വിളിച്ച് ബുക്ക് ചെയ്തത്. വാ നമുക്ക് നടക്കാം.'

'ശ്ശെ. ഞാന്‍ എന്തൊക്ക്യോ വിചാരിച്ചൂട്ടോ. ബ്‌ഹീഹീ..'

ജീവിതത്തില്‍ ഇനിയും ഇളിയാന്‍ എത്രയോ ബാക്കി എന്നപോലെ ഇളിച്ചുകൊണ്ട് ഞാന്‍ അത്രമാത്രം അറിയിച്ചു.

'അയ്യട, മോനേ, അങ്ങനെ കാടുകേറി വിചാരിക്കാതെ വന്നേ?'

'എങ്ങോട്ടാവോ?'

'എന്റെ ഒരു ചുരിദാര്‍ സെറ്റ് തയ്പ്പിച്ചത് ഇന്നുകിട്ടും. അത് മേടിച്ച് നമുക്ക് തല്‍ക്കാലം പിരിയാം. വാ.'

അപ്പോഴും എന്റെ കൈ പേഴ്സില്‍ തടഞ്ഞത് എന്ത് റിപള്‍സീവ് റിയാക്ഷന്‍ ആവും! സ്വപ്നങ്ങള്‍ തട്ടിത്തകര്‍ത്ത് കുപ്പത്തൊട്ടിയിലിട്ട ടാജ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തലയെടുപ്പോടെ പ്രകാശവലയത്തില്‍ കുളിച്ചുനിന്നതിന്റെ സമീപത്തെ ഒരു ടെയിലര്‍ ഷോപ്പില്‍ അവള്‍ കയറി. ഞാന്‍ വെളിയില്‍ കാത്തുനിന്നു. അല്പം കഴിഞ്ഞ് അവള്‍ തയ്പ്പിച്ച ചുരിദാര്‍ പൊതിഞ്ഞുവാങ്ങി വന്നു. അവള്‍ തന്നെ കാശ് കൊടുത്തിരുന്നു.

വീണ്ടും ബ്ലോഗിണിയും ഈ ബ്ലോഗനും ഒരു ഓട്ടോയില്‍ കയറി. നാലാം ഗേറ്റിനരികെ വാഹനവ്യൂഹത്തില്‍ ഞങ്ങളും കടന്നുപോകാനുള്ള തീവണ്ടി വരുന്നത് അക്ഷമയോടെ നോക്കി ഇരുന്നു. തീവണ്ടി ഉഗ്രശബ്‌ദത്തോടെ കടന്നുപോയി. ലെവല്‍ ക്രോസ്സ് കടന്ന് ഞങ്ങളും യാത്ര തുടര്‍ന്നു. പാളയം ബസ്സ് സ്റ്റാന്‍ഡ് എത്താറായപ്പോള്‍ ഞാന്‍ ഇറങ്ങി. അവള്‍ക്ക് ഇനിയും പോകാനുണ്ട്.

ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഒരു ഷേയ്ക്ക് ഹാന്‍ഡോടെ സ്നേഹിതയോട് യാത്ര ചോദിച്ച് എനിക്കുള്ള ബസ്സില്‍ കയറാനുള്ള വെമ്പലോടെ ആള്‍ക്കൂട്ടത്തിലൂടെ നടന്നു.

ഇത് അവളും വായിക്കുന്നുണ്ടാവാം എന്ന് മനസ്സ് പറയുന്നു. ഇനിയും അവളെ കണ്ടുമുട്ടുമെന്നും മനസ്സ് മന്ത്രിക്കുന്നു..

(അവസാനിച്ചു.)

Sunday, 18 February 2007

"ഒരു ചിത്തഭ്രമപ്രണയം - ഭാഗം 4"














ഇരുപത്‌ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഭാനുപ്രിയതമ്പുരാട്ടിയുടേയും അബുവിന്റേയും പ്രണയകഥ പറയുന്നതിനിടയ്ക്ക്‌ 'പോസ്‌റ്റ്‌മാന്‍' മെയമ്മദാലി ഒന്നു നിറുത്തി. രസം പൂണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ അസ്വാരസ്യം പ്രകടിപ്പിച്ചു.

"വാ നമുക്കേയ്‌ ഈ തിരക്കീന്നും മാറി നടക്കാം. ഇച്ചിരീടെ പോയാല്‌ കോവിലകത്തെ ആല്‍ചുവട്ടിലെത്താം. എന്തേയ്‌?" - മെയ്‌മ്മദാലി ചോദിച്ചു.

അഭിപ്രായം പാസ്സാക്കിയതായി കൂടെയുള്ള 'നീഗ്രോ'നജീബും 'കഞ്ചാവ്‌'റഷീദും 'നായര്‌'ബാബുവും അറിയിച്ചു. ചെട്ട്യങ്ങാടിനാല്‍ക്കവലയിലെ ദേവിവിലാസ്‌ ഹോട്ടലില്‍ കയറി ഊത്തപ്പവും ഉഴുന്നുവടയും കഴിച്ച്‌ ഏമ്പക്കമിട്ട്‌ അവര്‍ പ്രണയകഥ എന്താവും; എങ്ങനെ അന്നത്തെ അബു ഇന്ന്‌ കാണുന്ന പിരാന്തന്‍ അബുവായി? എന്നെല്ലാം ചിന്തിച്ച്‌ ബാക്കികൂടി അറിയാനുള്ള ഉല്‍സുകതയോടെ മെയമ്മദാലീടെയൊപ്പം കോവിലകത്ത്‌ എത്തുവാന്‍ ധൃതിയില്‍ നടന്നു.

