ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക് അങ്ങിനെയായി വന്നിരിക്കാം.
ഇതാ കാണുന്നില്ലേ? ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ് ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.
പണ്ട് എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ (ബത്താക്ക) ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ് പുസ്‌തകത്തിലെ കണക്ക് കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!
ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത് നാടുകടത്തുവാന്‍ അറബിപോലീസ് കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.
അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ് പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക് വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!
'കൊയിലാണ്ടീസില്‍' കയറിയിട്ട് ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച് എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:
ചുടുചായ ഗ്ലാസ്സ് മേശയില്‍ 'ടപ്പേ'ന്നും വെച്ച് കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത് തെറിച്ചതും തുടച്ച് ഇരിക്കുമ്പോള്‍ മൂപ്പരോട് ഞാന്‍ ചോദിച്ചു:
"കോയാക്കാ... കായപ്പംണ്ടോ?"
"കായപ്പം മാഫീ"
('ഇല്ലാ' എന്നുള്ളതിന് അറബിയില്‍ 'മാഫി' എന്നാണല്ലോ)
കോയമോന്റെ പതിവു ശൈലിയാണ് ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു മാഫീ, ഇതും മാഫീ" എന്ന കാച്ചല്.
ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട് മൂന്നെണ്ണം അകത്തേക്ക് വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത് കറുപ്പും വെളുപ്പും തന്നെ!
എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക് കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.
കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്' ചെയ്യുന്നത്.
സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"
അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"
അടുത്തത് 'ദാസന്‍': "പറോത്ത ഫീ?"
"ഫീ, ഫീ"
പിന്നീട് 'വിജയന്‍': "ചപ്പാത്തി ഫീ?"
"ഫീ, ഫീ, ഫീ"
മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:
"ബത്താക്ക ഫീീീ?"
"അത് മാഫീ"
കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ കണ്ണടച്ച് പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ് തട്ടിയിട്ടെഴുന്നേറ്റ് അടുക്കളയിലേക്ക് കുതിച്ചു.
"യാ... മലബാരീ, ബാത്താക്ക മാഫീ?"
ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട് പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'വിജയന്‍' ചെരിഞ്ഞോടി. അറബി'ദാസന്‍' കുനിഞ്ഞാണ് പായുന്നത്.
എല്ലാം ടിക്കറ്റ് എടുക്കാതെ കണ്ടുകൊണ്ട് ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു.
ഒരിടവേളയ്‌ക്ക് ശേഷം ഏറനാട്ടിലെ പുതുവിശേഷവുമായി നിങ്ങളുടെയടുത്തേക്ക്:
ReplyDelete- "ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത് കറുപ്പും വെളുപ്പും തന്നെ!"
കോള്ളം കേട്ടോ. ആദ്യം ചിത്രം ഇട്ടതും അസ്സലായി. ഈ കഥ സ്വപ്നത്തില്‍ കണ്ടതല്ലേ? സത്യം പറ. ഞാനും ഇതു പോലെ കുറേ കണ്ടിട്ടുണ്ട് ;)
ReplyDeleteഫീ - മാഫീ :)
ReplyDeleteകഥ രസിച്ചു, പ്രത്യേകിച്ചും അവസാന ഭാഗം :)
പാവം കൊയിലാണ്ടീസ്.
ReplyDeleteഅയാളെ ജയിലില്‍ പിടിച്ചിടുമോ?
ഏറനാടനു കഥയേക്കാള്‍ വഴങ്ങുന്നത് ഒരു തിരക്കഥ എഴുത്താവും എന്നാണു തോന്നുന്നത്.
ReplyDeleteഒരു ശ്രീനിവാസന്‍ സീന്‍ കണ്ടത് പോലെ...
ഹഹ. എനിക്കിഷ്ടപ്പെട്ടു. സി. ഐ. ഡി. മൂസ ഇന്നലെ സൂര്യയില്‍ കണ്ടതേയുള്ളൂ. :)
ReplyDeleteആദാ സാ വല്ല മൂ സാ ...
ReplyDeleteഏറനാടാ ... ഈ കഥയിലെ കാഴ്ചക്കാരന്‍ ഏതായാലും നീയല്ലാന്ന് ഉറപ്പ് അത് വരികള്‍ക്കിടയിലൂടേ തെളിയുന്നുണ്ട് മോനേ...
സ്നാസ് സന മൌജൂദ് ദാഖില്‍ അറ്യേബ്യ യാ... ഏറനാടാ....
ഏതായാലും നന്നായിരിക്കുന്നു
താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ടെങ്കിലും കമന്റിടുന്നത് ആദ്യമായിട്ടാണ്.സംഭവവിവരണം നന്നായിട്ടുണ്ട്.വിജയന്റേയും ദാസന്റേയും ഓട്ടമാണെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ReplyDeleteബത്താക്ക എന്നതിന് വിസ എന്നാണോ അര്‍ഥം?
ദാസനേയും,വിജയനേയും ഒരിക്കല്‍ കൂടെ ഓര്‍ത്തുപോയി..നല്ല അവതരണം.ഓടിയത് കോയമോന്‍ തന്നെ ആയിരുന്നോ? അതോ!!!ചുമ്മാ ചോദിച്ചതാണേ....
ReplyDeleteരസിച്ചു.
