ഞമ്മളെ നാട്ടിലൊരു മൂസക്കോയണ്ട്. ഓന്റെ പണിയെന്താച്ചാല് മറ്റോരെ മക്കാറ് (എടങ്ങേറ്)ആക്കലാണ്. ഒരീസം ഇഞ്ഞാരേണ് മക്കാറാക്ക്വാന്ന് വിചാരിച്ച് മൂസക്കോയ നിലമ്പൂരങ്ങാടീക്കൂടെ ബീഡീം പുകച്ച് മടക്കിക്കുത്തി നടക്കുമ്പം ഒരുത്തനീം ഒരുത്തീനേം കണ്ടുകിട്ടി.
ഡിസൈന്‍സ് ടെക്‍സ്‌റ്റൈല്‍സില് പുത്യെണ്ണിന് സാരീം ബ്ലൌസും ബോഡീസും മേടിച്ചുകൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് കഴിഞ്ഞാഴ്‌ച വിവാഹിതരായ യുവമിഥുനങ്ങള്‍. ചെക്കന്‍ അവിടേള്ള മൊത്തം സാരീം ബോഡീസും സഹധര്‍മ്മിണിയുടെ ദേഹത്ത് തട്ടിച്ചുവെച്ച് ഇതു മതിയോ വേറെ വേണോ എന്നൊക്കെ മധുരമൊഴികളുമായി നില്‍ക്കുന്നത് കണ്ട് മൂസക്കോയ അങ്ങോട്ട് കയറിച്ചെന്നു. പൊതുവെ കുപ്പായം ധരിക്കാത്ത മൂസക്കോയ ലുങ്കിത്തുണി മടക്കിക്കുത്തി ബാലചന്ദ്രമേനോന്‍ സ്‌റ്റൈലില്‍ വിരലുകളാല്‍ നെഞ്ചിലെ രോമത്തില്‍ പരതിക്കോണ്ട് തല താഴത്തോട്ടും മേലോട്ടും ഇളക്കി യുവമിധുനങ്ങളെ നോക്കി അരികിലെത്തി.
‘മൂസക്കോയാ എന്തായീവഴിയൊക്കെ. കുപ്പായശീല മേടിച്ച് അടിപ്പിക്കാന്‍ തീരുമാനിച്ചോ?’ - മേശയ്ക്കിരിക്കുന്ന മാനേജര്‍ ചോദിച്ചു.
‘അല്ലാ വേറെ രണ്ടാളെ അടിപ്പിക്കാന്ന് തീരുമാനിച്ച്’ - മൂസക്കോയ സ്വകാര്യായിട്ട് മാനേജറോട്.
മറ്റുള്ളോര് കണ്ടാല് എന്തുവിചാരിക്കും എന്നൊന്നും ചിന്തിക്കാന്‍ നേരമില്ലാതെ കൊഞ്ചിക്കുഴഞ്ഞ് പര്‍ച്ചേയിസിംങ്ങില്‍ മുഴുകിയ യുവമിഥുനങ്ങളുടെ അടുത്ത് ഏന്തിവലിഞ്ഞ് നോക്കിക്കൊണ്ട് മൂസക്കോയ നമ്പറിറക്കി.
‘അല്ല ചെങ്ങായീ, ഇജ്ജ് ഇന്നാള് ഒരീസം ഇവിടേ വന്ന് നല്ല പളപളാസാരി മൂന്നാലെണ്ണോം ബ്ലൌസ്‌പീസും ബോഡീസും ഷെഡ്ഡീം ഒക്കെ പൊയിഞ്ഞ് കെട്ടികൊണ്ടുപോയത് പോരാഞ്ഞാണോ ഇവളെകൊണ്ട് ഇതൊക്കെ എടുപ്പിക്കുന്നത്?’
ചെക്കന്‍ അന്തമില്ലാതെ വാപൊളിച്ചപ്പോള്‍ ചെക്കത്തി ഞെട്ടി കണ്ണുരുട്ടി ചെക്കനെ നോക്കി.
‘അതാര്‌ക്കാ ഇങ്ങള് മേടിച്ചുകൊടുത്തത്? സത്യം പറഞ്ഞോളീന്‍, ആര്‍ക്കാ അതൊക്കെ കൊടുത്തത്?’
എന്നും പറഞ്ഞ് അവള് കണ്ണീര്‍കായലിലായി. ആ കണ്ണീര്‍കായലില്‍ ചില സാരികളും ബ്ലൌസും ബോഡീസും മുങ്ങാന്‍ തുടങ്ങുന്നേനും മുന്നെ സെയില്‍സ് ഗേള് എടുത്തുമാറ്റിവെച്ചു. അവള് കരഞ്ഞോണ്ട് പുറത്തേക്ക്.. ചെക്കനും പിന്നാലെ. ചെക്കന്‍ അവളോട് കേണപേക്ഷിച്ച് 'അതറീല അതറീല' എന്നുപറഞ്ഞു. യുവമിഥുനങ്ങള്‍ രണ്ടുവഴിക്കായി.
