Showing posts with label നിലമ്പൂര്‍. Show all posts
Showing posts with label നിലമ്പൂര്‍. Show all posts

Wednesday, 8 September 2010

പെരുന്നാള്‍ പെരുമ – സ്മരണ

ഓരോ പെരുന്നാളും വന്നുപോകുന്നത് പണ്ടത്തെ പെരുന്നാളുകളുടെ സ്മരണകളെ ഉണര്‍ത്തിക്കൊണ്ടാണ്. ഇക്കണ്ട കാലംകൊണ്ട് മൊത്തം മുപ്പത്തിനാല് ചെറിയ-വലിയ പെരുന്നാളുകള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയി. ഇന്ന് പ്രവാസിമണ്ണില്‍ കഴിയുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിലത് നിങ്ങളുമായി പങ്കുവെയ്ക്കാം...

കൂട്ടുകുടുംബവ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന പണ്ടുകാലത്തെ പെരുന്നാള്‍രാവുകള്‍, ദിനങ്ങള്‍ ആണെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌. നിലമ്പൂരിലെ തറവാട്ടില്‍ കഴിഞ്ഞുപോന്ന എന്റെ ബാല്യ-കൌമാര കാലം.. റമസാന്‍ നോമ്പ്‌ കാലം മുതല്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ആഘോഷം ആരംഭിക്കും. രാത്രി ഇശാഹ് നിസ്കാരം, തറാവീഹ് എന്നിവയ്ക്ക് അവസാന പത്തില്‍ തറവാടിന്റെ ഒരു മതിലിനപ്പുറത്തെ പഴക്കമുള്ള ചെട്ട്യങ്ങാടിപള്ളിയില്‍ നല്ല തിരക്കാവും. മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുമ്പോള്‍ പലദിക്കില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ കൂട്ടം കൂടി ഇരുള്‍ നിറഞ്ഞ പള്ളിയുടെ പല മൂലകളില്‍ ഇരുന്ന്‍ ഓരോ തമാശകള്‍ പറഞ്ഞ് അടക്കിപ്പിടിച്ച ചിരിയില്‍ മുഴുകും. അല്ലെങ്കില്‍ നോമ്പിന് മാത്രം പള്ളിയില്‍ കാണാറുള്ള പിരാന്തന്‍ അബു, പൊട്ടന്‍ കാദര്‍ക്ക എന്നിവരെ കളിയാക്കി ചൊടിപ്പിച്ച് ഇരിക്കും. ശബ്ദം ഉച്ചത്തില്‍ ആവുമ്പോള്‍ മോല്ലാക്കയോ കമ്മിറ്റിയിലെ കരിമ്പനക്കല്‍ ഹദ്രോസാക്കയോ കണ്ണുരുട്ടി വന്നു കയര്‍ത്ത്നോക്കും. നോമ്പ്‌ ഇരുപത്തഞ്ച് ആയിക്കഴിഞ്ഞാല്‍ കമ്മിറ്റി ഏല്പിച്ച ആള്‍ക്കാര്‍ നാട്ടില്‍ പലയിടത്തും പോയി സ്വരൂപിച്ച് കൊണ്ടുവരുന്ന ഫിത്തര്‍സക്കാത്ത്‌ അരി പള്ളിയുടെ കോലായയില്‍ കുന്നുകൂടി കിടക്കും. അപ്പോഴേ പെരുന്നാള്‍പിറ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരിക്കും. കമ്മിറ്റിക്കാരും സഹായികളും അരി അളന്ന് തിട്ടപ്പെടുത്തി കുന്നുകൂട്ടിയിടുന്ന കോലായയുടെ ചാരുപടിയില്‍ ഇരുന്ന്‍ ഞങ്ങള്‍ ഊറ്റംകൊളളും. സക്കാത്ത് അരിമേടിക്കാന്‍ വരുന്ന സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തെ നോക്കി പരിചയക്കാരെ കണ്ടാല്‍ പുഞ്ചിരിച്ച് ഇരിക്കുന്ന കുട്ടികള്‍ മൊല്ലാക്ക ഇഖാമത് കൊടുക്കുമ്പോള്‍ നിസ്കാരത്തിനു ഓടും.

സസ്പെന്‍സ് നിറഞ്ഞ ഉദ്വേഗജനകമായ സമയമാണ് ഇരുപത്തൊമ്പതാം നോമ്പിന്റെ രാത്രി. നോമ്പ്‌ തുറന്നാല്‍ പിന്നെ എല്ലാവരും പള്ളിയില്‍ കൂടി നില്‍ക്കും. ദേശത്തെ പെണ്ണുങ്ങള്‍ പള്ളിയുടെ സമീപമുള്ള വീടുകളില്‍ സൊറ പറഞ്ഞ് കൂടും. ഞങ്ങളുടെ തറവാട്ടിലും ചെറുവത്ത്‌കുന്നിലെ സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെ  ഒക്കത്ത് വെച്ച്, പള്ളിമുകളിലെ കോളാമ്പിമൈക്കില്‍ നോക്കി ചെവിയോര്‍ത്ത്‌ നില്‍ക്കും. എന്തിനാണെന്നോ? പെരുന്നാള്‍ മാസപ്പിറവി ആയെന്ന അറിയിപ്പ്‌ കേട്ട് സന്തോഷിക്കാന്‍..

ഇന്നത്തെപ്പോലെ ഫ്ലാഷ്ന്യൂസ് അറിയിക്കാന്‍ അന്ന് ചാനലുകള്‍ ഇല്ല. ദൂരദര്‍ശന്‍ അത്ര പ്രചാരമായിട്ടില്ല. ആകെയുള്ള ആശ്രയം പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പാണ്. മൊല്ലാക്ക ആയിരുന്നു അന്നത്തെ വാര്‍ത്താസ്രോതസ്സ്. കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ മോന്തിയായിവരുന്ന മാനത്ത്‌ കണ്ണുംനട്ട് എവിടെയെങ്കിലും പെരുന്നാള്‍അമ്പിളി ഉദിച്ചുവോ, മാസം പിറന്നോ എന്ന് പരതും. ആകാംക്ഷയുടെ മിടിക്കുന്ന നിമിഷങ്ങള്‍ ആണത്. ഇങ്ങനെ ഉല്‍ക്കണ്ഠയുടെ മുനയില്‍ നില്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന്‍ ഒരുത്തന്റെ അറിയിപ്പില്‍ അയഞ്ഞു. മാസം കണ്ടേ, ചന്ദ്രനെ കണ്ടേ..!രസികനായ അയല്‍പക്കത്തെ നജീബ് ഒരിക്കല്‍ വിളിച്ചു കൂവി. പെണ്ണുങ്ങള്‍ എല്ലാരും മാനത്ത്‌ നോക്കി എവിടെ എവിടെയെന്ന്‍ തിക്കിത്തിരക്കി. അന്നേരം റോഡിലേക്ക്‌ വിരല്‍ ചൂണ്ടി നജീബ് ഇളിച്ചുകൊണ്ട് അറിയിച്ചു. ദാ നോക്ക് അവിടെയതാ..!

