Thursday 7 December 2006

കപ്പിത്താന്റെ വഴികാട്ടികള്‍

തിരൂരില്‌ കാലുകുത്തിയ നേരം കണ്ടു ഒരുകൂട്ടമാളുകളെ. ഏത്‌ മലയാളിയുടേയും പോലെ എന്താണെന്നറിയാനുള്ള ആധിയില്‍ ഒന്നുചെന്ന് നോക്കുവാന്‍ തോന്നി. ഞാനറിയാതെ കാലുകള്‍ എന്റെ ദേഹവും വഹിച്ച്‌ അങ്ങോട്ട്‌ പാഞ്ഞു.

ഏതാനും 'തലയില്‍കെട്ടുകാരെ' തിക്കിമാറ്റി ഒരിടം കിട്ടി നോക്കിയപ്പോള്‍...

ജഗതിയണ്ണന്‍ ഏതോ സിനിമയില്‍ ലാടവൈദ്യന്റെ വേഷത്തില്‍ ഒരങ്ങാടിയില്‍ നിന്നുകൊണ്ട്‌:

"കാട്ടില്‍ വിളയാടി നടന്ന ആനയെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഇടത്തേ മസ്‌തകം അടിച്ചുപൊട്ടിച്ച്‌ പാറയിലിട്ട്‌ ഉണക്കിപൊടിച്ച്‌..."

- എന്ന രംഗം അന്വര്‍ത്ഥമാക്കിയിട്ടതാ ഒരു ഏറനാടന്‍കാക്ക കുത്തും കോമായുമില്ലാതെ വാചകങ്ങളിട്ട്‌ അമ്മാനമാടി കുത്തിയിരിക്കുന്നു! പക്ഷെ, കരുണാനിധിയുടെ കണ്ണടയിട്ട്‌ തലപ്പാവ്‌ ധരിച്ച ഈ നാടന്‍കാക്കയെ ആരും ശ്രദ്ധിക്കുന്നേയില്ല. എന്താണെന്നോ?

മൂപ്പരുടെ കൂടെയുള്ള സാധനങ്ങളെയാണ്‌ ഞാനും പിന്നെ നോക്കിനിന്നത്‌. ഇതുവരേക്കും കണ്ടിട്ടില്ലാത്ത സത്വങ്ങളെ അവിടെ കണ്ടു. ശ്ശെടാ! ഇതെന്തോന്ന് ജന്തുവാ? അതും ഒന്നല്ല, മൂന്നെണ്ണം! കെട്ട്യോനും കെട്ട്യോത്തിയും ഒരു പിള്ളയും. കണ്ണടകാക്കയുടെ പക്കലുള്ള വടിയുടേ കുറുകെയുള്ള കമ്പില്‍ കണ്ണുംമിഴിച്ച്‌ ദേഹം നിവര്‍ത്തി ഇരിക്കുന്ന ഇവയും പടച്ചോന്റെ പടപ്പുകള്‍ തന്നെ!

ചുമ്മാതല്ല, ആശുപത്രിയിലേക്കും ചന്തയിലേക്കുമൊക്കെ പോവുന്നര്‍ ടാബ്ലോയിലെന്ന പോലെ നിന്നത്‌. മഹര്‍ഷിയുടെ കൈയ്യിലെ യോഗദണ്ഠ്‌ പോലെയുള്ള വടിയില്‍ യോഗാസനം ചെയ്‌തുകൊണ്ട്‌ ആസനമുയര്‍ത്തി നില്‍ക്കുന്ന ഈ ജന്തുക്കളേതാണ്‌? എവിടെത്തുകാരാണ്‌? ചോദ്യങ്ങള്‍ കുമിഞ്ഞുകൂടി. എന്നാല്‍ ചോദിക്കേണ്ടിവന്നില്ല. നാടന്‍ വൈദ്യര്‍ മണിമണിയായി ശ്വാസം വിടാതെ പറയുന്നതൊന്ന് കേട്ടപ്പോള്‍ പിടികിട്ടി.

