Saturday, 8 December 2007

വൈറ്റിലയിലൊരു വൈകുന്നേരം...

കൊച്ചിയില്‍ കൂടിയിട്ടിപ്പോ മുപ്പതീസം ആയിപ്പൊയതറിഞ്ഞില്ല. പോസ്റ്റുകള്‍ കുത്തിയിരുന്ന് പടച്ചിടുവാന്‍ ആശയില്ലാഞ്ഞിട്ടല്ല, പ്രവാസഭൂമിയിലെ പണിപോലെയല്ലാലോ.. അവിടെ ഫ്രീടൈം ഫ്രീയായിട്ടൊത്തിരി ഉണ്ടായിരുന്നതിന്റെ മഹത്വം ഇപ്പോഴാ മനസ്സിലായത്.

ഒരിത്തിരി ഫ്രീടൈം കിട്ടിയപ്പോ ഒരു കൊച്ചുപോസ്റ്റ് ഇടാനൊരാശ തോന്നി. ഇതൊരു കഥയല്ല, സാങ്കല്‍‌പികസൃഷ്ടിയുമല്ല. പിന്നേയോ? നടന്ന സംഭവം, അല്ല, തറപറ്റിയ ഒരുവന്റെ കഥയാണ്‌. (തല്‍‌ക്കാലം നമുക്കവനെ ദാമു എന്നുവിളിക്കാം)

വൈറ്റില വഴി സന്ധ്യാനേരം വരുമ്പോള്‍ കണ്ടു ഞാന്‍ ഒരു പോലീസ്ജീപ്പും കാക്കികളും ഒത്തിരി നാട്ടാരും കൂടിനില്‍ക്കുന്നൊരു ദൃശ്യം. എന്താണെന്നറിയാനുള്ള ത്വരയോടെ എന്റെ കാലുകള്‍ എന്നെ അങ്ങോട്ട് വഹിച്ചുകൊണ്ടെത്തിച്ചു.

ഒരുത്തന്‍ നിലത്തു നിലം‌പരിശായി കമഴ്‌ന്നുകിടക്കുന്നുണ്ട്. ഇരുകൈകളും ഇരുകാലുകളും മാക്സിമം വിസ്തരിച്ചുവെച്ചിരിക്കുന്ന ദാമുവിനെ കണ്ടാല്‍ ഏതോ ബുള്‍‌ഡോസറ് കൊണ്ട് കയറ്റിചമ്മന്തിയാക്കിപോയോ എന്നുതോന്നിയാല്‍ അതിശയോക്തിയില്ല. രാത്രികാലങ്ങളില്‍ ലോഡും നിറച്ച് വരുന്ന ലോറിക്കുമുന്നില്‍ നെഗളിച്ചുനിന്ന പോക്കാച്ചിതവള വണ്ടിപോയിക്കഴിഞ്ഞാല്‍ റോഡില്‍ പറ്റിപ്പിടിച്ച് 'പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍' പോലെയായാല്‍ ഉണ്ടാവുന്ന അതേപോലെ ഈ ദാമു നിലം‌പരിശായിപോയിരിക്കുന്നു.

പോലീസിലൊരുത്തന്‍ ലാത്തിവടികൊണ്ട് ദാമുവിന്റെ മൂട്ടിലിട്ട് തോണ്ടിനോക്കുന്നുണ്ട്. ഓ, വടിയായിട്ടില്ല, അനക്കമുണ്ട് ദാമുവിന്‌. അപ്പോളിതൊരു കൊലപാതകമല്ല. മോളിലോട്ട് നോക്കിയപ്പോള്‍ കണ്ടു ഒരു ബോറ്‌ഡ് - 'ബാ‌റ് BAR'.

ആപ്പൊളതാണ്‌ കെടപ്പ്. ദാമു പൂസ്സായികിടക്കുന്നത് തന്നെ. കുന്നത്ത് ബ്രാന്‍‌ഡ് വരയന്‍ ജെട്ടിയുള്ളത് നന്നായി. ഉടുതുണി സമീപത്തെ പോസ്റ്റിന്റെ സ്റ്റേവയറില്‍ കുരുങ്ങികിടപ്പുണ്ട്. പോലിസ്സുകാരന്‍ ലാത്തികൊണ്ടുള്ള തോണ്ടലും കുത്തലും തുടരുന്നതിനിടയില്‍ ദാമുവിന്‌ അനക്കം വെച്ചു.

ഇരുകൈകളും നിലത്തൂന്നി ദാമു പൊങ്ങാന്‍ തുടങ്ങി. പതിയെ തലപൊങ്ങി. കാല്‍ പൊങ്ങി. വീണ്ടും ദേ.. പഴേപോലെ നിലം‌പരിശ്!

"സാധ്യമല്ലാ.."

വീണ്ടും ദാമു ശ്രമം തുടങ്ങി. അല്‍‌പം പൊങ്ങി. നോ വേ..

"സാധ്യമല്ലാ, നെവറ്, സാധ്യമല്ല"

ദാമു ഏതോ പ്രൊഫഷണല്‍ നാടകട്രൂപ്പിലെ നടന്‍ തന്നെയെന്നത് ഉറപ്പ്. ഘനഗംഭീരമായ ശബ്ദത്തില്‍ ഒരേയൊരു ഡയലോഗ് തന്നെ ബാസ് കൂട്ടിയിട്ട് പറയുന്നത് കേട്ടാലൊറപ്പ്.

പോലീസ്സുകാരന്‍ സഹികെട്ട് ഇളക്കികൊണ്ടിരുന്ന ലാത്തികൊണ്ട് അടിതുടങ്ങി. ദാമു തലപൊക്കി രൂക്ഷനോട്ടം നോക്കികൊണ്ട്:

"എന്നെ തല്ലേണ്ട സാറേ.. എനിക്ക് സാധ്യമല്ല!"

"എന്നാല്‍ എനിക്ക് സാധ്യമാണെടാ @#$%**"

എന്നും പറഞ്ഞ് പോലീസ്സുകാരന്‍ ദാമുവിനേയും പൊക്കി ജീപ്പിലിട്ട് രംഗം കാലിയാക്കി.

പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍.. ഒരുടുതുണി മാത്രം കാറ്റിലാടികിടക്കുന്നതല്ലാതെ...

Wednesday, 28 November 2007

ബൂലോഗത്തില്‍ മറ്റൊരു പുസ്തകം കൂടി പിറക്കുന്നു!

സ്നേഹമുള്ള ബൂലോഗരേ..

ഒരു സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളട്ടെ.. കഴിഞ്ഞൊന്നര കൊല്ലമായി നിങ്ങള്‍ക്ക്‌ മുന്നില്‍ വിളമ്പികൊണ്ടിരിക്കുന്ന 'ഏറനാടന്‍ ചരിതങ്ങള്‍' പുസ്തകമാക്കുവാന്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌ തീരുമാനിച്ചിരിക്കുന്നു. അവരുടെ കത്തിലെ വിശദവിവരങ്ങള്‍ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു:-

ശ്രീ. എസ്‌.കെ.ചെറുവത്ത്‌ or ഏറനാടന്‍,

ധന്യാത്മന്‍,

'ഏറനാടന്‍ ചരിതങ്ങള്‍' പരിശോധന കഴിഞ്ഞു. പൂര്‍ണ്ണാവകാശം വാങ്ങി പുസ്തകം അടിക്കാന്‍ താല്‍പര്യപ്പെടുന്നു. പൂര്‍ണ്ണാവകാശം തരികയാണെങ്കില്‍ Dy 1/8 സൈസില്‍ അടിക്കുന്ന പുസ്തകത്തിന്റെ പേജൊന്നിന്‌ ഡാഷ്‌ രൂപ വെച്ച്‌ പ്രതിഫലം നല്‍കുന്നതായിരിക്കും. (പ്ലീസ്‌ നോട്ട്‌: പ്രതിഫലത്തുക ചിലകാരണങ്ങളാല്‍ അറിയിക്കാന്‍ പാടില്ലെന്ന നിബന്ധനയുള്ളതിനാലാണ്‌ ഡാഷ്‌ ഇട്ടത്‌) ഈ പ്രതിഫലത്തുക പുസ്തകം അടിച്ചിറങ്ങിയ ഉടനെ നല്‍കുന്നതുമായിരിക്കും.

ക്ഷേമാശംസകളോടെ,

സസ്നേഹം
പൂര്‍ണ്ണാ പബ്ലിക്കേഷന്‍സിനുവേണ്ടി,

മാനേജിംങ്ങ്‌ ഡയറക്‌ടര്‍

Monday, 8 October 2007

ലക്ഷ്മി സ്പെഷ്യല്‍ പുട്ടും പിന്നൊരു കൂട്ടും..

അങ്ങിനെ ദിനങ്ങള്‍ കഴിയുന്തോറും ലക്ഷ്മി പുതിയ അല്‍ഭുതങ്ങള്‍ കണ്ടും കേട്ടും കോട്ടായിതറവാട്ടിലെ ഒരു അംഗം എന്നപോലെ കഴിഞ്ഞുപോന്നു. വല്ലപ്പോഴും പണിക്കന്‍ മകളെ കാണാന്‍ വരും കോലായയുടെ തിണ്ണയില്‍ തോര്‍ത്തുമുണ്ട് വിരിച്ച് ഇരിക്കും. ലക്ഷ്മി സമീപം തൂണും ചാരി നിന്ന് കണ്ണീര്‍ പൊഴിച്ച് കുശുകുശുക്കും. പണിയന്മാരുടെ വര്‍ത്തമാനം മനസ്സിലാവാതെ അപ്പുറത്ത് കള്ളക്കണ്ണുകള്‍ കറക്കികൊണ്ട് സലിം കസേരയില്‍ കാലാട്ടിയിരുന്ന് ബാലരമ മറിച്ചുനോക്കി മായാവി-ഡാകിനി കഥ ആസ്വദിക്കുന്നു, പാതി വായനയിലും പാതി ലക്ഷ്‌മിയിലും ശ്രദ്ധിച്ചങ്ങനെ..

പണിക്കന്‍ ഇടയ്ക്കെപ്പഴോ സലീമിനെ നോക്കിയിട്ട് മകളോട് എന്തോ പറഞ്ഞു. ലക്ഷ്മിയും സലീമിനെ നോക്കി പുഞ്ചിരിച്ചിട്ട് അച്ഛനോട് ഏതോ ഭാഷയില്‍ എന്തോ മന്ത്രിച്ചതും അച്ഛന്‍ നിശ്വാസത്തൊടെ വെറ്റിലയില്‍ അടക്ക വെച്ച് നൂറുതേച്ച ഒരു പൊതി അരയിലെവിടേയോ നിന്നെടുത്ത് വായയിലിട്ട് ചവച്ചു ആശ്വാസത്തിലിരുന്നു.

ഉമ്മ ഉമ്മറത്തേക്ക് വന്നു. കുടിക്കാനൊരു സ്റ്റീല്‍ ഗ്ലാസ്സില്‍ കട്ടന്‍‌ചായ കൊടുത്ത് കാര്യങ്ങളോരോന്നായി പറഞ്ഞുകൊണ്ടിരുന്നു. പണിക്കന്‍ സാകൂതം എഴുന്നേറ്റ് ഭവ്യതയോടെ മുറ്റത്ത് നിന്നു. ലക്ഷ്മി തൂണും ചാരിതന്നെ... സലീം ആ ഭാഗത്താരുമേയില്ലെന്ന ഭാവത്തില്‍‌ ബാലരമതാളുകള്‍ മറിച്ചങ്ങനെ...