പോക്കുവെയിലില്‍ വിജനമായി കിടക്കുന്ന കോവിലകം. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രനടയിലെ ആല്‍ത്തറയില്‍ വിശ്രമിക്കാനും ബാക്കി കഥ പൂര്‍ത്തിയാക്കുവാനും വേണ്ടി നടക്കുന്നേരം മയമ്മദാലി ഒരു നാലുകെട്ട്‌ ചൂണ്ടിക്കാണിച്ചു. ഒരു ബീഡിക്ക്‌ തീ കൊളുത്തീട്ട്‌ അങ്ങോട്ട്‌ നടന്നു.

നിറം മങ്ങിയ കുമ്മായം, അടര്‍ന്നു പൊട്ടിപൊളിഞ്ഞിരിക്കുന്ന ചുമരുകള്‍; കല്ലുകള്‍ ഇളകിയ പടിപ്പുരയുമുള്ള ഒരു പുരാതന സൗധം. മുറ്റമെല്ലാം പുല്ലും കളച്ചെടികളും വളര്‍ന്നിരിക്കുന്നു.

അതിനരികിലൂടെ നീങ്ങവെ, പടിപ്പുരയുടെ വശത്തൊരു മരത്തിന്റെ പലക ചിതലരിച്ചു തൂങ്ങിക്കിടക്കുന്നത്‌ ശ്രദ്ധിച്ചു.

തീറ്റയുമായി വരിവരിയായി പോവുന്ന ഉറുമ്പുകളേയും നിര്‍മ്മാണസാധനങ്ങളുമായി പോവുന്ന ചിതലുകളേയും കൈകൊണ്ട്‌ തട്ടിമാറ്റി മയമ്മദാലി അതിലെഴുതിയ മങ്ങിപോയ അക്ഷരങ്ങള്‍ കൂട്ടുകാര്‍ക്ക്‌ കാണിച്ചുകൊടുത്തു.

"നായര്‌"ബാബു സ്വതസിദ്ധമായ സ്വരത്തില്‍ അത്‌ വായിച്ചതും, ബാക്കിയുള്ളോര്‍ അവന്റെ വായപൊത്തി.

വഴിയേ പോയ ഒരു കിളവന്‍തമ്പ്രാന്‍ ഒന്നു നിന്ന്‌ അവരെ നോക്കീട്ട്‌ പിന്നെ അവ്യക്തമായി എന്തോ പറഞ്ഞിട്ട്‌ നടന്നു.

"പ്രി-യാ-നി-ല-യം" - മൂവരും തപ്പിപിടിച്ച്‌ വായിച്ചെടുത്തു.

"ങ്‌ഹേ! ഇവിടെയല്ലേ ഭാനുപ്രിയാതമ്പുരാട്ടി...?"

"ഉം, അതേ, ദാ ആ കാണുന്ന ചെറുജാലകത്തിലൂടെയാ തമ്പുരാട്ടി അബുവിനോട്‌ സല്ലപിച്ചിരുന്നത്‌."

നിശ്ചലമായി പാതിതുറന്നിട്ട ആ കിളിവാതില്‍ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.

"വാ.. ബാക്കി പറയാം"

തമ്പുരാട്ടി അവിടെയുണ്ടാവുമൊ? 'നീഗ്രോ'നജീബ്‌ സാകൂതത്തോടെ പ്രിയാനിലയത്തിന്റെ മാളികയിലെ കിളിവാതിലില്‍ നോക്കി. കാറ്റില്‍ അതിന്റെ പാതി തുറന്ന പാളി ശബ്‌ദത്തോടെ അടഞ്ഞു.

മച്ചിലെവിടേയോ വിശ്രമിക്കുകയായിരുന്ന പ്രാവുകള്‍ കുറുകികൊണ്ട്‌ ശബ്‌ദം വന്നനേരം ഒന്നു പറന്നിട്ട്‌ വീണ്ടും തിരികെ വന്നിരുന്നു.

തിരിഞ്ഞു നടന്നപ്പോഴും അവര്‍ പ്രേതാലയം പോലെത്തെ ആ നാലുകെട്ട്‌ നോക്കുകയാണ്‌.

ആല്‍ത്തറയിലിരിക്കുകയാണവര്‍. നല്ല ഇളം കാറ്റുണ്ട്‌. കുറച്ച്‌ ദൂരെ ഒഴുകുന്ന ചാലിയാറിന്റെ കളകളാരവം കേള്‍ക്കുന്നു. യുഗങ്ങളോളം അക്കരെയിക്കരെ സംഭവിച്ച എല്ലാറ്റിനും ഇനി സംഭവിക്കുന്നതിനും സാക്ഷിയായിട്ട്‌ ചാലിയാറങ്ങനെ ഒഴുകുന്നു...

ആല്‍ത്തറയുടെ അങ്ങേവശത്ത്‌ കിടന്നുറങ്ങുന്ന ആളിനെ മെയമ്മദാലിയും കൂട്ടരും കണ്ടില്ല. മേഞ്ഞു നടക്കുന്ന കന്നുകാലികളേയും അവര്‍ ശ്രദ്ധിച്ചില്ല.

അവന്‍ കഥ തുടര്‍ന്നു...

(തുടരും..)

