Saturday, 20 August 2011

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന നാടന്‍വഴികളിലൂടെ..

പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ ഒന്നാം ചാന്‍സില്‍ പാസ്സായി കിട്ടിയ മാര്‍ക്കിലെ അക്കം കണ്ട് കോളേജുകാര്‍ ആരും  ഒരു  സീറ്റ്‌ തരില്ല എന്നായപ്പോള്‍ നാട്ടിലെ പാരലല്‍ കോളേജ്‌ ആയ ക്ലാസിക്കിന്റെ പ്രൊപ്രൈറ്റര്‍ കം പ്രിന്‍സിപ്പല്‍ സോണിസാര്‍ സന്തോഷപൂര്‍വ്വം  നീട്ടിത്തന്ന ബെഞ്ചിലെ ഒരു സീറ്റില്‍ ഞാന്‍ ഡിഗ്രിക്ക് ഇരുന്നു. പാരലല്‍ കോളേജിലെ ഗ്ലാമര്‍ വിഭാഗമായ ഇംഗ്ലീഷ്‌ സാഹിത്യക്ലാസില്‍ ആകെ പതിനഞ്ച് വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്നു. ഏഴാണ് എട്ടു പെണ്ണ്.

ജലീല്‍ സായിബ്‌ വാടകയ്ക്ക് കൊടുത്ത മൂപ്പരുടെ വലിയ തറവാടിന്റെ ഒരു ഭാഗവും പിന്നെ മുറ്റത്ത്‌ കെട്ടിപ്പൊക്കിയ ഷെഡിലും ആണ് ഈ സമാന്തരകോളേജ്‌ പ്രധാനകെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ കുട്ടികളെ ഉള്‍കൊള്ളാന്‍ കഴിയാഞ്ഞപ്പോള്‍ അല്പം അകലെയുള്ള ഹരിജനഹോസ്റ്റല്‍ ഉണ്ടായിരുന്ന കാലികെട്ടിടവും സമീപമുള്ള സുന്നിമദ്രസകെട്ടിടവും കൂടെ വാടകയ്ക്ക് എടുത്ത് ക്ലാസിക്‌ വിപുലീകരിച്ചു. ഒന്നാം ഡിഗ്രി ക്ലാസ്സില്‍ പ്രവേശിച്ച എനിക്ക് എന്തെന്നില്ലാത്ത അനുഭൂതി ഉളവായി. പണ്ട് ഓത്ത് പഠിക്കാന്‍ ഇരുന്ന മദ്രസയിലെ അതേ ക്ലാസ്സില്‍ വീണ്ടും വിധിയാല്‍ ഞാന്‍ എത്തപ്പെട്ടിരിക്കുന്നു!

കറുത്ത പെയിന്‍റ് അടിച്ച പാര്‍ട്ടിഷന്‍ ബോര്‍ഡ്‌ കൊണ്ട് ക്ലാസുകള്‍ തരംതിരിച്ചിരിക്കുന്നു. അതില്‍ ഏതോ കുസൃതികള്‍ ഉണ്ടാക്കിയ തുളകളിലൂടെ തൊട്ടപ്പുറം ഇരിക്കുന്ന തരുണീമണികളെ കാണാം. എസ് എം എസ്, ഈമെയില്‍ , ഫെയിസ്ബുക്ക്, ഓര്‍ക്കൂട്ട് ഇല്ലാത്ത അക്കാലത്ത് സന്ദേശങ്ങള്‍ അയക്കാനുള്ള മാര്‍ഗങ്ങള്‍ ഇത്തരം തുളകള്‍ ആയിരുന്നല്ലോ..

തൊട്ടപ്പുറത്തെ വീടുകളില്‍ നിന്നും ഉച്ചയാവാന്‍ നേരം മൂക്കില്‍ തുളച്ചെത്തുന്ന പൊരിച്ച മീന്‍മണം വിശപ്പിന്റെ വിളികൂട്ടി. ക്ലാസ്‌ എടുക്കുന്ന ബാബുമാഷിന്റെ വായില്‍ നിന്നും ഉമിനീര്‍ ഇടയ്ക്ക് തെറിച്ച് വീണു മുന്നില്‍ ഇരിക്കുന്ന കുട്ടികളുടെ പുസ്തകതാളുകള്‍ നനവൂറി. സമീപ പ്രദേശങ്ങളില്‍ നിന്നും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന ആട്, പശു, കോഴി, താറാവ് ശബ്ദങ്ങള്‍ ഞങ്ങള്‍ കാനനത്തിലെ ഒരു പര്‍ണശാലയില്‍ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പിച്ചു. രാവിലെ ചാലിയാര്‍ പുഴയിലേക്ക്‌ അലക്കാനുള്ള വസ്ത്രങ്ങളുമായി കലപില സംസാരിച്ച് പോകുന്ന നാട്ടിലെ സ്ത്രീസംഘത്തെ നോക്കി ക്ലാസില്‍ ഇരുന്നു ഇംഗ്ലീഷ്‌ കവിതകളും കഥകളും പഠിക്കാന്‍ ഒരു രസമുണ്ട്.

അന്നൊക്കെ ഷിഫ്റ്റ്‌ ക്ലാസ്‌ ആയിരുന്നു. ഉച്ച കഴിഞ്ഞാല്‍ ഞാന്‍ ഉപ്പയെ ഉറങ്ങാന്‍ സഹായിക്കും. എങ്ങനെയെന്നോ? നിലമ്പൂരില്‍ ആദ്യമായി ആട്ടോമാറ്റിക് ഫോട്ടോസ്റ്റാറ്റ് കം ടൈപ്പിംഗ് സെന്‍റര്‍ തുറന്നത് ദേശത്ത് നിന്നും ആദ്യമായി ഗള്‍ഫില്‍ പോയി തിരികെവന്ന ഉപ്പയാണ്. ഗള്‍ഫില്‍ നിന്നും ശീലിച്ച ഉച്ചയുറക്കം ഉപ്പ മുടക്കാറില്ല. ഊണ് കഴിഞ്ഞാല്‍ ഉപ്പ ഉറങ്ങാന്‍ പോകും. ഞാന്‍ കടയില്‍ ഇരിക്കും. തറവാട്ടുവീടിന്റെ മുന്നിലുള്ള ചില്ല് വെച്ച കടയുടെ അപ്പുറത്തെ മുറി ഒരു ഫര്‍ണിച്ചര്‍ ഷോപ്പാണ്. നമ്മുടെ കടയില്‍ ഏതോ ഹോട്ടലുകാര്‍ വിറ്റ കണ്ണാടിഷെല്‍ഫുകള്‍ രണ്ടെണ്ണം ഉണ്ട്. അതില്‍ നിറയെ പല വലിപ്പത്തിലുള്ള എന്‍വലപ്പുകള്‍ , പി.എസ്.സി. അപേക്ഷകള്‍ എന്നിവയാണ്.  മൂന്ന് ചൂരല്‍കസേരകള്‍ ഇട്ടിട്ടുണ്ട്. (മുന്‍പ്‌ തറവാട്ട് കോലായില്‍ ആയിരുന്നു അവ). ഒരു പാര്‍ട്ടിഷന്‍ ചെയ്ത് അപ്പുറത്ത് വെച്ച മേശമേല്‍ ഒരു ഇലക്ട്രിക്‌ ടൈപ്പ്റൈറ്റര്‍ (ഒലിവെറ്റി), മറ്റൊരു മേശമേല്‍ വെച്ച ഫോട്ടോസ്റ്റാറ്റ് മെഷീന്‍ (റിക്കോ). പിന്നെ പേപ്പര്‍ കട്ടര്‍ , മറ്റ് സ്റ്റേഷനറി സാമഗ്രികള്‍ . എമര്‍ജന്‍സി വന്നാല്‍ വിളിക്കാന്‍ തറവാട്ടിലെ കാളിംഗ്ബെല്‍ സ്വിച്ച് സ്ഥാപിച്ചിട്ടുണ്ട്.

