"കുണ്ടങ്കാട്ടുമുക്കില് ഈയ്യിടെ നടന്ന പഞ്ചായത്ത് ഒളിമ്പിക്സില് വെടിവെയ്പ്, വേലിചാടല്‍, മുങ്ങാംകുഴിയിടല്‍, മരംകേറല്‍, കുട്ടീം കോലും, ചട്ടിയേറ് എന്നീ വ്യത്യസ്തയിനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ശ്രീ.പട്ടത്തില്‍ കുട്ടപ്പനെ അനുമോദിക്കാന്‍ വിളിച്ചുകൂട്ടിയ ചടങ്ങില്‍ പങ്കെടുത്ത പഞ്ചാ.പ്രസിഡന്റും പ്രതിപക്ഷനേതാവും വാക്പയറ്റിലും കയ്യാങ്കളിയിലും പോരടിച്ചത് നാട്ടാരാസ്വദിച്ച പുതുമയുള്ള കായികയിനമായി എന്നതാണ് കണ്ടതും കേട്ടതും പരിപാടിയിലെ ചൂടന്‍ വാര്‍ത്ത."
റേഡിയോയിലെ ശബ്‌ദത്തൊഴിലാളി ചെമ്മണിജിഷ്‌ണു പാറയില്‍ ചിരട്ടയുരക്കുന്ന ഡോള്‍ബി സൗണ്ടില്‍ പറഞ്ഞുതുടങ്ങി. കള്ളുഷാപ്പിന്റെ വെളീല്‍ക്കും കേള്‍ക്കാനായി റേഡിയോടെ നോബ് പിടിച്ചു തിരിച്ച് ആന്റിന പിടിച്ചുവലിച്ച് നീട്ടി ഷാപ്പുമൊതലാളി കാപ്പിലു കാതടുപ്പിച്ച് നിന്നു. വാര്‍ത്ത തുടര്‍ന്നു..
"സംഭവത്തിന്റെ വിശദവിവരങ്ങളിലേക്ക്. ആദ്യം മൈക്ക് തട്ടിയെടുത്തത് പ്രതിപക്ഷനേതാവ് മത്തായിച്ചന്‍ ആയിരുന്നു. മത്തായിച്ചന്റെ പ്രസംഗം ഇതാ ശ്രോതാക്കള്‍ക്കായി വരുന്നു..
'പ്രിയപ്പെട്ട കുണ്ടങ്കാട്ടുമുക്ക്വാരേയ്, ഇതൊരു ചടങ്ങാണോ. എന്തിനുവേണ്ടിയാണീ ചടങ്ങ് എന്നു ഞാന്‍ ചോദിച്ചുപോകുകയാണ്. പട്ടത്തില്‍ കുട്ടപ്പന്‍ ഇവിടെ എത്ര റെക്കോഡുകളാണ് തകര്‍ത്തത് എന്നു നിങ്ങള്‍ ഒന്നാലോചിച്ചുനോക്കീട്ടുണ്ടോ? ഇല്ലേല്‍ ഒന്നാലോചിച്ചുനോക്കൂ. ഞങ്ങള്‍ കുണ്ടങ്കാട്ടുമുക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് നമ്മടെ ഏതേലും മുക്കില് വല്ല റെക്കോഡും തകര്‍ന്നിട്ടുണ്ടോ? ഒന്നല്ല, അരയല്ല, കാലല്ലാ, ഒരു തരി റെക്കോഡുപോലും എവിടേം തകര്‍ന്നിട്ടില്ലാ, തകര്‍ത്തിട്ടില്ലാ, തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മയ്ച്ചിട്ടില്ലാ. ഞങ്ങള്‍ ഒന്നൂടെ ഊന്നിയൂന്നി ചോദിക്കുകയാണ് ഇവിടെ ഇനിയൊരു റെക്കോഡും തകര്‍ന്നടിയരുത്. തകര്‍ക്കാന്‍ പട്ടത്തില്‍ കുട്ടപ്പനല്ലാ ഏത് ##%^*#-യാലും നമ്മളനുവദിച്ചുകൂടാ എന്ന് ഞാനിവിടെ വ്യകിതവും ശകിതവുമായ ഭാഷയില് പറയട്ടെ, ജയ് റെക്കോഡപ്പാ. പട്ടത്തിലുകുട്ടപ്പന്‍ നമുക്കൊരപമാനമല്ലേ..'
'കര്‍ കിര്‍ കുര്‍..!'
