Monday, 8 January 2007

ഒരു ചിത്തഭ്രമ പ്രണയം!





കര്‍ക്കിടകം ബലപ്പെടുമ്പോള്‍ ഭ്രാന്തും ബലപ്പെടുന്ന 'പിരാന്തന്‍'അബു ചെട്ട്യങ്ങാടിയില്‍ ഏവര്‍ക്കും അറിയാവുന്ന ഒരുത്തനാണ്‌. അവനെങ്ങനെ ഭ്രാന്തുണ്ടായി അല്ലെങ്കില്‍ സ്ഥിരബുദ്ധി പോയി എന്നുള്ളത്‌ ചികഞ്ഞാലോചിച്ച്‌ ഒരു ഉത്തരം കണ്ടെത്തുവാന്‍ നാട്ടിലെ തലമുറകളിലെ അങ്ങേതല തൊട്ടിങ്ങേതല വരെ പുകഞ്ഞാലോചിച്ചതാണ്‌.

വിശ്വസനീയമായ ഒരു കണ്ടെത്തല്‍ പോസ്‌റ്റ്‌മാന്‍ മെയമ്മാലി വകയുള്ളതാണ്‌. അബുവിന്റെ യുവരക്തം തിളക്കുന്ന കാലം. അന്നവന്‍ ഏതു കടക്കണ്ണും ഒന്നുടക്കി പോവാന്‍ പോന്ന ഒരു ഹൃത്തിക്കോ അതോ സല്‍മാനോ അതോ അതേപോലെത്തെ ഒരു മാങ്ങാതൊലിയോ ആയിരുന്നുവത്രേ.

അന്നേ അബുവിന്റെ ഹോബി കോവിലകം കടവില്‍ മീന്‍ പിടിക്കുന്നതായിരുന്നു. ഒരു ചൂണ്ടയും ഇരയായ മണ്ണിരകളെയിട്ട കവറുമായി അവന്‍ അവിടെ കെട്ടിയിട്ട വള്ളത്തിന്റെ ഒരറ്റത്തിരിക്കും. ചുണ്ടിലൊരു കാജാബീഡിയും ഇരിപ്പുണ്ടാവും, പുകഞ്ഞങ്ങനെ...

എല്ലാം നോക്കി അപ്പുറത്തെ ഒരു കമ്പിലൊരു വെള്ളകൊക്കും "ആനമയക്കി" (ഒരു വാറ്റ്‌ ഇനം) അകത്താക്കിയ പോലെ ഒറ്റക്കാലില്‍ വിക്രസ്സില്ലാതെയിരിപ്പുണ്ടാവും.

മീനെ പിടിക്കുന്ന അബു ഇരയെ ചൂണ്ടയില്‍ കോര്‍ക്കുമ്പോള്‍ അപ്പുറത്തെ കുളിക്കടവിലേക്ക്‌ നോക്കി പരിസരവും ശ്രദ്ധിച്ച്‌ തടി നോക്കുന്നുണ്ടാവും. വെയില്‍ ചൂടാവുന്നതിനും മുന്‍പ്‌ കോവിലകത്തെ പെണ്ണുങ്ങള്‍ മാത്രം നീരാട്ടിനിറങ്ങുന്ന കടവിലൊരു മൂലയില്‍ പൊന്തയ്‌ക്കപ്പുറം അബു ഉള്ളത്‌ ആരും അറിയാറില്ല. പല നാളുകളായിട്ടും.

കോവിലകവാസികളായ സ്ത്രീജനങ്ങള്‍ ഒരുപാടുനേരം സ്വകാര്യവും പ്രാദേശികവും ദേശിയാന്തര്‍ദേശീയവും എല്ലാം അവലോകനം ചെയ്ത്‌ അടുത്തെങ്ങും ഒരു പുരുഷന്‍ പോലുമില്ല എന്ന വിശ്വാസത്തില്‍ അര്‍ദ്ധനഗ്നകളായികൊണ്ട്‌ ദര്‍ശനയോഗ്യമല്ലാത്ത ശരീരഭാഗമെല്ലാം ചാലിയാറില്‍ അര്‍പ്പിച്ച്‌ നീന്തിത്തുടിച്ച്‌ ഏറേനേരം ചിലവഴിക്കുന്നത്‌ കണ്ട്‌ അബു ഇരിക്കും. ഒരു ചെറുമീന്‍ പോലും കൊത്താത്ത ചൂണ്ടയും അതിലെ മൃതപ്രായനായ ഇരയുമൊത്ത്‌ നിശ്ചലനായങ്ങനെ...