വല്ലപ്പോഴും കോപ്പി എടുക്കാന്‍ വരുന്നവരെ ഒഴിച്ചാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കടയില്‍ ഇരുന്ന് പത്രമാസികകള്‍ യഥേഷ്‌ടം വായിച്ച് ഇരിക്കാം. ഫാനിന്റെ കാറ്റില്‍ വേണമെങ്കില്‍ ഉറങ്ങാം. മിക്കദിവസവും പി.എസ്.സി ബുള്ളറ്റിന്‍ നോക്കുവാന്‍ വരാറുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നു. അവരുമായി സിനിമാ-രാഷ്ട്രീയ ചര്‍ച്ചകള്‍ ചിലപ്പോള്‍ ചൂടേറും. റോഡിന്റെ അപ്പുറത്തുള്ള അബ്ദുറയുടെ തട്ടുകടയില്‍ നിന്നും നാലുമണി ചായ, കടി എന്നിവ വരുത്തി ഞങ്ങള്‍ കഴിക്കും. പൈസ കടയിലെ കളക്ഷനില്‍ നിന്നും അടിച്ചുമാറ്റും. Fast-N-First എന്ന പേരുപോലെതന്നെ ഈ കടയും വേഗം പൂട്ടേണ്ടിവന്നത് ഇതുകൊണ്ടല്ല. മിക്കദിവസവും മെഷീന്‍ പണിമുടക്കും. നന്നാക്കാനുള്ള ആള് കൊച്ചിയില്‍ നിന്നും വരണം. ഒടുക്കം അടക്കേണ്ടിവന്നു. കട ആരംഭിച്ച ദിവസം എനിക്കോര്‍മ്മ വന്നു...

കട തുടങ്ങാന്‍ പോകുന്ന വിവരം ഒരു ജീപ്പും മൈക്ക്‌സെറ്റും വാടകയ്ക്ക് എടുത്ത് നാട്ടിലെ മികച്ച ശബ്ദതാരം നാടകക്കാരന്‍ അസീസിനെ ഏര്‍പ്പാടാക്കി. അസീസിന് എന്റെ ഉപ്പ കുറെ നിര്‍ദേശങ്ങള്‍ നല്‍കി. കൂടുതല്‍ സാഹിത്യമൊന്നും വിളമ്പേണ്ട സംഗതി മാത്രം പറഞ്ഞാല്‍ മതി. തലകുലുക്കിയ അസീസിനെ വിശ്വാസം പോരാഞ്ഞ് എന്നെയും ഏട്ടനേയും കൂടെ വിട്ടു.

ജീപ്പ്‌ പോകുന്നതും നോക്കി ഉപ്പ നിന്നു. അസീസ്‌ അപ്പോഴൊന്നും തന്റെ പരിപാടി തുടങ്ങിയില്ല. ജീപ്പ്‌ ഏറെദൂരം പിന്നിട്ടപ്പോള്‍ അസീസ്‌ തന്റെ നാടകശൈലിയില്‍ വിളംബരം തുടങ്ങി. ജീപ്പില്‍ തൂങ്ങിപ്പിടിച്ചുനിന്ന ഞങ്ങള്‍ നോട്ടിസുകള്‍ വാരിവിതറി നാട്ടുപാതയിലൂടെ പാഞ്ഞു.

"മാന്യമഹാജനങ്ങളേ, നാരിമാരേ, അമ്മമാരേ, പെങ്ങമ്മാരേ പച്ചപ്പട്ടു വിരിച്ച കിഴക്കന്‍ ഏറനാടിന്റെ രോമാഞ്ചമായ നമ്മുടെ മാമലനാടായ നിലമ്പൂരില്‍ ആദ്യമായി ആരംഭിക്കുന്ന കട. ഏതു ഭാഷയിലുമുള്ള പ്രമാണങ്ങള്‍ , പ്രണയലേഖനങ്ങള്‍ , കടലാസുകള്‍ നിമിഷനേരം കൊണ്ട് കോപ്പി അടിക്കാനുള്ള അത്യാധുനിക ജപ്പാന്‍ സാങ്കേതികവിദ്യ നമ്മുടെ നാട്ടില്‍ ഇതാ ഇതാ.. കടന്നുവരൂ മടിച്ചു നില്‍ക്കാതെ നാളെ മുതല്‍ ആരംഭിക്കുന്ന പാഷ്റ്റ് എന്‍ പഷ്ട് പോട്ടോസ്റ്റാറ്റ്.."

സാഹിത്യം കൂലംകുത്തിയൊഴുകുന്ന അസീസിന്റെ ശബ്ദം നാട്ടിലെങ്ങും അലയടിച്ചു. തിരികെ വന്ന് ജീപ്പ്‌ നിന്നപ്പോള്‍ ഉപ്പ കാത്ത്‌ നില്പുണ്ടായിരുന്നു. ചെക്കിങ്ങിനു അയച്ച എന്നോടും എട്ടനോടും ഉപ്പ ചോദിച്ചു. അസീസ്‌ കുളം ആക്കിയോ? ഞങ്ങള്‍ പറഞ്ഞു. ഇല്ല ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ലാന്നു..

കട തുടങ്ങിയ ആദ്യനാളില്‍ അടുത്തുള്ള മിഠായിഅലവിക്കയുടെ കടയില്‍ നിന്നും ഫ്രൂട്ടി ജ്യൂസ് നാല് ഡസന്‍ മേടിച്ച് വന്നവര്‍ക്ക് ഒക്കെ കൊടുത്തു. ബാക്കിയുള്ളത് ഉപ്പ എന്റെ കൈയ്യില്‍ തന്നിട്ട് അടുത്തുള്ള തപാലാപീസിലും പഞ്ചായത്ത് ആപീസിലും കൊണ്ട്കൊടുക്കാന്‍ ഏല്പിച്ചു. അതുമായി ഞാന്‍ അവിടെ കയറിചെന്നപ്പോള്‍ പല സ്റ്റാഫുകളും എന്നെ ആട്ടിവിടാന്‍ ആണ് ശ്രമിച്ചത്.