ഷാപ്പുമൊതലാളി കാപ്പിലു 'കരകര' ഒച്ച കേട്ട് റേഡിയോ ഒന്നുകൊട്ടാന്‍ കൈയ്യോങ്ങിയതും ചെമ്മണിജിഷ്‌ണു വാര്ത്താവായന തുടര്‍ന്നു.
"ഇപ്പോള്‍ നിങ്ങള് കേട്ടത് പട്ടത്തില് കുട്ടപ്പന്‍ പല്ലുകടിച്ച് പ്രതിപക്ഷനേതാവായ മത്തായിച്ചനോട് പ്രതിഷേധിച്ചതാണ്. പ്രതി.നേതാവിന്റെ പ്രസംഗം തുടരാന്‍ അനുവദിക്കാതെ പട്ട.കുട്ടപ്പന്‍ മൈക്ക് പിടിച്ചുവാങ്ങി പഞ്ചാ.പ്രസിഡന്റ് കോരച്ചേട്ടനെ ഏല്പിച്ചു. കോരച്ചേട്ടന്റെ പ്രസംഗത്തിലേക്ക്.."
'മാന്യമഹാജനങ്ങളേ, കുണ്ടങ്കാട്ടുമുക്കിന്റെ അഭിമാനപ്രാത്രവും ഏവരുടേയും ഓമനക്കുണ്ടപുത്രനുമായ നമ്മുടെ പട്ടത്തില്‍ കുട്ടപ്പന്‍ കുണ്ടങ്കാട്ടുമുക്കില് മുന്നെ എപ്പഴെങ്കിലും റെക്കോഡ് പൊട്ടിച്ചിട്ടുണ്ടോ. കാര്യം എന്തൊക്കെയാണേലും അവന്‍ വേലിചാടും, വെടിവെയ്ക്കും, മരം കേറും, മുങ്ങും. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ചാണിതൊക്കെ ചെയ്ത് വാം അപ്പായിരുന്നത്. എന്റെ ശിഷ്യന്‍ ഇത്രേം വല്യ റെക്കോഡ് തകര്‍ത്തതില്‍ നാം അഭിമാനിക്കുകയല്ലേ വേണ്ടത് എന്ന് ഞാന്‍ ചോദിക്കട്ടെ. ഇനീം റെക്കോഡ് എന്നല്ലാ ടേപ്പ്രീക്കാഡ് വരെ ഞങ്ങള്‍ തകര്‍ത്തെന്നിരിക്കും. അതൊക്കെ ചോദിക്കാന്‍ ഇവിടെ ആരുണ്ടെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. വേണ്ടിവന്നാല്‍ എല്ലാ കുണ്ടന്മാരേയും റെക്കോഡ് തകര്‍ക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു അക്കാഡമി ആരംഭിക്കും. പട്ടത്തില്‍ കുട്ടപ്പന്‍ അതിന്റെ ഭാരവാഹിയും ഞാന്‍ അതിന്റെ കാര്യദര്‍ശിയുമായിരിക്കും.'
കരഘോഷത്തിന്റെ സ്വരം റേഡിയോവിലൂടെ നിര്‍ഗ്ഗളിച്ചനേരം കള്ളുഷാപ്പ് മുറ്റത്ത് കൂടിനിന്നവരില്‍ നിന്നും ഒരു പാറക്കഷ്‌ണം പറന്നുവന്നു.ആ കല്ല് കൊണ്ട് റേഡിയോ മിണ്ടാട്ടം മുട്ടി നിലത്തുവീണു. ഷാപ്പുമൊതലാളി കാപ്പിലു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പ്രതി.നേതാവായ മത്തായിച്ചന്‍ പാഞ്ഞുപോണത് കണ്ടു.
'റെക്കോഡല്ലാ റേഡിയോ തകര്‍ത്തേ!'- മത്തായിച്ചന്‍ വിളിച്ചുകൂവി...
സംഭവത്തിന്റെ വിശദവിവരങ്ങളിലേക്ക്. ആദ്യം മൈക്ക് തട്ടിയെടുത്തത് പ്രതിപക്ഷനേതാവ് മത്തായിച്ചന്‍ ആയിരുന്നു. മത്തായിച്ചന്റെ പ്രസംഗം ഇതാ ശ്രോതാക്കള്‍ക്കായി വരുന്നു..
ReplyDeleteഎന്താ ഇത് കഥ.. ? :)
ReplyDeleteKadha ganbheeram... Kazhchakalum... Ashamsakal..!!!
ReplyDeleteSuuuuuuper
ReplyDelete