Monday 30 July 2007

ആദിപാപവും ആദിയമളിയും..

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേലിചാടാന്‍ വെമ്പുന്ന പ്രായമാണല്ലോ (ഏല്ലാരുമല്ല എന്നാലും ചിലരൊക്കെ). അങ്ങിനെ ജീവിതത്തിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന പരീക്ഷാദിനത്തിലെ ഒടുവിലെ കണക്ക്‌ പരീക്ഷയും കഴിഞ്ഞ്‌ ഉല്ലാസഭരിതമായി പള്ളിക്കൂടം വിട്ടോടിയ പിള്ളേരുടെ കൂട്ടത്തില്‍ ഈ ഞാനും...

അന്നാദ്യമായ്‌ ഞാനൊരു പ്രലോഭനത്തില്‍ പെട്ടുപോയി. കൂട്ടുകാരായ 'പുകിലന്‍'സുനില്‍, മോനി, 'ദൊപ്പയ്യ'ബാബു, കണ്ണന്‍ കരീം എന്നിവര്‍ക്കൊരു പൂതി പെരുത്തു. സ്‌ക്കൂള്‍ പടിക്കലെ ചേട്ടന്റെ മക്കാനിഭിത്തിയില്‍ പതിച്ചൊരു സിനിമാ പോസ്‌റ്റര്‍ ആണതിന്‍ ഹേതു.

കണ്ണെടുക്കാതെ അതില്‍ ഉടക്കിനിന്ന കണ്ണന്‍ കരീമിന്റെ പിന്നാമ്പുറത്തൂടെ ഏന്തിവലിഞ്ഞു ഞാനും നോക്കി.. എന്റെ പടച്ചോനേ..! എന്താണാ സീന്‍! അതും പള്ളിക്കൂടമെന്ന പരിപാവനയിടത്തിനരികെ? ആ പോസ്‌റ്റര്‍ ഒട്ടിച്ചിട്ട്‌ അധികം നേരം ആയിട്ടില്ലായെന്നത്‌ ഉണങ്ങാത്ത പശയും അതിനു ചുറ്റുമുള്ള എറുമ്പിന്‍കൂട്ടവും കണ്ടാലറിയാം. (അവറ്റകളും കണ്ണും തള്ളി നില്‍ക്കുന്നുവോ?)

ഒരു പെണ്ണും ഒരാണും വലിയ ഓരോ ഇലയും പിടിച്ച്‌ നാണം മറച്ച്‌ നില്‍ക്കുന്നുണ്ടതില്‍. ചുറ്റും വലിയൊരു കാടാണെന്നത്‌ ചിത്രത്തില്‍ കണ്ടാലറിയാം. ഏതാ ഈ നാണമില്ലാത്ത രണ്ടെണ്ണം എന്ന്‌ ചോദിക്കാനൊരുമ്പെട്ടതാണ്‌. മുകളിലെ എഴുത്ത്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. (അതുതന്നെ ആരും വായിക്കാന്‍ നിക്കൂല എന്നത്‌ കൂട്ടുകാരുടെ അന്തം വിടലീന്നും മനസ്സിലായി)

"ആദിപാപം - ബൈബിളില്‍ നിന്നും ഒരേട്‌ - (മലയാളം കളര്‍); നിലമ്പൂര്‍ ജ്യോതിയില്‍ ദിവസവും 3 കളികള്‍."

ഞാനത്‌ ഒറ്റശ്വാസത്തില്‍ വായിച്ചു.

"3 കളികള്‍, ഉം ഉം.."

വഴിയേ പോയ പിരാന്തന്‍ അബു എന്റെ അനൗണ്‍സ്‌മെന്റ്‌ കേട്ടപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞത്‌ എന്നേയും കൂട്ടരേയും നാണം കെടുത്തി പരിസരബോധത്തിലെത്തിച്ചു.