‘കണ്ണീര്‍ കായലിലേതോ
കടലാസിന്റെ തോണീ
അലയും കാറ്റിലുലയും
രണ്ട് കരയും ദൂരെ ദൂരേ..’ - എന്നും പാടികൊണ്ട് മൂസക്കോയ പോകുമ്പോള്‍ കച്ചോടം മുടങ്ങിയതില് കലിവന്ന മാനേജര്‍ കഴുത്തിനുപിടിച്ചു. പിന്നെ പൊടിപൂരം...
ഈ മൂസക്കോയേടെ വേറെ വിശേഷം കേള്‍ക്കണോ..
മൂസക്കോയ സെക്കന്റ് കെട്ട്യോള്‍ടെ കുട്ട്യോള്‍സിനെ കളിപ്പിച്ച് പുരയുടെ ഉമ്മറത്തിരിക്കുമ്പം അതാ ഒരു ജീപ്പില്‍ അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നു.
‘ഇതുവരെ ആരും കാണാത്ത ഭീകരജീവി രക്തരക്ഷസ്സ്! ഇതുവരെ കണ്ടിട്ടില്ലാത്ത ഭീകരസത്വം രക്തരക്ഷസ്സ്!
വരുവിന്‍ കാണുവിന്‍ അരുവാക്കോട് മൈതാനിയില്‍ രക്തരക്ഷസ്സ്.
വെറും പത്തുരൂപാ, അഞ്ചുരൂപാ, മൂന്നുരൂപാ ടിക്കറ്റെടുത്ത് നേരില്‍ കാണുവിന്‍ രക്തദാഹി രക്തരക്ഷസ്സ്..’
തൊണ്ട പൊട്ടും ഒച്ചയിലുള്ള അറിയിപ്പുമായി ജീപ്പ് വീട്ടുപടിക്കലൂടെ കടന്നുപോകുമ്പം മൂസക്കോയ പാഞ്ഞുചെന്ന് ജീപ്പ് നിറുത്തി. പരസ്യം വിളിച്ചുകൂവുന്നയാള് കോന്ത്രമ്പല്ല് കൂര്‍പ്പിച്ച് വെളിയിലിട്ട് ചോരതേച്ച ചുണ്ടുകളുമായി നില്‍ക്കുന്ന രക്തരക്ഷസ്സിന്റെ പടമുള്ള നോട്ടീസ് മൂസക്കോയക്ക് കൊടുത്തു. അത് നോക്കി മൂസക്കോയ പുരയിലേക്ക് വിളിച്ചുകൂവി.
‘എടീ പാത്തുമ്മോ പാത്തുമ്മോ ഇബിടെ ബാ..’
മുഖത്ത് കരിയായ പാത്തുമ്മ പൊന്തിയ പല്ലുകള്‍ വെളുക്കെ കാണിച്ച് പാറിപ്പറന്ന മുടി തട്ടത്തിലൊളിപ്പിച്ച് അടുക്കളേന്ന് ഓടിവന്നു. ‘എന്തിനേ ഇങ്ങള് വിളിച്ചത്?’
മൂസക്കോയ ജീപ്പിലെ ആളുകളോട് ചോദിച്ചു: ‘ഇങ്ങളെ രക്തരക്ഷസ്സ് ഇത്രേം ഭീകരജീവിയാണോ?’
ജീപ്പിലുള്ളോര്‍് ആ മോന്തയില്‍ നോക്കി. മൂസക്കോയ തുടര്‍ന്നു: ‘ഇനി ഇങ്ങള്‍ക്ക് നിശ്ചയല്ലെങ്കില്‍ രക്തരക്ഷസ്സിനോട് ഇങ്ങോട്ട് നേരിട്ട് ബരാന്‍ പറയ്, ആരാരെ കണ്ട് പേടിച്ചോടും എന്ന് നോക്കാലോ..’
ഉടന്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി അവരവിടെനിന്നും പാഞ്ഞുപോയി. പാത്തുമ്മ പല്ല് പൊന്തിയ മോന്ത കോട്ടി തിരിച്ച് പുരയിലേക്കും ഓടി.
മൂസക്കോയ ഇനിയാരെ മക്കാറാക്കും എന്നാലോചിച്ച് വേലിപ്പടര്‍പ്പില്‍ ഇരുന്ന് തലയാട്ടുന്ന ഓന്തിനെ ശ്രദ്ധിച്ച് നിന്നു.
Saturday, 18 September 2010
Wednesday, 8 September 2010
പെരുന്നാള്‍ പെരുമ – സ്മരണ
ഓരോ പെരുന്നാളും വന്നുപോകുന്നത് പണ്ടത്തെ പെരുന്നാളുകളുടെ സ്മരണകളെ ഉണര്‍ത്തിക്കൊണ്ടാണ്. ഇക്കണ്ട കാലംകൊണ്ട് മൊത്തം മുപ്പത്തിനാല് ചെറിയ-വലിയ പെരുന്നാളുകള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയി. ഇന്ന് പ്രവാസിമണ്ണില്‍ കഴിയുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിലത് നിങ്ങളുമായി പങ്കുവെയ്ക്കാം...
