Showing posts with label നാടന്‍ കഥ. Show all posts
Showing posts with label നാടന്‍ കഥ. Show all posts

Monday, 29 July 2024

അസ്മാബിയുടെ ഗർഭം!

കാലം 1989.

ചീനിക്കുഴി ഹമീദ് ഹാജി, നാരോത്ത്കാവ് എന്ന നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയും പള്ളി കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.

വയസ്സ് അൻപത്തിയഞ്ചു ആയിട്ടുണ്ട്. കുറേ വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. ഭാര്യ അലീമയും മൂന്ന് ആണ്കുട്ടികളും ആയി സമാധാന ജീവിതം..

മുപ്പത്‌ കിലോമീറ്റർ അകലെ മൂന്നര ഏക്കർ റബ്ബർ തോട്ടമുണ്ട്. എല്ലാ ഞായറാഴ്ചയും രാവിലെ ബസ്സിൽ അവിടെ പോവും. പണിക്കാരെ നോക്കലും കൂലി കൊടുക്കലും ഒക്കെ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തും. തോട്ടത്തിന്റെ ഒരരികിൽ റബ്ബർ ഷീറ്റ് ഷെഡ് ഉണ്ട്. അതിലാണ് ഷീറ്റ് അടിക്കുന്ന യന്ത്രങ്ങൾ ഉള്ളത്.

ഒരു അതിരിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്. പണ്ട്, ഹമീദ് ഹാജിയുടെ ഉപ്പാന്റെ കാളവണ്ടിക്കാരൻ പരേതനായ അബുവിന്റെ പ്രായമായ ഭാര്യയും പത്തൊൻപത് വയസ്സുള്ള മകൾ അസ്മാബിയും ആണ് അവിടെ ഉള്ളത്.

അസ്മാബി ആണ് റബ്ബർ പാൽ ഷീറ്റ് ആക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾ രണ്ട് പേർ കൊണ്ടുവരുന്ന റബ്ബർ പാൽ സൂക്ഷിച്ച് വെച്ച് ഷീറ്റ് ആക്കുന്നത് അസ്മാബി എന്ന ഇരുനിറമുള്ള യുവതിയാണ്.

തന്റെ ഉപ്പാന്റെ കാളവണ്ടിക്കാരന്റെ മകൾ എന്നത് കണക്കിലെടുത്തു അസ്മാബിക്ക് കൂലിക്ക് പുറമേ സാമ്പത്തിക സഹായം ഹമീദ് ഹാജി നൽകിയിരുന്നു. അവൾക്ക് പുറംവേദന ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളേയും ഉമ്മയെയും കൂട്ടി ഒരിക്കൽ കോഴിക്കോട് ഏതോ വൈദ്യരെ കാണിക്കാൻ കൊണ്ടുപോയിരുന്നു ഹമീദ് ഹാജി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വരുമ്പോൾ ഹമീദ് ഹാജി അസ്മാബിയെ തന്റെ മകൻ സജീറിന്റെ ഒപ്പം നാട്ടിലെ തുണിപ്പീടിക നടത്തുന്ന അബ്ദു ഹാജിയുടെ അടുത്തേക്ക് ഇഷ്ടമുള്ള ബ്ലൗസും പാവാടയ്ക്കും ഉള്ളത് എടുക്കാൻ വിടുമായിരുന്നു. 

സജീറിന്റെ കൂടെ നിരത്തിലൂടെ നടന്ന് പോവുന്ന അസ്മാബിയെ നോക്കി സജീറിന്റെ കൂട്ടുകാർ കളിയാക്കി ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് സജീർ നടത്തത്തിന്റെ വേഗം കൂട്ടും. 

അബ്ദു ഹാജിയുടെ തുണിഷോപ്പിൽ നിന്നും രണ്ട് സെറ്റ് ബ്ലൗസ്, പാവാട കട്ട്പീസ് തിരഞ്ഞെടുത്തത് നോക്കി നിൽക്കുന്ന സജീറിനോട് "നിനക്ക് ഷർട്ട്, പാന്റ് തുണി വേണ്ടേ?" എന്ന് അബ്ദുഹാജി ചോദിച്ചപ്പോൾ അവൻ ഇപ്പോ വേണ്ട, ഉപ്പാനോട് ചോദിച്ച് പിന്നെ വരാ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.

"നാട്ടിൽ നല്ല തയ്യൽക്കാരൻ ഉണ്ട്, എന്നെയൊന്ന് ബസ്സ് കേറ്റി വിടൂ" അസ്മാബി പറഞ്ഞത് കേട്ട് "തുണിയുടെ പൈസ ഉപ്പ തരും" എന്ന് സജീർ അബ്ദു ഹാജിയോട് പറഞ്ഞ് ബസ്സ് സ്റ്റാന്റിലേക്ക് നടന്നു. അവളെ ബസ്സ് കേറ്റി വിട്ടിട്ട് സജീർ വീട്ടിലെത്തി.

എല്ലാ ഞായറാഴ്ചയും ഹമീദ് ഹാജി റബ്ബർ തോട്ടത്തിൽ മുടങ്ങാതെ പോയി വന്നു. മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം അസ്മാബിയുടെ നാട്ടുകാർ അഞ്ചാറു പേർ ഹമീദ് ഹാജിയുടെ വീട്ടിലെത്തി.

വന്നവരോട് എന്താ കാര്യം എന്ന് ചോദിച്ച് സിറ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു.

വന്നവരിൽ ഒരാൾ കാര്യം പറഞ്ഞു.

അസ്മാബി ഗർഭിണി ആണ്.

"അതിന്? നിങ്ങൾ എല്ലാവരും കൂടി എന്തിനാ ഇങ്ങോട്ട് വന്നത്?"

ഹമീദ് ഹാജി ചോദിച്ചു.

അന്നേരം സജീറും രണ്ട് അനുജന്മാരും അടുക്കളയിൽ വന്നവർക്ക് ചായ ഉണ്ടാക്കുന്ന ഉമ്മ അലീമയോട് കാര്യം പറഞ്ഞു, അസ്മാബി ഗർഭിണിയായ വിവരം. അലീമ സിറ്റിംഗ് റൂമിൽ ഇരിക്കുന്ന ആളുകളെ നോക്കി പറഞ്ഞു

"ആരോ ഉണ്ടാക്കിയ ഗർഭത്തിന്റെ ഉത്തരവാദി എന്റെ ഭർത്താവ് അല്ല. വെറുതെ നുണ പറയാൻ നോക്കണ്ട"

"ഹമീദ് ഹാജി എല്ലാ ഞായറാഴ്ചയും അവിടെ വരാറുണ്ടല്ലോ. റബ്ബർ ഷീറ്റ് അടിക്കുന്നത് അസ്മാബിയാണ്. ഉച്ചഭക്ഷണം കഴിക്കുന്നതും ഓളെ വീട്ടിൽ നിന്നാണ്. ഓള് ഉടുക്കുന്ന വസ്ത്രങ്ങൾ ഹമീദ് ഹാജി വാങ്ങിക്കൊടുത്തത് ആണ്.

അപ്പോ ഓളെ ഗർഭത്തിന്റെ ഉത്തരവാദി വേറെ ആരാ? ഞങ്ങളാരും അല്ല"

"എന്നിട്ട് അസ്മാബി ഹമീദ് ഹാജിയുടെ പേര് പറഞ്ഞോ? ഇല്ലല്ലോ?" അലീമ ചോദിച്ചത് കേട്ട് വന്നവർ "അത് പിന്നെ, ഇത് പിന്നെ" എന്നിങ്ങനെ ബ ബ്ബ ഭ അടിച്ചു.

"ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞങ്ങൾ നാട്ടുകാർ പോവുകയുള്ളൂ" വന്നവരിൽ ഒരാൾ പറഞ്ഞു.

ഹമീദ് ഹാജി എണീറ്റ് കൂട്ടത്തിലെ ഒരാളെ ആംഗ്യത്തിൽ വിളിച്ച് മുറ്റത്ത് ഇറങ്ങി.

ഹമീദ് ഹാജി അയാളോട് സ്വകാര്യമായി ചോദിച്ചു

"എല്ലാ എന്താ നിങ്ങളുടെ ഉദ്ദേശ്യം? എന്താ നിങ്ങൾക്ക് വേണ്ടത്. അത് പറ"

അയാൾ ഒരു മിനിറ്റ് എന്നും പറഞ്ഞ് അകത്തേക്ക് പോയി കൂട്ടുകാരോട് രഹസ്യ ചർച്ചയായി. എന്നിട്ട് ഹമീദ് ഹാജിയുടെ അടുത്തെത്തി പറഞ്ഞു.

"ഞങ്ങൾക്ക് ഒരു മുപ്പതിനായിരം തന്നാൽ അസ്മാബിയുടെ ഗർഭം വേറൊരാളെ തലയിൽ വെക്കാം. എന്താച്ചാൽ ഇപ്പോ അഭിപ്രായം പറയണം"

ഹമീദ് ഹാജി ഞെട്ടിയില്ല. കൂൾ ആയി പറഞ്ഞു "ശെരി, നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ബാങ്കിൽ പോയി കാശ് എടുത്ത് വരാം."

കേട്ടയാൾ സന്തോഷത്തോടെ ആയിക്കോട്ടെ എന്നും പറഞ്ഞു സിറ്റിംഗ് റൂമിൽ പോയി കൂട്ടുകാരോട് ഒപ്പം ഇരുന്നു.

"എന്റെ ഭർത്താവ് ഒരു പെണ്ണിനെ പോലും നോക്കാത്ത പടച്ചോനെ പേടിയുള്ള ആളാണ്" അലീമ അവരോട് പറഞ്ഞു.

"അതിന് ഹമീദ് ഹാജി ആരേയും പീഡിപ്പിച്ചു എന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ. കല്യാണം കഴിയാത്ത അസ്മാബി ഗർഭിണിയായ സത്യം പറഞ്ഞു. അതിന് ഉത്തരവാദി വേറെ ആരാ?"

അന്നേരം ഹമീദ് ഹാജി പോലീസ് സ്റ്റേഷനിൽ എത്തി എസ്. ഐ യോട് സംഗതി അറിയിച്ചു. നാട്ടിലെ മാന്യവ്യക്തി, ഇതുവരെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത ആള് ഹമീദ് ഹാജി പറഞ്ഞത് കേട്ടു.

"വേറെ ആരുടെയോ ഗർഭം നിങ്ങളുടെ മേൽ ചാർത്തി കാശ് പിടുങ്ങാനുള്ള ബ്ളാക്ക് മെയിൽ ആണിത്."