എല്ലാവരും നോക്കുമ്പോള്‍ കണ്ടത്‌ റോഡിലൂടെ പള്ളിയിലേക്ക്‌ പായുന്ന കഷണ്ടിതലയന്‍ കമ്പോണ്ടര്‍ ഉണ്ണിഹസ്സനിക്കയെ. കറുത്ത മുടികൊണ്ട് അതിര്‍വരമ്പ്‌ ഇട്ട അദേഹത്തിന്റെ മിനുസമുള്ള കഷണ്ടിത്തല കണ്ടാണ് നജീബ് മാസപ്പിറവി നിശ്ചയിച്ചത് എന്നറിഞ്ഞ എല്ലാവരും പിന്നെ അവനെ നോക്കി മുറുമുറുപ്പ് തുടങ്ങും. അവരുടെ ആഗ്രഹം പടച്ചോന്‍ കേട്ടത് പോലെ, പള്ളിയുടെ കോളാമ്പിമൈക്ക്‌ കരകര ഒച്ചയില്‍ ചെറുതായി പൊട്ടലും ചീറ്റലും തുടങ്ങും. ആരൊക്കെയോ മൈക്കിനടുത്ത് നിന്ന് സംസാരിക്കുന്നത് അലയൊലി ആയിവരും. ആകാംക്ഷയോടെ കരയുന്ന കുഞ്ഞുങ്ങളുടെ വായ പൊത്തി പെണ്ണുങ്ങള്‍ നിശബ്ദരാകും. അപ്പോള്‍ വരുന്നു മൊല്ലാക്കയുടെ ഒച്ച: നാളെ പെരുന്നാള്‍ ആണെന്ന് ഉറപ്പിചിരിക്കുന്നൂ...!! പിന്നെ എല്ലാവരും ചിരിച്ചുകൊണ്ട് പരസ്പരം പെരുന്നാള്‍ ആശംസ നേരുന്നു. ആഹ്ലാദം നിറഞ്ഞ രാവ്‌ ആരംഭിച്ചു.

ഞങ്ങള്‍ കുട്ടികള്‍ പള്ളിയിലേക്ക്‌ പായും. അവിടെ തിമിര്‍ത്ത്‌ ഓടി രസിച്ച് കൂടും. പെരുന്നാള്‍തക്ബീര്‍ ചൊല്ലുന്ന മൊല്ലാക്കയുടെ കൂടെയുള്ള ആളുകളുടെ ഇടയില്‍ ഇരുന്നു കുട്ടികളായ ഞങ്ങളും പീക്കിരിശബ്ദത്തില്‍ ഏറ്റ്ചൊല്ലും. പിന്നെ നേരെ പോകുന്നത് സിദ്ദീഖിന്റെ തയ്യല്‍കടയിലേക്ക്.. ആഴ്ചകള്‍ക്ക് മുന്‍പ്‌ ഏല്പിച്ച തുണികള്‍ പെരുന്നാള്‍തലേന്നും തിരക്കിട്ട് അയാളും ജോലിക്കാരും ധൃതിയില്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് കാണാം. നേരം പുലരുവോളം നിലയ്ക്കാത്ത തയ്യല്‍മെഷീനുകള്‍, കത്രികാശബ്ദങ്ങള്‍ പെരുന്നാള്‍രാത്രിയെ നിറയ്ക്കും. അവരുടെ മുഷിപ്പിനെ ഇല്ലാതാക്കാന്‍ മേശമേല്‍ വെച്ച പഴയ മോണോടേപ്പ്‌റിക്കോര്‍ഡറില്‍ മാപ്പിളപ്പാട്ടുകള്‍ അലയടിക്കുന്നുണ്ടാവും.

പെരുന്നാള്‍ സുദിനത്തില്‍ എണ്ണതേച്ച് കുളിയാണ്. പലരുടെയും ദേഹത്ത്‌ എണ്ണ തൊടുന്നത് പെരുന്നാളിനായിരിക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ചായകുടിച്ച് തക്ബീര്‍ ധ്വനികള്‍ കേട്ട് പള്ളിയിലേക്ക്‌ പിന്നെ ഒരോട്ടമാണ്. അന്നേരം ഉമ്മ പായസം ഉണ്ടാക്കുന്നുണ്ടാവും. ജ്യേഷ്ഠന്‍ തലേന്ന് മേടിച്ച്കൊടുന്ന കോഴിയിറച്ചി, വര്‍ഷങ്ങളായി സഹായിക്കാന്‍നില്‍ക്കുന്ന ആമിന്‍താത്ത കഴുകികൊണ്ട് ബിരിയാണിക്ക് ഒരുക്കുന്നുണ്ടാവും. അയല്‍പക്കത്തെ പെണ്ണുങ്ങള്‍ വേലിക്കപ്പുറം വന്ന് ഈദ്‌ മുബാറക്ക്‌ പറയുന്നതിന് അടുക്കളജനാലയിലൂടെ നോക്കി ഉമ്മയും ആമിന്‍താത്തയും തിരിച്ചും ആശംസിച്ച് വിശേഷങ്ങള്‍ പറയുന്നത് കാണാം.

തൊടിയിലെ മൈലാഞ്ചിക്കൊമ്പ് ഒടിച്ച് ഇലനുള്ളി അരച്ച് റെഡിയാക്കിയ മൈലാഞ്ചി ചക്കചൊണ (വളഞ്ഞി) ചേര്‍ത്ത്‌ കൈയ്യിലിട്ട് വസ്ത്രത്തില്‍ ആവാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ചത് ഊരി, നനച്ച് പരസ്പരം കാണിച്ചുകൊണ്ട് എന്റെ ഇത്താത്തയും ഇരട്ടഅനിയത്തിമാരും വേലിക്കരികില്‍ നില്‍ക്കുന്ന അങ്ങീലെ പെണ്ണുങ്ങള്‍ക്ക് അരികിലെത്തും. അവരും അവരുടെ മൈലാഞ്ചിക്കൈകള്‍ കാണിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാം.

മൊല്ലാക്കയുടെ അരികിലിരുന്ന്‍ മൈക്കില്‍ ശബ്ദം വ്യക്തമായി വെളിയില്‍ വരുവാന്‍ ആവേശത്തോടെ കുട്ടികളായ ഞങ്ങള്‍ തക്ബീര്‍ ചൊല്ലും. ആളുകള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ ഒരു മുറിതുറന്ന്‍ പ്രത്യക്ഷപ്പെടുന്ന ഖാളിമുസ്ല്യാര്‍ അത്തറിന്റെ പരിമളം വീശി മുന്നിലേക്ക്‌ വരും. പിന്നെ തക്ബീര്‍ ചൊല്ലി സലാം പറഞ്ഞ് പെരുന്നാള്‍ നിസ്കാരക്രമം അറിയിച്ച് നിസ്കാരം ആരംഭിക്കും. അത് കഴിഞ്ഞാല്‍ ഉള്ള ഖുതുബ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അസഹനീയമായിരുന്നു. പെരുന്നാള്‍ദിനം ഓരോ നിമിഷവും തീര്‍ന്നുപോവുന്നത് ഞങ്ങള്‍ക്ക്‌ സങ്കടമായിരുന്നു. അവിടെനിന്നും എത്രയും വേഗം രക്ഷപ്പെടാനായിരുന്നു ആഗ്രഹം. പക്ഷെ ഒരിക്കലും അവസാനിക്കാത്ത ഖുതുബ ആയി തോന്നിയിരുന്നു അത്. പ്രാര്‍ത്ഥന ചൊല്ലുന്നതിനു ആമീന്‍ പറഞ്ഞ് തീരും മുന്നേ ഞങ്ങള്‍ ഓടി റോഡിലെത്തും. വീട്ടില്‍ എത്തിയാല്‍ ഉമ്മ തയ്യാറാക്കിയ സേമിയാപായസം ചൂടോടെ ഊതിക്കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പള്ളിയില്‍ നിന്നെത്തും.