"നാട്ടാരേയ്‌, ഇസ്സാധനങ്ങളെ ഇങ്ങക്കാര്‍ക്കും പരിചയംണ്ടാവില്ല. ഇവരാണ്‌ കുട്ടിസ്രാങ്കര്‌. കുട്ടിസ്രാങ്ക്‌ എന്ന് പണ്ട്‌ കപ്പിത്താന്‍സ്‌ ഇട്ട പേരാണ്‌. ദാ വലത്തിരിക്കുന്നവന്റെ കെട്ട്യോളും കുട്ടിയുമാ ഇപ്പുറത്തിരുന്ന് മയങ്ങുന്നത്‌."

"എന്താന്ന്? കണ്ണു തുറന്നിരിക്കുന്നൂന്നോ? ആ അതാണീ പഹയന്‍സിന്റെ അടവ്‌, ഉറങ്ങുമ്പോളൊക്കെ ഉണ്ടക്കണ്ണുകള്‍ തുറന്നുതന്നെയിരിക്കും. ചെയ്‌ത്താന്‍പ്രഭു ഡ്രാക്കുളായെ പോലെ!"

"പിന്നെ ഇസ്സാധനങ്ങളെ എങ്ങനെ പിടിച്ചുതിരിച്ചാലും വടക്കുദിശയിലേക്ക്‌ തിരിഞ്ഞേ നില്‍ക്കൂ! കുറുക്കന്റെ കണ്ണ്‌ കോയിക്കൂട്ടിലെന്ന മാതിരി. ദാ കാണിച്ചെരാം."

ഉറങ്ങുന്ന അവറ്റകളെ "ശ്‌ ശൂ..." എന്ന് വിളിച്ച്‌ മുതുകില്‍ തട്ടികൊണ്ട്‌ മെലിഞ്ഞ ദേഹം പിടിച്ച്‌ രണ്ട്‌ കറക്കം കറക്കിവിട്ടതും കുട്ടിസ്രാങ്കര്‌ ശീലം മാറ്റാതെ ദേ... നിക്കുന്നു വടക്കും നോക്കിയങ്ങനെ. ഉണ്ടക്കണ്ണുകള്‍ ഒരുവേള ചലിച്ചു. പിള്ളസ്രാങ്കന്‍ ചിണുങ്ങി തള്ളസ്രാങ്കിന്റെ പള്ളയില്‍ തലയിട്ടുരച്ചു. വടക്കുദിശ അവര്‍ക്ക്‌ പാട്ടത്തിനു കിട്ടിയതു പോലുണ്ട്‌, സ്രാങ്കുകുടുംബത്തിന്റെ നില്‍പു കണ്ടിട്ട്‌...

അവരുടെ മുതലാളികാക്ക ഒരു ബീഡി കത്തിച്ച്‌ വിവരണം തുടര്‍ന്നു:

"ഇവര്‍ടെ വടക്കുനോട്ടം കൊണ്ട്‌ ഇവന്‍മാര്‌ക്ക്‌ പണിയൊക്കെയുണ്ടായിരുന്നു.

"പണ്ട്‌ ബേപ്പൂരീന്ന്‌ പേര്‍ഷ്യാക്കും ദുനിയാവിന്റെ എല്ലാടുത്തേക്കും പോയിരുന്ന ഉരു, കപ്പല്‌, പടക്കപ്പല്‌ അങ്ങനെ വെള്ളത്തിലൂടെ ദൂരംവഴിക്ക്‌ പോവുന്നതിലൊക്കെ ദിക്ക്‌ നോക്കാന്‍ ഉപയോഗിച്ചിരുന്നത്‌ ആരെയാ?"

"ഈ ജന്തുക്കള്‍ അങ്ങനെ കപ്പലില്‍ പണിയെടുക്കുന്നവരുടെ പേരിന്റെ ഉടമകളുമായി - കുട്ടിസ്രാങ്ക്‌"

അന്നേരം കുട്ടിസ്രാങ്കര്‍ ഒന്ന് ഞെളിഞ്ഞ്‌ നിവര്‍ന്ന് നിന്നു. മുതലാളി അവരുടെ മുതുകിലൂടെ വിരലോടിച്ച്‌ തടവികൊണ്ടിരുന്നു.

