Saturday, 24 August 2013

അകലുന്തോറും... (അധ്യായം - 1)

പച്ചപ്പ്‌ തണലേകിനില്‍ക്കുന്ന മേലോത്ത് തറവാട്ടുപറമ്പിലെ അച്ഛന്‍റെ സമാധിയില്‍ വിളക്ക് കത്തിച്ച് കൈകൂപ്പി കണ്ണടച്ച് സിന്ധു നിന്നു. സമീപം ബിന്ദുവും നന്ദുവും..

സിന്ധുവിന്‍റെ ഓര്‍മ്മകളില്‍ അച്ഛന്‍ തെളിഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ ഗോപാലന്‍റെ സ്കൂട്ടറില്‍ അഞ്ചുവയസ്സുള്ള, കണ്ടാല്‍ ഒരുപോലെ തോന്നിക്കുന്ന, സുന്ദരികളായ സിന്ധുവും ബിന്ദുവും ആദ്യമായി സ്കൂളിലേക്ക് യാത്രയാവുന്നു. അവരെ നോക്കി കൈവീശുന്ന അമ്മ മാധവി മൂന്നുവയസ്സുള്ള നന്ദുവിനെ മാറോട് ചേര്‍ത്ത് താലോലിക്കുന്നുണ്ട്.

സര്‍ക്കാര്‍സ്കൂളിലെ ഒന്നാംക്ലാസ്സില്‍ ഇരട്ടകളെ ഇരുത്തി മുത്തം കൊടുത്ത് തിരികെപോകുന്ന അച്ഛന്‍. ഒരുപാട് കുട്ടികള്‍ കലപിലകൂട്ടുന്ന പുതിയലോകത്തെ പകച്ചുനോക്കി ഇരിക്കുന്ന ഇരട്ടകള്‍..

“സിന്ധൂ.. അമ്മേടെ അടുത്താരുമില്ല. പോകാം.”

ബിന്ദുവിന്‍റെ ശബ്ദം സിന്ധുവിനെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി. അവര്‍ പറമ്പിലൂടെ വീട്ടിലേക്ക് നടന്നു. ഗേറ്റിനുമുന്നില്‍ ഒരു കാര്‍ വന്നുനിന്നു. അവര്‍ അങ്ങോട്ട്‌ നോക്കി. ഗേറ്റ് തുറന്ന് പത്തുവയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ കുറേ സമ്മാനപൊതികളുമായി ഓടിവന്നു. കാര്‍ തിരിച്ച്പോകുന്ന ശബ്ദം നേര്‍ത്തില്ലാതായി.

“എന്‍റെ മോനാ.. നിഥിന്‍. എല്ലാ ഞായറാഴ്ചയും അവന്‍റെ അച്ഛന്‍ വന്നുകൊണ്ടുപോകും. ബീച്ചിലും മാളിലും കൊണ്ടുനടന്ന് അവന് പലതും മേടിച്ചുകൊടുത്ത് വൈകിട്ട് കൊണ്ടുവിടും.”

ബിന്ദു ഓടിവന്ന മകനെ കെട്ടിപ്പിടിച്ച് സിന്ധുവിനോട് പറഞ്ഞു.

“മോനേ.. ഇതാരാന്നറിയോ? പണ്ട് അമേരിക്കയില്‍ പോയ സിന്ധുമാമിയാ ഇത്.”

നിഥിന്‍ പുഞ്ചിരിച്ചു. സിന്ധു അവനെ തലോടി ഒരുപാടുനേരം നോക്കിനിന്നു.

“മാമീ.. എവിടെ സോനയും അങ്കിളും?”

സിന്ധു മറുപടി കിട്ടാതെ വല്ലാതായി. നന്ദു ഇടപെട്ടു.

“അവര്‍ ഉടനെയെത്തും. മോന്‍ പോയി കളിച്ചേ.. ചെല്ല്.” – നന്ദു പറഞ്ഞു.

തൊഴുത്തിലെ പശുക്കളെ കുളിപ്പിക്കുന്ന നാണുവേട്ടന്‍റെ അടുത്തേക്ക് ചെല്ലുന്ന നിഥിന്‍ അച്ഛന്‍ മേടിച്ചുകൊടുത്ത പുതിയ കളിക്കോപ്പുകള്‍ കാണിച്ചുകൊടുക്കുന്നു. നാണുവേട്ടന്‍ അവ നോക്കിയിട്ട് ഉഷാറാണല്ലോ എന്നൊക്കെ പറഞ്ഞ് അവനെ സന്തോഷിപ്പിക്കുന്നുണ്ട്.

