Wednesday, 3 October 2007

മലയത്തിപ്പെണ്ണേ ലക്ഷ്മീ...!

അച്ഛന്‍ പോയിക്കഴിഞ്ഞിട്ടും പടിവാതില്‍ക്കല്‍ നോക്കിനിന്ന ലക്ഷ്മിയെ ഉമ്മ തട്ടിവിളിച്ചു അകത്തളത്തിലേക്ക് കൂട്ടികൊണ്ടുപോയി. സലിം കോലായില്‍ തന്നെ ഇരുന്നു അവരുടെ പോക്ക് ശ്രദ്ധിച്ചു. പിന്നെ സാവധാനം അങോട്ട് ചെന്നു.

കിഴക്കേകം എന്ന മുറിയില്‍ നിന്നും അടുക്കളയിലേക്ക് പോകുന്ന ഇടനാഴിയുടെ വലത്തുവശത്തെ ഇരുണ്ട മുറിയാണ്‌ 'അറ' എന്നറിയപ്പെടുന്ന ആഹാരസാധനങളും ഉപയോഗശൂന്യമായ വീട്ടുപകരണങളും പാത്രങളും സൂക്ഷിക്കുന്ന ഇടം. അവിടെയുള്ളതില്‍ വെച്ചേറ്റവും പഴയത് ഒരു മരമഞ്ചയാണ്‌. വീട്ടിത്തടിയില്‍ ഉണ്ടാക്കിയിട്ടുള്ളൊരു വലിയ മഞ്ച. അതിന്റെ ഒരു മൂലയിലൊരു നീണ്ട വെട്ട് കാണാം. മാപ്പിളലഹളക്കാലത്ത് അതിലൊളിച്ചിരുന്ന തറവാട്ടുകാരണവരെ തപ്പിയെത്തിയ പട്ടാളക്കാര്‍ വാളിനാല്‍ വെട്ടിയതാത്രെ.. ഇന്നതില്‍ ഓട്ടുകിണ്ടികളും മറ്റ് പാത്രങളും പൊടിപിടിച്ച് ഒരു ചരിത്രമുറക്കി കിടപ്പുണ്ട്. പിന്നെ ഒത്തിരി കൂറകളും തലമുറകളായി വസിച്ചുപോരുന്നു. അവകാശം കാണിച്ചുകൊണ്ട് ചില കൂറകള്‍ നീണ്ട രണ്ടു മീശകള്‍ വിറപ്പിച്ചങനെ മഞ്ചയില്‍ നില്‍ക്കുന്നത് കാണാം. അതൊന്നും കൂസാതെ ചില ചുണ്ടെലികള്‍ രാത്രികാലങളില്‍ ചിലച്ചുകൊണ്ട് മഞ്ചക്കടിയിലൂടെ അറയില്‍ ഉടനീളം ഓടിപ്പോവുന്നതും കേട്ടിരിക്കുന്നു, കണ്ടിരിക്കുന്നു. ആരോ നീളമേറിയ ചങ്ങല നിലത്തൂടെ വലിച്ചിഴച്ച് ഓടുന്നതായേ തോന്നൂ ചുണ്ടെലികളുടെ കലപില ഓട്ടം കേട്ടാല്‍.. പണ്ടുകാലത്ത് 'എഴുത്തുമുറി' ആയിരുന്ന നീണ്ട മുറിയില്‍ ഉമ്മയും സഹോദരങ്ങളുമൊത്ത് നിലത്ത് പായവിരിച്ച് കിടക്കുമ്പോള്‍ സലിം എത്രയോ തവണ ഈ ചങ്ങല ശബ്ദം കേട്ട് ഞെട്ടി ഉറങ്ങാതെ കിടന്നിരിക്കുന്നു!

"ഇനിയിതാണ്‌ നിന്റെ മുറിട്ടോ.."

