Wednesday, 7 September 2011

പാവം വേലായുധന്‍ സൌദിയില്‍!!


സൌദിയിലെ താമസമുറി.

പണി കഴിഞ്ഞെത്തിയ വേലായുധന്‍ കുളി കഴിഞ്ഞ് തന്‍റെ ഇഷ്ടദൈവമായ ഭദ്രകാളിയുടെ ചിത്രത്തിന് മുന്നില്‍ ചന്ദനത്തിരി കത്തിച്ചുവെച്ച് കൈകൂപ്പി നില്‍ക്കാന്‍ തുടങ്ങിയതേ ഉള്ളൂ..

വാതിലില്‍ രണ്ടുമുട്ട് കേട്ട് വാതില്‍ തുറന്ന വേലായുധന്‍ ഞെട്ടി. മുന്നില്‍ അര്‍ബാബ് അറബി!

അറബി: "അസ്സലാമു അലൈക്കും യാ വേലായുദലീ."

വേലാ: "വാലായിക്കും യാ അര്‍ബാബ്"

അറബി അകത്തേക്ക് കയറി. ചന്ദനത്തിരി മണം ആസ്വദിച്ച് ഭദ്രകാളിയുടെ പടത്തില്‍ നോക്കി 'ആരാപ്പാ ഇത്?' എന്നറിയാതെ നോക്കി വേലായുധനോട്:

"മിന്‍ ഹാദാ?" (ഇതാരാ?)

വേലായുധന്‍ (അങ്കലാപ്പോടെ സകലമാന ദൈവങ്ങളെയും മനസ്സില്‍ വിളിച്ചുകൊണ്ട് തന്‍റെ പണി പോയി എന്നുരപ്പായപ്പോള്‍ ) രക്ഷപ്പെടാന്‍ പറഞ്ഞു:

"ഹാദാ അഹൂ" (ഇത് എന്‍റെ സഹോദരന്‍ )

ഒരുപാട് കൈകളും കാലുകളും തലകളും ഉള്ള ആ രൂപം നോക്കി അറബി അന്തം വിട്ടു പറഞ്ഞു.

"ഹൊ! നിന്റെ സഹോദരന്‍ ഒരു പുലിയാണല്ലോ.. നിന്നെ പോലെയല്ല. കണ്ടോ.. എത്ര കൈയും കാലും തലയുമാ പടച്ചവന്‍ കൊടുത്തിരിക്കുന്നത്."

വേലായുധന്‍ : "യ യാ.. മുഖം കണ്ടിട്ട് ഒന്നും വിചാരിക്കരുത്. നല്ല സ്വഭാവമാ."

അറബി: "സഹോദരന്‍ ഇപ്പോള്‍ എവിടെയുണ്ട്?"

വേലായുധന്‍ : "ഭാരതത്തില്‍ തന്നെയുണ്ട്."

ഒന്നാലോചിച്ചിട്ട് അറബി വേലായുധന്‍റെ തോളില്‍ തട്ടികൊണ്ട് അറബി സന്തോഷത്തോടെ പറഞ്ഞു:

"ഞാന്‍ ഒരു വിസ തരാം. ഇവനെ ഇങ്ങോട്ട് ഉടനെ കൊണ്ടുവരണം.
ഒരേ സമയം ഒരുപാട് പണി കൊടുത്താല്‍ ഉടനടി ചെയ്തു തീര്‍ക്കുമല്ലോ.
കുറെ പേരുടെ പണി ഒറ്റയ്ക്ക് എടുത്തോളും.
ഉടനെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ. അവനെ ഇവിടെ എത്തിക്കാം."

വേലായുധന്‍ ഞെട്ടി. അറിയാതെ ഉറക്കെ വിളിച്ചുപോയി. 

"മുതലാളീ.. അത് വേണോ?!"

അപ്പോഴേക്കും അറബി മുറിയില്‍ നിന്നും പോയിക്കഴിഞ്ഞിരുന്നു.

പാവം വേലായുധന്‍ ഭദ്രകാളിയുടെ പടത്തില്‍ നോക്കി കണ്ണും മിഴിച്ച് കട്ടിലില്‍ ഇരുന്നുപോയി.

