Monday, 26 May 2008

പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അച്ചടിക്കുന്ന ചരിതങ്ങള്‍

'ഏറനാടന്‍ ചരിതങ്ങള്‍' പുസ്‌തകമാക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കഥകള്‍ (പോസ്റ്റുകള്‍) ഏതെന്നത്‌ ഈയ്യിടെ പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അറിയിച്ചു. ഈ വിശേഷം സന്തോഷപൂര്‍വം നിങ്ങളോടൊപ്പം പങ്കുവെയ്‌ക്കട്ടെ.

* വല്യാപ്പ (എന്റെ ആദ്യത്തെ പോസ്റ്റ്!)

* ഖബറിടത്തില്‍

* സ്വര്‍ഗയാത്ര

* ഒരോണക്കുറിപ്പ്‌

* അതിഥി ദേവോ ഭവ

* എന്നാലുമെന്റെ അമ്മായീ

* ഉമ്മുമായുടെ നോമ്പുസല്‍ക്കാരം

* കുഞ്ഞാവയും കൂട്ടുകാരനും

* ജീവിതത്തിലെ ഒരു രസച്ചീന്ത്‌

* ഒരു തേങ്ങയും ചില പൊല്ലാപ്പുകളും

* നാട്ടിലെ രണ്ടു കഴുതകള്‍

* നാടുവിട്ടവന്‍ കത്തും കൊണ്ടുവന്നു

* എവറെസ്റ്റിലെ രാമായണം കിളിച്ചൊല്ല്‌

എല്ലാ പോസ്റ്റുകളും പുസ്തകത്തില്‍ ആക്കണമെന്ന് ആശ ഇല്ലാഞ്ഞിട്ടല്ല; അനുനയപൂര്‍വം പൂര്‍ണ്ണാ പ്രസാധകര്‍ പൂര്‍ണ്ണമായും പിന്നെ പരിഗണിച്ചോളാം എന്നൊരു ചിരിയിലൊതുക്കി! ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബൂലോഗത്തിനു വെളിയിലുള്ള വായനക്കാര്‍ക്കും ഇവ ലഭ്യമാകും.

Tuesday, 13 May 2008

എന്റെ എസ്സെസ്സെല്‍സി റിസെള്‍ട്ട്‌!

ഞാന്‍ പത്താം തരത്തില്‍ പ്രവേശിക്കുന്നത്‌ പത്തൊമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്നെയുള്ള കാലത്തായിരുന്നു. എന്റെ ഉമ്മയെ പത്താം ക്ലാസ്സില്‍ ഹിന്ദി പഠിപ്പിച്ച ശോശാമ്മ ടീച്ചര്‍ തന്നെയായിരുന്നു എന്റേയും ക്ലാസ്സ്‌ ടീച്ചര്‍! അതുകൊണ്ടുതന്നെ ഒന്‍പതാം തരം വരെ ഉണ്ടായിരുന്ന പോക്കിരിത്തരങ്ങളും വായ്‌ നോട്ടവും അല്‍പസ്വല്‍പം കണ്‍ട്രോള്‍ ആക്കേണ്ടിവന്നത്‌ എന്നെ എരിപിരികൊള്ളിച്ചു.

എന്റെ ഉമ്മ ശോശാമ്മടീച്ചറുടെ ശിഷ്യ ആയിരുന്ന വിവരം ഞാന്‍ തന്നെ വല്യ ഗെറ്റപ്പില്‍ സഹപഠിതാക്കളുടെ മുന്നീന്ന് പറഞ്ഞത്‌ വടികൊടുത്ത്‌ അടിവാങ്ങുക എന്ന് കേട്ടിരുന്ന ചൊല്ല് അര്‍ത്ഥവത്താകുന്നത്‌ അനുഭവിച്ചറിഞ്ഞതായിരുന്നു.

