Tuesday, 30 January 2007

ഒരു ചിത്തഭ്രമപ്രണയം (ഭാഗം-3)


കൂടണയാന്‍ പോവുന്ന പറവകളെ നോക്കിയതിനു ശേഷം കിളിവാതില്‍ പതിയെ ചാരിയിട്ട്‌ ഭാനുപ്രിയ തിരിഞ്ഞു നിന്നു. ചുണ്ടിലും മാറത്തും കാലത്തുണ്ടായ നഖക്ഷതങ്ങളില്‍ വിരലോടിച്ച്‌ നാണിച്ച്‌ മന്ദഹസിച്ചുകൊണ്ട്‌ അവള്‍ മുറിയിലേക്ക്‌ ഓടിചെന്ന് മെത്തയില്‍ കമിഴ്‌ന്നുകിടന്നു. മങ്ങിയ വെളിച്ചത്തില്‍ അവിടെയൊരു മൂലയിലെ പീഠത്തിലെ പീലി ചൂടിയ കണ്ണന്‍ എല്ലാം നോക്കികൊണ്ട്‌ പുല്ലാങ്കുഴലൂതി പുഞ്ചിരിച്ച്‌ നില്‍ക്കുന്നു.

കസവിന്റെ ഇറുകിയ ബ്ലൗസ്സും അതേ നിറത്തിലുള്ള പാവാടയുമിട്ട്‌, നേരത്തെ ക്ഷേത്രത്തില്‍ പോയപ്പോള്‍ ധിരിച്ചതാണിത്‌. നെറ്റിയില്‍ ചന്ദനക്കുറിയും. എല്ലാം കണ്ടുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ പുഞ്ചിരി തൂകിനില്‍ക്കുന്നുവോ?

നീരാടുവാന്‍ കാലത്ത്‌ പുഴയില്‍ പോയതും അവിടെ സംഭവിച്ചതുമെല്ലാം ഓരോരോ രംഗങ്ങളായിട്ടവള്‍ ഓര്‍ത്തു. കമിഴ്‌ന്ന കിടപ്പില്‍ കാലുകള്‍ പിന്നാക്കംവെച്ച്‌ ഉയരത്തില്‍ ആട്ടികൊണ്ടിരുന്നുണ്ട്‌. പാദസരങ്ങള്‍ കിലുങ്ങുന്ന സ്വരം മാത്രം നിശ്ശബ്‌ദതയെ ഭംഗം വരുത്തി. പെട്ടെന്ന്...

"ഭാനൂ.. എവിടെപോയി ഈ കുട്ടി? സന്ധ്യാദീപം തെളിയ്‌ച്ചുവെയ്‌ക്കാന്‍ എന്താത്ര അമാന്തം?"

അമ്മായീടെ വിളിയാണ്‌. ഭാനുപ്രിയ സ്വപ്‌നം മതിയാക്കി എഴുന്നേറ്റ്‌, മുടിയൊതുക്കി കെട്ടിവെച്ച്‌ മുറിയിലെ ഒരു കോണിലുള്ള പീഠത്തില്‍ വെച്ച ചന്ദനത്തിരി എടുത്ത്‌ കത്തിച്ചു. മുഖത്തോട്‌ അടുപ്പിച്ച്‌ അതിന്റെ സുഗന്ധം ആസ്വദിച്ച്‌ കണ്ണുകള്‍ പാതിയടച്ചുനിന്നു. ചന്ദനത്തിന്റെ ധൂളികള്‍ പരത്തിയിട്ട അവളുടെ മുടിയിഴകളിലൂടെ പതുക്കെയൊഴുകുന്നു. ഭാനുപ്രിയ പതിയെ കണ്‍തുറന്ന് ഭഗവാനെ ദര്‍ശിച്ച്‌ തിരിയാലൊരു വട്ടം ഉഴിഞ്ഞ്‌ നിര്‍ന്നിമേഷയായി തൊഴുതു നിന്നു. അപ്പോഴും താഴേന്ന് വിളി തന്നെ...

"ഭാനൂ.. ചത്തോ ഇക്കുട്ടി!"

സ്വപ്‌നങ്ങള്‍ക്കറുതി വന്ന ദേഷ്യം അടക്കിപ്പിടിച്ച്‌ വിളിയ്‌ക്ക്‌ മറുപടി അറിയിക്കാതെ താഴേക്ക്‌ ധൃതിയില്‍ പുറപ്പെട്ടു. താഴേ വരുമ്പോള്‍ കയര്‍ത്തു നില്‍ക്കുന്ന അമ്മായി. അമ്മയില്ലാത്ത തന്നെ വളര്‍ത്തി വലുതാക്കിയ സ്ത്രീയാണ്‌. ഇതുവരെ തല്ലുകയോ നുള്ളുക പോലും ചെയ്തിട്ടില്ലേലും എത്ര തവണ ഒരു ദിനം ശകാരിക്കുന്നതെന്ന് എണ്ണിയാലേ കൃത്യമായിട്ട്‌ അറിയൂ. എന്നാലും ആ ശകാരത്തിലും ഒരു പുന്നാരം ഒളിഞ്ഞിരിപ്പുണ്ടാവും. അതുകൊണ്ട്‌ ശകാരം കിട്ടാനുള്ള എന്തെങ്കിലും ഒപ്പിക്കുവാന്‍ തിടുക്കമാവും.

