നേരം പുലരുമ്പോള്‍ വിമാനത്തിന്റെ ജാലകത്തിലൂടെ നേരിയ വെളിച്ചത്തില്‍ താഴെ ദൃശ്യമായിവരുന്ന പച്ചതുരുത്തുകളും നേര്‍വരപോലെ ഒഴുകുന്ന പുഴയും മനാഫിന്റെ മനസ്സിനെ കുളിരണിയിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനാഫ് ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്നത്.
അയാളുടെ ആഗമനം ആരേയും അറിയിക്കാതെയായിരുന്നു. എയര്‍പോര്‍ട്ടില്‍ മനാഫിനെ സ്വീകരിക്കാനാരും ഇല്ല. മണലാരണ്യത്തില്‍ നിന്നെത്തുന്ന ഉറ്റവരെ വരവേല്‍ക്കാന്‍ അക്ഷമരായി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനെ കണ്ടില്ലെന്ന് നടിച്ച് അയാള്‍ ഒരു ടാക്‍സിക്ക് കൈകാണിച്ച് നിറുത്തി കൈയ്യിലെ ചെറിയ ബാഗുമായി കയറി. ഡ്രൈവര്‍ ലഗേജ് പ്രതീക്ഷിച്ച് നിന്നുവെങ്കിലും ഒന്നുമില്ലായെന്ന് ബോധ്യമായപ്പോള്‍ സ്‌റ്റാര്‍ട്ടാക്കി. സ്വന്തം മണ്ണിലെത്തിയപ്പോള്‍ എത്രയോ സംവല്‍സരങ്ങള്‍ കഴിഞ്ഞതായി മനാഫിന് തോന്നി.
മനാഫിന് ഒരു ലക്ഷ്യമുണ്ട്. അത് സാധിച്ചാല്‍ മാത്രമേ നഷ്‌ടമായ സന്തോഷം തിരിച്ചുകിട്ടുകയുള്ളൂ. മനാഫ് യാത്രയ്‌ക്കിടയില്‍ ചിന്തയിലാണ്ടു. ഒരാളെ തേടി മാത്രമാണ് ഇയാള്‍ വന്നത്. തന്റെ സഹായത്താല്‍ ദുബായിലെത്തിയ മഹ്‌റൂഫിനെ കണ്ടെത്തണം. ആത്മസുഹൃത്ത് എന്നപോലെ പെരുമാറിയൊടുവില്‍ പാടേ അവഗണിച്ച് നടക്കുന്ന മഹ്‌റൂഫ് എന്ന കോടീശ്വരനെ കാണണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ വരുമ്പോള്‍ മനാഫ് മാത്രമായിരുന്നു ഒരു സഹായി. അന്ന് തന്റെ പക്കല്‍നിന്ന് പലപ്പോഴായി വാങ്ങിയ പണം ഇന്ന് വലിയൊരു സംഖ്യയായിരിക്കുന്നു. മഹ്‌റൂഫ് കൗശലബുദ്ധിയാല്‍ വലിയ ബിസ്സിനസ്സ് സാമ്രാജ്യം ഗള്‍ഫിലും കേരളത്തിലും വ്യാപിപ്പിച്ച് പറന്നുനടക്കുന്നവന്‍!
"സാര്‍, സ്ഥലമെത്തി. ഇനിയെങ്ങോട്ടാ തിരിയേണ്ടത്?" - ഡ്രൈവറുടെ ശബ്‌ദം മനാഫിനെ ഉണര്‍ത്തി.
വഴി പറഞ്ഞുകൊടുത്തു. അഞ്ച് വര്‍ഷങ്ങള്‍ തന്റെ നാട്ടിന്‍പുറത്തെ എത്രയധികം മാറ്റിയിരിക്കുന്നു! തന്റെ കൊച്ചുപുരയില്‍ എത്തിയപ്പോള്‍ അയാള്‍ നേത്രങ്ങള്‍ നിറഞ്ഞു. ഭാര്യ കിണറ്റിന്‍കരയില്‍ പാത്രം കഴുകുന്നു. പ്രായമേറിയ ഉമ്മ കൂനിക്കൂടി ഉമ്മറത്തേക്ക് നടന്നു വന്ന് ആരാണ് വരുന്നതെന്ന് നോക്കി. ഇവര്‍ക്കൊന്നും വേണ്ടി യാതൊന്നും സമ്പാദിച്ചുണ്ടാക്കുവാന്‍ തന്റെ ഡ്രൈവറുദ്യോഗം കൊണ്ടാവുന്നില്ലല്ലോ പടച്ചവനേ. മനാഫ് വിതുമ്പി.