കൂട്ടുകുടുംബവ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന പണ്ടുകാലത്തെ പെരുന്നാള്‍രാവുകള്‍, ദിനങ്ങള്‍ ആണെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. നിലമ്പൂരിലെ തറവാട്ടില്‍ കഴിഞ്ഞുപോന്ന എന്റെ ബാല്യ-കൌമാര കാലം.. റമസാന്‍ നോമ്പ് കാലം മുതല്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷം ആരംഭിക്കും. രാത്രി ഇശാഹ് നിസ്കാരം, തറാവീഹ് എന്നിവയ്ക്ക് അവസാന പത്തില്‍ തറവാടിന്റെ ഒരു മതിലിനപ്പുറത്തെ പഴക്കമുള്ള ചെട്ട്യങ്ങാടിപള്ളിയില്‍ നല്ല തിരക്കാവും. മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുമ്പോള്‍ പലദിക്കില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ കൂട്ടം കൂടി ഇരുള്‍ നിറഞ്ഞ പള്ളിയുടെ പല മൂലകളില്‍ ഇരുന്ന്‍ ഓരോ തമാശകള്‍ പറഞ്ഞ് അടക്കിപ്പിടിച്ച ചിരിയില്‍ മുഴുകും. അല്ലെങ്കില്‍ നോമ്പിന് മാത്രം പള്ളിയില്‍ കാണാറുള്ള പിരാന്തന്‍ അബു, പൊട്ടന്‍ കാദര്‍ക്ക എന്നിവരെ കളിയാക്കി ചൊടിപ്പിച്ച് ഇരിക്കും. ശബ്ദം ഉച്ചത്തില്‍ ആവുമ്പോള്‍ മോല്ലാക്കയോ കമ്മിറ്റിയിലെ കരിമ്പനക്കല്‍ ഹദ്രോസാക്കയോ കണ്ണുരുട്ടി വന്നു കയര്‍ത്ത്നോക്കും. നോമ്പ് ഇരുപത്തഞ്ച് ആയിക്കഴിഞ്ഞാല്‍ കമ്മിറ്റി ഏല്പിച്ച ആള്‍ക്കാര്‍ നാട്ടില്‍ പലയിടത്തും പോയി സ്വരൂപിച്ച് കൊണ്ടുവരുന്ന ഫിത്തര്‍സക്കാത്ത് അരി പള്ളിയുടെ കോലായയില്‍ കുന്നുകൂടി കിടക്കും. അപ്പോഴേ പെരുന്നാള്‍പിറ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരിക്കും. കമ്മിറ്റിക്കാരും സഹായികളും അരി അളന്ന് തിട്ടപ്പെടുത്തി കുന്നുകൂട്ടിയിടുന്ന കോലായയുടെ ചാരുപടിയില്‍ ഇരുന്ന്‍ ഞങ്ങള്‍ ഊറ്റംകൊളളും. സക്കാത്ത് അരിമേടിക്കാന്‍ വരുന്ന സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തെ നോക്കി പരിചയക്കാരെ കണ്ടാല്‍ പുഞ്ചിരിച്ച് ഇരിക്കുന്ന കുട്ടികള്‍ മൊല്ലാക്ക ഇഖാമത് കൊടുക്കുമ്പോള്‍ നിസ്കാരത്തിനു ഓടും.
സസ്പെന്‍സ് നിറഞ്ഞ ഉദ്വേഗജനകമായ സമയമാണ് ഇരുപത്തൊമ്പതാം നോമ്പിന്റെ രാത്രി. നോമ്പ് തുറന്നാല്‍ പിന്നെ എല്ലാവരും പള്ളിയില്‍ കൂടി നില്‍ക്കും. ദേശത്തെ പെണ്ണുങ്ങള്‍ പള്ളിയുടെ സമീപമുള്ള വീടുകളില്‍ സൊറ പറഞ്ഞ് കൂടും. ഞങ്ങളുടെ തറവാട്ടിലും ചെറുവത്ത്‌കുന്നിലെ സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച്, പള്ളിമുകളിലെ കോളാമ്പിമൈക്കില്‍ നോക്കി ചെവിയോര്‍ത്ത് നില്‍ക്കും. എന്തിനാണെന്നോ? പെരുന്നാള്‍ മാസപ്പിറവി ആയെന്ന അറിയിപ്പ് കേട്ട് സന്തോഷിക്കാന്‍..
