Wednesday, 27 September 2006

പൊറോട്ട തട്ടുന്ന ഭീകരര്‍!

ഞങ്ങളുടെ നാട്ടിലൊരു ശങ്കരന്‍ചേട്ടനുണ്ട്‌. ടിയാന്റെ പ്രത്യേകതയെന്തെന്നാല്‍ 'ചൊറിച്ചുമല്ലലില്‍' ലോകോത്തര ബിരുദം ചുളുവില്‍ അടിച്ചെടുത്തയാള്‍ എന്നതാണ്‌. പക്ഷെ യഥാവിധം വേണ്ടേടത്തുപയോഗിക്കാനറിയില്ല എന്നേയുള്ളൂ. മൂപ്പരെ കണ്ടാലാരെപോലെയാണെന്നോ? മരിച്ചുപോയ ഒരു നടനുണ്ടല്ലോ, സെക്കന്റ്‌ഷോ കാണാനിരിക്കുന്ന ഒന്നുരണ്ടാള്‍ കണക്കെ കുറച്ച്‌ പല്ലുകള്‍ മാത്രമുള്ള ആരെങ്കിലും ചൂടായാലും പൊട്ടിച്ചിരിച്ച്‌ കാജാബീഡി വലിച്ച്‌ പുകയൂതിയിരിക്കാറുള്ള നടന്‍ അബൂബക്കര്‍! മൂപ്പരെ പോലെതന്നെയാണ്‌ നമ്മുടെ നായകന്‍ ശങ്കരന്‍ചേട്ടനും.

പണിയെടുക്കാനുള്ള പ്രായമെല്ലാം കഴിഞ്ഞ ചേട്ടന്‍ മിക്കസമയവും ചാലിയാര്‍ പുഴയുടെ തീരത്തുള്ള കുഞ്ഞഹമ്മദിന്റെ ചായമക്കാനിയില്‍ ഇരുന്ന് നേരം കൊല്ലും. മണലെടുക്കാന്‍ വരുന്ന തൊഴിലാളികളുടെ നാട്ടുവര്‍ത്തമാനങ്ങള്‍ കേട്ട്‌ തൊണ്ണകാട്ടി ചിരിച്ച്‌ എന്തേലും മണ്ടത്തരം പറഞ്ഞതിനൊപ്പം തന്നെ, പരിഹസിച്ച്‌ ചിരിക്കുന്നവരുടെയൊപ്പം കൂടി സ്വയം ചിരിക്കും. രാവിലെ തൊട്ട്‌ വായിച്ച്‌ തീര്‍ത്ത എല്ലാ ദിനപത്രങ്ങളും പലയാവര്‍ത്തി വായിച്ച്‌ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവും ശങ്കരന്‍ചേട്ടന്‍. കുഞ്ഞഹമ്മദിന്‌ അയാളൊന്ന് പോയികിട്ടിയാല്‍ മതിയെന്ന ഭാവമാണ്‌. സദാസമയവും ഹാജറുള്ള ചേട്ടന്‍ ആകെ വാങ്ങികുടിക്കുന്നത്‌ ഒന്നോ രണ്ടോ ചായ മാത്രമാണ്‌ (അതും കടമായിട്ട്‌). ഏറെ ചോദിച്ച്‌ മടുക്കുമ്പോള്‍ വല്ലവരോടും വാങ്ങി കൊടുത്ത്‌ ശങ്കരന്‍ചേട്ടന്‍ മക്കാനിയിലെ പറ്റ്‌ തീര്‍ക്കാറുണ്ട്‌. അല്ലെങ്കില്‍തന്നെ അവിടെ വരുന്ന മിക്കവരും പറ്റുകാരാണ്‌. രാവിലെയാണ്‌ ഇവന്‍മാരുടെ തള്ളികയറ്റം കൂടുക. "ഓസിക്ക്‌ കുടിക്കുന്ന പഹയന്‍മാര്‍" എന്നാണ്‌ കുഞ്ഞഹമ്മദ്‌ ഇവര്‍ക്കിട്ട വിശേഷണം.

