Tuesday, 2 November 2010

പടച്ചവന്‍ തന്ന പണി!

നമ്മുടെ സ്നേഹിതന്‍ ഫിര്‍സു എനിക്ക് ഇത്തിസലാത്തില്‍ പണി കിട്ടിയത് നിലമ്പൂരിലെ പഴയ അയല്പക്കക്കാരെ ഒക്കെ ഓടി നടന്നു അറിയിച്ചത്‌ ഇങ്ങനെ...

കല്ലായ്‌ സ്കൂളിന്‍റെ അരികിലെ പൊതുടാപ്പിലെ വെള്ളം എടുത്ത് നില്‍ക്കുന്ന നാട്ടിലെ പല പ്രായത്തിലും കോലത്തിലും ഉള്ള പെണ്ണുങ്ങളെ അവന്‍ അറിയിച്ചു. 


"നമ്മുടെ ഹംസാജീടെ മോന് ഇത്തിസലാതില്‍* പണിയായി."

അവര്‍ ഒന്നടങ്കം ചോദ്യം: "ഏത്‌ ? ആ സില്‍മാപിരാന്തന്‍ മോനോ?"

അവന്‍ അതെ എന്ന് തലകുലുക്കി. അപ്പോള്‍ പെണ്ണുങ്ങള്‍ മൂക്കത്ത്‌ വിരല്‍ വെച്ച് പറയുകയാ..


"ഇതാ പടച്ചോന്റെ കളി. 
സില്‍മ തലയില്‍ വെച്ച് കണ്ട സില്‍മാക്കാരുടെ മൂട്ടില് നടന്ന  ചെക്കനല്ലേ.. 
ഇനി ഇള്ളകാലം  കുത്തിരുന്ന് കൊറെ ഇത്തി-സലാത്ത് * ചൊല്ലിക്കോട്ടേ!! 
മനുഷ്യന്‍റെ കാര്യം ഇത്തിസലാത്ത് ആക്കാന്‍ പടച്ചോന്‍ തന്നെ വിചാരിക്കണം!"


മരിച്ചുപോയ എട്ടുമറിയാത്തയുടെ മൂത്ത മോള്‍ എട്ടുപാത്തുമ്മ കണ്ണ് നിറഞ്ഞത് തട്ടം കൊണ്ട് തുടച്ച് മൂക്ക് ചീറ്റി ഗദ്ഗദം.


"ഇന്‍റെ മോന്‍ (എട്ടു) യൂസഫിനും പടച്ചോന്‍ ഒരു ഇത്തി-സലാത്ത് തോന്നിപ്പിക്കട്ടെ. 
ഇന്നാള് ഇബടെ വന്ന സര്‍ക്കസ്സാളുകള്‍ കുറ്റിം പറിച്ച് പോയപ്പം ഓനും കൂടെ പോയതാ. രാജസ്ഥാനിലോ മറ്റോ എത്തി എന്ന് ഒരു കാര്‍ഡ്‌ വന്നിട്ട് കൊല്ലം മൂന്ന്‍ കയിഞ്ഞു."


ഫിര്‍സു സഹായിക്കാന്‍ വേണ്ടി വെള്ളം നിറച്ച അലൂമിനിയകുടം താങ്ങി അവരുടെ തലയില്‍ വെച്ചു കൊടുത്തു. ആ ഭാരവും കൊണ്ട് ചരിഞ്ഞു നടക്കുമ്പോള്‍ എട്ടുപാത്തുമ്മ പറഞ്ഞു :


"പടച്ചോനേ ഇജ്ജ്‌ ഓനും ഒരു ഇത്തി-സലാത്ത് കൊടുക്ക്!"

ഫിര്‍സു എത്ര ശ്രമിച്ചിട്ടും അവരുടെ മനസ്സിലെ "ഇത്തി-സലാത്ത് " തിരുത്താന്‍ ആയില്ലത്രേ!


കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോളില്‍ നാട്ടിലേക്ക്‌ പോകാന്‍ ഇനി എനിക്ക് മൂന്ന്‍ ദിനങ്ങള്‍ മാത്രം. അന്നേരം ഈ സംഭവം വെറുതെ ഓര്‍ത്തു. അത് നിങ്ങള്‍ക്ക്‌  സമര്‍പ്പിക്കുന്നു.

ഇനി ഞാന്‍ തന്നെ അവരുടെ "സലാത്ത്" തിരുത്തണം എന്നോര്‍ക്കുമ്പോള്‍ ...


* ഇത്തിസലാത്ത് = യു.എ.ഇ ടെലികോം കമ്പനി 
* സലാത്ത് ചൊല്ലല്‍ = മുസ്ലീങ്ങള്‍ ദൈവത്തോട്‌ ചൊല്ലുന്ന ഒരു പ്രാര്‍ത്ഥന (അറബിയില്‍ )

Saturday, 23 October 2010

ആമിന്‍ താത്ത



ആമിന്‍ താത്ത -- എന്നേയും മൂന്ന്‍ പെങ്ങന്മാരേയും ജ്യേഷ്ഠനേയും അനുജനേയും കുഞ്ഞുനാള്‍ തൊട്ട്‌ വലുതാവും വരെ അവര്‍ പരിപാലിച്ചു. വര്‍ഷങ്ങളോളം ഞങ്ങളുടെ തറവാട്ടില്‍ അവര്‍ താമസിച്ചിരുന്നു. ഞങ്ങളുടെ ഉമ്മയ്ക്ക് അടുക്കളയില്‍ ഒരു സഹായിയും ആയിരുന്നു അവര്‍ .. വര്‍ഷങ്ങളോളം കല്ലട തറവാട്ടിലെ ഒരംഗം പോലെ കഴിഞ്ഞ്  അവിടെത്തെ എല്ലാ കാര്യങ്ങളും കണ്ടും കേട്ടും അവര്‍ ജീവിച്ചു.

പ്രതാപകാലങ്ങളില്‍ മരക്കച്ചവടക്കാരന്‍ ആയിരുന്ന വല്യാപ അന്ന് കൂപ്പില്‍ പണിഎടുത്തിരുന്ന ചെറുമികളില്‍ ചിലരെ സ്വന്തം തറവാട്ട് പേര് ചാര്‍ത്തിക്കൊടുത്തുവെന്നും അവരെ മതത്തില്‍ ചേര്‍ത്തുവെന്നും പറയപ്പെടുന്നു. അതിലൂടെ വന്ന പരമ്പരയിലെ ഒരു കണ്ണിയാവാം ഇവരും എന്ന് കരുതപ്പെടുന്നു. ആമിന്‍ താത്തയുടെ ഉപ്പ ഉമ്മ മറ്റ് കുടുംബക്കാര്‍ എന്നിവരെ കുറിച്ച് അത്ര അറിവില്ല. ഇന്നും അത് അത്ര വെളിപ്പെട്ടിട്ടുമില്ല.

എന്റെ കുഞ്ഞുനാളില്‍ ഉമ്മ ഉറങ്ങുന്ന സമയത്ത് ആമിന്‍ താത്ത നിലാവുള്ള രാത്രികളില്‍ അമ്പിളിയമ്മാമനെ കാണിച്ചുതന്ന് വെളിച്ചെണ്ണ ഒഴിച്ച് ഉപ്പിട്ട് ഉരുളയാക്കി വായില്‍ വെച്ച് തന്നിരുന്ന ചോറിന്‍റെ സ്വാദ്‌ ഇന്ന് ഈ അര്‍ദ്ധരാത്രിയില്‍ കണ്ണീരുപ്പ് കലര്‍ന്ന ഓര്‍മ്മകള്‍ ആയി.

എന്നും രാത്രി ഉറങ്ങണമെങ്കില്‍ എനിക്ക് അരികില്‍ ആമിന്‍ താത്ത വേണം.തലമുടിയിലൂടെ അവര്‍ വിരലോടിച്ച് ഈരും പേനും പരതും. അത് 'ശ് ശ് ശ് ' എന്ന ഒച്ചയോടെ പൊട്ടിക്കും. പിന്നെ അറിയാവുന്ന പഴങ്കഥകള്‍ പറഞ്ഞുതരും. അത് കേട്ട് പാതിയടഞ്ഞ കണ്ണുകളില്‍ അവരെ നോക്കി ആ ശോഷിച്ച കൈകള്‍ കൊണ്ടുള്ള തലോടല്‍ ആസ്വദിച്ച് കഥ തീരും മുന്നേ ഞാന്‍ ഉറക്കത്തില്‍ സുന്ദരസ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടാവും...