ഇന്നത്തെപ്പോലെ ഫ്ലാഷ്ന്യൂസ് അറിയിക്കാന്‍ അന്ന് ചാനലുകള്‍ ഇല്ല. ദൂരദര്‍ശന്‍ അത്ര പ്രചാരമായിട്ടില്ല. ആകെയുള്ള ആശ്രയം പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പാണ്. മൊല്ലാക്ക ആയിരുന്നു അന്നത്തെ വാര്‍ത്താസ്രോതസ്സ്. കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ മോന്തിയായിവരുന്ന മാനത്ത് കണ്ണുംനട്ട് എവിടെയെങ്കിലും പെരുന്നാള്‍അമ്പിളി ഉദിച്ചുവോ, മാസം പിറന്നോ എന്ന് പരതും. ആകാംക്ഷയുടെ മിടിക്കുന്ന നിമിഷങ്ങള്‍ ആണത്. ഇങ്ങനെ ഉല്‍ക്കണ്ഠയുടെ മുനയില്‍ നില്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന്‍ ഒരുത്തന്റെ അറിയിപ്പില്‍ അയഞ്ഞു. “മാസം കണ്ടേ, ചന്ദ്രനെ കണ്ടേ..!”രസികനായ അയല്‍പക്കത്തെ നജീബ് ഒരിക്കല്‍ വിളിച്ചു കൂവി. പെണ്ണുങ്ങള്‍ എല്ലാരും മാനത്ത് നോക്കി എവിടെ എവിടെയെന്ന്‍ തിക്കിത്തിരക്കി. അന്നേരം റോഡിലേക്ക് വിരല്‍ ചൂണ്ടി നജീബ് ഇളിച്ചുകൊണ്ട് അറിയിച്ചു. “ദാ നോക്ക് അവിടെയതാ..!”
എല്ലാവരും നോക്കുമ്പോള്‍ കണ്ടത് റോഡിലൂടെ പള്ളിയിലേക്ക് പായുന്ന കഷണ്ടിതലയന്‍ കമ്പോണ്ടര്‍ ഉണ്ണിഹസ്സനിക്കയെ. കറുത്ത മുടികൊണ്ട് അതിര്‍വരമ്പ് ഇട്ട അദേഹത്തിന്റെ മിനുസമുള്ള കഷണ്ടിത്തല കണ്ടാണ് നജീബ് മാസപ്പിറവി നിശ്ചയിച്ചത് എന്നറിഞ്ഞ എല്ലാവരും പിന്നെ അവനെ നോക്കി മുറുമുറുപ്പ് തുടങ്ങും. അവരുടെ ആഗ്രഹം പടച്ചോന്‍ കേട്ടത് പോലെ, പള്ളിയുടെ കോളാമ്പിമൈക്ക് കരകര ഒച്ചയില്‍ ചെറുതായി പൊട്ടലും ചീറ്റലും തുടങ്ങും. ആരൊക്കെയോ മൈക്കിനടുത്ത് നിന്ന് സംസാരിക്കുന്നത് അലയൊലി ആയിവരും. ആകാംക്ഷയോടെ കരയുന്ന കുഞ്ഞുങ്ങളുടെ വായ പൊത്തി പെണ്ണുങ്ങള്‍ നിശബ്ദരാകും. അപ്പോള്‍ വരുന്നു മൊല്ലാക്കയുടെ ഒച്ച: “നാളെ പെരുന്നാള്‍ ആണെന്ന് ഉറപ്പിചിരിക്കുന്നൂ...!!” പിന്നെ എല്ലാവരും ചിരിച്ചുകൊണ്ട് പരസ്പരം പെരുന്നാള്‍ ആശംസ നേരുന്നു. ആഹ്ലാദം നിറഞ്ഞ രാവ് ആരംഭിച്ചു.
ഞങ്ങള്‍ കുട്ടികള്‍ പള്ളിയിലേക്ക് പായും. അവിടെ തിമിര്‍ത്ത് ഓടി രസിച്ച് കൂടും. പെരുന്നാള്‍തക്ബീര്‍ ചൊല്ലുന്ന മൊല്ലാക്കയുടെ കൂടെയുള്ള ആളുകളുടെ ഇടയില്‍ ഇരുന്നു കുട്ടികളായ ഞങ്ങളും പീക്കിരിശബ്ദത്തില്‍ ഏറ്റ്ചൊല്ലും. പിന്നെ നേരെ പോകുന്നത് സിദ്ദീഖിന്റെ തയ്യല്‍കടയിലേക്ക്.. ആഴ്ചകള്‍ക്ക് മുന്‍പ് ഏല്പിച്ച തുണികള്‍ പെരുന്നാള്‍തലേന്നും തിരക്കിട്ട് അയാളും ജോലിക്കാരും ധൃതിയില്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് കാണാം. നേരം പുലരുവോളം നിലയ്ക്കാത്ത തയ്യല്‍മെഷീനുകള്‍, കത്രികാശബ്ദങ്ങള്‍ പെരുന്നാള്‍രാത്രിയെ നിറയ്ക്കും. അവരുടെ മുഷിപ്പിനെ ഇല്ലാതാക്കാന്‍ മേശമേല്‍ വെച്ച പഴയ മോണോടേപ്പ്‌റിക്കോര്‍ഡറില്‍ മാപ്പിളപ്പാട്ടുകള്‍ അലയടിക്കുന്നുണ്ടാവും.