പണിക്കന്‍ പോയി. ലക്ഷ്മി കണ്ണീര്‍ പൊഴിച്ച് വീണ്ടും മുറ്റം നോക്കിനിന്നു. അന്ന് വന്നതില്‍ നിന്നും ഒത്തിരി ഉഷാറായിട്ടുണ്ട് അവള്‍. കവിളൊക്കെ തുടുത്ത് ദേഹമൊക്കെ പുഷ്ടിപ്പെട്ട് ആകെമൊത്തമൊരാനചന്തം. സലീം ബാലരമയിലെ ഏതോ രാജകുമാരികഥ പാതിയാക്കി അവളെ ശ്രദ്ധിച്ചു.

കണ്ണീര്‍ തുടച്ച് ലക്ഷ്മി തിരിയുമ്പോള്‍ സലീമിന്റെ നോട്ടം കണ്ടു. അവള്‍ അകത്തേക്ക് ധൃതിയില്‍ നടന്നു. അകത്തെ അറയഉടെ വാതില്‍ 'കരകരാ' തുറന്ന് ബള്‍ബിന്റെ സ്വിച്ച് ഓണാക്കുന്ന 'ടിക്' സ്വരം. പിന്നെ വാതില്‍ 'കരകരാ' അടഞ്ഞു.

"ലക്ഷ്മീ.. എവിടേയാ ഇയ്യ്? ലക്ഷ്മീ...?"

ഉമ്മാന്റെ വിളി. മറുപടിയില്ല. സലീം എഴുന്നേറ്റ് അറയുടെ അടഞ്ഞ വാതിലിനു മുന്നിലെത്തി. അകത്തൂന്ന് ലക്ഷ്മിയുടെ തേങ്ങലുകള്‍ പതിയെ ഉയര്‍‌ന്നു. വിട് വിട്ട് വന്നൊരുപാട് ദിവസങ്ങളായിട്ടും സ്വന്തക്കാരെ കാണാത്ത വിഷമം മാറിയിട്ടില്ല അതാവും. സലീം ചിന്തിച്ചു.

"മോനേ സലീമേ.. ലക്ഷ്മിയെ കണ്ടോ അവിടെവിടേയെങ്കിലും? ഒന്നിങ്ങട്ട് വരാന്‍ പറഞ്ഞാ ഓളോട്, ഉം?"

സലിമിന്‌ ഉമ്മയുടെ ചിലനേരത്തെ ഇമ്മാതിരി വര്‍‌ത്തമാനം തീരെ പിടിക്കുന്നില്ല. ലക്ഷ്മി തന്റെ കെട്ട്യോളാണെന്നാ വിചാരം ഈ ഉമ്മാക്ക്.. സലീമിന്‌ ദേഷ്യം വന്നു. അവന്‍ അറയുടെ വാതിലില്‍ അതിയായി തട്ടി. വാതില്‍ കരകരപ്പോടെ തുറന്നു. ലക്ഷ്മി മുടി കെട്ടികൊണ്ട് മുഖം തുടച്ച് വെളിയിലെത്തി. ദു:ഖിതയാണെങ്കിലും സലീമിനെ നോക്കി മന്ദഹസിച്ചു.

"ഇവിടെ പണിക്ക് വന്നതാ നീയ്. അതോ സുഖവാസത്തിനോ..?" - എന്ന് ചോദിക്കാനുള്ള ദേഷ്യത്തില്‍ നിന്ന സലിം ആ മന്ദഹാസത്തില്‍ അത് മറന്നു. വാതില്‍‌പടിയില്‍ നിന്നും മാറിക്കൊടുത്തു. ലക്ഷ്മി അടുക്കളയിലേക്ക് നടന്നു.

"എന്താ ലക്ഷ്മീ.. വീട്ടിപോണോ? സുഖമില്ലേ, ങ്‌ഹേ?" - ഉമ്മ ചോദിക്കുന്നത് കേട്ടു.

"ഉം. എനിക്ക് ഒന്ന് അമ്മയെ കാണണം. അനിയത്ത്യേം.."

"തനിച്ച് പോവാനറിയോ? ഇത്തിരി നേരത്തേണെങ്കി അന്റെ അച്ഛന്‍ വന്നപ്പോ പോകായിരുന്നു."

സലീം അടുക്കളിയിലെത്തി. ഒന്നുമറിയാത്തവനെപോലെ അവന്‍ അടുക്കളയിലെ ടിന്നുകള്‍ പരതികൊണ്ട് നിന്നു. ഏതോ ഒരു ടിന്ന്‌ തുറന്ന് ഒരു ശര്‍‌ക്കരകഷ്ണമെടുത്ത് വായയിലിട്ട് അവിടെ തന്നെ നിന്നു.

"എനിക്ക് തനിച്ച് പോകാനോക്കെ നിച്ചണ്ട്. ന്നാലും കാട്ടീക്കൂടെ പോവാനൊരു കൂട്ട് വേണം. വഴി ഇച്ചിരെ എടങ്ങേറ് പിടിച്ചതാ കൊച്ചുമ്മാ.."

"ഓ.. ഇതാര്‌.. കാട്ടുരാജാവിന്റെ മോളോ! കൂട്ട് പോകാന്‍,കാവല്‍ നില്‍‌ക്കാന്‍ ഒക്കെ ആളെപ്പഴും വേണം പോലും" - സലീം ശര്‍ക്കര കടിച്ചുകൊണ്ട് മനസ്സില്‍ മാത്രം പിറുപിറുത്തുകൊണ്ട് മോന്ത കറുപ്പിച്ചങ്ങനെ നിന്നു.

"ഉം.. ശരിയാ. ലക്ഷ്മി ഒറ്റക്ക് പോണ്ട. എന്തേലും പറ്റിയാല്‌ പിന്നെ സമാധാനം പറയാന്‍ നടക്കേണം. കാലമതാണിപ്പോ.." - ഉമ്മ പറഞ്ഞു.

സലിം പതുക്കെ അടുക്കളയില്‍ നിന്നും നീങ്ങാനൊരുങ്ങുമ്പോള്‍..

"സലീമേ.. നീയെവിടെ പോണ്‌? അവിടെ നിന്നാ."

സലിം നിന്നു. എന്താ ഉമ്മ പറയാന്‍ പോവുന്നതെന്ന് അവന്‌ മനസ്സിലായി. ഉമ്മ പറയാന്‍ തുടങ്ങുന്നതിനും മുമ്പ് അവന്‍ തുടങ്ങി:

"ലക്ഷ്മീടെ അപ്പന്‍ ഇനി വരുമ്പോ വിട്ടാപോരേ.. ഒത്തിരി ദൂരംണ്ട് പുഴകടന്ന് ഒത്തിരി പോണം അങ്ങോട്ട്.."

"ഓള്‍ വന്നിട്ടിപ്പോ ഒരു മാസം കഴിഞ്ഞില്ലേ മോനേ.. രണ്ടീസം ഓളെ പൊരേല്‌ പോയി നിന്നോട്ടെ. നീ കൂടെപോയികൊടുക്ക്. പെണ്ണല്ലേ ഓള്‌. ഒറ്റക്ക് വിടണ്ട."

"ഉമ്മാ.. ഊം മ്മാ..." - സലിം കരയണോ അതോ ചിരിക്കണോ എന്നറിയാത്ത കണ്‍ഫ്യൂഷനിലെത്തി.

പ്രായപൂര്‍‌ത്തി ആയിരുന്നേല്‍ ഈ ഉമ്മ ഞങ്ങളെയങ്ങ് കെട്ടിച്ചുവിട്ടേനെ..! സലീമിന്‌ ഉമ്മായുടെ പലപ്പോഴുമുള്ള നിര്‍ദേശങ്ങളില്‍ പ്രതികരിക്കാന്‍ തോന്നിതുടങ്ങി. ഇവളേം കൊണ്ട് വഴിയിലൂടെ നടക്കുന്ന കാര്യമാലോചിച്ച് അവനാകെ അങ്കലാപ്പിലായി. കൂട്ടുകാരൊക്കെ കണ്ടാല്‍ ഇനിയെന്തൊക്കെ പറഞ്ഞാണ്‌ കളിയാക്കുക, നാട്ടുകാര്‍ കണ്ടാലോ ശ്ശോ! ഈ ഉമ്മായുണ്ടോ ഇതൊക്കെ അറിയുന്നു? ഒരു ബാല്യക്കാരന്റെ മനസ്സിലെ വ്യഥ ഒന്ന് മനസ്സിലാക്കിയാലെന്താ ഈ ഉമ്മാക്ക്!

ലക്ഷ്മിയുടെ കരച്ചില്‍ പോയി. മുഖം തെളിഞ്ഞു. കള്ളി. ഒക്കെ നാട്യമാണ്‌. അല്ലേലും തക്കം കിട്ട്യാല്‌ അവള്‍ എന്നെ ഒരു മാതിരി നോട്ടമാ. മുറിയില്‍ ഇരിക്കൂമ്പോഴോ വല്ലതും വായിച്ച് കിടക്കുമ്പോഴോ മാത്രമേ ഇവള്‍‌ക്ക് മുറി തൂത്തുവാരാനോ നിലം തുടക്കുവാനോ നേരമുള്ളൂ. എന്നീട്ടോ വേണ്ടാ വേണ്ടാ എന്നു വിചാരിച്ചാലും നോക്കിപോകുന്ന തരത്തിലേ അവള്‍ മുറി വൃത്തിയാക്കൂ.. പലപ്പോഴും അവളുടെ മാറിടം ഒട്ടുമുക്കാലും ഇറുകിയ ബ്ലൗസ്സിനു വെളിയില്‍ ചാടാനുള്ള വെപ്രാളത്തിലാവും. ചിലപ്പോള്‍ പാവാട തൂത്തുകയറ്റി തുടക്കും മോളിലെത്തിയിട്ടാണ്ടാവും. ഉമ്മയെങ്ങാനും വന്നാല്‍ എന്റെ മാനം! കൗമാരക്കാരനാണ്‌ എന്ന വിചാരം മനസ്സില്‍ നിറയുന്ന സന്ദര്‍‌‌ഭങ്ങള്‍.. നല്ല പോഷകാഹാരങ്ങള്‍ വാരിവലിച്ച് തിന്ന് കൊഴുത്തുരുണ്ട് വിലസുകയല്ലേ. ഇപ്പോള്‍ ലക്ഷ്മിയെ കണ്ടാല്‍ ഒരു പണിക്കപെണ്ണ് എന്നാരും പറയില്ല. കൂട്ടുകാര്‍ എന്നേ കളിയാക്കിയോരോന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.

ഇനിയിപ്പോ എല്ലാരും കാണ്‍‌കെ അവള്‍‌ക്ക് കൂട്ടിന്‌ പോകുന്നതും കൂടെയായാല്‍ ഒക്കെയായി. എനിക്കിനി വയ്യ. ഈ കോട്ടായിതറവാടിന്റെ മാനം.. അവിടെത്തെ ഇളമുറക്കാരനായ എന്റെ നില, വില ഒന്നുമെന്തേ ഉമ്മ മനസ്സിലാക്കുന്നില്ല?

"ഇന്ന്‌ വൈകിട്ട് ഓളെ പൊരേല്‌ കൊണ്ട് ചെന്നാക്കാന്‍ കൂടെചെല്ല്‌ട്ടോ സലീമേ.."

"ഉമ്മാ.. " - സലീം തലചൊറിഞ്ഞ് വിഷമം കാണിച്ചു.

"എന്താടാ.. കൂടെ ചെല്ലാന്‍ പറഞ്ഞാ ചെല്ലുക. സലീമേ ഒറ്റക്ക് ഓള്‌ പോയാല്‌ എന്തേലും പറ്റിയാല്‌ പിന്നെ ഞമ്മള്‌ സമാധാനം പറയേണ്ടി വരും മോനേ.."