കല്ലട തറവാട്ട് വീട്  വിറ്റ്‌, നാട് വിട്ട്, കോഴിക്കോട്ട് താമസം മാറിയതിനു ശേഷം ആമിന്‍ താത്തയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ല. ഇടയ്ക്ക് നിലമ്പൂര്‍ പോകുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവരുടെ അകന്ന ബന്ധുക്കള്‍ വഴി അറിഞ്ഞിരുന്നു. പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒരു പ്രദേശത്തായിരുന്നു കുറേകാലമായിട്ട് അവര്‍ താമസിച്ച് പോന്നത്. ലക്ഷംവീട് കോളനിയില്‍ ഉള്ള ഒരു കൊച്ചുകൂരയില്‍ ഏകയായി കഴിഞ്ഞുകൂടിവരികയായിരുന്നു ആരോരും ഇല്ലാത്ത അവര്‍ .. 


രണ്ടുകൊല്ലം മുന്‍പ്‌ ഞങ്ങള്‍ നാട്ടില്‍ ഒരു ഹ്രസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ അവരെ പോയി കണ്ടിരുന്നു. ആ കൂരയില്‍ ഒരു ഉച്ച തിരിഞ്ഞ വേളയില്‍ ഉമ്മയും ഞാനും അനുജനും അനിയത്തിയും കയറി ചെല്ലുമ്പോള്‍ തുറന്നിട്ട വാതിലില്‍ കൂടി അടുക്കളയുടെ വാതില്‍ക്കപ്പുറം തിരിഞ്ഞിരുന്ന് മീന്‍ വൃത്തിയാക്കി ഇരിക്കുന്ന ആമിന്‍ താത്തയെ വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കണ്ടു. 

ഉമ്മയുടെ വിളി കേട്ട് തിരിച്ചറിഞ്ഞ അവര്‍ പ്രായാധിക്യം മറന്ന് എഴുന്നേറ്റ്‌ ഓടിയെത്തി അപ്രതീക്ഷിതമായി ഞങ്ങളെ കണ്ട് സന്തോഷത്തോടെ നോക്കി കണ്ണുകള്‍ നിറഞ്ഞു നിന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അവര്‍ കൂടെ പോന്നില്ല. ആ കൊച്ചുകൂരയില്‍ തന്നെ കഴിഞ്ഞ് മരിക്കാന്‍ ആയിരുന്നു അവരുടെ ആഗ്രഹം.. ഒന്നോ രണ്ടോ വട്ടം മാത്രം അവര്‍ കോഴിക്കോട്ട് വന്നു, മടങ്ങി.

അസുഖം ബാധിച്ച അവസാനനാളുകളില്‍ അവര്‍ തനിക്ക്‌ ദാനം കിട്ടിയ കൊച്ചുപുരയും നാല് സെന്റ്‌ ഭൂമിയും പള്ളിക്കമ്മറ്റിക്ക്  കൊടുത്തു. വൃക്കരോഗിയായ ആമിന്‍ താത്ത മൂത്രം പോകാന്‍ ഇട്ടിരുന്ന പൈപ്പ്‌  പിടിച്ച് വളരെ പ്രയാസപ്പെട്ട് വേദന സഹിച്ച് അടുത്തുള്ള കടയില്‍ പോയി കഴിക്കാനുള്ള ചോറിനും കറിക്കുമുള്ളത്  വാങ്ങി വരുമായിരുന്നു എന്ന് അയല്‍പക്കക്കാര്‍ മുഖാന്തിരം അറിഞ്ഞപ്പോള്‍ .. പടച്ചവനേ.. എന്ന് അറിയാതെ ഞാന്‍ വിളിച്ചു.. അയല്‍ക്കാര്‍ അവരുടെ സഹായത്തിനു ഉണ്ടായി. 

തീരെ പുരയ്ക്ക് വെളിയില്‍ കാണാഞ്ഞ് ചെന്നുനോക്കിയ അയല്‍ക്കാര്‍ കണ്ടത്‌ നിശ്ചലയായി പായയില്‍ കിടക്കുന്ന ആമിന്‍ താത്തയെ. സുഖനിദ്രയില്‍ കിടക്കുംപോലെ..

ഇന്നലെ, (വെള്ളിയാഴ്ച, ഒക്ടോ-22, 2010) ആമിന്‍ താത്ത പരലോകം പൂകി..  അള്ളാഹു ആമിന്‍ താത്തയ്ക്ക് സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ ഒരു ഇടം നല്കുമാറാകട്ടെ... ആമീന്‍ ...

Monday, 18 October 2010

ചേട്ടന്‍ മെയമാക്ക മക്കാനി.

ഒരിക്കല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ഹാള്‍ട്ടായ കോട്ടയം ദേശം കോളേജ്‌ പിള്ളാര്‍ടെ വിനോദയാത്രാ സംഘം വിശന്നപ്പോള്‍ നേരെ കണ്ട ചായമക്കാനി (ഹോട്ടല്‍)-യിലേക്ക്‌ ചെന്ന്.
പെമ്പിള്ളേര്‍ ഘരാവോ ചെയ്യാന്‍ വരുന്നപോലെ വന്നത് കണ്ടു പരുങ്ങിയ മെയമാക്ക നിവര്‍ന്നു നിന്ന്.
കന്യാസ്ത്രീ ടീച്ചര്‍ ചോദിച്ചു : "കഴിക്കാന്‍ എന്നതാ ഒള്ളത് ചേട്ടാ ?"

എന്നോ ഉണ്ടാക്കിവെച്ച പുട്ടും പൂളയും പൊറോട്ടയും കറിയും ചില്ലലമാരയില്‍ ഉള്ളത് നോക്കി "ചേട്ടന്‍ " മെയമാക്ക കാച്ചിവിട്ടു:

"കയിക്കാന്‍ ഇബടെ പിട്ട് പീള പിറാട്ട കിറി ഇണ്ട്"

കന്യാസ്ത്രീ പരിവാരങ്ങള്‍ ചില്ലലമാരയിലെ സാധനങ്ങള്‍ നോക്കി കുരിശു വരച്ചു നിന്നു എന്ന് നാട്ടില്‍ പാട്ടായി..!

Saturday, 18 September 2010

മക്കാറ് മൂസക്കോയ ആന്റ് രക്തരക്ഷസ്സ്!

ഞമ്മളെ നാട്ടിലൊരു മൂസക്കോയണ്ട്. ഓന്റെ പണിയെന്താച്ചാല് മറ്റോരെ മക്കാറ് (എടങ്ങേറ്)ആക്കലാണ്. ഒരീസം ഇഞ്ഞാരേണ് മക്കാറാക്ക്വാന്ന് വിചാരിച്ച് മൂസക്കോയ നിലമ്പൂരങ്ങാടീക്കൂടെ ബീഡീം പുകച്ച് മടക്കിക്കുത്തി നടക്കുമ്പം ഒരുത്തനീം ഒരുത്തീനേം കണ്ടുകിട്ടി.

ഡിസൈന്‍സ് ടെക്‍സ്‌റ്റൈല്‍‌സില് പുത്യെണ്ണിന് സാരീം ബ്ലൌസും ബോഡീസും മേടിച്ചുകൊടുക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് കഴിഞ്ഞാഴ്‌ച വിവാഹിതരായ യുവമിഥുനങ്ങള്‍. ചെക്കന്‍ അവിടേള്ള മൊത്തം സാരീം ബോഡീസും സഹധര്‍മ്മിണിയുടെ ദേഹത്ത് തട്ടിച്ചുവെച്ച് ഇതു മതിയോ വേറെ വേണോ എന്നൊക്കെ മധുരമൊഴികളുമായി നില്‍ക്കുന്നത് കണ്ട് മൂസക്കോയ അങ്ങോട്ട് കയറിച്ചെന്നു. പൊതുവെ കുപ്പായം ധരിക്കാത്ത മൂസക്കോയ ലുങ്കിത്തുണി മടക്കിക്കുത്തി ബാലചന്ദ്രമേനോന്‍ സ്‌റ്റൈലില്‍ വിരലുകളാല്‍ നെഞ്ചിലെ രോമത്തില്‍ പരതിക്കോണ്ട് തല താഴത്തോട്ടും മേലോട്ടും ഇളക്കി യുവമിധുനങ്ങളെ നോക്കി അരികിലെത്തി.