പെരുന്നാള്‍ സുദിനത്തില്‍ എണ്ണതേച്ച് കുളിയാണ്. പലരുടെയും ദേഹത്ത് എണ്ണ തൊടുന്നത് പെരുന്നാളിനായിരിക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ചായകുടിച്ച് തക്ബീര്‍ ധ്വനികള്‍ കേട്ട് പള്ളിയിലേക്ക് പിന്നെ ഒരോട്ടമാണ്. അന്നേരം ഉമ്മ പായസം ഉണ്ടാക്കുന്നുണ്ടാവും. ജ്യേഷ്ഠന്‍ തലേന്ന് മേടിച്ച്കൊടുന്ന കോഴിയിറച്ചി, വര്‍ഷങ്ങളായി സഹായിക്കാന്‍നില്‍ക്കുന്ന ആമിന്‍താത്ത കഴുകികൊണ്ട് ബിരിയാണിക്ക് ഒരുക്കുന്നുണ്ടാവും. അയല്‍പക്കത്തെ പെണ്ണുങ്ങള്‍ വേലിക്കപ്പുറം വന്ന് ‘ഈദ് മുബാറക്ക്’ പറയുന്നതിന് അടുക്കളജനാലയിലൂടെ നോക്കി ഉമ്മയും ആമിന്‍താത്തയും തിരിച്ചും ആശംസിച്ച് വിശേഷങ്ങള്‍ പറയുന്നത് കാണാം.
തൊടിയിലെ മൈലാഞ്ചിക്കൊമ്പ് ഒടിച്ച് ഇലനുള്ളി അരച്ച് റെഡിയാക്കിയ മൈലാഞ്ചി ചക്കചൊണ (വളഞ്ഞി) ചേര്‍ത്ത് കൈയ്യിലിട്ട് വസ്ത്രത്തില്‍ ആവാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ചത് ഊരി, നനച്ച് പരസ്പരം കാണിച്ചുകൊണ്ട് എന്റെ ഇത്താത്തയും ഇരട്ടഅനിയത്തിമാരും വേലിക്കരികില്‍ നില്‍ക്കുന്ന അങ്ങീലെ പെണ്ണുങ്ങള്‍ക്ക് അരികിലെത്തും. അവരും അവരുടെ മൈലാഞ്ചിക്കൈകള്‍ കാണിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാം.
മൊല്ലാക്കയുടെ അരികിലിരുന്ന്‍ മൈക്കില്‍ ശബ്ദം വ്യക്തമായി വെളിയില്‍ വരുവാന്‍ ആവേശത്തോടെ കുട്ടികളായ ഞങ്ങള്‍ തക്ബീര്‍ ചൊല്ലും. ആളുകള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ ഒരു മുറിതുറന്ന്‍ പ്രത്യക്ഷപ്പെടുന്ന ഖാളിമുസ്ല്യാര്‍ അത്തറിന്റെ പരിമളം വീശി മുന്നിലേക്ക് വരും. പിന്നെ തക്ബീര്‍ ചൊല്ലി സലാം പറഞ്ഞ് പെരുന്നാള്‍ നിസ്കാരക്രമം അറിയിച്ച് നിസ്കാരം ആരംഭിക്കും. അത് കഴിഞ്ഞാല്‍ ഉള്ള ഖുതുബ ഞങ്ങള്‍ കുട്ടികള്‍ക്ക് അസഹനീയമായിരുന്നു. പെരുന്നാള്‍ദിനം ഓരോ നിമിഷവും തീര്‍ന്നുപോവുന്നത് ഞങ്ങള്‍ക്ക് സങ്കടമായിരുന്നു. അവിടെനിന്നും എത്രയും വേഗം രക്ഷപ്പെടാനായിരുന്നു ആഗ്രഹം. പക്ഷെ ഒരിക്കലും അവസാനിക്കാത്ത ഖുതുബ ആയി തോന്നിയിരുന്നു അത്. പ്രാര്‍ത്ഥന ചൊല്ലുന്നതിനു ആമീന്‍ പറഞ്ഞ് തീരും മുന്നേ ഞങ്ങള്‍ ഓടി റോഡിലെത്തും. വീട്ടില്‍ എത്തിയാല്‍ ഉമ്മ തയ്യാറാക്കിയ സേമിയാപായസം ചൂടോടെ ഊതിക്കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പള്ളിയില്‍ നിന്നെത്തും.