മൂളിപ്പാട്ടും പാടികൊണ്ട് പാത്രങ്ങള്‍ കഴുകി അടുക്കിവെക്കുന്ന സന്തോഷവതിയായ ലക്ഷ്മി ഇടം കണ്ണാലെ സലീമിനെ നോക്കുന്നുണ്ട്. അതുകൂടെയായപ്പോള്‍ സലീമിന്‌ ഉള്ളിലെ ദേഷ്യം കുമിഞ്ഞുകൂടി.

"ഇന്ന് ഞാന്‍ കൊണ്ടു ചെന്നാക്കാം. ഇനി ഉമ്മ മേലാലപ്പണി പറയരുത്"

സലിം ദേഷ്യത്തില്‍ അടുക്കളയില്‍ നിന്നും പോയി. പോകുന്ന പോക്കില്‌ ലക്ഷ്മി കഴുകിതുടച്ചുവെച്ച പാത്രങ്ങള്‍ തട്ടിയിട്ടു.

ഉമ്മ അരിശത്തോടെ അവന്റെ പോക്ക് നോക്കിനിന്നു. എന്നിട്ട് ലക്ഷ്മിയുടെ നേരെ തിരിഞ്ഞു. വേലക്കാരിയായ ലക്ഷ്മി സ്വന്തം മകളെന്നപോലെ അവളെ സമാധാനിപ്പിച്ചു. വീട്ടില്‍ ഭിക്ഷ യാചിച്ച് വരുന്നവര്‍‌ക്ക് മീന്‍‌കറിയും നല്ല ഊണും വിളമ്പുന്നവര്‍ എന്നാണ്‌ അയല്‍‌പ്പക്കക്കാര്‍ ഉമ്മയെകുറിച്ച് പറയാറ്. പരോപകാരത്തിലും ആതിഥേയത്വത്തിലും അഗ്രഗണ്യയാണ്‌ കോട്ടായിതറവാട്ടിലെ ഉമ്മ.

"അവനങ്ങെനെയാ ശുണ്ഠികൂടിയാല്‍ പിടിച്ചാകിട്ടൂല പഹയനെ.. പറഞ്ഞിട്ടെന്താ. അങ്ങനെത്തെ ബാപ്പാന്റെ മോനല്ലേ ഈ മോന്‌.."

ലക്ഷ്മി തല താഴ്ത്തിനിന്നു. കണ്ണുകളില്‍ അവരോടുള്ള ബഹുമാനം..

"ലക്ഷ്മി വിഷമിക്കേണ്ട. പോയിട്ട് പൊരേയില്‌ രണ്ടുമൂന്നീസം കഴിഞ്ഞിട്ട് ഉഷാറായിട്ട് വന്നാമതി. സലിം കൂടെ കൂട്ടിന്‌ വന്നോളുംട്ടോ.."

ലക്ഷ്മി തല ഉയര്‌ത്തിനോക്കി. കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം..

"മോളേ ലക്ഷ്മീ നിനക്ക് ഭക്ഷണം ഉണ്ടാക്കാനറിയോ? ഇതേവരേ നിന്നെകൊണ്ട് ഞാന്‍ ആഹാരമുണ്ടാക്കിച്ചിട്ടില്ല. ഇന്നൊന്ന് നോക്കീയാലോ, ഉം?"

ലക്ഷ്മി വാചാലയായി. ഒന്നിളകി നിന്നുകൊണ്ടവള്‍ പാചകനൈപുണ്യം വിളമ്പാന്‍ തുടങ്ങി.

"എനക്ക് നല്ലോം വെച്ചുണ്ടാക്കാനറിയാ.. ചോറ് വെക്കും, കറി വെക്കും, മീന്‍ ചുടും, പപ്പടോം ചുടും.. പിന്നെ എനക്ക് നല്ല പുട്ട് ബെക്കാനറിയാ.. അണ്ടിപ്പുട്ട്, അരിപ്പുട്ട്, തേങ്ങാപുട്ട് ഒക്കെ ഉണ്ടാക്കാനറിയാ എനക്ക് കൊച്ചുമ്മാ.."

ഉമ്മ ചിരിച്ചു. വന്നയന്ന് മുതല്‍ ലക്ഷ്മിയെ പാത്രം കഴുകാനും മുറിയും മുറ്റവും വൃത്തിയാക്കാനും മാത്രമേ ചുമതലപ്പെടുത്തിയിരുന്നുള്ളൂ.. ലക്ഷ്മിക്കും ഉദ്യോഗക്കയറ്റം കിട്ടിയ പ്രതീതി. അങ്ങിനെ ആദ്യമായി കോട്ടായിത്തറവാട്ടില്‍ ഒരു അന്യജാതിക്കാരിയുടെ അതും ഒരു പണിക്കപെണ്ണിന്റെ കൈകൊണ്ടുണ്ടാക്കിയ ആദ്യഭക്ഷണം ഒരുങ്ങാന്‍ പോകുന്നു!

"എന്നാല്‍ ലക്ഷ്മീടെ ആഹാരം ഒന്ന് കഴിച്ചുനോക്കാലോ. നല്ല പുട്ട് ഉണ്ടാക്കി ഉല്‍‌ഘാടനം തുടങ്ങിക്കോ.. ഞാന്‍ അപ്പഴേക്കും അയല്‍‌പക്കത്തൊക്കെ ഒന്ന് പോയിവരാം. കൊറച്ചീസായി അവിടയൊക്കെ ഒന്ന് പോയിട്ട്. വരുമ്പഴേക്കും ലക്ഷ്മീടെ പുട്ടും തിന്നാലോ.."

പുട്ടിനുള്ള സാധനങ്ങളൊക്കെ അറയിലും അടുക്കളയിലും സൂക്ഷിച്ചത് സൂചിപ്പിച്ചിട്ട് ഉമ്മ പോയി. വലിയൊരു അടുക്കളയും അതിലെ പാത്രങ്ങളും സാമാനങ്ങളും പിന്നെ ലക്ഷ്മിയും.. സലീം ദേഷ്യത്താല്‍ വെളിയിലെവിടേയോ പോയി. അവനും കൂടെ ഉണ്ടായിരുന്നെങ്കില്‍.. ലക്ഷ്മി നഖം കടിച്ചുനിന്ന്‌ പുഞ്ചിരിച്ചു.

എന്നിട്ട് പുട്ട് തയ്യാറാക്കാനുള്ള പ്രാരംഭഘട്ടത്തിലേക്ക് കടന്നു. അടുക്കിവെച്ചിരിക്കുന്ന വലിയ ടിന്നുകള്‍ പരതി. അരിപ്പൊടി വെച്ചിട്ടുള്ളത് കിട്ടി. എടുത്തു. കൊട്ടിയിട്ടുവത് പാത്രത്തിലേക്ക്.. പിന്നെ തേങ്ങ ചിരവിയെടുത്തു. ഇത്രേം വലിയൊരു വീടും അതിലെ അടുക്കളയും തനിയെ കിട്ടിയ ഒരു വിജയീഭാവം ലക്ഷ്മിയുടെ മുഖത്ത്..

"ചുന്ദരി ഞാനും ചുന്ദരന്‍ നീയും..
ചേര്‍ന്നിരുന്നാല്‍ നമുക്കോണം.."

ലക്ഷ്മി അറിയാവുന്ന വരികളാല്‍ ഈണത്തില്‍ പാടികൊണ്ട് വൈകിട്ട് പുരയിലെത്താനുള്ള ഊറ്റത്തില്‍ ധൃതിയില്‍ പുട്ട് ഉണ്ടാക്കികൊണ്ടിരുന്നു. ഇടയ്ക്കവള്‍ ആരുമില്ലെന്ന ധൈര്യത്തില്‍ പാവാട വിരുത്തിയിട്ട് വട്ടം കറങ്ങികൊണ്ട് നൃത്തചുവടുകള്‍ വെച്ചു. ഉന്മേഷവതിയായ ലക്ഷ്മിയുടെ ചെയ്തികള്‍ കണ്ടുകൊണ്ട് ഒരുവന്‍ അറയില്‍ ഒളിച്ചിരിക്കുന്നുണ്ട്!

സലീം അറയിലുണ്ടായിരുന്നു. അവന്‍ പതിയെ അകത്തു കയറിയിരിക്കുന്നതാണ്‌. അവന്‍ അവളുടെ പാട്ടും നൃത്തവും കണ്ട് ചിരിപൊട്ടി അടക്കിപിടിച്ചു നിന്നു.

സമയം ഇത്തിരി പോയികഴിഞ്ഞപ്പോള്‍ സലിം വെളിയില്‍ വന്നു. തൊണ്ട അനക്കി സാന്നിധ്യം അറിയിച്ചു. ലക്ഷ്മി ചമ്മിപോയി. നഖം കടിച്ച് നാണിച്ചുകൊണ്ടവള്‍ വീണ്ടും പഴയപോലെ 'ഞാനൊന്നുമറിയില്ലേ പാവം' ലക്ഷ്മി ആയിതന്നെ നിന്നു.

"വിശന്നിട്ട് വയ്യ. കഴിക്കാന്‍ എന്താണുള്ളത്" - സലിം ഒന്നുമേ അറിയാത്ത പോലെ അടുക്കളയിലെ പാത്രങ്ങള്‍ പരതിതുടങ്ങി.

ഒരു പാത്രം തുറന്നുനോക്കിയപ്പോള്‍ നല്ല ആവിപറക്കുന്ന പുട്ട് റെഡിയായി വെച്ചിരിക്കുന്നു! ലക്ഷ്മി സ്പെഷ്യല്‍ പുട്ട്! പക്ഷെ സാധാരണ പുട്ടിനില്ലാത്ത നുറും‌മണം പരക്കുന്നത് സലിം ശ്രദ്ധിച്ചു. വല്ലത്തൊരു സുഗന്ധം മൂക്കിലടിച്ചെത്തുന്നു.

സലീം പുട്ടില്‍ നോക്കി പിന്നെ ലക്ഷ്മിയേയും.. ലക്ഷ്മി ആകെ ചമ്മിയമട്ടിലാണ്‌. തന്റെ പാട്ടും കൂത്തും കണ്ടോ ആവോ എന്ന വേവലാതായാണവള്‍ക്ക്.

ഒരു കഷ്ണം പുട്ട് എടുത്ത് നാക്കില്‍ വെച്ച സലീം രുചികൊണ്ട് ഞൊട്ടികൊണ്ടിരുന്നു. നന്നായിരിക്കുന്നു എന്നവന്‍ മുദ്രകാണിച്ചു. അവന്‍ കുറച്ചധികം ഒരു പാത്രത്തിലെടുത്തു. പിന്നെ ഒരു ഗ്ലാസ്സ് എടുത്ത് ടിന്നുകള്‍ വെച്ച ഷെല്‍ഫില്‍ പരതി.

അവന്‍ പരതുന്നത് നിത്യവും കഴിക്കാറുള്ള ഹോര്‍‌ലിക്സ് വെച്ച ടിന്നാണ്‌. അതു കിട്ടി. പക്ഷെ കാലിയായിരിക്കുന്നു! പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍ എന്നമാതിരി ഫുള്‍ ക്ലീനാക്കിവെച്ചിരിക്കുന്നു.

"ഇതിലെ ഹോര്‍‌ലിക്സ് എവിടേ? മൊത്തം നീ തിന്നോ?"

ലക്ഷ്മി വല്ലാതെ വിയര്‍‌ത്തു. സലീം വീണ്ടും ചോദിച്ചു.