‘മൂസക്കോയാ എന്തായീവഴിയൊക്കെ. കുപ്പായശീല മേടിച്ച് അടിപ്പിക്കാന്‍ തീരുമാനിച്ചോ?’ - മേശയ്ക്കിരിക്കുന്ന മാനേജര്‍ ചോദിച്ചു.

‘അല്ലാ വേറെ രണ്ടാളെ അടിപ്പിക്കാന്ന് തീരുമാനിച്ച്’ - മൂസക്കോയ സ്വകാര്യായിട്ട് മാനേജറോട്.

മറ്റുള്ളോര് കണ്ടാല് എന്തുവിചാരിക്കും എന്നൊന്നും ചിന്തിക്കാന്‍ നേരമില്ലാതെ കൊഞ്ചിക്കുഴഞ്ഞ് പര്‍ച്ചേയിസിംങ്ങില്‍ മുഴുകിയ യുവമിഥുനങ്ങളുടെ അടുത്ത് ഏന്തിവലിഞ്ഞ് നോക്കിക്കൊണ്ട് മൂസക്കോയ നമ്പറിറക്കി.

‘അല്ല ചെങ്ങായീ, ഇജ്ജ് ഇന്നാള് ഒരീസം ഇവിടേ വന്ന് നല്ല പളപളാസാരി മൂന്നാലെണ്ണോം ബ്ലൌസ്‌പീസും ബോഡീസും ഷെഡ്ഡീം ഒക്കെ പൊയിഞ്ഞ് കെട്ടികൊണ്ടുപോയത് പോരാഞ്ഞാണോ ഇവളെകൊണ്ട് ഇതൊക്കെ എടുപ്പിക്കുന്നത്?’

ചെക്കന്‍ അന്തമില്ലാതെ വാപൊളിച്ചപ്പോള്‍ ചെക്കത്തി ഞെട്ടി കണ്ണുരുട്ടി ചെക്കനെ നോക്കി.

‘അതാര്‌ക്കാ ഇങ്ങള് മേടിച്ചുകൊടുത്തത്? സത്യം പറഞ്ഞോളീന്‍, ആര്‍ക്കാ അതൊക്കെ കൊടുത്തത്?’

എന്നും പറഞ്ഞ് അവള് കണ്ണീര്‍കായലിലായി. ആ കണ്ണീര്‍കായലില്‍ ചില സാരികളും ബ്ലൌസും ബോഡീസും മുങ്ങാന്‍ തുടങ്ങുന്നേനും മുന്നെ സെയില്‍‌സ് ഗേള് എടുത്തുമാറ്റിവെച്ചു. അവള് കരഞ്ഞോണ്ട് പുറത്തേക്ക്.. ചെക്കനും പിന്നാലെ. ചെക്കന്‍ അവളോട് കേണപേക്ഷിച്ച് 'അതറീല അതറീല' എന്നുപറഞ്ഞു. യുവമിഥുനങ്ങള്‍ രണ്ടുവഴിക്കായി.

‘കണ്ണീര്‍ കായലിലേതോ
കടലാസിന്റെ തോണീ
അലയും കാറ്റിലുലയും
രണ്ട് കരയും ദൂരെ ദൂരേ..’ - എന്നും പാടികൊണ്ട് മൂസക്കോയ പോകുമ്പോള്‍ കച്ചോടം മുടങ്ങിയതില് കലിവന്ന മാനേജര്‍ കഴുത്തിനുപിടിച്ചു. പിന്നെ പൊടിപൂരം...

ഈ മൂസക്കോയേടെ വേറെ വിശേഷം കേള്‍ക്കണോ..

മൂസക്കോയ സെക്കന്റ് കെട്ട്യോള്‍ടെ കുട്ട്യോള്‍സിനെ കളിപ്പിച്ച് പുരയുടെ ഉമ്മറത്തിരിക്കുമ്പം അതാ ഒരു ജീപ്പില്‍ അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നു.

‘ഇതുവരെ ആരും കാണാത്ത ഭീകരജീവി രക്തരക്ഷസ്സ്! ഇതുവരെ കണ്ടിട്ടില്ലാത്ത ഭീകരസത്വം രക്തരക്ഷസ്സ്!
വരുവിന്‍ കാണുവിന്‍ അരുവാക്കോട് മൈതാനിയില്‍ രക്തരക്ഷസ്സ്.
വെറും പത്തുരൂപാ, അഞ്ചുരൂപാ, മൂന്നുരൂപാ ടിക്കറ്റെടുത്ത് നേരില്‍ കാണുവിന്‍ രക്തദാഹി രക്തരക്ഷസ്സ്..’

തൊണ്ട പൊട്ടും ഒച്ചയിലുള്ള അറിയിപ്പുമായി ജീപ്പ് വീട്ടുപടിക്കലൂടെ കടന്നുപോകുമ്പം മൂസക്കോയ പാഞ്ഞുചെന്ന് ജീപ്പ് നിറുത്തി. പരസ്യം വിളിച്ചുകൂവുന്നയാള് കോന്ത്രമ്പല്ല് കൂര്‍പ്പിച്ച് വെളിയിലിട്ട് ചോരതേച്ച ചുണ്ടുകളുമായി നില്‍ക്കുന്ന രക്തരക്ഷസ്സിന്റെ പടമുള്ള നോട്ടീസ് മൂസക്കോയക്ക് കൊടുത്തു. അത് നോക്കി മൂസക്കോയ പുരയിലേക്ക് വിളിച്ചുകൂവി.

‘എടീ പാത്തുമ്മോ പാത്തുമ്മോ ഇബിടെ ബാ..’

മുഖത്ത് കരിയായ പാത്തുമ്മ പൊന്തിയ പല്ലുകള്‍ വെളുക്കെ കാണിച്ച് പാറിപ്പറന്ന മുടി തട്ടത്തിലൊളിപ്പിച്ച് അടുക്കളേന്ന് ഓടിവന്നു. ‘എന്തിനേ ഇങ്ങള് വിളിച്ചത്?’

മൂസക്കോയ ജീപ്പിലെ ആളുകളോട് ചോദിച്ചു: ‘ഇങ്ങളെ രക്തരക്ഷസ്സ് ഇത്രേം ഭീകരജീവിയാണോ?’

ജീപ്പിലുള്ളോര്‍് ആ മോന്തയില്‍ നോക്കി. മൂസക്കോയ തുടര്‍ന്നു: ‘ഇനി ഇങ്ങള്‍ക്ക് നിശ്ചയല്ലെങ്കില്‍ രക്തരക്ഷസ്സിനോട് ഇങ്ങോട്ട് നേരിട്ട് ബരാന്‍ പറയ്, ആരാരെ കണ്ട് പേടിച്ചോടും എന്ന് നോക്കാലോ..’

ഉടന്‍ ജീപ്പ് സ്റ്റാര്‍ട്ടാക്കി അവരവിടെനിന്നും പാഞ്ഞുപോയി. പാത്തുമ്മ പല്ല് പൊന്തിയ മോന്ത കോട്ടി തിരിച്ച് പുരയിലേക്കും ഓടി.
മൂസക്കോയ ഇനിയാരെ മക്കാറാക്കും എന്നാലോചിച്ച് വേലിപ്പടര്‍പ്പില്‍ ഇരുന്ന് തലയാട്ടുന്ന ഓന്തിനെ ശ്രദ്ധിച്ച് നിന്നു.

Wednesday, 8 September 2010

പെരുന്നാള്‍ പെരുമ – സ്മരണ

ഓരോ പെരുന്നാളും വന്നുപോകുന്നത് പണ്ടത്തെ പെരുന്നാളുകളുടെ സ്മരണകളെ ഉണര്‍ത്തിക്കൊണ്ടാണ്. ഇക്കണ്ട കാലംകൊണ്ട് മൊത്തം മുപ്പത്തിനാല് ചെറിയ-വലിയ പെരുന്നാളുകള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയി. ഇന്ന് പ്രവാസിമണ്ണില്‍ കഴിയുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിലത് നിങ്ങളുമായി പങ്കുവെയ്ക്കാം...

