പഴയ തറവാട്ടില്‍ കഴിയുന്ന പ്രായമുള്ള മറിയുമ്മ വാതില്‍ക്കല്‍ വന്നുനിന്ന്‍ കോലായില്‍ ചാരുകസേരയില്‍ സ്വസ്ഥമായി ഇരിക്കുന്ന ഭര്‍ത്താവ് ഹസ്സനാജിയെ എത്തിനോക്കി നെടുവീര്‍പ്പിട്ടു. എന്നിട്ട് വീണ്ടും തന്‍റെ ലോകമായ പുകപിടിച്ച അടുക്കളയിലേക്ക് അവര്‍ പോയി.
പണ്ട് പ്രവാസിയായിരുന്ന ഹസ്സനാജി എന്നും രാവിലെ മുതല്‍ കോലായിലെ ചാരുകസേരയില്‍ വന്നിരിക്കും. ദിനപത്രം പലയാവര്‍ത്തി മറിച്ചുനോക്കും. പിന്നെ ഗതകാലസ്മരണകളുടെ ലോകത്ത് സ്വയം മുഴുകി കഴിഞ്ഞുകൂടും. ഭാര്യ വന്ന്‍ ഭക്ഷണസമയം അറിയിക്കുമ്പോള്‍ അയാള്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കും. നിസ്കാരനേരത്തും ആ ചാരുകസേര നേരിയ ചൂടോടെ കാലിയായിരിക്കും.
കോലായയുടെ ഒരറ്റത്ത് തൂണില്‍ ചൂടിക്കയറിനാല്‍ കെട്ടിവെച്ച പഴയൊരു സൈക്കിള്‍കണ്ണാടിയുണ്ട്. ഇളയ മോന്‍ പത്താംക്ലാസ്സ് നല്ലമാര്‍ക്കോടെ വിജയിച്ചപ്പോള്‍ മേടിച്ചുകൊടുത്ത സൈക്കിള്‍ വര്‍ഷങ്ങള്‍കഴിഞ്ഞ് തെങ്ങുകയറ്റക്കാരന്‍ നാഡിയുടെ മകന് കൊടുത്തപ്പോള്‍ എടുത്തുവെച്ചതാണ് ഈ കണ്ണാടി. ചാരുകസേരയില്‍ ഇരുന്ന് അതില്‍ നോക്കിയാല്‍ പിറകിലെ പാതയിലൂടെ കയറ്റം കയറിയും ഇറങ്ങിയും പോകുന്ന വാഹനങ്ങളും ആളുകളും എന്നും മുടങ്ങാതെ ഞൊണ്ടിപ്പായുന്ന നായയേയും എല്ലാം നല്ല തെളിമയുള്ള പ്രതിബിംബങ്ങളായി ഹസ്സനാജിക്ക് കാണാനാവും. കണ്ണാടിയില്‍ മാറിമറിയുന്ന ദൈനംദിന ജീവിതത്തിന്റെ പകര്‍പ്പില്‍ കണ്ണുംനട്ട് മൂകനായി കഴിയുന്നതില്‍ അയാള്‍ സമാധാനം അനുഭവിച്ചുപോന്നു. മാസത്തിലൊരിക്കല്‍ പോസ്റ്റുമാന്‍ കൊണ്ടുവന്നു കൊടുക്കുന്ന ഗള്‍ഫില്‍ കഴിയുന്ന രണ്ടാണ്‍മക്കളുടെ കത്തുകളും ഡ്രാഫ്റ്റും പൊട്ടിച്ചു വായിക്കുമ്പോള്‍പോലും അയാളുടെ കണ്ണുകള്‍ അധികനേരവും തൂണിന്മേല്‍ കയറിനാല്‍ ബന്ധിച്ച കണ്ണാടിയിലെ പ്രതിബിംബങ്ങളിലായിരിക്കും.