ഉപ്പയെ ഭയംകലര്‍ന്ന ബഹുമാനമായിരുന്നു ഞങ്ങള്‍ക്ക്. അധികമൊന്നും സംസാരിക്കാന്‍ പോകാറില്ല. ഉപ്പയും അത്ര സംസാരപ്രിയനല്ല. എന്നാലും ഞങ്ങളോട് പുറത്ത്‌ പ്രകടിപ്പിക്കാത്ത സ്നേഹമാണ്. ഉപ്പ മാളികമുറിയിലേക്ക്‌ മരഗോവണി കയറിപ്പോകും. പിന്നെ ഇറങ്ങിവരുന്നത് നോക്കി ഞങ്ങള്‍ പ്രതീക്ഷയോടെ പായസം കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പുത്തന്‍ അഞ്ചുരൂപയുടെ ഒരു കെട്ടുമായി ഇറങ്ങിവരും. ഞങ്ങള്‍ ഉത്സാഹം പുറത്ത്‌ കാണിക്കില്ല. ഉപ്പ ഓരോ അഞ്ചുരൂപ എടുത്ത്‌ ജ്യേഷ്ഠനും എനിക്കും അനുജനും, ഇത്താത്ത, ഇരട്ടഅനിയത്തിമാര്‍ക്കും തരും. അപ്പോഴും ഞങ്ങള്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ആഹ്ലാദതിരമാലകള്‍ ഹൃദയഭിത്തിയില്‍ തടുത്ത് നിറുത്തി ഉപ്പയെ നോക്കി ചിരിച്ചു പായസം കുടിക്കും. ഉപ്പ അടുക്കളയില്‍ ഒന്നെത്തിനോക്കി മാളികമുറിയിലേക്ക്‌ പോയി വാതില്‍ അടക്കും. ഉപ്പ കുറേകാലം അബുദാബിയില്‍ ആയിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക് ഉപ്പയോട് ഇങ്ങനെ അകന്ന അടുപ്പം ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഉമ്മയോട്‌ ഞങ്ങള്‍ക്ക്‌ ഏറെ അടുപ്പവും എന്തും പറഞ്ഞ് പൊട്ടിച്ചിരിക്കാനും രസങ്ങള്‍ പങ്കുവെക്കാനും ഉള്ള ഭാഗ്യമുണ്ട്.

കുറച്ച് കഴിഞ്ഞാല്‍ പാടിക്കുന്നിലെ കുടുംബവീടുകളിലെ ഒരുപറ്റം കുട്ടികള്‍ വീട്ടിലെത്തും. സ്വന്തം വീടെന്നപോലെ അവര്‍ തറവാട്ടില്‍ വൈകുവോളം കഴിയും. ഉമ്മ ഉണ്ടാക്കിയ വലിയപാത്രം പായസവും ഒരു ചെമ്പ്‌ ബിരിയാണിയും  അവരെല്ലാം കാലിയാക്കി ഏമ്പക്കമിട്ട് തറവാട്ടില്‍ തിമിര്‍ക്കും. പിന്നെ അവരുടെ ഒപ്പം കൂടി ഒളിച്ചുകളിയാണ്. ഇരുള്‍നിറഞ്ഞ കിഴക്കകം, അറ, മേലെ-താഴെ കോലായ, തായേര, എഴുത്തൂറി (വല്യാപയുടെ കാലത്ത്‌ മരപ്പണിക്കാര്‍ കണക്കെഴുതാന്‍ ഉപയോഗിച്ചിരുന്ന  നീണ്ടമുറിയാണ് ലോപിച്ച് ഇങ്ങനെ അറിയപ്പെട്ടത്), ഇവിടൊക്കെ ഞങ്ങള്‍ ഒളിക്കും. പകല്‍പോലും ജിന്നുകള്‍, ഭൂതങ്ങള്‍ വസിക്കുന്നു എന്ന് പഴമക്കാര്‍ പറഞ്ഞുപേടിപ്പിച്ച തറവാട്ടിലെ ചില മൂലകളില്‍ ഭയത്തോടെ കൂട്ടമായി കളിക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതി ഉണ്ടാകുമായിരുന്നു.

ശബ്ദകോലാഹലം കേട്ട് മാളികമുകളിലെ വാതില്‍കൊളുത്ത് ഇളകുന്നതും കര-കര ഒച്ചയോടെ തുറന്ന് ഗോവണി ഇറങ്ങി ധൃതിയില്‍ വരുന്ന ഉപ്പയുടെ കാലടികള്‍ കേട്ട് കുട്ടികളായ ഞങ്ങള്‍ ഓടിയൊളിക്കും. നെല്ല് സൂക്ഷിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയുടെ വാതില്‍പാളിക്കപ്പുറം ഒളിച്ചുനിന്ന എന്നെ കൈനീട്ടി ചെവിക്ക്പിടിച്ച് ഉപ്പ വെളിയില്‍ ഇടും. മണ്ടയ്ക്ക് രണ്ട് മേട്ടം തന്ന്‍ ഒന്നും മിണ്ടാതെ ഉപ്പ പിന്നേയും ഗോവണി കേറി മാളികമുറിയില്‍ വാതിലടച്ച് അപ്രത്യക്ഷനാകും. ഇളിഭ്യനായി കരയണോ വേണ്ടയോ എന്നറിയാതെ മണ്ടതടവി നില്‍ക്കുന്ന എന്നെ നോക്കി കൂട്ടുകാര്‍ പലയിടത്തുനിന്നും കളിയാക്കിക്കൊണ്ട് പൊങ്ങിവരും. കണ്ണ് ഒലിച്ചിറങ്ങുന്ന നിശബ്ദകരച്ചില്‍ അടക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു.