"എന്താ ഭാനൂവേ? വല്ല ഗന്ധര്‍വനോ മറ്റോ വന്നുവോ ചങ്ങാത്തത്തിന്‌? മാളികേലും മുറീലും തന്നെയാണല്ലോ ഇന്നുച്ച തൊട്ട്‌ തന്റെ വാസം? ജീവന്‍ തിരിച്ചുകിട്ടിയതിന്‌ ഭഗവാനോട്‌ നന്ദി പറയാണ്ട്‌ അതുമിതും ചിന്തിച്ച്‌ വെറുതെ..."

ഭാനുപ്രിയ ഒന്നും ഉരിയാടിയില്ല. അവള്‍ എല്ലാം കേട്ടുകൊണ്ട്‌ അകത്തുപോയി ദീപവിളക്ക്‌ തുടച്ചുവൃത്തിയാക്കി. ഉമ്മറക്കോലായില്‍ ദീപവുമായി പ്രത്യക്ഷപ്പെട്ടു. അമ്മായി തൊഴുതു.

അവള്‍ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന് നാമം നല്ലയീണത്തില്‍ ചൊല്ലി. അമ്പലത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നുണ്ട്‌. തിരക്കു തുടങ്ങുന്നതിന്‌ മുന്‍പ്‌ നാലുമണിയ്‌ക്ക്‌ നട തുറന്നയുടനെ അവരിരുവരും പോയി തൊഴുതു വന്നതാണ്‌.

ഇരുട്ട്‌ പരന്നു തുടങ്ങി. ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്‌ദം പടിപ്പുരയുടെ സമീപം വന്നു നിലച്ചു. അവള്‍ നാമജപം നിറുത്തി നോക്കി. അമ്മായിയും അങ്ങോട്ട്‌ ശ്രദ്ധിച്ചു.

വലിക്കുന്ന സിഗരറ്റ്‌ പടിപ്പുരയിലിട്ട്‌ കാലുകൊണ്ട്‌ ചതച്ച്‌ കയറിവരുന്നു രവിവര്‍മ്മത്തമ്പുരാന്‍! ദീപം തെളിഞ്ഞു കത്തുന്നത്‌ കണ്ട്‌ മുണ്ടിന്റെ മടക്ക്‌ താഴ്‌ത്തിയിട്ട്‌ ബഹുമാനം കാണിച്ചതായി ഭവിച്ചു.

ഭാനുപ്രിയ ശ്രദ്ധിച്ചതായി നടിക്കാതെ അകത്തേക്ക്‌ നടന്നു. അമ്മായി സന്തോഷത്തോടെ എഴുന്നേറ്റു. അവര്‍ക്ക്‌ തമ്പുരാനെ വലിയ ജീവനാണ്‌. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന പുരയ്‌ക്ക്‌ ഒരു കാവലും എന്തിനുമേതിനും ആണൊരുത്തന്‍ ഉണ്ടല്ലോ എന്ന് പറയുകയും ആവാലോ. അതാണ്‌ ആ തള്ളയുടെ ചിന്ത.

ഇളകുന്ന കാലുള്ള കസേരയിലൊന്ന് അവര്‍ മാറില്‍ ഇട്ടിരുന്ന തുണിയെടുത്ത്‌ തുടച്ച്‌ നീക്കിയിട്ടുകൊടുത്തു. രവിവര്‍മ്മതമ്പുരാന്‍ അതിലിരുന്ന് ഒരു കാലെടുത്ത്‌ മറ്റേതിനു മുകളില്‍ വെച്ച്‌ ആട്ടികൊണ്ടിരുന്നു. മുഖത്ത്‌ സന്തോഷമൊന്നുമില്ല. ആരോടോ ഉള്ള പക തെളിഞ്ഞു കാണാം.

"എന്താ തമ്പുരാന്‍ചെക്കാ കടന്നലു കുത്തിയോ മൊഖത്ത്‌?"

"കടന്നലാണേല്‍ മഞ്ഞളു തേച്ചാ ആക്കം കിട്ടുമായിരുന്നു. ഇതിപ്പോ മനസ്സിലല്ലേ കുത്തിയത്‌, ഒരു ഏമ്പോക്കി..."

അവന്‍ പല്ലിറുമ്മി ഇരുന്നു.

"ഭാനൂട്ടിയെ അധികം വെളീല്‌ കറങ്ങാന്‍ വിടേണ്ട അമ്മായീ. വെള്ളം കുടിച്ച്‌ ചാവാനല്ലാ, ചിലപ്പോ മാനം പോയി മരിക്കാനാവാം അവളുടെ വിധി!"

"എന്താ ഈ പറേണേ ചെക്കാ..!"

