വീട്ടില്‍ ഒരു പണിക്കാരിക്കുട്ടിയെ വേണമെന്ന് ഉമ്മ തെങുകയറ്റക്കാരന്‍ നാടിക്കനോട് പറഞ്ഞൊരാഴ്‌ച ആയതേയുള്ളൂ. എണ്ണ തേയ്‌ക്കാത്ത പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയുള്ള എണ്ണക്കറുപ്പ് നിറമുള്ള മെലിഞ്ഞൊരു പെണ്‍കുട്ടിയേയും കൊണ്ട് കുപ്പായമിടാത്ത ഒരു പണിക്കന്‍ വീട്ടുമുറ്റത്തെത്തി ഭവ്യതയോടെ നിന്നു. മുഷിഞ്ഞ പുള്ളികുപ്പായവും അറ്റം കീറിനൂലെടുത്തൊരു പാവാടയുമിട്ട പെണ്‍കുട്ടിയുടെ മുഖത്ത് അമ്പരപ്പ് മായുന്നില്ല. ആദ്യമായിട്ടാണ് ടൗണിലെത്തുന്നതെന്ന് വിളിച്ചോതുന്ന നോട്ടം ആ മഞ്ഞക്കണ്ണുകളില്‍.. കുളിച്ചിട്ട് ഒരു നാലുനാള്‍ എങ്കിലുമായിക്കാണണം. ഒരു മാറാപ്പുകെട്ടും താങിപ്പിടിച്ചാണ് നില്‍പ്..
പണിക്കന്റെ മുരടനക്കം കേട്ട് ഉമ്മ ഉമ്മറകോലയിലേക്ക് ചെന്നു. പിറകേ സലീമും. പണിക്കന്‍ വന്ന കാര്യമറിയിച്ചു. മകളാണ് പേര് ലക്ഷ്‌മി. വയസ്സെത്രയായി എന്ന് ചോദിച്ചപ്പോള്‍ തലചൊറിഞ്ഞുകൊണ്ട് ഒരൂഹം പറഞ്ഞു പണിക്കന്‍. പതിനാല് തികയാറായിട്ടില്ല. എന്തുപണിയും ചെയ്യും, എല്ലുമുറിയെ പണിയെടുക്കും എന്നു ഗ്യാരന്റിയും മോളെകുറിച്ച് പണിക്കന്‍ കൊടുത്തു. ആദ്യായിട്ടാണ് വീട്ടുപണിക്ക് വിടുന്നതത്രെ. കഞ്ഞികുടിക്ക് വകയില്ലാത്തതിനാലാണ് മനസ്സില്ലാമനസ്സോടെ പുറത്തേക്ക് കൊണ്ടുവരുന്നത്. നാലാം ക്ലാസ്സില്‍ തോറ്റതിനാല്‍ പഠിപ്പും മതിയാക്കിച്ചു.
ലക്ഷ്‌മി എന്ന പണിക്കക്കുട്ടി സലീമിനെ തുറിച്ചുനോക്കിനിന്നു. സലീം അറപ്പോടെ തിരിച്ചും.. രണ്ടുപേരും സമപ്രായക്കാരാണ്. ഉമ്മ അഭിമുഖ പരീക്ഷ മതിയാക്കി കൂലിയും ഉറപ്പിച്ച് പുതിയ വേലക്കാരിയെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി. വീട്ടില്‍ കയറുന്നതിനും മുന്നെ മുറ്റത്തുനില്‍ക്കുന്ന പണിക്കനെ വ്യസനത്തോടെ ലക്ഷ്മി തിരിഞ്ഞുനോക്കി. അച്ഛന്റേയും മകളുടേയും കണ്ണുകള്‍ നിറഞ്ഞത് സലിം ശ്രദ്ധിച്ചു. പണിക്കന്‍ തോളിലെ തോറ്ത്തെടുത്ത് കണ്ണുതുടച്ച് പടിയിറങിപോയി.
(തുടരും..)