എസ് ഐ പറഞ്ഞപ്പോൾ ഹമീദ് ഹാജി സന്തോഷിച്ചു. ഇനിയെന്ത് ചെയ്യണം എന്നാരാഞ്ഞപ്പോൾ യൂണിഫോമിൽ അല്ലാത്ത മഫ്തി വേഷത്തിൽ ഒരു പോലീസുകാരൻ നിങ്ങളുടെ കൂടെ വരും. അത് ബാങ്ക് മാനേജർ ആണെന്ന് അവർക്ക് തോന്നും. മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ എസ് ഐ വിളിക്കുന്നത് കേട്ട് വന്നു. അയാളോട് എസ് ഐ കാര്യങ്ങൾ അറിയിച്ചു.

ഹമീദ് ഹാജി ബാങ്ക് മാനേജർ ഒന്നിച്ച് വരുന്നത് കണ്ട ആളുകൾ എണീറ്റു. അവരോട് ഇരിക്കാൻ പറഞ്ഞ മഫ്തി പോലീസുകാരൻ ഒരു കസേരയിൽ ഇരുന്നു. ഹമീദ് ഹാജിയും ഇരുന്നു.

ഭാര്യ അലീമയും മക്കളും വാതിൽക്കൽ നിന്നു.

"ഞാൻ ബാങ്ക് മാനേജർ. നിങ്ങളുടെ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് തന്നാൽ ചോദിച്ച കാശ് അതിലേക്ക് ഇട്ട് തരാം."

"ഞങ്ങൾക്ക് ആർക്കും ബാങ്ക് അക്കൗണ്ട് ഇല്ല സർ, പണമായിട്ട് മുപ്പതിനായിരം ഇന്ന് കിട്ടണം. അസ്മാബിയുടെ ഗർഭം നാട്ടിലെ വേറെ ആരുടെയെങ്കിലും തലയിൽ വെച്ചോളാ" കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞത് കേട്ട് 

പോലീസുകാരൻ ചാടി എണീറ്റ് "ഭ റാസ്‌കൽ, എണീക്കേടാ എല്ലാവരും"

എല്ലാവരും ചാടിയെഴുന്നേറ്റു.

"ഞാൻ ബാങ്ക് മാനേജർ അല്ല. പോലീസ് ആണ്. നിങ്ങളെന്താ വിചാരിച്ചത്. മാന്യമായി ജീവിക്കുന്ന ഹമീദ് ഹാജിയെ അപായപ്പെടുത്തി കാശ് പിടുങ്ങാമെന്നോ.. എല്ലാവരെയും ഞാൻ അഴിയെണ്ണിക്കും"

"കേസൊന്നും എടുക്കേണ്ട. അവരെ ഒന്ന് പറഞ്ഞയച്ചാൽ മതി" ഹമീദ് ഹാജി അറിയിച്ചു.

"എല്ലാവരും പിരിഞ്ഞു പോണം. ഹമീദ് ഹാജിയുടെ നല്ല മനസ്സ് കൊണ്ട് നിയമ നടപടി എടുക്കുന്നില്ല." പോലീസ് പറഞ്ഞതും വന്നവർ വേഗം പുറത്ത് ഇറങ്ങി ഓടി.

മാസങ്ങൾ കഴിഞ്ഞ് അസ്മാബി ഒരു പെണ്കുട്ടിയെ പ്രസവിച്ചു. ആരാണ് കുട്ടിയുടെ പിതാവെന്ന് അവൾക്കും അവളുടെ ഉമ്മയ്ക്കും ഓർമ്മയില്ല എന്നാണ് നാട്ടിൽ പാട്ട്.

Wednesday, 18 November 2009

മാവ്‌ സാക്ഷി

മാവ്‌ സാക്ഷി

(കഥ)

മാവിന്റെ അനുഭവകഥ ഇവിടെ നമ്മളോട്‌ പറയുന്നത്‌ മറ്റാരുമല്ല, മാവ്‌ തന്നെയാണ്‌. വഷങ്ങളോളം പലതും കണ്ടും കേട്ടും നിലകൊണ്ട മാവിന്‌ ഇനി അധികം ആയുസ്സില്ല എന്നറിയാം. ഈ ഭൂമുഖത്ത്‌ നിന്നും മാവ്‌ ഇല്ലാതാകുമ്പോൾ കൂടെ മറ്റൊരു ജന്മം കൂടി കൊണ്ടുപോകുകയാണ്‌. അതിനു മുൻപ്‌ താൻ കണ്ട സത്യങ്ങളും ചില യാഥാഥ്യങ്ങളും തന്നോടൊപ്പം മണ്ണടിഞ്ഞു പോകരുതെന്ന്‌ മാവിന്‌ നിർബന്ധമുണ്ട്‌.

ഇനി കഥയിലേക്ക്‌...


ഒരു നാട്ടിൻപുറത്തെ വലിയ രണ്ട്‌ പറമ്പുകൾക്ക്‌ അതിരിടുന്ന വള്ളിപ്പടർപ്പിനാൽ ചുറ്റപ്പെട്ട വേലിപ്പടർപ്പിന്റെ നടുക്ക്‌ വർഷങ്ങളായിട്ട്‌ എല്ലാം കണ്ടും കേട്ടും സഹിച്ചും നിലകൊള്ളുകയാണ്‌ മാവ്‌. മറ്റൊരു ഭാഗത്ത്‌ പൊതുവഴിയാണ്‌. നിത്യവും ജനങ്ങളും, സ്കൂൾ കുട്ടികളും ആ വഴി പോകാറുണ്ട്‌. എത്രയോ വർഷങ്ങളായി ഒത്തിരി കിളികൾക്ക്‌ കൂടൊരുക്കാൻ മാവിന്റെ ശിഖരങ്ങളുണ്ട്‌. കെട്ടുപിണഞ്ഞു ഉയരങ്ങളിലേക്ക്‌ പോകുന്ന മാവിൻകൊമ്പുകളിൽ പലജാതി പക്ഷികൾ തലമുറകളായി വസിച്ചുപോരുന്നുണ്ട്‌. മാമ്പഴക്കാലത്ത്‌ സൗജന്യമായി രുചിയേറും മാമ്പഴങ്ങൾ കിളികൾക്കെന്നപോലെ പ്രദേശത്തെ പിള്ളേക്കും ജനങ്ങൾക്കും നൽകി സന്തോഷത്താൽ ഇളംതെന്നലിൽ മാവ്‌ ഇലകളാട്ടി ശിഖരങ്ങൾ അനക്കി നിൽക്കുന്നു. വേനൽചൂടിൽ ക്ഷീണിതരായി വഴിയേ പോകുന്നവക്ക്‌ തണലേകിക്കൊണ്ട്‌ മാവ്‌ നിവൃതിയോടെ നിലനിന്നു പോരുന്നു..

രണ്ട്‌ പറമ്പുകളിലുള്ള വലിയ രണ്ട്‌ വീടുകളുണ്ട്‌. അതിൽ വസിക്കുന്നത്‌ ശത്രുതയിൽ പോരടിക്കുന്ന രണ്ട്‌ കുടുംബങ്ങളാണ്‌. അവരുടെ നിത്യേനയുള്ള തർക്കം പറമ്പിന്റെ അതിരിൽ നിലകൊള്ളുന്ന മാവിനെകുറിച്ചാണ്‌. പലരും കൈമാറികിട്ടിയ വീടും പറമ്പുമാണ്‌ ഇരുകൂട്ടരുടേതും. അതുകൊണ്ടുതന്നെ മാവ്‌ ആർക്കവകാശപ്പെട്ടതാണ്‌ എന്ന വിഷയത്തിൽ ഇരുകൂട്ടരും എന്നും തർക്കത്തിലുമാണ്‌. അതിത്തിയിലെ വള്ളിപ്പടപ്പുള്ള വേലിക്ക്‌ നടുവിൽ നിലകൊള്ളുന്ന മാവ്‌ വ്യക്തമായിട്ട്‌ ആക്കും അവകാശം സ്ഥാപിക്കാൻ സാധ്യമല്ലാത്ത വിധമാണല്ലോ സ്ഥിതി ചെയ്യുന്നത്‌. പക്ഷെ, മാവിന്‌ മാത്രം അറിയാം യഥാർത്ഥത്തിൽ ആരാണ്‌ അവകാശിയെന്ന്‌! മാവ്‌ തന്നെ പറയട്ടെ, നമുക്ക്‌ കേൾക്കാം..

ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം മാവ്‌ കണ്ടിരിക്കുന്നു! മനുഷ്യകുലത്തിന്റെ കയ്‌പും മധുരവും, പ്രണയവും വിരഹവും, നന്മതിന്മകളും, നിഷ്‌കളങ്കതയും പകയും എല്ലാമെല്ലാം മാവിന്റെ ചുറ്റുവട്ടത്തിൽ നടന്നിരിക്കുന്നു. എന്നുമുള്ള തർക്കത്തിന്റെ ബാക്കി ഇതാ വീണ്ടും അരങ്ങേറുന്നത്‌ കണ്ടില്ലേ?


വേലിക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന് വാക്കുകളാൽ പോരടിക്കുകയാണ്‌ അയൽപക്കങ്ങളിലെ രണ്ടു മുതിർന്ന സ്ത്രീകൾ. അവർ പരസ്‌പരം തല്ലാനുള്ള ത്വരയോടെയാണ്‌ കലിതുള്ളുന്നത്‌. മാവിന്റെ ഉടമസ്ഥാവകാശം തന്നെ അന്നത്തേയും പ്രശ്‌നം. അവരെ പിടിച്ചുമാറ്റുവാൻ പെടാപാട്‌ പെടുന്നത്‌ അവരുടെ മക്കളാണ്‌. അതായത്‌ പ്രണയബദ്ധരായ അയൽവീടുകളിലെ യുവാവും യുവതിയും. ഇരുവരും അവരുടെ അമ്മമാരെ തർക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നന്നേ പാടുപെടുന്നുണ്ട്‌. അതിനിടയിൽ യുവതിയുടേയും യുവാവിന്റേയും കണ്ണുകൾ തമ്മിൽ കൊരുക്കുന്നുണ്ട്‌, ചുണ്ടുകളിൽ കള്ളച്ചിരിയുണ്ട്‌, അവരുടെ മാതാക്കൾ കാണാതെ ആണെന്നു മാത്രം. എല്ലാം കണ്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, കാറ്റിൽ ഇലകൾ ഇളക്കി മാവ്‌ നിൽക്കുന്നു.