"ജീവിതത്തീ ആദ്യായിട്ട്‌ സ്വന്തം തറവാട്ടുമുറ്റത്ത്‌ വലിയേട്ടന്‍ എന്നെ എല്ലാരേം മുന്നീല്‌ കൊച്ചാക്കി. ഒരു മാപ്പിള കാരണം."

"അവനെ ഈശ്വരനാ അവിടെ വരുത്തിയത്‌. നെഞ്ചും വിരിച്ച്‌ നടക്കുന്ന ഒരുത്തനും ഇല്ലായിരുന്നല്ലോ അന്നേരം അവിടെ?"

രവിവര്‍മ്മതമ്പുരാന്‍ ഒന്നും മിണ്ടിയില്ല. അകത്തേക്ക്‌ ഒളികണ്ണിട്ട്‌ നോക്കി. ഭാനുപ്രിയ വാതിലിനപ്പുറം പെട്ടെന്ന് ഒളിച്ചത്‌ കണ്ടു. അവള്‍ എല്ലാം കേട്ടുകൊണ്ട്‌ നില്‍ക്കുകയായിരുന്നു. അമ്മായി ന്യായീകരിച്ചു കൊണ്ട്‌ തുടര്‍ന്നു:

"അന്യജാതീലെ ഒരുത്തന്‍ വരേണ്ടി വന്നു ഭാനുവിനെ രക്ഷിക്കാന്‍. അതിനയാള്‍ക്ക്‌ പൊന്നും മറ്റും കൊടുക്കുകയായിരുന്നു വേണ്ടീരുന്നത്‌. എന്നിട്ടതിനെ തല്ലിച്ചതച്ചുവല്ലേ?"

രവിവര്‍മ്മതമ്പുരാന്‍ ദേഷ്യത്തില്‍ എഴുന്നേറ്റ്‌ ഒന്നും ഉരിയാടാതെ ഇറങ്ങി നടന്നു. ആ ഊക്കില്‍ കസേര മറിഞ്ഞുപോയി. അയാള്‍ ശരവേഗത്തില്‍ പടിപ്പുര കടന്ന് മറഞ്ഞു. ബുള്ളറ്റ്‌ ബൈക്ക്‌ സ്‌റ്റാര്‍ട്ടാക്കി ഓടിച്ചു പോയിമറയുന്നതിന്റെ ശബ്‌ദം അകന്നു ഇല്ലാതായി. മനസ്സില്‍ ചില ഗൂഢപദ്ധതികള്‍ തികട്ടിവരുന്നുണ്ടായിരുന്നു അയാളില്‍. ചിവീടുകളുടെ കലമ്പല്‍ അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെയുണ്ടായിരുന്നു.

മാളികയിലെ ജനാലയിലൂടെ വെറുപ്പോടെ തമ്പുരാന്റെ പോക്കും നോക്കികൊണ്ട്‌ ഭാനുപ്രിയ മുറിയിലേക്ക്‌ പോയി. കോവിലകമുക്കിലെ ലൈബ്രറിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പെടുത്ത ഒരു കഥാപുസ്‌തകം എടുത്ത്‌ വെറുതെ താളുകള്‍ മറിച്ചങ്ങനെ കിടന്നു.

താഴെ അമ്മായി റേഡിയോ ശ്രവിക്കുന്നുണ്ട്‌. മരത്തിന്റെ ചട്ടക്കൂടുള്ള വലിയ റേഡിയോ ആണത്‌. വര്‍ഷങ്ങളായിട്ടതും നാലുകെട്ടിലെ ഒരംഗമായിട്ടുണ്ട്‌. ഗാനവീചികള്‍ ഉയര്‍ന്നു കേള്‍ക്കായി..

"ചന്ദനപല്ലക്കില്‍ വീടുകാണാന്‍
വന്ന ഗന്ധര്‍വരാജകുമാരാ...
ഓ അപ്‌സരരാജകുമാരീ..."

ഒരു നിമിഷം കഴിഞ്ഞ്‌... വെളിയില്‍ നിന്നും മുറിയ്‌ക്ക്‌ അകത്തേക്ക്‌ പറന്നു വന്ന ഭംഗിയുള്ളൊരു ചിത്രശലഭം ശ്രീകൃഷ്‌ണപ്രതിമയിലെ മയില്‍പീലിയുടെ നെറുകയില്‍ ഒരു അലങ്കാരമായി വന്ന് ചിറക്‌ വിടര്‍ത്തി വിശ്രമിച്ചു. ഈ ശലഭം ഇനി വല്ല ഗന്ധര്‍വകുമാരനും ആയിരിക്കുമോ, നേരത്തെ അമ്മായി കളിയാക്കിയതുപോലെ.. അതിനെ നോക്കി ഭാനുപ്രിയ കണ്ണുകളടച്ച്‌ സുന്ദരസ്വപ്‌നത്തിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