ഉമ്മയുടെ സ്വരം കേട്ട് സലിം ഓറ്മ്മയില്‍ നിന്നുമുണര്‍ന്ന് നോക്കുമ്പോള്‍ അറ തുറക്കുന്ന കരകര ശബ്ദവും അതിനുമുന്നില്‍ മാറാപ്പും പിടിച്ച് പകച്ചുനില്‍ക്കുന്ന ലക്ഷ്മിയും.. അറയില്‍ പഴുക്കാന്‍ തൂക്കിയിട്ട പഴക്കുലയില്‍ ചിലതൊക്കെ പഴുത്തിരിക്കുന്നത് വാസന വന്നപ്പോള്‍ മനസ്സിലായി. ഒരു മൂലയില്‍ ചാക്കില്‍ സൂക്ഷിച്ചിരിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റേയും ഒരു ചാക്ക് മട്ടരിയുടേയും മിശ്രിതഗന്ധം വെളിയിലെത്തി. പിന്നെ പഴമയുടെ മത്തുപിടിപ്പിക്കും മണവും.. അപരിചിതനാരായാലും ഇവിടെയെത്തിയാല്‍ ഒരു വേള തല തരിച്ച് കറങ്ങി നിശ്ചലനായിപോകും.. സലിം ഉമ്മയുടേയും ലക്ഷ്മിയുടേയും സമീപമെത്തി.

അടുക്കളയില്‍ നിന്നും പാല്‍ തിളച്ചൊഴുകുന്നുണ്ട്. പാത്രത്തില്‍ പാല്‍ കരിഞ്ഞുതുടങ്ങുന്ന മണമെത്തി. ഉമ്മ ബേജാറിലങ്ങോട്ടൊടി. ഓടുമ്പോള്‍ സലീമിനോട് വിളിച്ചുപറഞ്ഞു:

"മോനേ നീയാ ലക്ഷ്മിക്ക് അറയില്‍ ലൈറ്റിട്ട് ഒന്നുകാണിച്ചുകൊട്. മാറാപ്പവിടെ വെച്ചിട്ട് മുറിയൊക്കെ വെടിപ്പാക്കീട്ട് വരാന്‍ പറയ്.."

സലീമും ലക്ഷ്മിയും അപരിതമായ നോട്ടം പരസ്പരമിട്ടു. പതിനാലുകാരില്‍ ഉണ്ടാകാവുന്ന ചേതോവികാരം മാത്രം.. സലിം ഇരുട്ടറയില്‍ കയറി തിരിഞ്ഞുനിന്ന് അവളെ ക്ഷണിച്ചു.

"വാ പേടിക്കേണ്ട പോര്‌.. ഇവിടെ ഒന്നൂല്ല പേടിക്കാന്‍.."

ലക്ഷ്മി പേടിച്ച കാല്‍‌വെപ്പുകളോടെ അറയില്‍ പ്രവേശിച്ചതും മച്ചില്‍ തൂങ്ങികിടക്കുന്ന മാറാലകെട്ടിയ ബള്‍ബ് 'ടിപ്പ്' ഒച്ചയോടെ പ്രകാശിച്ചതും ഒരുമിച്ച്.. അവള്‍ "അയ്യോ.." എന്നറിയാണ്ട് വിളിച്ചുപോയി.

സലിം ബള്‍ബിന്റെ സ്വിച്ച് ഓണാക്കി തിരിഞ്ഞുനോക്കുമ്പോള്‍ ലക്ഷ്മി പ്രകാശിതമായ ബള്‍ബില്‍ തന്നെനോക്കി വാപൊത്തി സകല ഈശ്വരന്മാരേയും വിളിക്കാനുള്ള തത്രപ്പാടില്‍ നില്‍ക്കുന്നതാണ്‌ കണ്ടത്‌.. പറഞ്ഞിട്ട് കാര്യമില്ല. കാട്ടുമുക്കിലെ പണിയന്‍ ചാളയിലെ ചെറ്റപ്പുരയില്‍ ബള്‍ബില്ലല്ലോ. ജീവിതത്തിലാദ്യമായി ഇത്രേം പ്രകാശമുള്ളൊരു സാധനം കണ്ട അന്തം‌വിടലാണവള്‍ക്ക്‌.. അതുവരേക്കും ലക്ഷ്മി കണ്ടിരിക്കുന്നത് അരണ്ട വെളിച്ചമുള്ള മണ്ണെണ്ണവിളക്കാണല്ലോ. സലിം ഓറ്ത്തു. അവന്‌ ചിരിവന്നു. അവള്‍ക്ക് ഒന്നൂടെ കണിച്ചുകൊടുക്കാന്‍ വേണ്ടി സ്വിച്ച് ഓഫാക്കിയും ഓണാക്കിയും ഗമയോടെ നിന്നു.