"അയിലുവെച്ച പൊടി മൊത്തമെടുത്ത് പുട്ട് ഉണ്ടാക്കി. എല്ലര്‍ക്കും തികയാന്‍ വേണ്ടിയാ മുയുവനെടുത്തേത്"

സലീം കാലിടിന്‍ നോക്കി, പാത്രത്തിലെ ആവിപറക്കും നറും‌മണമൂറും പുട്ടില്‍ നോക്കി.. അവന് പൊട്ടിച്ചിരിച്ചു. ഒന്നും മനസ്സിലാവാതെ ലക്ഷ്മിയും വളിച്ച ചിരിയോടെ..

ഇതുകണ്ടാണ്‌ ഉമ്മ കയറിവന്നത്. എന്താണ്‌ പുകിലെന്നറിയാതെ ഉമ്മ അന്തം വിട്ടുനിന്നു. സലീം ചിരിയോടെ കാര്യം വിവരിച്ചു. അരിപ്പൊടി ആണെന്ന് കരുതി ഹോര്‍‌ലിക്സ് പൊടി എടുത്താണ്‌ ലക്ഷ്മി പുട്ട് തയ്യാറാക്കിയത് എന്നറിഞ്ഞ ഉമ്മയും ചിരിസമ്മേളനത്തില്‍ കൂടി.

ലക്ഷ്മി സ്പെഷ്യല്‍ പുട്ട് - ഹോര്‍ളിക്സ് പുട്ട് ഒരു തരിപോലും ബാക്കിയില്ലാതെ മൊത്തം സലീം അകത്താക്കി ഏമ്പക്കമിട്ടു. ലോകത്തെ ആദ്യത്തെ ഹോര്‍ളിക്സ് പുട്ട്!

Wednesday, 3 October 2007

മലയത്തിപ്പെണ്ണേ ലക്ഷ്മീ...!

അച്ഛന്‍ പോയിക്കഴിഞ്ഞിട്ടും പടിവാതില്‍ക്കല്‍ നോക്കിനിന്ന ലക്ഷ്മിയെ ഉമ്മ തട്ടിവിളിച്ചു അകത്തളത്തിലേക്ക് കൂട്ടികൊണ്ടുപോയി. സലിം കോലായില്‍ തന്നെ ഇരുന്നു അവരുടെ പോക്ക് ശ്രദ്ധിച്ചു. പിന്നെ സാവധാനം അങോട്ട് ചെന്നു.

കിഴക്കേകം എന്ന മുറിയില്‍ നിന്നും അടുക്കളയിലേക്ക് പോകുന്ന ഇടനാഴിയുടെ വലത്തുവശത്തെ ഇരുണ്ട മുറിയാണ്‌ 'അറ' എന്നറിയപ്പെടുന്ന ആഹാരസാധനങളും ഉപയോഗശൂന്യമായ വീട്ടുപകരണങളും പാത്രങളും സൂക്ഷിക്കുന്ന ഇടം. അവിടെയുള്ളതില്‍ വെച്ചേറ്റവും പഴയത് ഒരു മരമഞ്ചയാണ്‌. വീട്ടിത്തടിയില്‍ ഉണ്ടാക്കിയിട്ടുള്ളൊരു വലിയ മഞ്ച. അതിന്റെ ഒരു മൂലയിലൊരു നീണ്ട വെട്ട് കാണാം. മാപ്പിളലഹളക്കാലത്ത് അതിലൊളിച്ചിരുന്ന തറവാട്ടുകാരണവരെ തപ്പിയെത്തിയ പട്ടാളക്കാര്‍ വാളിനാല്‍ വെട്ടിയതാത്രെ.. ഇന്നതില്‍ ഓട്ടുകിണ്ടികളും മറ്റ് പാത്രങളും പൊടിപിടിച്ച് ഒരു ചരിത്രമുറക്കി കിടപ്പുണ്ട്. പിന്നെ ഒത്തിരി കൂറകളും തലമുറകളായി വസിച്ചുപോരുന്നു. അവകാശം കാണിച്ചുകൊണ്ട് ചില കൂറകള്‍ നീണ്ട രണ്ടു മീശകള്‍ വിറപ്പിച്ചങനെ മഞ്ചയില്‍ നില്‍ക്കുന്നത് കാണാം. അതൊന്നും കൂസാതെ ചില ചുണ്ടെലികള്‍ രാത്രികാലങളില്‍ ചിലച്ചുകൊണ്ട് മഞ്ചക്കടിയിലൂടെ അറയില്‍ ഉടനീളം ഓടിപ്പോവുന്നതും കേട്ടിരിക്കുന്നു, കണ്ടിരിക്കുന്നു. ആരോ നീളമേറിയ ചങ്ങല നിലത്തൂടെ വലിച്ചിഴച്ച് ഓടുന്നതായേ തോന്നൂ ചുണ്ടെലികളുടെ കലപില ഓട്ടം കേട്ടാല്‍.. പണ്ടുകാലത്ത് 'എഴുത്തുമുറി' ആയിരുന്ന നീണ്ട മുറിയില്‍ ഉമ്മയും സഹോദരങ്ങളുമൊത്ത് നിലത്ത് പായവിരിച്ച് കിടക്കുമ്പോള്‍ സലിം എത്രയോ തവണ ഈ ചങ്ങല ശബ്ദം കേട്ട് ഞെട്ടി ഉറങ്ങാതെ കിടന്നിരിക്കുന്നു!

"ഇനിയിതാണ്‌ നിന്റെ മുറിട്ടോ.."

ഉമ്മയുടെ സ്വരം കേട്ട് സലിം ഓറ്മ്മയില്‍ നിന്നുമുണര്‍ന്ന് നോക്കുമ്പോള്‍ അറ തുറക്കുന്ന കരകര ശബ്ദവും അതിനുമുന്നില്‍ മാറാപ്പും പിടിച്ച് പകച്ചുനില്‍ക്കുന്ന ലക്ഷ്മിയും.. അറയില്‍ പഴുക്കാന്‍ തൂക്കിയിട്ട പഴക്കുലയില്‍ ചിലതൊക്കെ പഴുത്തിരിക്കുന്നത് വാസന വന്നപ്പോള്‍ മനസ്സിലായി. ഒരു മൂലയില്‍ ചാക്കില്‍ സൂക്ഷിച്ചിരിക്കുന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റേയും ഒരു ചാക്ക് മട്ടരിയുടേയും മിശ്രിതഗന്ധം വെളിയിലെത്തി. പിന്നെ പഴമയുടെ മത്തുപിടിപ്പിക്കും മണവും.. അപരിചിതനാരായാലും ഇവിടെയെത്തിയാല്‍ ഒരു വേള തല തരിച്ച് കറങ്ങി നിശ്ചലനായിപോകും.. സലിം ഉമ്മയുടേയും ലക്ഷ്മിയുടേയും സമീപമെത്തി.

അടുക്കളയില്‍ നിന്നും പാല്‍ തിളച്ചൊഴുകുന്നുണ്ട്. പാത്രത്തില്‍ പാല്‍ കരിഞ്ഞുതുടങ്ങുന്ന മണമെത്തി. ഉമ്മ ബേജാറിലങ്ങോട്ടൊടി. ഓടുമ്പോള്‍ സലീമിനോട് വിളിച്ചുപറഞ്ഞു:

"മോനേ നീയാ ലക്ഷ്മിക്ക് അറയില്‍ ലൈറ്റിട്ട് ഒന്നുകാണിച്ചുകൊട്. മാറാപ്പവിടെ വെച്ചിട്ട് മുറിയൊക്കെ വെടിപ്പാക്കീട്ട് വരാന്‍ പറയ്.."

സലീമും ലക്ഷ്മിയും അപരിതമായ നോട്ടം പരസ്പരമിട്ടു. പതിനാലുകാരില്‍ ഉണ്ടാകാവുന്ന ചേതോവികാരം മാത്രം.. സലിം ഇരുട്ടറയില്‍ കയറി തിരിഞ്ഞുനിന്ന് അവളെ ക്ഷണിച്ചു.

"വാ പേടിക്കേണ്ട പോര്‌.. ഇവിടെ ഒന്നൂല്ല പേടിക്കാന്‍.."

ലക്ഷ്മി പേടിച്ച കാല്‍‌വെപ്പുകളോടെ അറയില്‍ പ്രവേശിച്ചതും മച്ചില്‍ തൂങ്ങികിടക്കുന്ന മാറാലകെട്ടിയ ബള്‍ബ് 'ടിപ്പ്' ഒച്ചയോടെ പ്രകാശിച്ചതും ഒരുമിച്ച്.. അവള്‍ "അയ്യോ.." എന്നറിയാണ്ട് വിളിച്ചുപോയി.

സലിം ബള്‍ബിന്റെ സ്വിച്ച് ഓണാക്കി തിരിഞ്ഞുനോക്കുമ്പോള്‍ ലക്ഷ്മി പ്രകാശിതമായ ബള്‍ബില്‍ തന്നെനോക്കി വാപൊത്തി സകല ഈശ്വരന്മാരേയും വിളിക്കാനുള്ള തത്രപ്പാടില്‍ നില്‍ക്കുന്നതാണ്‌ കണ്ടത്‌.. പറഞ്ഞിട്ട് കാര്യമില്ല. കാട്ടുമുക്കിലെ പണിയന്‍ ചാളയിലെ ചെറ്റപ്പുരയില്‍ ബള്‍ബില്ലല്ലോ. ജീവിതത്തിലാദ്യമായി ഇത്രേം പ്രകാശമുള്ളൊരു സാധനം കണ്ട അന്തം‌വിടലാണവള്‍ക്ക്‌.. അതുവരേക്കും ലക്ഷ്മി കണ്ടിരിക്കുന്നത് അരണ്ട വെളിച്ചമുള്ള മണ്ണെണ്ണവിളക്കാണല്ലോ. സലിം ഓറ്ത്തു. അവന്‌ ചിരിവന്നു. അവള്‍ക്ക് ഒന്നൂടെ കണിച്ചുകൊടുക്കാന്‍ വേണ്ടി സ്വിച്ച് ഓഫാക്കിയും ഓണാക്കിയും ഗമയോടെ നിന്നു.

"പേടിക്കേണ്ട. വെളിച്ചം വേണേല്‍ ദേ ഈ സ്വിച്ചില്‌ ഞെക്ക്യാമതി. വെളിച്ചം വേണ്ടേല്‍ അതീതന്നെ ഒന്നൂടെ ഞെക്ക്യാല്‌ ഇരുട്ടായ്‌ക്കോളുംട്ടോ. ലക്ഷ്മീടെ പുരയിലില്ലേയിത്?"

അവള്‍ ഇല്ലെന്ന് തലയാട്ടിയിട്ട് മാറാപ്പ് മഞ്ചമേല്‍ ഒരിടത്ത് വെച്ചു. അറയില്‍ മൊത്തം ലക്ഷ്മിയുടെ വലിയ കണ്ണുകള്‍ ഓടിനടന്ന് എല്ലാം നോക്കികണ്ടു. സലിം നിശ്വാസമെടുത്ത്‌ അവളെ അടിമുടി നോക്കിനിന്നു. മുറിയിലെ സകലമാനഗന്ധങ്ങള്‍ക്കൊപ്പം ഒരു പുതിയൊരു ചൂരും കൂടി കലര്ന്നതായി അവന്‌ മനസ്സിലായി. വിയറ്പ്പിന്റെ ഗന്ധം..

"സലീമേ ലക്ഷ്മിയോട് കുളിമുറീല്‍ ചെന്ന് ശുദ്ധിയായി വേഗം അടുക്കളയില്‍ വരാമ്പറയ്..മാറ്റിയുടുക്കാന്‍ കൊണ്ടുവന്നിട്ടില്ലേ ലക്ഷ്മീ?"