എന്നും നേരം വെളുത്താല്‍ വരും അവിടന്നുമിവിടന്നും കുറേയെണ്ണം മക്കാനിയിലേക്ക്‌! ദേശാഭിമാനിയും ചന്ദ്രികയും മാതൃഭൂമിയും മനോരമയും മാധ്യമവും ഒരുമിച്ച്‌ വരുത്തുന്ന കളത്തിന്‍കടവിലെ ഏക കേന്ദ്രമായ കുഞ്ഞഹമ്മദിന്റെ ചായമക്കാനിയില്‍ ഇരുന്ന് മുഴുവന്‍ വായിച്ച്‌ നാശകൂശമാക്കി ചായയും സുലൈമാനിയും കാപ്പിയും എന്നിത്യാദി കിട്ടുന്നതെല്ലാം വരുത്തിച്ച്‌ കുടിച്ച്‌ സിഗരറ്റും ബീഡിയും വലിച്ച്‌ കുറ്റി നിലത്ത്‌ പരത്തിയിട്ട്‌ അവര്‍ പോവാനൊരുങ്ങുമ്പോള്‍ കുഞ്ഞഹമ്മദ്‌ പടിവാതിലില്‍ നില്‍പുണ്ടാവും, ചുമച്ച്‌ ശബ്‌ദമുണ്ടാക്കിയിട്ടങ്ങനെ.

"നാളെ തരാം" എന്ന് മുന്നില്‍ പോവുന്നവന്‍ പറയുന്നത്‌ പിന്നില്‍ പോവുന്നവനും ഏറ്റ്‌ പിടിച്ച്‌ സ്ഥിരം മൊഴിഞ്ഞ്‌ പുഴയുടെ വിശാലമായ മണല്‍പരപ്പിലെത്തിയിട്ടുണ്ടാവും ഓസുകുടിയന്മാര്‍!

അവരുടെ പോക്ക്‌ നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന കുഞ്ഞഹമ്മദ്‌ ലോകത്തിലെ ചതിയന്‍മാരേയും കാപഠ്യക്കാരേയും കുറിച്ച്‌ ചിന്തിച്ചു. ശരിക്കും രാജ്യം ഭരിക്കുന്ന രാജാക്കന്‍മാര്‍! അയാള്‍ തിരിഞ്ഞ്‌ മേശയുടെ അരികിലേക്ക്‌ നടക്കുമ്പോള്‍ കണ്ടു ശങ്കരന്‍ചേട്ടനെ.

"ഹോ, പാവം പറ്റുകാരന്‍, ഇയാളെയങ്ങ്‌ മേലോട്ടെടുക്കാന്‍ പടച്ചോന്‌ നേരം കിട്ടിയില്ലേയാവോ!" - കുഞ്ഞഹമ്മദ്‌ ചേട്ടനെ നോക്കി പ്രാകികൊണ്ടിരുന്നു. ഇതൊന്നും അറിയാതെ ശങ്കരന്‍ചേട്ടന്‍ പ്രായംപോലും മറന്ന് ഒരു നിമിഷം ചെറുപ്പമായിതീര്‍ന്നിട്ട്‌ തൊട്ടപ്പുറത്തെ പുഴയിലെ വെളുപ്പാന്‍കാലത്തെ കാഴ്‌ചകള്‍ ഓരോന്നായിട്ട്‌ നോക്കിയങ്ങനെ രസിച്ചിരിക്കുകയാണ്‌.

പൊടുന്നനെ സമീപത്തെ 'മാനവേദന്‍ ഹൈസ്‌കൂളിലെ' ഒരു സംഘം പിള്ളേര്‍ മക്കാനിയിലേക്ക്‌ ഓടിയെത്തി. "കുരുത്തം കെട്ട ചെയ്‌ത്താന്‍കുട്ട്യേള്‌" - കുഞ്ഞഹമ്മദ്‌ അവരേയും പ്രാകി. ഈ പിള്ളേരും അവിടെ സ്ഥിരം ഓസുകാരാണ്‌. അവര്‍ വരും, അടുക്കളയില്‍ കയറും, കാണുന്നതെല്ലാം അകത്താക്കി ഏമ്പക്കമിട്ട്‌ ഓടിപോവും. സ്‌കൂളിലാണെന്ന് പറഞ്ഞിട്ട്‌ കാര്യമില്ല, പലര്‍ക്കും മീശയും താടിയുമൊക്കെ കിളിര്‍ത്തുവന്നിരിക്കുന്നു! പിന്നെ തൊട്ടതിനെല്ലാം പഠിപ്പ്‌ മുടക്കി സമരമുണ്ടാക്കുന്നവരും. എല്ലാം കണ്ടില്ലാ കേട്ടില്ലായെന്ന് കരുതി കുഞ്ഞഹമ്മദ്‌ അവരെ ഉള്ളില്‍ പ്രാകിയങ്ങനെ കഴിയുന്നു.