ചേട്ടന്റെ മക്കാനിയിലെ പ്രസിദ്ധമായ കപ്പക്കറിയും പപ്പടവും കഴിക്കാനെടുത്തുവെച്ച പൈസ കീശയില്‍.. അതിനിയും കഴിക്കാലോ എന്നൊരു ചിന്ത ഒന്നിച്ചെത്തിയപോലെ പുകിലനും ദൊപ്പയബാബുവും മോനിയും കണ്ണനും ഞാനും ഒരു പദ്ധതിയിട്ടു.

"ഡേയ്‌.. ഒന്നൂല്ലെങ്കിലും നമ്മള്‍ടെയൊക്കെ ആദിപിതാവും ആദിമാതാവും അല്ലേ? ബൈബിളിലെ ഒരേടെങ്കിലും കാണാനുള്ള ചാന്‍സുമാണ്‌. പോയികളയാം."

മോനി മനസ്സിളക്കി ഞങ്ങളെ സജ്ജമാക്കി. പിന്നെ ഓട്ടോമാറ്റിക്കായിട്ട്‌ മാറ്റിനിഷോ കളിക്കുന്ന ജ്യോതിതീയ്യേറ്ററിലേക്ക്‌ വെച്ചടിച്ചു..

എന്റെ ചങ്കിടിപ്പ്‌, നെഞ്ചിടിപ്പ്‌ എല്ലാം ഒന്നിച്ചിടിക്കുന്നു. പടത്തിനു പോയിട്ടുണ്ട്‌. അതും വീട്ടുകാര്‍ അറിയാതെതന്നെ. എന്നാലും ജീവിതത്തില്‍ ആദ്യായിട്ട്‌ ഒരു തെറ്റ്‌ ചെയ്യുന്നല്ലോ എന്നൊരു ആദിപാപം ചെയ്യുന്ന ഫീലിംഗ്‌ മനസ്സില്‍ ഓളം തല്ലി. കൈയ്യിലെ കണക്ക്‌ പുസ്തകം കൊണ്ട്‌ പരമാവധി മുഖം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കൂനിക്കൂടി കള്ളനെന്നപോലെ സംഘത്തില്‍ മുങ്ങിയ ഞാന്‍ ജ്യോതി ടാക്കീസിന്റെ കോമ്പൗണ്ടിലേക്ക്‌ പ്രവേശിച്ചു.

ഒളിക്കണ്ണാല്‍ ചുറ്റും നോക്കി. പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ? ഇനി ഉണ്ടായാലെന്ത്‌, അവരും ആദിപാപം എന്തെന്നറിയാന്‍ വന്നവരല്ലേ? എന്നനെയാവും ഇമ്മാതിരി പടങ്ങള്‍ ആവോ? കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കണോ.. എന്നൊക്കെ ചിന്തിച്ച്‌ നിന്നു. ഞങ്ങള്‍ കൂട്ടുകാര്‍ നില്‍ക്കുന്നത്‌ തറടിക്കറ്റ്‌ എന്നറിയപ്പെടുന്ന ഏറ്റവും മുന്നിലെ ഭാഗത്തിലേക്കുള്ള ക്യൂവിലാണ്‌. എന്നാലും ചേട്ടന്റെ കപ്പക്കറിയും പപ്പടവും.. ഹോ, വിശന്നിട്ടാണേല്‍ നില്‍ക്കാന്‍ വയ്യ! ആദിപാപം എന്നാലും ഒരുവിധം ആശ്വാസമേകി.

ആവശ്യത്തിന്‌ ആളുണ്ട്‌ അവിടെ.. അവരുടെ നാണയതുട്ടുകള്‍ക്ക്‌ വേണ്ടി യാചിക്കുന്ന ഭിക്ഷക്കാരിയുമുണ്ട്‌ ഊന്നുവടിയും പിടിച്ചുകൊണ്ട്‌.. ഒരു തുരങ്കം പോലെ ഒരാള്‍ക്കുള്ള വീതിയില്‍ നീണ്ടങ്ങനെ കിടക്കുന്ന ടിക്കറ്റ്‌ സെക്ഷനിലെ ലോഹവളയങ്ങളിലൂടെ ഏന്തിവലിഞ്ഞു വെളിയില്‍ നോക്കിനിന്നു.