നാളുകള്‍ക്കൊടുവില്‍ മനാഫിനെ കണ്ടപ്പോള്‍ ഭാര്യക്ക് വിശ്വസിക്കാനായില്ല. അവര്‍ ഓടിവന്ന് ഒരുനിമിഷം ഒന്നുമുരിയാടാതെ നോക്കിനിന്നു. വീട്ടിനകത്ത് പ്രവേശിച്ച് മനാഫ് ഉമ്മയേയും ഭാര്യയേയും നെഞ്ചിലടുപ്പിച്ച് നിന്നു. പുരയുടെ മേല്‍ക്കൂരയുടേ വിടവിലൂടെ സൂര്യകിരണം സാക്ഷിയായി.
കുളിച്ച്, ഭക്ഷണം കഴിച്ചൊരു മയക്കത്തിനു ശേഷം മനാഫ് വസ്‌ത്രം മാറുന്ന നേരം ഭാര്യ ഉറക്കച്ചറവ് വിട്ടെഴുന്നേറ്റു. വന്ന് മണിക്കൂറുകളായില്ല. എങ്ങോട്ടാണാവോ പുറപ്പാട്? അവര്‍ക്ക് ചോദിക്കണമെന്നുണ്ട്. എന്നാല്‍ മുന്നോടിയായിട്ട് മനാഫ് പറഞ്ഞു:
"കൊച്ചിവരേയൊന്ന് പോവണം. നാളെയേ വരൂ."
തന്റെ ലക്ഷ്യം നിറവേറ്റാന്‍ അയാള്‍ പുറപ്പെട്ടു. എറണാകുളത്തേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത് പ്ലാറ്റ്‌ഫോമിലെത്തിയ മനാഫ് പഴയ ഒരു ഡയറിയിലെ മഷിമങ്ങിയ ഒരു ഫോണ്‍ നമ്പര്‍ നോക്കി അടുത്തുള്ള ബൂത്തിലെത്തി. മഹ്‌റൂഫിന്റെ നമ്പര്‍ ഇപ്പോഴും നിലവിലുണ്ട്. നീണ്ട ഇടവേളക്ക് ശേഷം വിളിക്കുകയാണ്. മനസ്സിലുള്ളത് മറച്ചുവെച്ച് സന്തോഷം നടിച്ച് എങ്ങുംതൊടാതെയുള്ള വര്‍ത്തമാനത്തിനൊടുവില്‍ താന്‍ നേരില്‍ കാണുവാന്‍ പുറപ്പെട്ടുവെന്ന് മനാഫ് അറിയിച്ചു. ട്രെയിന്‍ ഇറങ്ങുമ്പോള്‍ കാറുമായി വന്ന് മനാഫിനെ കൊണ്ടുപോകാമെന്ന് മഹ്‌റൂഫ് പറഞ്ഞു.
രാത്രിയാവുമ്പോള്‍ മനാഫ് എറണാകുളത്തെത്തി. വെളിയില്‍ തന്നെ കാത്തുനില്‍ക്കുമെന്നറിയിച്ച മഹ്‌റൂഫിനെ പരതികൊണ്ട് അയാളുടെ കണ്ണുകള്‍ ഓടിനടന്നു. പ്ലാറ്റ്‌ഫോമിലെ തിരക്കിനിടയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തമ്മില്‍ കാണുമ്പോള്‍ തിരിച്ചറിയുമോ രണ്ടാള്‍ക്കും? വെറുതെ അയാള്‍ ഓരോന്നോര്‍ത്തു. ഏതോ ദിക്കിലേക്ക് നോക്കിനില്‍ക്കെ പിന്നിലാരോ തൊടുന്നതറിഞ്ഞ് മനാഫ് തിരിഞ്ഞപ്പോള്‍ മുടിയില്‍ വെള്ളിനര കയറി, സ്വര്‍ണ്ണഫ്രെയിമുള്ള കണ്ണട ധരിച്ച്, വിദേശസിഗരറ്റ് വലിച്ച് പുകവിട്ട് നില്‍ക്കുന്ന മഹ്‌റൂഫ്! ആദ്യം തിരിച്ചറിയാന്‍ അല്‍പം ബുദ്ധിമുട്ടി.