അമ്മയുടെ മുറിയില്‍ വരുന്ന സിന്ധുവും ബിന്ദുവും അമ്മയെ എണീപ്പിച്ച് കട്ടിലില്‍ തലയിണവെച്ച് ചാരിയിരുത്തി. ഇരുവശത്തും ഇരുന്ന് അവര്‍ ഓറഞ്ച് തൊലിച്ച് കൊടുത്തു.

“രണ്ടു ഡോക്ടര്‍മാര്‍ ഇടതും വലതും ഉള്ളതാ ഒരാശ്വാസം. ഒരിക്കലും ഇനി ഒരുമിച്ച് നിങ്ങളെ കാണില്ലാ എന്ന വിഷമത്തോടെ പോയില്ലേ പാവം അച്ഛന്‍” – ക്ഷീണിച്ച സ്വരത്തില്‍ അമ്മ പറഞ്ഞു.

“അമ്മേ.., വെറുതെ ഓരോന്ന് ഓര്‍ത്ത് വിഷമിക്കല്ലേ..” – ബിന്ദു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“കാരാഗൃഹത്തില്‍ പെട്ടപോലെ ആയിരുന്നല്ലോ ഞാനവിടെ.. ഒരുവിധത്തിലും സ്വന്തക്കാരെ ബന്ധപ്പെടാന്‍പോലും അനുവദിക്കാത്ത ജയിലര്‍ ആയിരുന്നു സുധി. അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വീട്ടിലേക്ക് ഒന്ന്‍ വിളിക്കാന്‍പോലും എന്നെ സമ്മതിച്ചില്ല.” – സിന്ധു വിഷമത്തോടെ പറഞ്ഞു.

“സുധീടെ കാര്യം ഇനി പറയേണ്ട. എന്നേയും മനുവിനേയും വേര്‍പ്പെടുത്തിയതും, ഇരട്ടകളായ നമ്മളെ അകറ്റിയതുമെല്ലാം അവന്‍റെ കുബുദ്ധിയാണ്!” – ബിന്ദു രോഷംകൊണ്ടു.

“എല്ലാം തലവിധി. മുജ്ജന്മശാപം, ഈശ്വരാ..” – അമ്മ പിറുപിറുത്തു.

“പ്രിയയേയും മോളേയും കൂട്ടികൊണ്ടുവരാന്‍ പോകുന്നു. വിരുന്നുപാര്‍ക്കാന്‍ പോയിട്ട് ഒത്തിരി ദിവസങ്ങളായി.” - നന്ദു വാതില്‍ക്കല്‍ വന്നുപറഞ്ഞിട്ട് പോയി. കാര്‍ സ്റ്റാര്‍ട്ടായി ഗേറ്റ് കടന്നുപോകുന്ന ശബ്ദം കേട്ടു.

“മോളേ.. സന്ധ്യാദീപത്തിന് നേരായി.” – അമ്മ പറഞ്ഞത് കേട്ട് ബിന്ദു എഴുന്നേറ്റ് പോയി.

സിന്ധു അമ്മയുടെ ശോഷിച്ചകൈകള്‍ ചേര്‍ത്തുപിടിച്ചു. അമ്മ അവളെ നോക്കി ചോദിച്ചു: “ഇനിയെന്നാ അമേരിക്കയിലേക്ക്..?”

“ഇനി പോണില്ല! ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്യണം.” – സിന്ധു അറിയിച്ചു.

“ങേ..! അപ്പോ.., സുധീം സോനമോളും..?!” – അമ്മ അന്തംവിട്ടു അവളെ നോക്കി.
സിന്ധു ശൂന്യമായ നോട്ടത്തോടെ ഇരുന്നു.
“അരുതാത്തത് എന്തൊക്കെയോ സംഭവിച്ചപോലെ അമ്മയ്ക്ക് തോന്നുന്നു മോളേ.. എന്താണ്ടായേ?” - അമ്മയുടെ ചോദ്യം മുള്ളുപോലെ സിന്ധുവിന്‍റെ ഹൃദയത്തില്‍ കൊണ്ടു.

“ദീപം.. ദീപം.. ദീപം...” – ബിന്ദുവിന്‍റെ സ്വരം ഇടനാഴിയിലൂടെ പോയി കോലായില്‍ ചെന്നവസാനിച്ചു. അമ്മ കണ്ണടച്ച് നാമം ജപിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ചുമരിലെ കൃഷ്ണഭഗവാന്‍റെ ചിത്രത്തില്‍ ചെന്നുനിന്നു.