Tuesday, 30 January 2007

ഒരു ചിത്തഭ്രമപ്രണയം (ഭാഗം-3)


കൂടണയാന്‍ പോവുന്ന പറവകളെ നോക്കിയതിനു ശേഷം കിളിവാതില്‍ പതിയെ ചാരിയിട്ട്‌ ഭാനുപ്രിയ തിരിഞ്ഞു നിന്നു. ചുണ്ടിലും മാറത്തും കാലത്തുണ്ടായ നഖക്ഷതങ്ങളില്‍ വിരലോടിച്ച്‌ നാണിച്ച്‌ മന്ദഹസിച്ചുകൊണ്ട്‌ അവള്‍ മുറിയിലേക്ക്‌ ഓടിചെന്ന് മെത്തയില്‍ കമിഴ്‌ന്നുകിടന്നു. മങ്ങിയ വെളിച്ചത്തില്‍ അവിടെയൊരു മൂലയിലെ പീഠത്തിലെ പീലി ചൂടിയ കണ്ണന്‍ എല്ലാം നോക്കികൊണ്ട്‌ പുല്ലാങ്കുഴലൂതി പുഞ്ചിരിച്ച്‌ നില്‍ക്കുന്നു.

കസവിന്റെ ഇറുകിയ ബ്ലൗസ്സും അതേ നിറത്തിലുള്ള പാവാടയുമിട്ട്‌, നേരത്തെ ക്ഷേത്രത്തില്‍ പോയപ്പോള്‍ ധിരിച്ചതാണിത്‌. നെറ്റിയില്‍ ചന്ദനക്കുറിയും. എല്ലാം കണ്ടുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ പുഞ്ചിരി തൂകിനില്‍ക്കുന്നുവോ?

നീരാടുവാന്‍ കാലത്ത്‌ പുഴയില്‍ പോയതും അവിടെ സംഭവിച്ചതുമെല്ലാം ഓരോരോ രംഗങ്ങളായിട്ടവള്‍ ഓര്‍ത്തു. കമിഴ്‌ന്ന കിടപ്പില്‍ കാലുകള്‍ പിന്നാക്കംവെച്ച്‌ ഉയരത്തില്‍ ആട്ടികൊണ്ടിരുന്നുണ്ട്‌. പാദസരങ്ങള്‍ കിലുങ്ങുന്ന സ്വരം മാത്രം നിശ്ശബ്‌ദതയെ ഭംഗം വരുത്തി. പെട്ടെന്ന്...

"ഭാനൂ.. എവിടെപോയി ഈ കുട്ടി? സന്ധ്യാദീപം തെളിയ്‌ച്ചുവെയ്‌ക്കാന്‍ എന്താത്ര അമാന്തം?"

അമ്മായീടെ വിളിയാണ്‌. ഭാനുപ്രിയ സ്വപ്‌നം മതിയാക്കി എഴുന്നേറ്റ്‌, മുടിയൊതുക്കി കെട്ടിവെച്ച്‌ മുറിയിലെ ഒരു കോണിലുള്ള പീഠത്തില്‍ വെച്ച ചന്ദനത്തിരി എടുത്ത്‌ കത്തിച്ചു. മുഖത്തോട്‌ അടുപ്പിച്ച്‌ അതിന്റെ സുഗന്ധം ആസ്വദിച്ച്‌ കണ്ണുകള്‍ പാതിയടച്ചുനിന്നു. ചന്ദനത്തിന്റെ ധൂളികള്‍ പരത്തിയിട്ട അവളുടെ മുടിയിഴകളിലൂടെ പതുക്കെയൊഴുകുന്നു. ഭാനുപ്രിയ പതിയെ കണ്‍തുറന്ന് ഭഗവാനെ ദര്‍ശിച്ച്‌ തിരിയാലൊരു വട്ടം ഉഴിഞ്ഞ്‌ നിര്‍ന്നിമേഷയായി തൊഴുതു നിന്നു. അപ്പോഴും താഴേന്ന് വിളി തന്നെ...

"ഭാനൂ.. ചത്തോ ഇക്കുട്ടി!"

സ്വപ്‌നങ്ങള്‍ക്കറുതി വന്ന ദേഷ്യം അടക്കിപ്പിടിച്ച്‌ വിളിയ്‌ക്ക്‌ മറുപടി അറിയിക്കാതെ താഴേക്ക്‌ ധൃതിയില്‍ പുറപ്പെട്ടു. താഴേ വരുമ്പോള്‍ കയര്‍ത്തു നില്‍ക്കുന്ന അമ്മായി. അമ്മയില്ലാത്ത തന്നെ വളര്‍ത്തി വലുതാക്കിയ സ്ത്രീയാണ്‌. ഇതുവരെ തല്ലുകയോ നുള്ളുക പോലും ചെയ്തിട്ടില്ലേലും എത്ര തവണ ഒരു ദിനം ശകാരിക്കുന്നതെന്ന് എണ്ണിയാലേ കൃത്യമായിട്ട്‌ അറിയൂ. എന്നാലും ആ ശകാരത്തിലും ഒരു പുന്നാരം ഒളിഞ്ഞിരിപ്പുണ്ടാവും. അതുകൊണ്ട്‌ ശകാരം കിട്ടാനുള്ള എന്തെങ്കിലും ഒപ്പിക്കുവാന്‍ തിടുക്കമാവും.

"എന്താ ഭാനൂവേ? വല്ല ഗന്ധര്‍വനോ മറ്റോ വന്നുവോ ചങ്ങാത്തത്തിന്‌? മാളികേലും മുറീലും തന്നെയാണല്ലോ ഇന്നുച്ച തൊട്ട്‌ തന്റെ വാസം? ജീവന്‍ തിരിച്ചുകിട്ടിയതിന്‌ ഭഗവാനോട്‌ നന്ദി പറയാണ്ട്‌ അതുമിതും ചിന്തിച്ച്‌ വെറുതെ..."