നിലാവുള്ള രാവുകളിൽ വീട്ടുകാർ കാണാതെ യുവതി മാവിൻ ചുവട്ടിൽ വന്ന്‌ പ്രിയതമനെ കാത്തിരിക്കുമ്പോൾ വേലിക്കപ്പുറത്ത്‌ പൊതുവഴിയോരത്ത്‌ യുവാവും തന്റെ പ്രണയിനി എത്തുന്നതും കാത്തു നിൽക്കും. അവരുടെ പ്രണയം പൂവിട്ടതും വിരിയുന്നതുമെല്ലാം ആ മാവിൻ ചുവട്ടിലായിരുന്നു. ആരും കാണില്ല എന്ന ധൈര്യത്തിൽ ചുറ്റും നോക്കികൊണ്ട്‌ കമിതാക്കൾ ചുംബനം നൽകുന്നതും ആശ്ലേഷിക്കുന്നതും എത്ര തവണ പൂത്തുലഞ്ഞ മാവ്‌ കണ്ടിരിക്കുന്നു! മത്തു പിടിപ്പിക്കുന്ന മാമ്പൂവിൻ മണം പരത്തി നിലാവിൽ കുളിച്ചു നിൽക്കുന്ന മൂകമാം രാത്രികളിലെ പ്രണയകേളിക്ക്‌ മൂകസാക്ഷിയായി മാവ്‌ നിലകൊണ്ടു. ഇതങ്ങനെ തുടന്നുപോന്നു..


പക്ഷെ, മാവ്‌ കാണാൻ കൊതിക്കുന്നത്‌ ഇതൊന്നുമല്ല. മുപ്പത്തഞ്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ താൻ ഈ മണ്ണിൽ വളരാൻ നിമിത്തമായത്‌ ഒരു പയ്യൻ ആയിരുന്നെന്ന് മാത്രം മാവിന്‌ ഉറപ്പാണ്‌. തൈ ആയിരുന്ന വേളയിൽ ഒരിക്കൽ ആ പയ്യൻ വന്നത്‌ എന്നും മാവ്‌ ഓർക്കാറുണ്ട്‌. പിന്നീട്‌ പയ്യന്റെ മുഖം കണ്ടിട്ടേയില്ല. പയ്യനെ ഒരു വട്ടം കൂടി കാണാൻ കണ്ണടയുന്നതിനും മുൻപ്‌ തനിക്ക്‌ ഭാഗ്യം കിട്ടില്ലേ? മാവ്‌ ആഗ്രഹത്തോടെ ശിഖരങ്ങൾ ആട്ടി നെടുവീപ്പെന്ന പോലെ ഇളംതെന്നലിൽ ഇലകൾ മെല്ലെ ഇളക്കി കൊണ്ടിരുന്നു.


കാലമെത്ര പൊയ്‌പ്പോയി! അന്നത്തെ അഞ്ചു വയസ്സുകാരൻ ഇന്നിപ്പോൾ നാൽപതുകാരൻ ആയിട്ടുണ്ടാവും തീർച്ച. മാവ്‌ ആത്മഗതം ചെയ്തുകൊണ്ടിരുന്നു. താനും മനുഷ്യജാതിയിൽ പെട്ട ഒരുത്തൻ ആയിരുന്നെങ്കിലെന്ന്‌ മാവ്‌ ആഗ്രഹിച്ചുപോയി. എവിടേയെല്ലാം സഞ്ചരിക്കാമായിരുന്നു, എത്രയെത്ര ദേശങ്ങൾ കാണാമായിരുന്നു. അതിലേറെ താൻ കാണാൻ കൊതിക്കുന്ന അന്നത്തെ പയ്യനെ തേടി കണ്ടെത്താമായിരുന്നു! പക്ഷെ, താൻ ഒരു വൃക്ഷജന്മം ആയിപ്പോയില്ലേ. ജനിച്ച അന്നു മുതൽ ഒടുക്കം വരെ ഒരേയിടത്ത്‌ തന്നെ ജീവിതം കഴിയുവാൻ വിധിക്കപ്പെട്ട മാവ്‌ ഭാഗ്യം ലഭിച്ച മനുഷ്യകുലത്തെ ഓർത്ത്‌ നിസ്സഹായതയോടെ നിന്നു!


സങ്കടം സഹിക്കാനാവാതെ പഴുത്ത ഇലകൾ പൊഴിച്ചുകൊണ്ട്‌ വൃദ്ധവൃക്ഷം നിന്നു. പെട്ടെന്ന്‌ പരിസരബോധം വന്ന മാവ്‌ വീട്ടുകാരുടെ തക്കം ശ്രദ്ധിച്ചു. യുവതിയും യുവാവും അവരുടെ അമ്മമാരുടെ പിറകിൽ നിന്നുകൊണ്ട്‌ ആംഗ്യത്തിൽ പലതും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഉം.. ഒരു പക്ഷെ ഇന്ന്‌ രാത്രിയും അവരിരുവരും എന്റെ ചുവട്ടിൽ വരുമായിരിക്കും. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കണ്ട്‌ മടുത്ത മാവ്‌ ആത്മഗതം ചെയ്തു.


ആകാശസീമയ്‌ക്ക്‌ അപ്പുറം എവിടേയോ ഉണ്ടെന്ന് വിശ്വസിക്കുന്ന സൃഷ്‌ടാവായ ഈശ്വരനോട്‌ ശിഖരങ്ങൾ ഉയർത്താൻ ശ്രമിച്ചുകൊണ്ട്‌ മാവ്‌ കേണപേക്ഷിച്ചു. "ഈശ്വരാ, ഇനിയെങ്കിലും ഞാൻ ജനിക്കുവാൻ നിമിത്തമായ അന്നത്തെ പയ്യനെ എന്റെ മുന്നിൽ കൊണ്ടുവന്ന്‌ എനിക്കു കാണിച്ചു തരാമോ? ഒരു തവണ മാത്രം?"

വർഷങ്ങൾക്കു മുൻപുള്ള ഇതേ പ്രദേശം. മാവ്‌ നിൽക്കുന്ന ഈ സ്ഥലം അന്ന്‌ കാട്‌ പിടിച്ചു കിടക്കുകയായിരുന്നു. വേലിപ്പടർപ്പുള്ള പറമ്പുകൾ വലിയ വ്യത്യാസമില്ലാതെയുണ്ട്‌. ഇന്നു കാണുന്ന വീടുകളുടെ സ്ഥാനത്ത്‌ വൈക്കോൽ മേഞ്ഞ ചെറിയ പുരകളാണ്‌. ചാണകം മെഴുകിയ മുറ്റം. ഇന്നത്തെ തലമുറയ്ക്ക്‌ അതൊക്കെ അന്യം. ഇരുവശത്തും പുല്ലു വളന്ന പൊതുവഴിയിലൂടെ മണി കിലുക്കി വരുന്ന ഒരു കാളവണ്ടി പ്രത്യക്ഷപ്പെട്ടു. അതിൽ തലക്കെട്ട്‌ ചുറ്റിയ, മീശയും താടിയും വളർത്തിയ കറുത്തു കുറുതായി ഇരുന്ന്‌ ചാട്ട ചുഴറ്റിക്കൊണ്ട്‌ ഒരാളുണ്ട്‌. കൂടെ അയാളുടെ മകൻ, വള്ളിട്രൗസറിട്ട ഒരു അഞ്ചുവയസ്സുകാരൻ. അവർ ചന്തയിൽ സാധനങ്ങൾ വിറ്റു വരുന്ന വരവാണെന്നു തോന്നുന്നു. വിറ്റഴിക്കാത്ത ഏതാനും മൺകലങ്ങൾ കാളവണ്ടിയുടെ പിറകിൽ വൈക്കോൽ നിറച്ചതിൽ കെട്ടി വെച്ചിട്ടുണ്ട്‌. ചന്തമുള്ള കാളകൾ മണികിലുക്കി തല കുലുക്കി നീങ്ങുന്നു. തലകെട്ടുകാരൻ കാളകളെ ധൃതിയിൽ പോകാൻ വേണ്ടി ഒച്ചയെടുക്കുന്നുണ്ട്‌. ചാട്ട ചുഴറ്റുന്നുണ്ട്‌. വണ്ടിയുടെ പിറകിൽ ഇരുന്ന്‌ പോയിമറയുന്ന വഴിയോരക്കാഴ്‌ചകൾ ആസ്വദിച്ച്‌ കാലുകൾ തൂക്കിയിട്ട്‌ ആട്ടിക്കൊണ്ട്‌ പയ്യൻ.. പഴുത്ത വലിയൊരു മാങ്ങ ഒട്ടുമുക്കാലും തിന്നുകൊണ്ട്‌ മുഖത്തും കൈകളിലും മാമ്പഴചാർ ഒഴുക്കികൊണ്ട്‌ രുചിയാസ്വദിച്ച്‌, കാളവണ്ടി ഇളകുന്നതിനൊപ്പം ആടിയുലഞ്ഞുകൊണ്ടങ്ങനെ ഇരിക്കുന്നു..

കാളവണ്ടിക്കാരൻ അവനെ ശാസിക്കുന്നുണ്ട്‌. ഗുണദോഷിക്കുന്നുണ്ട്‌. മാമ്പഴചാർ ഒഴുക്കി വൃത്തികേടാക്കുന്നത്‌ അയാൾക്ക്‌ പിടിക്കുന്നില്ല. ഒത്തിരിനേരം പറഞ്ഞത്‌ കേട്ടപ്പോൾ പയ്യൻ മാങ്ങയുടെ അണ്ടി ഒന്നൂടെ നക്കിയതിനു ശേഷം വഴിയരികിലെ വേലിപ്പടർപ്പിലേക്ക്‌ നീട്ടി എറിഞ്ഞു. കൂടെ അയാളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു:

"അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകന്റെ തമാശ കേട്ട്‌ കാളവണ്ടിക്കാരൻ ചിരിച്ചു. നാക്ക്‌ വളച്ച്‌ വെളിയിൽ കാട്ടി ഒരു പ്രത്യേക ശബ്‌ദം വരുത്തി വേഗം കുറഞ്ഞ കാളകളെ തട്ടിക്കൊണ്ട്‌ ചാട്ട ചുഴറ്റി. കാളവണ്ടി അകന്നകന്നു പോയി മറഞ്ഞു.

നേരം ഇരുണ്ടു. വിജനമായ സ്ഥലത്ത്‌ മാങ്ങയണ്ടി കിടന്ന്‌ മുളപൊട്ടി. തൈ വളന്നു വലുതായി വന്നു.. കാലം കഴിയുന്തോറും വളന്നു മരമായി. ഇന്നത്തെ മാവ്‌ ആയി മാറി. അതിനിടയ്‌ക്ക്‌ വേലിയ്‌ക്കപ്പുറവും ഇപ്പുറവും പലരും കൈമാറി ഒടുവിൽ ഇന്ന് നാം കാണുന്ന കുടുംബങ്ങൾ താമസമായിരിക്കുന്നു. മാവ്‌ ആക്ക്‌ അവകാശപ്പെട്ടതാണ്‌ എന്ന കാര്യത്തിൽ ഇരുവീട്ടുകാരും തർക്കവും വാൿപയറ്റും തുടങ്ങിയിട്ട്‌ വർഷം ഒരുപാടായി.