വന്ന കുട്ടികള്‍ അടുക്കളയില്‍ ചെന്ന് കാലിയായ പായസം, ബിരിയാണിപ്പാത്രങ്ങള്‍ ഒന്നൂടെ വടിച്ച് വെടിപ്പാക്കി പോയിക്കഴിഞ്ഞാവും തലേന്ന് തുടങ്ങിയ ജോലിയില്‍ ക്ഷീണിച്ച് നടുമുറിയില്‍  ഉറങ്ങുകയായിരുന്ന എന്റെ ഉമ്മ ഉണര്‍ന്ന് അടുക്കളയില്‍ എത്തുന്നത്. പടച്ചോനേ എന്നൊരു വിളിയോടെ ഉമ്മ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും ചോറും കറിയും വെക്കുന്നത് കാണാം. ആമിന്‍താത്ത നേരത്തെ സ്വന്തക്കാരെ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ടാവും. ഈ കുട്ടിപ്പടസംഘത്തെ തറവാട്ട് വീട്ടിലേക്ക്‌ കാലത്ത്‌ വിട്ട് സിനിമയ്ക്ക് പോയിരുന്ന അവരുടെ മാതാപിതാക്കള്‍ അടങ്ങിയ സംഘം വൈകിട്ടാണ് ഉമ്മയെ സന്ദര്‍ശിക്കുക പതിവ്‌. അവര്‍ക്ക്‌ രണ്ടാമത്‌ വെച്ച ചോറും കറിയും വിളമ്പി ഉമ്മ സല്‍ക്കരിക്കുമ്പോള്‍ ചിലര്‍ ഉമ്മയോട്‌ ചോദിക്കാറുണ്ട്. പെരുന്നാളായിട്ട് വെറുംചോറാണോ വെച്ചത് അമ്മായീ?! ബിരിയാണിയും പായസവും അവരുടെ സന്തതികള്‍ തന്നെ കാലിയാക്കിപ്പോയത്‌ ഉമ്മ പറയാറില്ല. മറുപടിയില്ലാതെ ഉമ്മ വിശേഷങ്ങള്‍ ചോദിച്ച് അവര്‍ക്കൊപ്പം ഇരിക്കും.

കുട്ടികളായ ഞങ്ങള്‍ക്ക്‌ കിട്ടുന്ന അഞ്ചുരൂപാ പുത്തന്‍നോട്ട് ഒരു മില്യന്‍ ദിര്‍ഹം സമ്മാനം കിട്ടുന്നത് പോലെയായിരുന്നു. അത് എന്ത് ചെയ്യണം എന്നത് ആലോചിച്ച് ഞങ്ങള്‍ മടക്ക് വരാത്ത പുത്തന്‍പച്ച കറന്‍സിനോട്ടില്‍ നോക്കി ഇരിക്കും. അന്നത്തെ ഒരു സംഭവം ആലോചിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മുതിര്‍ന്നവരായിട്ടും ഞങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞ് ചിരിക്കാറുണ്ട്. കിട്ടിയ രൂപ എന്ത് ചെയ്തുവെന്ന് ഞങ്ങളോട് ഉപ്പ ചോദിച്ചപ്പോള്‍ അന്ന് നാലര വയസ്സുള്ള അനുജന്‍ സാദിക്ക്‌ വാവിട്ട് കരച്ചിലായി. ഞങ്ങള്‍ക്ക്‌ അങ്കലാപ്പായി. ഉപ്പ അന്തംവിട്ടു. ഉമ്മ വന്ന് കാരണം ചോദിച്ചു. എന്റെ പൈസകൊണ്ട് ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പറയാതെ കീര്‍ത്തിടാക്കീസില്‍ പോയി മാറ്റിനി കണ്ടിരുന്നു. ബാക്കി വന്ന പൈസക്ക്‌ വാടകക്ക് എടുത്ത സൈക്കിള്‍ ഓടിച്ച് കറങ്ങി തീര്‍ത്തു. (അന്ന് സൈക്കിളുകള്‍- കാല്‍, അര, മുക്കാല്‍, ഒന്ന്‍- പല പ്രായക്കാര്‍ മത്സരിച്ച് വാടകക്ക് എടുത്ത് പഞ്ചായത്ത് റോഡിലും കളത്തിന്‍കടവ്‌ മൈതാനത്തും നിറയും, ചിലര്‍ വക്കാണവും അടിയും വരെയാകും). എന്റെ അനുജന്‍ എന്തിനാ കരയുന്നത് എന്നറിയാതെ ഞാന്‍ ഉപ്പയെ നോക്കി എന്തു നുണ പറഞ്ഞ് രക്ഷപ്പെടാം എന്നാലോചിച്ചു പരുങ്ങി.

അന്നേരം ഇരട്ടസഹോദരികള്‍ കുറേ തുണ്ട്കടലാസുകളുമായി ഓടിവന്നു. അവര്‍ ഉപ്പയെ നോക്കി ഉമ്മയുടെ കൈയ്യില്‍ ആ തുണ്ടുകള്‍ കൊടുത്തു. ഉമ്മ അത് എവിടുന്നാ കിട്ടിയതെന്ന്‍ എന്ന് ചോദിച്ചു. കക്കൂസില്‍ കണ്ടതാണ്. കുറച്ച് എടുത്ത്‌ ഓടിവന്നതാ. ഇരട്ടകള്‍ ഏകസ്വരത്തില്‍ കണ്ടെത്തല്‍ ഉമ്മയെ അറിയിച്ചു. ഉമ്മ ഉറക്കെച്ചിരിച്ചു. ഉപ്പ പതിവ്പോലെ ഗൌരവത്തില്‍ ഇരുന്നു. സാദിക്ക്‌ കരച്ചില്‍ ഉച്ചത്തിലാക്കി. ജ്യേഷ്ഠന്‍ സലീലും ഇത്താത്ത സാജിദയും ഉമ്മയുടെ കൈയ്യില്‍നിന്നും തുണ്ടുകള്‍ മേടിച്ച് നോക്കി ഞെട്ടി! അത് വേറൊന്നും അല്ലായിരുന്നു. പുത്തന്‍ കറന്‍സി അഞ്ചുരൂപ തുണ്ടംതുണ്ടമായി പിച്ചിചീന്തിയത്തിന്റെ ബാക്കിവന്നവയാണ് ഇരട്ടകളായ സഹലാ-സുഹൈലമാര്‍ കക്കൂസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്!

കഷണം ആയിപ്പോയ പെരുന്നാള്‍വിഹിതമായ അഞ്ച് രൂപയെ ഓര്‍ത്ത്‌ എനിക്ക് സങ്കടമായി. അതും കൂടെ കിട്ടിയിരുന്നെങ്കില്‍ ശങ്കുവൈദ്യരുടെ കടയില്‍ ചെന്ന് പടക്കം, പൂത്തിരി, റോള്‍പടക്കം പൊട്ടിക്കുന്ന കറുത്ത തോക്ക് എന്നിവ വാങ്ങി ഉപ്പ കാണാതെ എവിടെയെങ്കിലും കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് തീര്‍ക്കാമായിരുന്നല്ലോ.. അനിയന് കിട്ടാന്‍ പോകുന്ന ശിക്ഷ എന്താവാം എന്ന പേടിയോടെ ഉപ്പയെ ഞങ്ങള്‍ നോക്കി. അത്ഭുതമെന്ന് പറയട്ടെ! പല്ല് വെളിയില്‍ കാണുംവിധം ചിരിക്കുന്ന ഉപ്പയെ അപൂര്‍വമായിട്ട് അന്നാദ്യമായി കണ്ടു. പൈസയുടെ മൂല്യം, പ്രാധാന്യം വിവരിച്ച് ലഘുപ്രസംഗം പോലെ പറഞ്ഞിട്ട് ഉപ്പ മാളികമുറിയിലേക്ക്‌ ഗോവണിയില്‍ ശബ്ദമുണ്ടാക്കി പോയി വാതിലടച്ചു. അനുജന്‍ കരച്ചിലിന് ബ്രേക്കിട്ട് അന്തംപോയി നിന്നുനോക്കി. എന്നോട് വിശദീകരണം ചോദിക്കുന്നതില്‍ നിന്നും ഉപ്പയെ വ്യതിചലിപ്പിച്ചതിന് ഞാന്‍ അനിയനെ മനസ്സില്‍ നന്ദി നേര്‍ന്ന് നോക്കി ചിരിച്ചു.