കൂട്ടുകുടുംബവ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന പണ്ടുകാലത്തെ പെരുന്നാള്‍രാവുകള്‍, ദിനങ്ങള്‍ ആണെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌. നിലമ്പൂരിലെ തറവാട്ടില്‍ കഴിഞ്ഞുപോന്ന എന്റെ ബാല്യ-കൌമാര കാലം.. റമസാന്‍ നോമ്പ്‌ കാലം മുതല്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ആഘോഷം ആരംഭിക്കും. രാത്രി ഇശാഹ് നിസ്കാരം, തറാവീഹ് എന്നിവയ്ക്ക് അവസാന പത്തില്‍ തറവാടിന്റെ ഒരു മതിലിനപ്പുറത്തെ പഴക്കമുള്ള ചെട്ട്യങ്ങാടിപള്ളിയില്‍ നല്ല തിരക്കാവും. മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുമ്പോള്‍ പലദിക്കില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ കൂട്ടം കൂടി ഇരുള്‍ നിറഞ്ഞ പള്ളിയുടെ പല മൂലകളില്‍ ഇരുന്ന്‍ ഓരോ തമാശകള്‍ പറഞ്ഞ് അടക്കിപ്പിടിച്ച ചിരിയില്‍ മുഴുകും. അല്ലെങ്കില്‍ നോമ്പിന് മാത്രം പള്ളിയില്‍ കാണാറുള്ള പിരാന്തന്‍ അബു, പൊട്ടന്‍ കാദര്‍ക്ക എന്നിവരെ കളിയാക്കി ചൊടിപ്പിച്ച് ഇരിക്കും. ശബ്ദം ഉച്ചത്തില്‍ ആവുമ്പോള്‍ മോല്ലാക്കയോ കമ്മിറ്റിയിലെ കരിമ്പനക്കല്‍ ഹദ്രോസാക്കയോ കണ്ണുരുട്ടി വന്നു കയര്‍ത്ത്നോക്കും. നോമ്പ്‌ ഇരുപത്തഞ്ച് ആയിക്കഴിഞ്ഞാല്‍ കമ്മിറ്റി ഏല്പിച്ച ആള്‍ക്കാര്‍ നാട്ടില്‍ പലയിടത്തും പോയി സ്വരൂപിച്ച് കൊണ്ടുവരുന്ന ഫിത്തര്‍സക്കാത്ത്‌ അരി പള്ളിയുടെ കോലായയില്‍ കുന്നുകൂടി കിടക്കും. അപ്പോഴേ പെരുന്നാള്‍പിറ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരിക്കും. കമ്മിറ്റിക്കാരും സഹായികളും അരി അളന്ന് തിട്ടപ്പെടുത്തി കുന്നുകൂട്ടിയിടുന്ന കോലായയുടെ ചാരുപടിയില്‍ ഇരുന്ന്‍ ഞങ്ങള്‍ ഊറ്റംകൊളളും. സക്കാത്ത് അരിമേടിക്കാന്‍ വരുന്ന സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തെ നോക്കി പരിചയക്കാരെ കണ്ടാല്‍ പുഞ്ചിരിച്ച് ഇരിക്കുന്ന കുട്ടികള്‍ മൊല്ലാക്ക ഇഖാമത് കൊടുക്കുമ്പോള്‍ നിസ്കാരത്തിനു ഓടും.

സസ്പെന്‍സ് നിറഞ്ഞ ഉദ്വേഗജനകമായ സമയമാണ് ഇരുപത്തൊമ്പതാം നോമ്പിന്റെ രാത്രി. നോമ്പ്‌ തുറന്നാല്‍ പിന്നെ എല്ലാവരും പള്ളിയില്‍ കൂടി നില്‍ക്കും. ദേശത്തെ പെണ്ണുങ്ങള്‍ പള്ളിയുടെ സമീപമുള്ള വീടുകളില്‍ സൊറ പറഞ്ഞ് കൂടും. ഞങ്ങളുടെ തറവാട്ടിലും ചെറുവത്ത്‌കുന്നിലെ സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെ  ഒക്കത്ത് വെച്ച്, പള്ളിമുകളിലെ കോളാമ്പിമൈക്കില്‍ നോക്കി ചെവിയോര്‍ത്ത്‌ നില്‍ക്കും. എന്തിനാണെന്നോ? പെരുന്നാള്‍ മാസപ്പിറവി ആയെന്ന അറിയിപ്പ്‌ കേട്ട് സന്തോഷിക്കാന്‍..

ഇന്നത്തെപ്പോലെ ഫ്ലാഷ്ന്യൂസ് അറിയിക്കാന്‍ അന്ന് ചാനലുകള്‍ ഇല്ല. ദൂരദര്‍ശന്‍ അത്ര പ്രചാരമായിട്ടില്ല. ആകെയുള്ള ആശ്രയം പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പാണ്. മൊല്ലാക്ക ആയിരുന്നു അന്നത്തെ വാര്‍ത്താസ്രോതസ്സ്. കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ മോന്തിയായിവരുന്ന മാനത്ത്‌ കണ്ണുംനട്ട് എവിടെയെങ്കിലും പെരുന്നാള്‍അമ്പിളി ഉദിച്ചുവോ, മാസം പിറന്നോ എന്ന് പരതും. ആകാംക്ഷയുടെ മിടിക്കുന്ന നിമിഷങ്ങള്‍ ആണത്. ഇങ്ങനെ ഉല്‍ക്കണ്ഠയുടെ മുനയില്‍ നില്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന്‍ ഒരുത്തന്റെ അറിയിപ്പില്‍ അയഞ്ഞു. മാസം കണ്ടേ, ചന്ദ്രനെ കണ്ടേ..!രസികനായ അയല്‍പക്കത്തെ നജീബ് ഒരിക്കല്‍ വിളിച്ചു കൂവി. പെണ്ണുങ്ങള്‍ എല്ലാരും മാനത്ത്‌ നോക്കി എവിടെ എവിടെയെന്ന്‍ തിക്കിത്തിരക്കി. അന്നേരം റോഡിലേക്ക്‌ വിരല്‍ ചൂണ്ടി നജീബ് ഇളിച്ചുകൊണ്ട് അറിയിച്ചു. ദാ നോക്ക് അവിടെയതാ..!

എല്ലാവരും നോക്കുമ്പോള്‍ കണ്ടത്‌ റോഡിലൂടെ പള്ളിയിലേക്ക്‌ പായുന്ന കഷണ്ടിതലയന്‍ കമ്പോണ്ടര്‍ ഉണ്ണിഹസ്സനിക്കയെ. കറുത്ത മുടികൊണ്ട് അതിര്‍വരമ്പ്‌ ഇട്ട അദേഹത്തിന്റെ മിനുസമുള്ള കഷണ്ടിത്തല കണ്ടാണ് നജീബ് മാസപ്പിറവി നിശ്ചയിച്ചത് എന്നറിഞ്ഞ എല്ലാവരും പിന്നെ അവനെ നോക്കി മുറുമുറുപ്പ് തുടങ്ങും. അവരുടെ ആഗ്രഹം പടച്ചോന്‍ കേട്ടത് പോലെ, പള്ളിയുടെ കോളാമ്പിമൈക്ക്‌ കരകര ഒച്ചയില്‍ ചെറുതായി പൊട്ടലും ചീറ്റലും തുടങ്ങും. ആരൊക്കെയോ മൈക്കിനടുത്ത് നിന്ന് സംസാരിക്കുന്നത് അലയൊലി ആയിവരും. ആകാംക്ഷയോടെ കരയുന്ന കുഞ്ഞുങ്ങളുടെ വായ പൊത്തി പെണ്ണുങ്ങള്‍ നിശബ്ദരാകും. അപ്പോള്‍ വരുന്നു മൊല്ലാക്കയുടെ ഒച്ച: നാളെ പെരുന്നാള്‍ ആണെന്ന് ഉറപ്പിചിരിക്കുന്നൂ...!! പിന്നെ എല്ലാവരും ചിരിച്ചുകൊണ്ട് പരസ്പരം പെരുന്നാള്‍ ആശംസ നേരുന്നു. ആഹ്ലാദം നിറഞ്ഞ രാവ്‌ ആരംഭിച്ചു.

ഞങ്ങള്‍ കുട്ടികള്‍ പള്ളിയിലേക്ക്‌ പായും. അവിടെ തിമിര്‍ത്ത്‌ ഓടി രസിച്ച് കൂടും. പെരുന്നാള്‍തക്ബീര്‍ ചൊല്ലുന്ന മൊല്ലാക്കയുടെ കൂടെയുള്ള ആളുകളുടെ ഇടയില്‍ ഇരുന്നു കുട്ടികളായ ഞങ്ങളും പീക്കിരിശബ്ദത്തില്‍ ഏറ്റ്ചൊല്ലും. പിന്നെ നേരെ പോകുന്നത് സിദ്ദീഖിന്റെ തയ്യല്‍കടയിലേക്ക്.. ആഴ്ചകള്‍ക്ക് മുന്‍പ്‌ ഏല്പിച്ച തുണികള്‍ പെരുന്നാള്‍തലേന്നും തിരക്കിട്ട് അയാളും ജോലിക്കാരും ധൃതിയില്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് കാണാം. നേരം പുലരുവോളം നിലയ്ക്കാത്ത തയ്യല്‍മെഷീനുകള്‍, കത്രികാശബ്ദങ്ങള്‍ പെരുന്നാള്‍രാത്രിയെ നിറയ്ക്കും. അവരുടെ മുഷിപ്പിനെ ഇല്ലാതാക്കാന്‍ മേശമേല്‍ വെച്ച പഴയ മോണോടേപ്പ്‌റിക്കോര്‍ഡറില്‍ മാപ്പിളപ്പാട്ടുകള്‍ അലയടിക്കുന്നുണ്ടാവും.

പെരുന്നാള്‍ സുദിനത്തില്‍ എണ്ണതേച്ച് കുളിയാണ്. പലരുടെയും ദേഹത്ത്‌ എണ്ണ തൊടുന്നത് പെരുന്നാളിനായിരിക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ചായകുടിച്ച് തക്ബീര്‍ ധ്വനികള്‍ കേട്ട് പള്ളിയിലേക്ക്‌ പിന്നെ ഒരോട്ടമാണ്. അന്നേരം ഉമ്മ പായസം ഉണ്ടാക്കുന്നുണ്ടാവും. ജ്യേഷ്ഠന്‍ തലേന്ന് മേടിച്ച്കൊടുന്ന കോഴിയിറച്ചി, വര്‍ഷങ്ങളായി സഹായിക്കാന്‍നില്‍ക്കുന്ന ആമിന്‍താത്ത കഴുകികൊണ്ട് ബിരിയാണിക്ക് ഒരുക്കുന്നുണ്ടാവും. അയല്‍പക്കത്തെ പെണ്ണുങ്ങള്‍ വേലിക്കപ്പുറം വന്ന് ഈദ്‌ മുബാറക്ക്‌ പറയുന്നതിന് അടുക്കളജനാലയിലൂടെ നോക്കി ഉമ്മയും ആമിന്‍താത്തയും തിരിച്ചും ആശംസിച്ച് വിശേഷങ്ങള്‍ പറയുന്നത് കാണാം.

തൊടിയിലെ മൈലാഞ്ചിക്കൊമ്പ് ഒടിച്ച് ഇലനുള്ളി അരച്ച് റെഡിയാക്കിയ മൈലാഞ്ചി ചക്കചൊണ (വളഞ്ഞി) ചേര്‍ത്ത്‌ കൈയ്യിലിട്ട് വസ്ത്രത്തില്‍ ആവാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ചത് ഊരി, നനച്ച് പരസ്പരം കാണിച്ചുകൊണ്ട് എന്റെ ഇത്താത്തയും ഇരട്ടഅനിയത്തിമാരും വേലിക്കരികില്‍ നില്‍ക്കുന്ന അങ്ങീലെ പെണ്ണുങ്ങള്‍ക്ക് അരികിലെത്തും. അവരും അവരുടെ മൈലാഞ്ചിക്കൈകള്‍ കാണിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാം.

മൊല്ലാക്കയുടെ അരികിലിരുന്ന്‍ മൈക്കില്‍ ശബ്ദം വ്യക്തമായി വെളിയില്‍ വരുവാന്‍ ആവേശത്തോടെ കുട്ടികളായ ഞങ്ങള്‍ തക്ബീര്‍ ചൊല്ലും. ആളുകള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ ഒരു മുറിതുറന്ന്‍ പ്രത്യക്ഷപ്പെടുന്ന ഖാളിമുസ്ല്യാര്‍ അത്തറിന്റെ പരിമളം വീശി മുന്നിലേക്ക്‌ വരും. പിന്നെ തക്ബീര്‍ ചൊല്ലി സലാം പറഞ്ഞ് പെരുന്നാള്‍ നിസ്കാരക്രമം അറിയിച്ച് നിസ്കാരം ആരംഭിക്കും. അത് കഴിഞ്ഞാല്‍ ഉള്ള ഖുതുബ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അസഹനീയമായിരുന്നു. പെരുന്നാള്‍ദിനം ഓരോ നിമിഷവും തീര്‍ന്നുപോവുന്നത് ഞങ്ങള്‍ക്ക്‌ സങ്കടമായിരുന്നു. അവിടെനിന്നും എത്രയും വേഗം രക്ഷപ്പെടാനായിരുന്നു ആഗ്രഹം. പക്ഷെ ഒരിക്കലും അവസാനിക്കാത്ത ഖുതുബ ആയി തോന്നിയിരുന്നു അത്. പ്രാര്‍ത്ഥന ചൊല്ലുന്നതിനു ആമീന്‍ പറഞ്ഞ് തീരും മുന്നേ ഞങ്ങള്‍ ഓടി റോഡിലെത്തും. വീട്ടില്‍ എത്തിയാല്‍ ഉമ്മ തയ്യാറാക്കിയ സേമിയാപായസം ചൂടോടെ ഊതിക്കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പള്ളിയില്‍ നിന്നെത്തും.

ഉപ്പയെ ഭയംകലര്‍ന്ന ബഹുമാനമായിരുന്നു ഞങ്ങള്‍ക്ക്. അധികമൊന്നും സംസാരിക്കാന്‍ പോകാറില്ല. ഉപ്പയും അത്ര സംസാരപ്രിയനല്ല. എന്നാലും ഞങ്ങളോട് പുറത്ത്‌ പ്രകടിപ്പിക്കാത്ത സ്നേഹമാണ്. ഉപ്പ മാളികമുറിയിലേക്ക്‌ മരഗോവണി കയറിപ്പോകും. പിന്നെ ഇറങ്ങിവരുന്നത് നോക്കി ഞങ്ങള്‍ പ്രതീക്ഷയോടെ പായസം കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പുത്തന്‍ അഞ്ചുരൂപയുടെ ഒരു കെട്ടുമായി ഇറങ്ങിവരും. ഞങ്ങള്‍ ഉത്സാഹം പുറത്ത്‌ കാണിക്കില്ല. ഉപ്പ ഓരോ അഞ്ചുരൂപ എടുത്ത്‌ ജ്യേഷ്ഠനും എനിക്കും അനുജനും, ഇത്താത്ത, ഇരട്ടഅനിയത്തിമാര്‍ക്കും തരും. അപ്പോഴും ഞങ്ങള്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ആഹ്ലാദതിരമാലകള്‍ ഹൃദയഭിത്തിയില്‍ തടുത്ത് നിറുത്തി ഉപ്പയെ നോക്കി ചിരിച്ചു പായസം കുടിക്കും. ഉപ്പ അടുക്കളയില്‍ ഒന്നെത്തിനോക്കി മാളികമുറിയിലേക്ക്‌ പോയി വാതില്‍ അടക്കും. ഉപ്പ കുറേകാലം അബുദാബിയില്‍ ആയിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക് ഉപ്പയോട് ഇങ്ങനെ അകന്ന അടുപ്പം ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഉമ്മയോട്‌ ഞങ്ങള്‍ക്ക്‌ ഏറെ അടുപ്പവും എന്തും പറഞ്ഞ് പൊട്ടിച്ചിരിക്കാനും രസങ്ങള്‍ പങ്കുവെക്കാനും ഉള്ള ഭാഗ്യമുണ്ട്.