എന്തിനും ഏതിനും ശോശാമ്മ ടീച്ചര്‍ എന്നെ വിളിച്ച്‌ ക്ലാസ്സിനൊരു മാതൃകാബാലനാക്കാന്‍ ശ്രമിച്ചു. പണ്ടുകാലത്ത്‌ അതായത്‌ ടീച്ചറുടെ ചെറുപ്പകാലത്ത്‌ ഉമ്മ ബാലിക ആയിരുന്നപ്പോള്‍ പഠിപ്പിച്ച്‌ ഹിന്ദിയില്‍ ഫുള്‍ മാര്‍ക്ക്‌ മേടിച്ചുകൊടുത്തെന്നു കരുതി മകന്‍ അങ്ങിനെ ആയിക്കൊള്ളണമെന്ന് ടീച്ചര്‍ക്കൊരു വാശി ഉള്ളതുപോലെ. ക്ലാസ്സിലെ ലീഡര്‍ സാജു ആയിരുന്നിട്ടും ചോക്കെടുക്കാനും കോമ്പസിഷന്‍ ബുക്കുകെട്ട്‌ താങ്ങിയെടുത്ത്‌ വരാനുമൊക്കെ ശോശാമ്മ ടീച്ചര്‍ എന്നെ സ്‌റ്റാഫ്‌ മുറിയിലേക്ക്‌ ഓട്ടിച്ചുവിടും. ടീച്ചറുടെ കണ്ണെത്തും ദൂരം വരെ ബെന്‍ ജോണ്‍സണ്‍ കണക്കെയോടിയിട്ട്‌ പിന്നെ വരാന്തയിലൂടെ പതുക്കെ നടന്ന് അപ്പുറത്തെ ടാപ്പിലെ വെള്ളം മോന്തിക്കുടിച്ച്‌ സാവധാനം ബുക്കുകെട്ടും താങ്ങി തിരിച്ചെത്തും. വൈകിയതെന്തേ എന്നുചോദിച്ചാല്‍ പുസ്‌തകഭാരം കാരണമെന്ന് പറഞ്ഞ്‌ ക്ഷീണിച്ച്‌ ബെഞ്ചില്‍ പോയിരിക്കും. പിറകിലെ ബെഞ്ചിലിരുന്ന് ബുക്കിനുള്ളില്‍ ബാലരമയും 'വേറെ' രമയും ഒക്കെ മറിച്ച്‌ കഴിഞ്ഞ അക്കാലങ്ങള്‍ അയവിറക്കി അങ്ങനെയിരിക്കും. ശോശാമ്മടീച്ചര്‍ എന്നെ മുന്‍ബെഞ്ചില്‍ പ്രതിഷ്‌ടിച്ചിരുന്നു.

ബസ്സിലെ കമ്പിയില്‍ തൂങ്ങിയാടുന്നവരെ അനുസ്മരിപ്പിക്കുന്ന, സ്‌ക്കൂള്‍ വളപ്പിലെ അരയാല്‍ കൊമ്പില്‍ തലകുത്തനെയാക്കി തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഓര്‍മ്മിപ്പിക്കുന്ന ഹിന്ദി അക്ഷരങ്ങളെ ശോശാമ്മ ടീച്ചര്‍ ബോര്‍ഡില്‍ ചോക്കമര്‍ത്തി എഴുതുമ്പോള്‍ പിന്നിലെ ബെഞ്ചിലിരുന്ന് വെളിയില്‍ നോക്കിയിരിക്കുന്ന പല്ലന്‍ സന്തോഷിനേയും ചെമ്പന്‍ സലീമിനേയും എല്ലന്‍ ബാബുരാജിനേയുമൊക്കെ ഞാന്‍ തിരിഞ്ഞുനോക്കി അയവിറക്കും. അവരുടെ അമ്മ ഉമ്മമാരൊന്നും ശോശാമ്മടീച്ചര്‍ടെ കൈയ്യീകിട്ടാത്തതല്ലേ അവരിപ്പോ അനുഭവിക്കുന്ന സന്തോഷം!