ഉച്ചഭക്ഷണം സാവധാനം കഴിക്കുന്ന ഭര്‍ത്താവിനെ നോക്കി വാതിലില്‍ ചാരിനിന്ന് മറിയുമ്മ പഴയ കാലമോര്‍ത്തു. ഹസ്സനാജി ഗള്‍ഫിലായിരുന്നു. നാട്ടില്‍നിന്ന് അന്നധികമാരും കടല്‍താണ്ടി ജോലിതേടി പോകാന്‍ തുടങ്ങിയിട്ടില്ലായിരുന്നു. പേര്‍ഷ്യയില്‍ പോയ ഹസ്സനാജി നാട്ടില്‍ ഒരത്ഭുതമായിരുന്നു. വിമാനത്തില്‍ കടല്‍കടന്ന് പേര്‍ഷ്യയില്‍ പോയ ഹസ്സനാജിയെ പറ്റി കൂട്ടുകാര്‍ ചന്ദ്രികപത്രത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. കര്‍ക്കിടകം വന്നാല്‍ നാട്ടില്‍ പട്ടിണിയായിരുന്നു. ഭക്ഷണം തേടിവരുന്നവരെക്കൊണ്ട് തറവാട് നിറയുമായിരുന്നു. അവരൊക്കെ വയര്‍ നിറഞ്ഞ് സന്തോഷത്തോടെ പ്രാര്‍ഥിച്ചുകൊണ്ടാണ് തറവാട്ടില്‍ നിന്നും പോയിരുന്നത്.
മക്കള്‍ രണ്ടുപേരും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ പഴയതറവാട്ടില്‍ ഒരാണ്‍തുണയില്ലാതെ കഴിഞ്ഞിരുന്ന മറിയുമ്മയ്ക്ക് എവിടെനിന്നോ വന്നുകൂടാറുള്ള ആരോരുമില്ലാത്ത ഏതാനും കിളവിസ്ത്രീകള്‍ ഒരുകണക്കിന് നല്ലൊരു കാവലായിരുന്നു. ബിയ്യാത്ത, ബമ്മാതാത്ത, പാന്താത്ത, കണ്ണടവെച്ച പാത്വാത്ത എന്നിവരായിരുന്നു ആ കാവല്‍കിളവികള്‍. ഊരും മേല്‍വിലാസവും അക്ഞാതമായ ഇവര്‍ പല സ്ഥലങ്ങളും സഞ്ചരിച്ച് അവിടങ്ങളിലുള്ള തറവാടുകളില്‍ ഓശാരത്തില്‍ കഴിഞ്ഞുള്ള വരവിലാണ് മറിയുമ്മയുടെ അടുത്തും എത്തുന്നത്. ഇവര്‍ നാലും നാല് ദിക്കില്‍ നാല് നേരങ്ങളില്‍ ആയിരിക്കും ദേശാടനം. മറിയുമ്മയുടെ അടുക്കല്‍ ആദ്യം എത്തുന്ന കിളവി തറവാട്ടില്‍ ഒരിടം തന്‍റെ മാറാപ്പ് വെച്ചുകൊണ്ട് കൈക്കലാക്കിയിട്ടുണ്ടാവും. അത് ബിയ്യാത്ത ആണെങ്കില്‍ ബമ്മാതാത്ത എത്തുമ്പോള്‍ ബഹളമാവും. നീണ്ടമൂക്കും തുറിച്ച കണ്ണുകളുമുള്ള ബമ്മാതാത്ത തുന്നിക്കെട്ടിയ മുഷിഞ്ഞവസ്ത്രമിട്ട് ഒരു ദുര്‍മന്ത്രവാദിനിയെ പോലെയായിരുന്നു. “പടച്ചോന്‍ എല്ലാരേയും തിരിച്ച് വിളിച്ച്.. എന്നെമാത്രം അങ്ങട്ട് വിളിക്കുന്നില്ല” എന്ന സ്ഥിരംപരാതിയും പറഞ്ഞ് പടികയറിവരുന്ന പാന്താത്ത അവരുടെ കലഹം കൊഴുപ്പിക്കും. തന്‍റെ കണ്ണട എവിടെയെങ്കിലും കണ്ടോ എന്നുറക്കെ ചോദിച്ചുകൊണ്ട് പിന്നെ പ്രത്യക്ഷപ്പെടുന്നത് പാത്വാത്തയാണ്. കണ്ണട പിന്നീട് സ്വന്തം മാറാപ്പില്‍നിന്നും അവര്‍ തന്നെ എടുത്ത് തുടച്ചുകൊണ്ട് വീണ്ടും മാറാപ്പില്‍വെച്ച് തറവാട്ടില്‍ ഒരു മൂലയില്‍ അവകാശം ഉറപ്പിക്കും. നാലാളും തമ്മില്‍ കണ്ടാല്‍ കുറ്റംപറഞ്ഞ് ദിനങ്ങള്‍ കഴിയും. അവര്‍ക്ക് തോന്നുമ്പോള്‍ ഒരു സുദിനത്തില്‍ എങ്ങോട്ടോ ഊരുതെണ്ടാന്‍ മാറാപ്പുമായി ഓരോരുത്തരായി പുറപ്പെടും.