"ദെത്താണ്‌ കുട്ടിസ്രാങ്കന്‍മാര്‌ സാധാരണ തിന്നാറ്‌?" - കൂട്ടത്തിലെവിടെ നിന്നോ ഒരു താത്തായുടെ നേര്‍ത്ത സ്വരത്തിലുള്ള സംശയം ഉയര്‍ന്നു.

"അതിപ്പോ പ്രത്യേകിച്ചൊന്നൂല്ല. പകല്‌ ഇവര്‍ക്ക്‌ കാഴ്‌ചയില്ല. വിശ്രമിക്കും. രാത്രിയായാല്‍ പിടിച്ചാകിട്ടൂല. ശങ്കരന്റേയോ കുട്ടപ്പന്റെയോ തെങ്ങുണ്ടെങ്കില്‍ അതീല്‌ വലിഞ്ഞുകേറും."

"അത്‌ കണ്ടപ്പോ തോന്നി." - ആരോ വിളിച്ച്‌ കൂവി.

"ആരാന്റെ തെങ്ങിലെ കരിക്ക്‌ പറിച്ച്‌ കടിച്ച്‌ പൊട്ടിച്ച്‌ തിന്നും, ഇളനീര്‌ അകത്താക്കും."

"അല്ല കാക്കാ.. എന്താ ഇവരെ കെട്ടിയിടാത്തത്‌? ഓര്‌ ഓടിപോവൂലേ?"

ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. സ്രാങ്കന്‍മാര്‍ സ്വതന്ത്രരാണ്‌. കെട്ടൊന്നും ഇല്ല.

"ഓടുകയോ, ഇവരോ? അപ്പരിപാടിയില്ല. രാത്രി മുഴുവനും കണ്ടോരെ തൊടീലൊക്കെ തപ്പിനടന്ന് തേങ്ങയും കടിച്ചാ പൊട്ടുന്നതെന്തും തിന്ന് വയറും നിറച്ച്‌ അതിരാവിലെ തിരിച്ചെത്തും."

"ഞാനെവിടെയുണ്ടോ അവിടെ അന്വേഷിച്ചെത്തും. അനുസരണയോടേ ഈ വടിയുടെ കുറുകെയുള്ള വടീല്‌ കേറിയിരിക്കും, കിനാവും കണ്ട്‌ ഉറങ്ങും."

പൊന്നോമനകളെ മുത്തം വെച്ച്‌ കാക്ക എല്ലാരേയും നോക്കി കുത്തിയിരുന്നു. ഏറേയാളുകള്‍ പലവഴി പോകുകയും ചിലരൊക്കെ വരുകയും ചെയ്യുന്നുണ്ട്‌.

"വല്ലതും തന്നേച്ച്‌ പോകണേ... എന്തേലും തിന്നിട്ട്‌ ഒത്തിരി ദെവസായി." - സ്രാങ്ക്‌ മൊതലാളി യാചിച്ചു.

"ആ കുട്ടിസ്രാങ്കരോട്‌ പറഞ്ഞാല്‌ മാങ്ങയോ തേങ്ങയോ കൊണ്ടുവന്ന് തരൂലേ കാക്കേ?" - ഏതോ വിരുതന്‍ ചോദിച്ചു.

രംഗമാകെ മാറ്റിമറിച്ച്‌ ഒരു പോലീസ്‌വണ്ടി വന്ന് നിന്നു. കാക്കിപ്പട ആ കാക്കയെ പൊക്കി, ചോദ്യശരങ്ങള്‍ വിട്ടു. വംശനാശം നേരിടുന്ന ജന്തുക്കളെ പിടിച്ച്‌ കാശുണ്ടാക്കുന്നതിന്‌ അയാളേയും തൊണ്ടിമുതലായ സ്രാങ്കരേയും അറസ്‌റ്റ്‌ ചെയ്തു.