നിലാവില്‍ കുളിച്ചു കിടക്കുന്ന അമ്പലവും പരിസരവും അകലെ ഒഴുകുന്ന ചാലിയാര്‍പുഴയും നിശ്ചലമായങ്ങനെ ഒരു ചിത്രം പോലെ. 'പ്രിയാനിലയ'ത്തിലെ മാളികമുറിയില്‍ അരണ്ട വെളിച്ചം ദൂരേനിന്നും ദര്‍ശിക്കുന്ന തരത്തില്‍ പ്രകാശമയമായങ്ങനെ... തൊടിയിലെ നിശാഗന്ധിച്ചെടിയിലെ പൂമൊട്ട്‌ വിരിയാനുള്ള പുറപ്പാടിലാണ്‌. നനുത്ത സുഗന്ധം പരിസരത്ത്‌ പരക്കുവാന്‍ തുടങ്ങിയിരുന്നു.

(തുടരും)

Wednesday, 17 January 2007

ഒരു ചിത്തഭ്രമപ്രണയം (തുടര്‍ച്ച - രണ്ടാം ഭാഗം)

രവിവര്‍മ്മതമ്പുരാന്‍ ആരോ വന്നുപറഞ്ഞത്‌ വിശ്വസിക്കാനാവാതെ പഴയ ബുള്ളറ്റ്‌ ബൈക്കില്‍ കുതിച്ചെത്തിയിരിക്കുകയാണ്‌. അവിടെയുള്ള ആല്‍മരച്ചുവട്ടില്‍ നിറുത്തിയിട്ട്‌ അയാള്‍ പുഴവക്കില്‍ ഈറ്റപ്പുലിയെന്ന കണക്കെ ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ പാഞ്ഞെത്തി.

കൂട്ടത്തില്‍ ഉഷിരുള്ള ചെറുതമ്പുരാക്കന്മാര്‍ അബുവിനെ പിടിച്ചു പൂശി. അതില്‍ പ്രധാനി രവിവര്‍മ്മതമ്പുരാന്‍ തന്നെ! മദ്രാസില്‍ പഠിക്കുന്ന ഈ യുവരാജന്റെ മനസ്സില്‍ കുടിയേറിയവള്‍ - ഭാനുപ്രിയ. അവളെയിതുവരെ അവന്‍ പോലും സ്പര്‍ശിച്ചിട്ടില്ല. അതിനിതുവരെ സാഹചര്യം കിട്ടിയില്ലയെന്നുവേണം പറയാന്‍.

എന്നിട്ടിപ്പോ പട്ടാപകല്‍ എല്ലാരും നോക്കിനില്‍ക്കേ ഒത്ത ശരീരമുള്ള ഒരു മാപ്പിളചെക്കന്‍ അവളെ വെള്ളത്തില്‍ വെച്ച്‌ താമരത്തണ്ട്‌ പോലെ പിഴുതെടുത്തതും പോരാഞ്ഞ്‌ പരസ്യമായി, ഛെയ്‌! "അയ്യയ്യോ ശിവനേ!". രവിവര്‍മ്മതമ്പ്രാന്റെ മനസ്സ്‌ മാത്രം നിലവിളിച്ചുപോയി.

വന്നപാടെ അബുവിനെ പൊക്കിയെടുത്ത്‌ നന്നായി പെരുമാറി. അബു നിലവിളിച്ചു. ഭാനുപ്രിയ എന്ന കൊച്ചുതമ്പുരാട്ടി ക്ഷീണിച്ച കണ്ണുകളാല്‍ ദയനീയമായി നോക്കി. ഒപ്പമുള്ള ബന്ധുസ്ത്രീകളോട്‌ എന്തോ പറയുവാനെന്നോണം ആ നറുംചുണ്ടുകള്‍ വിതുമ്പി.

"വേണ്ടാ ഇനിയത്ര തല്ലണ്ടാ.. ചാവുന്നേനും മുന്‍പ്‌ വല്യമ്പ്രാന്റെ അടുത്തു കൊണ്ടോവാം." - രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞപ്പോള്‍ തല്ലിന്റെ പെരുമഴ നിലച്ചു, അബുവിന്‌ തല്ലില്‍ നിന്നും മോചനവും കിട്ടി.

വലിയകോയിക്കല്‍ കൊട്ടാരത്തിന്റെ പാറാവുപുരയും കടന്ന് ഒത്ത ശരീരമുള്ള ഒരുത്തനെ കള്ളനെന്ന പോലെ തമ്പുരാക്കര്‍ കൊണ്ടുവരുന്നത്‌ കണ്ട്‌ വലിയരാജ മട്ടുപാവിലെ ആട്ടുകട്ടിലില്‍ ആട്ടം നിറുത്തി നോക്കി. മുറുക്കാനുള്ളത്‌ എടുത്തു തരുവാന്‍ ചാരെ നിന്നിരുന്ന ഒരു യുവതി അടുത്ത മുറുക്കിനുള്ളതും വായയില്‍ വെയ്‌ക്കുവാന്‍ ഒരുങ്ങിയത്‌ തമ്പുരാന്‍ ബലിഷ്‌ടമായ കരത്താല്‍ തടഞ്ഞു.

