Monday, 27 February 2012

ഒരു പ്രവാസിയുടെ നാട്ടില്‍ പോക്ക്.

ഇപ്രാവശ്യം നാട്ടിലേക്ക്‌ പോയത്‌ ഒമാന്‍ എയറില്‍ ഒമാന്‍ വഴിയായിരുന്നു. അബുദാബിയില്‍ നിന്നും ചെക്കിന്‍ ചെയ്തു ഒമാനില്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന് കരിപ്പൂരില്‍ വന്നിറങ്ങിയപ്പോള്‍ ഒരു മണിക്കൂര്‍ വീണ്ടും ഞാന്‍ നില്‍ക്കേണ്ടി വന്നു. അത് എന്തിനാണെന്ന് ഞാന്‍ പറയാം.

എമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞ് ഞാന്‍ എന്റെ പെട്ടിയും വട്ടിയും കാത്ത് നിന്ന് അവ കൈയ്യില്‍ കിട്ടി നോക്കുമ്പോള്‍ ആകെ വിലപിടിപ്പുള്ള സാധനമായ സോണി പ്ലാസ്മ ടിവിയുടെ പാക്കിങ്ങില്‍ മൊത്തം ചുവന്ന ക്രോസ്സ് മാര്‍ക്ക്‌!!. കണ്ടു! അത് വക വെക്കാതെ പുറത്തേക്കു വരുമ്പോള്‍ സമാധാനത്തിന്റെ നിറമായ വെള്ള യൂണിഫോം ധരിച്ച കസ്റ്റംസ്‌ പുരുഷനും ഒരു സ്ത്രീയും എന്നെ തടുത്ത് നിറുത്തി. ഞാന്‍ അത് പ്രതീക്ഷിച്ചതാണ്.

ഇല്ലാത്ത ധൈര്യം വരുത്തി ഞാന്‍ അവരെ എതിരേറ്റു. അവര്‍ എന്നോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു. ഒരു കള്ളനോട് പെരുമാറും പോലെ, ഞാന്‍ എന്തോ അടിച്ചുമാറ്റി കൊണ്ടുവന്ന പോലെ..

"ഈ ടിവിയുടെ ബില്ല് എവിടെ?" - ആപ്പീസര്‍ ചോദിച്ചു.

"ഇതിനു ബില്ലില്ല. എനിക്ക് കമ്പനി സമ്മാനം തന്നതാണ്." - ഞാന്‍ അറിയിച്ചു.

"ഇതിന്റെ വില എത്രയാണ് എന്നറിയാമോ?" - അവര്‍ വീണ്ടും എന്നെ കുരുക്കാന്‍ ചോദിച്ചു.

"ദാനം കിട്ടിയ പശുവിന്റെ വില നോക്കണോ സര്‍ ?" - ഞാന്‍ ചിരി വരുത്തി ചോദിച്ചു.

"ദാനം കിട്ടിയതായാലും അല്ലേലും ഇതിനിവിടെ മുപ്പത്തി ഒമ്പയിനായിരം ഉരുപ്പ്യ വരും"

"എന്നാല്‍ എനിക്ക് വിലവിവര പട്ടിക കാണിച്ചു താ സര്‍ "

അപ്പോള്‍ ആപ്പീസര്‍ വനിതാ ആപ്പീസറിനെ നോക്കിയിട്ട് വിലവിവരം എടുക്കാന്‍ പറഞ്ഞു. അവര്‍ കുറേ തപ്പിയിട്ടും അത് കിട്ടിയില്ല. അപ്പോള്‍ ആപ്പീസര്‍ എന്നോട് കൂടെ വരാന്‍ പറഞ്ഞു. എങ്ങോട്ടാ എന്ന് ഞാന്‍ ചോദിച്ചു. ഗൂഗിളില്‍ കാണിച്ചു തരാം ടിവിയുടെ റേറ്റ്‌ എന്നയാള്‍ ..