പോലീസിന്റെ കൈപിടിയില്‍ അയാളും, അയാളുടെ കൈപിടിയിലെ വടിയില്‍ മൂന്ന് കുട്ടിസ്രാങ്കരും. എന്താണ്‌ നടക്കുന്നതെന്തെന്നറിയാത്ത സ്രാങ്ക്‌ കുടുംബം അപ്പോഴും മയക്കത്തിലാണ്‌; വടക്കുനിന്നും ആരോ വരുന്നതും കാത്ത്‌ ആ ദിശയില്‍ തിരിഞ്ഞ്‌ വടിയില്‍ ബാലന്‍സ്‌ ചെയ്തിട്ടങ്ങനെ...

9 comments:

  1. "പിന്നെ ഇസ്സാധനങ്ങളെ എങ്ങനെ പിടിച്ചുതിരിച്ചാലും വടക്കുദിശയിലേക്ക്‌ തിരിഞ്ഞേ നില്‍ക്കൂ! കുറുക്കന്റെ കണ്ണ്‌ കോയിക്കൂട്ടിലെന്ന മാതിരി. ദാ കാണിച്ചെരാം."

    ഇതൊക്കെ എബ്ടെരുന്നു.

    പിന്നെ കുട്ടിസ്രാങ്കിന് തേങ്ങായില്ലെന്നു പറയരുത്. ദേ ഒരെണ്ണം. ‘ഠേ.......’ 7.1 ഡോ.ഡി.

    -സുല്‍

    ReplyDelete
  2. മൂന്ന് കുട്ടിസ്സ്രാങ്കുകള്‍ക്കും ഓരോ തേങ്ങ. അതിന്റെ തലയില്‍ത്തന്നെ. ഠേ.. ഠേ.. ഠേ.. :)

    എന്നാലും ഈ വടക്കേക്കു നോക്കുന്ന സ്രാങ്കുകളെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യാണ്. അവര്‍ ഉറങ്ങുമ്പോള്‍ അവരറിയാതെ അവര്‍ കയറി നില്‍ക്കുന്ന ആ വടി തിരിച്ചാലെന്താ?

    ReplyDelete
  3. സ്രാങ്കിന്റെ ജീവചരിത്രം ഇഷ്ടമായി. :)

    ഇനി തേങ്ങ എടുക്കട്ടെ. ;)

    ReplyDelete
  4. സ്രാങ്കെന്ന് കേള്‍ക്കുമ്പോള്‍ ‘വിയറ്റ്നാം കോളനി’യും ഭീമന്‍ രഘുവിനേയും (തന്നെയല്ലേ)ആണ് ആദ്യം ഓര്‍മ്മ വരുന്നത് :)

    സ്രാങ്കുകളുടെ കഥ ഇഷ്ടായി.

    ReplyDelete
  5. കുട്ടിസ്രാങ്കരുടെ കഥനകഥ ബൂലോഗ ടാക്കിസില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുന്ന വിവരം ബൂലോഗരെയേവരേയും സസന്തോഷം അറിയിച്ചുകൊള്ളട്ടെ... (പ്രവേശനം തികച്ചും ഫ്രീ, തേങ്ങയുണ്ടെങ്കില്‍ സ്വീകരിക്കും)

    ReplyDelete
  6. കുട്ടിസ്രാങ്കിന്റെ കഥ ഫ്രീപാസ്സില്‍ തന്നെ കണ്ടെ..പോത്തന്‍ വാവയ്ക്ക് ടിക്കറ്റ് കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു.തേങ്ങയില്ല..സൂചേച്ചി കൊണ്ടുപോവും..

    ReplyDelete
  7. I came here to read these stories. I wonder to know some good writings are coming from new generations like Eranadan.

    Readers should notice such writers to encourage them to create more.

    ReplyDelete
  8. കുട്ടി സ്രാങ്കിന്റെ വിവരണം ശരിക്കും ഇഷ്ടപ്പെട്ടു...

    ReplyDelete
  9. കുട്ടിസ്രാങ്കുകളെയും,പിന്നെ ആ പ്രയോഗങ്ങളും ഒത്തിരി ഇഷ്ടമായി,ഏറനാടാ...
    ഇഞ്ഞും പോരട്ടെ,ഇജ്ജാതി അഞ്ചെട്ടെണ്ണം..

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com