അന്നും ആ 'ചെയ്‌ത്താന്‍കുട്ട്യേള്‌' മക്കാനിയിലെ അലമാര വലിച്ചുതുറന്ന് അതില്‍ ദിനങ്ങളോളം സൂക്ഷിച്ച്‌ വെച്ച പൊറോട്ട വാരിയെടുത്ത്‌ വായിലിട്ട്‌ പുറത്തേക്കോടി. പിന്നാലെ അലമാരയുടെ അകത്ത്‌ തടവിലായിരുന്ന കുറേ ഈച്ചകളും രക്ഷപ്പെട്ട്‌ പറന്നുപോയി. എല്ലാം കണ്ട്‌ ആത്മസംയമനം പാലിച്ച്‌ താടിക്ക്‌ താങ്ങായി കൈയ്യുംകൊടുത്തിരിക്കുന്ന കുഞ്ഞഹമ്മദിനെ നോക്കി ശങ്കരന്‍ചേട്ടന്‍ രോക്ഷം കൊണ്ടു.

ചേട്ടന്റെ തിരുനാവ്‌ അടങ്ങിനില്‍ക്കുന്നില്ല. തട്ടിയിട്ടൊരു ഡയലോഗ്‌!

"എന്റെ പൊന്നാര കുഞ്ഞയമ്മദോ.. കണ്ടില്ലേഡോ കുണ്ടന്‍മ്മാര്‌ പാഞ്ഞ്‌ വന്ന് പൊറോട്ട തൊറന്ന്‌ അതിനകത്തെ അലമാര ചുരുട്ടി വായിലിട്ട്‌ തിരുകികയറ്റീട്ട്‌ ശ്ശൂംന്ന് പോവുന്നത്‌!!"

കുഞ്ഞഹമ്മദ്‌ ഞെട്ടിതിരിഞ്ഞ്‌ ചേട്ടനെ നോക്കി. ഇപ്പറഞ്ഞത്‌ വല്ലതും നടന്നോയിവിടെ? അലമാര വായില്‌ തിരുകാന്‍പോന്ന രാക്ഷസ്സന്‍മാരുടെ സന്തതികളിന്നും ഭൂമിയിലുണ്ടോ! ശരിയാണ്‌ ഇപ്പോള്‍ പോയ 'ചെയ്‌ത്താന്‍ കുട്ട്യേള്‌' അതിലും ഭീകരന്മാര്‍ തന്നെ.

നെടുവീര്‍പ്പിട്ട കുഞ്ഞഹമ്മദ്‌ അരികിലുള്ള റേഡിയോ ഓണാക്കി, ഒരു തട്ട്‌ കൊടുത്തു.

"ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത്‌ സുഷമ.." - വാര്‍ത്ത ശ്രദ്ധിച്ച്‌ കാതും കൂര്‍പ്പിച്ച്‌ അവരിരുവരും ഇരുന്നു. പശ്ചാത്തലത്തില്‍ തുറന്നുകിടക്കുന്ന പഴയ അലമാരയും...

26 comments:

  1. ഒരു ചെറിയ കഥ സമര്‍പ്പിക്കുന്നു ("പൊറോട്ട തട്ടുന്ന ഭീകരര്‍!" )

    ReplyDelete
  2. ഹി ഹി ഹി രസിച്ചു.
    :)

    ReplyDelete
  3. ഏറനാടന്മാഷേ കഥ അസ്സലായി...