"ഗൂഗിളില്‍ അതിന്റെ വില എനിക്ക് കാണേണ്ട. ഇതിനു അവിടെ ഗള്‍ഫില്‍ ആയിരത്തി അഞ്ഞൂറ് ദിര്‍ഹംസ് ഉണ്ട്" - എന്ന് ഞാന്‍ വെച്ചടിച്ചു.

അപ്പോള്‍ അയാള്‍ കാല്‍ക്കുലേറ്റര്‍ ഞെക്കി കണക്കുകൂട്ടി. ഞാന്‍ ഒരു ബോര്‍ഡ്‌ കാണിച്ചു പറഞ്ഞു: "ഇരുപത്തി അയ്യായിരം ഉറുപ്യ വിലയുള്ള സാധനം കൊണ്ടുവരാം എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും അല്ലെ ആ എഴുതി വെച്ചിരിക്കുന്നത്? പിന്നെ എന്തിനാ സാര്‍ എന്നെ ബുദ്ധിമുട്ടിക്കുന്നത്?"

അപ്പോള്‍ അയാള്‍ പ്ലേറ്റ്‌ മാറ്റി. "നിന്റെ മറ്റേ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ എന്തൊക്കെയാ ഉള്ളത്?"

"അതില്‍ എന്റെ ജെട്ടിയും ബനിയനും കുപ്പായവും, പാന്സും പിന്നെ ഷേവിംഗ് സെറ്റും, ക്രീമും ഒക്കെ തന്നെയാ ഉള്ളത്. വേണേല്‍ പൊളിച്ചു നോക്കിക്കോ.."

"അത് മാത്രമേ ഉള്ളോ?" - അയാള്‍ സംശയത്തോടെ ചോദിച്ചു. (അതില്‍ ഒരു നോട്ട്ബുക്ക് പിസി, മൊബൈല്‍ എന്നിവ ഉണ്ടായിരുന്നു.)

"സാര്‍ ഒരു കാര്യം ചെയ്. ഈ ടിവിയും എന്റെ ഈ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും ഇവിടെ വെച്ചോളൂ.. എന്നിട്ട് എന്റെ പാസ്പോര്‍ട്ടില്‍ അവ സ്വീകരിച്ചു എന്ന് എഴുതി താ. ഞാന്‍ തിരികെ പോകുമ്പോള്‍ എടുത്തോളാം (നിന്നെ)!"

"ഓഹോ.. താന്‍ കുടിച്ചിട്ടുണ്ടോ?" - എന്നായി അയാള്‍ .

"അത് എന്തിനാ സാര്‍ അറിയുന്നത്? അത് പോലീസ്‌ നോക്കികോളും. ഇനി ചോദിച്ച സ്ഥിതിക്ക് ഞാന്‍ പറയാം. അതെ കുടിച്ചിട്ടുണ്ട്.  നാല് ബിയര്‍ കഴിച്ചു. ഞങ്ങള്‍ പ്രവാസികള്‍ എന്താ കള്ളന്‍മാര്‍ ആണോ? വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെ പിഴിയാനും ചോദ്യങ്ങള്‍ കൊണ്ട് പോറല്‍ എല്പിക്കാനും?"

"ഇയാള്‍ നാട്ടില്‍ എവിട്യാ?" - ആപ്പീസര്‍ വിടുന്ന മട്ടില്ല.

"നിലമ്പൂറിലാ. ആര്യാടന്റെ ഒരു ബന്ധുവായി വരും. സാര്‍ ഞാന്‍ തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ പിടിച്ചോളൂ. ഞാന്‍ ഈ ടിവിയും എന്റെ മാറാപ്പ് പെട്ടിയും കൊണ്ടുപോകുന്നില്ല. നിങ്ങള്‍ അതിവിടെ വെച്ചോളൂ. എന്നിട്ട് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തൂ. നിയമം നിയമത്തിന്റെ വഴിക്ക്‌ പോട്ടെ."