നേരിയ ഗസല്‍ഗീതം വെച്ച് ഓടുന്ന ബെന്‍സ് കാറില്‍ മഹ്‌റൂഫ് സ്വന്തം ബിസിനസ്സ് സാമ്രജ്യങ്ങളെ കുറിച്ച് വാചാലനായപ്പോള്‍ മനാഫ് വെറുതെ മൂളികൊണ്ട് കേള്‍ക്കുന്നുവെന്ന് വരുത്തി ഇരുന്നു. ഒരു നിഗൂഢ പദ്ധതി മനസ്സില്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണയാള്‍. ഇടയ്‌ക്കിടെ പാന്റ്‌സിന്റെ കീശയില്‍ തപ്പുന്നത് മഹ്‌റൂഫ് ശ്രദ്ധിച്ചുവോ?
സ്വപ്‌നത്തില്‍ മാത്രം കണ്ടിട്ടുള്ള ഒരു ബംഗ്ലാവിന്റെ വലിയ ഗേയ്‌റ്റിലെത്തിയ കാറിന്റെ ഹോണടി കേട്ട് സെക്യൂരിറ്റിക്കാരന്‍ ഓടിവന്നു. കാര്‍ അകത്ത് പ്രവേശിച്ചു. ഒരു നിമിഷം കൂരപുരയില്‍ പട്ടിണിയില്‍ ജീവിക്കുന്ന ഭാര്യയേയും ഉമ്മയേയും മനാഫ് ഓര്‍ത്തു.
മഹ്‌റൂഫിന്റെ പിറകിലായി ആ സ്വപ്‌നസൗധത്തിനകത്ത് എത്തിയപ്പോള്‍ മുതല്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ മനാഫിനെ വല്ലാതെ അലോസരപ്പെടുത്തി. സ്വര്‍ഗ്ഗത്തിലേക്കുള്ള സ്വര്‍ണ്ണഗോവണിയെന്ന് തോന്നിപ്പിക്കുന്ന വളഞ്ഞ് കലാപരമായ ഗോവണിയിറങ്ങി വരുന്നു സുന്ദരിയായ മഹ്‌റൂഫിന്റെ ഭാര്യ. കരയുന്ന കുഞ്ഞിന് കുപ്പിപാല്‍ കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അവര്‍.
"ലുക്ക് ഡിയര്‍, ഇതെന്റെ പഴയകാല സുഹൃത്താണ്.
സീ മൈ ഫ്രണ്ട്, ദി ഈസ് മൈ വൈഫ് ആന്‍ഡ് സ്വീറ്റ് ബേബി."
മനാഫ് വല്ലാതെയായി. കരയുന്ന കുഞ്ഞിനെ ഇമവെട്ടാതെ നോക്കി നിന്നു. മുഖത്ത് വിഷാദം നിറഞ്ഞു. ഏതെല്ലാമോ പ്ലാന്‍ ചെയ്‌തുവെച്ച ഗൂഢ സംഗതികള്‍ ഉപേക്ഷിക്കേണ്ടിവരുമോ! അയാളുടെ മനസ്സ് കൊടുങ്കാറ്റടങ്ങിയ ശാന്തമായ സാഗരം പോലെയായി തീര്‍ന്നു.
മനാഫ് പെട്ടെന്ന് ഒന്നും പറയാതെ പുറത്തിറങ്ങി നടന്നു. അവര്‍ക്കൊന്നും മനസ്സിലായില്ല. മഹ്‌റൂഫ് പിറകെ ചെന്നു. അയാള്‍ ഓടുകയാണ്. ഗേറ്റും കടന്ന് റോഡിലൂടെ ഒരു ഭ്രാന്തനെ പോലെ ഇരുകൈകളും തലയ്‌ക്കുപിറകില്‍ പിടിച്ച് മനാഫ് ശീഘ്രം നീങ്ങി. മഹ്‌റൂഫ് നോക്കുമ്പോള്‍ മൂര്‍ച്ചയുള്ള കഠാരകത്തി റോഡിലേക്ക് വലിച്ചെറിഞ്ഞിട്ട് ഇരുളില്‍ മറയുന്ന മനാഫിനെയാണ് കാണുന്നത്! അയാള്‍ അടിമുടി വിറച്ചുനിന്നു.