അങ്ങിനെയങ്ങിനെ പത്താം തരം അന്തിമപരീക്ഷയെത്തി. പഠിക്കാനുള്ള അവധിയെത്തി. (അതിനിടയിലുണ്ടായ ചില സംഭവവികസങ്ങള്‍ പോസ്റ്റായിട്ട്‌ പിന്നെ ഇട്ടാപ്പോരേ, നാളെ രാവിലെ പത്താം ക്ലാസ്സ്‌ റിസല്‍ട്ട്‌ പ്രഖ്യാപനം ആയതിനാല്‍ ധൃതിയില്‍ വിവരിക്കുന്നതാണിത്‌.)

പഠനയവധിക്ക്‌ തൊടിയിലെ പേരക്കാമരത്തിന്റെ കൊമ്പുകളില്‍ പുസ്തകങ്ങളുമായി വലിഞ്ഞുകയറി വായിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് പഠിക്കുന്നത്‌ ഹൃദിസ്ഥമാകുമെന്ന് പണ്ടൊരു ഔലിയ (ഋഷി) പറഞ്ഞിട്ടുണ്ടെന്ന് ഉമ്മയെ ബോധിപ്പിച്ചിട്ടാണ്‌ ഇങ്ങനെ അവസരം കിട്ടിയത്‌. ഇടയ്ക്കിടെ പേരക്ക പറിച്ച്‌ കടിച്ചുതിന്ന് വായനയും ഒപ്പം അങ്ങേതൊടിയിലേക്ക്‌ കണ്ണെറിഞ്ഞും അതങ്ങനെ തുടര്‍ന്നു.

അങ്ങേതിലെ തൊടിയിലെന്താണെന്നോ? പശുവും കിടാവും ഒന്നുമല്ല. അങ്ങേതിലെ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്നറിയപ്പെടുന്ന പെണ്ണുങ്ങളുണ്ട്‌. എട്ട്‌ സഹോദരികള്‍ അവരുടെ ഉമ്മമാരൊത്ത്‌ താമസിക്കുന്നത്‌ അയല്‍പക്കത്തെ വല്യവീട്ടിലാണ്‌. മൂത്തത്‌ തൊടിയിലെ പൈപ്പിന്‍ ചുവട്ടില്‍ വന്ന് തുണികളൊക്കെ അലക്കിയിട്ട്‌ പോയാല്‍ അടുത്തതിന്റെ വരവാണ്‌. അതും അലക്കിയിട്ട്‌ പോയാല്‍ അതിനടുത്തത്‌ വരും. അങ്ങിനെ എട്ട്‌ പെണ്ണുങ്ങളും വന്നോയെന്ന് ഉറപ്പാക്കിയിട്ടേ ഞാന്‍ പേരക്കാമരക്കൊമ്പില്‍ നിന്നും താഴെ ഭൂമിയില്‍ കാലുകുത്താറുള്ളൂ. അവര്‍ ഓരോരുത്തര്‍ വേലിക്കപ്പുറം പൈപ്പ്പിന്‍ ചോട്ടില്‍ തുണികളൊക്കെ അലക്കുന്നേരം പേരക്കാമരത്തിലിരുന്ന് ഉറക്കെ പാഠഭാഗങ്ങള്‍ ഉരുവിട്ടിരിക്കുന്ന എന്നെ സഹതാപപൂര്‍വം നോക്കും. കുശലങ്ങളൊക്കെ അവര്‍ ചോദിച്ചെന്നിരിക്കും. അതിനു ചെവിയോര്‍ത്താണല്ലോ ഇരിപ്പെന്ന് അവരറിയില്ലല്ലോ. പക്ഷെ, ഈ പേരക്കാമരത്തിലെ പഠനം പെട്ടെന്ന് നിറുത്തേണ്ടിവന്നു.

