ഞങ്ങളുടെ നാട്ടിലൊരു ശങ്കരന്‍ചേട്ടനുണ്ട്. ടിയാന്റെ പ്രത്യേകതയെന്തെന്നാല്‍ 'ചൊറിച്ചുമല്ലലില്‍' ലോകോത്തര ബിരുദം ചുളുവില്‍ അടിച്ചെടുത്തയാള്‍ എന്നതാണ്. പക്ഷെ യഥാവിധം വേണ്ടേടത്തുപയോഗിക്കാനറിയില്ല എന്നേയുള്ളൂ. മൂപ്പരെ കണ്ടാലാരെപോലെയാണെന്നോ? മരിച്ചുപോയ ഒരു നടനുണ്ടല്ലോ, സെക്കന്റ്‌ഷോ കാണാനിരിക്കുന്ന ഒന്നുരണ്ടാള്‍ കണക്കെ കുറച്ച് പല്ലുകള്‍ മാത്രമുള്ള ആരെങ്കിലും ചൂടായാലും പൊട്ടിച്ചിരിച്ച് കാജാബീഡി വലിച്ച് പുകയൂതിയിരിക്കാറുള്ള നടന്‍ അബൂബക്കര്‍! മൂപ്പരെ പോലെതന്നെയാണ് നമ്മുടെ നായകന്‍ ശങ്കരന്‍ചേട്ടനും.
പണിയെടുക്കാനുള്ള പ്രായമെല്ലാം കഴിഞ്ഞ ചേട്ടന്‍ മിക്കസമയവും ചാലിയാര്‍ പുഴയുടെ തീരത്തുള്ള കുഞ്ഞഹമ്മദിന്റെ ചായമക്കാനിയില്‍ ഇരുന്ന് നേരം കൊല്ലും. മണലെടുക്കാന്‍ വരുന്ന തൊഴിലാളികളുടെ നാട്ടുവര്‍ത്തമാനങ്ങള്‍ കേട്ട് തൊണ്ണകാട്ടി ചിരിച്ച് എന്തേലും മണ്ടത്തരം പറഞ്ഞതിനൊപ്പം തന്നെ, പരിഹസിച്ച് ചിരിക്കുന്നവരുടെയൊപ്പം കൂടി സ്വയം ചിരിക്കും. രാവിലെ തൊട്ട് വായിച്ച് തീര്‍ത്ത എല്ലാ ദിനപത്രങ്ങളും പലയാവര്‍ത്തി വായിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ടാവും ശങ്കരന്‍ചേട്ടന്‍. കുഞ്ഞഹമ്മദിന് അയാളൊന്ന് പോയികിട്ടിയാല്‍ മതിയെന്ന ഭാവമാണ്. സദാസമയവും ഹാജറുള്ള ചേട്ടന്‍ ആകെ വാങ്ങികുടിക്കുന്നത് ഒന്നോ രണ്ടോ ചായ മാത്രമാണ് (അതും കടമായിട്ട്). ഏറെ ചോദിച്ച് മടുക്കുമ്പോള്‍ വല്ലവരോടും വാങ്ങി കൊടുത്ത് ശങ്കരന്‍ചേട്ടന്‍ മക്കാനിയിലെ പറ്റ് തീര്‍ക്കാറുണ്ട്. അല്ലെങ്കില്‍തന്നെ അവിടെ വരുന്ന മിക്കവരും പറ്റുകാരാണ്. രാവിലെയാണ് ഇവന്‍മാരുടെ തള്ളികയറ്റം കൂടുക. "ഓസിക്ക് കുടിക്കുന്ന പഹയന്‍മാര്‍" എന്നാണ് കുഞ്ഞഹമ്മദ് ഇവര്‍ക്കിട്ട വിശേഷണം.
എന്നും നേരം വെളുത്താല്‍ വരും അവിടന്നുമിവിടന്നും കുറേയെണ്ണം മക്കാനിയിലേക്ക്! ദേശാഭിമാനിയും ചന്ദ്രികയും മാതൃഭൂമിയും മനോരമയും മാധ്യമവും ഒരുമിച്ച് വരുത്തുന്ന കളത്തിന്‍കടവിലെ ഏക കേന്ദ്രമായ കുഞ്ഞഹമ്മദിന്റെ ചായമക്കാനിയില്‍ ഇരുന്ന് മുഴുവന്‍ വായിച്ച് നാശകൂശമാക്കി ചായയും സുലൈമാനിയും കാപ്പിയും എന്നിത്യാദി കിട്ടുന്നതെല്ലാം വരുത്തിച്ച് കുടിച്ച് സിഗരറ്റും ബീഡിയും വലിച്ച് കുറ്റി നിലത്ത് പരത്തിയിട്ട് അവര്‍ പോവാനൊരുങ്ങുമ്പോള്‍ കുഞ്ഞഹമ്മദ് പടിവാതിലില്‍ നില്‍പുണ്ടാവും, ചുമച്ച് ശബ്‌ദമുണ്ടാക്കിയിട്ടങ്ങനെ.
"നാളെ തരാം" എന്ന് മുന്നില്‍ പോവുന്നവന്‍ പറയുന്നത് പിന്നില്‍ പോവുന്നവനും ഏറ്റ് പിടിച്ച് സ്ഥിരം മൊഴിഞ്ഞ് പുഴയുടെ വിശാലമായ മണല്‍പരപ്പിലെത്തിയിട്ടുണ്ടാവും ഓസുകുടിയന്മാര്‍!
