(ഈ കഥ നടന്നത്
മൊബൈല്‍ഫോണും നെറ്റ്കാളും ചാറ്റും കണ്ടുപിടിക്കപ്പെടുന്നതിനും മുന്‍പേ.. അതായത്
നാട്ടില്‍ ടെലിഫോണ്‍ പ്രചാരത്തില്‍ വരുന്നതിനും മുന്‍പേ ഒരു കാലത്താണ്.)
“മുത്തുനവാ
രത്നമുഖം
കത്തിടും മയിലാളെ..”
കത്തിടും മയിലാളെ..”
മാപ്പിളപ്പാട്ട്
ഇശലുകള്‍ പാടികൊണ്ട് കുഞ്ഞായിന്‍ക്ക കാളവണ്ടിയില്‍ മരംകയറ്റി വന്നപ്പോള്‍
ചെട്ട്യങ്ങാടിയില്‍ പതിവുപോലെ ആളുകളെ ആരേയും കാണാതെ ചുറ്റും നോക്കി.
വര്‍ഷങ്ങളായി
കൂടെയുള്ള രണ്ടുകാളകളും മണികുലുക്കി മിണ്ടാതെ നിന്ന് കിട്ടിയനേരം വിശ്രമിച്ചു.
സാധാരണ ചെട്ട്യങ്ങാടിയില്‍ എത്തിയാല്‍ കുഞ്ഞായിന്‍ക്ക അബ്ദുക്കയുടെ മക്കാനിയില്‍
നിന്നും പൊറോട്ടയും മത്തിക്കറിയും കഴിക്കാറുണ്ട്. അന്നേരം അബ്ദുക്കയുടെ മകന്‍
കാദര്‍ ഒരുതൊട്ടി നിറയെ കാടിവെള്ളം കാളകള്‍ക്ക് കൊണ്ടുവെച്ചുകൊടുക്കും. അത്
കുടിച്ചാല്‍ കാളകള്‍ സംതൃപ്തിയോടെ മണികുലുക്കി അവനെ നോക്കും.
ഇന്ന്
അബ്ദുക്കയുടെ മക്കാനിയിലും ആരുമില്ല. തുറന്നിട്ടിട്ടുണ്ട്. എവിടെ പോയി എല്ലാവരും?
കുഞ്ഞായിന്‍ക്ക അന്തംവിട്ടു കാളവണ്ടിയില്‍ നിന്നും ചാടിയിറങ്ങി. കാളകള്‍
അപ്പിയിട്ടു വാലാട്ടി നിന്നു.
പള്ളിയിലെ മുക്രി
ഉമ്മര്‍ക്ക തത്രപ്പെട്ട് ചെട്ട്യങ്ങാടി ഇറക്കം ഇറങ്ങി ഓടിപോകുന്നത് കണ്ടു.
കുഞ്ഞായിന്‍ക്ക കൈകൊട്ടി മുക്രിയെ വിളിച്ചു, പിന്നെ കൂവി. ഓടുന്നതിനിടയില്‍ മുക്രി തിരിഞ്ഞുനോക്കി.
“എങ്ങട്ടാ
ഓടുന്നത്? അങ്ങാടിയില് ആരേയും കാണുന്നില്ല?” –
കുഞ്ഞായിന്‍ക്കയുടെ
ചോദ്യം കേട്ട് മുക്രി ഉമ്മര്‍ക്ക ഓട്ടത്തിനിടയില്‍ വിളിച്ചു പറഞ്ഞു.
“മേക്കുന്നത്ത്
തറവാട്ടില്‍ക്ക് ട്രങ്ക് വിളി വന്നിരിക്കുന്നു. എല്ലാരും അങ്ങോട്ട്
പോയിരിക്ക്വാ.. വേണേല്‍ വന്നോ..”
“എന്ത്
വിളി? വാങ്ക് വിളിക്കുന്ന നിങ്ങള് തെളിച്ചു പറാ..”
കുഞ്ഞായിന്‍ക്ക
ചോദിച്ച് വാപൊളിച്ചു നിന്നു. എന്ത് വിളിയാണതെന്ന് അറിയാന്‍ അങ്ങോട്ട് പോവുകതന്നെ.