കാരണം, വേറെ പള്ളീക്കൂടത്തില്‍ പഠിക്കുന്ന അവരുടെ സഹോദരന്‍ ബാബു പുസ്‌തകക്കെട്ടുകളും താങ്ങി കമ്പയിന്‍ സ്‌റ്റഡി എന്ന ചടങ്ങിനായിട്ട്‌ പ്രത്യക്ഷപ്പെട്ടു. എനിക്കെന്ത്‌ പറയാനാവും. അങ്ങിനെ ബാബുവുമൊത്ത്‌ ഞാന്‍ പിന്നെ കമ്പയിന്‍ സ്‌റ്റഡിയാക്കി. പേരക്കാമരത്തിനെ ഖേദപൂര്‍വം നോക്കിയിട്ട്‌ അപ്പുറത്തെ മുസ്ലിം പള്ളിയുടെ വാട്ടര്‍ ടാങ്കിന്റെ ചായിപ്പില്‍ പോയിരുന്ന് ഒരുമിച്ചുള്ള പഠനം തുടങ്ങി. അത്‌ പരാജയമായെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബാബു ഓരോ അഞ്ചുമിനിറ്റിലും അവന്റെ പുരയില്‍ പോയി നല്ല പഴുത്ത ചോക്ക്ലേറ്റ്‌ നിറമുള്ള വാളന്‍പുളിയും കല്ലുപ്പും കൊണ്ട്‌ തിരിച്ചെത്തും. പിന്നെ പുളി കല്ലുപ്പും ചേര്‍ത്ത്‌ ഞൊട്ടിനുണഞ്ഞ്‌ എതിരേയുള്ള റബ്ബര്‍ബോര്‍ഡ്‌ വക സ്ഥലത്ത്‌ മേയുന്ന ആട്‌, മാട്‌, കോഴി, താറാവ്‌ എന്നിവയെ നോക്കി നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കും. പെട്ടെന്ന് കെട്ടുകണക്കിനുകിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണുമ്പോള്‍ ഉള്‍ക്കിടിലത്തോടെ പരീക്ഷാദിനം തുടങ്ങുന്ന കൗണ്ട്‌ ഡൗണ്‍ ഞെട്ടലോടെ മനസ്സിലാക്കി വല്ലതും വായിച്ചെന്നു വരുത്തും. അവന്‍ എന്നാ മടങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ പരീക്ഷ തുടങ്ങുന്നതുവരെ ഇവിടേയൊക്കെത്തന്നെ ഉണ്ടാവുമെന്ന് ഞെട്ടലോടെ കേട്ടു. വൃഥാ ഞാന്‍ കാറ്റിലാടിനില്‍ക്കുന്ന പേരയ്ക്കാമരത്തിനെ നോക്കിപ്പോയി. വേലിക്കപ്പുറത്ത്‌ അപ്പോള്‍ അലക്കുകല്ലില്‍ തുണിയടിക്കുന്നതും ഒരു കിളിസ്വരത്തിലുള്ള മൂളിപ്പാട്ടും കേട്ടു.