പെണ്ണിനോട്‌ അകത്തുപോവാന്‍ ആംഗ്യം കാണിച്ച്‌ ഒന്നു മുരടനക്കി തീഷ്‌ണമായ ദൃഷ്‌ടി അബുവില്‍ പതിപ്പിച്ച്‌ വലിയരാജ എഴുന്നേറ്റു. വലിയ കോലായിലേക്കുള്ള കൊത്തുപണിയുള്ള ഗോവണി പതുക്കെ എല്ലാ രാജഭാവാതികളോടേയും വലിയരാജ ഇറങ്ങിവന്നു.

മുറ്റത്ത്‌ അടികൊണ്ട്‌ അടിമയെപോലെ അവശനായ അബുവും എന്തോ വലിയ കാര്യം ചെയ്ത സംതൃപ്തിയില്‍ ചെറുതമ്പ്രാക്കളും ആ വരവും നോക്കി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ബുള്ളറ്റിലേറി രവിവര്‍മ്മതമ്പ്രാനുമെത്തി.

ചെറിയ തരത്തിലുള്ള വിചാരണ അവിടെ നടന്നു. സംഗതിയുടെ കിടപ്പ്‌ ഒരു തരത്തില്‍ പിശകില്ല എന്ന നിഗമനത്തിലാണ്‌ വലിയരാജ എത്തിയത്‌.

"തമ്പുരാട്ടികുട്ടീടെ ജീവന്‍ ഈശ്വരന്‍ തിരിച്ചു തന്നത്‌ ഈ ചെറുക്കനിലൂടെയല്ലേ? അതിനിവന്‍ ചെയ്തത്‌ അത്ര അപരാധമൊന്നുമല്ലാലോ. വെള്ളത്തില്‍ പെട്ടവരെ രക്ഷിയ്ക്കാന്‍ ആരും ചെയ്യണതൊക്കെയല്ലേ ഈ മാപ്പിളച്ചെക്കനും ചെയ്തേ?"

തമ്പ്രാക്കര്‍ മറുപടിയില്ലാതെ നിലം നോക്കി നിന്നു. രവിവര്‍മ്മ തമ്പ്രാന്‍ ഇതൊട്ടും പ്രതീക്ഷിച്ചതല്ല. അച്‌ഛന്റെ പ്രായമുള്ള തന്റെ വലിയേട്ടന്‍ ആയിപോയില്ലേ. അയാള്‍ പല്ല് കടിച്ച്‌ കടുക്‌ വറക്കുമ്പോഴുള്ള ശബ്‌ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചു. അയാള്‍ ഈര്‍ഷ്യയോടെ കൊട്ടാരത്തിനകത്തേക്ക്‌ വേഗം കയറിപോയി.

അബുവിന്റെ മനം കുളിര്‍ത്തു. കണ്ണുകളിലെ പൊന്നീച്ച പോയി കുളിരിമയെത്തി. അവന്‍ മന്ദഹസിച്ചു നിന്നു. വലിയരാജ പെരിയരാജ എന്ന് വിളിച്ചുകൂവണമെന്നുണ്ട്‌. വല്യമ്പ്രാന്‍ എല്ലാരോടും പിരിഞ്ഞുപോവാന്‍ ആക്ഞ്ഞാപിച്ചു. നല്ലൊരു ഒഴിവുസമയം ആസ്വദിച്ചിരുന്നത്‌ നഷ്‌ടമായ ദേഷ്യം പ്രകടമായിരുന്നു അയാളുടെ മുഖത്ത്‌.

മടങ്ങുന്നവരില്‍ പിറകിലായിരുന്ന അബുവിനെ ഒരു ഭൃത്യനെ അയച്ച്‌ വിളിപ്പിച്ചു. ഇനിയെന്തിനാണാവോ വല്യമ്പ്രാന്‍ വിളിക്കുന്നത്‌! അബു തിരികെ ചെന്നു. ഭവ്യതയോടെ നിന്നു. വലിയരാജ ഹിമക്കരടിയെ പോലെ വെളുത്ത ദേഹം നിവര്‍ത്തി വടിപോലെ നില്‍ക്കുന്നു. അപ്പോഴും മുറുക്കുന്നുണ്ട്‌. അപ്പുറത്തെ തെങ്ങിന്‍തോപ്പില്‍ കുറെ പണിക്കാര്‍ നാളികേരം പെറുക്കുന്നതും കൂടയിലാക്കി കൊണ്ടുപോവുന്നതുമൊക്കെ നോക്കിനില്‍പാണ്‌.

അബു ഒന്ന് മുരടനക്കിയപ്പോള്‍ അയാള്‍ നോക്കി. കോലായിലെ ചാരുകസേരയില്‍ ഇരുന്ന് കാലുകള്‍ നിവര്‍ത്തിവെച്ചു. ഒരു ഭൃത്യന്‍ അരികില്‍ നിന്ന് വീശറി ചലിപ്പിച്ചു. വേറെ ഒരാള്‍ കരിക്ക്‌ വെട്ടിയത്‌ കൊണ്ടുവന്നു. അതും കുടിച്ച്‌ ഏമ്പക്കമിട്ട്‌ വലിയരാജ അബുവിനോട്‌ ചോദിക്കുവാന്‍ തുടങ്ങി.

(കരിക്കിന്‍വെള്ളം ഇത്തിരി തനിക്കും തന്നൂടേ? ചോദിച്ചാല്‍ തരുമോ? അബു വൃഥാ ആഗ്രഹിച്ചുപോയി.)

"തന്റെ പേരെങ്ങിനേയാ?"

"അബു"

"എന്താ തന്റെ പണി?"

"വേല ഇന്നത്‌ എന്നൊന്നുമില്ല തമ്പ്രാ.. മീന്‍പിടുത്താ മെയിന്‍"

"അതു ശരി. കോലോത്തെ കുളിക്കടവിലെന്നെ മീന്‍ പിടിക്കണംന്നുണ്ടോ, ങ്‌ഹേ?"

"അത്‌.. അത്‌.. ഇവിടെത്തെ മീനുകള്‍ക്ക്‌ നല്ല മുഴുപ്പുണ്ടേയ്‌. അങ്ങാടീല്‌ കൊടുത്താല്‌ മെച്ചം ഇവിടുന്ന് പിടിക്കണതിനാണേയ്‌."

"നല്ലത്‌. നോം മീന്‍ കഴിക്കാത്തത്‌. ഇല്ലേല്‌ പിടിക്കണതെല്ലാം ഇങ്ങട്‌ കൊണ്ടുവരേണ്ടിവന്നേനെ! ഇവിടെത്തെ മുഴുപ്പുള്ള മീന്‌ മാത്രം അങ്ങാടീല്‍ക്ക്‌ പിടിച്ചോണ്ടായാ മതി. മനസ്സിലായോ മാപ്പിളേ?"

"ഓ... ഉത്തരവ്‌" - അബു പല്ലിളിച്ചു ചിരിച്ചു.

"ഈ വലിയരാജ ഒരു കോമഡിരാജയാണല്ലേ." (ആത്മഗതം)

"ആട്ടെ, തന്റെ വീടെവിടെയാടോ?"

"രാമംകുത്താണേയ്‌"

"അവിടെ ഒരു പാന്താത്ത എന്നൊരു സ്ത്രീയെ അറിയോ തനിക്ക്‌? അത്‌ ഒരുരുപ്പിടിയായിരുന്നു ആയകാലത്തേയ്‌"

തമ്പ്രാന്‍ കുടുകുടെ ചിരിച്ചു തുടരുകയാണ്‌.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതീലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തീരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറു എന്നോ മാലുവെന്നോ? ആ? ഉം ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

തമ്പ്രാന്‍ പഴയ രസങ്ങള്‍ അയവിറക്കി ആര്‍ത്തലച്ച്‌ ചിരിക്കുമ്പോള്‍ അബുവിന്റെ മുഖം കരിമേഘം വന്ന പോലെയായി. കണ്ണീര്‍ പൊടിഞ്ഞു.

"അത്‌... അതെന്റെ പെറ്റ ഉമ്മയാണ്‌!"

"ശ്ശോ! ഭഗവാനേ! ക്ഷമിക്ക്യാട്ടോ മാപ്പിളേ.." - വല്ല്യമ്പ്രാന്‍ വിഷണ്ണനായി എഴുന്നേറ്റു.

"ഞാന്‍ പോട്ടേ തമ്പ്രാ?"

സമ്മതം കേള്‍ക്കാന്‍ നിക്കാതെ അബു കൊട്ടാരമുറ്റം വിട്ടു. കോവിലക പാതയിലൂടെ മനസ്സിലെന്തൊക്കെയോ ചിന്തകളുമായി സായാഹ്നസൂര്യന്റെ ശോണിമയില്‍ അയാള്‍ നീങ്ങി. അമ്പലപറമ്പില്‍ മേയുന്ന പശുക്കളുടെ നടുവിലൂടെ ഒരു സ്വപ്‌നാടകന്‍ ആയിമാറിയ അബു നടന്നു. സഹയാത്രികനായി സ്വന്തം നിഴലും നീളത്തില്‍ വിടാതെയുണ്ട്‌.

അയാള്‍ അറിയാതെ അമ്പലത്തിന്റെ സമീപത്തുള്ള 'പ്രിയാനിലയം' എന്ന പഴയ തറവാടിന്റെ കിളിവാതിലിലൂടെ സുന്ദരമായ കണ്ണുകള്‍! അബു പോയി മറഞ്ഞപ്പോള്‍ ആ കിളിവാതില്‍ അടഞ്ഞു. സൂര്യനും ചക്രവാളത്തില്‍ പോയൊളിച്ചു.

(തുടരും)

Monday, 8 January 2007

ഒരു ചിത്തഭ്രമ പ്രണയം!