കാളകളെ നുകത്തില്‍
നിന്നും അഴിച്ചുമാറ്റി കവലയിലെ ഒരു മരത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടു. കുഞ്ഞായിന്‍ക്കയും
സംഭവം അറിയാന്‍ പാഞ്ഞു.
മേക്കുന്നത്ത്
തറവാട്ടിലെ ഏകബിരുദധാരിയായ മൂസ്സ പേര്‍ഷ്യ എന്നൊരു ദൂരദേശത്ത് പോയിരിക്കുന്നു
എന്നറിയാം. ഇനി മൂസ്സക്ക് എന്തെങ്കിലും സംഭവിച്ചോ?
മേക്കുന്നത്ത് തറവാട്ടില്‍
എത്തിയപ്പോള്‍ അവിടെ നാട്ടിലെ ഒട്ടുമിക്ക പെണ്ണുങ്ങളും കൂടിനില്‍പ്പുണ്ട്.
അകത്തുനിന്നും അടക്കിയുള്ള കരച്ചില്‍ കേട്ടു. ആണുങ്ങളെ ആരേയും കാണാഞ്ഞ് കുഞ്ഞായിന്‍ക്ക
മുറ്റത്ത് കയറാതെ വഴിയില്‍ നിന്നു. മുന്നേ പാഞ്ഞുപോയ മുക്രി ഉമ്മര്‍ക്ക വേറെ
വഴിക്ക് പായുന്നത് കണ്ടു.
“ട്രങ്ക്
വിളി ഇവിടെയല്ല. തപാലാപ്പീസിലാ വന്നിരിക്കുന്നത്. വേണേല്‍ വന്നോ..”
പാച്ചിലിനിടയില്‍
മുക്രി കുഞ്ഞായിനോട് വിളിച്ചു പറഞ്ഞു.
കുഞ്ഞായിന്‍ക്ക
പിന്നാലെ പാഞ്ഞു. തപാലാപ്പീസില്‍ എത്തിയപ്പോള്‍ അവിടെ ജനക്കൂട്ടം ആകാംക്ഷയുടെ മുള്‍മുനയില്‍
നില്‍ക്കുന്നു. മുക്രിയും കുഞ്ഞായിന്‍ക്കയും തിക്കിതിരക്കി നിന്നു.
മേക്കുന്നത്ത്
തറവാട്ടിലെ കാരണവര്‍ ഖദര്‍ജുബ്ബയും മുണ്ടും ധരിച്ച് തപാലാപ്പീസ് വരാന്തയില്‍
ശിപായി കൊണ്ടുവന്നുവെച്ച കസേരയില്‍ ഇരിപ്പുണ്ട്. വിശറി വീശികൊണ്ട് അരികില്‍
ശിങ്കിടിയും നില്‍ക്കുന്നു.
ജനങ്ങള്‍ പലതും
പതുക്കെ പറഞ്ഞു നില്‍ക്കുന്നു. കുഞ്ഞായിന്‍ക്ക സംഭവം എന്താന്നറിയാന്‍ ആവലാതിയോടെ
മുക്രി ഉമ്മര്‍ക്കയെ നോക്കി ആംഗ്യത്തില്‍ ചോദിച്ചു.
“ട്രങ്ക്
വിളി” – മുക്രി കാറ്റൂതും സ്വരത്തില്‍ കണ്ണുരുട്ടി മന്ത്രിച്ചു.
“നമ്മുടെ
കണക്കൊക്കെ എഴുതി കൂടെനിന്നോ എന്ന് പറഞ്ഞിട്ടും മൂസ്സ കേട്ടില്ല. അവന് പേര്‍ഷ്യയില്‍
പോയേ സമാധാനാവൂ എന്ന് വെച്ചാല്‍..? മൂസ്സയ്ക്ക് പേര്‍ഷ്യപൂതി പറഞ്ഞുകൊടുത്ത ആളെ
എന്‍റെ കൈയ്യില്‍ കിട്ട്യാല്‍..”
മേക്കുന്നത്ത്
കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു പല്ല് ഞെരിച്ചു.