"ഹേ. ഇതൊന്നും ഇവിടെ വില്‍ക്കാന്‍ പാടില്ല. കൊണ്ടുപോ.."

"വില്‍ക്കാനല്ല. ഇത് ഫ്രീയാ. ഞങ്ങള്‍ തുടങ്ങിയ കടയുടെ ഉദ്ഘാടനം."

ഇത്കേട്ടതും സ്റ്റാഫുകള്‍ പലരും ചാടിവന്ന് ഫ്രൂട്ടി ജ്യൂസ് കൈക്കലാക്കി ചിരിച്ചു നിന്നു.

ആദ്യം ഉപ്പ തുടങ്ങിയത് ഒരു മലഞ്ചരക്ക് വ്യാപാരം ആയിരുന്നു. ഏറനാട്ടിലെ പല കൃഷിക്കാരും കുരുമുളക്, ചുക്ക്, അടക്ക, റബ്ബര്‍ എല്ലാം താങ്ങിപ്പിടിച്ച് കടയില്‍ കൊണ്ടുവരും. അവരുടെ വിയര്‍പ്പും ക്ഷീണവും കാണുമ്പോള്‍ അലിവ് തോന്നിയ ഉപ്പ അവര്‍ക്ക്‌ അങ്ങാടിനിലവാരം നോക്കാതെ നല്ല വില നല്‍കും. എന്നിട്ട് തൂക്കിവാങ്ങുന്ന കുരുമുളക്, അടയ്ക്ക, ചുക്ക് എന്നിവ ടെറസ്സില്‍ നിരത്തിയിട്ട് കുടുബക്കാരായ സൈനാത്തയേയും ഭര്‍ത്താവ്‌ കാദര്‍ക്കയെയും ദിവസക്കൂലിക്ക് നിറുത്തി ഉണക്കിയെടുക്കും. മേടിച്ച സമയത്തുള്ള തൂക്കം പകുതിയെങ്കിലും കുറഞ്ഞിട്ടുണ്ടാവും. പിന്നെ അതെല്ലാം ചാക്കിലാക്കി വാടകയ്ക്ക് പിടിച്ച ജീപ്പില്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ടുപോയി വില്‍ക്കുമ്പോള്‍ മിച്ചം തുച്ഛം ആയിരിക്കും. അങ്ങനെ ആ കട വേഗം പൂട്ടേണ്ടിവന്നു.

ആയിടയ്ക്ക്, ഉപ്പ നിസ്കരിക്കാന്‍ പോയനേരം എന്റെ കൂട്ടുകാര്‍ എന്റെ അടുത്ത് വന്നു. ഒരു ഐഡിയ തന്നു. ഞാന്‍ അവര്‍ക്ക്‌ കുറച്ചു കുരുമുളക്  വാരി കവറില്‍ ആക്കികൊടുത്തു. അവര്‍ അതുംകൊണ്ട് പോയി. പള്ളിയില്‍ നിന്നും വന്ന ഉപ്പ കടയില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ ആ കവറുമായി വന്നു. ഉപ്പയ്ക്ക് കൊടുത്തു. ഉപ്പ അത് മേടിച്ചു തൂക്കിനോക്കി. ഒരു കിലോ ഉണ്ടാവും. കാശ് കൊടുത്തതും അതുമായി അവര്‍ സ്ഥലം കാലിയാക്കി. അതിന്റെ ഒരു ഷെയര്‍ വൈകിട്ട് കൂട്ടുകാര്‍ എനിക്കും തന്നിരുന്നു.

ഇങ്ങനെ കഴിയവേ കൂട്ടുകാരന്‍ ചുണ്ടിയന്‍ എന്ന ചെങ്ങായി (ശരിക്കുള്ള പേര്‍ പറയുന്നില്ല. അവന്‍ കേസ്‌ കൊടുത്താലോ?) ഉച്ചനേരം മിക്കവാറും കടയില്‍ വന്നു 'ഒലിവെട്ടി' ടൈപ്പ്റൈറ്ററില്‍ പേപ്പര്‍ വെച്ച് ചടപടാ ടൈപ്പ്‌ ചെയ്യും. ഫിംഗറിംഗ് സ്പീഡ്‌ ആക്കാന്‍ ആണത്രേ.. കൂട്ടത്തില്‍ അവന്റെ വീരഗാഥകള്‍ പറഞ്ഞ് എന്നെ അസൂയപ്പെടുത്തി.

വീട്ടികുത്ത്‌ റോഡില്‍ രാജേശ്വരി ടാക്കീസിനടുത്ത്  അതിന്റെ മാനേജര്‍ നടത്തുന്ന പഴയൊരു ടൈപ്പ്റൈറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. അവന്‍ രാവിലെ അവിടെ ടൈപ്പ് പഠിക്കാന്‍ പോകുന്നുണ്ട്. ലോവര്‍  തീരാറായി. ആ ബാച്ചില്‍ ധാരാളം പെണ്‍കുട്ടികള്‍ മെഷീന്‍ മേടാന്‍ ഉണ്ട്. അതിലെ സിന്ധു എന്നൊരു സുന്ദരിയും ചുണ്ടിയനും അടുത്തടുത്ത മെഷീനിലാണ് മേടുന്നത്. തുടക്കക്കാരിയായ സിന്ധുവിന്റെ വിരലുകള്‍ പഴയ ടൈപ്പ്‌റൈറ്ററില്‍ ചലിക്കുമ്പോള്‍ ഇടയ്ക്കിടെ ടൈപ്പ്‌കട്ടകളുടെ ഇടയില്‍ കുടുങ്ങിപ്പോവുമ്പോള്‍ അവനാണ് ആ മെലിഞ്ഞ വിരലുകളെ ഇളക്കി എടുത്ത്‌ രക്ഷപ്പെടുത്തുന്നത് എന്നൊക്കെ കേട്ടപ്പോള്‍ എനിക്കും ടൈപ്പ് പഠിക്കാന്‍ മോഹമുദിച്ചു.