(അന്ന്, കക്കൂസില്‍ സുഖത്തില്‍ ഇരുന്ന്‍ അഞ്ചുരൂപ കീറിപ്പറത്തിയ അവന്‍, ഇന്ന്, യാദൃശ്ചികമേന്നോണം പടച്ചവന്റെ അനുഗ്രഹത്താല്‍ ഒരു ബാങ്കുദ്യോഗസ്ഥന്‍ ആയി അബുദാബിയില്‍ കുടുംബസമേതം കഴിയുന്നു.)

എസ്.എം.എസ്, ഈമെയില്‍, ചാറ്റിംഗ് യുഗമായ ഇക്കാലത്ത്‌ പരസ്പരം അയക്കുന്ന  ഈദ്‌ ഗ്രീറ്റിംഗ്സിലും, ടിവിചാനലുകള്‍ തരുന്ന മുഷിപ്പിക്കുന്ന ഈദ്‌ പരിപാടികളിലും തളച്ചിടപ്പെട്ട നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍, ഇതൊന്നും ഇല്ലാതിരുന്ന പൊയ്പോയ ആ ഊഷ്മളമായ പെരുന്നാള്‍ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പരമാവധി ബന്ധു-സുഹൃത് സന്ദര്‍ശനങ്ങള്‍ ചെയ്ത് നമുക്ക്‌ ഇന്നത്തെ പെരുന്നാള്‍ ആഘോഷിക്കാം.

എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു..

Thursday, 25 December 2008

ബല്ലാത്ത ബിയ്യാത്ത!

'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്‌?'

കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില്‌ നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട്‌ വഴിപോക്കര്‌ ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക്‌ വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!

'ഞമ്മള്‌ നെലമ്പൂർക്ക്‌ പോക്വാണ്‌. ഉണ്ണിവൈദ്യേരെ ഒന്ന്‌ കാണാനേയ്‌. കൊറച്ച്‌ കൊയമ്പ്‌ മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ്‌ കയിഞ്ഞ്‌. ഇഞ്ഞ്‌ അടുത്തൊല്ലത്തെ മാങ്ങീട്ട്‌ കരുതണ്ടേ..'

അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ്‌ പാലം കടന്ന്‌ ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ്‌ പോകുന്ന 'തുറാൻ' ബസ്സും വന്ന്‌ എതിരേയുള്ള സ്റ്റോപ്പിൽ നിന്ന്‌ ആളെയിറക്കി.

ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട്‌ ഓടി രണ്ട്‌ ബസ്സിനേം വലയം വെച്ച്‌, ഏത്‌ ബസ്സ്‌ ഏത്‌ ദിശേൽക്ക്‌ എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ്‌ ഡോറിലൂടെ അകത്തേക്ക്‌ ചാടിക്കേറി. കിളി വിസിലൂതി. അത്‌ തുറാൻ ബസ്സായിരുന്നു!

കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.

'എങ്ങോട്ടാ?'

'ഉണ്ണിവൈദ്യേരെ അങ്ങട്ട്‌.'

'എവിടേക്ക്‌?'

'നെലമ്പൂർക്ക്‌'

'ഇത്‌ കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല്‌ കേറിക്കോളീം.'

കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന്‌ കിതച്ചു.

'പണ്ടാറടങ്ങാൻ ബസ്സ്‌ രണ്ടെണ്ണം ഒന്നിച്ച്‌ ബന്ന്‌ ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.

കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക്‌ വിട്ടു.

ലേഡീസ്‌ സീറ്റ്‌ കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച്‌ കൈചൂണ്ടി പറഞ്ഞു:

'ഇത്താ സീറ്റ്‌ കാലിയായ്‌ കെടക്കുന്നത്‌ കണ്ടില്ലേ. അങ്ങോട്ട്‌ കുത്തിരുന്നൂടേ?'

'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര്‌ പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്‌!'

ബിയ്യാത്ത കലിപ്പായി നിന്നിട്ട്‌ പറഞ്ഞു. കിളി വാപൊളിച്ച്‌ നീട്ടിയൊരു ചൂളമടിച്ചു.

നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ്‌ രണ്ട്‌ കുപ്പി വാങ്ങി രണ്ട്‌ കക്ഷത്തും ഇറുക്കിപ്പിടിച്ച്‌ കല്ലാമൂല വഴി പോകുന്ന ബസ്സ്‌ കാത്തുനിന്നു. കുറച്ച്‌ കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്‌. അതിൽ തിക്കിക്കയറി. സീറ്റ്‌ കിട്ടി. ഇരുകക്ഷത്തും കുഴമ്പ്‌ കുപ്പികളും വെച്ച്‌ ബിയ്യാത്ത സ്വസ്ഥമായിരുന്നു.

ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച്‌ കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട്‌ ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട്‌ വാൾവെക്കുന്നവരെ പ്രതിരോധിച്ചു.

ബസ്സ്‌ പുറപ്പെട്ട്‌ മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ്‌ കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന്‌ ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.

'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'

ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന്‌ ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ്‌ മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട്‌ ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്‌... എന്തും സംഭവിക്കാം..

ഇതിനിടയ്ക്ക് കിട്ടിയ ചാന്‍‌സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:

'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'

'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'

'പക്ഷെ? ഉം?'

'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'

'ഞാനും തപ്പിക്കോട്ടെ?'

കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന്‌ ചെക്കനും ഹെല്‍‌പുചെയ്തു.

ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട്‌ ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച്‌ വലിച്ച്‌ മാറ്റി.

'ഇങ്ങളെന്താ തള്ളേ നോക്ക്ണത്‌? ഹലാക്കാക്കാൻ ഒലക്ക!'

'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത്‌ മാങ്ങ്യതാ കൊയമ്പ്‌ കുപ്പി. അത്‌ കാണാനില്ല.'

'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില്‌ മുറുക്കിവെച്ചിക്കിണത്‌! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'

ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ്‌ അപ്പോഴാണ്‌ ബിയ്യാത്ത ശ്രദ്ധിച്ചത്‌. തൂങ്ങിയാടുന്ന പല്ലിളിച്ച്‌ ബിയ്യാത്ത പാഞ്ഞു.

എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില്‌ മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.

അത്‌ മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!