പാലായില്‍ നിന്നും
റബ്ബര്‍കൃഷി ചെയ്യാന്‍ വന്ന് ചെട്ട്യങ്ങാടിക്കാരന്‍ ആയിമാറിയ മത്തായി ചൂളി അന്നേരം
പിന്നാക്കം വന്ന് കുഞ്ഞായിന്‍ക്കയെ മുട്ടിയപ്പോള്‍ ഞെട്ടി തിരിഞ്ഞുനോക്കി.
“ഉം.
എനിക്കറിയാം മത്തായീ..” –
കുഞ്ഞായിന്‍ അര്‍ത്ഥംവെച്ച് ചിരിച്ചു.
“മൂസ്സ
പോയിട്ട് മാസം ആറായില്ലേ?” – ആരോ
ചോദിക്കുന്നത് കേട്ടു.
“പോയിട്ട്
പിന്നെ ഒരു വിവരോം ഇല്ല. കത്തുമില്ല. ഇപ്പൊ ദാ ഒരു ട്രങ്ക് വിളി വന്നിരിക്കുന്നു.
എല്ലാവരേയും
ഞെട്ടിച്ചു കൊണ്ട് പൊതുവേ നിശബ്ദമായ പരിസരത്ത് “ടിര്‍ണിം ടിര്‍ണീം” മുഴങ്ങി.
എല്ലാവരും
തപാലാപ്പീസിന്റെ അകത്തേക്ക് നോട്ടം ഫോക്കസ് ചെയ്തു ഏന്തിവലിഞ്ഞു നിന്നു.
തപാലാപ്പീസ്
മാസ്റ്റര്‍ ഓടിച്ചെന്ന് ഫോണെടുത്തു. ഫോണ്‍ എന്ന് പറഞ്ഞാല്‍ മരത്തിന്റെ
ചട്ടക്കൂടുള്ള ഭാരിച്ച ഒരു സാധനമാണ്. കുഞ്ഞായിന്‍ക്ക ആദ്യായിട്ടാണ് ഫോണ്‍
കാണുന്നത്.
“ഹലോ..
ഹലോ..”
തപാലാപ്പീസ് മാസ്റ്റര്‍ ഉച്ചത്തില്‍ കൂവി.
ശിപായി ഓടിവന്നു
കാരണവരോട് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കാരണവര്‍ പ്രൌഡിയോടെ നടന്നു അകത്തേക്ക്
പോയി.
ഫോണ്‍റിസീവര്‍
തിരികെപിടിച്ച കാരണവരെ മാസ്റ്റര്‍ വിഷമത്തോടെ നോക്കി നേരെപിടിക്കാന്‍
കാണിച്ചുകൊടുത്തു.
കാരണവര്‍ റിസീവര്‍
ചെവിയില്‍ പിടിച്ചു ശ്രദ്ധിച്ചു. ഫോണില്‍ ഒരു പെണ്ണിന്റെ സ്വരം!
“This is a Trunk Call from Dubai .
Please Wait.”
“ആരാ ആരാ?
എവിടുന്നാ?” – കാരണവര്‍ ഉറക്കെ ചോദിച്ചു.
“മൂസ്സയാണ്
ദുബായീന്നാ..”
“മോനേ
മൂസ്സാ.. നിന്‍റെ കൂടെ ഏതാടാ ഒരു പെണ്ണ്?” – കാരണവര്‍ അലറി.
“ബാപ്പാ..
പെണ്ണോ? ഏതു? എവിടെ? ഇവിടെ ഞാന്‍ ഒറ്റയ്ക്കാ.”
“നീ എന്നെ
പറ്റിക്കണ്ട.”
ടൂം ടൂം.
സ്വരത്തിനു പിന്നാലെ വീണ്ടും പെണ്ണിന്റെ ശബ്ദം വന്നു.
“Thank you for choosing India Government Telecom Service”
ഫോണ്‍ മിണ്ടാട്ടം
ഇല്ലാതെയായി. കാരണവര്‍ കലിതുള്ളി ഫോണ്‍ റിസീവര്‍ ഊക്കോടെ താഴെയിട്ടു. തപാല്‍മാസ്റ്ററും
ശിപായിയും സമയത്തിന് അത് പിടിച്ചു ക്രാഡിലില്‍ വെച്ചു. അവരെ തള്ളിമാറ്റി കാരണവര്‍
വേഗം പുറത്തേക്കു വന്നു.