ഈ ഉമ്മാക്കെന്താണ്‌! ഞാനെന്താ ഈ പെണ്ണിന്റെ കെട്ടിയോനാ ഇതൊക്കെ പറയാനും നോക്കാനും. സലീമിന്‌ കലിപ്പായി. രണ്ടാമത്തെ ചോദ്യത്തിന്‌ ലക്ഷ്മി ഉമ്മ കേള്‍ക്കാനാണെങ്കിലും 'ഉം' എന്നൊരു മൂളല്‍. അത് സലിം മാത്രം കേട്ടു.

അവന്‍ അറയുടെ വെളിയിലെത്തി. അറയില്‍ ബള്‍ബ് കെട്ടു. അവന്‍ തിരിഞ്ഞുനോക്കി. പിന്നെ ബള്‍ബ് തെളിഞ്ഞു. ലക്ഷ്മി ബള്‍ബ് എന്ന സാധനം ഓഫാക്കിയും ഓണാക്കിയും കൗതുകം കൊള്ളുകയാണ്‌. അവന്‍ പൊട്ടിച്ചിരിച്ചു. ലക്ഷ്മി ഇളിഭ്യയായി.

"ദേ പെണ്ണേ ഇടനാഴീലൂടെ അപ്പുറത്ത് പോയാല്‍ കുളിമുറികാണാം. പോയി കുളീച്ചേച്ച് ഉമ്മായുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു."

ലക്ഷ്മി അതെന്ത് മുറി എന്നന്തം വിട്ട് നില്‍ക്കുന്നു. കാട്ടരുവികളില്‍ തലകുത്തിമറിഞ്ഞ് ഏത് മലവെള്ളപ്പൊക്കത്തിലും നീന്തിതുടിച്ച് പ്രകൃതിയുടെ വരദാനം നുകര്ന്ന് കൂസലില്ലാതെ നീരാടിയ കാട്ടുപണിക്കപെണ്ണല്ലേ. അവള്‍ക്ക് കുളിമുറി എന്നത് ആദ്യകേള്‍‌വി തന്നെ!

അത് ഏതാണ്ടൊക്കെ അവളുടെ വലിയകണ്ണാലെയുള്ള നോട്ടത്തിലും അന്തം‌വിടലില്‍ നിന്നും സലിം മനസ്സിലാക്കി. അവന്‍ വല്ലാതെ ബേജാറിലായി. ഇനിയിപ്പോ കുളീമുറിയിലെ ഓരോന്നും വിസ്തരിച്ച് പറഞ്ഞുകാണിച്ചുകൊടുക്കേണ്ടി വരുമോ പടച്ചോനേയീ മലയത്തിപെണ്ണിന്‌?!

ഷവര്‍, പൈപ്പ്, ടാപ്പ്, സോപ്പ്, എണ്ണ, ഷാമ്പൂ കുപ്പി.. മലയത്തിപ്പെണ്ണേ ലക്ഷ്മീ ഇനിയെന്തെല്ലാം മനസ്സിലാക്കാനും അനുഭവിച്ചറിയാനുമിരിക്കുന്നു!

"അത് അത് പിന്നെ.. ഇവിടെടുത്ത് പൊയ ഇല്ലേ? മേത്ത് തേച്ചുരക്കാന്‌ ചകിരിനാരോ താളിയിലയോ കിട്ട്വോ?"

ലക്ഷ്മിയുടെ തടിച്ചചുണ്ടുകള്‍ ആദ്യമായി ചോദിച്ച ചോദ്യം കേട്ട് സലിം ബോധം പോയിപോയില്ലെന്ന മട്ടില്‍ തൂണില്‍ ചാരിനിന്ന് അവളെ കണ്ണാലെ മൊത്തം ഒന്നളന്നു നോക്കി..

ഇവളേത് കാട്ടിലെ റാണിയാണപ്പാ..? പൊയയിലേ കുളിക്കൂ? സിനിമാനടിമാര്‍ ഉപയോഗിക്കുന്ന ലക്സ് സോപ്പോ, സണ്‍‌സില്‍ക്ക് ഷാമ്പുവോ ഒന്നുമേ വേണ്ട, ചകിരിനാരും താളിയിലയും മാത്രം മതി.

ഇനിയെന്തെല്ലാം കാണാനിരിക്കുന്നു..! മലയത്തിപ്പെണ്ണേ ലക്ഷ്മീ..!

Friday, 21 September 2007

ലക്ഷ്‌‌മീ-ശ്രീദേവീ-ചരിതമാനസം.

വീട്ടില്‍ ഒരു പണിക്കാരിക്കുട്ടിയെ വേണമെന്ന്‌ ഉമ്മ തെങുകയറ്റക്കാരന്‍ നാടിക്കനോട്‌ പറഞ്ഞൊരാഴ്‌‌ച ആയതേയുള്ളൂ. എണ്ണ തേയ്‌‌ക്കാത്ത പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയുള്ള എണ്ണക്കറുപ്പ്‌ നിറമുള്ള മെലിഞ്ഞൊരു പെണ്‍‌കുട്ടിയേയും കൊണ്ട്‌ കുപ്പായമിടാത്ത ഒരു പണിക്കന്‍ വീട്ടുമുറ്റത്തെത്തി ഭവ്യതയോടെ നിന്നു. മുഷിഞ്ഞ പുള്ളികുപ്പായവും അറ്റം കീറിനൂലെടുത്തൊരു പാവാടയുമിട്ട പെണ്‍കുട്ടിയുടെ മുഖത്ത്‌ അമ്പരപ്പ്‌ മായുന്നില്ല. ആദ്യമായിട്ടാണ്‌ ടൗണിലെത്തുന്നതെന്ന്‌ വിളിച്ചോതുന്ന നോട്ടം ആ മഞ്ഞക്കണ്ണുകളില്‍.. കുളിച്ചിട്ട്‌ ഒരു നാലുനാള്‍ എങ്കിലുമായിക്കാണണം. ഒരു മാറാപ്പുകെട്ടും താങിപ്പിടിച്ചാണ്‌ നില്‍‌പ്‌..

പണിക്കന്റെ മുരടനക്കം കേട്ട്‌ ഉമ്മ ഉമ്മറകോലയിലേക്ക്‌ ചെന്നു. പിറകേ സലീമും. പണിക്കന്‍ വന്ന കാര്യമറിയിച്ചു. മകളാണ്‌ പേര്‌ ലക്ഷ്‌‌മി. വയസ്സെത്രയായി എന്ന് ചോദിച്ചപ്പോള്‍ തലചൊറിഞ്ഞുകൊണ്ട്‌ ഒരൂഹം പറഞ്ഞു പണിക്കന്‍. പതിനാല്‌ തികയാറായിട്ടില്ല. എന്തുപണിയും ചെയ്യും, എല്ലുമുറിയെ പണിയെടുക്കും എന്നു ഗ്യാരന്റിയും മോളെകുറിച്ച്‌ പണിക്കന്‍ കൊടുത്തു. ആദ്യായിട്ടാണ്‌ വീട്ടുപണിക്ക്‌ വിടുന്നതത്രെ. കഞ്ഞികുടിക്ക്‌ വകയില്ലാത്തതിനാലാണ്‌ മനസ്സില്ലാമനസ്സോടെ പുറത്തേക്ക്‌ കൊണ്ടുവരുന്നത്‌. നാലാം ക്ലാസ്സില്‍ തോറ്റതിനാല്‍ പഠിപ്പും മതിയാക്കിച്ചു.

ലക്ഷ്‌‌മി എന്ന പണിക്കക്കുട്ടി സലീമിനെ തുറിച്ചുനോക്കിനിന്നു. സലീം അറപ്പോടെ തിരിച്ചും.. രണ്ടുപേരും സമപ്രായക്കാരാണ്‌. ഉമ്മ അഭിമുഖ പരീക്ഷ മതിയാക്കി കൂലിയും ഉറപ്പിച്ച്‌ പുതിയ വേലക്കാരിയെ അടുക്കളയിലേക്ക്‌ വിളിച്ചുകൊണ്ടുപോയി. വീട്ടില്‍ കയറുന്നതിനും മുന്നെ മുറ്റത്തുനില്‍ക്കുന്ന പണിക്കനെ വ്യസനത്തോടെ ലക്ഷ്മി തിരിഞ്ഞുനോക്കി. അച്ഛന്റേയും മകളുടേയും കണ്ണുകള്‍ നിറഞ്ഞത്‌ സലിം ശ്രദ്ധിച്ചു. പണിക്കന്‍ തോളിലെ തോറ്ത്തെടുത്ത്‌ കണ്ണുതുടച്ച്‌ പടിയിറങിപോയി.

(തുടരും..)

Thursday, 23 August 2007

തേങ്ങാകള്ളന്‍-ജോസപ്പന്‍, കട്ടരിവാള്‍ & അബുട്ടി

അബുട്ടി മമ്മുക്കയെ പിടിച്ചുകെട്ടാന്‍ ആളെതപ്പി ഓടുന്നതിനിടയില്‍ ഉടുതുണി എവിടേയോ ഊരിവീണുപോയത്‌ അറിഞ്ഞില്ലായിരുന്നു. അടിയില്‍ പേരിനെന്ന്‌ പറയാമോന്നറിയില്ല, ആയിരക്കണക്കിന്‌ തുളകള്‍ വന്ന ഒരു തുണിക്കഷ്‌ണം മാത്രം (ഏതോ പതാകയോ സമ്മേളനബാനറോ കൊണ്ട്‌ തയ്‌പിച്ചത്‌). എതിരെ വന്നവരത്‌ കണ്ട്‌ കണ്ണുപൊത്താന്‍ പാട്‌ പെട്ടു. എന്നാല്‍ അബുട്ടി വേറൊന്നാണ്‌ ശ്രദ്ധിച്ചത്‌.

കോഴിക്കോട്‌ - ഊട്ടി മെയിന്‍ റോഡിന്റെ ചെട്ട്യങ്ങാടിമുക്കിലെ കലുങ്കില്‍ അവന്‍ ഇരിക്കുന്നു! അവനെന്നു വെച്ചാല്‍ നാടിനെ കിടുകിടാ വിറപ്പിക്കുന്ന 'തേങ്ങാകള്ളന്‍' ജോസപ്പന്‍ സ്ഥിരം കൈവശമുള്ള വെട്ടുകത്തി കലുങ്കിന്റെ അറ്റത്ത്‌ രാകിമിനുക്കി കുനിഞ്ഞിരിക്കുന്നു. മൂര്‍ച്ചകൂട്ടല്‍ മതിയാക്കി വെട്ടുകത്തിയുടെ അറ്റം വിരലാല്‍ തഴുകികൊണ്ട്‌ ജോസപ്പന്‍ കലുങ്കിലിരുന്നു. ജോസപ്പന്‍ കൊറേശ്ശെ തലപ്പിരി ലൂസായ കേസ്സാണെന്നത്‌ ജോസപ്പനൊഴിച്ച്‌ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരമാര്‍ത്ഥമാണല്ലോ. പോരാത്തതിന്‌ സകലമാന തെങ്ങുടമകളുടേയും ഉറക്കം കെടുത്തുന്ന നാളികേരമോഷ്‌ടാവും.