അങ്ങിനെയിരിക്കെ, ചാറ്റൽമഴ കഴിഞ്ഞ ഉച്ച തിരിഞ്ഞൊരു നേരം. ചെറുമയക്കത്തിലായിരുന്ന മാവ്‌ ആരോ തന്റെ ചുവട്ടിൽ മൃദുവായി സ്‌പശിക്കുന്നതും സംസാരിക്കുന്നതും കേട്ടപ്പോൾ ശിഖരങ്ങളും ഇലകളും ഇളംതെന്നലിൽ ആട്ടികൊണ്ട്‌ ആകാംക്ഷയോടെ നോക്കി.

ചെറുപ്പക്കാരന്റെ മുഖകാന്തിയും ചുറുചുറുക്കുമുള്ള മദ്ധ്യവയസ്‌കനായ ഒരാളും കൂടെ ഒരു സ്ത്രീയും അവരുടെ അഞ്ചു വയസ്സുകാരൻ മകനും ഉണ്ട്‌. കുറച്ചപ്പുറത്ത്‌ പൊതുവഴിയിൽ അവർ സഞ്ചരിച്ചെത്തിയ പുത്തൻ കാർ നിറുത്തിയിട്ടുണ്ട്‌. വന്നയാൾ ഭാര്യയോട്‌ പറയുന്നത്‌ എന്തെന്ന്‌ മാവ്‌ സാകൂതം ശ്രവിച്ചു. തന്റെ പൊട്ടിപ്പൊളിഞ്ഞ തടിയിൽ തലോടി മുത്തമിട്ടുകൊണ്ട്‌ അയാൾ ഭാര്യയോട്‌ അഭിമാനപൂർവം പറയുകയാണ്‌:

"ഈ മാവ്‌ എന്റെ ഒരു സഹോദരൻ ആണ്‌. അന്നൊരിക്കൽ അച്ഛന്റെ കൂടെ കാളവണ്ടിയിൽ ഇതുവഴി പോകുമ്പോൾ രുചിച്ച മാമ്പഴസ്വാദ്‌.. അന്നു ഞാൻ ഇവിടെ കളഞ്ഞ അണ്ടിയിൽ നിന്നും ഇവൻ പൊട്ടി മുളച്ചു, കണ്ടില്ലേ എന്റെ അനുജൻ വളന്നു പന്തലിച്ച്‌ നിൽക്കുന്നത്‌! ഇതിലെ പോകുന്നവർക്ക്‌ എല്ലാം തണലേകിക്കൊണ്ട്‌, മാമ്പഴം നൽകികൊണ്ട്‌, പറവകൾക്ക്‌ കൂടൊരുക്കിക്കൊണ്ട്‌ നിലകൊള്ളുന്നത്‌?"


തന്റെ സഹോദരനെ വഷങ്ങൾക്കു ശേഷം കാണാനും അവന്റെ കരലാളനങ്ങൾ അനുഭവിച്ചതിലും അത്യാഹ്‌ളാദം തോന്നിയ മാവ്‌ ഇലകളിൽ തങ്ങിനിന്നിരുന്ന മഴത്തുള്ളികൾ താഴോട്ട്‌ പൊഴിച്ചുകൊണ്ട്‌ സന്തോഷാശ്രുക്കൾ തൂകി. ആ മനുഷ്യന്റെ മുഖം നിന്നിമേഷനായിട്ട്‌ നോക്കിക്കൊണ്ട്‌ അങ്ങനെ ഇലകളാട്ടി നിന്നു. തൂങ്ങിക്കിടക്കുന്ന മാമ്പഴങ്ങൾ താഴോട്ട്‌ ഇട്ടുകൊടുത്ത്‌ സമ്മാനിച്ചു. ഇളംതെന്നലിൽ കുളിരേകി തന്റെ സന്തോഷം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ തണലേകിയും തെന്നലേകിയും നേരിയ ശബ്‌ദം വരുത്തിയും ആ വൃക്ഷം നിലകൊണ്ടു.


മാവ്‌ സന്തോഷത്തോടെ നൽകിയ മാമ്പഴങ്ങളിൽ മൂന്നെണ്ണം മാത്രം ആ കുടുംബം പെറുക്കിയെടുത്ത്‌ അവിടെ നിന്നുകൊണ്ട്‌ കഴിച്ചു. പണ്ട്‌ പയ്യൻ ആയിരിക്കുമ്പോൾ തിന്ന അതേപോലെ, മാമ്പഴച്ചാർ ഒഴുക്കി കൈയ്യിലും മുഖത്തും പടത്തി ആസ്വദിച്ച്‌ തിന്നുന്ന അയാളേയും മകനേയും കളിയാക്കി ഒരുവിധം ശ്രദ്ധിച്ചു തിന്നുന്ന ഭാര്യയേയും മാവ്‌ സന്തോഷത്തോടെ കണ്ടു. ഒടുവിൽ തനിയാവർത്തനം പോലെ ബാക്കിയായ മാങ്ങയണ്ടി വലിച്ചെറിയുമ്പോൾ ആ പയ്യൻ അച്ഛനോട്‌: "അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകൻ കാറിലേക്ക്‌ കയറി.


പഴയ കാലം ഓർത്തിട്ടെന്ന പോലെ അയാൾ ചിരിച്ചു, യാത്ര ചോദിക്കുമ്പോലെ മാവിനെ നോക്കി അയാളും കാറിൽ കയറി, ഭാര്യയും മാമ്പഴം ആസ്വദിച്ച്‌ തീർത്തിട്ട്‌ കാറിൽ ഇരുന്നു. അവർ ദൂരെ പോയ്‌മറഞ്ഞു. അരുത്‌, പോവരുത്‌ എന്ന് അവരോട്‌ പറയാൻ വെമ്പിനിന്ന മാവ്‌ ദൂരെ വളവ്‌ തിരിഞ്ഞു മറയുന്ന കാറിനെ കൺനിറയെ നോക്കി. തന്റെ യഥാർത്ഥ ഉടമയെ (സഹോദരനെ) അവസാനമായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും ഇനി കാണാൻ സാധിക്കില്ല എന്നോർത്ത്‌ സങ്കടവും ഒരുമിച്ച്‌ വന്നത്‌ നിയന്ത്രിക്കാൻ മാവ്‌ ബദ്ധപ്പെട്ടു.


നേരം രാത്രിയായി. മാവ്‌ എന്നെത്തേക്കാളുമേറെ സന്തോഷിച്ച്‌ ഇളംതെന്നൽ തഴുകുമ്പോൾ ഇലകളാൽ താളം പിടിച്ച്‌ നിൽക്കവെ, ചുവട്ടിൽ ആരോ രഹസ്യം പറയുന്നത്‌ കേട്ട്‌ നോക്കുമ്പോൾ ഞെട്ടി. പ്രദേശത്തെ കുപ്രസിദ്ധനായ തസ്‌കരവീരൻ കൂട്ടാളിയുമൊത്ത്‌ അന്നത്തെ മോഷണം ആസൂത്രണം ചെയ്യുന്നു. ഇങ്ങനെയെത്രയധികം നിഗൂഢപദ്ധതികൾ തന്റെ ചുവട്ടിൽ അരങ്ങേറിയിരിക്കുന്നു. ചുവട്ടിൽ നിശ്ശബ്ദമായിട്ടുണ്ട്‌. കള്ളന്മാർ സ്ഥലം വിട്ടിരിക്കുന്നു. അൽപം കഴിഞ്ഞ്‌ അയൽക്കാരായ യുവാവിനെ കണ്ടു. പതിവു പോലെ പ്രണയിനിയെ പ്രതീക്ഷിച്ച്‌ നിൽക്കുന്നു. താമസിയാതെ യുവതി മരച്ചുവട്ടിലെത്തി, അവനും. എന്നത്തേയും പോലെ അവർക്ക്‌ ശൃംഗാരങ്ങൾ ഇല്ല. മാവ്‌ സാകൂതം നോക്കി ശ്രദ്ധിച്ചു. അവർ ഒളിച്ചോടാനുള്ള പദ്ധതി പ്ലാനിടുകയാണ്‌. മാവ്‌ ഞെട്ടിത്തരിച്ചു നിന്നു. ശക്തിയായ കാറ്റിൽ മാവിന്റെ ചില്ലകൾ ഉലഞ്ഞു. താൻ കടപുഴകിവീഴുമോ, വൃക്ഷം ഭീതിയിലായി.


അയൽക്കാരായ കമിതാക്കൾ കെട്ടിപ്പിടിച്ച്‌ പരസ്‌പരം ആശ്വസിപ്പിക്കുന്നുണ്ട്‌. നാളെ ഇതേ നേരം ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കരുതികൊണ്ട്‌ നാടുവിട്ടുപോകാം, നമ്മുടെ പ്രണയത്തിന്‌ സാക്ഷിയായ ഇതേ മാവിന്റെ ചുവട്ടിൽ സന്ധിക്കാം എന്ന ഉറപ്പോടെ അവർ വീടുകളിലേക്ക്‌ പോയി. എല്ലാം ആരോടെങ്കിലും വിളിച്ചുപറയണമെന്ന് മാവ്‌ അതിയായി ആഗ്രഹിച്ചു. മരത്തിന്റെ മർമരം ആര്‌ കേൾക്കാൻ, മനസ്സിലാക്കാൻ?


അർദ്ധരാത്രിയായിട്ടും മാവ്‌ വിശ്രമിക്കാതെ അക്ഷമനായിട്ട്‌ നിന്നു. ഒരു സംഘം ആളുകൾ പന്തം കത്തിച്ച്‌ പിടിച്ച്‌ മാവിൻ ചുവട്ടിലെത്തി. നാട്ടിലെ പ്രമുഖരാഷ്‌ട്രീയ പാട്ടിയിലെ അംഗങ്ങളാണവർ. അവർക്ക്‌ നേതൃത്വം നൽകുന്നയാൾ നല്ല പരിചിതനാണല്ലോ. മാവ്‌ സൂക്ഷിച്ചുനോക്കി. തന്റെ ഉടമസ്ഥാവകാശം പറഞ്ഞ്‌ തർക്കിക്കുന്ന വീടുകളിൽ ഒന്നിന്റെ ഗൃഹനാഥനാണത്‌. നേരത്തെ ഒളിച്ചോടാൻ പദ്ധതിയിട്ട്‌ പിരിഞ്ഞ കമിതാക്കളിലെ യുവതിയുടെ പിതാവ്‌!

ഏതോ നിസ്സാരകാര്യത്തിന്റെ പേരും പറഞ്ഞ്‌ അടുത്ത ദിവസം പ്രദേശമാകെ ഹർത്താൽ ആചരിക്കാനും തങ്ങൾക്ക്‌ വിദ്വേഷമുള്ള ചിലരെ വകവരുത്താനും ആ നേതാവും സംഘവും മാവിൻ ചുവട്ടിലിരുന്ന്‌ പദ്ധതിയിട്ടു. ഏറെനേരത്തെ മദ്യസേവയും ചച്ചയും കഴിഞ്ഞ്‌ പരിസരമാകെ തമ്പാക്ക്‌ പാക്കറ്റും, മുറുക്കിതുപ്പിയതും സിഗരറ്റ്‌ ബീഡിയും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞ്‌ വൃത്തികേടാക്കിയിട്ട്‌ അവരും മാവിൻ ചുവട്‌ വിട്ടുപോയി.