വല്ലാത്ത മൂഡോഫ്‌ തോന്നിയ ഒരു ദിവസം ബാബു വരുന്നതിനും മുന്‍പ്‌ പുസ്തകക്കെട്ട്‌ ഔട്ട്‌ ഹൗസില്‍ ഭദ്രമായിവെച്ചിട്ട്‌ ഞാന്‍ മാറ്റിനി കാണാന്‍ അടുത്തുള്ള സിനിമാകൊട്ടകയില്‍ പോയി. കോട്ടയം കുഞ്ഞച്ചന്‍ പടം ആയിരുന്നു അവിടെ ഓടിയിരുന്നത്‌. അതിലെ മമ്മൂക്കാന്റെ ഇടിയും ചൂടാകലും കണ്ടുംകേട്ടും ഇടവഴി കേറി കുറുക്കുവഴിപിടിച്ച്‌ വീട്ടുപറമ്പിലെത്തി ഒളിപ്പിച്ചുവെച്ച പുസ്തകങ്ങളെടുത്ത്‌ തൊടിയിലെ പേരക്കാമരത്തെ പാസ്സ്‌ ചെയ്ത്‌ പള്ളിയുടെ വെള്ളടാങ്കിനരികിലെ സ്ഥിരം വേദിയിലെത്തി. അവിടെ പുസ്തകം തലയിണയാക്കിവെച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന ബാബുവിനെ കണ്ടു. പരിസരത്ത്‌ അങ്ങിങ്ങായിക്കിടക്കുന്ന പുളിങ്കുരുക്കളും കണ്ടു. പാവം എന്നെക്കാണാഞ്ഞ്‌ ഉറങ്ങിപ്പോയതാവും. (പാവം ബാബു ഇന്ന് നമ്മോടൊപ്പമില്ല. 1999-ല്‍ ഹാര്‍ട്ട്‌ അറ്റാക്കുവന്ന് മരിച്ചുപോയി)

കട്ടന്‍ചായ വല്ലതും കിട്ടുമോ എന്നറിയാന്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ഉമ്മായുടെ അന്വേഷണം. പഠനം എത്രാമത്തെ റിവിഷന്‍ ആയെന്ന്?! ഒന്നുപോയിട്ട്‌ കാല്‍ ഭാഗം പോലും റിവിഷന്‍ ആയിട്ടില്ലെന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അവ്യക്തമായി എന്തോ എനിക്കുതന്നെ മനസ്സിലാകാത്ത മറുപടികൊടുത്ത്‌ അവിടെ പാത്രത്തില്‍ വെച്ച ചൂടാറിയ കട്ടനടിച്ച്‌ തിരികെ താവളത്തിലെത്തിയപ്പോള്‍ ബാബു കിടന്നിടത്ത്‌ പൂടപോലുമില്ല. അവന്‍ ഉണര്‍ന്നെഴുന്നേറ്റ്‌ പോയിരിക്കുന്നു. അവന്‍ കഴിച്ചിട്ട്‌ കളഞ്ഞ പുളിങ്കുരുക്കള്‍ പുളിയനുറുമ്പുകള്‍ ആന്റിനകൊണ്ട്‌ ചെക്ക്‌ ചെയ്ത്‌ വട്ടം കൂടിനില്‍ക്കുന്നുണ്ട്‌. അല്‍പം കിട്ടിയ ഏകാന്തതയില്‍ എന്തോ വാശിപ്പുറത്ത്‌ നേരം ഇരുട്ടുവോളം കൈയ്യില്‍ തടഞ്ഞ പുസ്‌തകങ്ങള്‍ വായിച്ചു. മലയാളടെക്‍സ്‌റ്റ്‌ ആയിരുന്നു കൂടുതല്‍ വായിച്ചത്‌. അതിലെ കഥകളും കവിതകളും കൊള്ളാം. ഹിന്ദി തൊട്ടുനോക്കാനേ തോന്നിയില്ല. അതുകാണുമ്പഴേക്കും ശോശാമ്മടീച്ചറുടെ വസൂരിക്കലയുള്ള മുഖം ഓര്‍മയിലെത്തും.