ഉപ്പയെ ഭയംകലര്‍ന്ന ബഹുമാനമായിരുന്നു ഞങ്ങള്‍ക്ക്. അധികമൊന്നും സംസാരിക്കാന്‍ പോകാറില്ല. ഉപ്പയും അത്ര സംസാരപ്രിയനല്ല. എന്നാലും ഞങ്ങളോട് പുറത്ത് പ്രകടിപ്പിക്കാത്ത സ്നേഹമാണ്. ഉപ്പ മാളികമുറിയിലേക്ക് മരഗോവണി കയറിപ്പോകും. പിന്നെ ഇറങ്ങിവരുന്നത് നോക്കി ഞങ്ങള്‍ പ്രതീക്ഷയോടെ പായസം കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പുത്തന്‍ അഞ്ചുരൂപയുടെ ഒരു കെട്ടുമായി ഇറങ്ങിവരും. ഞങ്ങള്‍ ഉത്സാഹം പുറത്ത് കാണിക്കില്ല. ഉപ്പ ഓരോ അഞ്ചുരൂപ എടുത്ത് ജ്യേഷ്ഠനും എനിക്കും അനുജനും, ഇത്താത്ത, ഇരട്ടഅനിയത്തിമാര്‍ക്കും തരും. അപ്പോഴും ഞങ്ങള്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ആഹ്ലാദതിരമാലകള്‍ ഹൃദയഭിത്തിയില്‍ തടുത്ത് നിറുത്തി ഉപ്പയെ നോക്കി ചിരിച്ചു പായസം കുടിക്കും. ഉപ്പ അടുക്കളയില്‍ ഒന്നെത്തിനോക്കി മാളികമുറിയിലേക്ക് പോയി വാതില്‍ അടക്കും. ഉപ്പ കുറേകാലം അബുദാബിയില്‍ ആയിരുന്നു. അതാണ് ഞങ്ങള്‍ക്ക് ഉപ്പയോട് ഇങ്ങനെ അകന്ന അടുപ്പം ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഉമ്മയോട് ഞങ്ങള്‍ക്ക് ഏറെ അടുപ്പവും എന്തും പറഞ്ഞ് പൊട്ടിച്ചിരിക്കാനും രസങ്ങള്‍ പങ്കുവെക്കാനും ഉള്ള ഭാഗ്യമുണ്ട്.
കുറച്ച് കഴിഞ്ഞാല്‍ പാടിക്കുന്നിലെ കുടുംബവീടുകളിലെ ഒരുപറ്റം കുട്ടികള്‍ വീട്ടിലെത്തും. സ്വന്തം വീടെന്നപോലെ അവര്‍ തറവാട്ടില്‍ വൈകുവോളം കഴിയും. ഉമ്മ ഉണ്ടാക്കിയ വലിയപാത്രം പായസവും ഒരു ചെമ്പ് ബിരിയാണിയും അവരെല്ലാം കാലിയാക്കി ഏമ്പക്കമിട്ട് തറവാട്ടില്‍ തിമിര്‍ക്കും. പിന്നെ അവരുടെ ഒപ്പം കൂടി ഒളിച്ചുകളിയാണ്. ഇരുള്‍നിറഞ്ഞ കിഴക്കകം, അറ, മേലെ-താഴെ കോലായ, തായേര, ‘എഴുത്തൂറി’ (വല്യാപയുടെ കാലത്ത് മരപ്പണിക്കാര്‍ കണക്കെഴുതാന്‍ ഉപയോഗിച്ചിരുന്ന നീണ്ടമുറിയാണ് ലോപിച്ച് ഇങ്ങനെ അറിയപ്പെട്ടത്), ഇവിടൊക്കെ ഞങ്ങള്‍ ഒളിക്കും. പകല്‍പോലും ജിന്നുകള്‍, ഭൂതങ്ങള്‍ വസിക്കുന്നു എന്ന് പഴമക്കാര്‍ പറഞ്ഞുപേടിപ്പിച്ച തറവാട്ടിലെ ചില മൂലകളില്‍ ഭയത്തോടെ കൂട്ടമായി കളിക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതി ഉണ്ടാകുമായിരുന്നു.
ശബ്ദകോലാഹലം കേട്ട് മാളികമുകളിലെ വാതില്‍കൊളുത്ത് ഇളകുന്നതും ‘കര-കര’ ഒച്ചയോടെ തുറന്ന് ഗോവണി ഇറങ്ങി ധൃതിയില്‍ വരുന്ന ഉപ്പയുടെ കാലടികള്‍ കേട്ട് കുട്ടികളായ ഞങ്ങള്‍ ഓടിയൊളിക്കും. നെല്ല് സൂക്ഷിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയുടെ വാതില്‍പാളിക്കപ്പുറം ഒളിച്ചുനിന്ന എന്നെ കൈനീട്ടി ചെവിക്ക്പിടിച്ച് ഉപ്പ വെളിയില്‍ ഇടും. മണ്ടയ്ക്ക് രണ്ട് മേട്ടം തന്ന്‍ ഒന്നും മിണ്ടാതെ ഉപ്പ പിന്നേയും ഗോവണി കേറി മാളികമുറിയില്‍ വാതിലടച്ച് അപ്രത്യക്ഷനാകും. ഇളിഭ്യനായി കരയണോ വേണ്ടയോ എന്നറിയാതെ മണ്ടതടവി നില്‍ക്കുന്ന എന്നെ നോക്കി കൂട്ടുകാര്‍ പലയിടത്തുനിന്നും കളിയാക്കിക്കൊണ്ട് പൊങ്ങിവരും. കണ്ണ് ഒലിച്ചിറങ്ങുന്ന നിശബ്ദകരച്ചില്‍ അടക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു.