എല്ലാത്തിനും മൂകസാക്ഷിയായി മാവ്‌ നിന്നു. എന്തെല്ലാം രഹസ്യങ്ങളാണ്‌ തന്റെ ചുവട്ടിൽ അരങ്ങേറുന്നത്‌, ഈശ്വരാ എന്ന നെടുവീർപ്പെന്ന പോലെ കാറ്റ്‌ മാവിലകളിലൂടെ പാഞ്ഞ്‌ ചൂളമിട്ടു.

അടുത്ത ദിനം ആയി. വഴിയെ പോയവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ മാവ്‌ മനസ്സിലാക്കിയത്‌! ഹർത്താൽ ദിനത്തിൽ പ്രദേശത്ത്‌ അക്രമങ്ങൾ, ഒരു കൊലപാതകം നടന്നിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ വലിയൊരു മോഷണം നടന്നിരിക്കുന്നു. തന്നെ ചൊല്ലി തക്കം നടക്കുന്ന വീടുകളിൽ യുവാവിന്റെ പുരയിലാണ്‌ തസ്‌കരന്മാർ കയറി കൈയ്യിൽ കിട്ടിയതുമായി കടന്നുകളഞ്ഞിരിക്കുന്നത്‌! ഇതു രണ്ടും ഉരുത്തിരിഞ്ഞത്‌ തന്റെ ചുവട്ടിലായതിൽ മാവ്‌ ഏറെ ദു:ഖിതനായി.


ഇനിയൊരു പദ്ധതി കൂടിയുണ്ടല്ലോ ബാക്കി? രാത്രിയാകുവാൻ മാവ്‌ കാത്തിരുന്നു. സാധാരണ മുഷിഞ്ഞ വസ്‌ത്രത്തിൽ കാണാറുള്ള അയൽവീട്ടിലെ യുവതി ഭംഗിയുള്ള ചുരിദാറണിഞ്ഞ്‌ ഒരു ബാഗുമായി മാവിൻ ചുവട്ടിൽ പേടിച്ചരണ്ട്‌ പതുങ്ങിയെത്തി. അക്ഷമയായി വാച്ചിൽ നോക്കികൊണ്ട്‌ അവൾ നിന്നു. ഇടയ്ക്കിടെ അവൾ സ്വന്തം വീട്ടിലേക്ക്‌ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. സാധാരണ ലുങ്കിയും ബനിയനും ധരിക്കാറുള്ള അയൽവീട്ടിലെ യുവാവ്‌ ഷട്ടും പാന്റ്‌സും ധരിച്ചുകൊണ്ട്‌ ഒരു ബൈക്കിൽ അവിടെ എത്തി. അവളോട്‌ വേഗം വരാൻ ആംഗ്യം കാണിച്ച്‌ അയാൾ ബൈക്കിലിരിക്കുന്നു. അവൾ ഓടിച്ചെന്നു ബൈക്കിൽ പിറകിൽ ഇരുന്നതും ബൈക്ക്‌ ഓടിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. നന്നായി വരട്ടെ എന്ന് മൗനമായി ആശിർവദിച്ചുകൊണ്ട്‌ മാവ്‌ അവർ ഇരുളിൽ മറയുന്നതും നോക്കി, ഒരു പ്രണയസാഫല്യം സംഭവിച്ചതിനും സാക്ഷിയായി.

നേരം പുലർന്നതു് മുതൽക്ക്‌ ഇരുവീട്ടുകാരും വീണ്ടും തർക്കത്തിലാണ്‌. എന്നാൽ കമിതാക്കൾ ഓടിപ്പോയത്‌ ഇരുവരും അപ്പോഴും അറിഞ്ഞിട്ടില്ല. തക്കം തന്റെ ഉടമസ്ഥാവകാശം തന്നെയാണല്ലോ, മാവിന്‌ ആശ്വാസമായി. അപ്പുറത്ത്‌ യുവാവ്‌ ഇല്ല, അമ്മ മാത്രം. ഇപ്പുറത്ത്‌ യുവതിയും ഇല്ല, അമ്മ മാത്രം. ഇന്നറിയാം ഒരു തീർപ്പ്‌. മാവ്‌ ഉറപ്പിച്ചു.


അന്നേരം, പറമ്പിലേക്ക്‌ അത്യാഹ്ലാദത്തോടെ തുള്ളിച്ചാടിയോടി വരുന്ന രാഷ്‌ട്രീയനേതാവായ വീട്ടുടമസ്ഥനെ (യുവതിയുടെ പിതാവ്‌) മാവ്‌ ശ്രദ്ധിച്ചു. അയാളുടെ കൈയ്യിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള കവറും പേപ്പറും എന്താണ്‌?

ഏറെ നാളത്തെ കേസ്സുനടത്തിപ്പിന്‌ അറുതിയായിരിക്കുന്നു. കോടതിവിധി ആ വീട്ടുകാർക്ക്‌ അനുകൂലമായിരിക്കുന്നു. മാവ്‌ അവരുടേത്‌ തന്നെ. ആ വീട്ടുകാരുടെ സ്വന്തം മാവ്‌. അയാളുടെ തുള്ളിച്ചാട്ടവും കോടതിവിധിയും കേട്ടറിഞ്ഞ്‌ പുച്ഛത്തോടെ മാവ്‌ നിന്നു. ഇന്നത്തെ കാലത്ത്‌ രാഷ്‌ട്രീയസ്വാധീനവും ആൾബലവും ഉണ്ടെങ്കിൽ ഏത്‌ കേസ്സും സുഗമമായി ജയിക്കാമല്ലോ. ജീവിതത്തിൽ ഇത്രയും ആഹ്ലാദഭരിതനായ ഒരാളെ മാവ്‌ കണ്ടിട്ടില്ല. അയാൾ നാട്ടിലെ രാഷ്‌ട്രീയനേതാവാണല്ലോ.

ഇനി മാവിന്റെ ഉടമസ്ഥൻ അയാളാണ്‌.


ഹൃദ്‌രോഗിയായ അയാൾ മതിമറന്ന്‌ അത്യാഹ്ലാദത്തിൽ തുള്ളിച്ചാടിനിൽക്കുമ്പോൾ എവിടെ നമ്മുടെ മകൾ എന്ന് ചോദിച്ചു. അപ്പോഴാണ്‌ മകൾ സമീപം ഇല്ല എന്നത്‌ അവർ മനസ്സിലാക്കിയത്‌. ഏറെ ദു:ഖത്തിലായ അയൽപക്കത്തെ യുവാവിന്റെ അമ്മ. അവർ ആഗ്രഹിച്ചുപോയ ഇന്ന് നഷ്‌ടമായ ആ വലിയ മാവിലേക്ക്‌ സങ്കടത്തോടെ നോക്കി നെടുവീർപ്പിട്ട്‌ തല താഴ്‌ത്തി നടന്നു പോയി. മകളെ വീട്ടിലും കാണാൻ കഴിയാതെ ഭയചകിതയായ യുവതിയുടെ അമ്മ അലറിക്കരഞ്ഞു. യുവതിയുടെ അച്ഛൻ ഞെട്ടിത്തരിച്ചു. അന്നേരം തന്റെ മകനെ കണ്ണും കൈയും കാണിച്ച്‌ മയക്കിയെടുത്ത അവരുടെ മകളെ ശപിച്ചുകൊണ്ട്‌ കയത്തുകൊണ്ട്‌ യുവാവിന്റെ അമ്മ അവർക്കു നേരെ ചീറിയടുത്തു.

ഏകമകൾ അയൽപക്കത്തെ, ശത്രുപക്ഷത്തെ പയ്യനുമൊത്ത്‌ ഒളിച്ചോടിയ വാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ട്‌, എന്നാൽ താൻ മോഹിച്ച മാവ്‌ തനിക്ക്‌ സ്വന്തമായതിൽ അമിതമായി സന്തോഷിച്ചു കൊണ്ട്‌ അയാൾ ഒരേസമയം സന്തോഷവും സങ്കടവും നിറച്ച്‌ സ്വന്തം ഹൃദയത്തിൽ ഭാരം നിറച്ചു. മാത്രമല്ല തന്റെ രാഷ്‌ട്രീയ എതിരാളിയെ തന്റെ ഗൂഢപദ്ധതിയിലൂടെ കൊലപ്പെടുത്തിയ ഊറ്റവും അയാൾക്ക്‌ അന്നുണ്ടായി. എല്ലാം താങ്ങാൻ പറ്റാതെ അയാൾ വേദന നിറയുന്ന നെഞ്ചിൽ കൈ വെച്ച്‌ കുഴഞ്ഞു വീണു! മറ്റൊരു ദുരന്തത്തിന്റെ ആരംഭമാകുന്നതിന്‌ മാവ്‌ മൂകസാക്ഷി ആയി..


അയാൾ ചലനമറ്റു നിലത്ത്‌ കിടക്കുന്നു. അയാളുടെ കൈയിൽ അപ്പോഴും മുറുകെപ്പിടിച്ച കോടതി നോട്ടീസും കവറും കാണാം. വാവിട്ട്‌ നിലവിളിച്ചുകൊണ്ട്‌ അയാളുടെ ഭാര്യയും. നാട്ടുകാർ ഓടിക്കൂടി. പൊതുവഴിയേ പോയവരും കൂട്ടം കൂടി. അറിയപ്പെടുന്ന രാഷ്‌ട്രീയനേതാവ്‌ അന്തരിച്ച വിവരം നാടാകെ അറിഞ്ഞു. സ്വന്തക്കാരും ബന്ധുക്കാരും വീടും പരിസരവും നിറഞ്ഞു. ഏകമകൾ മാത്രം വന്നിട്ടില്ല. അവൾ എവിടേയാണെന്നത്‌ പോലീസ്‌ അന്വേഷിച്ച്‌ തുടങ്ങിയിട്ടേയുള്ളൂ.


രാമായണ പാരായണം ഉയരുന്നത്‌ മാവ്‌ ദു:ഖത്തോടെ കേട്ടുനിന്നു. വീട്ടിൽ നിന്നും ചന്ദനത്തിരിഗന്ധം പരിസരത്ത്‌ പരന്നു. നാക്കിലയും തിരിവിളക്കും വെച്ച്‌ ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ്‌ നിശ്ചലനായി കിടക്കുന്ന ഗൃഹനാഥൻ. സമീപം ആർത്തലച്ച്‌ കരയുന്ന ഭാര്യ. ആശ്വസിപ്പിക്കുവാൻ ബന്ധുജനങ്ങൾ നിസ്സഹായരായിട്ടുണ്ട്‌. ജനങ്ങൾ പലതും മന്ത്രിച്ച്‌ രഹസ്യമോതികൊണ്ട്‌ വീട്ടുവളപ്പിൽ നിൽക്കുന്നു. മാവ്‌ നിശ്ചലമായി നിന്നു. പ്രമാണിമാർ ശവസംസ്കാരത്തിനുള്ള ഏർപ്പാടുകൾ തകൃതിയാക്കുവാൻ ആരംഭിച്ചിരിക്കുന്നു. ആരോ പറയുന്നത്‌ കേട്ട്‌ മാവ്‌ ഒന്നു ഞെട്ടിയെങ്കിലും അത്‌ തനിക്കുള്ള വിധി എന്ന് ആശ്വസിക്കാൻ പാടുപെട്ടു.