ReplyDeleteപിടിക്കപെട്ട പാവത്തിനെ ഓര്‍ത്ത് ദുഃഖം തോന്നിയെങ്കിലും.
-പാര്‍വതി.
അയാള്‍ക്ക് മൂക്ക് ‘മാഫീ‘...ചിരിപ്പിച്ചൂ.ഇപ്പോഴും ബത്താക്ക ഇല്ലാത്ത മലബാരീസുണ്ടോ?
ReplyDeleteഹിഹിഹി ഏറനാടാ :) പാവങ്ങള്‍.
ReplyDeleteഏറനാടാ സംഗതി കൊള്ളാം.
ReplyDeleteഇപ്പോഴും എത്രപേര്‍ ബത്താക്കയില്ലാതെ കഴിയുന്നുണ്ടിവിടെ.
‘ഫീ, ഫീ, മാഫി’ :)
-സുല്‍
സി.ഐ.ഡി.മൂസ, ദാസന്‍-വിജയന്‍ & കോയമോന്‍ എന്നിവരെ സഹൃദയം സ്വീകരിച്ച ബൂലോഗത്തെ എല്ലാവര്‍ക്കും ഒരായിരം നന്ദി. (പേരെടുത്ത് പറഞ്ഞില്ലേലും ഇനിയും വായിക്കുന്നവര്‍ക്കുമെല്ലാം നന്ദി)
ReplyDeleteഐ ഡി സമൂസ കൊള്ളാം ഏറനാടാ. പണ്ട് സിദ്ധാര്‍ത്ഥന്‍ ഷാര്‍ജ റമദാന്‍ ഫെസ്റ്റിവലിനു ഉടുപ്പു വിറ്റതുപോലായി (ആ പഹയന്റെ ബ്ലോഗ് കാലാകാലമായി ഇനാക്റ്റീവ് ആയതുകാരണം കണ്ടുപിടിച്ച് ലിങ്കാന്‍ ബുദ്ധിമുട്ട്)
ReplyDeleteമുന്നറിയിപ്പ്.
സീ ഐ ഡി ആണെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുകയും പണം പിടുങ്ങുകയും ചെയ്യുന്നത് ദുബായി പ്രാന്തപ്രദേശങ്ങളില്‍ സര്‍വ്വ സാധാരണമാണ്. അേരെങ്കിലും സീ ഐ ഡീ എന്നു പറഞ്ഞാല്‍ "ക്യാന്‍ ഐ സീ യുവര്‍ ഐ ഡി" എന്നു ചോദിച്ച ഉറപ്പു വരുത്തിയ ശേഷം മാത്രം സംസാരിക്കുക.
[എഴു വര്‍ഷ ദുബായി ജീവിതത്തിനിടയില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ "ഒരു സീ ഐ ഡി യെ ജീവനോടെ കണ്ടിട്ടുള്ളു" (കട. കെ പി എ സി ലളിത, പട്ടണ പ്രവേശം) പാതിരാത്രി ബീച്ചില്‍ ചുമ്മാ ഇരിക്കണം എന്നൊരു മോഹം തോന്നി പുറപ്പെട്ടതാ. ഒരു വണ്ടി വന്നു നിന്നു. പത്തിരുപത് വയസ്സുള്ള ജീന്‍സും ഷര്‍ട്ടും മേലേ വിന്‍ഡ് ചീറ്ററും ഇട്ട ഒരു ചെക്കന്‍ ഇറങ്ങി വന്നു.
എന്താ ഇവിടെ ഇരിക്കുന്നത്?
വെറുതേ കാറ്റുകൊള്ളാന്‍
ശരി, കൊണ്ടോളൂ, നിന്റെ ബത്താക്ക ഒന്നു കാണിക്കൂ.
നിന്റെ ഐ ഡി ഒന്നു കാണിക്കാമോ?
ചെക്കന്‍ പേര്‍സ് എടുക്കാന്‍ കോട്ട് പൊക്കി. അപ്ലല്ലേ ശരിയായ ഐ ഡി കണ്ടത്. ബെല്‍റ്റേല്‍ പള പളാ തിളങ്ങുന്ന ഒരു വിലങ്ങും അതിന്റിപ്പുറത്ത് കോള്‍ട്ടിന്റെ ഒരു റിവോള്‍വറും. അവന്റെ ഐഡിയില്‍ എഴുതിയതൊന്നും ഞാന്‍ വായിച്ചില്ല. എന്റെ ഐ ഡിയില്‍ എഴുതിയതെല്ലാം
അവന്‍ വായിച്ചു. ഓന്‍ പോയി, എന്റെ വിറയലും പോയി.]
കുറേനാളായി ഈ ബ്ലോഗിലൊന്നു കാലുകുത്തണം എന്നു കരുതിയിട്ട്.ഇപ്പോഴാണതിനു സാധിച്ചത്.ഏറനാടന്‍ എന്ന ശബ്ദം എല്ലായിടത്തും ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നു,ഇപ്പോ ഫോട്ടോയും കണ്ടു.
ReplyDeleteഞാന്‍ പുതിയൊരു ബ്ലോഗറാണ് അതുകൊണ്ട് നല്ല ബ്ലോഗുകളൊക്കെ കണ്ടു വരുന്നതേയുള്ളു.കഥ് എനിക്കിഷ്ടായി.ഇനിയും ഈ വഴി വരും.