നാണിക്കൊതുക് ഒരു പാവം വൃദ്ധക്കൊതുകാണ്. ഏറെക്കാലം അടുത്തുള്ള ഒരാശുപത്രിയില്‍ വേല ചെയ്താണ് നാണിക്കൊതുക് കഴിഞ്ഞുപോരുന്നത്. കൂലിയായി കിട്ടുന്ന ചില്ലറപ്പൈസ ഒരു തുണിസഞ്ചിയില്‍ സ്വരൂപിച്ച് ഭദ്രമായി സൂക്ഷിച്ചുപോന്നു. നാണിക്കൊതുകിന് പറയത്തക്ക ബന്ധുക്കാരാരുമില്ല. പ്രായമേറെയായ നാണിക്കൊതുകിന് ഒരുനാള്‍ ഒരു കത്ത് വന്നു! പോസ്‌റ്റുമാന്‍ അണ്ണാറകണ്ണന്‍ തന്നെ അതുപൊട്ടിച്ച് നാണിക്കൊതുകിന് ഉറക്കെവായിച്ചുകൊടുത്തു.
"പ്രിയപ്പെട്ട നാണിക്കൊതുകമ്മായിക്ക്,
സുഖമെന്ന് കരുതുന്നു. അതിനായി പടച്ചവനോടെന്നും പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വൃദ്ധപിതാവ് രോഗശയ്യയില്‍ ആയപ്പോഴാണ് നാണിക്കൊതുകമ്മായീടെ വിവരം പറഞ്ഞത്. ഇനി അധികകാലം പിതാവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്കും ഇതേവരെ കണ്ടിട്ടില്ലാത്ത അമ്മായീനെ നേരില്‍ കാണാന്‍ പൂതിയായി. ഈ കത്ത് കിട്ടിയാലുടന്‍ നാണിക്കൊതുകമ്മായി വരുമെന്ന് പ്രതീക്ഷിക്കുന്നു. താഴെവരച്ച വഴിനോക്കി വീട്ടിലേക്ക് എത്തുമല്ലോ.
എന്ന് സ്വന്തം കൊതുകുപിള്ളേര്."
നാണിക്കൊതുക് സന്തോഷക്കണ്ണീര്‍ പൊഴിച്ച് മൂളി. തുണിസഞ്ചിയില്‍ നിന്നും ഒരു നാണയതുട്ട് അണ്ണാറകണ്ണന്‍ പോസ്‌റ്റുമാന് കൊടുത്തു. എത്രയും പെട്ടെന്ന് പോവുകതന്നെ. നാണിക്കൊതുക് തുണിസഞ്ചിയില്‍ നിന്നും യാത്രചിലവിനുള്ളത് എടുത്ത് ബാക്കിയുള്ളത് തുണിക്കിഴിയില്‍ കെട്ടിവെച്ച് വീടുപൂട്ടി ഇറങ്ങി.
ഏറെക്കാലത്തെ നാണയതുട്ടുകളിട്ട കിഴി നല്ലഭാരമുണ്ട്. പോകുന്ന പോക്കില്‍ അവര്‍ പൊന്തക്കാട്ടില്‍ 'പേക്രോം പേക്രോം' പാടിയിരിക്കുന്ന പോക്കാച്ചിത്തവളയെ കണ്ടു.
'എങ്ങോട്ടാ നാണിക്കൊതുകമ്മേ പോകുന്നത്?' - പോക്കാച്ചിത്തവള ചോദിച്ചു.
'ആങ്ങളക്കൊതുകിന് സുഖമില്ല. കത്തുവന്നു. അങ്ങോട്ട് പോകുന്നു' - നാണിക്കൊതുക് പറഞ്ഞു.
'മുതുകില്‍ താങ്ങിപ്പിടിച്ച ഭാരമുള്ള കിഴിയിലെന്താ?' - പോക്കാച്ചിത്തവള ചോദിച്ചു.
'അതില്‍ ഞാന്‍ ഏറെക്കാലം സമ്പാദിച്ച പൈസയാണ് പോക്കാച്ചീ. വരാനിത്തിരി താമസിക്കും. വീട്ടില്‍ വെച്ചാ കള്ളന്മാര് കട്ടാലോ..' - നാണിക്കൊതുക് അറിയിച്ചു.
'അതും താങ്ങി അത്രേം ദൂരം പോണോ നാണിക്കൊതുകേ. ഇവിടെ തന്നാല്‍ ഞാന്‍ ഭദ്രമായി വെച്ചോളാം.' - പോക്കാച്ചിത്തവള പറഞ്ഞപ്പോള്‍ നാണിക്കൊതുകിന് അതുശെരിയാണല്ലോ എന്നുതോന്നി.