ശവദാഹത്തിന്‌ മാവ്‌ മുറിക്കുക! ഒരുപാട്‌ നാളുകൾ സ്വന്തമാക്കുവാൻ കേസ്സ്‌ നടത്തിയ ആളുടെ ഒടുക്കം അയാൾ സ്വന്തമാക്കാൻ ആശിച്ച മാവ്‌ വെട്ടിയിട്ടു തന്നെയാവുന്നത്‌ ദൈവനിശ്ചയമായിരിക്കാം. മാവ്‌ വികാരരഹിതനായി നിശ്‌തേജനായി നിന്നു. കൂലിക്കാർ കോടാലിയും വെട്ടുകത്തിയുമായി മാവിൻ ചുവട്ടിൽ നടന്നടുക്കുന്നു. ചിലർ ശിഖരങ്ങളിൽ ചാടിപ്പിടിച്ച്‌ കയറി വെട്ടിയെടുക്കൽ തുടങ്ങി. ഒന്നൊന്നായി മാവിന്റെ കൊമ്പുകൾ വെട്ടിത്താഴെയിട്ടു. മാവ്‌ തന്റെ അന്ത്യം സാവധാനം വേദനയോടെ ഏറ്റുവാങ്ങി.

വർഷങ്ങളോളം പലതും കണ്ടും കേട്ടും മനസ്സിലാക്കിയ മാവ്‌ ഒടുവിൽ വലിയ ശബ്‌ദത്തോടെ നിലം പൊത്തി. ഇലകൾ എല്ലാം മാറ്റിയ വെറും തടിക്കഷ്‌ണങ്ങളാക്കികൊണ്ട്‌ കൂലിക്കാർ വിയപ്പ്‌ തുവത്തി ക്ഷീണത്തോടെ ഉച്ചിയിലെത്തിയ സൂര്യനെ ഒരു നോക്കു നോക്കിയിട്ട്‌ മാവിൻകൊമ്പുകൾ വെട്ടിമാറ്റി. അതിൽ കൂടൊരുക്കിയിരുന്ന കിളികൾ രണ്ടെണ്ണം ചിലച്ചുകൊണ്ട്‌ വട്ടമിട്ട്‌ പറന്ന് വേലിപ്പടർപ്പിൽ പോയി വീണ്ടും പറന്നു പൊങ്ങുന്നുണ്ടായിരുന്നു.

താഴെ മണ്ണിൽ തകർന്നുകിടക്കുന്ന ഒരു കിളിക്കൂടും അതിൽ തോടുപൊട്ടിയ ഭംഗിയുള്ള രണ്ടു മുട്ടകളും. എല്ലാത്തിനും അവസാനം ഉണ്ടെന്ന യാഥാഥ്യം മനസ്സിലാക്കിയ പോലെ അപ്പോഴും രണ്ടു കിളികൾ ശബ്‌ദമുണ്ടാക്കി വേലിപ്പടപ്പിൽ ഇരുന്നും പൊങ്ങിപ്പറന്നും സമാധാനം നഷ്‌ടപ്പെട്ട്‌ കാണപ്പെട്ടു.

(by സാലിഹ്‌ കല്ലട)


മാവ്‌ സാക്ഷി

(കഥ)


Tuesday, 24 February 2009

ശുനകന്‍ കള്ളനോട് പറഞ്ഞ കഥ.

"ഈ തണുത്ത കാറ്റുവീശുന്ന നിലാവുള്ള അന്തിനേരത്ത് വിഷാദമൂകനായി കിടക്കുന്ന ഈ വിഷാദരോഗിയായ വൃദ്ധനാം നായ അല്പനേരം എന്റെ അവസ്ഥ നിന്നോടൊന്ന് പറഞ്ഞോട്ടേ?"

അടുത്തെങ്ങും വീടുകളില്ലാത്ത വിജനമായ പ്രദേശത്തുള്ള ഓടിട്ട പഴയൊരു വീട്ടില്‍ വല്ലതും തടയുമോ എന്നറിയാന്‍ പമ്മി പമ്മി വന്ന കള്ളനോട് ആ വീട്ടുപറമ്പിലെ ഒരു മൂലയിലെ പൊളിഞ്ഞുതുടങ്ങിയ കൂട്ടില്‍ ക്ഷീണിച്ചവശനായ നായ യാചിച്ചപ്പോള്‍ കള്ളനും സഹതാപം തോന്നിയതില്‍ അതിശയോക്തിയില്ല.

"ശരി കേള്‍ക്കട്ടെ.. പക്ഷെ വേഗം കഥ അവസാനിപ്പിച്ചോളണം. എനിക്ക് നേരം വെളുക്കുന്നേനും മുന്നെ പണിതീര്‍ത്ത് മുങ്ങാനുള്ളതാ."

കള്ളന്‍ കൈയ്യിലെ ചാക്ക് നിലത്തുവിരിച്ച് ഒരു ബീഡിക്ക് തീകൊളുത്തി ആ ശുനകന്റെ കഥ കേള്‍ക്കുവാന്‍ സമീപത്ത് ചമ്രം പടിഞ്ഞിരുന്നു.

'നല്ലവനായ കള്ളനൊരു സംഗതി അറിയോ? എന്റെ നല്ലകാലത്ത് ആയിരുന്നേല്‍ നീ ഇങ്ങനെ എന്റെ അരികെ എന്നല്ല ഈ പറമ്പിന്റെ ഏഴയലത്തുപോലും വരാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു.'

കള്ളന്‍ സധൈര്യം നായയുടെ ചുളിവുവീണ തലയില്‍ തടവിക്കൊണ്ട് ചിരിച്ച് പുകവിട്ടു.

'അന്നൊക്കെ എനിക്ക് ഘനഗംഭീരമായ ഒച്ചയുണ്ടായിരുന്നു. തെണ്ടിപ്പട്ടികളൊക്കെ വാലും മടക്കി ഓടിമറയുന്നത് എത്ര കണ്ടിരുന്നു. ആഹ്.. ഞാന്‍ കഥ പറയാം.'

'ആ സ്വരം എന്റെ തൊണ്ടയില്‍ നിലച്ചുപോയിട്ട് അധികനാളൊന്നും ആയില്ല. എല്ലാം എന്നെ പൊന്നുംകട്ടി പോലെ പരിപാലിച്ചിരുന്ന യജമാനന്റെ അതിരുകവിഞ്ഞ മരുന്നുചികില്‍സ കാരണം..'

അന്നേരം മാനത്ത് പാല്‍നിലാവ് തൂകിയ ചന്ദ്രിക മേഘപാളികളില്‍ ഊളിയിട്ട് ഒളിച്ചുകളി നടത്തുന്നുണ്ട്. കാറ്റ് കുളിരുതൂകി വന്നും പോയുമിരുന്നു.

"വേഗം പറയ് എന്റെ നായേ. കേള്‍ക്കട്ടേ.."

"ഒരു കര്‍ക്കിടകക്കാലം. എന്റെ കുര നിറുത്താന്‍ കഴിയാതെ വന്നു. കുര എന്നുവെച്ചാല്‍ ഒരു ഒന്നൊന്നര കുരയാ. തൊണ്ടയില്‍ കിച്ച് കിച്ച് വന്നതെന്നാ യജമാന്‍ പറഞ്ഞത്. മൂപ്പര്‌ ഗള്‍ഫീന്ന് വന്ന ആരോ കൊണ്ടുകൊടുത്ത വലിയ വിക്സ് ഡബ്ബകളൊക്കെ എന്റെ തൊണ്ടയില്‍ തേച്ചുപിടിപ്പിച്ചു. അതൊക്കെ കാലിയായപ്പോള്‍ വിക്സ് മിഠായി ഒരു കുപ്പി മൊത്തം കൊടുന്ന് ഇടിച്ച് ഡോഗ് ബിസ്കറ്റും കൂട്ടിക്കുഴച്ച് എന്നെ നിര്‍ബന്ധിച്ച് തീറ്റിച്ചു."

കുറ്റിയായ ബീഡി കെടുത്തി കള്ളന്‍ നായയുടെ മുതുകെല്ലാം തടവിക്കൊടുത്ത് ഒന്നും ഉരിയാടാതെ കേട്ട് ഇരുന്നു.

"പിന്നീട് എന്റെ ഘോരശബ്‌ദം എന്നെ വിട്ടുപോയി പകരം മാര്‍ജാര സ്വരം തൊണ്ടയില്‍ കുടിയിരുന്നു. കുരയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്നേരം വരുന്നത് മ്യാവൂ എന്ന പീക്കിരിസ്വരം. ഒരു നായയായ എനിക്ക് പിന്നെ എന്നെ ഭയപ്പെട്ടിരുന്ന സകലമാന പൂച്ചകളുടേയും കളിയാക്കല്‍ മൂലം നിവര്‍ന്ന് ഇരിക്കാനായില്ല."

"ശ്ശൊ എന്തൊരു വിധി!" കള്ളന്‍ നെടുവീര്‍പ്പിട്ടു.

"ദേശത്തെ പൂച്ചകളായ പൂച്ചകളൊക്കെ സമ്മേളിച്ച് പറമ്പിലെ പലയിടത്തും നിന്ന് മ്യാവൂ പാടി എന്നെ ചൊടിപ്പിച്ചത് കണ്ട് യജമാനും സഹിച്ചില്ല. അദ്ധേഹം അവറ്റകളെ തുരത്തിയോടിച്ചു."

"എന്നിട്ട്?"

"എന്നിട്ട് എന്റെ ഘോരയൊച്ച കിട്ടാന്‍ വേണ്ടി ഒരു വൈദ്യര്‍ കൊടുത്ത നായിക്കുരണ പരിപ്പും നായിക്കരിമ്പു പിഴിഞ്ഞതും ചേര്‍ത്ത കഷായം എന്നെ കുടിപ്പിച്ചതിന്‌ കണക്കില്ല. ഹൊ! അതിന്റെ ചവര്‍പ്പും കയിപ്പും ആലോചിച്ചിട്ട് ഇപ്പഴും ഓക്കാനം വരുന്നു."