മാത്രമല്ല മറ്റൊരു സുഹൃത്തായ ഫിര്‍സുവും അവിടെ ടൈപ്പ്‌ മേടാന്‍ പോവുന്ന വിശേഷം വന്നു പറയാന്‍ തുടങ്ങിയിരുന്നു. മുതലാളിയുടെ മകളെയാണ് അവന്‍ നോട്ടമിട്ടിരിക്കുന്നത്. ടൈപ്പ്‌ ചെയ്ത കടലാസ് പരിശോധിക്കാന്‍ കൊണ്ട്ചെല്ലുമ്പോള്‍ ഒരിക്കല്‍ മുതലാളി ഇല്ലായിരുന്നു. മകള്‍ ആ കടലാസ് മേടിക്കാന്‍ കൈനീട്ടി. അവന്റെ കൈയ്യില്‍ നിന്നും കടലാസ് നിലത്ത് വീണതും അവള്‍ കുനിഞ്ഞതും കാണാന്‍ പാടില്ലാത്ത വിധം അവളുടെ മാറിടം തെളിഞ്ഞുകണ്ടതും ഫാന്‍കാറ്റില്‍ മുറിയിലൂടെ കടലാസ് തെന്നിനടന്നതും അതെടുക്കാന്‍ അവളും അവനും കൂടെ നിലത്ത്‌ ഒരുമിച്ച്  കുനിഞ്ഞു പരതി മേശയ്ക്കടിയില്‍ കയറിയതും മുതലാളി വന്നതിനാല്‍ പ്രോഗ്രാമിനിടയില്‍ കൊമേഴ്സ്യല്‍ ബ്രേക്ക്‌ ആയതും ഒക്കെ കേട്ടപ്പോള്‍  ഞാനും അവിടെ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ ആ മോഹം കൂട്ടുകാരെ ഞാന്‍ അറിയിച്ചില്ല.

അവരെ സ്തബ്ധരാക്കിക്കൊണ്ട് ഞാന്‍ ഒരു സുപ്രഭാതത്തില്‍ അവിടെ പോകാന്‍ തുടങ്ങി. അവരുടെ അതേ ബാച്ചില്‍തന്നെ ഏതാനും പെണ്‍കുട്ടികളുടെ ഇടയില്‍ A-S-D-F ടൈപ്പ് കട്ടകള്‍ മേടി ഇരിക്കുന്ന എന്നെ കണ്ട ചുണ്ടിയനും ഫിര്‍സുവും അന്തംവിട്ടു പരസ്പരം നോക്കി നിന്നു. "എടാ കാലമാടാ നീ കഞ്ഞിയില്‍ പാറ്റയിടാനോ ഉപ്പ് വാരിയിടാനോ വന്നത്?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഞാന്‍ ഒരു ഹായ്‌ പറഞ്ഞ് ടൈപ്പ്കട്ടകള്‍ക്കിടയില്‍ കുരുങ്ങിയ എന്റെ വിരലുകള്‍ ഊരിയെടുക്കാന്‍ പാടുപെട്ടു.

തോട്ടപ്പുറം ഇരിക്കുന്ന സുന്ദരി സിന്ധു പറഞ്ഞു: "സൂക്ഷിച്ച്. മെല്ലെ മേടിയാല്‍ കട്ടകള്‍ക്കിടയില്‍ വിരല്‍ കുടുങ്ങില്ല. എന്റെ വിരലുകള്‍ ആദ്യമൊക്കെ കുടുങ്ങിയിരുന്നു."

"ആ അത് ഞാന്‍ കേട്ടിട്ടുണ്ട്." - ഞാന്‍ അറിയാതെ പറഞ്ഞത്‌ കേട്ട് സിന്ധു അന്ധാളിച്ച് എന്നെ നോക്കി. എങ്ങനെ കേട്ടു?? എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. അന്നേരം ചുണ്ടിയന്‍ അരികില്‍ വന്നു അപ്പുറത്തെ സീറ്റില്‍ ഇരുന്നു എന്നെ രൂക്ഷമായി നോക്കി ടൈപ്പ്റൈറ്ററില്‍ പേപ്പര്‍ തിരുകികയറ്റി ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുമ്പോലെ പടപടാന്ന്‍ കീകള്‍ മേടാന്‍ തുടങ്ങി. ചെകുത്താനും കടലിനും ഇടയില്‍പെട്ടുപോയ പാവം സിന്ധു ഇടംവലം ഇരിക്കുന്ന ഞങ്ങളെ നോക്കി ടൈപ്പ്റൈറ്റര്‍ ക്രാഡില്‍ പാടുപെട്ട് കരകരാ ഒച്ചയോടെ നീക്കി മേടല്‍ തുടര്‍ന്നു.

Monday, 20 June 2011

കോട്ടക്കല്‍ പോയതും പണിയായതും!

സംഭവം കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല എന്ന് തോന്നുന്നു. എന്നാലും പറയാതെ നിവൃത്തിയില്ല. തല്‍ക്കാലം കഥയായി എടുത്താല്‍ മതി.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഞാന്‍ സെയില്‍സ്‌ റെപ് ആയി കോഴിക്കോട്‌ ജീവിക്കും കാലം. ടെലിഫോണ്‍, ഫാക്സ്, എസ്.ടി.ഡി ബൂത്ത്‌ മെഷീന്‍, പുത്തന്‍ തരംഗമായി എത്തിയ കാല്‍ക്കിലോ തൂക്കമുള്ള അല്‍കാടെല്‍ സെല്‍ഫോണ്‍ (ഇന്ന് അത് വല്ല മ്യൂസിയത്തിലും കാണും) എന്നിവയ്ക്ക് ആളെ കണ്ടെത്തലാണ് മുഖ്യതൊഴില്‍. ബോസ്സ് കൊല്ലംകാരന്‍ എഡിസണ്‍ ഓരോ നാളും ജില്ലകള്‍ തോറും ടെലിഫോണ്‍ എക്സ്ചേഞ്ച് റൂട്ടും, പോയി കാണേണ്ട ആപ്പീസര്‍മാരുടെ വിവരങ്ങളും അല്‍പവിവരമുള്ള എന്നെ ഏല്പിക്കും. മൂപ്പര്‍ അവരെയൊക്കെ നേരത്തെ 'കുപ്പി'യിലാക്കി വെച്ചിട്ടുണ്ടാവും. അതിനാല്‍ എന്റെ പണി കുറയും എന്നാ കരുതിയത്‌ എങ്കിലും വലിയ പണി വരാന്‍ അധികം സമയം വേണ്ടാന്ന് താമസിയാതെ മനസ്സിലായി.