"പേടിക്കേണ്ട. വെളിച്ചം വേണേല്‍ ദേ ഈ സ്വിച്ചില്‌ ഞെക്ക്യാമതി. വെളിച്ചം വേണ്ടേല്‍ അതീതന്നെ ഒന്നൂടെ ഞെക്ക്യാല്‌ ഇരുട്ടായ്‌ക്കോളുംട്ടോ. ലക്ഷ്മീടെ പുരയിലില്ലേയിത്?"

അവള്‍ ഇല്ലെന്ന് തലയാട്ടിയിട്ട് മാറാപ്പ് മഞ്ചമേല്‍ ഒരിടത്ത് വെച്ചു. അറയില്‍ മൊത്തം ലക്ഷ്മിയുടെ വലിയ കണ്ണുകള്‍ ഓടിനടന്ന് എല്ലാം നോക്കികണ്ടു. സലിം നിശ്വാസമെടുത്ത്‌ അവളെ അടിമുടി നോക്കിനിന്നു. മുറിയിലെ സകലമാനഗന്ധങ്ങള്‍ക്കൊപ്പം ഒരു പുതിയൊരു ചൂരും കൂടി കലര്ന്നതായി അവന്‌ മനസ്സിലായി. വിയറ്പ്പിന്റെ ഗന്ധം..

"സലീമേ ലക്ഷ്മിയോട് കുളിമുറീല്‍ ചെന്ന് ശുദ്ധിയായി വേഗം അടുക്കളയില്‍ വരാമ്പറയ്..മാറ്റിയുടുക്കാന്‍ കൊണ്ടുവന്നിട്ടില്ലേ ലക്ഷ്മീ?"

ഈ ഉമ്മാക്കെന്താണ്‌! ഞാനെന്താ ഈ പെണ്ണിന്റെ കെട്ടിയോനാ ഇതൊക്കെ പറയാനും നോക്കാനും. സലീമിന്‌ കലിപ്പായി. രണ്ടാമത്തെ ചോദ്യത്തിന്‌ ലക്ഷ്മി ഉമ്മ കേള്‍ക്കാനാണെങ്കിലും 'ഉം' എന്നൊരു മൂളല്‍. അത് സലിം മാത്രം കേട്ടു.

അവന്‍ അറയുടെ വെളിയിലെത്തി. അറയില്‍ ബള്‍ബ് കെട്ടു. അവന്‍ തിരിഞ്ഞുനോക്കി. പിന്നെ ബള്‍ബ് തെളിഞ്ഞു. ലക്ഷ്മി ബള്‍ബ് എന്ന സാധനം ഓഫാക്കിയും ഓണാക്കിയും കൗതുകം കൊള്ളുകയാണ്‌. അവന്‍ പൊട്ടിച്ചിരിച്ചു. ലക്ഷ്മി ഇളിഭ്യയായി.

"ദേ പെണ്ണേ ഇടനാഴീലൂടെ അപ്പുറത്ത് പോയാല്‍ കുളിമുറികാണാം. പോയി കുളീച്ചേച്ച് ഉമ്മായുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു."

ലക്ഷ്മി അതെന്ത് മുറി എന്നന്തം വിട്ട് നില്‍ക്കുന്നു. കാട്ടരുവികളില്‍ തലകുത്തിമറിഞ്ഞ് ഏത് മലവെള്ളപ്പൊക്കത്തിലും നീന്തിതുടിച്ച് പ്രകൃതിയുടെ വരദാനം നുകര്ന്ന് കൂസലില്ലാതെ നീരാടിയ കാട്ടുപണിക്കപെണ്ണല്ലേ. അവള്‍ക്ക് കുളിമുറി എന്നത് ആദ്യകേള്‍‌വി തന്നെ!