(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്‌. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ഓടിക്കൊണ്ടേയിരിക്കും. അതാണ്‌ അവന്റെ പിരാന്ത്‌. പണ്ട്‌ തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത്‌ വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക്‌ പ്രത്യേകിച്ച്‌) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)

മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക്‌ ഡോർ വഴി കയറുന്നത്‌ കണ്ട്‌ ആരോ വിളിച്ചുകൂവിയതാണ്‌ ഈ പൊല്ലാപ്പിനൊക്കെ ഹേതു.

ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട്‌ ന്യൂസു'മായാണ്‌ ഇറങ്ങിയത്‌.

"തൂറാൻ മുട്ടി രണ്ടാൾക്ക്‌ പരിക്ക്‌, 'തീവണ്ടി' കാരണം അപകടം!'

Monday, 8 December 2008

'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും' പൊല്ലാപ്പായി.

അവുളക്കുട്ടി മീന്‍‌കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്‌.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.

നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ്‌ വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല്‌ മേലോട്ട് മീന്‍‌വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.

'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'

ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍‌പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.

അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.

'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'

'അതൊരു സര്‍‌പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'

'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'

ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.

'ഇബടെ നല്ല മീനോള്‌ ബില്‍ക്കപ്പെടും'

'എന്തേയ്?'

'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'

'ഇല്ല'

'എന്നാല്‌ അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'

അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.

'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'

കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.

'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള്‌ സംസയിക്കും.'

അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.

'മീനുകള്‍ വില്‍ക്കപ്പെടും'

ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.

കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള്‌ മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!

'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'

'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'

കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ്‌ ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.

ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.

'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'

'എന്തേയ് ആഗൂ?'

'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'

'ഇല്ലാ..'

'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'

'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'

'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'

ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..

ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.

ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!

(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)

Sunday, 8 June 2008

ഒരു പള്ളിക്കൂടചരിതം.

ചെട്ട്യങ്ങാടി എല്‍‌പി സ്‌ക്കൂളില് ഞാന്‍ രണ്ടാം ക്ലാസ്സില്‌ പഠിക്കുന്ന കാലം. കുട്ടികള്‌ കലപില ഒച്ചയുണ്ടാക്കുന്നത്‌ നിറുത്താനായിട്ട്‌ സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില്‌ ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി. ഞങ്ങള്‌ പിള്ളേര്‍ക്ക്‌ ആദ്യമൊക്കെ ഒരു അടക്കോം ഒതുക്കോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ ദിവസങ്ങള്‌ കഴിഞ്ഞപ്പോഴേക്കും അപ്പുറമിപ്പുറം ഇരിക്കുന്ന ചങ്ങായിച്ചികള്‍ക്ക്‌ പെന്‍സിലുപൊട്ട്‌ കൊടുത്തും സ്ലേയിറ്റ്‌ മായിക്കാന്‍ വഴിയ്ക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന വെള്ളത്തണ്ട്‌ പൊട്ടിച്ചുകൊണ്ടുവന്ന് കൊടുത്തും നല്ല കൂട്ടായി. എനിക്കിപ്പഴും ഓര്‍മ്മയുണ്ട്‌, എന്റെ വലതുവശത്തിരുന്നത്‌ സൈറാബാനുവും ഇടതുവശത്ത്‌ ശാന്തകുമാരിയും. ആ മുഖങ്ങളിന്നും ഓര്‍മയിലുണ്ടെങ്കിലും അവരെ അന്നുപിരിഞ്ഞിട്ട്‌ പിന്നെ കണ്ടിട്ടില്ല.

ശാന്തകുമാരിയെന്ന കറുമ്പി വലിയ കുറുമ്പിയായിരുന്നു. അവളെ കാണാന്‍ വല്യ ശേലില്ല എന്നു കളിയാക്കിയ എന്റെ ഇടതുകണ്ണിലിട്ട്‌ അവള്‍ പെന്‍സില്‍ വെച്ച്‌ കുത്തിയതിന്റെ പോറല്‍ ഒരു കറുത്തപുള്ളിയായിട്ട്‌ ഇന്നും മായാതെ എന്റെ തിരിച്ചറിയല്‍ അടയാളമായിട്ട്‌ ആധികാരികരേഖകളിലും ഇടം നേടികൊണ്ട്‌ കിടപ്പുണ്ട്‌. കുറുമ്പിശാന്ത എന്ന അവള്‍ എന്റെ കണ്ണിലിട്ട്‌ കുത്തിയപ്പോള്‍ ഞാന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അവള്‍ അതിലും വല്യ കരച്ചില്‌ കരഞ്ഞ്‌ എന്നെ കുറ്റക്കാരനാക്കി. ടീച്ചര്‍ ഞാന്‍ പറഞ്ഞത്‌ ഗൗനിക്കാതെ എനിക്ക്‌ ചൂരല്‍ കഷായം തന്നതും, അടുത്തദിവസം കറുമ്പിശാന്ത ചോയിചേട്ടന്റെ പശുത്തൊഴുത്തില്‌ കറവക്കാരനായ അവളുടെ അച്‌ഛനെ പള്ളിക്കൂടത്തില്‍ കൊണ്ടുവന്ന് എന്നെ ചൂണ്ടിക്കാണിച്ചതും.. കരിമുട്ടിപോലെത്തെ പുള്ളിക്കാരന്‍ എന്നെ പള്ളിക്കൂടത്തില്‍ ഇട്ടോടിച്ച്‌ പിടിക്കാന്‍ ശ്രമിച്ചതും.. എല്ലാമെല്ലാം ഞാന്‍ ഒരുകാലത്തും മറക്കൂല!! ദിവസം പലവട്ടം കണ്ണാടിയില്‍ നോക്കുന്നേരം എന്റെ ഇടത്തേകണ്ണിലെ കറുത്തമറുക്‌ ആ കിടിലന്‍ സംഭവങ്ങള്‍ റീ-പ്ലേ ചെയ്തും സ്ലോമോഷനാക്കിയും സൂം-ഇന്‍ ആക്കിയും കാണിച്ച്‌ എന്നെ കിടുകിടെയാക്കാറുണ്ട്‌.

പള്ളിക്കൂടത്തില്‍ പോകുന്ന ഊറ്റം അല്‍പമില്ലാതാക്കിയ ഈ കറുമ്പിശാന്ത പിന്നീട്‌ എന്നോട്‌ കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പുച്ഛിച്ച്‌ തള്ളി. പിന്നേയും പലവട്ടം അവളുടേ കറവക്കാരനച്ഛന്‍ ചെളിനിറമുള്ള തോര്‍ത്തും തോളത്തിട്ട്‌ മുറുക്കിത്തുപ്പിയ വിണ്ടുകീറിയ ചുണ്ടുകള്‍ കോട്ടിക്കൊണ്ട്‌ ശാന്തകുമാരിയെ കാണാനെത്തിയിരുന്നു. ഞാനന്നേരം കാണുന്ന വല്ലയിടത്തും പോയൊളിക്കും. പക്ഷെ ആ പുള്ളി അതെന്നേ മറന്നുപോയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ മുതിര്‍ന്നൊരാളാകേണ്ടിവന്നു.