ഭാനുപ്രിയ ഒന്നും ഉരിയാടിയില്ല. അവള്‍ എല്ലാം കേട്ടുകൊണ്ട്‌ അകത്തുപോയി ദീപവിളക്ക്‌ തുടച്ചുവൃത്തിയാക്കി. ഉമ്മറക്കോലായില്‍ ദീപവുമായി പ്രത്യക്ഷപ്പെട്ടു. അമ്മായി തൊഴുതു.

അവള്‍ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന് നാമം നല്ലയീണത്തില്‍ ചൊല്ലി. അമ്പലത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നുണ്ട്‌. തിരക്കു തുടങ്ങുന്നതിന്‌ മുന്‍പ്‌ നാലുമണിയ്‌ക്ക്‌ നട തുറന്നയുടനെ അവരിരുവരും പോയി തൊഴുതു വന്നതാണ്‌.

ഇരുട്ട്‌ പരന്നു തുടങ്ങി. ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്‌ദം പടിപ്പുരയുടെ സമീപം വന്നു നിലച്ചു. അവള്‍ നാമജപം നിറുത്തി നോക്കി. അമ്മായിയും അങ്ങോട്ട്‌ ശ്രദ്ധിച്ചു.

വലിക്കുന്ന സിഗരറ്റ്‌ പടിപ്പുരയിലിട്ട്‌ കാലുകൊണ്ട്‌ ചതച്ച്‌ കയറിവരുന്നു രവിവര്‍മ്മത്തമ്പുരാന്‍! ദീപം തെളിഞ്ഞു കത്തുന്നത്‌ കണ്ട്‌ മുണ്ടിന്റെ മടക്ക്‌ താഴ്‌ത്തിയിട്ട്‌ ബഹുമാനം കാണിച്ചതായി ഭവിച്ചു.

ഭാനുപ്രിയ ശ്രദ്ധിച്ചതായി നടിക്കാതെ അകത്തേക്ക്‌ നടന്നു. അമ്മായി സന്തോഷത്തോടെ എഴുന്നേറ്റു. അവര്‍ക്ക്‌ തമ്പുരാനെ വലിയ ജീവനാണ്‌. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന പുരയ്‌ക്ക്‌ ഒരു കാവലും എന്തിനുമേതിനും ആണൊരുത്തന്‍ ഉണ്ടല്ലോ എന്ന് പറയുകയും ആവാലോ. അതാണ്‌ ആ തള്ളയുടെ ചിന്ത.

ഇളകുന്ന കാലുള്ള കസേരയിലൊന്ന് അവര്‍ മാറില്‍ ഇട്ടിരുന്ന തുണിയെടുത്ത്‌ തുടച്ച്‌ നീക്കിയിട്ടുകൊടുത്തു. രവിവര്‍മ്മതമ്പുരാന്‍ അതിലിരുന്ന് ഒരു കാലെടുത്ത്‌ മറ്റേതിനു മുകളില്‍ വെച്ച്‌ ആട്ടികൊണ്ടിരുന്നു. മുഖത്ത്‌ സന്തോഷമൊന്നുമില്ല. ആരോടോ ഉള്ള പക തെളിഞ്ഞു കാണാം.

"എന്താ തമ്പുരാന്‍ചെക്കാ കടന്നലു കുത്തിയോ മൊഖത്ത്‌?"

"കടന്നലാണേല്‍ മഞ്ഞളു തേച്ചാ ആക്കം കിട്ടുമായിരുന്നു. ഇതിപ്പോ മനസ്സിലല്ലേ കുത്തിയത്‌, ഒരു ഏമ്പോക്കി..."

അവന്‍ പല്ലിറുമ്മി ഇരുന്നു.

"ഭാനൂട്ടിയെ അധികം വെളീല്‌ കറങ്ങാന്‍ വിടേണ്ട അമ്മായീ. വെള്ളം കുടിച്ച്‌ ചാവാനല്ലാ, ചിലപ്പോ മാനം പോയി മരിക്കാനാവാം അവളുടെ വിധി!"

"എന്താ ഈ പറേണേ ചെക്കാ..!"

"ജീവിതത്തീ ആദ്യായിട്ട്‌ സ്വന്തം തറവാട്ടുമുറ്റത്ത്‌ വലിയേട്ടന്‍ എന്നെ എല്ലാരേം മുന്നീല്‌ കൊച്ചാക്കി. ഒരു മാപ്പിള കാരണം."

"അവനെ ഈശ്വരനാ അവിടെ വരുത്തിയത്‌. നെഞ്ചും വിരിച്ച്‌ നടക്കുന്ന ഒരുത്തനും ഇല്ലായിരുന്നല്ലോ അന്നേരം അവിടെ?"

രവിവര്‍മ്മതമ്പുരാന്‍ ഒന്നും മിണ്ടിയില്ല. അകത്തേക്ക്‌ ഒളികണ്ണിട്ട്‌ നോക്കി. ഭാനുപ്രിയ വാതിലിനപ്പുറം പെട്ടെന്ന് ഒളിച്ചത്‌ കണ്ടു. അവള്‍ എല്ലാം കേട്ടുകൊണ്ട്‌ നില്‍ക്കുകയായിരുന്നു. അമ്മായി ന്യായീകരിച്ചു കൊണ്ട്‌ തുടര്‍ന്നു:

"അന്യജാതീലെ ഒരുത്തന്‍ വരേണ്ടി വന്നു ഭാനുവിനെ രക്ഷിക്കാന്‍. അതിനയാള്‍ക്ക്‌ പൊന്നും മറ്റും കൊടുക്കുകയായിരുന്നു വേണ്ടീരുന്നത്‌. എന്നിട്ടതിനെ തല്ലിച്ചതച്ചുവല്ലേ?"