(ആശയം : ഷമീല്‍ വല്ലപ്പുഴ)

Tuesday, 6 September 2011

ഓണം ഒരു ഓര്‍മ്മ..



ഓണം മനസ്സില്‍ കൊണ്ട് നിറക്കുന്നത് സുന്ദര നിമിഷങ്ങളെയാണ് എന്ന് മനോജ്‌ ഗള്‍ഫിലെ ലേബര്‍ക്യാമ്പിലെ പത്ത്‌ ആളുകള്‍ താമസിക്കുന്ന മുറിയില്‍ ഇരുന്ന് ആലോചിച്ചു. ഏസിയുടെ ശബ്ദം അയാളുടെ ചിന്തയെ അലോസരപ്പെടുത്തി എങ്കിലും തന്റെ ഭാര്യയുടെ ഈമെയിലിന് മറുപടി ടൈപ്പ് ചെയ്യുന്നതില്‍ അയാള്‍ വ്യാപൃതനായിരുന്നു. എല്ലാവരും കൂടി പൈസ പങ്കിട്ട് മേടിച്ച കമ്പ്യൂട്ടറും നെറ്റ് കണക്ഷനുമാണ്. അധികനേരം ഇങ്ങനെ ഇരുന്ന് സ്വപ്നം കാണാന്‍ പറ്റില്ല എന്നത് മനോജിന് അറിയാം. സുഹൃത്തുക്കളും അവരുടെ ഊഴം കാത്തിരിപ്പാണ്.

തൊട്ടപ്പുറത്തെ മയങ്ങിക്കിടക്കുന്ന സുഹൃത്തിന്റെ റേഡിയോ ഓണ്‍ ആയിത്തന്നെ കിടപ്പുണ്ട്. ഇഷ്ടഗാനങ്ങള്‍ പരിപാടി ആലോസരമില്ലാതെ നടക്കുന്നുണ്ട്. ആരോ അയാളുടെ പ്രിയതമയ്ക്ക് വേണ്ടി ആവശ്യപ്പെട്ട ഗാനം അലയടിച്ചു വരുന്നു.. "പൂവിളി പൂവിളി പോന്നോണമായീ.. നീ വരൂ നീ വരൂ പൊന്നോണ തുമ്പീ.."

ഭാര്യയുടെ ഈമെയില്‍ പലയാവര്‍ത്തി വായിച്ച് മനോജിന് കൊതി തീരുന്നില്ല, അയാള്‍ ചിരിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസം തികച്ച് നിന്നിട്ടില്ല. ഇത് അവരുടെ ആദ്യഓണം ആണ്. മൃദുല, മനോജിന്റെ ഭാര്യ, പേര് പോലെ ഇപ്പോഴും കുട്ടികളുടെ സ്വഭാവമാണ്. പറഞ്ഞിട്ടെന്താ, അത്രയല്ലേ ഉള്ളൂ പ്രായവും. മനോജിനെക്കാളും പതിമൂന്ന്‍ വയസ്സ് കുറയും. ഡിഗ്രി ഫസ്റ്റ് ഇയര്‍ ആയതേയുള്ളൂ.

മൃദുല എഴുതിയിരിക്കുകയാണ്. അയല്‍പക്കത്തെ കുട്ടികളോടൊപ്പം തൊടി മുഴുവന്‍ ഓടിനടന്ന് പൂക്കള്‍ പറിച്ചതും, ഓണത്തപ്പനെ കളിമണ്ണ്‍ കൊണ്ട് ഉണ്ടാക്കിയതും, അത്തപ്പൂക്കളം തീര്‍ത്തതും എല്ലാം വിശദമായി മനോജിനെ മെയില്‍ വഴി അറിയിച്ചിരിക്കുന്നു. ഓണക്കോടി വാങ്ങാന്‍ എത്ര പണം അയക്കും എന്നും അവള്‍ ചോദിച്ചു. അയക്കുകയാണെങ്കില്‍ എന്ന് എങ്ങനെ അവള്‍ക്ക് കിട്ടും. ബാങ്ക് എക്കൌണ്ട് ഇതുവരെ അവള്‍ക്കില്ല എന്നും മനോജിനെ അവള്‍ അറിയിക്കുന്നു. ഒന്നും അറിയാത്ത മണ്ടിപ്പെണ്ണ്‍. മനോജ്‌ ചുറ്റും നോക്കി സ്വയം പറഞ്ഞു ചിരിച്ചു.