എക്സ്ചേഞ്ച് ആപ്പീസര്‍മാരെ പോയി കണ്ട് അവര്‍ തരുന്ന എസ്.ടി.ഡി ബൂത്ത്‌ പാസ്സായ ആളുകളുടെ അഡ്രസ്സ് ലിസ്റ്റ് കിട്ടിയാല്‍ പിന്നെ ബോസ്സ് ആ ലിസ്റ്റ് അക്കമിട്ട് ഡെഡ്ലൈനോടെ തിരികെ തരും. വിപണിയില്‍ കിട്ടാവുന്ന ഏറ്റവും തരംതാണ ഒരു ബ്രാന്‍ഡ്‌ മെഷീന്‍ അവരെ മൊത്തം പിടിപ്പിക്കുന്ന പിടിപ്പത് പണിയാണ് പിന്നെ തലയില്‍ വെച്ച് കിട്ടുക.. പണ്ടേ യാത്ര ഹരമായതിനാല്‍ വഴി ചോയ്ച് ചോയിച് അവരെയൊക്കെ തപ്പിപ്പിടിച്ച് കണ്ടുമുട്ടും എങ്കിലും അതിനു മുന്നേതന്നെ വേറെ കമ്പനിക്കാര്‍ അവരെ ചാക്കിട്ട് വെച്ചിട്ടുണ്ടാവും. അതെങ്ങനാ..? കാവസാക്കി, ഹീറോഹോണ്ടാകളില്‍ പറപറന്നു മറ്റു കമ്പനി റെപ്സ് അവരെയൊക്കെ റാഞ്ചി എടുത്തതിനു ശേഷമാവും ലൈന്‍ ബസ്സില്‍ തൂങ്ങിപ്പിടിച്ച് വിയര്‍ത്ത്‌ ഒലിച്ച ഞാന്‍ അവിടെയൊക്കെ എത്തുന്നത്. അര്‍ദ്ധരാത്രി പഴയ പടത്തിലെ മമ്മൂട്ടിം പെട്ടീം പോലെ ഒരു കുഞ്ഞുസ്യൂട്ട്കേസ് കൈയ്യില്‍ പിടിച്ച് ക്ഷീണിതനായി വീട്ടില്‍ വന്നുകേറുന്ന എന്നെ നോക്കി നെടുവീര്‍പ്പിടുന്ന ഡാഡീം മമ്മീം..

ലിസ്റ്റ് മൊത്തം ക്രോസ് മാര്‍ക്ക്‌ ഇട്ടുകൊണ്ട് അത് ബോസ്സിന് മുന്നില്‍ വെച്ച് എന്തും ഏറ്റുവാങ്ങാന്‍ ഒരു ശമ്പളദിവസം ഞാന്‍ നിന്നു. ആയിരത്തഞ്ഞൂറ് കിട്ടേണ്ട സ്ഥാനത്ത്‌ എന്റെ കൈയ്യില്‍ വെച്ചത് അഞ്ഞൂറ് രൂ.. ലിസ്റ്റ് സക്സസ് അല്ലാത്തതിനാല്‍ ആയിരം കട്ട് എന്ന് ബോസ്സ്. കലികേറിയ ഞാന്‍ അവിടെ നിന്നും നേരെ ടോയിലറ്റില്‍ കേറി മുഷ്ടിചുരുട്ടി ബോസ്സിനെ പ്രാകി തെറി അഭിഷേകം നടത്തി പുറത്തിറങ്ങി.

ഇനി ഈ പണി ശരിയാവില്ല എന്ന് ഉറപ്പിച്ച ഞാന്‍ അടുത്ത പണി നോക്കാന്‍ തീരുമാനിച്ചു. ഒരു അറിയിപ്പും നല്‍കാതെ ഞാന്‍ ലോംഗ് ലീവ് എടുത്തു. ഇനി അടുത്ത പണി എന്താക്കണം എന്ന് ഒരു നിശ്ചയവുമില്ലാതെ ഞാന്‍ വീട്ടില്‍ കുത്തിയിരുന്നു ചാനലുകള്‍ മാറ്റി കണ്ടുകൊണ്ടിരുന്നു നേരം കൊന്നു. ഒരുനാള്‍ പോസ്റ്റുമാന്‍ ഒരു കത്ത്‌ കൊണ്ടിട്ടുപോയി. നോക്കുമ്പോള്‍ എനിക്കുള്ളതാണ്. ആരാപ്പാ എനിക്ക് കത്തയക്കാന്‍ എന്നറിയാതെ ഞാന്‍ കവര്‍ പോട്ടിച്ചുനോക്കിയതും കണ്ണുകള്‍ അന്തം കിട്ടാതെ അട്ടത്ത് ഉടക്കി, ശ്വാസം ഒരു നിമിഷം നിലച്ചു ഞാന്‍ നിന്നുപോയി. പണ്ടെങ്ങാണ്ടോ പത്രപരസ്യം കണ്ടിട്ട് അയച്ചതിന് വന്ന മറുപടിയാണ്. ജോലി സര്‍ക്കാര്‍ ജോലിയെന്നോ? ഛെയ്. അതല്ല. ഒരു പരസ്യമോഡല്‍ ആവാന്‍ വേണ്ടി അയച്ചതാ.. മറുപടി ഒന്ന് വായിച്ചുനോക്കി.

"ഹലോ മിസ്റ്റര്‍, താങ്കളെ ഞങ്ങള്‍ മോഡല്‍ ആക്കിതീര്‍ക്കുവാന്‍ ഉറപ്പിച്ചു. റഫ്‌ എന്‍ ടഫ്‌ ജീന്‍സ്‌ ബ്രാന്ടിനു വേണ്ടി നിങ്ങളെ എടുക്കാന്‍ പരിപാടിയുണ്ട്. അടുത്ത ചൊവ്വാഴ്ച കോട്ടക്കല്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഒന്നാം നിലയിലെ സ്റ്റുഡിയോയില്‍ എത്തുക. ശേഷം ഭാഗം നേരില്‍..

എന്ന്, ഒപ്പ്‌ കോട്ടക്കല്‍ കമലേഷ് (പ്രോപ്രയിറ്റര്‍ )

ഞാന്‍ ആ വരികളില്‍ വിരല്‍ തഴുകി പലവട്ടം വായിച്ചു നിര്‍വൃതി കൊണ്ടു. കുറച്ച് ദിവസങ്ങളായി എന്നെ കാണാനില്ലാത്തതിനാല്‍ ആയിരിക്കാം ബോസ്സ് എഡിസണ്‍ വീട്ടുഫോണില്‍ വിളിച്ചു അന്വേഷിച്ചിരുന്നു. എനിക്ക് സുഖമില്ലാതെ ആശുപത്രിയിലാക്കി എന്ന് മമ്മി നുണ പറഞ്ഞു ഒഴിഞ്ഞു. ബോസ്സ് പിന്നേം ഫോണ്‍ ചെയ്തുത് അന്നായിരുന്നു. ഞാന്‍ ധൈര്യായിട്ട് ഫോണ്‍ എടുത്തു. ഒരു കൈയ്യില്‍ കോട്ടക്കല്‍ കമലേഷ് അയച്ച ലെറ്റര്‍ പിടിച്ച് മറ്റേ കൈയ്യില്‍ ഫോണ്‍ റിസീവര്‍ എടുത്ത് ഞാന്‍ ഞെളിഞ്ഞുനിന്ന് 'ഹലോ' പറഞ്ഞു.

'ഇത് എഡിസണ്‍ ഫ്രം കോമാ മാര്‍ക്കറ്റിംഗ്'

'എന്ത് വേണം?'

'ഏറനാടനാണോ? ആശുപത്രിയില്‍ നിന്നും വന്നോ? എന്നാ പണിക്ക് വരുന്നേ?"

"ഇനി കോമാ-യിലെ പണി വേണ്ട. ഞാന്‍ മോഡലാവാന്‍ പോവുന്നു. ഇനി താനൊക്കെ എന്നെ ടിവീലോ റോഡിലെ പരസ്യബോര്‍ഡിലോ കണ്ടാല്‍ മതി.!"

"!!! ങേ..! അപ്പോള്‍ ശരിക്കും അസുഖം വേറെയാല്ലേ.. ബോസിനെ താന്‍ എന്നൊക്കെ വിളിക്കുന്നെ? സാരമില്ല റെസ്റ്റ് എടുക്കൂ.. പ്രാര്‍ത്ഥനയുണ്ടാകും അനിയാ.."

"താന്‍ പോടോ.. തന്‍റെ സ്യൂട്ട്കേസും കുറെ ടെലിഫോണ്‍ എക്സ്ചേഞ്ച് ലിസ്റ്റും ഇവിടെയുണ്ട്. വേണേല്‍ ആളെവിട്ടോ. കൊടുത്തയക്കാം. കോപ്പിലെ കോമാ മാര്‍ക്കറ്റിംഗ്, ഫൂ.."

"ഹലോ.. ഹലോ.. ഞാന്‍ പറയുന്നത്.."

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ റിസീവര്‍ തിരികെ വെച്ച് ഞാന്‍ തിരിഞ്ഞപ്പോള്‍ അന്തം വിട്ട് നോക്കി നില്‍ക്കുന്ന ഡാഡിം മമ്മീം! അവരെ നോട്ടം കണ്ടാല്‍ എനിക്ക് വട്ടായോ എന്നൊരു തോന്നല്‍ ഉള്ളപോലെ..

"നീ ഇനി പണിക്ക് പോണില്ലേ?" - അവര്‍ക്ക്‌ അതറിയാഞ്ഞിട്ടിനി ഉറക്കം വരില്ല എന്ന് തോന്നുന്നു.

"പണി മാറി. ഇനി മോഡല്‍ ആകാംന്ന് ഉറപ്പിച്ചു മൈ ഡിയര്‍ മമ്മീ ഡാഡി."

അവര്‍ വാ പൊളിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. അതിരാവിലെ അണിഞ്ഞൊരുങ്ങി കോമാ മാര്‍ക്കറ്റിംഗ് തന്ന സ്യൂട്ട്കേസ് പിടിച്ച് ഞാന്‍ പുറപ്പെട്ടു. ഒരു വഴിക്ക്‌ ഇറങ്ങുവല്ലേ, വെറുംകൈയ്യോടെ പോവേണ്ടാലോ എന്ന് വിചാരിച്ചാ പെട്ടി എടുത്തത്.  ആ  സ്യൂട്ട്കേസ് നിറയെ ഫോണ്‍ ബൂത്ത്‌ പാസ്സായവരുടെ ലിസ്റ്റും അതിലേറെ എന്റെ പല കോലത്തിലുള്ള ഫോട്ടോകളും ആയിരുന്നു.

കോട്ടക്കല്‍ ബസ്സിറങ്ങി നേരെ കമലേഷ് സ്റ്റുഡിയോയുടെ മുന്നില്‍ ഹാജരായി എങ്കിലും ഷട്ടര്‍ പൊങ്ങിയിട്ടില്ല. അടുത്ത പെട്ടിക്കടയില്‍ അന്വേഷിച്ചപ്പോള്‍ കമലേഷ് വീട്ടിലുണ്ടാവും എന്നറിഞ്ഞു. അങ്ങോട്ട്‌ പാഞ്ഞു.  ആട്ടോയില്‍ അവിടെ ചെന്നിറങ്ങിയപ്പോള്‍ കമലേഷ് അവിടെയില്ല. കക്ഷി ഒറ്റപ്പാലത്ത്‌ മമ്മൂക്കയുടെ 'ഉദ്യാനപാലകന്‍ ' എന്ന സിനിമേടെ ഷൂട്ടിംഗില്‍ ആണെന്ന് കേട്ടപ്പോള്‍ എന്റെ അന്തരംഗം ആളിക്കത്തിപ്പിടിച്ചു. വന്ന ആട്ടോയില്‍ തിരികെ ബസ്സ്‌ സ്റ്റാന്‍ഡില്‍ വന്ന് ഒറ്റപ്പാലം ബസ്സ്‌ നോക്കി. ഉടനെയൊന്നും ബസ്സില്ല എന്നറിഞ്ഞു. പോരാത്തതിന് ദൂരം ഏറെയുണ്ടെന്നും അറിഞ്ഞു. നോക്കുമ്പോള്‍ ആരോ കമലേഷ് സ്റ്റുഡിയോ തുറക്കുന്നത് കണ്ട് അങ്ങോട്ടോടി ചെന്നു.

വിശ്വാസം പോരാഞ്ഞിട്ട് ഒന്നുറപ്പിക്കാന്‍ വേണ്ടി പിറകില്‍ നിന്ന് ഞാന്‍ അയാളോട് കമലേഷ് ആണോന്ന് ചോദിച്ചു. കമലേഷിന്റെ അളിയനാണ് എന്ന് മറുപടി. ഞാന്‍ സ്യൂട്ട്കേസ് തുറന്ന്‍ കിട്ടിയ കത്ത് അയാളെ കാണിച്ചു. പുള്ളിക്കാരന്‍ കത്ത് സൂക്ഷിച്ച് വായിച്ചു തിരിച്ചും മറിച്ചും നോക്കിയിട്ട് എന്നെ സംശയത്തോടെ നോക്കി പറഞ്ഞു:

"ഹേയ്. ഇത് കമലേഷ് എഴുതിയതല്ല. ഇത്ര ഭംഗിയുള്ള മലയാളകൈപ്പട അളിയനില്ല. ഇതാരോ നിങ്ങളെ പറ്റിച്ചതാണ്."

അത് കേട്ടതും എന്റെ സകലമാന ഊര്‍ജവും സ്വാഹയായി പോയി. ഞാന്‍ കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ട്വോ എന്ന് ചോദിച്ചു. അപ്പോള്‍ പിന്നെ ഇതാരാ അയച്ചതാവോ?

"എന്തായാലും കമലേഷിനാണല്ലോ ഞാന്‍ ഫോട്ടോ അയച്ചത്. അപ്പോ പിന്നെ ഇതാരാ മറുപടി അയച്ചത്?" ഞാന്‍ ചൂടായി.