ഇതൊക്കെ നടക്കുമ്പോള്‍ എന്നെ കാത്ത്‌ വെളിയില്‍ എന്റെ ഏട്ടന്‍ നില്‍പ്പുണ്ടായിരുന്നു. ഭാഗ്യം എന്ന് പറയാം. എന്റെ മൊബൈല്‍ ശബ്ദിച്ചു. ഗള്‍ഫിലെ സിം കാര്‍ഡ്‌ ആണ്. അതിലേക്കു വന്ന വിളി ഏട്ടന്റെ.. ഞാന്‍ സംഗതി അറിയിച്ചു. അവന്‍ എന്നോട് സമാധാനമായി നില്ക്കാന്‍ പറഞ്ഞു. അവനു അല്പം പിടിപാടുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മുതിര്‍ന്ന കസ്റ്റംസ്‌ ആപ്പീസര്‍ പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ ആണോ ഏറനാടന്‍ ? എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ തലയാട്ടി. എന്റെ പെട്ടിയും ടിവിയും എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുക്കില്ല എന്നറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ.

അയാള്‍ കുറേ പറഞ്ഞിട്ടും ഞാന്‍ സാമാനങ്ങള്‍ എടുത്തില്ല. അവസാനം അയാള്‍ ശബ്ദം കൂട്ടി പറഞ്ഞു. "നിന്റെ സാധങ്ങള്‍ എടുക്കൂ, ഉം! എന്നിട്ട് എന്റെ കൂടെ വരൂ, ഉം!"

ഞാന്‍ അറിയാതെ എന്റെ സാധനങ്ങള്‍ എടുത്ത്  ആപ്പീസറിനെ നോക്കി മായികവലയത്തില്‍ പെട്ട പോലെ പിന്തുടര്‍ന്നു. തിരിഞ്ഞു നോക്കി ബാക്കിയുള്ള ആപ്പീസര്‍മാരെ നോക്കി ചിരിച്ചു കൈ വീശി.

അവര്‍ ചിരിച്ചില്ല. ഇനി ആരെങ്കിലും വരാനുണ്ടോ എന്നപോലെ അപ്പുറത്തേക്ക് നോക്കി അവര്‍ നിന്നു. ഞാന്‍ വെളിയില്‍ വന്നപ്പോള്‍ എന്നെ കാത്തുനിന്നിരുന്ന എന്റെ ഏട്ടന്‍ സലീല്‍ ചിരിച്ചുകൊണ്ട് കൈവീശി എതിരേറ്റു.

"യാത്ര ഒക്കെ സുഖകരം ആയിരുന്നോ?"

"പിന്നേ നല്ല സുഖം ആയിരുന്നു. സിഗരറ്റ്‌ ഉണ്ടോ തീപ്പെട്ടി എടുക്കാന്‍ ?" ഞാന്‍ ഏട്ടനെ കെട്ടിപ്പിടിച്ച് ചോദിച്ചു. അവന്‍ ഒരെണ്ണം തന്നു. അത് കത്തിച്ച് പുക വിട്ടപ്പോള്‍ ഒരു സെക്യൂരിറ്റിക്കാരന്‍ കൈ കൊട്ടി ആംഗ്യം കാണിച്ചു. വലി നിശ്ശിദ്ധം എന്നായിരുന്നു അതെന്നു മനസ്സിലായി. ഞാന്‍ മൂന്നു പുക വിട്ടുകൊണ്ട് സിഗരറ്റ് നിലത്തിട്ടു ചവിട്ടിയരച്ചു.

ഒമാന്‍ വഴിയുള്ള യാത്ര അങ്ങനെ അവസാനിച്ചു. ഇനി ഒരു മാസം നാട്ടില്‍ നില്‍ക്കണം. അതും വേഗം കഴിഞ്ഞു വീണ്ടും തിരികെ അബുദാബിയില്‍ കാലുകുത്തിയിട്ടു ഇപ്പോള്‍ ഒരു മാസം ആവുന്നു.