രവിവര്‍മ്മതമ്പുരാന്‍ ദേഷ്യത്തില്‍ എഴുന്നേറ്റ്‌ ഒന്നും ഉരിയാടാതെ ഇറങ്ങി നടന്നു. ആ ഊക്കില്‍ കസേര മറിഞ്ഞുപോയി. അയാള്‍ ശരവേഗത്തില്‍ പടിപ്പുര കടന്ന് മറഞ്ഞു. ബുള്ളറ്റ്‌ ബൈക്ക്‌ സ്‌റ്റാര്‍ട്ടാക്കി ഓടിച്ചു പോയിമറയുന്നതിന്റെ ശബ്‌ദം അകന്നു ഇല്ലാതായി. മനസ്സില്‍ ചില ഗൂഢപദ്ധതികള്‍ തികട്ടിവരുന്നുണ്ടായിരുന്നു അയാളില്‍. ചിവീടുകളുടെ കലമ്പല്‍ അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെയുണ്ടായിരുന്നു.

മാളികയിലെ ജനാലയിലൂടെ വെറുപ്പോടെ തമ്പുരാന്റെ പോക്കും നോക്കികൊണ്ട്‌ ഭാനുപ്രിയ മുറിയിലേക്ക്‌ പോയി. കോവിലകമുക്കിലെ ലൈബ്രറിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പെടുത്ത ഒരു കഥാപുസ്‌തകം എടുത്ത്‌ വെറുതെ താളുകള്‍ മറിച്ചങ്ങനെ കിടന്നു.

താഴെ അമ്മായി റേഡിയോ ശ്രവിക്കുന്നുണ്ട്‌. മരത്തിന്റെ ചട്ടക്കൂടുള്ള വലിയ റേഡിയോ ആണത്‌. വര്‍ഷങ്ങളായിട്ടതും നാലുകെട്ടിലെ ഒരംഗമായിട്ടുണ്ട്‌. ഗാനവീചികള്‍ ഉയര്‍ന്നു കേള്‍ക്കായി..

"ചന്ദനപല്ലക്കില്‍ വീടുകാണാന്‍
വന്ന ഗന്ധര്‍വരാജകുമാരാ...
ഓ അപ്‌സരരാജകുമാരീ..."

ഒരു നിമിഷം കഴിഞ്ഞ്‌... വെളിയില്‍ നിന്നും മുറിയ്‌ക്ക്‌ അകത്തേക്ക്‌ പറന്നു വന്ന ഭംഗിയുള്ളൊരു ചിത്രശലഭം ശ്രീകൃഷ്‌ണപ്രതിമയിലെ മയില്‍പീലിയുടെ നെറുകയില്‍ ഒരു അലങ്കാരമായി വന്ന് ചിറക്‌ വിടര്‍ത്തി വിശ്രമിച്ചു. ഈ ശലഭം ഇനി വല്ല ഗന്ധര്‍വകുമാരനും ആയിരിക്കുമോ, നേരത്തെ അമ്മായി കളിയാക്കിയതുപോലെ.. അതിനെ നോക്കി ഭാനുപ്രിയ കണ്ണുകളടച്ച്‌ സുന്ദരസ്വപ്‌നത്തിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

നിലാവില്‍ കുളിച്ചു കിടക്കുന്ന അമ്പലവും പരിസരവും അകലെ ഒഴുകുന്ന ചാലിയാര്‍പുഴയും നിശ്ചലമായങ്ങനെ ഒരു ചിത്രം പോലെ. 'പ്രിയാനിലയ'ത്തിലെ മാളികമുറിയില്‍ അരണ്ട വെളിച്ചം ദൂരേനിന്നും ദര്‍ശിക്കുന്ന തരത്തില്‍ പ്രകാശമയമായങ്ങനെ... തൊടിയിലെ നിശാഗന്ധിച്ചെടിയിലെ പൂമൊട്ട്‌ വിരിയാനുള്ള പുറപ്പാടിലാണ്‌. നനുത്ത സുഗന്ധം പരിസരത്ത്‌ പരക്കുവാന്‍ തുടങ്ങിയിരുന്നു.

(തുടരും)

Thursday, 16 November 2006

ആകാശപ്രണയത്തിന്‌ ഇത്രേയുള്ളൂ ആയുസ്സ്‌!

ഖത്തറിലെ അറബിയോട്‌ ഗുഡ്‌ബൈ ചൊല്ലി രാജിക്കത്തും കൊടുത്ത്‌ കിട്ടേണ്ടതെല്ലാം മേടിച്ച്‌ ആ രാജ്യത്തോടും അവിടുത്തെ സുഹൃത്തുക്കളോടും വിട ചൊല്ലി പിരിയുന്ന ദിനം.

അവസാനമായി ഞാന്‍ ജോലി ചെയ്‌ത ഇരിപ്പിടവും വിട്ട്‌ നനവാര്‍ന്ന നേത്രങ്ങള്‍ ആരും കാണാതെ തുടച്ച്‌ ഗോവണിയിറങ്ങി താഴെയെത്തുമ്പോള്‍ എന്നും ഉപദേശം തരാറുള്ള പ്രായമുള്ള മാനേജര്‍ രാജേട്ടന്‍ വെളിയില്‍ നിന്നും കയറിവന്നു. എന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ അരികെ വന്ന് കൈ പിടിച്ചു. ഞാന്‍ യാത്ര ചോദിച്ചു. അയാള്‍ വിതുമ്പി കരഞ്ഞു. കൊച്ചുകുട്ടികളെ പോലെ!