ഓടിവന്ന അബുട്ടി ജോസപ്പനിരിക്കുന്ന കലുങ്കിനെ തൊട്ടുതൊട്ടില്ലാ എന്നമാതിരി സഡന്‍ ബ്രേയിക്കിട്ട്‌ നിന്നു. പൊടിപറന്നില്ലെങ്കിലും അബുട്ടിയുടെ ധൈര്യം പറപറന്നു. കൈകാലുകള്‍ വിറകൊണ്ടു. കണ്ണുകള്‍ വെട്ടിതിളങ്ങും വെട്ടുകത്തിയുടെ മൂര്‍ച്ചമുനയില്‍ ഉടക്കിനിന്നു. അബുട്ടി റിവേഴ്‌സെടുക്കുന്നത്‌ ജോസപ്പന്‍ കണ്ടു.

കുപ്പായത്തിന്‌ കുത്തിപിടിച്ച്‌ ജോസപ്പന്‍ അബുട്ടിയെ സ്‌റ്റോപ്പാക്കി. പഴയ കുപ്പായത്തിന്റെ കോളര്‍ മൊത്തം ജോസപ്പന്റെ കൈയ്യില്‍ ഈസിയായി പറിഞ്ഞുപോന്നു. കുപ്പായം കൊടുത്തെങ്കിലും മോചിതനാകാമാല്ലോ. അബുട്ടി വിറച്ചുകൊണ്ട്‌ കുപ്പായം ഊരി കലുങ്കില്‍ മടക്കിവെച്ചു. ഇപ്പോള്‍ അബുട്ടിയുടെ കോലം.. ഹോ! മുണ്ടില്ലാതെ ഷര്‍ട്ടില്ലാതെ ഏതോ പാര്‍ട്ടിക്കാരുടെ ആയിരം തുളകളുള്ള ഒരു മറ മാത്രം ധരിച്ച ആദിമ മനുഷ്യന്‍ തന്നെ!

ജോസപ്പന്‍ ഭീമന്‍ രഘുവിന്റെ ഭാവഹാതികളോടെ അരയില്‍ തിരുകിയ ദിനേശ്‌ ബീഡിയിലൊരെണ്ണമെടുത്ത്‌ ചുണ്ടില്‌ വെച്ചു. തീപ്പെട്ടിയില്ല. തപ്പിനോക്കി. ഇല്ല.

"ഡാ..തീയുണ്ടോ എടുക്കാന്‍?"

അബുട്ടി തലയാട്ടി "ഇല്ലെന്ന്‌"

"പോയി വാങ്ങീട്ട്‌ വാ. ഞാനിവിടെ തന്നെയുണ്ടാവും. കേട്ടോടാ..?"

അബുട്ടി കിട്ടിയ ചാന്‍സില്‍ ഓടെടാ ഓട്ടം. അതിനിടയില്‍ ആയിരം തുളകള്‍ ഒരുമിച്ച്‌ അരയ്‌ക്ക്‌ താഴെ മറച്ചിരുന്ന ബാനര്‍-തുണിയും വീഴും വീഴില്ലാന്ന്‌ ശങ്കിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ജീവന്‍ തിരിച്ചുകിട്ടിയതായി തോന്നിയ അബുട്ടി വഴിയേവരുന്നവരോടെല്ലാം വിളിച്ചുകൂവി പാഞ്ഞുകൊണ്ടിരുന്നു.

"അതിലേ പോകണ്ടാ. തേങ്ങാകള്ളന്‍ ജോസപ്പന്‌ പിരാന്തെളകീ.. ജോസപ്പന്‌ വട്ടായീ.. വെട്ടുകത്തീണ്ട്‌ വരുന്നോരെ വെട്ടാന്‍ വട്ടന്‍ ജോസപ്പന്‍ കലുങ്കില്‌ വെയിറ്റ്‌ ചെയ്യാണ്‌. പോകല്ലേ.."

മുക്കാലും നഗ്നനായിട്ടോടി വരുന്ന അബുട്ടി പറയുന്നതില്‍ നഗ്നസത്യം ഉണ്ടാവാം എന്ന്‌ തോന്നിയ പലരും വഴിമാറ്റിപിടിച്ചു. മാനവേദനുസ്‌ക്കൂളില്‍ പോവുന്ന പിള്ളേരും ടീച്ചര്‍മാരും കണ്ണുപൊത്തി നിന്നു. കണ്ണുകള്‍ പൊത്തിയടച്ച്‌, ഏതിലേപോവുമെന്നറിയാതെ ഡാന്‍സ്‌ പഠിപ്പിക്കുന്ന മാലിനിടീച്ചറുടെ നേതൃത്വത്തില്‍ സംഘം വരിവരിയായിട്ട്‌ പാദസ്‌പര്‍ശത്താല്‍ റൂട്ട്‌ മനസ്സിലാക്കി ഒരുവിധം പാടവരമ്പില്‍ ഇറങ്ങിനിന്നു.

പായുന്ന അബുട്ടിയെ നോക്കീട്ട്‌ മൂക്കത്ത്‌ വിരല്‍ വെച്ചുകൊണ്ട്‌ മദ്രസ്സ വിട്ടുവരുന്ന രായിന്‍ മുസ്‌ല്യാര്‌ അന്തം വിട്ട്‌ സഹചാരിയായ വളഞ്ഞകാലുള്ള കുട കുത്തിനിന്നുകൊണ്ടിങ്ങനെ മൊഴിഞ്ഞു:

"അള്ളള്ളാ.. ശരിക്കും ആര്‍ക്കാണാവോ പിരാന്ത്‌. അബുട്ടിക്കോ അതോ ജോസപ്പനോ??"

"പിരാന്തന്മാരുടെ കോലാഹലം കഴീണവരേക്കും ഇവിടെ കേറിയിരുന്ന്‌ ചായകുടിച്ചോളിന്‍ മൊയില്യാരേ?"

ചായമക്കാനി നടത്തുന്ന പരുത്തിമെയമാക്ക പല്ല്‌ പോയ തൊണ്ണകാട്ടിചിരിച്ചിട്ട്‌ രായിന്‍ മുസ്‌ല്യാരെ ക്ഷണിച്ചിരുത്തി. വെളിയിലൂടെ അബുട്ടി ശരം വിട്ടപോലെ പാഞ്ഞുപോയി.

"ഈ പാവം ഇങ്ങനെയായത്‌ വല്ലോം അറീണുണ്ടൊ ആവോ ആ വര്‍മ്മപെണ്ണ്‌!"

"ഭാനുവര്‍മ്മപെണ്ണോ? നല്ല കഥ. അത്‌ ഒരു വശം കുഴഞ്ഞുകിടപ്പായതല്ലേ. കൊല്ലമെത്ര കഴിഞ്ഞിരിക്ക്‌ണ്‌. ആരോര്‍ക്കാനാ അതൊക്കെ!"

മക്കാനിയില്‍ ചായകുടിക്കാതെ പത്രം മറിച്ചുനോക്കിയിരിക്കുന്ന കോവിലകമുക്കിലെ രണ്ട്‌ വയസ്സന്മാര്‍ ഗതകാലസ്മരണയുടെ കെട്ടഴിക്കാന്‍ തുടങ്ങിയത്‌ ചായക്കാരന്‍ തടഞ്ഞു.

"ഇവിടെ വന്നങ്ങട്ട്‌ കുത്തിയിരുന്നോളും ഓരോരോ ബഡായീം പൊട്ടിച്ചാണ്ട്‌. ഒരു ചായപോലും എവിടെ ഹൂഹും."
..............

അബുട്ടി പ്രാണരക്ഷാര്‍ത്ഥം പാഞ്ഞുപോവുമ്പോള്‍ ഒരു വളവു തിരിഞ്ഞെത്തിയത്‌ മറ്റൊരു കഥാപാത്രത്തിനടുത്ത്‌!

അബുട്ടി നിന്നു. വിട്ടുപോയ ധൈര്യം പാറിപ്പറന്ന്‌ ചിറകിട്ടടിച്ച്‌ തിരികെയെത്തിയപോലെ അബുട്ടി ഒന്നുഷാറായി നെഗളിച്ചുനിന്നു. സ്ലോമോഷനില്‍ നടന്ന്‌ അവിടെ കണ്ട കഥാപാത്രത്തിനടുത്തെത്തി.

വലിയൊരു മുട്ടിക്കഷ്‌ണം പിടിച്ച്‌ തോളില്‍ വെച്ച്‌ പിറുപിറുത്ത്‌ നില്‍ക്കുന്ന ഇയാളാണ്‌ 'കട്ടരിവാള്‍' എന്നെല്ലാരും പരിഹസിക്കുന്ന കമ്മ്വാക്ക. വട്ടുകേസ്സ്‌ തന്നെ എന്നതില്‍ സംശയം വേണ്ട.

ഗദ പിടിച്ചുനില്‍ക്കുന്ന ഹനുമാനെ അനുസ്മരിപ്പിക്കുന്ന ഭാവഹാദികളോടെ മുട്ടിക്കഷ്‌ണം താങ്ങി തോളില്‍ സ്ഥാപിച്ച്‌ 'ആപ്പീസുതൊടു' എന്ന ഫോറസ്‌റ്റ്‌ ഓഫീസിന്റെ മുന്നിലെ കവലയില്‍ എപ്പോഴുമുണ്ടാവുന്ന ഒരൊഴിയാബാധയാണ്‌ 'കട്ടരിവാള്‍'. ഈ പേര്‌ വിളിച്ച്‌ പ്രകോപിപ്പിക്കുന്നവരെ ഒന്നും ചെയ്യില്ല. പകരം 'അന്റെ ബാപ്പാന്റെ ബാപ്പ' എന്നു മാത്രം പുലമ്പിനിന്നോളും.

അതല്ലേ അബുട്ടിക്കിത്ര ധൈര്യം വന്നത്‌. അബുട്ടി അരികിലെത്തി കട്ടരിവാളെ അടിമുടി നോക്കി. വലം വെച്ചു ഒത്തിരിവട്ടം. എന്നിട്ട്‌ നിന്നു മുഖത്തേക്ക്‌ ഊതി.

കട്ടരിവാള്‍ സ്ഥിരം മന്ത്രണമുരുവിട്ട്‌ നിന്നു "അന്റെ വാപ്പാന്റെ വാപ്പ..അന്റെ വാപ്പാ ഓന്റെ വാപ്പ.."

കട്ടരിവാള്‍ അണിഞ്ഞിരിക്കുന്നത്‌ മുന്‍ഭാഗം ഏതാണ്ട്‌ ദൃശ്യമാകുന്ന കീറലുള്ള 'ബെര്‍മുഡ'യുടെ അപരനായ പണ്ടുകാലത്തെ ഒരു കള്ളിട്രൗസറാണ്‌!

അതിലാണ്‌ അബുട്ടി നോക്കുന്നത്‌. കീറിപ്പറിഞ്ഞ ട്രൗസറണിഞ്ഞ കട്ടരിവാളെ ആയിരം തുളകളാല്‍ സമ്പന്നമായ പതാകയുടെ ചെറുതുണ്ട്‌ മാത്രമണിഞ്ഞ അബുട്ടി വലയം വെച്ചു. വില്ലാധിവില്ലനെപോലെ..

"എടാ..അനക്കൊന്നും നാണമില്ലേടോ പെണ്ണുങ്ങളും മറ്റും നടക്കുന്ന ഇവിടെങ്ങനെ കീറിയ ട്രൗസറ്‌ മാത്രമിട്ട്‌ നില്‍ക്കാന്‍! പോയി തുണിയുടുത്ത്‌ വാടാ കട്ടരിവാളേ!!"

അബുട്ടി ഉച്ചത്തില്‍ കട്ടരിവാളോട്‌ പറയുന്നത്‌ വഴിയേപോയവര്‍ കേട്ടിട്ട്‌ വടിയായിനിന്നു. ഇതിലാര്‍ക്കാണ്‌ തുണിയുള്ളത്‌ തുണിയില്ലാത്തത്‌ എന്ന്‌ തിട്ടപ്പെടുത്താനാവാതെ ചിലരെങ്കിലും സൊല്യൂഷന്‍ കിട്ടാന്‍ അവിടെ നിന്നു.