അത് ഏതാണ്ടൊക്കെ അവളുടെ വലിയകണ്ണാലെയുള്ള നോട്ടത്തിലും അന്തം‌വിടലില്‍ നിന്നും സലിം മനസ്സിലാക്കി. അവന്‍ വല്ലാതെ ബേജാറിലായി. ഇനിയിപ്പോ കുളീമുറിയിലെ ഓരോന്നും വിസ്തരിച്ച് പറഞ്ഞുകാണിച്ചുകൊടുക്കേണ്ടി വരുമോ പടച്ചോനേയീ മലയത്തിപെണ്ണിന്‌?!

ഷവര്‍, പൈപ്പ്, ടാപ്പ്, സോപ്പ്, എണ്ണ, ഷാമ്പൂ കുപ്പി.. മലയത്തിപ്പെണ്ണേ ലക്ഷ്മീ ഇനിയെന്തെല്ലാം മനസ്സിലാക്കാനും അനുഭവിച്ചറിയാനുമിരിക്കുന്നു!

"അത് അത് പിന്നെ.. ഇവിടെടുത്ത് പൊയ ഇല്ലേ? മേത്ത് തേച്ചുരക്കാന്‌ ചകിരിനാരോ താളിയിലയോ കിട്ട്വോ?"

ലക്ഷ്മിയുടെ തടിച്ചചുണ്ടുകള്‍ ആദ്യമായി ചോദിച്ച ചോദ്യം കേട്ട് സലിം ബോധം പോയിപോയില്ലെന്ന മട്ടില്‍ തൂണില്‍ ചാരിനിന്ന് അവളെ കണ്ണാലെ മൊത്തം ഒന്നളന്നു നോക്കി..

ഇവളേത് കാട്ടിലെ റാണിയാണപ്പാ..? പൊയയിലേ കുളിക്കൂ? സിനിമാനടിമാര്‍ ഉപയോഗിക്കുന്ന ലക്സ് സോപ്പോ, സണ്‍‌സില്‍ക്ക് ഷാമ്പുവോ ഒന്നുമേ വേണ്ട, ചകിരിനാരും താളിയിലയും മാത്രം മതി.

ഇനിയെന്തെല്ലാം കാണാനിരിക്കുന്നു..! മലയത്തിപ്പെണ്ണേ ലക്ഷ്മീ..!

17 comments:

  1. നിങ്ങള്‍ക്കായി ഇതാ കഥയുടെ 2-ആം ഭാഗം:മലയത്തിപ്പെണ്ണേ ലക്ഷ്മീ...

    ReplyDelete
  2. ഒന്നും രണ്ടും ഒരുമിച്ചങ്ങ് വായിച്ചു.... ആ വകയില്‍ നാളികേരം ഉടയ്ക്കാനുള്ള അവകാശം എന്റെ.... ഠേ....!

    നന്നായിരിക്കണൂ...
    ഇനിയെന്തെല്ലാം കാണാനിരിക്കുന്നു..! മലയത്തിപ്പെണ്ണേ ലക്ഷ്മീ..!
    :)

    ReplyDelete
  3. കൊള്ളാം
    നന്നായിരിക്കുന്നു.
    ലക്ഷ്മി എന്നു വിളിപ്പേരിട്ടാലും നാട്ടുകാര്‍ കാട്ടുപണിക്കത്തിപെണ്ണിനെ ലച്ച്മിന്നെ വിളിക്കൂ എന്നാ‍ണെന്റെ അനുഭവം.
    ബാക്കി ഭാഗം പെട്ടന്നു പോരട്ടെ!

    ReplyDelete
  4. ഏറനാടന്‍‌ജീ...
    നല്ല വര്‍‌ണ്ണന!

    അടുത്ത ഭാഗം വേഗമായിക്കോട്ടെ.
    :)

    ReplyDelete
  5. ജീ,

    വളരെ മനോഹരമായ കഥ, ഓരൊ രംഗങ്ങളും നേരില്‍ കാണുന്നതുപോലെ..:)

    ReplyDelete
  6. കൊള്ളാം ഏറനാടാ
    ബാക്കി നാട്ടില്‍ നിന്നോ അതൊ ഇവിടെ വന്നോ?
    -സുല്‍

    ReplyDelete
  7. കലക്കി....
    ബാക്കി പോരട്ടെ....
    :)

    ReplyDelete
  8. ഏറനാടാ....നാട്ടുക്കാരാ....