എന്റെ ഭാര്യേ.. നീ അവിടെ പൂ ഇറുത്ത്‌ പൂക്കളമിട്ട് ഊഞ്ഞാലാടി തിമിര്‍ത്ത്‌ നടന്നോളൂ. ഒരു വിഷമവും വേണ്ട. നിനക്കും അനിയനും പിന്നെ നമ്മുടെ എല്ലാവര്ക്കും വേണ്ടുന്ന ഓണവസ്ത്രങ്ങള്‍ എടുക്കാനുള്ളതും മറ്റു ചിലവുകല്‍ക്കുള്ള പണം നാളെത്തന്നെ നിന്റെ കൈയ്യില്‍ കിട്ടും. ഇത് നിന്റെ ഓണംകേറാമൂല ഒന്നും അല്ല. നാളെ ഞാന്‍ വിളിക്കാം. ഒരു കോഡ് നമ്പര്‍ തരും. അതുമായി അനിയനോടൊപ്പം നീ തന്നെ പോയി നമ്മുടെ വിശ്വേട്ടന്റെ എസ് ടി.ഡി ബൂത്തില്‍ ചെന്ന് പറഞ്ഞാല്‍ പണം കിട്ടും. അല്ലാതെ പണ്ടത്തെ പോലെ അയച്ചപൈസ മേടിക്കാന്‍ പോസ്റ്റ്‌മാന്‍ വരുന്നതും കാത്ത്‌ മാസങ്ങളോളം പടിവാതില്‍ക്കല്‍ നില്‍ക്കേണ്ട ആവശ്യമില്ല. അതൊക്കെ നമ്മുടെ മുന്‍ തലമുറക്കാരുടെ കാലം.

‘ഹലോ.. മതി. എനിക്ക് നെറ്റ്ഫോണ്‍ വിളിക്കേണ്ട നേരമായി. ഭാര്യ ഇപ്പോള്‍ അവിടെ കാത്ത്‌ ഇരിപ്പാവും.’

മുറിയിലെ സ്നേഹിതന്‍ പിന്നില്‍ വന്ന് പറഞ്ഞപ്പോള്‍ മനോജ്‌ മറുപടി ടൈപ്പ്‌ ചെയ്യുന്നത് നിറുത്തി നോക്കി ചിരിച്ചു. എന്നിട്ട് ഒന്നൂടെ വായിച്ച് അല്പം കറക്ഷന്‍ ഒക്കെ വരുത്തി ഈമെയില്‍ അയച്ചു നിശ്വസിച്ചു എഴുന്നെറ്റു.

തന്റെ ഡ്യൂട്ടി ഷിഫ്റ്റ്‌ സമയമായിരിക്കുന്നു. അരമണിക്കൂര്‍ കഴിയുമ്പോള്‍ സൈറ്റില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സ്‌ വരും. അപ്പോഴേക്കും റെഡി ആവണം. നാട്ടിലെ നല്ല ഓണക്കാലവും ഓണവിഭവവും കഴിച്ച നല്ലനാളുകള്‍ ഓര്‍ത്ത്‌ തന്റെ വിവാഹശേഷമുള്ള ആദ്യഓണം വരാറായ ദിവസം മൃദുലയെ മനസ്സില്‍ വിചാരിച്ച് മനോജ്‌ വീണ്ടും കത്തിക്കാളുന്ന വെയിലില്‍ കെട്ടിടനിര്‍മ്മാണ സൈറ്റിലേക്ക് പോകുന്ന ബസ്സില്‍ സൈഡ് സീറ്റില്‍ ഇരുന്ന് പകല്‍കിനാവ്‌ കണ്ടു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com