ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക് അങ്ങിനെയായി വന്നിരിക്കാം.
ഇതാ കാണുന്നില്ലേ? ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ് ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.
പണ്ട് എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ (ബത്താക്ക) ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ് പുസ്‌തകത്തിലെ കണക്ക് കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!
ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത് നാടുകടത്തുവാന്‍ അറബിപോലീസ് കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.
അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ് പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക് വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!
'കൊയിലാണ്ടീസില്‍' കയറിയിട്ട് ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച് എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:
ചുടുചായ ഗ്ലാസ്സ് മേശയില്‍ 'ടപ്പേ'ന്നും വെച്ച് കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത് തെറിച്ചതും തുടച്ച് ഇരിക്കുമ്പോള്‍ മൂപ്പരോട് ഞാന്‍ ചോദിച്ചു:
"കോയാക്കാ... കായപ്പംണ്ടോ?"
"കായപ്പം മാഫീ"
('ഇല്ലാ' എന്നുള്ളതിന് അറബിയില്‍ 'മാഫി' എന്നാണല്ലോ)
കോയമോന്റെ പതിവു ശൈലിയാണ് ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു മാഫീ, ഇതും മാഫീ" എന്ന കാച്ചല്.
ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട് മൂന്നെണ്ണം അകത്തേക്ക് വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത് കറുപ്പും വെളുപ്പും തന്നെ!
എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക് കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.
കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്' ചെയ്യുന്നത്.
സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"
അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"
അടുത്തത് 'ദാസന്‍': "പറോത്ത ഫീ?"
"ഫീ, ഫീ"
പിന്നീട് 'വിജയന്‍': "ചപ്പാത്തി ഫീ?"
"ഫീ, ഫീ, ഫീ"
മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:
"ബത്താക്ക ഫീീീ?"
"അത് മാഫീ"
കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ കണ്ണടച്ച് പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ് തട്ടിയിട്ടെഴുന്നേറ്റ് അടുക്കളയിലേക്ക് കുതിച്ചു.
"യാ... മലബാരീ, ബാത്താക്ക മാഫീ?"
ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട് പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'വിജയന്‍' ചെരിഞ്ഞോടി. അറബി'ദാസന്‍' കുനിഞ്ഞാണ് പായുന്നത്.
എല്ലാം ടിക്കറ്റ് എടുക്കാതെ കണ്ടുകൊണ്ട് ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു.