സൌദിയിലെ താമസമുറി.
പണി കഴിഞ്ഞെത്തിയ വേലായുധന്‍ കുളി കഴിഞ്ഞ് തന്‍റെ ഇഷ്ടദൈവമായ ഭദ്രകാളിയുടെ ചിത്രത്തിന് മുന്നില്‍ ചന്ദനത്തിരി കത്തിച്ചുവെച്ച് കൈകൂപ്പി നില്‍ക്കാന്‍ തുടങ്ങിയതേ ഉള്ളൂ..
വാതിലില്‍ രണ്ടുമുട്ട് കേട്ട് വാതില്‍ തുറന്ന വേലായുധന്‍ ഞെട്ടി. മുന്നില്‍ അര്‍ബാബ് അറബി!
അറബി: "അസ്സലാമു അലൈക്കും യാ വേലായുദലീ."
വേലാ: "വാലായിക്കും യാ അര്‍ബാബ്"
അറബി അകത്തേക്ക് കയറി. ചന്ദനത്തിരി മണം ആസ്വദിച്ച് ഭദ്രകാളിയുടെ പടത്തില്‍ നോക്കി 'ആരാപ്പാ ഇത്?' എന്നറിയാതെ നോക്കി വേലായുധനോട്:
"മിന്‍ ഹാദാ?" (ഇതാരാ?)
വേലായുധന്‍ (അങ്കലാപ്പോടെ സകലമാന ദൈവങ്ങളെയും മനസ്സില്‍ വിളിച്ചുകൊണ്ട് തന്‍റെ പണി പോയി എന്നുരപ്പായപ്പോള്‍ ) രക്ഷപ്പെടാന്‍ പറഞ്ഞു:
"ഹാദാ അഹൂ" (ഇത് എന്‍റെ സഹോദരന്‍ )
ഒരുപാട് കൈകളും കാലുകളും തലകളും ഉള്ള ആ രൂപം നോക്കി അറബി അന്തം വിട്ടു പറഞ്ഞു.
"ഹൊ! നിന്റെ സഹോദരന്‍ ഒരു പുലിയാണല്ലോ.. നിന്നെ പോലെയല്ല. കണ്ടോ.. എത്ര കൈയും കാലും തലയുമാ പടച്ചവന്‍ കൊടുത്തിരിക്കുന്നത്."
വേലായുധന്‍ : "യ യാ.. മുഖം കണ്ടിട്ട് ഒന്നും വിചാരിക്കരുത്. നല്ല സ്വഭാവമാ."
അറബി: "സഹോദരന്‍ ഇപ്പോള്‍ എവിടെയുണ്ട്?"
വേലായുധന്‍ : "ഭാരതത്തില്‍ തന്നെയുണ്ട്."
ഒന്നാലോചിച്ചിട്ട് അറബി വേലായുധന്‍റെ തോളില്‍ തട്ടികൊണ്ട് അറബി സന്തോഷത്തോടെ പറഞ്ഞു:
"ഞാന്‍ ഒരു വിസ തരാം. ഇവനെ ഇങ്ങോട്ട് ഉടനെ കൊണ്ടുവരണം.
ഒരേ സമയം ഒരുപാട് പണി കൊടുത്താല്‍ ഉടനടി ചെയ്തു തീര്‍ക്കുമല്ലോ.
കുറെ പേരുടെ പണി ഒറ്റയ്ക്ക് എടുത്തോളും.
ഉടനെ ടിക്കറ്റ് ബുക്ക് ചെയ്തോ. അവനെ ഇവിടെ എത്തിക്കാം."
വേലായുധന്‍ ഞെട്ടി. അറിയാതെ ഉറക്കെ വിളിച്ചുപോയി.
"മുതലാളീ.. അത് വേണോ?!"
അപ്പോഴേക്കും അറബി മുറിയില്‍ നിന്നും പോയിക്കഴിഞ്ഞിരുന്നു.
പാവം വേലായുധന്‍ ഭദ്രകാളിയുടെ പടത്തില്‍ നോക്കി കണ്ണും മിഴിച്ച് കട്ടിലില്‍ ഇരുന്നുപോയി.
(ആശയം : ഷമീല്‍ വല്ലപ്പുഴ)