എട്ടുവീട്ടിലെ എട്ടുസലീം ഒരിക്കല്‍
നിലമ്പൂര്‍കാട്ടില്‍വെച്ച് തെറ്റാലി തൊടുത്ത് പിടിച്ചു നല്ലൊരു പച്ചതത്തയെ...
തത്തയ്ക്ക് നല്ലൊരു പേരും ഇട്ടു. മാളൂട്ടിതത്ത.
“മോളേ മാളൂട്ടീ..” എന്ന്
വിളിച്ചാല്‍ തത്ത വിളികേള്‍ക്കാന്‍ തുടങ്ങി.
എട്ടുവീട്ടിലെ ഇറയത്ത്
തൂക്കിയ കൂട്ടില്‍ മാളൂട്ടിയെ പൊന്നുപോലെ അവന്‍ വളര്‍ത്തി. നായ്കരിമ്പ് കൊടുത്ത്
മലയാളം പറയിക്കാന്‍ പഠിപ്പിച്ചു. തത്ത ആദ്യമായി “പോടാ പട്ടീ, തെണ്ടീ..” ഒക്കെ
പറയാന്‍ പഠിച്ചു.
എന്നും എട്ടുസലീം പൂവന്‍പഴം
കൊണ്ടുവന്ന് മാളൂട്ടിയ്ക്ക് കൊടുത്തു. പക്ഷെ, ആ പഴം മാളൂട്ടിയ്ക്ക് കിട്ടീല. ഓട്ടോ ഓടിച്ച്
തിരിച്ചുവന്ന എട്ടുസലീം നോക്കുമ്പോള്‍ ദുഖിതയായ മാളൂട്ടിതത്ത തലതാഴ്ത്തി കൂട്ടില്‍
ഇരിക്കുന്നു. പഴം തൊലിയോടെ അപ്രത്യക്ഷം.
“മോളേ മാളൂട്ടീ..”
എട്ടുസലീം സ്നേഹത്തോടെ വിളിച്ചു.
“പോടാ പട്ടീ..” തത്ത
പ്രതികരിച്ചുകൊണ്ട് കൂട്ടിലെ മരക്കൊമ്പില്‍ നിരങ്ങി മാറിയിരുന്നു.
എന്നും പൂവന്‍പഴം കൊണ്ടുവന്നു
കൊടുത്ത എട്ടുസലീം പഴം കാണാതെ മാളൂട്ടിതത്തയുടെ തെറിവിളി കേട്ട് അന്തംപോയി
വിഷണ്ണനായി. മാളൂട്ടിയെ പിടിക്കാന്‍ നോക്കിയ കാടന്‍പൂച്ചയെ എട്ടുസലീം ഒരിക്കല്‍ തല്ലിക്കൊന്നു.
ബാക്കിയുള്ള വീട്ടിലെ പൂച്ചകളെ മൊത്തം ഒരു ചാക്കിലാക്കി അവന്‍ ഓട്ടോയില്‍ കയറ്റി ചാലിയാര്‍പുഴയുടെ
അക്കരേയ്ക്ക് നാടുകടത്തിയിരുന്നു.
ദിനംപ്രതി മാളൂട്ടിതത്ത
മെലിഞ്ഞുകൊണ്ടിരുന്നു. പൂവന്‍പഴം കട്ടെടുക്കുന്ന പ്രതിയെ പിടിക്കാന്‍ എട്ടുസലീം
പ്ലാനിട്ടു. ഒരുദിവസം പൂവന്‍പഴത്തില്‍ എലിവിഷം പൂഴ്ത്തിവെച്ച് എട്ടുസലീം
മാളൂട്ടിതത്തയുടെ കൂട്ടില്‍ തൂക്കിയിട്ടു. കുറേനേരം കാവലിരുന്ന എട്ടുസലീം അറിയാതെ
ഉറങ്ങിപ്പോയി.
ഒരു ദീനരോദനം കേട്ട്
ഞെട്ടിയുണര്‍ന്ന എട്ടുസലീം കണ്ടത് പഴം വിഴുങ്ങി കണ്ണുതള്ളി ഗുഡ്ബൈ പറഞ്ഞുകൊണ്ടിരിക്കുന്ന
മാളൂട്ടിതത്തയെ!
“മോളേ.. മാളൂട്ടീ..”
എട്ടുസലീം കൂടിനടുത്ത് ഓടിയെത്തി. കൂടുതുറന്ന് തത്തയുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന
പൂവന്‍പഴം അവന്‍ തോണ്ടിയെടുത്തു. തത്തയുടെ അണ്ണാക്കില്‍ അവന്‍ വെള്ളം
ഒഴിച്ചുകൊടുത്തു.
എട്ടുസലീം കരഞ്ഞു. “മാളൂട്ടീ..
എന്നും പയം കൈക്കാതെ ഇജ്ജ് എത്തിനാ ഇന്ന് പയം കൈച്ചേ?”
“പോടാ.. പട്ടീ..” - മരിക്കുന്നതിനു
മുന്‍പ് മാളൂട്ടിതത്ത അവസാനം മൊഴിഞ്ഞ ഡയലോഗ്.
തത്തയുടെ ചുവന്ന കണ്ണുകള്‍
എട്ടുസലീമില്‍ നിന്നും മാറി അട്ടത്ത് ഫിക്സ് ആയി നിന്നു. തത്തയുടെ ഡെഡ്ബോഡി
തൂക്കിയെടുത്ത് എട്ടുസലീം നടക്കുമ്പോള്‍ ഇറയത്ത് ആരോ വന്ന ഒച്ചകേട്ട്
തിരിഞ്ഞുനോക്കുമ്പോള്‍ അവന്‍ ഞെട്ടി!
എട്ടുസലീമിന്‍റെ അനുജന്‍
എട്ടുസലാം പമ്മിപമ്മി തത്തക്കൂട്ടിനടുത്ത് വരുന്നു. കൂടുതുറന്നു കൈയ്യിട്ട്
പരതുന്നു. പഴമില്ല. തത്തയുമില്ല!
“ഛെ! വൈകിപ്പോയി.” –
എട്ടുസലാം പിറുപിറുത്തു നോക്കുമ്പോള്‍ തത്തയെ തൂക്കി ഓടിവരുന്ന എട്ടുസലീമിനെ
കണ്ടു. അവന്‍ ഇറങ്ങിയോടി.
“ഡാ ഇജ്ജാല്ലേ എന്നും മാളൂട്ടീന്‍റെ
പയം കക്കുന്ന കള്ളന്‍?”
“അള്ളോ.. ഇന്ന് പയം കട്ടത്
ഞമ്മളല്ലേ..”
അവരുടെ അടിപിടിയില്‍
മാളൂട്ടിയുടെ ഡെഡ്ബോഡി തെറിച്ചു കറങ്ങി മുരിങ്ങമരക്കൊമ്പില്‍ കുരുങ്ങിക്കിടന്നു.