കര്‍ക്കിടകം ബലപ്പെടുമ്പോള്‍ ഭ്രാന്തും ബലപ്പെടുന്ന 'പിരാന്തന്‍'അബു ചെട്ട്യങ്ങാടിയില്‍ ഏവര്‍ക്കും അറിയാവുന്ന ഒരുത്തനാണ്‌. അവനെങ്ങനെ ഭ്രാന്തുണ്ടായി അല്ലെങ്കില്‍ സ്ഥിരബുദ്ധി പോയി എന്നുള്ളത്‌ ചികഞ്ഞാലോചിച്ച്‌ ഒരു ഉത്തരം കണ്ടെത്തുവാന്‍ നാട്ടിലെ തലമുറകളിലെ അങ്ങേതല തൊട്ടിങ്ങേതല വരെ പുകഞ്ഞാലോചിച്ചതാണ്‌.

വിശ്വസനീയമായ ഒരു കണ്ടെത്തല്‍ പോസ്‌റ്റ്‌മാന്‍ മെയമ്മാലി വകയുള്ളതാണ്‌. അബുവിന്റെ യുവരക്തം തിളക്കുന്ന കാലം. അന്നവന്‍ ഏതു കടക്കണ്ണും ഒന്നുടക്കി പോവാന്‍ പോന്ന ഒരു ഹൃത്തിക്കോ അതോ സല്‍മാനോ അതോ അതേപോലെത്തെ ഒരു മാങ്ങാതൊലിയോ ആയിരുന്നുവത്രേ.

അന്നേ അബുവിന്റെ ഹോബി കോവിലകം കടവില്‍ മീന്‍ പിടിക്കുന്നതായിരുന്നു. ഒരു ചൂണ്ടയും ഇരയായ മണ്ണിരകളെയിട്ട കവറുമായി അവന്‍ അവിടെ കെട്ടിയിട്ട വള്ളത്തിന്റെ ഒരറ്റത്തിരിക്കും. ചുണ്ടിലൊരു കാജാബീഡിയും ഇരിപ്പുണ്ടാവും, പുകഞ്ഞങ്ങനെ...

എല്ലാം നോക്കി അപ്പുറത്തെ ഒരു കമ്പിലൊരു വെള്ളകൊക്കും "ആനമയക്കി" (ഒരു വാറ്റ്‌ ഇനം) അകത്താക്കിയ പോലെ ഒറ്റക്കാലില്‍ വിക്രസ്സില്ലാതെയിരിപ്പുണ്ടാവും.

മീനെ പിടിക്കുന്ന അബു ഇരയെ ചൂണ്ടയില്‍ കോര്‍ക്കുമ്പോള്‍ അപ്പുറത്തെ കുളിക്കടവിലേക്ക്‌ നോക്കി പരിസരവും ശ്രദ്ധിച്ച്‌ തടി നോക്കുന്നുണ്ടാവും. വെയില്‍ ചൂടാവുന്നതിനും മുന്‍പ്‌ കോവിലകത്തെ പെണ്ണുങ്ങള്‍ മാത്രം നീരാട്ടിനിറങ്ങുന്ന കടവിലൊരു മൂലയില്‍ പൊന്തയ്‌ക്കപ്പുറം അബു ഉള്ളത്‌ ആരും അറിയാറില്ല. പല നാളുകളായിട്ടും.

കോവിലകവാസികളായ സ്ത്രീജനങ്ങള്‍ ഒരുപാടുനേരം സ്വകാര്യവും പ്രാദേശികവും ദേശിയാന്തര്‍ദേശീയവും എല്ലാം അവലോകനം ചെയ്ത്‌ അടുത്തെങ്ങും ഒരു പുരുഷന്‍ പോലുമില്ല എന്ന വിശ്വാസത്തില്‍ അര്‍ദ്ധനഗ്നകളായികൊണ്ട്‌ ദര്‍ശനയോഗ്യമല്ലാത്ത ശരീരഭാഗമെല്ലാം ചാലിയാറില്‍ അര്‍പ്പിച്ച്‌ നീന്തിത്തുടിച്ച്‌ ഏറേനേരം ചിലവഴിക്കുന്നത്‌ കണ്ട്‌ അബു ഇരിക്കും. ഒരു ചെറുമീന്‍ പോലും കൊത്താത്ത ചൂണ്ടയും അതിലെ മൃതപ്രായനായ ഇരയുമൊത്ത്‌ നിശ്ചലനായങ്ങനെ...

നീരാടുന്നവരില്‍ പരിചയം കുറഞ്ഞ ഒരു പെണ്‍കുട്ടി നീന്തിത്തുടിക്കുന്നുണ്ട്‌. കൊടിയ വേനല്‍ക്കാലത്തും അഞ്ചാള്‍ക്ക്‌ വെള്ളമുള്ള ചുഴിനിറഞ്ഞ 'കോവിലകക്കുഴി' എന്ന ചാലിയാറിലെ ഒരു ഭാഗം ഏറേ ദൂരെയല്ല. ആ വെളുത്ത കുട്ടി മുടിയെല്ലാം പരത്തിയിട്ട്‌ ഒരു ജലകന്യകയെ പോലെ മുങ്ങാംകുഴിയിട്ടും നീന്തിത്തുടിച്ചും കരയില്‍ നിന്നകന്ന് എത്തുന്നത്‌... പടച്ചോനേയ്‌ അങ്ങോട്ടാണല്ലോ.