"അതൊന്നും അറിയില്ല ഭായ്‌. കമലേഷ് ഇനി മൂന്ന്ദിവസം കഴിഞ്ഞേവരൂ.. നിങ്ങളുടെ നമ്പര്‍ തരൂ ഞാന്‍ കൊടുത്തോളാം."

നമ്പര്‍ കൊടുത്ത് ഞാന്‍ വിഷണ്ണനായി അവിടെ നിന്നും സ്കൂട്ടായി. മോഡല്‍ ആവാന്‍ വിചാരിച്ച ഞാന്‍ ബോസിനോട് ഫോണില്‍ തട്ടിക്കയറിയത് വെറുതെ മിനക്കേടായല്ലോ. ഞാനായിട്ട് പിണക്കിയ ബോസ്സിനെ സന്തോഷിപ്പിക്കാന്‍ ഇനി ഒരവസരം വേറെ കിട്ടില്ല എന്നാരോ എന്റെ അന്തരംഗത്തില്‍ മന്ത്രിച്ചു. ആ.., എന്തായാലും കൈയ്യില്‍ ഒരു പണി പോകാതെ ഉണ്ടല്ലോ എന്നാശ്വസിച്ച് ബസ്‌സ്റ്റാന്‍ഡിലെ ഒരു മൂലയില്‍ നിന്നുകൊണ്ട് ഞാന്‍ സ്യൂട്ട്കേസ് തുറന്നു ഫോണ്‍ പാസ്സായവരുടെ ലിസ്റ്റ് എടുത്തുനോക്കി. ബസ്സ്‌ കാത്തുനിന്നിരുന്ന യാത്രികര്‍ ഏന്തിവലിഞ്ഞുനോക്കി അവരുടെ കാത്തിരിപ്പ്‌ തുടര്‍ന്നു.  വല്ല അത്തര്‍ , ഗ്യാസ്‌ ഗുളിക, പാറ്റ മരുന്ന് ലാട വൈദ്യനും ആണോ എന്നവര്‍ വിചാരിച്ചതില്‍ എന്ത് പറയാന്‍ !

പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ്മ വന്നു. മുന്‍പൊരു ദിവസം കോട്ടക്കല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ജെ.ടി.ഓ സുമ എന്ന യുവമാഡത്തെ കാണാന്‍ കോമാ മാര്‍ക്കറ്റിംഗ് ബോസ്സ് എന്നെ പറഞ്ഞയച്ചിരുന്നു. രണ്ടു പ്രാവശ്യം സുമ മാഡത്തെ ചെന്ന് കണ്ടിരുന്നു. അന്ന് ലിസ്റ്റ് റെഡിയായിരുന്നില്ല എന്ന മധുരമൊഴി കേട്ട് മടങ്ങിപ്പോരുകയായിരുന്നു ഞാന്‍ .

ഒരു മുഖവുരയും ഇല്ലാതെ നേരെ ജെ.ടി.ഓ സുമാ മാഡത്തിനു മുന്നിലേക്ക്‌ ഞാന്‍ കേറിചെന്നു. ജെ.ടി.ഓ മാഡം  എന്നെ കണ്ട് ഞെട്ടിപ്പോയി. പുള്ളിക്കാരി  സീറ്റില്‍ നിന്നും എഴുന്നേറ്റു വിടര്‍ന്ന കണ്ണാലെ മിഴിച്ചു നോക്കി. ഞാനും എന്താന്നറിയാതെ വാ പൊളിച്ചു നിന്ന് വിഷ് ചെയ്തു.

"എന്താ ചേച്ചീ, സോറി, മാഡം  ഇങ്ങനെ നോക്കുന്നത്? വേറെ റൂട്ടില്‍ കറങ്ങിയതിനാല്‍ എനിക്കന്ന് വരാന്‍ പറ്റിയില്ല. ലിസ്റ്റ് റെഡിയാണോ മാം?"

"താങ്കള്‍ക്ക് കുഴപ്പം വല്ലതും? എന്നാ പുറത്തിറങ്ങിയത്‌?" സുമാമാഡം  എന്നെ ആകമാനം നോക്കി ചോദിച്ചുകൊണ്ട് സാരിത്തലപ്പിനാല്‍ മുഖത്തെ വിയര്‍പ്പ് ഒപ്പി നിന്നു.

"എനിക്കോ? കുഴപ്പമോ? അങ്ങനെ തോന്നിയോ? എല്ലാരും ഇയ്യിടെ അങ്ങനെ ചോദിക്കുന്നു? അതെന്താ?"

"അല്ലാ ഒന്നും പറ്റിയില്ലല്ലോ? കോമാ മാര്‍ക്കറ്റിംഗ് ബോസ്സ്  എഡിസണ്‍ പറഞ്ഞപ്പോള്‍ ആകെ ഞെട്ടിപ്പോയി. ഹൊ!"

"എന്താ ബോസ്സ് പറഞ്ഞത്‌?"

"നിങ്ങളെ ആരോ കൈ വെച്ചെന്നും കൈയും കാലും ഒടിഞ്ഞ് ആശുപത്രിയിലാണെന്നും ഇനി കുറെകാലത്തേക്ക് നടക്കാന്‍ പറ്റാത്ത വിധം പരുവമായെന്നും ആണല്ലോ എഡിസണ്‍ അറിയിച്ചത്‌!!"

"എടാ എഡിസാ നിന്നെ ഞാന്‍ എടുത്തോളാടാ.." -ഞാന്‍ മനസ്സാലെ മുറുമുറുത്തുകൊണ്ട് വെളുക്കെ ചിരിച്ച് ജെ.ടി.ഓ മാഡത്തെ  ഒളികണ്ണിട്ട് നോക്കി കാല്‍വിരലാല്‍ കളം വരച്ചു നമ്രശിരസ്കനായി നിന്നു.

സുമാ മാഡം ഫോണ്‍ ഡയല്‍ ചെയ്ത് എഡിസണെ വിളിച്ചു ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ട സംഗതി അറിയിച്ചു. അങ്ങേതലയ്ക്കല്‍ ബോസ്സ് എന്തൊക്കെയോ പറഞ്ഞതിന്‍റെ റിയാക്ഷന്‍ ഷോട്ട് സുമാമാഡത്തിന്‍റെ സുന്ദരവദനത്തില്‍ മിന്നിമറഞ്ഞു. ആ നേത്രങ്ങളില്‍ ഓളങ്ങള്‍ മിന്നി. അവര്‍ റിസീവര്‍ എനിക്ക് തന്നു. ഞാനത് മേടിച്ചു. തൊണ്ടയില്‍ വെള്ളം വറ്റി. സ്യൂട്ട്കേസ് കാലുകള്‍ക്കിടയില്‍ ഇറുക്കിവെച്ച് റിസീവര്‍ ചെവിയില്‍ അടുപ്പിച്ചു.