ഇവരുടെ ബഹളം അസഹ്യമായിട്ടും ഒന്നും പറയാതെ മറിയുമ്മ അവര്‍ക്ക് വകഭേതമില്ലാതെ നല്ല ആഹാരം വെച്ചുകൊടുക്കും. കുഞ്ഞുങ്ങള്‍ക്കും അവര്‍ വരുന്നത് സന്തോഷമാണ്. കിളവികള്‍ കഥപറഞ്ഞും നാടോടിപ്പാട്ട് കഴിയുമ്പോലെ പാടിയും അവരുടെ കരച്ചില്‍ ഇല്ലാതാക്കും. കണ്ണീകണ്ട തെണ്ടികിളവികളെയൊക്കെ വിളിച്ചുകയറ്റി സല്‍ക്കരിക്കുന്നതിനും അവര്‍ കാരണം വീട് അലങ്കോലമായത് കാണുമ്പോഴും എപ്പോഴെങ്കിലും വരാറുള്ള ബന്ധുക്കാര്‍ മറിയുമ്മയോട് കുറ്റംപറയും. എന്നാല്‍ കിളവികള്‍ ഉള്ളതിനാല്‍ താന്‍ അനുഭവിക്കുന്ന സുരക്ഷിതത്വം മാത്രം മറിയുമ്മ ആരെയും അറിയിച്ചില്ല.
ഭര്‍ത്താവ് ഭക്ഷണംകഴിച്ച് എമ്പക്കമിട്ട ഒച്ചകേട്ടപ്പോള്‍ മറിയുമ്മ ഓര്‍മ്മയില്‍ നിന്നുണര്‍ന്നു. ഹസ്സനാജി വീണ്ടും കോലായിലെ ചൂട് മാറിയ ചാരുകസേരയില്‍ വന്നിരുന്നു. ചുറ്റുമുള്ള യഥാര്‍ത്ഥലോകത്ത് നടക്കുന്നത് കാണാതെ, അറിയാന്‍ ഇഷ്ടപ്പെടാതെ തൂണില്‍ പിടിപ്പിച്ച കണ്ണാടിയില്‍ മിന്നിമറയുന്ന പ്രതിബിംബലോകം കണ്ട് കാര്യങ്ങള്‍ മാറിമറിയുന്നതിന് മൂകസാക്ഷിയായി അയാള്‍ കഴിഞ്ഞുപോന്നു. എന്നും ഉച്ചതിരിഞ്ഞാല്‍ അവരവരുടെ ചിന്തകളില്‍ തളച്ചിട്ട ഇരുവരേയും നോക്കി തറവാട്ട്മച്ചില്‍ അള്ളിപ്പിടിച്ചുകിടന്ന്‍ കീഴ്മേല്‍ മറിഞ്ഞ ലോകം കണ്ട് ഒരു പല്ലി ചിലക്കുക പതിവാണ്. അപ്പോള്‍ തലയുയര്‍ത്തി അതിനെ നോക്കുന്ന ഹസ്സനാജി ചിന്തിക്കാറുണ്ട്. ചാരുകസേരയില്‍ ഇരിപ്പ് തുടങ്ങിയ അന്നുമുതല്‍ മച്ചിലെ പല്ലിയെ കാണുന്നതാണ്. പടച്ചവന്‍ പല്ലിയ്ക്ക് നല്‍കിയ ആയുസ്സ് എത്രയെന്നറിയില്ല. ചിലപ്പോള്‍ തറവാട് ഉള്ളകാലം മുതല്‍ തലമുറകളായി കൈമാറിവരുന്ന ചര്യയാവാം പല്ലി മുടങ്ങാതെ ചെയ്യുന്നതെന്ന നിഗമനത്തിലെത്തി ഹസ്സനാജി വീണ്ടും കണ്ണാടിയില്‍ എന്താണ് കാണുന്നത് എന്ന് നോക്കി.