ആരും അതു കണ്ടില്ല, അബു കണ്ടു. "ട്ടെപ്പോ!" എന്ന ഒച്ചയോടെ വള്ളത്തിന്റെ അറ്റത്തിരിക്കുകയായിരുന്ന അബു ഇരയെ കണ്ട ചീങ്കണ്ണി വെള്ളത്തില്‍ ചാടുന്ന പോലെ ചാടി. നീന്താനും തുടങ്ങി.

കരയിലും വെള്ളത്തിലും നീരാടിയും അലക്കിയും നിന്ന കോവിലക തമ്പുരാട്ടികള്‍ മാറും മറ്റും കൈകൊണ്ടും കിട്ടുന്നതു കൊണ്ടെല്ലാം മറച്ചുകൊണ്ട്‌ അലമുറയിട്ട്‌ മറവുള്ളയിടം നോക്കിയോടി. അപ്പോഴും അവര്‍ അബുവിനെയല്ലാതെ കയത്തില്‍ ജീവന്‍ പോവാനൊരു നിമിഷം മാത്രമുള്ള കൂട്ടുകാരിയെ കണ്ടിട്ടില്ല.

അബു അതിവേഗത്തില്‍ ആ പെണ്‍കുട്ടിയുടെ അരികില്‍ നീന്തിയെത്തി. മുടി കടന്നുപിടിച്ചു. പെണ്‍കുട്ടി ഭയന്നു, നിലവിളിച്ചു. അവള്‍ മുന്നിലേക്ക്‌ കുതിച്ചു. ഇപ്പോള്‍ ശരിക്കും കയത്തില്‍ പെട്ടുപോയി!

എവിടെയെല്ലാം പിടിക്കാമെന്നോ തൊടുവാന്‍ പാടില്ലായെന്നോ ചിന്തിക്കുവാന്‍ നേരം കളയാതെ അബു അവളെ വാരിയെടുത്തു. മുടിയിലെ പിടി വിട്ടിട്ടില്ല. അപ്പോഴേക്കും യുവതി ബോധരഹിതയായിട്ടുണ്ട്‌.

വരുംവരായ്‌കയൊന്നും ഓര്‍ക്കാതെ അബു യുവതിയെ ക്ലേശപ്പെട്ട്‌ കരയിലെത്തിച്ചു. പെണ്ണുങ്ങളുടെ നിലവിളി കേട്ട്‌ കോവിലകവാസികളും അമ്പലത്തിലെത്തിയവരുമെല്ലാം അവിടെ വന്നുകൂടി.

നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വെളുത്ത ദേഹത്ത്‌ അബു താഴെ കിടന്നിരുന്ന ഒരു തുണിയെടുത്തിട്ടു. ചുറ്റുമുള്ളവരെ ശ്രദ്ധിയ്‌ക്കാതെ പ്രദമശുശ്രൂഷ തുടങ്ങി. ബീഡി വലിക്കുന്ന നാറ്റമുള്ള അബുവിന്റെ വായ ആദ്യമായി ഒരു പെണ്‍കിടാവിന്റെ താമരമൊട്ടു പോലുള്ള നനുത്ത അധരത്തില്‍ സ്പര്‍ശിച്ചു. മനസ്സില്‍ യാതൊരു ചീത്ത ചിന്തയുമില്ല. രക്ഷിക്കണം ജീവന്റെ ഒരംശമെങ്കിലും തിരിച്ചെടുക്കണം. ആ ചുണ്ടില്‍ ആഞ്ഞു വലിച്ച്‌ വെള്ളം തുപ്പിക്കളഞ്ഞു. ഒരു കുടം വെള്ളമെങ്കിലും (ഇത്തിരി ഉമിനീരടക്കം) വെളിയില്‍ കളഞ്ഞു.

അധികം തുടരുവാന്‍ പരസരവാസികല്‍ സമ്മതിച്ചില്ല. അവര്‍ അബുവിനെ പിടിച്ചുമാറ്റി. യുവതി നേത്രങ്ങള്‍ പതിയെ തുറന്ന് എല്ലാവരേയും നോക്കി. ബന്ധുഗണത്തിലുള്ള സ്ത്രീകള്‍ കരഞ്ഞുകൊണ്ട്‌ അടുത്തെത്തി അവളെ എഴുന്നേല്‍പിച്ചു.

അബു വലിയ ചാരിതാര്‍ത്ഥ്യത്തോടെ നിവര്‍ന്നു. നെഞ്ചും വിരിച്ചു മുടിയിലെ നനവു തുവര്‍ത്തി ആ കുട്ടിയെ നോക്കി നിന്നു.

(തുടരും)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com