Thursday, 22 August 2013

അകലുന്തോറും...

കരിപ്പൂര്‍ വിമാനതാവളത്തിന്‍റെ ‘ആഗമന’കവാടത്തില്‍ നന്ദു കാത്തുനിന്നു. ദുബായ് ഫ്ലൈറ്റ് ഇറങ്ങിവരുന്ന യാത്രക്കാരില്‍ അവന്‍റെ കണ്ണുകള്‍ പാഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍ പ്രതീക്ഷിച്ചയാള്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ സിന്ധു. മുഖം മ്ലാനമാണ്. വര്‍ഷങ്ങള്‍ക്കുശേഷം പെങ്ങളും ആങ്ങളയും തമ്മില്‍ കാണുകയാണ്. അവളെ സ്വീകരിച്ച് ഒന്ന് കെട്ടിപ്പിടിച്ച് അവന്‍ ലഗേജ്ട്രോളി ഉറുട്ടികൊണ്ട് പാര്‍ക്ക് ചെയ്ത കാറിന്‍റെ ഡിക്കിയില്‍ വെച്ചു.

കാര്‍ ഓടിക്കുന്ന നന്ദു. സമീപം സിന്ധു. അവര്‍ ഒന്നും അധികം മിണ്ടിയില്ല. ഏറെനേരം ഓടിയ കാര്‍ ഒരു പഴയ തറവാട്ടുവളപ്പിലേക്ക് പ്രവേശിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാര്‍ വരുന്നത് കണ്ട കാര്യസ്ഥന്‍ നാണുവേട്ടന്‍ കോലായില്‍ നിന്നും ഇറങ്ങിവന്നു. കുഞ്ഞുനാള്‍തൊട്ടേ കാണുന്ന നാണുവേട്ടനെ കുറേകാലത്തിനുശേഷം സിന്ധു കാണുകയാണ്. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. നാണുവേട്ടനും ചിരിച്ചു. കാര്‍ മുറ്റത്ത് നിറുത്തിയിട്ട്‌ നന്ദു ഇറങ്ങി. ഡിക്കി തുറന്ന് ലഗേജ് നാണുവേട്ടന്‍ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി.  സിന്ധുവും നന്ദുവും അനുഗമിച്ചു.

ഇരുണ്ടമുറിയില്‍ രോഗശയ്യയില്‍ കിടക്കുന്ന പ്രായമായ അമ്മ മാധവി, അരികെ മകള്‍ ഡോക്ടര്‍ ബിന്ദു. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഇരട്ടസഹോദരിയായ സിന്ധുവിനെ കണ്ട ബിന്ദു നിര്‍വികാരമായ നോട്ടത്തോടെ എഴുന്നേറ്റു. പിറകെ നന്ദുവും മുറിയിലേക്ക് കടന്നുവന്നു. മാധവിയമ്മയുടെ ക്ഷീണിച്ച കണ്ണുകള്‍ പാതിതുറന്ന് ആഗതരെ നോക്കി. ആ നോട്ടത്തില്‍ സിന്ധുവിന്‍റെ രൂപം അവ്യക്തമായി തെളിഞ്ഞു. അമ്മയുടെ ചുണ്ടുകള്‍ പ്രയാസപ്പെട്ട് അനങ്ങാന്‍ തുടങ്ങി. അവ്യക്തമായ വാക്കുകള്‍ നിര്‍ഗളിച്ചു.

“മോളേ... നീ വന്നോ? അമേരിക്കയില്‍ സുഖാണോ നിനക്കും.. കുടുംബത്തിനും..?”

സിന്ധു ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു വിതുമ്പി.

“അമ്മേ.. ഈ മോളോട് പൊറുക്കണം.”

അമ്മയുടെ മാറില്‍ ഒരു കൊച്ചുകുഞ്ഞിനെപോലെ അവള്‍ കിടന്നുകരഞ്ഞു. അവളെ നന്ദു പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇരട്ടഅനുജത്തി ബിന്ദു നിര്‍വികാരയായി നോക്കിനിന്നു. കാര്യസ്ഥന്‍ നാണുവേട്ടന്‍ ഒന്നെത്തിനോക്കിയിട്ട് അപ്പുറത്തേക്ക് പോയിമറഞ്ഞു.

(തുടരും../)


5 comments:

  1. ഒരു പുതിയ തുടര്‍കഥ തുടരുന്നൂ...

    ReplyDelete
  2. തുടക്കം നന്നായിട്ടുണ്ട്...
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പേട്ടാ..

      Delete
  3. തുടരുക
    ആശംസകള്‍

    പിറകെ സിന്ധുവും നന്ദുവും അനുഗമിച്ചു. എന്ന് എഴുതേണ്ട ആവശ്യമില്ല. അനുഗമിച്ചു എന്നാല്‍ പിറകെ ഗമിച്ചു എന്നുതന്നെയാണ് അര്‍ത്ഥം!

    ReplyDelete
    Replies
    1. നന്ദി അജിത്ത്ജീ.. തെറ്റ് ചൂണ്ടിക്കാണിച്ച് തന്നതില്‍ നന്ദി.

      Delete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com