വന്ന കുട്ടികള്‍ അടുക്കളയില്‍ ചെന്ന് കാലിയായ പായസം, ബിരിയാണിപ്പാത്രങ്ങള്‍ ഒന്നൂടെ വടിച്ച് വെടിപ്പാക്കി പോയിക്കഴിഞ്ഞാവും തലേന്ന് തുടങ്ങിയ ജോലിയില്‍ ക്ഷീണിച്ച് നടുമുറിയില്‍ ഉറങ്ങുകയായിരുന്ന എന്റെ ഉമ്മ ഉണര്‍ന്ന് അടുക്കളയില്‍ എത്തുന്നത്. ‘പടച്ചോനേ’ എന്നൊരു വിളിയോടെ ഉമ്മ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും ചോറും കറിയും വെക്കുന്നത് കാണാം. ആമിന്‍താത്ത നേരത്തെ സ്വന്തക്കാരെ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ടാവും. ഈ കുട്ടിപ്പടസംഘത്തെ തറവാട്ട് വീട്ടിലേക്ക് കാലത്ത് വിട്ട് സിനിമയ്ക്ക് പോയിരുന്ന അവരുടെ മാതാപിതാക്കള്‍ അടങ്ങിയ സംഘം വൈകിട്ടാണ് ഉമ്മയെ സന്ദര്‍ശിക്കുക പതിവ്. അവര്‍ക്ക് രണ്ടാമത് വെച്ച ചോറും കറിയും വിളമ്പി ഉമ്മ സല്‍ക്കരിക്കുമ്പോള്‍ ചിലര്‍ ഉമ്മയോട് ചോദിക്കാറുണ്ട്. ‘പെരുന്നാളായിട്ട് വെറുംചോറാണോ വെച്ചത് അമ്മായീ?!’ ബിരിയാണിയും പായസവും അവരുടെ സന്തതികള്‍ തന്നെ കാലിയാക്കിപ്പോയത് ഉമ്മ പറയാറില്ല. മറുപടിയില്ലാതെ ഉമ്മ വിശേഷങ്ങള്‍ ചോദിച്ച് അവര്‍ക്കൊപ്പം ഇരിക്കും.
കുട്ടികളായ ഞങ്ങള്‍ക്ക് കിട്ടുന്ന അഞ്ചുരൂപാ പുത്തന്‍നോട്ട് ഒരു മില്യന്‍ ദിര്‍ഹം സമ്മാനം കിട്ടുന്നത് പോലെയായിരുന്നു. അത് എന്ത് ചെയ്യണം എന്നത് ആലോചിച്ച് ഞങ്ങള്‍ മടക്ക് വരാത്ത പുത്തന്‍പച്ച കറന്‍സിനോട്ടില്‍ നോക്കി ഇരിക്കും. അന്നത്തെ ഒരു സംഭവം ആലോചിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മുതിര്‍ന്നവരായിട്ടും ഞങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞ് ചിരിക്കാറുണ്ട്. കിട്ടിയ രൂപ എന്ത് ചെയ്തുവെന്ന് ഞങ്ങളോട് ഉപ്പ ചോദിച്ചപ്പോള്‍ അന്ന് നാലര വയസ്സുള്ള അനുജന്‍ സാദിക്ക് വാവിട്ട് കരച്ചിലായി. ഞങ്ങള്‍ക്ക് അങ്കലാപ്പായി. ഉപ്പ അന്തംവിട്ടു. ഉമ്മ വന്ന് കാരണം ചോദിച്ചു. എന്റെ പൈസകൊണ്ട് ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പറയാതെ കീര്‍ത്തിടാക്കീസില്‍ പോയി മാറ്റിനി കണ്ടിരുന്നു. ബാക്കി വന്ന പൈസക്ക് വാടകക്ക് എടുത്ത സൈക്കിള്‍ ഓടിച്ച് കറങ്ങി തീര്‍ത്തു. (അന്ന് സൈക്കിളുകള്‍- കാല്‍, അര, മുക്കാല്‍, ഒന്ന്‍- പല പ്രായക്കാര്‍ മത്സരിച്ച് വാടകക്ക് എടുത്ത് പഞ്ചായത്ത് റോഡിലും കളത്തിന്‍കടവ് മൈതാനത്തും നിറയും, ചിലര്‍ വക്കാണവും അടിയും വരെയാകും). എന്റെ അനുജന്‍ എന്തിനാ കരയുന്നത് എന്നറിയാതെ ഞാന്‍ ഉപ്പയെ നോക്കി എന്തു നുണ പറഞ്ഞ് രക്ഷപ്പെടാം എന്നാലോചിച്ചു പരുങ്ങി.