കുറച്ച് കഴിഞ്ഞാല്‍ പാടിക്കുന്നിലെ കുടുംബവീടുകളിലെ ഒരുപറ്റം കുട്ടികള്‍ വീട്ടിലെത്തും. സ്വന്തം വീടെന്നപോലെ അവര്‍ തറവാട്ടില്‍ വൈകുവോളം കഴിയും. ഉമ്മ ഉണ്ടാക്കിയ വലിയപാത്രം പായസവും ഒരു ചെമ്പ്‌ ബിരിയാണിയും  അവരെല്ലാം കാലിയാക്കി ഏമ്പക്കമിട്ട് തറവാട്ടില്‍ തിമിര്‍ക്കും. പിന്നെ അവരുടെ ഒപ്പം കൂടി ഒളിച്ചുകളിയാണ്. ഇരുള്‍നിറഞ്ഞ കിഴക്കകം, അറ, മേലെ-താഴെ കോലായ, തായേര, എഴുത്തൂറി (വല്യാപയുടെ കാലത്ത്‌ മരപ്പണിക്കാര്‍ കണക്കെഴുതാന്‍ ഉപയോഗിച്ചിരുന്ന  നീണ്ടമുറിയാണ് ലോപിച്ച് ഇങ്ങനെ അറിയപ്പെട്ടത്), ഇവിടൊക്കെ ഞങ്ങള്‍ ഒളിക്കും. പകല്‍പോലും ജിന്നുകള്‍, ഭൂതങ്ങള്‍ വസിക്കുന്നു എന്ന് പഴമക്കാര്‍ പറഞ്ഞുപേടിപ്പിച്ച തറവാട്ടിലെ ചില മൂലകളില്‍ ഭയത്തോടെ കൂട്ടമായി കളിക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതി ഉണ്ടാകുമായിരുന്നു.

ശബ്ദകോലാഹലം കേട്ട് മാളികമുകളിലെ വാതില്‍കൊളുത്ത് ഇളകുന്നതും കര-കര ഒച്ചയോടെ തുറന്ന് ഗോവണി ഇറങ്ങി ധൃതിയില്‍ വരുന്ന ഉപ്പയുടെ കാലടികള്‍ കേട്ട് കുട്ടികളായ ഞങ്ങള്‍ ഓടിയൊളിക്കും. നെല്ല് സൂക്ഷിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയുടെ വാതില്‍പാളിക്കപ്പുറം ഒളിച്ചുനിന്ന എന്നെ കൈനീട്ടി ചെവിക്ക്പിടിച്ച് ഉപ്പ വെളിയില്‍ ഇടും. മണ്ടയ്ക്ക് രണ്ട് മേട്ടം തന്ന്‍ ഒന്നും മിണ്ടാതെ ഉപ്പ പിന്നേയും ഗോവണി കേറി മാളികമുറിയില്‍ വാതിലടച്ച് അപ്രത്യക്ഷനാകും. ഇളിഭ്യനായി കരയണോ വേണ്ടയോ എന്നറിയാതെ മണ്ടതടവി നില്‍ക്കുന്ന എന്നെ നോക്കി കൂട്ടുകാര്‍ പലയിടത്തുനിന്നും കളിയാക്കിക്കൊണ്ട് പൊങ്ങിവരും. കണ്ണ് ഒലിച്ചിറങ്ങുന്ന നിശബ്ദകരച്ചില്‍ അടക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു.

വന്ന കുട്ടികള്‍ അടുക്കളയില്‍ ചെന്ന് കാലിയായ പായസം, ബിരിയാണിപ്പാത്രങ്ങള്‍ ഒന്നൂടെ വടിച്ച് വെടിപ്പാക്കി പോയിക്കഴിഞ്ഞാവും തലേന്ന് തുടങ്ങിയ ജോലിയില്‍ ക്ഷീണിച്ച് നടുമുറിയില്‍  ഉറങ്ങുകയായിരുന്ന എന്റെ ഉമ്മ ഉണര്‍ന്ന് അടുക്കളയില്‍ എത്തുന്നത്. പടച്ചോനേ എന്നൊരു വിളിയോടെ ഉമ്മ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും ചോറും കറിയും വെക്കുന്നത് കാണാം. ആമിന്‍താത്ത നേരത്തെ സ്വന്തക്കാരെ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ടാവും. ഈ കുട്ടിപ്പടസംഘത്തെ തറവാട്ട് വീട്ടിലേക്ക്‌ കാലത്ത്‌ വിട്ട് സിനിമയ്ക്ക് പോയിരുന്ന അവരുടെ മാതാപിതാക്കള്‍ അടങ്ങിയ സംഘം വൈകിട്ടാണ് ഉമ്മയെ സന്ദര്‍ശിക്കുക പതിവ്‌. അവര്‍ക്ക്‌ രണ്ടാമത്‌ വെച്ച ചോറും കറിയും വിളമ്പി ഉമ്മ സല്‍ക്കരിക്കുമ്പോള്‍ ചിലര്‍ ഉമ്മയോട്‌ ചോദിക്കാറുണ്ട്. പെരുന്നാളായിട്ട് വെറുംചോറാണോ വെച്ചത് അമ്മായീ?! ബിരിയാണിയും പായസവും അവരുടെ സന്തതികള്‍ തന്നെ കാലിയാക്കിപ്പോയത്‌ ഉമ്മ പറയാറില്ല. മറുപടിയില്ലാതെ ഉമ്മ വിശേഷങ്ങള്‍ ചോദിച്ച് അവര്‍ക്കൊപ്പം ഇരിക്കും.

കുട്ടികളായ ഞങ്ങള്‍ക്ക്‌ കിട്ടുന്ന അഞ്ചുരൂപാ പുത്തന്‍നോട്ട് ഒരു മില്യന്‍ ദിര്‍ഹം സമ്മാനം കിട്ടുന്നത് പോലെയായിരുന്നു. അത് എന്ത് ചെയ്യണം എന്നത് ആലോചിച്ച് ഞങ്ങള്‍ മടക്ക് വരാത്ത പുത്തന്‍പച്ച കറന്‍സിനോട്ടില്‍ നോക്കി ഇരിക്കും. അന്നത്തെ ഒരു സംഭവം ആലോചിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മുതിര്‍ന്നവരായിട്ടും ഞങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞ് ചിരിക്കാറുണ്ട്. കിട്ടിയ രൂപ എന്ത് ചെയ്തുവെന്ന് ഞങ്ങളോട് ഉപ്പ ചോദിച്ചപ്പോള്‍ അന്ന് നാലര വയസ്സുള്ള അനുജന്‍ സാദിക്ക്‌ വാവിട്ട് കരച്ചിലായി. ഞങ്ങള്‍ക്ക്‌ അങ്കലാപ്പായി. ഉപ്പ അന്തംവിട്ടു. ഉമ്മ വന്ന് കാരണം ചോദിച്ചു. എന്റെ പൈസകൊണ്ട് ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പറയാതെ കീര്‍ത്തിടാക്കീസില്‍ പോയി മാറ്റിനി കണ്ടിരുന്നു. ബാക്കി വന്ന പൈസക്ക്‌ വാടകക്ക് എടുത്ത സൈക്കിള്‍ ഓടിച്ച് കറങ്ങി തീര്‍ത്തു. (അന്ന് സൈക്കിളുകള്‍- കാല്‍, അര, മുക്കാല്‍, ഒന്ന്‍- പല പ്രായക്കാര്‍ മത്സരിച്ച് വാടകക്ക് എടുത്ത് പഞ്ചായത്ത് റോഡിലും കളത്തിന്‍കടവ്‌ മൈതാനത്തും നിറയും, ചിലര്‍ വക്കാണവും അടിയും വരെയാകും). എന്റെ അനുജന്‍ എന്തിനാ കരയുന്നത് എന്നറിയാതെ ഞാന്‍ ഉപ്പയെ നോക്കി എന്തു നുണ പറഞ്ഞ് രക്ഷപ്പെടാം എന്നാലോചിച്ചു പരുങ്ങി.