    ReplyDelete
  4. നല്ല വിവരണം

    ReplyDelete
  5. ചെറുവത്തേ .. ;)

    തലക്കെട്ടു വായിച്ച്പ്പോ ഞാന്‍ വേറെന്തൊക്കെയോ പ്രതീക്ഷിച്ചു !

    നാടന്‍ ടച്ചുള്ള കുഞ്ഞ്യേ കഥ. നന്നായി കേട്ടോ !

    പ്രഭേടെ ചായക്കട ഓര്‍മ്മവന്നു..

    ReplyDelete
  6. സൂചേച്ചി, ഇത്തിരിവെട്ടം, തറവാടി, ഇടിവാള്‍ ഇക്കഥ വായിച്ചുവെന്നറിഞ്ഞ്‌ സന്തോഷിക്കുന്നു, നന്ദി..

    ReplyDelete
  7. നര്‍മ്മത്തില്‍ ചാലിച്ച നല്ല വിവരണം.... നാട്ടിന്‍പുറത്തിന്റെ ആ അന്തരീക്ഷം ശരിക്കും മനസ്സില്‍ വന്നു.

    ReplyDelete
  8. പോരട്ടെ കൂടുതല്‍ നാട്ടു വിശേഷങ്ങള്‍

    ReplyDelete
  9. നെടുവീര്‍പ്പിട്ട കുഞ്ഞഹമ്മദ്‌ അരികിലുള്ള റേഡിയോ ഓണാക്കി, ഒരു തട്ട്‌ കൊടുത്തു

    ഇതാഷ്ടായത്‌.. രസികന്‍..

    ReplyDelete
  10. നന്നായിട്ടുണ്ട്. ഗ്രാമത്തുടിപ്പുകള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഭംഗിയായി വിവരിച്ചിരിക്കുന്നു... പോസ്റ്റുകള്‍ ഇനിയും പോരട്ടെ...

    ReplyDelete
  11. ഏറനാടന്‍ ഫലിതങ്ങള്‍ ഏറെ നന്നാവുന്നുണ്ടേ....

    ReplyDelete
  12. ഏറനാടാ
    നന്നായിട്ടുണ്ട്...

    ReplyDelete
  13. ഇതു പോലെ ഒരു മഹാന്‍ ഞങ്ങളുടേ അയല്‍‌വക്കത്തും ഉണ്ട്. :) എല്ലാം തല തിരിച്ചു പറയും. :)മനഃപൂര്‍‌വ്വം അല്ല,അറിയാതെ പറ്റുന്നതാണ്.

    ReplyDelete
  14. പിറന്നാളാശംസകള്‍ ! ;)

    ReplyDelete
  15. ഏറനാടാ, വായിച്ചില്ല-പക്ഷേ മുരളിയണ്ണന്റെ ബ്ലോഗ് കമന്റ് പ്രകാരം ജന്മദിനാശംസകള്‍ !

    ReplyDelete
  16. "എന്റെ നൊമ്പരങ്ങളില്‍ എനിക്കു കൂട്ടുനിന്ന, ബൂലോഗത്തിന്റെ സ്നേഹം മുഴുവന്‍ എനിക്കു പകര്‍ന്നു തന്ന പ്രിയപ്പെട്ടവരേ, എന്റെ ഹൃദയസ്പന്ദനങ്ങളില്‍ നിങ്ങളുടെ വാക്കുകളും തുടിക്കുന്നു. ഇതെന്റെ ഭാഗ്യമായി കരുതട്ടെ. വാക്കുകള്‍ക്കതീതമായ ഏതോ ഒരു തഴുകല്‍"

    ഇത് ശ്രീ. മുരളി അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റായി എഴിയതാണ്. (ഇങ്ങിനെ പറയാന്‍ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത്രക്കും ഞാന്‍ വളര്‍ന്നിട്ടില്ല)

    ശ്രീ. മുരളി പറഞ്ഞപോലെ ഏറനാടനും കഴിയുമാറാകട്ടേ!

    ഏറനാടന്‍ എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തേ... പിറന്നാളാശംസകള്‍. ആയിരമായിരം ആശംസകള്‍!

