Monday, 10 August 2009

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

13 comments:

  1. ഒരു പുതിയ കഥ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി...

    ReplyDelete
  2. ഇപ്പോ അതെല്ലാം രസമുള്ള ഓര്‍മ്മകള്‍... അല്ലേ?

    ReplyDelete
  3. സീനത്ത് ഹോട്ടല്‍, മണക്കാട്..........

    ഇന്ന് തന്നെ ഹോട്ടല്‍ കണ്ട് പിടിച്ച് ബിരിയാണി അടിച്ചിട്ട് ബാക്കി കാര്യം....:)

    ReplyDelete
  4. തട്ടു കട...ദോശ...നന്തന്‍കോട്...അതും... സ്മരണ വേണം സ്മരണ...:)

    ReplyDelete
  5. ശ്രീ അതെ, ഓര്‍മ്മകള്‍ അല്ലേ നമ്മെ ജീവിപ്പിക്കുന്നത്. വന്നതിനും വായിച്ചതിനും നന്ദി.

    മാറുന്ന മലയാളി, ഇന്നും മണക്കാട് സ്പാന്‍ ഹോസ്പിറ്റലിനു മുന്നിലായിട്ട് സീനത്ത് ഹോട്ടലുണ്ട്, അതേപടി. ബിരിയാണിക്ക് ഏറ്റവും ബെസ്റ്റ് തിരുവനന്തപുരത്ത് ബുഹാരി, ആസാദ് ഹോട്ടലുകളാണ്‌.

    ഉഗാണ്ട രണ്ടാമന്‍: എടാ എന്നെ തൊഴിക്കാതെടാ.. :) നമ്മളൊരുമിച്ച് നന്തന്‍‌കോട് തട്ടുകടയില്‍ നിന്നും എന്നും രാത്രി അടിച്ചിരുന്ന ദോശയും ഓം‌ലെറ്റും ചമ്മന്തീം എങ്ങനെ മറക്കാനാ?

    അതെല്ലാം സിനിമാഡയറിക്കുറിപ്പിലെ ശിവന്‍സ് അനുഭവക്കുറിപ്പില്‍ വരുന്നതായിരിക്കും. നീയും അതിലെ കഥാപാത്രമല്ലേ!

    ReplyDelete
  6. ദമ്മുബിരിയാണീന്റെ കഥ ഇഷ്ടായി....

    ഓടോ: ആസാദിലെ ബിരിയാണിക്ക് ഇപ്പോ പഴയ ടേസ്റ്റ് ഇല്ല, എന്താ സംഭവിച്ചതെന്നറിയില്ല:):):):)

    ReplyDelete
  7. ചാണക്യന്‍ പറഞ്ഞത് സത്യം ..ആസാദ്‌ ലെ ബിരിയാണി ഇപ്പൊ അലമ്പായി. ലാസ്റ്റ് ടൈം പോയപ്പോ പകുതി കഴിക്കാതെ വെച്ചേച്ചു പോന്നു

    ReplyDelete
  8. രുചികരമായ ഓർമ്മകൾ!

    ReplyDelete
  9. ദമ്മുബിരിയാണി ആസ്വദിച്ച എല്ലാ സ്നേഹിതര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി നേരുന്നു.

    എല്ലാവര്‍ക്കും റമദാന്‍ കരീം ആശംസകള്‍ നേരുന്നു.

    ReplyDelete
  10. നന്നായി ഈ ദമ്മു ബിരിയാണി

    ReplyDelete
  11. രസായിട്ടുണ്ട്. ബിരിയാണി പോലത്തെ എഴുത്ത്.

    ReplyDelete
  12. കടുവയെപ്പിടിച്ചകിടുവയെപ്പിടിച്ചകടുവ..
    കള്ള വടുവ..

    കൊള്ളാം. രസകരം തന്നെ.

    ReplyDelete
  13. kollatto ee dammu biriyaani

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com