ഒരുനാള്‍ സ്‌ക്കൂളില്‍ ഹാള്‍ടിക്കറ്റ്‌ മേടിക്കാന്‍ പോയി. അന്ന് വീണ്ടും സാജിതയേയും ശത്രു ഷാജിയേയും കണ്ടു. ചെമ്പനേയും പല്ലനേയും കണ്ടു. അങ്ങിനെയങ്ങിനെ ഒടുവില്‍ പരീക്ഷയെത്തി. നെട്ടോട്ടമോടിയിട്ട്‌ പരീക്ഷാഹാള്‍ കണ്ടെത്തി. ബെല്ലടിച്ചു. പിന്നേം അടിച്ചു. ശ്‌മശാനമൂകത! എന്നും ഉച്ചതിരിഞ്ഞ്‌ രണ്ടേകാല്‍ മണിനേരത്ത്‌ കുറച്ചങ്ങുദൂരെയുള്ള സിനിമാടാക്കീസിലെ പാട്ടുകള്‍ കാറ്റില്‍ ഉയര്‍ന്ന് പരീക്ഷാഹാളിലും എത്തും. 'കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കുന്നേരം,.' 'വളനല്ല കുപ്പിവള വാങ്കിതരും നാള്‌..' എന്നീഗാനങ്ങളിന്നും എന്നെ ആ പരീക്ഷാഹാളിലെത്തിക്കും. അതും കേട്ടിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടുമ്പോലെ..

പേപ്പര്‍ വിതരണം നടക്കുമ്പോള്‍ കുറുനാടിറഷീദിനെ പിടിച്ച്‌ ഒരു അധ്യാപകന്‍ വരാന്തയിലൂടെ കൊണ്ടുപോകുന്നതുകണ്ടു. ആരോ പറയുന്നത്‌ കേട്ടു. അവന്‍ ഹാള്‍ടിക്കറ്റ്‌ വീട്ടീവെച്ചുപോന്നത്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവന്റെ ഇത്താത്ത അതെടുത്ത്‌ കുട്ടിയുടെ അപ്പി കോരിയെടുത്ത്‌ തൊടിയില്‍ കൊണ്ടുപോയി കളഞ്ഞത്രേ! അവര്‍ക്കറിയില്ലല്ലോ ഹാള്‍ടിക്കറ്റിന്റെ വില.

ഒടുവില്‍ പരീക്ഷ തുടങ്ങി. എന്നുമില്ലാത്ത ഞെഞ്ചിടിപ്പ്‌ തോന്നി. മലയാളപരീക്ഷ കുഴപ്പമില്ലാതെ കടലാസുകള്‍ മല്‍സരിച്ച്‌ വാങ്ങി എഴുതിക്കൂട്ടി. ഉച്ചയ്ക്ക്‌ ശേഷവും മലയാളം ബി ധര്‍മ്മരാജ ആയിരുന്നു. അതും വാതോരാതെ എഴുതിക്കൂട്ടി പുറത്തിറങ്ങി. അങ്ങിനെ ഓരോ ദിവസവും കഴിഞ്ഞു. ഹിന്ദിപരീഷയ്ക്ക്‌ ആരെങ്കിലും കോപ്പിയടിക്കുന്നുണ്ടോ എന്നു നോക്കി ഞെളിഞ്ഞുനടക്കുന്ന ഒരു കഷണ്ടിമാഷ്‌ അരികിലെത്തി വിരല്‍ ചൂണ്ടി ശെരിയുത്തരം ചോദ്യപേപ്പറില്‍ കണ്ണും നട്ടിരുന്ന എനിക്ക്‌ കാണിച്ചുതന്നത്‌ ജീവിതകാലത്തെന്നും ഓര്‍ക്കും. മൂപ്പര്‍ക്ക്‌ എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിൂട്ടെന്തു ഫലം. കീശ കാലിയല്ലേ.

അങ്ങിനെ കണക്കുപരീക്ഷയും കുത്തിയെഴുതിക്കുറിച്ച്‌ നീണ്ട ബെല്ലടികേട്ട്‌ ഉയിര്‍ത്തെഴുന്നേറ്റവരെപ്പോലെ എല്ലാവരും മുറ്റത്തേക്ക്‌ ഓടി. പരീക്ഷ ഓവര്‍! വീണ്ടും പലരോടും യാത്രപറഞ്ഞുപിരിഞ്ഞു.