അന്നേരം ഇരട്ടസഹോദരികള്‍ കുറേ തുണ്ട്കടലാസുകളുമായി ഓടിവന്നു. അവര്‍ ഉപ്പയെ നോക്കി ഉമ്മയുടെ കൈയ്യില്‍ ആ തുണ്ടുകള്‍ കൊടുത്തു. ഉമ്മ അത് എവിടുന്നാ കിട്ടിയതെന്ന്‍ എന്ന് ചോദിച്ചു. ‘കക്കൂസില്‍ കണ്ടതാണ്. കുറച്ച് എടുത്ത് ഓടിവന്നതാ.’ – ഇരട്ടകള്‍ ഏകസ്വരത്തില്‍ കണ്ടെത്തല്‍ ഉമ്മയെ അറിയിച്ചു. ഉമ്മ ഉറക്കെച്ചിരിച്ചു. ഉപ്പ പതിവ്പോലെ ഗൌരവത്തില്‍ ഇരുന്നു. സാദിക്ക് കരച്ചില്‍ ഉച്ചത്തിലാക്കി. ജ്യേഷ്ഠന്‍ സലീലും ഇത്താത്ത സാജിദയും ഉമ്മയുടെ കൈയ്യില്‍നിന്നും തുണ്ടുകള്‍ മേടിച്ച് നോക്കി ഞെട്ടി! അത് വേറൊന്നും അല്ലായിരുന്നു. പുത്തന്‍ കറന്‍സി അഞ്ചുരൂപ തുണ്ടംതുണ്ടമായി പിച്ചിചീന്തിയത്തിന്റെ ബാക്കിവന്നവയാണ് ഇരട്ടകളായ സഹലാ-സുഹൈലമാര്‍ കക്കൂസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്!
കഷണം ആയിപ്പോയ പെരുന്നാള്‍വിഹിതമായ അഞ്ച് രൂപയെ ഓര്‍ത്ത് എനിക്ക് സങ്കടമായി. അതും കൂടെ കിട്ടിയിരുന്നെങ്കില്‍ ശങ്കുവൈദ്യരുടെ കടയില്‍ ചെന്ന് പടക്കം, പൂത്തിരി, റോള്‍പടക്കം പൊട്ടിക്കുന്ന കറുത്ത തോക്ക് എന്നിവ വാങ്ങി ഉപ്പ കാണാതെ എവിടെയെങ്കിലും കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് തീര്‍ക്കാമായിരുന്നല്ലോ.. അനിയന് കിട്ടാന്‍ പോകുന്ന ശിക്ഷ എന്താവാം എന്ന പേടിയോടെ ഉപ്പയെ ഞങ്ങള്‍ നോക്കി. അത്ഭുതമെന്ന് പറയട്ടെ! പല്ല് വെളിയില്‍ കാണുംവിധം ചിരിക്കുന്ന ഉപ്പയെ അപൂര്‍വമായിട്ട് അന്നാദ്യമായി കണ്ടു. ‘പൈസയുടെ മൂല്യം, പ്രാധാന്യം’ വിവരിച്ച് ലഘുപ്രസംഗം പോലെ പറഞ്ഞിട്ട് ഉപ്പ മാളികമുറിയിലേക്ക് ഗോവണിയില്‍ ശബ്ദമുണ്ടാക്കി പോയി വാതിലടച്ചു. അനുജന്‍ കരച്ചിലിന് ബ്രേക്കിട്ട് അന്തംപോയി നിന്നുനോക്കി. എന്നോട് വിശദീകരണം ചോദിക്കുന്നതില്‍ നിന്നും ഉപ്പയെ വ്യതിചലിപ്പിച്ചതിന് ഞാന്‍ അനിയനെ മനസ്സില്‍ നന്ദി നേര്‍ന്ന് നോക്കി ചിരിച്ചു.
(അന്ന്, കക്കൂസില്‍ സുഖത്തില്‍ ഇരുന്ന്‍ അഞ്ചുരൂപ കീറിപ്പറത്തിയ അവന്‍, ഇന്ന്, യാദൃശ്ചികമേന്നോണം പടച്ചവന്റെ അനുഗ്രഹത്താല്‍ ഒരു ബാങ്കുദ്യോഗസ്ഥന്‍ ആയി അബുദാബിയില്‍ കുടുംബസമേതം കഴിയുന്നു.)
എസ്.എം.എസ്, ഈമെയില്‍, ചാറ്റിംഗ് യുഗമായ ഇക്കാലത്ത് പരസ്പരം അയക്കുന്ന ഈദ് ഗ്രീറ്റിംഗ്സിലും, ടിവിചാനലുകള്‍ തരുന്ന മുഷിപ്പിക്കുന്ന ഈദ് പരിപാടികളിലും തളച്ചിടപ്പെട്ട നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍, ഇതൊന്നും ഇല്ലാതിരുന്ന പൊയ്പോയ ആ ഊഷ്മളമായ പെരുന്നാള്‍ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പരമാവധി ബന്ധു-സുഹൃത് സന്ദര്‍ശനങ്ങള്‍ ചെയ്ത് നമുക്ക് ഇന്നത്തെ പെരുന്നാള്‍ ആഘോഷിക്കാം.
എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു..
Subscribe to:
Posts (Atom)
© Copyright All rights reserved
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com