    ഒരു സിനിമ കണ്ട അനുഭവം.....
    വരികളുടെ ഒഴുക്കിലും..വര്‍ണ്ണനകളിലും
    മനസ്സിലേക്ക്‌ കയറി വരുന്ന ലക്ഷ്‌മിയും..സലീമും...പരിസരങ്ങളും
    പഴമയുടെ അറയും,മഞ്ചയുമൊക്കെ ഒരിക്കല്‍ കൂടി ഓര്‍മ്മകളിലേക്ക്‌ തിരിച്ചു വന്നു....അഭിനന്ദനങ്ങള്‍
    തുടരുക.....കൂടെ ഞങ്ങളും


    നന്‍മകള്‍ നേരുന്നു

    ReplyDelete
  9. സന്തോഷമായി, ഏവര്‍ക്കുമീ കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ പെരുത്ത് നന്ദിയുണ്ട്.. ജീവിതനെട്ടോട്ടത്തിനിടേലും ഞാന്‍ എന്നാലാവും വിധം കഥകള്‍ തന്ന് നിങ്ങളോടൊത്ത് എന്നുമുണ്ടാവാന്‍ ശ്രമിക്കാം.. ലോകനാഥനായ ദൈവം തമ്പുരാന്‍ അതിനുള്ള അവസരം നല്‍കിയനുഗ്രഹിച്ചാല്‍...

    ReplyDelete
  10. ഇനിയിപ്പോ കുളീമുറിയിലെ ഓരോന്നും വിസ്തരിച്ച് പറഞ്ഞുകാണിച്ചുകൊടുക്കേണ്ടി വരുമോ പടച്ചോനേയീ മലയത്തിപെണ്ണിന്‌?!

    ഐഡിയ കൊള്ളാം. അത് മനസ്സിലിരിക്കത്തേയുള്ളൂ :)

    നന്നായെഴുതി.

    ReplyDelete
  11. ഏറനാടന്‍‌ജീ, ഇപ്പോഴാണ് രണ്ട് ഭാഗവും വായിച്ചത്. നന്നായിട്ടുണ്ട്.
    ഒരു സംശയം ഈ ‘മഞ്ച’ എന്നുപറഞ്ഞാല്‍ എന്താണ്? ഞങ്ങളുടെ നാട്ടില്‍ ഉപയോഗിച്ച് കേട്ടിട്ടില്ല.

    ReplyDelete
  12. നല്ല കഥ..
    കാണാത്തതെല്ലാം
    കൗതുകങ്ങളാണെന്ന
    തത്വം
    ഇവിടെ ലക്ഷ്മിയിലൂടെ
    സഫലമാവുന്നു...


    അഭിനന്ദനങ്ങള്‍

    ReplyDelete
  13. ഏറൂ....എന്തായിത്‌.....
    ആദിവാസി നായികയും തറവാട്ടുകാരന്‍ നായകനുമോ...
    ഭേഷ്‌....ഇത്‌ നമുക്ക്‌ സിനിമയാക്കണം...

    ഏറു നായകന്‍.....ഇനി പതിനാലു വയസ്സുള്ള നായികയെ കിട്ടണമല്ലോ...അതിനെവിടെ പോകും...

    [ഊവാ...സ്വപ്നം കണ്ടിരിക്കാതെ അരികഴുകി അടുപ്പത്തിടട ചെക്കാ..]

    ReplyDelete
  14. ചാത്തനേറ്: വായിക്കുന്നുണ്ട് ഒന്നാം ഭാഗം മുതല്‍.
    ഇത്തിരി ഇത്തിരി മാത്രം എഴുതുന്നതിലുള്ള പരിഭവം കാരണമാ കമന്റിടാതെ പോവുന്നത്.. ഒരു കരയ്ക്കെത്തിക്കൂ...

    ReplyDelete
  15. അറയില്‍ പഴുക്കാന്‍ തൂക്കിയിട്ട പഴക്കുലയില്‍ ചിലതൊക്കെ പഴുത്തിരിക്കുന്നത്..

    ഹൌ ! എന്താ ഒരു പ്രാസം ..

    ReplyDelete
  16. hello ERanaaTan,blOg sandharsichathil santhosham.chilappolokke edakkara baaril varaRuNt.ente suhr^thinte baaRaaNu.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com