സുഹൃത്തിനെ വധിക്കുവാനെത്തിയ അയാള്‍ക്ക് മാനസ്സാന്തരം വന്നതെന്താണെന്ന് അയാള്‍ക്ക് പിന്നീട് മനസ്സിലായി. വിവാഹിതനായിട്ടും ഒരു കുട്ടിയുടെ പിതാവ് ആകുവാന്‍ മനാഫിനോട് പടച്ചവന്‍ ഇതുവരേക്കും കനിഞ്ഞിട്ടില്ല. കുട്ടികളില്ലാത്ത അയാള്‍ക്ക് കുഞ്ഞുങ്ങളെന്നാല്‍ ജീവനേക്കാളും വലിയതാണ്.
തിരികെ കിട്ടിയ ജീവനുമായി ബംഗ്ലാവിലേക്ക് നടക്കുമ്പോളും കുഞ്ഞിന്റെ കരച്ചില്‍ നിന്നിരുന്നില്ല. ഭാര്യ ഒന്നും അറിഞ്ഞിട്ടില്ല. അപ്പോഴേക്കും കരച്ചില്‍ നിറുത്താന്‍ അറിയാവുന്ന താരാട്ട്‌പാട്ടെല്ലാം ആ അമ്മ പാടി കഴിഞ്ഞിരുന്നു.
ഏവര്‍ക്കും സ്നേഹത്തില്‍ ഈദാശംസകള്‍!
ReplyDeleteഒരു പെരുന്നാള്‍ സമ്മാനമായി ഒരു കഥ സമര്‍പ്പിക്കട്ടെ.
(ഓ:ടോ: - മനോരമ ഗള്‍ഫ് പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ്)
ഏറനാടാ,
ReplyDeleteകൊള്ളാം. പക്ഷേ ധാരാളം കേട്ടിട്ടുള്ള പ്രമേയമാണ്.
നന്നായിരിക്കുന്നു,ഏറനാടാ
ReplyDeleteകുഞ്ഞുങ്ങള്‍ ആരുടെയും ഒരു ദൗര്‍ബല്യമാണു.
ഏതു ശിലാഹൃദയനിലും മനം മാറ്റമുണ്ടാക്കാന്‍ ശൈശവത്തിന്റെ നിഷ്കളങ്കതക്ക് കഴിവുണ്ട്.
കഥയുടെ ആദ്യഭാഗത്ത് മഹ്രൂഫിനോട് തൊന്നിയ വെറുപ്പ് അവസാന ഭാഗത്തെത്തിയപ്പോള്‍ കൊഴിഞ്ഞുപോയോന്നൊരു സംശയം
Hmmm.... You are writing a lot... good... eid mubarak...
ReplyDeleteകൊള്ളാം...
ReplyDeleteഒരു എളിയ അഭിപ്രായം... മനാഫിന്റെ ആ വൈരാഗ്യബുദ്ധിയെ ന്യായീകരിക്കുന്ന പെരുമാറ്റമല്ല മഹ് റൂഫിന്റെ ഭാഗത്തുനിന്ന് കണ്ടത്...
ഏറനാടന്‍ മാഷേ ഒരു നല്ല കഥ. നല്ല ഒഴുക്കോടെ പറയുകയും ചെയ്തിരിക്കുന്നു.
ReplyDeleteഇക്കഥ പെരുന്നാള്‍ തലേന്ന് പോസ്‌റ്റിയതോണ്ട് ആരും കാണാതെ പോയോ എന്നൊരു സംശയം.
ReplyDeleteദില്‍ബാസുരന്‍, മിന്നാമിനുങ്ങ്,സമീര്‍ സൂര്യോദയം, ഇത്തിരിവെട്ടം എന്നിവര്‍ വായിച്ചതിന് നന്ദി നേരുന്നു.
ഏറനാടാ,
ReplyDeleteകഥ നന്നായിരിക്കുന്നു. ഇഷ്ടമായി.
നന്നായിരിക്കുന്നു ഏറനാടന്‍...