അന്നേരം ഇരട്ടസഹോദരികള്‍ കുറേ തുണ്ട്കടലാസുകളുമായി ഓടിവന്നു. അവര്‍ ഉപ്പയെ നോക്കി ഉമ്മയുടെ കൈയ്യില്‍ ആ തുണ്ടുകള്‍ കൊടുത്തു. ഉമ്മ അത് എവിടുന്നാ കിട്ടിയതെന്ന്‍ എന്ന് ചോദിച്ചു. കക്കൂസില്‍ കണ്ടതാണ്. കുറച്ച് എടുത്ത്‌ ഓടിവന്നതാ. ഇരട്ടകള്‍ ഏകസ്വരത്തില്‍ കണ്ടെത്തല്‍ ഉമ്മയെ അറിയിച്ചു. ഉമ്മ ഉറക്കെച്ചിരിച്ചു. ഉപ്പ പതിവ്പോലെ ഗൌരവത്തില്‍ ഇരുന്നു. സാദിക്ക്‌ കരച്ചില്‍ ഉച്ചത്തിലാക്കി. ജ്യേഷ്ഠന്‍ സലീലും ഇത്താത്ത സാജിദയും ഉമ്മയുടെ കൈയ്യില്‍നിന്നും തുണ്ടുകള്‍ മേടിച്ച് നോക്കി ഞെട്ടി! അത് വേറൊന്നും അല്ലായിരുന്നു. പുത്തന്‍ കറന്‍സി അഞ്ചുരൂപ തുണ്ടംതുണ്ടമായി പിച്ചിചീന്തിയത്തിന്റെ ബാക്കിവന്നവയാണ് ഇരട്ടകളായ സഹലാ-സുഹൈലമാര്‍ കക്കൂസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്!

കഷണം ആയിപ്പോയ പെരുന്നാള്‍വിഹിതമായ അഞ്ച് രൂപയെ ഓര്‍ത്ത്‌ എനിക്ക് സങ്കടമായി. അതും കൂടെ കിട്ടിയിരുന്നെങ്കില്‍ ശങ്കുവൈദ്യരുടെ കടയില്‍ ചെന്ന് പടക്കം, പൂത്തിരി, റോള്‍പടക്കം പൊട്ടിക്കുന്ന കറുത്ത തോക്ക് എന്നിവ വാങ്ങി ഉപ്പ കാണാതെ എവിടെയെങ്കിലും കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് തീര്‍ക്കാമായിരുന്നല്ലോ.. അനിയന് കിട്ടാന്‍ പോകുന്ന ശിക്ഷ എന്താവാം എന്ന പേടിയോടെ ഉപ്പയെ ഞങ്ങള്‍ നോക്കി. അത്ഭുതമെന്ന് പറയട്ടെ! പല്ല് വെളിയില്‍ കാണുംവിധം ചിരിക്കുന്ന ഉപ്പയെ അപൂര്‍വമായിട്ട് അന്നാദ്യമായി കണ്ടു. പൈസയുടെ മൂല്യം, പ്രാധാന്യം വിവരിച്ച് ലഘുപ്രസംഗം പോലെ പറഞ്ഞിട്ട് ഉപ്പ മാളികമുറിയിലേക്ക്‌ ഗോവണിയില്‍ ശബ്ദമുണ്ടാക്കി പോയി വാതിലടച്ചു. അനുജന്‍ കരച്ചിലിന് ബ്രേക്കിട്ട് അന്തംപോയി നിന്നുനോക്കി. എന്നോട് വിശദീകരണം ചോദിക്കുന്നതില്‍ നിന്നും ഉപ്പയെ വ്യതിചലിപ്പിച്ചതിന് ഞാന്‍ അനിയനെ മനസ്സില്‍ നന്ദി നേര്‍ന്ന് നോക്കി ചിരിച്ചു.

(അന്ന്, കക്കൂസില്‍ സുഖത്തില്‍ ഇരുന്ന്‍ അഞ്ചുരൂപ കീറിപ്പറത്തിയ അവന്‍, ഇന്ന്, യാദൃശ്ചികമേന്നോണം പടച്ചവന്റെ അനുഗ്രഹത്താല്‍ ഒരു ബാങ്കുദ്യോഗസ്ഥന്‍ ആയി അബുദാബിയില്‍ കുടുംബസമേതം കഴിയുന്നു.)

എസ്.എം.എസ്, ഈമെയില്‍, ചാറ്റിംഗ് യുഗമായ ഇക്കാലത്ത്‌ പരസ്പരം അയക്കുന്ന  ഈദ്‌ ഗ്രീറ്റിംഗ്സിലും, ടിവിചാനലുകള്‍ തരുന്ന മുഷിപ്പിക്കുന്ന ഈദ്‌ പരിപാടികളിലും തളച്ചിടപ്പെട്ട നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍, ഇതൊന്നും ഇല്ലാതിരുന്ന പൊയ്പോയ ആ ഊഷ്മളമായ പെരുന്നാള്‍ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പരമാവധി ബന്ധു-സുഹൃത് സന്ദര്‍ശനങ്ങള്‍ ചെയ്ത് നമുക്ക്‌ ഇന്നത്തെ പെരുന്നാള്‍ ആഘോഷിക്കാം.

എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു..

Monday, 2 August 2010

ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം


അബുദാബിയില്‍ ഏകദിന സാഹിത്യ ശില്‍പശാല ആഗസ്റ്റ്‌ ആറിന് കേരള സോഷ്യല്‍ സെന്‍ററില്‍.

കാര്യപരിപാടികള്‍:

ആമുഖം:  ശ്രീ അയൂബ് കടല്‍മാട്‌ (സാഹിത്യ വിഭാഗം സെക്രട്ടറി)
സ്വാഗതം:  ശ്രീ ബക്കര്‍ കണ്ണപുരം  (ജനറല്‍ സെക്രട്ടറി)
അദ്ധ്യക്ഷന്‍: ശ്രീ കെ.ബി. മുരളി (പ്രസിഡന്റ്)

ഉദ്ഘാടനം: രാവിലെ 9:30-നു
ശ്രീ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌)

ആശംസ:  ശ്രീമതി പ്രീത വസന്ത്‌ (വനിതാ വിഭാഗം സെക്രട്ടറി)

സര്‍ഗ്ഗ സംവാദം:
(രാവിലെ പത്ത്‌ മണി)

മിത്തും മലയാള സാഹിത്യവും

മുഖ്യ പ്രഭാഷണം: ഡോ. അസീസ്‌ തരുവണ (കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്
അനുബന്ധ പ്രഭാഷണങ്ങള്‍:
ശ്രീ. കെ.വി.ഗണേഷ്‌, ടി.ആര്‍. സുകുമാരന്‍, കെ.എം. അബ്ബാസ്‌

പുസ്തക പ്രകാശനം:
(ഉച്ചയ്ക്ക് പന്ത്രണ്ട് മണി)

സാലിഹ് കല്ലടയുടെ (ഏറനാടന്‍) പുസ്തകം 'ഒരു സിനിമാ ഡയറിക്കുറിപ്പ്'

പ്രകാശനം: ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
ഏറ്റുവാങ്ങുന്നത്: ഡോ. അസീസ്‌ തരുവണ

പുസ്തകപരിചയം: സഫറുള്ള പാലപ്പെട്ടി

നോവല്‍: ആസ്വാദനവും പഠനവും
(ഉച്ചയ്ക്ക് 1:30-നു)

നോവല്‍: ശ്രീ ബെന്യാമിന്റെ 'ആട് ജീവിതം'
ആസ്വാദനം: അഡ്വ. ആയിഷാ ഷക്കീര്‍
പഠനം: ശ്രീ ബാബുരാജ് പീലിക്കോട്
ചര്‍ച്ച

ചെറുകഥ: അവതരണവും വിശകലനവും
(വൈകിട്ട് 3 മണി)

ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്, കെ.ആര്‍. മീര, സാജിദ്‌ കൊടിഞ്ഞി, ഷാജി ഹനീഫ്‌ പൊന്നാനി എന്നിവരുടെ കഥകള്‍.