നീരാടുന്നവരില്‍ പരിചയം കുറഞ്ഞ ഒരു പെണ്‍കുട്ടി നീന്തിത്തുടിക്കുന്നുണ്ട്‌. കൊടിയ വേനല്‍ക്കാലത്തും അഞ്ചാള്‍ക്ക്‌ വെള്ളമുള്ള ചുഴിനിറഞ്ഞ 'കോവിലകക്കുഴി' എന്ന ചാലിയാറിലെ ഒരു ഭാഗം ഏറേ ദൂരെയല്ല. ആ വെളുത്ത കുട്ടി മുടിയെല്ലാം പരത്തിയിട്ട്‌ ഒരു ജലകന്യകയെ പോലെ മുങ്ങാംകുഴിയിട്ടും നീന്തിത്തുടിച്ചും കരയില്‍ നിന്നകന്ന് എത്തുന്നത്‌... പടച്ചോനേയ്‌ അങ്ങോട്ടാണല്ലോ.

ആരും അതു കണ്ടില്ല, അബു കണ്ടു. "ട്ടെപ്പോ!" എന്ന ഒച്ചയോടെ വള്ളത്തിന്റെ അറ്റത്തിരിക്കുകയായിരുന്ന അബു ഇരയെ കണ്ട ചീങ്കണ്ണി വെള്ളത്തില്‍ ചാടുന്ന പോലെ ചാടി. നീന്താനും തുടങ്ങി.

കരയിലും വെള്ളത്തിലും നീരാടിയും അലക്കിയും നിന്ന കോവിലക തമ്പുരാട്ടികള്‍ മാറും മറ്റും കൈകൊണ്ടും കിട്ടുന്നതു കൊണ്ടെല്ലാം മറച്ചുകൊണ്ട്‌ അലമുറയിട്ട്‌ മറവുള്ളയിടം നോക്കിയോടി. അപ്പോഴും അവര്‍ അബുവിനെയല്ലാതെ കയത്തില്‍ ജീവന്‍ പോവാനൊരു നിമിഷം മാത്രമുള്ള കൂട്ടുകാരിയെ കണ്ടിട്ടില്ല.

അബു അതിവേഗത്തില്‍ ആ പെണ്‍കുട്ടിയുടെ അരികില്‍ നീന്തിയെത്തി. മുടി കടന്നുപിടിച്ചു. പെണ്‍കുട്ടി ഭയന്നു, നിലവിളിച്ചു. അവള്‍ മുന്നിലേക്ക്‌ കുതിച്ചു. ഇപ്പോള്‍ ശരിക്കും കയത്തില്‍ പെട്ടുപോയി!

എവിടെയെല്ലാം പിടിക്കാമെന്നോ തൊടുവാന്‍ പാടില്ലായെന്നോ ചിന്തിക്കുവാന്‍ നേരം കളയാതെ അബു അവളെ വാരിയെടുത്തു. മുടിയിലെ പിടി വിട്ടിട്ടില്ല. അപ്പോഴേക്കും യുവതി ബോധരഹിതയായിട്ടുണ്ട്‌.

വരുംവരായ്‌കയൊന്നും ഓര്‍ക്കാതെ അബു യുവതിയെ ക്ലേശപ്പെട്ട്‌ കരയിലെത്തിച്ചു. പെണ്ണുങ്ങളുടെ നിലവിളി കേട്ട്‌ കോവിലകവാസികളും അമ്പലത്തിലെത്തിയവരുമെല്ലാം അവിടെ വന്നുകൂടി.

നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വെളുത്ത ദേഹത്ത്‌ അബു താഴെ കിടന്നിരുന്ന ഒരു തുണിയെടുത്തിട്ടു. ചുറ്റുമുള്ളവരെ ശ്രദ്ധിയ്‌ക്കാതെ പ്രദമശുശ്രൂഷ തുടങ്ങി. ബീഡി വലിക്കുന്ന നാറ്റമുള്ള അബുവിന്റെ വായ ആദ്യമായി ഒരു പെണ്‍കിടാവിന്റെ താമരമൊട്ടു പോലുള്ള നനുത്ത അധരത്തില്‍ സ്പര്‍ശിച്ചു. മനസ്സില്‍ യാതൊരു ചീത്ത ചിന്തയുമില്ല. രക്ഷിക്കണം ജീവന്റെ ഒരംശമെങ്കിലും തിരിച്ചെടുക്കണം. ആ ചുണ്ടില്‍ ആഞ്ഞു വലിച്ച്‌ വെള്ളം തുപ്പിക്കളഞ്ഞു. ഒരു കുടം വെള്ളമെങ്കിലും (ഇത്തിരി ഉമിനീരടക്കം) വെളിയില്‍ കളഞ്ഞു.

അധികം തുടരുവാന്‍ പരസരവാസികല്‍ സമ്മതിച്ചില്ല. അവര്‍ അബുവിനെ പിടിച്ചുമാറ്റി. യുവതി നേത്രങ്ങള്‍ പതിയെ തുറന്ന് എല്ലാവരേയും നോക്കി. ബന്ധുഗണത്തിലുള്ള സ്ത്രീകള്‍ കരഞ്ഞുകൊണ്ട്‌ അടുത്തെത്തി അവളെ എഴുന്നേല്‍പിച്ചു.

അബു വലിയ ചാരിതാര്‍ത്ഥ്യത്തോടെ നിവര്‍ന്നു. നെഞ്ചും വിരിച്ചു മുടിയിലെ നനവു തുവര്‍ത്തി ആ കുട്ടിയെ നോക്കി നിന്നു.

(തുടരും)

23 comments:

  1. ഇന്നലെ നിലമ്പൂരിലെ പസിദ്ധമായ വേട്ടയ്‌ക്കൊരുമകന്‍ക്ഷേത്രം വലിയകളം പാട്ടുത്സവം തുടങ്ങി. അതിന്റെ സ്മരണയില്‍ ഒരു കോവിലക പ്രണയകഥ സമര്‍പ്പിക്കുന്നു. (ഭാഗം ഒന്ന്)

    ReplyDelete
  2. kollam tto..pranayavaum..mohavum asakalumella....
    abinandanangal...


    Draupathi

    ReplyDelete
  3. നല്ല വിവരണം...
    പ്രണയകഥകളുടെ ആശാനേ... വരട്ടെ അടുത്ത എപ്പിസോഡ്...

    ReplyDelete
  4. തുടരണം.

    ReplyDelete
  5. ഇപ്പൊ എന്താ തുടരന്‍ കാലമാണൊ?
    വിചാരത്തിന്റെ തുടരലു കഴിഞ്ഞ് ഒന്നിവിടെ.
    എന്നിട്ടെന്തായി!!!! (ആകാംക്ഷ)

    വേം പറെന്റാശാനെ.

    -സുല്‍

    ReplyDelete
  6. ഇനീപ്പോ ഭ്രാന്ത് പിടിച്ചിലേല്ലേ ഉള്ളൂ അത്ഭുതം :)

    -പാര്‍വതി.