ആദ്യമായി അന്നാണ്‌ ഞാന്‍ അങ്ങിനെയൊരു ബോസ്സിനെ കാണുന്നത്‌. ഞാന്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച്‌ പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ രാജേട്ടന്‍ വാതിലിനടുത്ത്‌ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക്‌. അന്നത്തെ ഫ്ലൈറ്റില്‍ മിക്ക സീറ്റുകളും കാലിയായിരുന്നു. പാന്‍ട്രിയുടെ അരികിലുള്ള സീറ്റാണ്‌ എനിക്ക്‌ ലഭിച്ചത്‌. വലിയൊരു വിമാനത്തില്‍ വിരലിലെണ്ണാവുന്ന ആളുകളും നാല്‌ സുന്ദരി ഹോസ്‌റ്റസുകളും രണ്ട്‌ ഹോസ്‌റ്റന്‍മാരും കൂടാതെ പൈലറ്റുമാരും മാത്രം.

വിമാനം ദോഹ എയര്‍പോര്‍ട്ടില്‍ നിന്നും പൊങ്ങിയുയര്‍ന്നു. അല്‍പം കഴിഞ്ഞ്‌ മധുരവും പാനീയങ്ങളും വിതരണം ചെയ്‌ത്‌ ആകാശസുന്ദരിമാര്‍ അവതരിച്ചു. ഞാന്‍ ജോലിപോയത്‌ ആഘോഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ബിയര്‍ ഒത്തിരി എടുത്ത്‌ അകത്താക്കി. വീണ്ടും ആവശ്യപ്പെട്ട നേരം കരിമിഴിയിളക്കിയ നോട്ടം നോക്കിയ ഒരുത്തി എന്നെ വിലക്കി.

എന്നിട്ടൊരു സ്വകാര്യം കാതില്‍ മൊഴിഞ്ഞു. ഒപ്പം അവളുപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മാസ്‌മരിക വാസന തഴുകിയെത്തി.

"അവിടെ പാന്‍ട്രിയില്‍ വന്നാല്‍ അല്‍പം കൂടെ തരാം. വേറെയാരേയും അറിയിക്കല്ലേ പ്ലീസ്‌.."

ഞാനാകെ കോള്‍മയിര്‍ കൊണ്ടു. ആദ്യം കഴിച്ചതിന്റെ ലഹരി പാദം മുതല്‍ ശിരസ്സ്‌ വരെ വിദ്യുത്‌ തരംഗം പോലെ അനുഭവപ്പെടുന്നു. അപ്പോളിങ്ങനെ ഗഗനസുന്ദരിയും ക്ഷണിച്ചതിന്റെ ത്രില്‍! ഹോ.. ഞാന്‍ ഭൂമിയില്‍ നിന്നും വീണ്ടും പൊങ്ങിയുയര്‍ന്ന് അങ്ങ്‌ നക്ഷത്രങ്ങളുടെ തോഴിമാരുടെയൊപ്പം പറുദീസയിലോ!

നോക്കുമ്പോളതാ ചിത്രശലഭങ്ങളെപോലെ നാലെണ്ണം ഒഴുകി പറന്ന് പോവുന്നു. പാന്‍ട്രിയില്‍ ചേക്കേറുന്നു. എന്നെ ക്ഷണിച്ചവള്‍ സാകൂതം കടക്കണ്ണാലെ "വരൂന്നേ.." എന്ന് വിളിക്കുന്നുവോ? ബാക്കിയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലാണ്‌. ഞാന്‍ അങ്ങോട്ട്‌ നടന്നു.

"ഹായ്‌ ഞാന്‍ സാലി." - ഞാന്‍ സ്വയം പരിചയപ്പെടുത്തി കൈ നീട്ടി.

"ഹായ്‌ ഞാനും സാലി!" - അവള്‍ കൈയ്യില്‍ മൃദുലമായി തൊട്ടുകൊണ്ട്‌ പുഞ്ചിരിച്ചു.

"എന്നെ കളിയാക്കുകയാ അല്ലേ?"

"അല്ലാ മിസ്‌റ്റര്‍ എന്റെ പേര്‌ അതു തന്നെയാ."

"എന്നാല്‍ എന്റെ ഫുള്‍ നെയിം സാലിഹ്‌ എന്നാ" - ഒരു പെണ്ണിന്റെ പേരില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ഉരുണ്ടുകളിച്ചു. അതവള്‍ക്ക്‌ മനസ്സിലായോ? അവള്‍ ബിയറും ബദാം പാക്കറ്റും എടുത്ത്‌ തന്നു. പൊട്ടിച്ച്‌ ഗ്ലാസ്സിലൊഴിക്കാനും സഹായിച്ചു.

"മിസ്റ്റര്‍ സാലി സീറ്റില്‍ പോയി ഇരുന്നോളൂ. അരികെ സീറ്റ്‌ കാലിയല്ലേ? ഞാന്‍ ഇതൊക്കെ ഒതുക്കി വെച്ചതിന്‌ ശേഷം ജോയിന്‍ ചെയ്‌തോളാം. ഒകെയ്‌?"

"ശരി മിസ്സ്‌ സാലി. വൈകരുത്‌ട്ടോ.." - ഞാന്‍ തിരിച്ച്‌ സീറ്റില്‍ വന്നിരുന്നു.

എനിക്ക്‌ നൃത്തം ചെയ്യാനും മേഘക്കൂട്ടത്തിലൂടെ അവളുടെ പിറകെ അവസാനമില്ലാതെ ഓടിക്കളിക്കാനുമൊക്കെ പൂതി വന്നു.