വിശകലനം: ശ്രീ കെ.കെ. മൊയ്തീന്‍ കോയ

ചര്‍ച്ച

എന്റെ പ്രിയപ്പെട്ട കവിതകള്‍
(വൈകിട്ട് 4 മണി)

കൂഴൂര്‍ വില്‍സന്‍
സജ്ജു ചാത്തന്നൂര്‍
ചിത്ര ശ്രീവല്‍സന്‍
സുരേഷ് പാടൂര്‍
അസ്മോ പുത്തന്‍ചിറ

ചര്‍ച്ച

പ്രശസ്തി പത്രവിതരണം
(വൈകിട്ട് 5 മണി)

മുഖ്യ അതിഥി: ശ്രീ മുല്ലക്കര രത്നാകാരന്‍ (കേരള സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി)

'ജാലകം' ചുമര്‍ മാസിക പ്രകാശനം
(വൈകിട്ട് 5:30-നു)

നന്ദി: എ.എല്‍ സിയാദ്‌ (കെ.എസ്.സി. ജോ. സെക്രട്ടറി)

ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം 
സമാഹരണം:
ശ്രീ ഹാഷിം ചെറൂപ്പ (ഡി.സി.ബുക്സ്‌), ശ്രീ എസ്.എ. ഖുദ്സി, ശ്രീ സഫറുള്ള പാലപ്പെട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 050 8210738 / 02 6314455/ 56

Sunday, 13 June 2010

DREAMING FOR BETTER (Agony for Survival) - കഥ

It is midnight now. After tiresome routine job and regular drinking at usual bar, Sam is at his bachelors’ room. Sam is around his thirties and recently got married at second time. His daily routine is visiting the dance bar after office duty. He works as accountant for a media company in Dubai.

As usual, Sam is now waiting to sleep to come over his head at this midnight after heavy drinking his favorite brand. Again, sleepless night is. Sam lies in his shaggy bed gazing at the cracked ceiling with his half closed eyes. His mind is now full of memories about loss and profit balance sheet in his life. Now past unpleasant incidents rolled over in his mind...

Sam had a wife named Supriya. She loved him with whole heart. Sam lately realized this after his second marriage. His sweet happy married life with Supriya was only for a short span of six months. Then unexpected occurred which separated them.

It was as usual a love at first sight affair. Sam was at Supriya’s city to pursue his management studies. Sam noticed Supriya in his regular bus journey and within a few days, they became close each other. Supriya was working at a travel agency and was so beautiful and smart. They spent to walk together and shared evening at beach. Sam never disclosed the fact that he is jobless or his studies at the well known institute. Moreover, he told her that he is doing some business and always had long tongue about his ancestors and other wealthy relatives who survived in life successfully.

Supriya impressed in Sam and trusted him. They got married against their family wishes, with full support of her friends. Their sweet married life became slowly bitter. Supriya was really shocked when she understood that Sam is a jobless man! She lost interest and affection was fading away without her control. Even then, as she is aware his agony for survival to look after their cherished dream of a sweet home and lovely children, Supriya tried her best to find out good job for Sam.
They were living in an old rented house at the outskirts of city. Supriya’s income was only the source of living. Their family totally avoided them forever except Supriya’s uncle Kumaran Mama. He was a retired Head Master and widower without children. He lives alone and involved in social charity works. He often calls or mails Supriya and visited first and last only their rented house.

When Supriya saw her Kumaran Mama unexpectedly at that isolated old rent house, she wept a lot and her shattered dream of life was flowing in tears like flooded river which speedily overflows taking trees with green busy branches which fell from riverbank. Kumaran Mama was helpless at her fate and upset about things; puzzled how to save her life. They heard some footsteps near to and it was Sam. He appeared in a bad nature by opening closed door and saw old aged Kumaran Mama was holding weeping Supriya to his chest and was consoling her trying to relax for.

Sam was coming after having a job interview for marketing executive job and was tired after long walk through city streets on that hot summer day. He had drinks after long time and his bad drinking habit was not known to Supriya which made things worsen than ever. It was a shock to Supriya to realize that her husband is a drunkard. She could not believe her eyes to see Sam comes with drooping head and dizzy walking in front of respectable Kumaran Mama! Uncle had an assumption that Supriya’s husband is a gentleman having decent job. He amazed to see Sam is a drunkard and coming with shaky steps in front of them. Sam did not respect Kumaran Mama’s old age and Supriya astonished when Sam misbehaved to that old man.

He shouted at Kumaran Mama and abused with dirty language. Sam shouted at him to go away. Supriya cried aloud and packed her belongings immediately. She took almost all her dresses and put in two bags. Kumaran Mama waited at the veranda and Sam never thought of her sudden changes. To his astonishment, Supriya came out with bags and called Kumaran Mama without looking at Sam. An unusual boldness was appeared on her face and did not mind Sam. Kumaran Mama looked at him with tearful eyes and stepped out by opening his old umbrella to protect hot sun light of that afternoon time.

At last, Supriya went away from Sam with her respected uncle Kumaran Mama and away from that house. Sam never thought of that sudden decision of Supriya. She was crying silently when she walked with her uncle. Kumaran Mama helped her by taking one bag from her to carry with him and walked beside Supriya under his old umbrella.

They left away from that rented old house. Sam regretted in his sudden uncontrolled changes. He called her several times from behind in that hot climate. Supriya turned once only to look back at Sam who was coming some steps forward and stood in front of that old house. He saw Supriya walked with Kumaran Mama through the green paddy field and they disappeared at last as a black spot far away from his eyesight. He was weeping first time in his life. His agony for survival was tough after he lost her. He got that executive job and vacated house to shift to a low rented lodge room in the city and addicted to heavy drinks soon. After some months, he got a divorce notice from her and legally separated forever against his hope.

Sam lived lonely for almost five years after that and became addicted to smoking and drinking heavily. He was totally isolated from his family. Some of his good friends found him at last and they tried to save his life through treatment at a de-addiction centre. He became well and they tried to get him a job. Sam’s life slowly got back to track.

After his friends’ attempt and advice, at last Sam agreed for and got married again. His second wife was Shilpa, a village girl and a divorcee too. Sam’s dreams about a life partner got shattered again and fully dissolved on their first night itself. Shilpa was always gloomy and never talked to Sam. She did not like his touch or presence and rejected his approaches for having sex. Day by day, she behaved rudely to him and hated him as an ugly creature.

They never had a married life in its full manner. Shilpa slept always on the floor while Sam was in bed looking at her in desire and sleepless nights were going one by one. Sam began drinking heavily again in the city bar. Shilpa hated him by all means and went to her home without any serious reason after ten days of living together. Sam decided to escape from this situation and tried to find out a job abroad.

At last, he left to Dubai after getting job through a travel agency. He lost himself and lived lonely among this crowded city for surviving with agony. Shilpa never responded Sam’s phone calls and he stopped to call her anymore. Years gone by... He has no information about her whereabouts and lost her forever. He does not know where she is now!

At this moment, Sam is in his bed gazing with his half closed eyes at the cracked ceiling and waiting for sleep to come after enough painful thorns of bitter memories. Expecting sweet dreams at least and slowly he fell in to sleep to wake up next morning to pursue life of agony for survival and a better future.
***

Won 1st Prize, Best English Story in the literary competition’10
of Kerala Social Centre, Abu Dhabi

Saturday, 24 April 2010

ഇടിവാളും അരിവാളും...

ഘോരമഴയത്ത്, കാറ്റില്‍,
അരിവാള്‍ പിടിച്ച്
തെങ്ങിന്‍ ചുവട്ടില്‍ നിന്ന
നൈരാശ്യം വന്നൊരു ഹതഭാഗ്യന്‍.
ഇടിവാള്‍ തട്ടിയ തെങ്ങിന്‍ തല,
തേങ്ങാക്കുല തലയില്‍ വീണ
ഹതാശന്‍ മൂക്കും കുത്തി -
അരിവാള്‍ അറ്റം വയറിനകത്താക്കി,
ഭൂമീദേവിയെ വണങ്ങി
ചുംബിച്ചു കിടപ്പായി!!


(പടം via ഗൂഗിള്‍ സേര്‍ച്ച്)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com