മൂന്നുമാസം എന്താക്കണം എന്ന ചിന്തയായിരുന്നു അപ്പോള്‍. അന്ന് കമ്പ്യൂട്ടര്‍ ഇല്ല പഠിക്കാനോ പരിശീലിക്കാനോ എങ്ങും ആ സാധനമില്ല. ആകെയുള്ളത്‌ രാജേശ്വരി ടാക്കീസിനടുത്തുള്ള അതിന്റെ തന്നെ മാനേജറും ഭാര്യയും സുന്ദരിമോളും നടത്തുന്ന 'ലക്ഷ്‌മീ ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌. അങ്ങിനെ അവിടെ ചേര്‍ന്ന് കീകള്‍ കുത്തിപ്പടിക്കുവാന്‍ ആശ മൊട്ടിട്ടു. ടൂ ഇന്‍ വണ്‍ ആയിരുന്നു അതിനുള്ള കാരണം. അതുപിന്നീട്‌ തരം പോലെ പറയാം.

ഒടുക്കം എസ്സ്‌ എസ്സ്‌ എല്‍ സി റിസല്‍ട്ട്‌ വന്നു. ഇന്നത്തെപ്പോലെ എസ്‌ എം എസ്സിലോ ഇന്റര്‍നെറ്റിലോ ഈ മെയില്‍ വഴിയോ ഒന്നും അറിയില്ലാലോ. രാവിലെതന്നെ മനോരമയെ കാത്തിരുന്നു. അതാരെന്നോ? ഒടുവില്‍ ഗേറ്റിനുമുകളിലൂടെ മനോരമ ടപ്പേം എന്നുവീണ ഒച്ചകേട്ട്‌ ഉള്ളുകാളിപ്പോയി. ഓടിച്ചെന്ന് എടുത്ത്‌ ഏട്‌ മറിച്ചുനോക്കി. നെഞ്ചിടിപ്പുകൂടി. കണ്ണിലിരുട്ട്‌ കേറുമ്പോലെ.

എന്റെ കൈയ്യീന്ന് ഉമ്മയും പെങ്ങളും ഏട്ടനും മനോരമയെ തട്ടിയെടുത്തു. അവര്‍ ഹാള്‍ടിക്കറ്റും വാങ്ങി ഒത്തുനോക്കി. ഏറെപ്പണിപ്പെട്ട്‌ എന്റെ നമ്പര്‍ അവര്‍ മാര്‍ക്കിട്ടുവെച്ചു. എന്നെ തോണ്ടി പറഞ്ഞു. "നീ തോറ്റിട്ടില്ല, സെക്കന്റ്‌ ക്ലാസ്സുണ്ട്‌. വല്യകാര്യായി ഹൂ." തോല്‍ക്കും എന്നുകരുതിയ ഞാന്‍ അതുകേട്ട്‌ തുള്ളിച്ചാടി. വീട്ടിലെ ആദ്യത്തെ സെക്കന്റുക്ലാസ്സുകാരന്‍ എന്ന ബഹുമതി എനിക്കുകിട്ടി. ബാക്കിയുള്ളോര്‍ ഒക്കെ ഒന്നാം ക്ലാസ്സുകാരായിരുന്നല്ലോ. ശോശാമ്മടീച്ചറുടെ ശിഷ്യയായ ഉമ്മപോലും അന്തകാലം ഒന്നാം ക്ലാസ്സുംകൊണ്ട്‌ ജയച്ച കുടുംബത്തില്‍ ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പിച്ച്‌ ആരെങ്കിലും രണ്ടാം ക്ലാസ്സ്‌ വാങ്ങാമോ എന്ന് ഞാന്‍ വെല്ലുവിളിച്ചിട്ട്‌ അതാരും ഇന്നേവരെ ചെയ്തിട്ടില്ല എന്നതാണെന്റെ ആത്മനിര്‍വൃതി!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com