Friday, 10 February 2012

രണ്ട് 25 പൈസ നാണയതുട്ടുകള്‍

റിപ് വാന്‍ വിങ്കിള്‍ കഥ കേട്ടിട്ടില്ലേ കൂട്ടരേ? ഒരുപാട് വര്‍ഷം ഉറങ്ങിപ്പോയ കക്ഷി ഉറങ്ങി എഴുന്നേറ്റ്‌ നോക്കുമ്പോള്‍ തന്റെ സ്ഥാവകജംഗമ വസ്തുക്കള്‍ എല്ലാം തുരുമ്പുപിടിച്ചു പോയിരിക്കുന്നതും ഉറങ്ങിയത് ഇന്നലെ അല്ലെ എന്നയാള്‍ കരുതിയതും?

അതുപോലെ അല്ലെങ്കിലും എനിക്കും ഒരു പറ്റല്‍ പറ്റി..!

ഇപ്രാവശ്യം നാട്ടില്‍ അവധിക്കു പോയപ്പോള്‍ (കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോള്‍ ) വീട്ടിലെ പഴയ തറവാട്ട് മേശ തുറന്നപ്പോള്‍ കിട്ടിയ രണ്ട് 25 പൈസ നാണയതുട്ടുകള്‍ ഞാന്‍ കീശയിലിട്ടു. വേറൊന്നിനും വേണ്ടിയല്ല. പുറത്തിറങ്ങിയാല്‍ ഏതു കടക്കാരനും ചില്ലറ വല്ലതും ചോദിക്കുക പതിവാണ്. അപ്പോള്‍ കൊടുക്കാന്‍ വേണ്ടിയാണ് മുന്‍കരുതല്‍ എടുത്തത്‌ പാരയായി!

പൂവാട്ടുപറമ്പില്‍ നിന്നും പെരുമണ്ണയിലേക്ക്‌ തിരിയുന്ന പാതയുടെ ഒരത്തെ പെട്ടിക്കടയില്‍ നിന്നും മോരുവെള്ളം കുടിച്ചപ്പോള്‍ എത്രയായി എന്ന് ചോദിച്ചു. മൂന്നര ഉറുപ്യയായി.

ഞാന്‍ കൂള്‍ ആയി മൂന്ന്‍ ഒരു രൂപയും കൂടെ രണ്ട് 25 പൈസ നാണയതുട്ടുകളും കടക്കാരന് നേരെ നീട്ടി. അയാള്‍ വികലമായി ചിരിച്ചു. അവിടെ വെടിപറഞ്ഞിരിക്കുന്ന രണ്ട് വൃദ്ധരും ചിരിയോ ചിരി. എനിക്ക് കാര്യം മനസ്സിലായില്ല.

"25 പൈസ നാണയം സര്‍ക്കാര്‍ എന്നേ നിറുത്തിയത് അറിഞ്ഞില്ലേ കോയാ?"

"ഇല്ല! എപ്പോ?" - ഞാന്‍ കടക്കാരനോട് ചോദിച്ചു.

"ഇങ്ങള്‍ക്ക് സുഖല്ലേ? അല്ലാ വട്ടാണോ?" - എന്ന് അയാള്‍ ചോദിച്ചില്ലെങ്കിലും എനിക്കങ്ങനെ ആ മുഖത്ത് നിന്നും വായിച്ച് എടുക്കാന്‍ പറ്റി.

"ക്ഷമിക്കണം. ഞാന്‍ കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വന്നുപോകുന്ന പരേതന്‍ (സോറി) പ്രവാസി ആണ് ഏട്ടാ.. നാട്ടിലെ മാറ്റങ്ങള്‍ ഒന്നും അറിഞ്ഞില്ല. ഏതായാലും ഇത് വെച്ചോളൂ.. സ്മാരകം ആയ സാധനം അല്ലേ.."

ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു തടി കൈച്ചില്‍ ആക്കി അവിടെ നിന്നും നടന്നു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com