    ജെബല്‍ അലിയിലെ ജെയിലില്‍ നിന്നും..
    വല്ല്യമ്മായി,കുറുമാന്‍, പട്ടേരി, ഇത്തിരിവെട്ടം (ഒന്നുകൂടെ) എന്നിവര്‍ക്കും കൂടി വേണ്ടി
    വിശാലം മാനസം.
    (പി.സ്: ട്രീറ്റ് എവിടെയാന്ന്, തുടങ്ങുന്നതിന്റെ 10 മിനിറ്റു മുന്‍പ് പറഞ്ഞാലും‍ മതി നേരത്തേ പറയണമൊന്നൊന്നും നിര്‍ബന്ധമില്ല, എങ്ങിനെയെങ്കിലും എത്തിക്കോളാം)

    ReplyDelete
  17. പിറന്നാളാശംസകള്‍.

    എന്ത് വിഷമത്തിലും, കരുത്തോടെ നില്‍ക്കാനുള്ള മനസ്സ്, ദൈവം തരട്ടെ.

    ReplyDelete
  18. ഏറനാടന്റെ പിറന്നാള്‍ ആണോ ? കയ്യോടെ പിടി ചൂടന്‍ ആശംസകള്‍.

    ഇനി പോസ്റ്റ്‌ വായിക്കാം. വിജയന്റെ പഴയ പ്രേമകഥ എന്ന നീളന്‍ കഥയിലെ സംഭാഷണങ്ങള്‍ പോലെ ഏറനാടന്‍ ഭാഷ..

    ReplyDelete
  19. ജന്മദിനമായിട്ട്‌ അത്‌ ചുമ്മാ ഒരു കമന്റിലൊതുക്കുകയാണോ? പറ്റില്ല്യാട്ടോ. ആശംസകള്‍.......

    ReplyDelete
  20. This comment has been removed by a blog administrator.

    ReplyDelete
  21. ഇടിവാള്‍ജീ..
    വക്കാരിമഷ്‌ടാ..
    സൂചേച്ചീ...
    വിശാല്‍ജീ..
    ദേവരാഗമേ...
    മുരളി വാളൂര്‍...
    അകലങ്ങളിലാണെങ്കിലും ഇത്രമാത്രം അടുപ്പമുള്ള നിങ്ങളുടെയേവരുടേയും ആശംസകളാലെന്‍ നേത്രങ്ങളില്‍ ആനന്ദാശ്രുകണങ്ങളുതിരുന്നു.. ആരേയും മറന്നിട്ടില്ലാ, വിട്ടുപോയെങ്കില്‍ ക്ഷമിക്കുക..

    ReplyDelete
  22. നന്നായിട്ടുണ്ട്!

    ReplyDelete
  23. ഹാപ്പി ബര്‍ത്ഡേ റ്റു യൂ!.എല്ലാം ശരിയാവും
    :(..(ചെണ്ട -മദ്ദളം കഥ ഓര്‍ത്തിട്ടാണൊ ചേട്ടനിപ്പം ചിരിച്ചെ :-)!!!!)

    ReplyDelete
  24. കുറേനേരം ഏറനാടന്റെ കഥയിലെ ആ ഗ്രാമത്തിലെത്തിയതുപോലെ തോന്നി.
    പിറന്നാളാശംസകള്‍.

    ReplyDelete
  25. ആശംസകള്‍ എന്റെ വകയും...
    കഥ ഇഷ്ടമായി, ആ ഏറനാടന്‍ ലാളിത്യവും...

    ReplyDelete
  26. ഞങ്ങളെ നാട്ടിലും ഒരു കക്കന്റെ പെട്ടിപ്പീട്യ ഉണ്ടായിരുന്നു.
    അവുട്ത്തെ കക്ക പറയാറുണ്ട്.
    “മണ്ടിങ്ങട്ട് ബെരാ.. പൊറാട്ടങ്ങട്ട് തൊര്‍ക്കാ‍..
    ആള്‍മറണ്ട് തിന്നാ.. എത്താപ്പൊ ഇങ്ങളെ മട്ടം.
    കായി ഞാന്‍ പെരീമന്നു മാങ്ങണ്ടി ബെരുംന്നാ തോന്ന് ണ്ട്.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com