"എടോ! തന്നോടാരാടോ അവിടെ പോകാന്‍ പറഞ്ഞത്‌? താന്‍ എന്താടോ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാതെ അവിടെ പോയത്‌? സുമയെ പഞ്ചാര അടിക്കാന്‍ ആണോഡേയ് ഇമ്മാതിരി പണി ഒപ്പിച്ചത്?"

കാലുകളില്‍ പെരുപെരുപ്പ്‌. കാലിനിടയില്‍ വെച്ചിരുന്ന സ്യൂട്ട്കേസ് നിലത്ത് വീണു.

"സാര്‍ ..! അത് പിന്നെ.. ഞാന്‍ കോട്ടക്കല്‍ വന്നപ്പോള്‍ സുമാമാഡത്തെ കണ്ട് കുറിപ്പ്‌ അല്ല ലിസ്റ്റ് വാങ്ങി കൊണ്ടുവരാല്ലോ എന്ന് കരുതി കേറിയതാ. ഞാന്‍ എന്ത് ചെയ്യണം ബോസ്സ്?"

സുമ എന്നെ തുറിച്ച് നോക്കി ഏതോ ഫയല്‍ പൊടിതട്ടിയെടുത്ത്‌ മേശപ്പുറത്ത് വെച്ചു.

"താന്‍ ഒന്നും ചെയ്യേണ്ട. ലിസ്റ്റ് എടുക്കേണ്ട. ഇങ്ങു വന്നാല്‍ മതി. ഇപ്പോള്‍ തന്നെ ഇങ്ങോട്ട് വന്നേക്കണം."

"ഹലോ..സാര്‍ .. നാളെ വന്നാപോരേ? ഹലോ.."

ഫോണ്‍ കട്ടായിരുന്നു. ഒന്നും പറയാതെ ഞാന്‍ സുമയെ നോക്കി ചിരിച്ചു തിരികെ പോന്നു. കോഴിക്കോട്  എത്തും വരെ ഞാന്‍ ഫ്ലാഷ് ബാക്കില്‍ പെട്ടു. മോഡല്‍ ആവേണ്ടിയിരുന്നവനാ ഒടുക്കം ഉള്ള പണിയും പോക്വോ?

'കിലുക്കത്തില്‍' ലോട്ടറി അടിച്ചെന്ന് കേട്ട് തിലകനോട് തെറിപറഞ്ഞ് പെട്ടീം എടുത്ത് പോയി തിരികെ വന്ന ഇന്നസെന്‍റ് പോലെ സ്യൂട്ട്കേസ് പിടിച്ച ഞാന്‍ ബോസ്സ് എഡിസന്‍റെ മുന്നില്‍ നിന്നു. ടൈപ്പിസ്റ്റ്‌ റോഷിനി വാപൊത്തി ചിരിയടക്കാന്‍ ബദ്ധപ്പെടുന്നത് കണ്ടു. വേറെ റെപ്സ് എത്തിനോക്കി ചിരി പാസ്സാക്കി പെട്ടിയുമായി പോയി.

മേശമേല്‍ കിടന്ന പേപ്പര്‍ വെയിറ്റ്‌ ഗ്ലോബ് വിരലാല്‍ കറക്കി കടകട ഒച്ചയുണ്ടാക്കികൊണ്ട്‌ ബോസ്സ് എഡിസണ്‍ എന്നെ രൂക്ഷമായി നോക്കി. ഞാന്‍ സ്യൂട്ട്കേസ് ഒരരികില്‍ വെച്ചു എന്താ വേണ്ടത്‌ എന്നറിയാതെ നിന്നു. എന്നോട് വാതില്‍ അടക്കാന്‍ പറഞ്ഞു. വാ എന്ന് കേട്ടപ്പോഴേ അതടച്ചു കഴിഞ്ഞിരുന്നു. ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നിന്നോളാം എന്നറിയിച്ചു.

"എന്താ താന്‍ ഇങ്ങനെ?"

"എന്താ സാര്‍ ഞാന്‍ ഇനീം ഡീസന്റ് ആവണോ?"

"എടോ.. ഒരു അറിയിപ്പുമില്ലാതെ എങ്ങോ മുങ്ങുക. പിന്നെ ഒരു വിവരോം ഇല്ലാതെ എവിടെയോ പൊങ്ങുക! ഇതാണോ ഡീസന്റ്?"

"എന്നാലും ബോസ്സ് ഞാന്‍ കൈയും കാലും ഒടിഞ്ഞ് മുടക്കാചരക്കായി കിടപ്പാണ് എന്ന് പറയേണ്ടിയിരുന്നില്ല. അതും ആ മാഡത്തോട്.."

"ആ മാഡത്തിനോട് മാത്രമല്ല. നീ പോയ എല്ലാ ആപ്പീസിലും അങ്ങനെതന്നെയാ ഞാന്‍ അറിയിച്ചിട്ടുള്ളത്. അല്ലാതെ എന്താ പറയാ?"

"ങേ. അപ്പോള്‍ ഇനി എനിക്ക് ഇനി ഫോളോ-അപ്പ് ചെയ്യാനേ പറ്റൂല!"

"നീ ഇനി ഫോളോ-അപ്പേ ചെയ്യേണ്ട. ഇനി ആപ്പീസില്‍ ഇരുന്നാ മതി. ഇവിടെ എല്ലാ ഫ്രീഡവും തരാം. ചായ എത്ര വേണേലും കുടിച്ചോ. പത്രമോ സിനിമാ മാസികയോ വായിച്ച് ഇരുന്നോ. ഫീല്‍ഡ്‌ വര്‍ക്ക്‌ ഇനി വേണ്ട."

"താങ്ക്യൂ ബോസ്സ്. ഞാന്‍ ഇതെന്നോ ആഗ്രഹിച്ചതാ." (ഞാന്‍ മനസ്സാ പറഞ്ഞു). സന്തോഷം കൊണ്ട്‌ തുള്ളിചാടാന്‍ എനിക്ക് തോന്നി.

പക്ഷെ, ക്യാബിനപ്പുറം ഇരിക്കുന്ന ടൈപ്പിസ്റ്റ്‌ റോഷിനി ബോസ്സ് എഡിസണ്‍ പറയുന്നത് കേട്ടിട്ടാണോ എന്തോ ഞെട്ടി നോക്കിയത് എന്തിനാവാം? ആ?

Wednesday, 13 April 2011

ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതല്ലേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ?
എന്നുമോര്‍ക്കുന്നു ഞാന്‍
വീണ്ടുമോര്‍ക്കുന്നു ഞാന്‍...'

എന്നാലും ഒരിത്തിരി പ്രതീക്ഷകള്‍ ബാക്കിയുണ്ട്‌. പിണക്കം മറന്നൊടുവില്‍, ഒരു പക്ഷേ.. പ്രാര്‍ത്ഥിക്കുക സുഹൃത്തുക്കളേ..

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com