ReplyDeleteസൂര്യോദയം പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
“മനാഫിന്റെ ആ വൈരാഗ്യബുദ്ധിയെ ന്യായീകരിക്കുന്ന പെരുമാറ്റമല്ല മഹ് റൂഫിന്റെ ഭാഗത്തുനിന്ന് കണ്ടത്...“
സൂര്യോദയം & അഗ്രജനും അറിയുവാന്‍, ഞാന്‍ ഇതിലൊരു വാല്‍ക്കഷ്‌ണം ചേര്‍ക്കുവാന്‍ വിട്ടു. "മനാഫിന് മാനസികമായിരുന്നു!
ReplyDelete'ഭൂതക്കണ്ണാടി' എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ അല്ലെങ്കില്‍ 'ബ്യൂട്ടിഫുള്‍ മൈന്‍ഡ്'-ലെ റസ്സല്‍ ക്രോവിനെ പോലെ മറ്റുള്ളവരെല്ലാം ശത്രുക്കളാണെന്ന് തോന്നുന്ന ഇല്ലാത്തത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രോഗം - സ്‌കിസോഫ്രീനിയ പിടിപെട്ടു മനാഫിന്!
ഏറനാടാ, ഇന്നാണു വായിക്കാന്‍ കഴിഞ്ഞത്. കഥ അപൂര്‍ണ്ണതയില്‍ അവസാനിപ്പിച്ചില്ലേന്നൊരു ശങ്ക.
ReplyDeleteകഥ ഇഷ്ടമായി..ഇനിയും പോരട്ടെ..
ReplyDeleteഏറൂസേ..
ReplyDeleteപെട്ടന്നു നിന്നു പോയി എന്നൊരു കുഞ്ഞുപരാതിയുണ്ട് :(
പക്ഷെ പ്രമേയം കാലികജീവിതത്തിനു ഉത്തമയൊഗ്യമായതു തന്നെ..! കുഞ്ഞുങ്ങളുടെ സാന്നിധ്യം ഒരു പരിധി വരെ സമാധാനം കൊണ്ട് വരും എന്നത് തികച്ചും സത്യം..!
കുറുമന്‍ജീ നന്ദി താങ്കളുടെ മഹനീയ സാന്നിധ്യം ഇവിടെ ലഭിച്ചതില്‍ നന്ദി..
ReplyDeleteസുല്‍/അരവിശിവ./കിരണ്‍സ് നന്ദി നന്ദി നന്ദി...
ഒരു നോവലോ നീണ്ടകഥയോ എഴുതണമെന്ന് ആശിക്കാഞ്ഞിട്ടല്ല, വേഗമേറിയ ഇന്നത്തെ 'ഇന്‍സ്റ്റന്റ്' യുഗത്തില്‍ ചെറുകഥയാവും ഉത്തമമെന്ന് തോന്നി. ഒരു പ്രപഞ്ചം വരെ പ്രഭാതത്തിലെ ദലങ്ങളില്‍ ജലകണികയില്‍ ആവാഹിക്കുന്ന ഈശ്വരന്റെ കരവിരുത് ശ്രദ്ധിച്ചാല്‍ മനസ്സിലാവും ചെറുതിലും വലിയ കാര്യങ്ങള്‍ ഉള്‍കൊള്ളുമെന്ന്! അല്ലേ സുഹൃത്തേ. പിന്നെ ആദ്യമേ പറഞ്ഞതുപോലെ, തിരക്കിട്ട് പോസ്‌റ്റിയതാണ് എന്റെ ആദ്യകാലത്തെ ഈ സൃഷ്‌ടി. പോരായ്‌മകള്‍ ധാരാളമുണ്ടെന്നറിയാം.
പ്രസവിച്ച കുഞ്ഞിനെ ചവറ്റുകുട്ടയിലേയ്കെറിയുന്നവര്‍, പെണ്‍കുഞ്ഞായത് കൊണ്ട് കിട്ടുന്ന കാശിന് വിറ്റുതുലയ്ക്കാന്‍ ശ്രമിക്കുന്നവര്‍, വീട്ട് വേലയ്ക് ഒരു കുട്ടിയെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്ന് വിലപിക്കുന്നവര്‍...
ReplyDeleteമനാഫിന്റെ മാനസികവിഭ്രാന്തിയ്ക് പ്രണാമം