    ReplyDelete
  7. അബുവിനെ ഒരു പിരാന്തനാണെന്ന ലേബലും ചാര്‍ത്തി അവതരിപ്പിച്ചിട്ടിപ്പോള്‍ ഒരു ഹീറോ പരിവേഷം നല്‍കി നിറുത്തിയിരിക്കുന്നു... അടുത്ത ലക്കത്തില്‍ അബുവിനെ പിരാന്തനാക്കുന്നതെങ്ങിനെ എന്നറിയാന്‍ ആകാംക്ഷയുണ്ട് - അതും പന്ത് ഏറനാടന്‍റെ കാലിലായതോണ്ട് പ്രത്യേകിച്ചും :)

    രസിച്ച് വായിച്ചു :)

    സുല്ല് പറഞ്ഞ പോലെ ഇതും തുടരന്‍ പറ്റിക്കലാവുമോ :)

    ReplyDelete
  8. ഏറനാടന്‍ ചരിതങ്ങള്‍...വായിക്കുമ്പൊ, നമുക്കെന്താ തോന്ന്വ? ഒരു മുണ്ടു മടക്കി കുത്തി, ഇരു വശവും പച്ച പുതച്ചു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ നിദ്രയെ തടസ്സപ്പെടുത്താതെ, ഒരു മൂളിപ്പാട്ടും പാടി, ചെറിയൊരു കുറ്റി ബീഡി പ്പുകയൂതി വെറുതെ നടക്കുമ്പോള്‍ , അതിനു മനസ്സുള്ള ഒരാള്‍ക്കു കിട്ടുന്ന് സുഖം സാലി തരുന്നു.

    ReplyDelete
  9. ഏറനാടാ....നല്ല രസം വായിക്കാന്‍

    ReplyDelete
  10. അപ്പൊ ഞാനും കത്തിരിക്കാം .. എന്നിട്ടെന്തായി..?

    ReplyDelete
  11. തൃപ്‌തിയായി, അഭിപ്രായങ്ങള്‍ കിട്ടുമ്പോള്‍. ഞാന്‍ വല്ലാതെ ഭയന്നിരിക്കുന്ന നേരമായിരുന്നു ഇക്കഥ ഇട്ടതിനുശേഷം.കാരണം പതിവിനു വിപരീതമായി അല്‍പസ്വല്‍പം തീവ്രപ്രണയം മസാലയിത്തിരി കൂടിയോ എന്ന വ്യാധിയാണ്‌. ആരും അത്‌ സൂചിപ്പിച്ചില്ല. എന്നാലും ഞാന്‍ പരമാവധി ശ്രദ്ധിച്ചെഴുതാം.

    വേറെയൊരു ദു:ഖവാര്‍ത്തയുള്ളത്‌ - ഇതിലെ ഭ്രാന്തന്‍ അബു കുറച്ചു നാളുകളായി ചെട്ട്യങ്ങാടിയിലൊന്നുമില്ലാത്രെ! എവിടെ പോയെന്നറിയില്ല. കണ്ണൂരിലെവിടേയോ കണ്ടതായി അറിഞ്ഞു. (ഇന്നലെ ഞാന്‍ നാട്ടില്‍ വിളിച്ചപ്പോ ചോദിച്ചറിഞ്ഞതാണ്‌)

    ReplyDelete
  12. ഇതാണ് ഈ സീരിയലുകാരുടെ കുഴപ്പം. തുടരനടിയ്ക്കും. ബാക്കിയുള്ളോനെ ടെന്‍ഷനടിപ്പിയ്ക്കാന്‍. (ഇനി ഞാന്‍ തുടരനടിയ്ക്കുമ്പൊ വന്ന് എന്നെ ചീത്ത വിളിയ്ക്കണം.അതാണ് ഈ ലോ ഓഫ് ബാക് സ്ക്രാച്ചിങ്.യേത്?):-)

    ReplyDelete
  13. അങ്ങനെ അബൂനേം പിരാന്തനാകി അല്ലെ..?

    വേറിട്ടൊരു വായനാനുഭവം നല്‍കുന്നു ഏറനാടന്റെ തൂലികയില്‍ നിന്നുള്ള ഈ അബുവിന്റെ കഥ.അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

    ഓ.ടൊ)നിലമ്പൂരിലേക്ക് വിളിച്ചപ്പോള്‍ അബു ആരെയൊ തല്ലിക്കൊല്ലാനായി ദുഫായിലേക്ക് പോയിട്ടുട്ടെണ്ടെന്നു കേട്ടു,ശരിയാണൊ ഏറനാടാ..?