ബിയര്‍ നുണഞ്ഞ്‌ കണ്ണടച്ച്‌ ഞാന്‍ മന:സ്ക്രീനില്‍ സാലി-സാലികളുടെ മഴപ്പാട്ട്‌ കാണവേ... ഒരു മൃദുസ്പര്‍ശം. ഉണര്‍ന്ന് നോക്കുമ്പോള്‍ അവള്‍ സാലി പുഞ്ചിരിച്ച്‌ കൊണ്ട്‌ സമീപം വന്ന് ഇരിക്കുന്നു. അവള്‍ സോഫ്‌റ്റ്‌ ഡ്രിങ്ക്സ്‌ നുണയുന്നുണ്ട്‌.

ആദ്യമാദ്യം ഒരു സ്‌ടാര്‍ടിംഗ്‌ പ്രോബ്ലം. പിന്നെ പരിചയം തുടങ്ങി. പാന്‍ട്രിയിലേക്ക്‌ നോക്കി. അവിടെ രണ്ട്‌ ഹോസ്‌റ്റന്മാര്‍ മൂന്നെണ്ണത്തിനെ കത്തി വെച്ച്‌ പൊട്ടിച്ചിരിച്ച്‌ സമയം കൊല്ലുന്നു.

സാലി ഏതാനും മാസമേ ആയുള്ളൂ ഹോസ്‌റ്റസ്സായിട്ട്‌. അവള്‍ക്കിത്‌ ഇഷ്‌ടമല്ലാഞ്ഞിട്ടും തുടരേണ്ടി വന്നു. കാരണം ബോംബെയിലെ അവളുടെ കാമുകനെന്നും പറഞ്ഞ്‌ പിറകേ നടക്കുന്ന ഒരുത്തന്റെ ശല്യം അസഹനീയമായപ്പോള്‍ കിട്ടിയ രക്ഷാമാര്‍ഗം ആകാശയാത്രയല്ലാതെ വേറൊന്നില്ലായിരുന്നു. ജന്മനാടായ ബോംബേയില്‍ ഒരു നിമിഷം പോലും കഴിയാന്‍ ഇന്നവള്‍ക്ക്‌ താത്‌പര്യമില്ല. അവള്‍ കഥ തുടര്‍ന്നു. ഏറെ നേരം അറബിക്കടലിന്റെ മുകളില്‍ ലോകര്‍ മൊത്തം നിദ്രയിലായ വേളയില്‍ ഉറങ്ങാതെ ഞങ്ങള്‍ പരസ്പരം അറിഞ്ഞ്‌ അരികിലങ്ങനെ കഴിഞ്ഞ്‌ പറന്നുകൊണ്ടിരുന്നു. കൂട്ടിന്‌ അല്‍പം ലഹരിയും. ഞാന്‍ അവളെ സ്പര്‍ശിച്ചു. എതിരൊന്നും പറഞ്ഞില്ല.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ സൗകര്യം എപ്പോഴും കിട്ടില്ല. ചോദിച്ച്‌ വാങ്ങിയാല്‍ ഒരുപക്ഷെ നമ്മുടെ പി.ജെ.ജോസഫിന്റെ സ്ഥിതിയാവും അവസ്ഥ. (പാവം പുള്ളിയേയും ഇതേ പോലെ ഒരവസ്ഥയില്‍ ആരെങ്കിലും കണ്ട്‌ പരസ്യമാക്കിയതാവാം).

"ഇനി തൊടേണ്ടാട്ടോ. വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരിക്കാം. അതല്ലേ രസം?" - അവള്‍ അതൃപ്‌തി സൗമ്യമായി അറിയിച്ചു. അതിനിടയില്‍ ഏതോ സീറ്റിലെ യാത്രക്കാരന്റെ ബെല്ലടി വന്നപ്പോള്‍ അവള്‍ എഴുന്നേറ്റ്‌ പോയി. ആവശ്യപ്പെട്ട വെള്ളമോ മറ്റോ കൊണ്ടുപോയി കൊടുത്ത്‌ തിരികെയെത്തി.

ഞാന്‍ എന്റെ പഴയകാല പ്രണയകഥ പറഞ്ഞു. കഥാനായികയും ഞാനും ഒരുപാട്‌ കാലത്തിനിപ്പുറം വീണ്ടും അറിയാനിട വന്ന സാഹചര്യം അവള്‍ ഒരു സിനിമ ദര്‍ശിച്ച ഭാവത്തിലാണ്‌ ശ്രവിച്ചത്‌. പക്ഷെ അവള്‍ കുടുംബിനിയും ഞാന്‍ അവിവാഹിതനുമായി കഴിയുന്നത്‌ കഷ്‌ടമായെന്ന് സാലി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സരസവര്‍ത്തമാനത്തില്‍ ബാക്കിയുള്ള ഹോസ്‌റ്റസ്സുമാരും കൂടി. അവര്‍ ഞങ്ങള്‍ക്ക്‌ നല്ല പൊരുത്തമാണെന്ന് പരിഹസിച്ചു. ഞങ്ങളുടെ പേരുകള്‍ ഒരേ സമയം വിളിച്ച്‌ ഞങ്ങളെ നട്ടം തിരിച്ചു. അതിലൊരുത്തി എന്നെ ആംഗ്യത്തിലൂടെ സാലിയെ താലികെട്ടിക്കൂടേ എന്നുപോലും അഭിപ്രായം അറിയിച്ചു. എനിക്കും തോന്നി എന്തുകൊണ്ട്‌ ആയിക്കൂടാ?