അവരുടെ പോക്ക് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന കുഞ്ഞഹമ്മദ് ലോകത്തിലെ ചതിയന്‍മാരേയും കാപഠ്യക്കാരേയും കുറിച്ച് ചിന്തിച്ചു. ശരിക്കും രാജ്യം ഭരിക്കുന്ന രാജാക്കന്‍മാര്‍! അയാള്‍ തിരിഞ്ഞ് മേശയുടെ അരികിലേക്ക് നടക്കുമ്പോള്‍ കണ്ടു ശങ്കരന്‍ചേട്ടനെ.
"ഹോ, പാവം പറ്റുകാരന്‍, ഇയാളെയങ്ങ് മേലോട്ടെടുക്കാന്‍ പടച്ചോന് നേരം കിട്ടിയില്ലേയാവോ!" - കുഞ്ഞഹമ്മദ് ചേട്ടനെ നോക്കി പ്രാകികൊണ്ടിരുന്നു. ഇതൊന്നും അറിയാതെ ശങ്കരന്‍ചേട്ടന്‍ പ്രായംപോലും മറന്ന് ഒരു നിമിഷം ചെറുപ്പമായിതീര്‍ന്നിട്ട് തൊട്ടപ്പുറത്തെ പുഴയിലെ വെളുപ്പാന്‍കാലത്തെ കാഴ്‌ചകള്‍ ഓരോന്നായിട്ട് നോക്കിയങ്ങനെ രസിച്ചിരിക്കുകയാണ്.
പൊടുന്നനെ സമീപത്തെ 'മാനവേദന്‍ ഹൈസ്‌കൂളിലെ' ഒരു സംഘം പിള്ളേര്‍ മക്കാനിയിലേക്ക് ഓടിയെത്തി. "കുരുത്തം കെട്ട ചെയ്‌ത്താന്‍കുട്ട്യേള്" - കുഞ്ഞഹമ്മദ് അവരേയും പ്രാകി. ഈ പിള്ളേരും അവിടെ സ്ഥിരം ഓസുകാരാണ്. അവര്‍ വരും, അടുക്കളയില്‍ കയറും, കാണുന്നതെല്ലാം അകത്താക്കി ഏമ്പക്കമിട്ട് ഓടിപോവും. സ്‌കൂളിലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, പലര്‍ക്കും മീശയും താടിയുമൊക്കെ കിളിര്‍ത്തുവന്നിരിക്കുന്നു! പിന്നെ തൊട്ടതിനെല്ലാം പഠിപ്പ് മുടക്കി സമരമുണ്ടാക്കുന്നവരും. എല്ലാം കണ്ടില്ലാ കേട്ടില്ലായെന്ന് കരുതി കുഞ്ഞഹമ്മദ് അവരെ ഉള്ളില്‍ പ്രാകിയങ്ങനെ കഴിയുന്നു.
അന്നും ആ 'ചെയ്‌ത്താന്‍കുട്ട്യേള്' മക്കാനിയിലെ അലമാര വലിച്ചുതുറന്ന് അതില്‍ ദിനങ്ങളോളം സൂക്ഷിച്ച് വെച്ച പൊറോട്ട വാരിയെടുത്ത് വായിലിട്ട് പുറത്തേക്കോടി. പിന്നാലെ അലമാരയുടെ അകത്ത് തടവിലായിരുന്ന കുറേ ഈച്ചകളും രക്ഷപ്പെട്ട് പറന്നുപോയി. എല്ലാം കണ്ട് ആത്മസംയമനം പാലിച്ച് താടിക്ക് താങ്ങായി കൈയ്യുംകൊടുത്തിരിക്കുന്ന കുഞ്ഞഹമ്മദിനെ നോക്കി ശങ്കരന്‍ചേട്ടന്‍ രോക്ഷം കൊണ്ടു.
ചേട്ടന്റെ തിരുനാവ് അടങ്ങിനില്‍ക്കുന്നില്ല. തട്ടിയിട്ടൊരു ഡയലോഗ്!
"എന്റെ പൊന്നാര കുഞ്ഞയമ്മദോ.. കണ്ടില്ലേഡോ കുണ്ടന്‍മ്മാര് പാഞ്ഞ് വന്ന് പൊറോട്ട തൊറന്ന് അതിനകത്തെ അലമാര ചുരുട്ടി വായിലിട്ട് തിരുകികയറ്റീട്ട് ശ്ശൂംന്ന് പോവുന്നത്!!"
കുഞ്ഞഹമ്മദ് ഞെട്ടിതിരിഞ്ഞ് ചേട്ടനെ നോക്കി. ഇപ്പറഞ്ഞത് വല്ലതും നടന്നോയിവിടെ? അലമാര വായില് തിരുകാന്‍പോന്ന രാക്ഷസ്സന്‍മാരുടെ സന്തതികളിന്നും ഭൂമിയിലുണ്ടോ! ശരിയാണ് ഇപ്പോള്‍ പോയ 'ചെയ്‌ത്താന്‍ കുട്ട്യേള്' അതിലും ഭീകരന്മാര്‍ തന്നെ.
നെടുവീര്‍പ്പിട്ട കുഞ്ഞഹമ്മദ് അരികിലുള്ള റേഡിയോ ഓണാക്കി, ഒരു തട്ട് കൊടുത്തു.
"ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് സുഷമ.." - വാര്‍ത്ത ശ്രദ്ധിച്ച് കാതും കൂര്‍പ്പിച്ച് അവരിരുവരും ഇരുന്നു. പശ്ചാത്തലത്തില്‍ തുറന്നുകിടക്കുന്ന പഴയ അലമാരയും...