ജനങ്ങള്‍ പരസ്പരം
നോക്കി. മൂസ്സ, പെണ്ണ്.. പേര്‍ഷ്യ.. ശരിക്കും എന്താ ഉണ്ടായത്. അവര്‍ കാരണവരെ
നോക്കി. പക്ഷെ ആര്‍ക്കും ധൈര്യമില്ല കാരണവരോട് ചോദിക്കാന്‍..
കാരണവര്‍
കലിതുള്ളി തോളത്തെ തോര്‍ത്തെടുത്ത് ഒന്ന് ചുഴറ്റി വീണ്ടും യഥാസ്ഥാനത്ത് വെച്ചു.
“ഹും
എന്നോടാ കളി. മൂസ്സ പേര്‍ഷ്യയില്‍ പോയി ഏതോ ഇംഗ്ലീഷ്‌കാരിയുടെ കൂടെ വിലസുകയാ..
അവനു പേര്‍ഷ്യപൂതി പറഞ്ഞുകൊടുത്ത പഹയനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍..”
കൂട്ടത്തില്‍
നിന്ന മത്തായി തലക്കെട്ട് എടുത്ത് മുഖം പൊത്തി കുനിഞ്ഞു നിന്നു.
“കൂടുതല്‍
ചോദിച്ചപ്പോള്‍ മൂസ്സയ്ക്ക് മിണ്ടാട്ടം മുട്ടി. പിന്നെ സംസാരിച്ചത് ആ
പെമ്പ്രന്നോത്തിയാ.”
പറഞ്ഞുകഴിഞ്ഞ്
മേക്കുന്നത്ത് കാരണവര്‍ പല്ല് ഞെരിച്ചു കാര്‍ക്കിച്ചു തുപ്പിയിട്ടു ജനങ്ങളുടെ
ഇടയിലൂടെ നടന്നു. പിറകെ ശിങ്കിടിയും.
“നല്ല
നിസ്കാരോം നോമ്പും ഓത്തും ഒക്കെയുള്ള കുണ്ടന്‍ ആയിരുന്നു മൂസ്സ. പറഞ്ഞിട്ടെന്താ
അവനേയും ഇബ്‌ലീസ് കെണിയിലാക്കി.” – മുക്രി
ഉമ്മര്‍ക്ക നെടുവീര്‍പ്പിട്ടു.
“അപ്പോ
ഇതാണല്ലേ ട്രങ്ക് വിളി. ഇതൊരു തരം റങ്ക് വിളിതന്നെ!” – കുഞ്ഞായിന്‍ക്ക എല്ലാം മനസ്സിലായ ഭാവത്തില്‍ നടന്നു.
ചെട്ട്യങ്ങാടികവലയില്‍
ഇട്ടുപോന്ന കാളവണ്ടിയും അതിലെ മരത്തടികളും കാളകളും പെട്ടെന്ന്‍ ഓര്‍മ്മയില്‍
ഓടിയെതിയപ്പോള്‍ കുഞ്ഞായിന്‍ക്ക ഓട്ടം തുടങ്ങി.
കവലയില്‍
എത്തിയപ്പോള്‍ കുഞ്ഞായിന്‍ക്കയെ പ്രതീക്ഷിച്ചപോലെ നിലത്ത് കിടന്നിരുന്ന കാളകള്‍
അയവിറക്കല്‍ നിറുത്തി പതുക്കെ എഴുന്നേറ്റു നിന്നു.
അബ്ദുക്കയുടെ
മക്കാനിയില്‍ ആളുകള്‍ എത്തിതുടങ്ങി. കുഞ്ഞായിന്‍ക്ക പതിവുപോലെ പൊറോട്ടയും
മത്തിക്കറിയും കഴിക്കാന്‍ അവിടെ ചെന്നു. മക്കാനിയില്‍ നിന്നും തൊട്ടിയില്‍ കാടിവെള്ളം
കൊണ്ടുവന്ന കാദര്‍ കാളകള്‍ക്ക് മുന്നില്‍ വെച്ചുകൊടുത്തു.