കുറച്ചപ്പുറത്ത്‌ ഇതൊന്നും കാണുവാന്‍ കാഴ്‌ച ഇല്ലാതെ മുഹമ്മദിക്ക എന്ന അന്ധവൃദ്ധന്‍ ഭിക്ഷ യാചിച്ച്‌ അറബിസൂക്തങ്ങള്‍ ചൊല്ലി റോഡിനരികെ കസേരയില്‍ ഇരിക്കുന്നതാരും കണ്ടില്ല!

Wednesday, 22 August 2007

രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി!

നിത്യവുമെന്ന പോലെയന്നും അബുട്ടി നേരെ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടിലെത്തി. വീടിന്റെ കോലായിലെ അരപ്പടിയില്‍ തൂണും ചാരിയിരുന്ന്‌ മനോരമ-മംഗള-മാതൃഭൂമി-മാധ്യമ ദിനപത്രങ്ങള്‍ ഓരോന്നായി മടക്കിപിടിച്ച്‌ പാരായണമാരംഭിച്ചു.

"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച്‌ അന്തം വിട്ട്‌ അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട്‌ മുറ്റത്തൂടെ പോയ പിള്ളേരോട്‌:

"ഏതോ ദക്കറിയക്ക്‌ സമനില വന്നതുവരെ പത്രത്തില്‌ വന്ന്‌. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന്‌ പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."

പിള്ളേരോടി പോയി.

"രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച്‌ നോക്കി. മുഖത്ത്‌ ഭീതി കൂടി.

"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത്‌ കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"

അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല്‌ നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത്‌ പൂശികൊണ്ട്‌ ഖദര്‍ കുപ്പായമിട്ട്‌ കോലായിലെത്തി.

"ആ അതുശരി. കറുത്ത കൈ പൗഡറിട്ട്‌ വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"

അബുട്ടി നാക്ക്‌ കടിച്ച്‌ മന്ത്രിച്ച്‌ പറഞ്ഞു.

മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന്‌ കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‌ 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത്‌ മടക്കിനിവര്‍ത്തി.

അബുട്ടി എഴുന്നേറ്റ്‌ തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട്‌ പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില്‌ ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.

'ഇപ്പം മമ്മൂവിനെ പോലീസില്‌ കൊടുത്താല്‌ നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്‌. രാജീവ്‌ ഗാന്ധിയേണ്‌. ആഹാ..!'

റോഡിലിറങ്ങിയിട്ട്‌ അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട്‌ എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.

അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട്‌ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത്‌ ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക്‌ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.

വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ്‌ ശ്രദ്ധിച്ചതും. ഉടനെ..

"ആരിത്‌ അബുട്ടിയോ. നീ പോയിട്ടേയ്‌ ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന്‌ ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട്‌ കുടിച്ചോളൂ."

"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'

അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ വെളുക്കെ ചിരിച്ചോണ്ട്‌ മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്‌..

'ഞാന്‍ പോയിട്ട്‌ എന്റെ ചായ കുടിച്ച്‌ വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'

ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച്‌ അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന്‌ അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..

ശേഷം ചിന്ത്യം..

Monday, 13 August 2007

അബുട്ടി - ചിത്തഭ്രമപ്രണയകഥാനായകന്‍!

ചിത്തഭ്രമപ്രണയകഥയിലെ നായകനെ നിങ്ങളോര്‍ക്കുന്നില്ലേ? പിരാന്തന്‍ അബുട്ടിയെ? അക്കഥ തുടരനാക്കാനായില്ല. എന്തെന്നാല്‍ വിമര്‍ശന-പ്രാദേശിക-ജാതീയ വിസ്‌ഫോടനത്താലും പിന്നെ.. അക്കാലയളവില്‍ പൊട്ടിയുദിച്ച ചില 'വര്‍മ്മനോണി'കളാലും തലയ്‌ക്കുള്ളില്‌ നിറഞ്ഞുകിടപ്പുള്ള ഇക്കഥ അന്നുതന്നെ ഞാന്‍ ഫുള്‍-സ്റ്റോപ്പിട്ടതാണ്‌.

നിങ്ങള്‍ക്ക്‌ സമ്മതാണേല്‌ ബാക്കികൂടി വായിക്കാന്‍ ഇടണമെന്നുണ്ട്‌. ഇപ്രാവശ്യം ഒരു നുറുങ്ങുനര്‍മ്മം (പിരാന്തനബുട്ടി വക) പറഞ്ഞോട്ടെ...

അങ്ങിനെ പിരാന്തനബുട്ടി നിലമ്പൂരിലെ ചെട്ടിയങ്ങാടി കൊടികുത്തി അലഞ്ഞുതിരിഞ്ഞുവസിക്കും കാലം.. ഉച്ചഭക്ഷണം സ്ഥിരം അകത്താക്കുന്നത്‌ വര്‍ഷങ്ങളായിട്ട്‌ ജനകീയസമ്മതനായ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടില്‍ നിന്നാണെന്നറിയാല്ലോ.. അതിനൊരു കാരണം അബുട്ടീസ്‌ ചോദ്യത്തിലുണ്ട്‌:

"ഞമ്മള്‌ നാട്ടാര്‌ വെയിലും മയീം കൊണ്ട്‌ ക്യൂനിന്ന്‌ എല്ലാ വട്ടവും ജയിപ്പിച്ചുകൊണ്ടുവരുന്ന കുഞ്ഞാക്കയുടെ വീട്ടിലെ ഫുഡടിക്കുന്നത്‌ ചോയിക്കാന്‍ ഉശിരുള്ള ഏതെവനുണ്ടെടാ ഞാനല്ലാതെ ഇവിടെ വേറെ??!"

അങ്ങിനെ ഒരിക്കലൊരു ഇലക്ഷന്‍ പ്രചരണകാലം, നേതാവ്‌ കുഞ്ഞാക്ക പുരയിലുള്ള വേള. വാരിവലിച്ച്‌ ചോറും കറിയും തിണ്ണയിലിരുന്ന്‌ തിന്നുന്ന അബുട്ടിയെ മൂപ്പര്‌ ശ്രദ്ധിച്ചു. അരികിലെത്തി. കൂടെ ഖദറിട്ട ലോക്കല്‍ നേതാക്കളുമുണ്ട്‌.

"മോനേ.. അബുട്ടീ.. ഇപ്രാവശ്യം കുഞ്ഞാക്ക ജയിക്കൂലേടോ?"

വായ നിറച്ചും ചോറുനിറച്ച്‌ കണ്ണും തള്ളി മോന്ത തുടച്ച്‌ ഒരു പൊരിച്ച അയക്കോറ പീസും കൂടി വായയിലിട്ട അബുട്ടി എക്കിളെടുത്ത്‌ വെള്ളത്തിന്റെ സ്‌റ്റീല്‍ കപ്പെടുത്ത്‌ പോസായിട്ടൊന്ന്‌ ഇരുന്നു.

"കുഞ്ഞാക്ക കൊല്ലം കൊറേയായില്ലേ ജയിച്ചങ്ങനെ തിരോന്തരത്ത്‌ പോയി കഴിയുന്നത്‌! ഇപ്രാവശ്യം കുഞ്ഞാക്ക തോറ്റാല്‍ മതി."

"ങ്‌ഹേ! എന്ത്‌? അതെന്താ?"

"ആന്ന്‌. ഇങ്ങള്‌ തോറ്റാല്‌ മാസത്തില്‌ ഒരു വട്ടം വരുന്നത്‌ മാറി പിന്നെ എന്നും പുരയിലുണ്ടാവൂലേ. അപ്പോള്‌ ഞമ്മള്‍ക്ക്‌ എന്നും തിന്നാന്‌ പൊരിച്ച കോയീം മീനും, നെയിച്ചോറും ബിരിയാണീം കിട്ട്വോലോ.. ഇതിപ്പം ഇങ്ങള്‌ വരുന്ന അന്നല്ലേ നല്ല ഫുഡ്‌ കിട്ടുന്നേ!"

ഇതുകേട്ട്‌ കുഞ്ഞാക്ക പുഞ്ചിരിച്ചപ്പോള്‍ കൂടെയുള്ള കുട്ടിനേതാവ്‌ അറിയാത്തപോലെ അബുട്ടി കുടിക്കുന്ന സ്‌റ്റീല്‍ കപ്പ്‌ കൈയ്യാല്‍ തട്ടി നിലത്തിട്ടതാരും അറിഞ്ഞീല..!

Monday, 30 July 2007

ആദിപാപവും ആദിയമളിയും..

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേലിചാടാന്‍ വെമ്പുന്ന പ്രായമാണല്ലോ (ഏല്ലാരുമല്ല എന്നാലും ചിലരൊക്കെ). അങ്ങിനെ ജീവിതത്തിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന പരീക്ഷാദിനത്തിലെ ഒടുവിലെ കണക്ക്‌ പരീക്ഷയും കഴിഞ്ഞ്‌ ഉല്ലാസഭരിതമായി പള്ളിക്കൂടം വിട്ടോടിയ പിള്ളേരുടെ കൂട്ടത്തില്‍ ഈ ഞാനും...

അന്നാദ്യമായ്‌ ഞാനൊരു പ്രലോഭനത്തില്‍ പെട്ടുപോയി. കൂട്ടുകാരായ 'പുകിലന്‍'സുനില്‍, മോനി, 'ദൊപ്പയ്യ'ബാബു, കണ്ണന്‍ കരീം എന്നിവര്‍ക്കൊരു പൂതി പെരുത്തു. സ്‌ക്കൂള്‍ പടിക്കലെ ചേട്ടന്റെ മക്കാനിഭിത്തിയില്‍ പതിച്ചൊരു സിനിമാ പോസ്‌റ്റര്‍ ആണതിന്‍ ഹേതു.

കണ്ണെടുക്കാതെ അതില്‍ ഉടക്കിനിന്ന കണ്ണന്‍ കരീമിന്റെ പിന്നാമ്പുറത്തൂടെ ഏന്തിവലിഞ്ഞു ഞാനും നോക്കി.. എന്റെ പടച്ചോനേ..! എന്താണാ സീന്‍! അതും പള്ളിക്കൂടമെന്ന പരിപാവനയിടത്തിനരികെ? ആ പോസ്‌റ്റര്‍ ഒട്ടിച്ചിട്ട്‌ അധികം നേരം ആയിട്ടില്ലായെന്നത്‌ ഉണങ്ങാത്ത പശയും അതിനു ചുറ്റുമുള്ള എറുമ്പിന്‍കൂട്ടവും കണ്ടാലറിയാം. (അവറ്റകളും കണ്ണും തള്ളി നില്‍ക്കുന്നുവോ?)

ഒരു പെണ്ണും ഒരാണും വലിയ ഓരോ ഇലയും പിടിച്ച്‌ നാണം മറച്ച്‌ നില്‍ക്കുന്നുണ്ടതില്‍. ചുറ്റും വലിയൊരു കാടാണെന്നത്‌ ചിത്രത്തില്‍ കണ്ടാലറിയാം. ഏതാ ഈ നാണമില്ലാത്ത രണ്ടെണ്ണം എന്ന്‌ ചോദിക്കാനൊരുമ്പെട്ടതാണ്‌. മുകളിലെ എഴുത്ത്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. (അതുതന്നെ ആരും വായിക്കാന്‍ നിക്കൂല എന്നത്‌ കൂട്ടുകാരുടെ അന്തം വിടലീന്നും മനസ്സിലായി)

"ആദിപാപം - ബൈബിളില്‍ നിന്നും ഒരേട്‌ - (മലയാളം കളര്‍); നിലമ്പൂര്‍ ജ്യോതിയില്‍ ദിവസവും 3 കളികള്‍."