(തുടരും../-)

Thursday, 22 August 2013

അകലുന്തോറും...

കരിപ്പൂര്‍ വിമാനതാവളത്തിന്‍റെ ‘ആഗമന’കവാടത്തില്‍ നന്ദു കാത്തുനിന്നു. ദുബായ് ഫ്ലൈറ്റ് ഇറങ്ങിവരുന്ന യാത്രക്കാരില്‍ അവന്‍റെ കണ്ണുകള്‍ പാഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍ പ്രതീക്ഷിച്ചയാള്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ സിന്ധു. മുഖം മ്ലാനമാണ്. വര്‍ഷങ്ങള്‍ക്കുശേഷം പെങ്ങളും ആങ്ങളയും തമ്മില്‍ കാണുകയാണ്. അവളെ സ്വീകരിച്ച് ഒന്ന് കെട്ടിപ്പിടിച്ച് അവന്‍ ലഗേജ്ട്രോളി ഉറുട്ടികൊണ്ട് പാര്‍ക്ക് ചെയ്ത കാറിന്‍റെ ഡിക്കിയില്‍ വെച്ചു.

കാര്‍ ഓടിക്കുന്ന നന്ദു. സമീപം സിന്ധു. അവര്‍ ഒന്നും അധികം മിണ്ടിയില്ല. ഏറെനേരം ഓടിയ കാര്‍ ഒരു പഴയ തറവാട്ടുവളപ്പിലേക്ക് പ്രവേശിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാര്‍ വരുന്നത് കണ്ട കാര്യസ്ഥന്‍ നാണുവേട്ടന്‍ കോലായില്‍ നിന്നും ഇറങ്ങിവന്നു. കുഞ്ഞുനാള്‍തൊട്ടേ കാണുന്ന നാണുവേട്ടനെ കുറേകാലത്തിനുശേഷം സിന്ധു കാണുകയാണ്. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. നാണുവേട്ടനും ചിരിച്ചു. കാര്‍ മുറ്റത്ത് നിറുത്തിയിട്ട്‌ നന്ദു ഇറങ്ങി. ഡിക്കി തുറന്ന് ലഗേജ് നാണുവേട്ടന്‍ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി.  സിന്ധുവും നന്ദുവും അനുഗമിച്ചു.

ഇരുണ്ടമുറിയില്‍ രോഗശയ്യയില്‍ കിടക്കുന്ന പ്രായമായ അമ്മ മാധവി, അരികെ മകള്‍ ഡോക്ടര്‍ ബിന്ദു. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഇരട്ടസഹോദരിയായ സിന്ധുവിനെ കണ്ട ബിന്ദു നിര്‍വികാരമായ നോട്ടത്തോടെ എഴുന്നേറ്റു. പിറകെ നന്ദുവും മുറിയിലേക്ക് കടന്നുവന്നു. മാധവിയമ്മയുടെ ക്ഷീണിച്ച കണ്ണുകള്‍ പാതിതുറന്ന് ആഗതരെ നോക്കി. ആ നോട്ടത്തില്‍ സിന്ധുവിന്‍റെ രൂപം അവ്യക്തമായി തെളിഞ്ഞു. അമ്മയുടെ ചുണ്ടുകള്‍ പ്രയാസപ്പെട്ട് അനങ്ങാന്‍ തുടങ്ങി. അവ്യക്തമായ വാക്കുകള്‍ നിര്‍ഗളിച്ചു.

“മോളേ... നീ വന്നോ? അമേരിക്കയില്‍ സുഖാണോ നിനക്കും.. കുടുംബത്തിനും..?”

സിന്ധു ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു വിതുമ്പി.

“അമ്മേ.. ഈ മോളോട് പൊറുക്കണം.”

അമ്മയുടെ മാറില്‍ ഒരു കൊച്ചുകുഞ്ഞിനെപോലെ അവള്‍ കിടന്നുകരഞ്ഞു. അവളെ നന്ദു പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇരട്ടഅനുജത്തി ബിന്ദു നിര്‍വികാരയായി നോക്കിനിന്നു. കാര്യസ്ഥന്‍ നാണുവേട്ടന്‍ ഒന്നെത്തിനോക്കിയിട്ട് അപ്പുറത്തേക്ക് പോയിമറഞ്ഞു.

(തുടരും../)


© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com