കേട്ടെഴുത്ത്‌ കഴിഞ്ഞ്‌ താടിവാലന്‍ ഉണ്ണിമെയിതീന്‍ മാഷ്‌ എന്റെ സ്ലേയിറ്റില്‍ പലവട്ടം പൊങ്ങിപ്പോവുന്ന 'വിമാനം' പോലെ കോറിയിട്ടപ്പോള്‍ ഞാന്‍ തുള്ളീച്ചാടി സൈറാബാനുവിനും ബാക്കിലിരിക്കുന്ന യൂസഫിനും കാണിച്ചുകൊടുത്ത്‌ 'നോക്കെടീ(ടാ) പറക്ക്‌ണ ബീമാനം!' എന്നാഹ്ലാദിച്ചു. അവര്‍ കളിയാക്കി പറഞ്ഞപ്പോഴാണ്‌ അത്‌ വിമാനമല്ല, തെറ്റുത്തരം സൂചിപ്പിക്കുന്ന സിമ്പലാണെന്ന് ആദ്യമായറിയുന്നത്‌!

പിന്നെയൊരിക്കല്‍ ലീലാവതിടീച്ചര്‍ എന്റെ ഒരുത്തരത്തിനു നേരെ വല്യ മുട്ട വരച്ചുതന്നപ്പോള്‍ ഞാന്‍ അതിനു എന്റെവക കണ്ണും മൂക്കും കൈയ്യും കാലും ഒക്കെ വരച്ചുചേര്‍ത്തപ്പോള്‍ വയറില്‍ ബട്ടനുള്ള ഭാഗത്ത്‌ പിടിച്ച്‌ പിച്ചിക്കശക്കിയ ടീച്ചര്‍ പലപ്രാവശ്യം പറയാറുള്ള ഡയലോഗ്‌ ശിഷ്യഗണങ്ങള്‍ വഴി നാട്ടിലിന്നും പാട്ടാണ്‌.

"പഠിക്കത്തില്ല ചെക്കന്‍ (ചെക്കത്തി), ഉപ്പുമാവ്‌ തിന്നാനായിട്ട്‌ ഇങ്ങട്ട്‌ വന്നോളും!"

ഈ ഡയലോഗ്‌ ഒരു പ്രത്യേക താളത്തിലാണ്‌ ലീലാവതിടീച്ചര്‍ പറയാറ്‌, ആ താളത്തിനൊത്ത്‌ പൊക്കിള്‍ കൂട്ടിപ്പിടിച്ച്‌ തിരിച്ച്‌ നമ്മളേയും ഇട്ടുവട്ടം കറക്കും. അതനുഭവിക്കുന്നവന്‍(വള്‍) പൊന്നീച്ച, നക്ഷത്രം എന്നിവ ഒരുമിച്ച്‌ തലയ്ക്കുചുറ്റും കറങ്ങുന്നത്‌ കണ്ടെന്നിരിക്കും.

അങ്ങിനെയിരിക്കെ, ഒരുനാള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധിയായിട്ട്‌ ഒരു മീശക്കൊമ്പന്‍ സാറ്‌ ക്ലാസ്സുകളില്‍ പരിശോധനയ്ക്കെത്തി. തലേദിവസം തന്നെ ടീച്ചറമ്മാരും മാസ്‌റ്റമ്മാരും കുട്ട്യോളെ "മാനേ തേനേ" എന്നൊലിപ്പിച്ച്‌ വല്യകാര്യത്തില്‍ ഒരുനാളെങ്കിലും പുസ്‌തകം പഠിച്ചുവരാന്‍ സോപ്പിട്ടതാണ്‌. ആ മിശക്കൊമ്പന്‍ സാറ്‌ വന്നപ്പോള്‍ അവരെല്ലാം ഓഛാനിച്ച്‌ പിറകില്‍ നിന്നു. ചങ്കിടിപ്പോടെ ഞങ്ങള്‌ കുട്ട്യോളെല്ലാം ആ മീശക്കൊമ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു.

ആ സാര്‍ പാഠവിഷയങ്ങളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിച്ചില്ല. പകരം വിരല്‍ ചൂണ്ടുന്ന ദിക്കില്‍ ആരാണോ ആസനസ്ഥന്‍, അവരോട്‌ പൊതുവേയുള്ള കാര്യങ്ങളാണ്‌ ആരാഞ്ഞത്‌. അങ്ങിനെ ആ മീശക്കൊമ്പന്റെ ചൂണ്ടുവിരല്‍ എന്നിലും വന്നുനിന്നു. ഞാന്‍ എഴുന്നേറ്റു. മുട്ടുകള്‍ വിറച്ചിടിക്കുന്നുണ്ട്‌.

'എന്താ പേര്‌?'

'..........'

'വീടെവിടാ? വീട്ടിലാരൊക്കെ?'

ഞാന്‍ വിറച്ചുകൊണ്ടുത്തരമോതി.

'ഉമ്മയ്‌ക്ക്‌ എന്താ പണി?'

'പൊരേല്‌ വരുന്ന വിരുന്നുകാര്‍ക്ക്‌ ചായ, കാപ്പി, ചോറ്‌ ചാറ്‌ ഉണ്ടാക്കല്‌'

'അതുശെരി! ഉപ്പ എന്തുചെയ്യുന്നു?'

'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില്‌ കൊണ്ടുവരും'

മീശക്കൊമ്പന്‍ സാറ്‌ അന്തംവിട്ട്‌ പിറകില്‍ പമ്മിനില്‍ക്കുന്ന അധ്യാപഹരെ നോക്കി.

'ഉമ്മ വീട്ടില്‌ മക്കാനി നടത്തുന്നു. ഉപ്പ പെട്ടിക്കച്ചവടവും, അല്ലേ?'

മീശക്കൊമ്പന്‍ മഞ്ഞപ്പല്ലിളിച്ചുകൊണ്ട് പരിഹാസത്തോടെ ചോദിച്ചതിനുള്ള വിശദീകരണം സത്യവതിടീച്ചറാണ്‌ കൊടുത്തത്‌.

'ഇവന്റെ ഉപ്പ ഗള്‍ഫിലാണ്‌ സാര്‍. എന്നും വിരുന്നുകാര്‍ വരുന്ന വീട്ടില്‌ ഇവന്റെ ഉമ്മയ്ക്ക്‌ ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ'

താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട്‌ ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!

Wednesday, 22 August 2007

രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി!

നിത്യവുമെന്ന പോലെയന്നും അബുട്ടി നേരെ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടിലെത്തി. വീടിന്റെ കോലായിലെ അരപ്പടിയില്‍ തൂണും ചാരിയിരുന്ന്‌ മനോരമ-മംഗള-മാതൃഭൂമി-മാധ്യമ ദിനപത്രങ്ങള്‍ ഓരോന്നായി മടക്കിപിടിച്ച്‌ പാരായണമാരംഭിച്ചു.

"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച്‌ അന്തം വിട്ട്‌ അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട്‌ മുറ്റത്തൂടെ പോയ പിള്ളേരോട്‌:

"ഏതോ ദക്കറിയക്ക്‌ സമനില വന്നതുവരെ പത്രത്തില്‌ വന്ന്‌. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന്‌ പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."

പിള്ളേരോടി പോയി.

"രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച്‌ നോക്കി. മുഖത്ത്‌ ഭീതി കൂടി.

"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത്‌ കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"

അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല്‌ നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത്‌ പൂശികൊണ്ട്‌ ഖദര്‍ കുപ്പായമിട്ട്‌ കോലായിലെത്തി.

"ആ അതുശരി. കറുത്ത കൈ പൗഡറിട്ട്‌ വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"

അബുട്ടി നാക്ക്‌ കടിച്ച്‌ മന്ത്രിച്ച്‌ പറഞ്ഞു.

മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന്‌ കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‌ 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത്‌ മടക്കിനിവര്‍ത്തി.

അബുട്ടി എഴുന്നേറ്റ്‌ തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട്‌ പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില്‌ ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.

'ഇപ്പം മമ്മൂവിനെ പോലീസില്‌ കൊടുത്താല്‌ നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്‌. രാജീവ്‌ ഗാന്ധിയേണ്‌. ആഹാ..!'

റോഡിലിറങ്ങിയിട്ട്‌ അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട്‌ എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.

അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട്‌ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത്‌ ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക്‌ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.

വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ്‌ ശ്രദ്ധിച്ചതും. ഉടനെ..

"ആരിത്‌ അബുട്ടിയോ. നീ പോയിട്ടേയ്‌ ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന്‌ ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട്‌ കുടിച്ചോളൂ."

"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'

അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ വെളുക്കെ ചിരിച്ചോണ്ട്‌ മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്‌..

'ഞാന്‍ പോയിട്ട്‌ എന്റെ ചായ കുടിച്ച്‌ വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'

ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച്‌ അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന്‌ അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..

ശേഷം ചിന്ത്യം..

Monday, 13 August 2007

അബുട്ടി - ചിത്തഭ്രമപ്രണയകഥാനായകന്‍!

ചിത്തഭ്രമപ്രണയകഥയിലെ നായകനെ നിങ്ങളോര്‍ക്കുന്നില്ലേ? പിരാന്തന്‍ അബുട്ടിയെ? അക്കഥ തുടരനാക്കാനായില്ല. എന്തെന്നാല്‍ വിമര്‍ശന-പ്രാദേശിക-ജാതീയ വിസ്‌ഫോടനത്താലും പിന്നെ.. അക്കാലയളവില്‍ പൊട്ടിയുദിച്ച ചില 'വര്‍മ്മനോണി'കളാലും തലയ്‌ക്കുള്ളില്‌ നിറഞ്ഞുകിടപ്പുള്ള ഇക്കഥ അന്നുതന്നെ ഞാന്‍ ഫുള്‍-സ്റ്റോപ്പിട്ടതാണ്‌.

നിങ്ങള്‍ക്ക്‌ സമ്മതാണേല്‌ ബാക്കികൂടി വായിക്കാന്‍ ഇടണമെന്നുണ്ട്‌. ഇപ്രാവശ്യം ഒരു നുറുങ്ങുനര്‍മ്മം (പിരാന്തനബുട്ടി വക) പറഞ്ഞോട്ടെ...

അങ്ങിനെ പിരാന്തനബുട്ടി നിലമ്പൂരിലെ ചെട്ടിയങ്ങാടി കൊടികുത്തി അലഞ്ഞുതിരിഞ്ഞുവസിക്കും കാലം.. ഉച്ചഭക്ഷണം സ്ഥിരം അകത്താക്കുന്നത്‌ വര്‍ഷങ്ങളായിട്ട്‌ ജനകീയസമ്മതനായ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടില്‍ നിന്നാണെന്നറിയാല്ലോ.. അതിനൊരു കാരണം അബുട്ടീസ്‌ ചോദ്യത്തിലുണ്ട്‌:

"ഞമ്മള്‌ നാട്ടാര്‌ വെയിലും മയീം കൊണ്ട്‌ ക്യൂനിന്ന്‌ എല്ലാ വട്ടവും ജയിപ്പിച്ചുകൊണ്ടുവരുന്ന കുഞ്ഞാക്കയുടെ വീട്ടിലെ ഫുഡടിക്കുന്നത്‌ ചോയിക്കാന്‍ ഉശിരുള്ള ഏതെവനുണ്ടെടാ ഞാനല്ലാതെ ഇവിടെ വേറെ??!"

അങ്ങിനെ ഒരിക്കലൊരു ഇലക്ഷന്‍ പ്രചരണകാലം, നേതാവ്‌ കുഞ്ഞാക്ക പുരയിലുള്ള വേള. വാരിവലിച്ച്‌ ചോറും കറിയും തിണ്ണയിലിരുന്ന്‌ തിന്നുന്ന അബുട്ടിയെ മൂപ്പര്‌ ശ്രദ്ധിച്ചു. അരികിലെത്തി. കൂടെ ഖദറിട്ട ലോക്കല്‍ നേതാക്കളുമുണ്ട്‌.

"മോനേ.. അബുട്ടീ.. ഇപ്രാവശ്യം കുഞ്ഞാക്ക ജയിക്കൂലേടോ?"

വായ നിറച്ചും ചോറുനിറച്ച്‌ കണ്ണും തള്ളി മോന്ത തുടച്ച്‌ ഒരു പൊരിച്ച അയക്കോറ പീസും കൂടി വായയിലിട്ട അബുട്ടി എക്കിളെടുത്ത്‌ വെള്ളത്തിന്റെ സ്‌റ്റീല്‍ കപ്പെടുത്ത്‌ പോസായിട്ടൊന്ന്‌ ഇരുന്നു.

"കുഞ്ഞാക്ക കൊല്ലം കൊറേയായില്ലേ ജയിച്ചങ്ങനെ തിരോന്തരത്ത്‌ പോയി കഴിയുന്നത്‌! ഇപ്രാവശ്യം കുഞ്ഞാക്ക തോറ്റാല്‍ മതി."

"ങ്‌ഹേ! എന്ത്‌? അതെന്താ?"

"ആന്ന്‌. ഇങ്ങള്‌ തോറ്റാല്‌ മാസത്തില്‌ ഒരു വട്ടം വരുന്നത്‌ മാറി പിന്നെ എന്നും പുരയിലുണ്ടാവൂലേ. അപ്പോള്‌ ഞമ്മള്‍ക്ക്‌ എന്നും തിന്നാന്‌ പൊരിച്ച കോയീം മീനും, നെയിച്ചോറും ബിരിയാണീം കിട്ട്വോലോ.. ഇതിപ്പം ഇങ്ങള്‌ വരുന്ന അന്നല്ലേ നല്ല ഫുഡ്‌ കിട്ടുന്നേ!"

ഇതുകേട്ട്‌ കുഞ്ഞാക്ക പുഞ്ചിരിച്ചപ്പോള്‍ കൂടെയുള്ള കുട്ടിനേതാവ്‌ അറിയാത്തപോലെ അബുട്ടി കുടിക്കുന്ന സ്‌റ്റീല്‍ കപ്പ്‌ കൈയ്യാല്‍ തട്ടി നിലത്തിട്ടതാരും അറിഞ്ഞീല..!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com