അപ്പോള്‍ വീട്ടിനകത്തുനിന്ന് ഒരു ഞെരക്കം കേട്ട് കള്ളന്‍ ഒന്നു പേടിച്ച് എഴുന്നേറ്റപ്പോള്‍ വയസ്സന്‍ ശുനകന്‍ കള്ളനെ തൊട്ട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.

"അതു കാര്യാക്കണ്ട. മരണം കാത്ത് കിടക്കുന്ന എന്റെ യജമാന്‍ കിടക്കയില്‍ ഉറക്കം വരാഞ്ഞ് ഞെരങ്ങിയതാ കേട്ടത്. എഴുന്നേല്‍ക്കാനോ ഒന്ന് കൈപൊക്കാനോ ശേഷിയില്ലാതെ കിടപ്പാ യജമാന്‍. കൂടെ പ്രായമായ യജമാശ്രീയും.."

കള്ളന്‍ ഒന്നൂടെ ധൈര്യം സംഭരിച്ച് ഒരു ബീഡിക്ക് തീ പിടിപ്പിച്ച് ഉഷാറോടെ നായയുടെ തലയില്‍ തോണ്ടി കഥ തുടരാന്‍ ശബ്‌ദം കൂട്ടി പറഞ്ഞു:

"ബാക്കി പറയ്. ധൃതിയൊന്നൂല്ല. ഇനി പണി അടുത്ത രാത്രിയാക്കാം."

'അങ്ങനെ വൈദ്യന്‍ കല്‍‌പിച്ച നായിക്കുരണ-ക്കരിമ്പ് കഷായം മോന്തിയിട്ട് പിന്നെ എന്റെ തൊണ്ടയില്‍ നിര്‍ഗളിച്ചത് അരോചകമായ ഒരു ഒരു..."

"ഒരു?" കള്ളന്‍ ചോദിക്കുന്നേനും മുന്‍പ് നായ തുടര്‍ന്നു.

"ഒരു മാതിരി മൂരിയും കാളയും അമറിയാല്‍ വരുന്ന ഒരു ശബ്‌ദം എന്റെ തൊണ്ട പുറപ്പെടുവിച്ചു."

"ശ്ശൊ."

"ഈ അമ്പേ.. ഒച്ചകേട്ട് പ്രദേശത്തെ കാള, പോത്ത്, മൂരി, പശു സംഘമായിട്ട് പറമ്പതിരില്‍ നിന്ന് കളിയാക്കി. ഞാന്‍ മനം നൊന്ത് മിണ്ടാട്ടമില്ലാതെ ആയി. പിന്നെ വിഷാദരോഗിയായി കിടപ്പിലായി."

കള്ളന്‍ തന്റെ ചാക്ക് എടുത്ത് വിഷാദവാന്‍ ആയ നായയെ പുതപ്പിച്ചു. ആ ചെറുചൂടില്‍ നായ നിലംതൊട്ട് കിടന്നുകൊണ്ട് തുടര്‍ന്നു.

"പിന്നെ ഞാന്‍ തൊണ്ട അനക്കി ഒന്ന് മിണ്ടിയത് ഇതാ ഇന്നാണ്‌. നിന്നെ കണ്ടപ്പോള്‍ മരിക്കുന്നേനും മുന്‍പ് എല്ലാം ഒരാളെങ്കിലും കേള്‍ക്കട്ടെ എന്നാഗ്രഹിച്ചു."

"കള്ളനായ ഞാന്‍ എന്താ പറയ്വാ? ഒക്കെ ശെരിയാവും എന്നോ ഒക്കെ അവസാനിക്കട്ടെ എന്നോ? അറിയില്ല എന്റെ ശുനകാ അറിയില്ല."

"എന്റെ വിഷാദം മാറ്റാന്‍ ഞാന്‍ യജമാന്‍ കുടിച്ചു കളയുന്ന മദ്യക്കുപ്പിയില്‍ ശേഷിച്ചത് നക്കിത്തുടച്ച് അകത്താക്കി ശീലമാക്കി. പതിയെ കള്ളുകുടിയനുമായി. യജമാന്‍ എന്നെ ഓര്‍ത്തോര്‍ത്ത് കിടപ്പിലും ആയി."

കള്ളന്‍ നിശ്വസിച്ച് സഹതപിച്ച് നായയുടെ ചാരത്ത് നീണ്ടുനിവര്‍ന്ന് കിടന്നുകൊണ്ട് അറിയിച്ചു:

"വല്ലാത്ത വിധിയായി നിന്റേം യജമന്റേം. ഈയ്യിടെ ഒരു സ്ലം ഡോഗ് ലോകമൊട്ടാകെ അറിയപ്പെടുന്ന മില്യണയര്‍ ആയതും ഇവിടെ ഒരു ഡോഗ് ആരോരുമറിയാത്ത പാപ്പര്‍ ആയതും ദൈവവിധി!"

അന്നേരം ദൂരെയെവിടേയോ ഒരു കാലന്‍‌കോഴിയുടെ കൂവല്‍ കേട്ടുതുടങ്ങി.

Thursday, 25 December 2008

ബല്ലാത്ത ബിയ്യാത്ത!

'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്‌?'

കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില്‌ നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട്‌ വഴിപോക്കര്‌ ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക്‌ വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!

'ഞമ്മള്‌ നെലമ്പൂർക്ക്‌ പോക്വാണ്‌. ഉണ്ണിവൈദ്യേരെ ഒന്ന്‌ കാണാനേയ്‌. കൊറച്ച്‌ കൊയമ്പ്‌ മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ്‌ കയിഞ്ഞ്‌. ഇഞ്ഞ്‌ അടുത്തൊല്ലത്തെ മാങ്ങീട്ട്‌ കരുതണ്ടേ..'

അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ്‌ പാലം കടന്ന്‌ ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ്‌ പോകുന്ന 'തുറാൻ' ബസ്സും വന്ന്‌ എതിരേയുള്ള സ്റ്റോപ്പിൽ നിന്ന്‌ ആളെയിറക്കി.

ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട്‌ ഓടി രണ്ട്‌ ബസ്സിനേം വലയം വെച്ച്‌, ഏത്‌ ബസ്സ്‌ ഏത്‌ ദിശേൽക്ക്‌ എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ്‌ ഡോറിലൂടെ അകത്തേക്ക്‌ ചാടിക്കേറി. കിളി വിസിലൂതി. അത്‌ തുറാൻ ബസ്സായിരുന്നു!

കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.

'എങ്ങോട്ടാ?'

'ഉണ്ണിവൈദ്യേരെ അങ്ങട്ട്‌.'

'എവിടേക്ക്‌?'

'നെലമ്പൂർക്ക്‌'

'ഇത്‌ കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല്‌ കേറിക്കോളീം.'

കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന്‌ കിതച്ചു.

'പണ്ടാറടങ്ങാൻ ബസ്സ്‌ രണ്ടെണ്ണം ഒന്നിച്ച്‌ ബന്ന്‌ ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.

കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക്‌ വിട്ടു.

ലേഡീസ്‌ സീറ്റ്‌ കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച്‌ കൈചൂണ്ടി പറഞ്ഞു:

'ഇത്താ സീറ്റ്‌ കാലിയായ്‌ കെടക്കുന്നത്‌ കണ്ടില്ലേ. അങ്ങോട്ട്‌ കുത്തിരുന്നൂടേ?'

'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര്‌ പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്‌!'

ബിയ്യാത്ത കലിപ്പായി നിന്നിട്ട്‌ പറഞ്ഞു. കിളി വാപൊളിച്ച്‌ നീട്ടിയൊരു ചൂളമടിച്ചു.

നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ്‌ രണ്ട്‌ കുപ്പി വാങ്ങി രണ്ട്‌ കക്ഷത്തും ഇറുക്കിപ്പിടിച്ച്‌ കല്ലാമൂല വഴി പോകുന്ന ബസ്സ്‌ കാത്തുനിന്നു. കുറച്ച്‌ കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്‌. അതിൽ തിക്കിക്കയറി. സീറ്റ്‌ കിട്ടി. ഇരുകക്ഷത്തും കുഴമ്പ്‌ കുപ്പികളും വെച്ച്‌ ബിയ്യാത്ത സ്വസ്ഥമായിരുന്നു.

ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച്‌ കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട്‌ ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട്‌ വാൾവെക്കുന്നവരെ പ്രതിരോധിച്ചു.

ബസ്സ്‌ പുറപ്പെട്ട്‌ മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ്‌ കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന്‌ ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.

'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'

ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന്‌ ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ്‌ മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട്‌ ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്‌... എന്തും സംഭവിക്കാം..

ഇതിനിടയ്ക്ക് കിട്ടിയ ചാന്‍‌സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:

'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'

'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'

'പക്ഷെ? ഉം?'

'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'

'ഞാനും തപ്പിക്കോട്ടെ?'

കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന്‌ ചെക്കനും ഹെല്‍‌പുചെയ്തു.

ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട്‌ ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച്‌ വലിച്ച്‌ മാറ്റി.

'ഇങ്ങളെന്താ തള്ളേ നോക്ക്ണത്‌? ഹലാക്കാക്കാൻ ഒലക്ക!'

'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത്‌ മാങ്ങ്യതാ കൊയമ്പ്‌ കുപ്പി. അത്‌ കാണാനില്ല.'

'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില്‌ മുറുക്കിവെച്ചിക്കിണത്‌! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'

ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ്‌ അപ്പോഴാണ്‌ ബിയ്യാത്ത ശ്രദ്ധിച്ചത്‌. തൂങ്ങിയാടുന്ന പല്ലിളിച്ച്‌ ബിയ്യാത്ത പാഞ്ഞു.

എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില്‌ മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.

അത്‌ മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!

(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്‌. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ഓടിക്കൊണ്ടേയിരിക്കും. അതാണ്‌ അവന്റെ പിരാന്ത്‌. പണ്ട്‌ തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത്‌ വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക്‌ പ്രത്യേകിച്ച്‌) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)

മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക്‌ ഡോർ വഴി കയറുന്നത്‌ കണ്ട്‌ ആരോ വിളിച്ചുകൂവിയതാണ്‌ ഈ പൊല്ലാപ്പിനൊക്കെ ഹേതു.

ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട്‌ ന്യൂസു'മായാണ്‌ ഇറങ്ങിയത്‌.

"തൂറാൻ മുട്ടി രണ്ടാൾക്ക്‌ പരിക്ക്‌, 'തീവണ്ടി' കാരണം അപകടം!'

Monday, 8 December 2008

'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും' പൊല്ലാപ്പായി.

അവുളക്കുട്ടി മീന്‍‌കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്‌.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.

നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ്‌ വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല്‌ മേലോട്ട് മീന്‍‌വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.

'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'

ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍‌പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.

അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.

'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'

'അതൊരു സര്‍‌പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'

'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'

ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.