    ReplyDelete
  14. ദില്‍ബൂട്ടാ ക്ഷമീര്‌. മ-വാരിക പോലെയൊന്നുമാവില്ല. ഉടനെ തമ്പുരാട്ടിയും അബുവും ബൂലോഗത്തെത്തുന്നതായിരിക്കും എന്നറിയിച്ചിട്ടുണ്ട്‌.

    മിന്നാമിന്നിയേ അബു നിലമ്പൂര്‍ റ്റു ദുഫായി വണ്ടീല്‌ വരുന്നുണ്ടോ, എന്നാല്‍ ഞാന്‍ ദേ മുങ്ങി (ചാലിയാര്‍ കോവിലകം കുഴിയിലല്ലാ)

    ReplyDelete
  15. ജ്ജ്ന്താ ഇബടെവെച്ച് നിര്‍ത്തിയത് .. ജ്ജ് കാരണം എനക്കുംക്കിട്ടില്യേ ഒരണ്ണം സുല്ലിന്‍റെടുത്തൂന്ന് .. ഏതായാലും എന്‍റെ കിസപോലെയല്ലയിത് ഇതിന്‍റ്കത്ത് എന്തോ ഉണ്ട് . ബേഗം എഴിതിഷ്ടാ..
    ഉഷാറായിക്കിണ് ട്ടാ ..

    ReplyDelete
  16. പ്രണയ കഥ ഗംഭീരം സാലിഹ്. പാവം അബു, ഒരു ജീവന്‍ രക്ഷിച്ചതിന്റെ കൂലി കോവിലകത്തുള്ളോരും, നാട്ടുകാരും കൂടി കൊടുത്തതിന്റെ ഫലം ഭ്രാന്ത്!!

    അടുത്തത് വേഗം പോരട്ടെ

    ReplyDelete
  17. കുറുമാനേട്ടാ, വിചാരേട്ടാ, മറ്റു എല്ലാ സഹൃദയരുടേയും അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ക്കും മനസ്സു നിറഞ്ഞ്‌ നന്ദി ചൊരിയുന്നു.

    ദാ ഞാന്‍ മൗസ്സിന്റെ ഇടത്തേചെവിയില്‍ കൊട്ടുവാന്‍ തുടങ്ങി, ഒപ്പം കീബോര്‍ഡിലൂടെ വിരലുകള്‍ തത്തിക്കളിക്കാനും. അബു-തമ്പുരാട്ടി കഥ തുടരാം.

    ReplyDelete
  18. നല്ല കഥ.പാവം അബ്ദു,കാത്തിരിക്കാം ഇനിയുള്ള ലക്കങ്ങള്‍ക്കായി

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete
  20. എച്ചൂസ് മീ...ഒരു ഡൌട്ട്! ഏറനാടനെ കുളികടവിലെ മീനിന്റെ ഒരു smell അടിക്കുന്നു.. വല്ലമുന്‍ പരിചയവുമുണ്ടോ?!!!

    നല്ല എഴുത്ത്...രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  21. നല്ല എഴുത്ത്
    പക്ഷേ, കഥ പലവുരി കേട്ടതും കണ്ടതുമല്ലേ
    അടുത്ത ഭാഗം വിത്യസ്തമാകുമോ

    ReplyDelete
  22. വായിച്ചത്രേം കൊള്ളാം.
    അധികം താമസിപ്പിക്കരുതേ
    വിചാരത്തിനെ ഓര്‍മ്മ വരുന്നു.

    ReplyDelete
  23. തുടക്കം നന്നായി ഏറനാടാ.
    വെല്‍ ബിഗിനിംഗ് ഈസ് അര ടണ്‍ എന്നാണല്ലോ :)
    അപ്പൊ ഒരു പതിമൂന്നെപ്പിസോഡായി ബാക്കി ഇങ്ങെഴുതിക്കേ..
    വളേരെ ഇന്റെറസ്റ്റിംഗ് ആവുന്നുണ്ട് ഇക്കഥ എന്നു പറയാതെ വയ്യ.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com