അങ്ങിനെ ഭാരമുള്ള പണക്കിഴി പോക്കാച്ചിത്തവളയെ ഏല്‍പ്പിച്ച് നാണിക്കൊതുക് പലഹാരപ്പൊതിയുമായി യാത്ര തുടര്‍ന്നു. കത്തില്‍ കാണിച്ച വഴിനോക്കി ആങ്ങളക്കൊതുകിന്റെ പുരയിലെത്തി. കൊതുകുപിള്ളേരേയും കണ്‍നിറയെ കണ്ടു, അവിടെ ഒത്തിരിനാള്‍ ആങ്ങളയേയും ശുശ്രൂഷിച്ച് കഴിഞ്ഞുകൂടി.
ആങ്ങളക്കൊതുക് ഇഹലോകവാസം പൂകിയപ്പോള്‍ അനാഥരായ കൊതുകുപിള്ളേരേയും കൂട്ടി നാണിക്കൊതുക് തിരികെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു. വരുന്നവഴി അന്ന് ഏല്‍പിച്ച പണക്കിഴി തിരികെവാങ്ങുവാന്‍ വേണ്ടി പോക്കാച്ചിത്തവളയുടെ പൊന്തക്കാട്ടിലെത്തി.
നാണിക്കൊതുക് അന്തംവിട്ടുനിന്നു. പൊന്തക്കാട് മാറി അവിടെ ഭംഗിയായി അലങ്കരിച്ച ഇരുനിലമാളിക പൊങ്ങിയിരിക്കുന്നു! പോക്കാച്ചിത്തവള മാളികപ്പുറത്ത് ചാരുകസേരയില്‍ ഭൃത്യന്മാരുടെ പരിചരണത്തില്‍ ഇരിക്കുന്നു.
നാണിക്കൊതുക് താഴെ മുറ്റത്ത് നിന്നുകൊണ്ട് മൂളി: 'എന്റെ പണം,മ്,മ്,മ്?'
പോക്കാച്ചിത്തവള കണ്ടതായി ഭാവിച്ചില്ല. കണ്ണടച്ച് ചാരുകസേരയില്‍ കാലാട്ടിക്കിടന്നു.
നാണിക്കൊതുക് വീണ്ടും മൂളി: 'എന്റെ പണം,മ്,മ്,മ്?'
പോക്കാച്ചിത്തവള ചതിച്ചത് മനസ്സിലായ നാണിക്കൊതുക് കൂടെയുള്ള കൊതുകുപിള്ളേരോട് സംഗതി പറഞ്ഞു. ദേഷ്യം വന്ന് കലിപൂണ്ട കൊതുകുപിള്ളേര് മൂളിക്കൊണ്ട് ഒരുമിച്ച് മാളികപ്പുറത്തേക്ക് പറന്നു. അവിടെയുള്ള പോക്കാച്ചിത്തവളയെ കുത്തി തുരുതുരെ കുത്തിനോവിച്ചു. ഭൃത്യന്മാര്‍ക്കും കിട്ടി കൊതുകുപിള്ളേരുടെ കുത്ത്.
'എവിടെ അമ്മായീടെ പണം,മ്,മ്,മ്?' - കൊതുകുപിള്ളേര് കുത്തിച്ചോദിച്ചു.
'ഇപ്പൊത്തരാം, ഇപ്പൊത്തരാം' - പോക്കാച്ചിത്തവള കുത്തുകൊണ്ട് സഹിക്കാതെ അലറി.
ഓടുന്ന പോക്കാച്ചിത്തവളയെ കുത്തുന്ന കൊതുകുപിള്ളേര് പിന്നേയും ചോദിച്ചു.
'ഇപ്പൊത്തരാം, ഇപ്പോത്തരാം' - പോക്കാച്ചിത്തവള പാഞ്ഞുപോയി ഒരു പണക്കിഴി കൊണ്ടുവന്നു. അത് നാണിക്കൊതുകിന് കൊടുത്തു. അതെണ്ണിനോക്കിയ നാണിക്കൊതുക് തേങ്ങി.
'ബാക്കി പണം,മ്,മ്,മ്?'
'വേഗം തരാം തരാം തരാം' - പോക്കാച്ചിത്തവള കുത്തുപേടിച്ച് പറഞ്ഞു. പണം കൊടുക്കുന്നതുവരെ കൊതുകുപിള്ളേര്‍ അവിടെത്തന്നെ താമസമായി. അവര്‍ക്ക് ഭൃത്യന്മാരുടെ വേലയും തരപ്പെട്ടു. താമസിയാതെ മുഴുവന്‍ പണവും തിരികെ ലഭിച്ച നാണിക്കൊതുകും കൊതുകുപിള്ളേരും ആ വീട്ടില്‍ സസുഖം മൂളിത്താമസിച്ചുപോന്നു. പോക്കാച്ചിത്തവള പൊന്തക്കാട്ടില്‍ ‘പേക്രോം പേക്രോം’ പാടി കാലം കഴിച്ചുകൂട്ടി.