'ഇബടെ നല്ല മീനോള്‌ ബില്‍ക്കപ്പെടും'

'എന്തേയ്?'

'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'

'ഇല്ല'

'എന്നാല്‌ അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'

അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.

'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'

കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.

'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള്‌ സംസയിക്കും.'

അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.

'മീനുകള്‍ വില്‍ക്കപ്പെടും'

ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.

കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള്‌ മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!

'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'

'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'

കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ്‌ ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.

ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.

'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'

'എന്തേയ് ആഗൂ?'

'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'

'ഇല്ലാ..'

'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'

'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'

'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'

ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..

ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.

ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!

(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)

Friday, 4 July 2008

നാണിക്കൊതുകും പോക്കാച്ചിത്തവളയും

നാണിക്കൊതുക്‌ ഒരു പാവം വൃദ്ധക്കൊതുകാണ്‌. ഏറെക്കാലം അടുത്തുള്ള ഒരാശുപത്രിയില്‍ വേല ചെയ്താണ്‌ നാണിക്കൊതുക്‌ കഴിഞ്ഞുപോരുന്നത്‌. കൂലിയായി കിട്ടുന്ന ചില്ലറപ്പൈസ ഒരു തുണിസഞ്ചിയില്‍ സ്വരൂപിച്ച്‌ ഭദ്രമായി സൂക്ഷിച്ചുപോന്നു. നാണിക്കൊതുകിന്‌ പറയത്തക്ക ബന്ധുക്കാരാരുമില്ല. പ്രായമേറെയായ നാണിക്കൊതുകിന്‌ ഒരുനാള്‍ ഒരു കത്ത്‌ വന്നു! പോസ്‌റ്റുമാന്‍ അണ്ണാറകണ്ണന്‍ തന്നെ അതുപൊട്ടിച്ച്‌ നാണിക്കൊതുകിന്‌ ഉറക്കെവായിച്ചുകൊടുത്തു.

"പ്രിയപ്പെട്ട നാണിക്കൊതുകമ്മായിക്ക്‌,

സുഖമെന്ന്‌ കരുതുന്നു. അതിനായി പടച്ചവനോടെന്നും പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വൃദ്ധപിതാവ്‌ രോഗശയ്യയില്‍ ആയപ്പോഴാണ്‌ നാണിക്കൊതുകമ്മായീടെ വിവരം പറഞ്ഞത്‌. ഇനി അധികകാലം പിതാവ്‌ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്കും ഇതേവരെ കണ്ടിട്ടില്ലാത്ത അമ്മായീനെ നേരില്‍ കാണാന്‍ പൂതിയായി. ഈ കത്ത്‌ കിട്ടിയാലുടന്‍ നാണിക്കൊതുകമ്മായി വരുമെന്ന് പ്രതീക്ഷിക്കുന്നു. താഴെവരച്ച വഴിനോക്കി വീട്ടിലേക്ക്‌ എത്തുമല്ലോ.

എന്ന് സ്വന്തം കൊതുകുപിള്ളേര്‌."

നാണിക്കൊതുക്‌ സന്തോഷക്കണ്ണീര്‍ പൊഴിച്ച്‌ മൂളി. തുണിസഞ്ചിയില്‍ നിന്നും ഒരു നാണയതുട്ട്‌ അണ്ണാറകണ്ണന്‍ പോസ്‌റ്റുമാന്‌ കൊടുത്തു. എത്രയും പെട്ടെന്ന് പോവുകതന്നെ. നാണിക്കൊതുക്‌ തുണിസഞ്ചിയില്‍ നിന്നും യാത്രചിലവിനുള്ളത്‌ എടുത്ത്‌ ബാക്കിയുള്ളത്‌ തുണിക്കിഴിയില്‍ കെട്ടിവെച്ച്‌ വീടുപൂട്ടി ഇറങ്ങി.

ഏറെക്കാലത്തെ നാണയതുട്ടുകളിട്ട കിഴി നല്ലഭാരമുണ്ട്‌. പോകുന്ന പോക്കില്‍ അവര്‍ പൊന്തക്കാട്ടില്‍ 'പേക്രോം പേക്രോം' പാടിയിരിക്കുന്ന പോക്കാച്ചിത്തവളയെ കണ്ടു.

'എങ്ങോട്ടാ നാണിക്കൊതുകമ്മേ പോകുന്നത്‌?' - പോക്കാച്ചിത്തവള ചോദിച്ചു.

'ആങ്ങളക്കൊതുകിന്‌ സുഖമില്ല. കത്തുവന്നു. അങ്ങോട്ട്‌ പോകുന്നു' - നാണിക്കൊതുക്‌ പറഞ്ഞു.

'മുതുകില്‍ താങ്ങിപ്പിടിച്ച ഭാരമുള്ള കിഴിയിലെന്താ?' - പോക്കാച്ചിത്തവള ചോദിച്ചു.

'അതില്‍ ഞാന്‍ ഏറെക്കാലം സമ്പാദിച്ച പൈസയാണ്‌ പോക്കാച്ചീ. വരാനിത്തിരി താമസിക്കും. വീട്ടില്‍ വെച്ചാ കള്ളന്മാര്‌ കട്ടാലോ..' - നാണിക്കൊതുക്‌ അറിയിച്ചു.

'അതും താങ്ങി അത്രേം ദൂരം പോണോ നാണിക്കൊതുകേ. ഇവിടെ തന്നാല്‍ ഞാന്‍ ഭദ്രമായി വെച്ചോളാം.' - പോക്കാച്ചിത്തവള പറഞ്ഞപ്പോള്‍ നാണിക്കൊതുകിന്‌ അതുശെരിയാണല്ലോ എന്നുതോന്നി.

അങ്ങിനെ ഭാരമുള്ള പണക്കിഴി പോക്കാച്ചിത്തവളയെ ഏല്‍പ്പിച്ച്‌ നാണിക്കൊതുക്‌ പലഹാരപ്പൊതിയുമായി യാത്ര തുടര്‍ന്നു. കത്തില്‍ കാണിച്ച വഴിനോക്കി ആങ്ങളക്കൊതുകിന്റെ പുരയിലെത്തി. കൊതുകുപിള്ളേരേയും കണ്‍നിറയെ കണ്ടു, അവിടെ ഒത്തിരിനാള്‍ ആങ്ങളയേയും ശുശ്രൂഷിച്ച്‌ കഴിഞ്ഞുകൂടി.

ആങ്ങളക്കൊതുക്‌ ഇഹലോകവാസം പൂകിയപ്പോള്‍ അനാഥരായ കൊതുകുപിള്ളേരേയും കൂട്ടി നാണിക്കൊതുക്‌ തിരികെ സ്വന്തം വീട്ടിലേക്ക്‌ പുറപ്പെട്ടു. വരുന്നവഴി അന്ന് ഏല്‍പിച്ച പണക്കിഴി തിരികെവാങ്ങുവാന്‍ വേണ്ടി പോക്കാച്ചിത്തവളയുടെ പൊന്തക്കാട്ടിലെത്തി.

നാണിക്കൊതുക്‌ അന്തംവിട്ടുനിന്നു. പൊന്തക്കാട്‌ മാറി അവിടെ ഭംഗിയായി അലങ്കരിച്ച ഇരുനിലമാളിക പൊങ്ങിയിരിക്കുന്നു! പോക്കാച്ചിത്തവള മാളികപ്പുറത്ത്‌ ചാരുകസേരയില്‍ ഭൃത്യന്മാരുടെ പരിചരണത്തില്‍ ഇരിക്കുന്നു.

നാണിക്കൊതുക്‌ താഴെ മുറ്റത്ത്‌ നിന്നുകൊണ്ട്‌ മൂളി: 'എന്റെ പണം,മ്‌,മ്‌,മ്‌?'

പോക്കാച്ചിത്തവള കണ്ടതായി ഭാവിച്ചില്ല. കണ്ണടച്ച്‌ ചാരുകസേരയില്‍ കാലാട്ടിക്കിടന്നു.

നാണിക്കൊതുക്‌ വീണ്ടും മൂളി: 'എന്റെ പണം,മ്‌,മ്‌,മ്‌?'

പോക്കാച്ചിത്തവള ചതിച്ചത്‌ മനസ്സിലായ നാണിക്കൊതുക്‌ കൂടെയുള്ള കൊതുകുപിള്ളേരോട്‌ സംഗതി പറഞ്ഞു. ദേഷ്യം വന്ന് കലിപൂണ്ട കൊതുകുപിള്ളേര്‌ മൂളിക്കൊണ്ട്‌ ഒരുമിച്ച്‌ മാളികപ്പുറത്തേക്ക്‌ പറന്നു. അവിടെയുള്ള പോക്കാച്ചിത്തവളയെ കുത്തി തുരുതുരെ കുത്തിനോവിച്ചു. ഭൃത്യന്മാര്‍ക്കും കിട്ടി കൊതുകുപിള്ളേരുടെ കുത്ത്‌.

'എവിടെ അമ്മായീടെ പണം,മ്‌,മ്‌,മ്‌?' - കൊതുകുപിള്ളേര്‌ കുത്തിച്ചോദിച്ചു.

'ഇപ്പൊത്തരാം, ഇപ്പൊത്തരാം' - പോക്കാച്ചിത്തവള കുത്തുകൊണ്ട്‌ സഹിക്കാതെ അലറി.

ഓടുന്ന പോക്കാച്ചിത്തവളയെ കുത്തുന്ന കൊതുകുപിള്ളേര്‌ പിന്നേയും ചോദിച്ചു.

'ഇപ്പൊത്തരാം, ഇപ്പോത്തരാം' - പോക്കാച്ചിത്തവള പാഞ്ഞുപോയി ഒരു പണക്കിഴി കൊണ്ടുവന്നു. അത്‌ നാണിക്കൊതുകിന്‌ കൊടുത്തു. അതെണ്ണിനോക്കിയ നാണിക്കൊതുക്‌ തേങ്ങി.

'ബാക്കി പണം,മ്‌,മ്‌,മ്‌?'

'വേഗം തരാം തരാം തരാം' - പോക്കാച്ചിത്തവള കുത്തുപേടിച്ച്‌ പറഞ്ഞു. പണം കൊടുക്കുന്നതുവരെ കൊതുകുപിള്ളേര്‍ അവിടെത്തന്നെ താമസമായി. അവര്‍ക്ക്‌ ഭൃത്യന്മാരുടെ വേലയും തരപ്പെട്ടു. താമസിയാതെ മുഴുവന്‍ പണവും തിരികെ ലഭിച്ച നാണിക്കൊതുകും കൊതുകുപിള്ളേരും ആ വീട്ടില്‍ സസുഖം മൂളിത്താമസിച്ചുപോന്നു. പോക്കാച്ചിത്തവള പൊന്തക്കാട്ടില്‍ ‘പേക്രോം പേക്രോം’ പാടി കാലം കഴിച്ചുകൂട്ടി.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com