ങ്‌ഹേ! കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. ആ വരുന്ന മിനിബസ്സ്‌ സുപരിചിതമാണല്ലോ.. ജ്യോതിതിയ്യേറ്ററിന്റെ കോമ്പൗണ്ടിലേക്കാണത്‌ വന്നുനിന്നത്‌. അതിന്റെ സൈഡില്‍ എഴുതിയിരിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ തപ്പിപിടിച്ച്‌ വായിക്കേണ്ടി വന്നില്ല. കാരണം ബസ്സിനകത്തുനിന്നും വരുന്ന ഗാനവീചികള്‍ ആദ്യമേ അത്‌ വിളിച്ചോതി. പിന്നാലെ അതില്‍ നിന്നും വെളിയിലിറങ്ങിയ ആളുകളും..

തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖക്കൂട്ടം മണ്ണില്‍ ലാന്‍ഡ്‌ ചെയ്യുന്നപോലെ ഇറങ്ങിയെത്തിയത്‌ പ്രദേശത്തെ പ്രസിദ്ധമായ മിഷനറി സ്ഥാപനത്തിലെ കന്യാസ്ത്രീകളാണ്‌! അവരുടെ പ്രായമായ മേട്രനും കൂടെയുണ്ട്‌. പിന്നെ ഇത്തിരി അന്തേവാസികളും.. പടച്ചോനേ.. ഇവരൊക്കെ എന്തിനുള്ള പുറപ്പാടിലാണ്‌? കാലം പോയ പോക്കേയ്‌! ഞാന്‍ ഞെട്ടിയപോലെ ക്യൂവിലുള്ള സകലമാനപേരും മൂക്കത്ത്‌ വിരല്‍ വെച്ചു വാപൊളിച്ച്‌ അന്തം വിട്ടുനില്‍ക്കുന്നു.

അവര്‍ നിഷ്‌കളങ്കരായവര്‍. ആരോ തെറ്റിദ്ധരിപ്പിച്ചതാവാം. ജ്യോതി ടാക്കീസിന്റെ ഉടമ എല്‍വിസ്‌ ട്രൂമാന്‍ വെപ്രാളപ്പെട്ട്‌ പാഞ്ഞെത്തി കന്യാസ്ത്രീകളെ തടഞ്ഞു നിറുത്തി. എന്തൊക്കെയോ കുശുകുശുക്കുന്നത്‌ കണ്ടു. അവര്‍ പോസ്‌റ്ററിലെ വരികളിലേക്ക്‌ ചൂണ്ടി എന്തൊക്കെയോ സമര്‍ത്ഥിച്ചു.

"പിന്നെ എന്തിനാണ്‌ - ബൈബിളില്‍ നിന്നും ഒരേട്‌ - എന്ന്‌ വെണ്ടക്ക അക്ഷരത്തില്‍ എഴുതി മനുഷ്യരെ വഴിതെറ്റിക്കുന്നെ മോനേ..? കര്‍ത്താവ്‌ ഞങ്ങടെ മാനം കാത്തു!"

മേട്രന്‍ ക്ഷോഭിച്ചുകൊണ്ട്‌ ട്രൂമാനോട്‌ പറഞ്ഞപ്പോള്‍, തിരികെ ബസ്സില്‍ കയറിയ കന്യാസ്ത്രീകള്‍ ഒന്നടങ്കം ഒറ്റശ്വാസത്തില്‍ "ഓ ജീസ്സസ്സ്‌!" എന്ന്‌ വിളിച്ചു!

'ആദിപാപം' കാണാനെത്തിയ ചിലരുടെ മുഖത്ത്‌ നിരാശയും. അവരും വിളിച്ചുപോയി അവരവരുടെ ദൈവങ്ങളെ...

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com