തന്‍റെ നല്ലകാലം അയാളോര്‍ത്തു. അവധിക്ക് നാട്ടില്‍ എത്തിയിരുന്ന നാളുകള്‍. ഒരു അവകാശമെന്നപോലെ താന്‍ കൊണ്ടുവരുന്ന ഫോറീന്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് പോയിരുന്ന ബന്ധുക്കാരും ചോദിച്ചതിലും കൂടുതല്‍ കിട്ടിയതുംകൊണ്ട് പടികടന്നു പോയിരുന്ന നാട്ടുകാരും പലരും മണ്‍മറഞ്ഞുപോയി. അവരുടെ ആത്മാക്കള്‍ക്ക് പടച്ചതമ്പുരാന്‍ സ്വര്‍ഗത്തില്‍ ആരുടെ മുന്നിലും കൈനീട്ടാത്ത അവസ്ഥ പ്രദാനം ചെയ്യട്ടെയെന്ന്‍ ഹസ്സനാജി പ്രാര്‍ഥിച്ചു. അവരുടെ മക്കളും പേരക്കിടാങ്ങളും ഏതായാലും ആ സ്ഥിതിയിലല്ല. അവരൊക്കെ കടല്‍താണ്ടി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി പൊന്ന് വിളയിച്ച് പുത്തന്‍പ്രതാപികളായി ആഡംബരകാറുകളില്‍ കുടുംബസഹിതം ഹോണടിച്ചുകൊണ്ട് കുതിച്ചുപായുന്നത് ഹസ്സനാജി കോലായതൂണിലെ പഴയ സൈക്കിള്‍കണ്ണാടിയില്‍ പതിയുന്ന പ്രതിബിംബത്തിലൂടെ നോക്കി ഇരുന്നുകൊണ്ട് നിശ്വസിച്ചു. പണ്ട് തന്‍റെ പോളിസ്റ്റര്‍കുപ്പായവും ബ്രൂട്ട്സ്പ്രേയും എടുത്തുപോയിരുന്നവരുടെ പിന്‍തലമുറയിലെ ചിലര്‍ എണ്ണപണമിറക്കി സ്വന്തമാക്കിയ തൊട്ടപ്പുറത്തെ സ്ഥലങ്ങളില്‍ ആകാശംമുട്ടുവാന്‍ വെമ്പി ഉയരുന്ന കോണ്‍ക്രീറ്റ് കാടുകള്‍ വളരുന്നത് കണ്ണാടിയിലൂടെ ഹസ്സനാജി കണ്ടു. പണ്ട് ചുളുവിലയ്ക്ക് കിട്ടുമായിരുന്ന കുറ്റിക്കാട് പിടിച്ചുകിടന്നിരുന്ന ആ സ്ഥലങ്ങള്‍ നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടുന്നത് അയാളുടെ ഭാര്യയാണ്.
കേരള സോഷ്യല്‍ സെന്‍റര്‍, അബുദാബി നടത്തിയ കഥാരചനാ മല്‍സരത്തില്‍ സമ്മാനം ലഭിച്ച കഥ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ReplyDeleteNice story...
ReplyDeleteregards
http://jenithakavisheshangal.blogspot.com/
മൂന്ന് പ്രായമായ സ്ത്രീകള്‍ നന്ദനത്തിലെ മൂന്നു ജോലിക്കാരികളെ ഓര്‍മിപ്പിച്ചു.
ReplyDeleteനല്ല കഥ.
കഥ ഇഷ്ടമായി...
ReplyDeleteഅഭിനന്ദനങ്ങൾ....
നന്നായി... ഇതാണ് എന്നും ഒരു സാധാരണ പ്രവാസിയുടെ ജീവിതം.
ReplyDelete