ഒന്നൂല്ലെങ്കില്‍ ഞാനും പതിനായിരങ്ങള്‍ പൊട്ടിച്ച്‌ കാബിന്‍ ക്രൂ പരിശിലനം നേടിയിട്ടുണ്ടല്ലോ. ഈ പണി ചെയ്തില്ലെന്നേയുള്ളൂ. ഇവളെന്ത്‌ കൊണ്ടും എനിക്കിണങ്ങും. ആകാശ റാണിയെ പ്രണയിച്ച ഒരു സാധാരണ 'ധര്‍ത്തിപുതൃ' മാത്രമായി ഞാന്‍ ഇരുന്നു.

"ഇനിയെങ്കിലും വിവാഹം ചെയ്‌തൂടെ വൈകാതെ?" - സാലി ചോദിച്ചത്‌ കേട്ട്‌ രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന കണക്കെ ഞാന്‍ ഞെട്ടി.

"അതിനിപ്പോ എങ്ങനെ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാ ഞാന്‍"

"ചെന്ന് കാണണം നല്ലൊരു മൊഞ്ചത്തിക്കുട്ടിയെ. എന്നിട്ട്‌ സന്തോഷമായി ജീവിക്കണം"

"ഓ, എനിക്ക്‌ ഉടനെയൊന്നും കുടുംബജീവിതത്തിനോട്‌ ആഗ്രഹമില്ല."

ഞാന്‍ മൂഡ്‌ നഷ്‌ടമായി ഇരുന്നു. ശുഭരാത്രി ആശംസിച്ച്‌ സാലി എഴുന്നേറ്റു. ഞാന്‍ മയക്കത്തിന്റെ കയത്തിലേക്ക്‌ മുങ്ങി.

ഏറെ നേരം മയങ്ങിയിരിക്കുന്നു. കോക്‍പിറ്റിലെ അറിയിപ്പ്‌ കേട്ടാണ്‌ ഉണര്‍ന്നത്‌. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മണ്ണില്‍ ഈ ആകാശപേടകം ഇറങ്ങുന്നതായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍മ അനുഭവപ്പെട്ടു. എല്ലാവരും സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി. ഞാന്‍ തിരിഞ്ഞു നോക്കി. സാലി ജോലിത്തിരക്കിലാണ്‌. ഞാന്‍ വിളിച്ച്‌ ഒരു സുപ്രഭാതം നേര്‍ന്നു.

വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ വിമാനം റണ്‍വേയിലൂടെ പാഞ്ഞു. ഗട്ടറുള്ള പാതയില്‍ ബസ്സ്‌ ഓടുന്ന അതേ പ്രതീതി. പിന്നെ ഏതാനും തിരിച്ചിലിന്‌ ശേഷം നിശ്ചലമായി. എല്ലാവരും ബാഗേജുകളെടുത്ത്‌ വെളിയിലേക്ക്‌.

ഞാനിതാ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌ യാന്ത്രികമായി ബാഗുമെടുത്ത്‌ പാന്‍ട്രിയുടെ അരികിലെ ഗോവണി ലക്ഷ്യമാക്കി നടക്കുന്നു. ഇനി നമ്മള്‍ കാണുമോ? അറിയില്ല. ഒരു രാത്രി മാത്രം പ്രണയിച്ച ആദ്യ ജോഡിയെന്ന ബഹുമതി നിലനിര്‍ത്തികൊണ്ട്‌ ഞങ്ങള്‍ പിരിയുന്ന, ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്നറിയുന്ന ആ നിമിഷത്തെ ശപിച്ച്‌ അവളെ കൈ ഗ്രഹിച്ച്‌ ഞാന്‍ യാത്ര ചൊല്ലി.

അവള്‍ ഒരു ടിഷ്യൂപേപ്പറില്‍ ഇമെയില്‍ വിലാസം എഴുതി എന്റെ പോക്കറ്റിലിട്ടു.

"താങ്കള്‍ ബന്ധപ്പെടാന്‍ മറക്കരുത്‌. കല്ല്യാണക്കാര്യമെല്ലാം അറിയിക്കണം."

ഞാന്‍ തലകുലുക്കി തിരിയുമ്പോള്‍ വീണ്ടും അവള്‍ എന്നെ വിളിച്ചു. ഞാന്‍ നിന്നു. വിമാനത്തിനകത്ത്‌ യാത്രക്കാരനായി ഞാന്‍ മാത്രമുണ്ട്‌ പുറത്തിറങ്ങാന്‍.

"സീ മിസ്റ്റര്‍ സാലി? എന്റെ എന്‍ഗേജ്‌മന്റ്‌ റിംഗ്‌ ശ്രദ്ധിച്ചിരുന്നില്ലേ? ഞാന്‍ പറയാന്‍ മറന്നു. എന്റെ വിവാഹം അടുത്ത മാസമാണ്‌. വരന്‍ ഞാന്‍ പറഞ്ഞ ശല്ല്യക്കാരന്റെ അയല്‍പക്കത്തുള്ള പോലീസ്‌ ഇന്‍സ്പെക്‍ടറാണ്‌."

"ങ്‌ഹേ! എനിക്കൊന്നും അറിയില്ലേ!"

"എന്തേലും പറഞ്ഞോ ഇപ്പോള്‍?

"ഉം.. ദീര്‍ഘ സുമംഗലീ ഭവ:" എന്ന് പുലമ്പി ഞാനെന്റെ ബാണ്ടക്കെട്ടെടുത്ത്‌ മ്ലാനവദനവുമായി പുറത്തിറങ്ങി. എന്നെ ആദ്യം വരവേറ്റത്‌ കാക്കകളുടെ "കാ കാ" ഈണമാണ്‌. ഗള്‍ഫില്‍ കേള്‍ക്കാനാവാത്തതിനാല്‍ കാക്കയുടെ സ്വരത്തിനെന്തൊരു മാധുര്യം!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com