ഞാനത്‌ ഒറ്റശ്വാസത്തില്‍ വായിച്ചു.

"3 കളികള്‍, ഉം ഉം.."

വഴിയേ പോയ പിരാന്തന്‍ അബു എന്റെ അനൗണ്‍സ്‌മെന്റ്‌ കേട്ടപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞത്‌ എന്നേയും കൂട്ടരേയും നാണം കെടുത്തി പരിസരബോധത്തിലെത്തിച്ചു.

ചേട്ടന്റെ മക്കാനിയിലെ പ്രസിദ്ധമായ കപ്പക്കറിയും പപ്പടവും കഴിക്കാനെടുത്തുവെച്ച പൈസ കീശയില്‍.. അതിനിയും കഴിക്കാലോ എന്നൊരു ചിന്ത ഒന്നിച്ചെത്തിയപോലെ പുകിലനും ദൊപ്പയബാബുവും മോനിയും കണ്ണനും ഞാനും ഒരു പദ്ധതിയിട്ടു.

"ഡേയ്‌.. ഒന്നൂല്ലെങ്കിലും നമ്മള്‍ടെയൊക്കെ ആദിപിതാവും ആദിമാതാവും അല്ലേ? ബൈബിളിലെ ഒരേടെങ്കിലും കാണാനുള്ള ചാന്‍സുമാണ്‌. പോയികളയാം."

മോനി മനസ്സിളക്കി ഞങ്ങളെ സജ്ജമാക്കി. പിന്നെ ഓട്ടോമാറ്റിക്കായിട്ട്‌ മാറ്റിനിഷോ കളിക്കുന്ന ജ്യോതിതീയ്യേറ്ററിലേക്ക്‌ വെച്ചടിച്ചു..

എന്റെ ചങ്കിടിപ്പ്‌, നെഞ്ചിടിപ്പ്‌ എല്ലാം ഒന്നിച്ചിടിക്കുന്നു. പടത്തിനു പോയിട്ടുണ്ട്‌. അതും വീട്ടുകാര്‍ അറിയാതെതന്നെ. എന്നാലും ജീവിതത്തില്‍ ആദ്യായിട്ട്‌ ഒരു തെറ്റ്‌ ചെയ്യുന്നല്ലോ എന്നൊരു ആദിപാപം ചെയ്യുന്ന ഫീലിംഗ്‌ മനസ്സില്‍ ഓളം തല്ലി. കൈയ്യിലെ കണക്ക്‌ പുസ്തകം കൊണ്ട്‌ പരമാവധി മുഖം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കൂനിക്കൂടി കള്ളനെന്നപോലെ സംഘത്തില്‍ മുങ്ങിയ ഞാന്‍ ജ്യോതി ടാക്കീസിന്റെ കോമ്പൗണ്ടിലേക്ക്‌ പ്രവേശിച്ചു.

ഒളിക്കണ്ണാല്‍ ചുറ്റും നോക്കി. പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ? ഇനി ഉണ്ടായാലെന്ത്‌, അവരും ആദിപാപം എന്തെന്നറിയാന്‍ വന്നവരല്ലേ? എന്നനെയാവും ഇമ്മാതിരി പടങ്ങള്‍ ആവോ? കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കണോ.. എന്നൊക്കെ ചിന്തിച്ച്‌ നിന്നു. ഞങ്ങള്‍ കൂട്ടുകാര്‍ നില്‍ക്കുന്നത്‌ തറടിക്കറ്റ്‌ എന്നറിയപ്പെടുന്ന ഏറ്റവും മുന്നിലെ ഭാഗത്തിലേക്കുള്ള ക്യൂവിലാണ്‌. എന്നാലും ചേട്ടന്റെ കപ്പക്കറിയും പപ്പടവും.. ഹോ, വിശന്നിട്ടാണേല്‍ നില്‍ക്കാന്‍ വയ്യ! ആദിപാപം എന്നാലും ഒരുവിധം ആശ്വാസമേകി.

ആവശ്യത്തിന്‌ ആളുണ്ട്‌ അവിടെ.. അവരുടെ നാണയതുട്ടുകള്‍ക്ക്‌ വേണ്ടി യാചിക്കുന്ന ഭിക്ഷക്കാരിയുമുണ്ട്‌ ഊന്നുവടിയും പിടിച്ചുകൊണ്ട്‌.. ഒരു തുരങ്കം പോലെ ഒരാള്‍ക്കുള്ള വീതിയില്‍ നീണ്ടങ്ങനെ കിടക്കുന്ന ടിക്കറ്റ്‌ സെക്ഷനിലെ ലോഹവളയങ്ങളിലൂടെ ഏന്തിവലിഞ്ഞു വെളിയില്‍ നോക്കിനിന്നു.

ങ്‌ഹേ! കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. ആ വരുന്ന മിനിബസ്സ്‌ സുപരിചിതമാണല്ലോ.. ജ്യോതിതിയ്യേറ്ററിന്റെ കോമ്പൗണ്ടിലേക്കാണത്‌ വന്നുനിന്നത്‌. അതിന്റെ സൈഡില്‍ എഴുതിയിരിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ തപ്പിപിടിച്ച്‌ വായിക്കേണ്ടി വന്നില്ല. കാരണം ബസ്സിനകത്തുനിന്നും വരുന്ന ഗാനവീചികള്‍ ആദ്യമേ അത്‌ വിളിച്ചോതി. പിന്നാലെ അതില്‍ നിന്നും വെളിയിലിറങ്ങിയ ആളുകളും..

തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖക്കൂട്ടം മണ്ണില്‍ ലാന്‍ഡ്‌ ചെയ്യുന്നപോലെ ഇറങ്ങിയെത്തിയത്‌ പ്രദേശത്തെ പ്രസിദ്ധമായ മിഷനറി സ്ഥാപനത്തിലെ കന്യാസ്ത്രീകളാണ്‌! അവരുടെ പ്രായമായ മേട്രനും കൂടെയുണ്ട്‌. പിന്നെ ഇത്തിരി അന്തേവാസികളും.. പടച്ചോനേ.. ഇവരൊക്കെ എന്തിനുള്ള പുറപ്പാടിലാണ്‌? കാലം പോയ പോക്കേയ്‌! ഞാന്‍ ഞെട്ടിയപോലെ ക്യൂവിലുള്ള സകലമാനപേരും മൂക്കത്ത്‌ വിരല്‍ വെച്ചു വാപൊളിച്ച്‌ അന്തം വിട്ടുനില്‍ക്കുന്നു.

അവര്‍ നിഷ്‌കളങ്കരായവര്‍. ആരോ തെറ്റിദ്ധരിപ്പിച്ചതാവാം. ജ്യോതി ടാക്കീസിന്റെ ഉടമ എല്‍വിസ്‌ ട്രൂമാന്‍ വെപ്രാളപ്പെട്ട്‌ പാഞ്ഞെത്തി കന്യാസ്ത്രീകളെ തടഞ്ഞു നിറുത്തി. എന്തൊക്കെയോ കുശുകുശുക്കുന്നത്‌ കണ്ടു. അവര്‍ പോസ്‌റ്ററിലെ വരികളിലേക്ക്‌ ചൂണ്ടി എന്തൊക്കെയോ സമര്‍ത്ഥിച്ചു.

"പിന്നെ എന്തിനാണ്‌ - ബൈബിളില്‍ നിന്നും ഒരേട്‌ - എന്ന്‌ വെണ്ടക്ക അക്ഷരത്തില്‍ എഴുതി മനുഷ്യരെ വഴിതെറ്റിക്കുന്നെ മോനേ..? കര്‍ത്താവ്‌ ഞങ്ങടെ മാനം കാത്തു!"

മേട്രന്‍ ക്ഷോഭിച്ചുകൊണ്ട്‌ ട്രൂമാനോട്‌ പറഞ്ഞപ്പോള്‍, തിരികെ ബസ്സില്‍ കയറിയ കന്യാസ്ത്രീകള്‍ ഒന്നടങ്കം ഒറ്റശ്വാസത്തില്‍ "ഓ ജീസ്സസ്സ്‌!" എന്ന്‌ വിളിച്ചു!

'ആദിപാപം' കാണാനെത്തിയ ചിലരുടെ മുഖത്ത്‌ നിരാശയും. അവരും വിളിച്ചുപോയി അവരവരുടെ ദൈവങ്ങളെ...

Wednesday, 27 June 2007

തസ്‌ലീമയുടെ മുറിവ്‌!

മമ്പാട്‌ കലാലയത്തിലെ ഏടുകള്‍ ഈയ്യിടെ ബൂലോഗത്ത്‌ ഒരു പോക്കിരിവാസു നിവര്‍ത്തിയപ്പോള്‍ ഈ ഏടുകളും ഒന്നു നിവര്‍ത്തിനോക്കാനൊരു മോഹമുദിച്ചു.

പ്രീഡിഗ്രി 2-ആം കൊല്ലം ഒടുങ്ങാറായനേരമായപ്പോഴാണ്‌ ആ അവിസ്മരണീയവും എന്നാല്‍ നടുക്കമുളവാക്കുന്നതും അതിലേറെ കോരിത്തരിപ്പിക്കുന്നതുമായ ആ മഹത്തായ സംഭവം ഉണ്ടായത്‌! എന്താണെന്ന്‌ ഇപ്പോഴേ ഇങ്ങനെ കുത്തികുത്തി ചോദിക്കാതെ സോദരീ-സോദരരേ.. ആയാസത്തിലങ്ങ്‌ പറഞ്ഞുതരാം. ഒടുവിലെന്നെ കല്ലെറിയുകയോ ചീമുട്ട, തക്കാളീമുട്ടകള്‍ ഇത്യാദിവഹകള്‍ കൊണ്ടഭിഷേകം നടത്തുകയോ ചെയ്യുമോ? (ഹാസ്യകഥാപ്രാസംഗികന്‍ വീഡി രാജപ്പന്‍ തുണ!)

പ്രകൃതിരമണിയമായ താഴ്‌വാരങ്ങളും ഒരിടത്ത്‌ നട്ടുച്ചയ്‌ക്ക്‌ പോലും കൂരാകൂരിരുട്ടുള്ള റബ്ബര്‍ എസ്‌റ്റേറ്റുകളും മറുഭാഗത്ത്‌ പച്ചച്ച പാടവും അതിനരികിലൂടെ ലല്ലലം ചൊല്ലി പുളഞ്ഞൊഴുകുന്ന തോടുമുള്ള ഒറ്റപ്പെട്ടയിടത്താണ്‌ പ്രസിദ്ധരായ പലരും പഠിച്ച, പഠിക്കുന്നയാ കോളേജ്‌ - മമ്പാട്‌ കോളേജ്‌! (ഒരു നിമിഷം, ഞാനൊന്ന്‌ ശ്വാസം വിട്ടോട്ടെ!)

പുളിക്കലോടിമുക്കില്‍ നിന്നും ബസ്സുകള്‍ തിരിഞ്ഞ്‌ ഒരൊന്നൊന്നര കി.മീ പാഞ്ഞെത്തീട്ട്‌ വേണം നാനാദിക്കിലേക്കുള്ള തരുണീമണീ-ചുള്ളന്‍സിനെ പൊക്കികൊണ്ടുപോകുവാന്‍.. പലപ്പോഴും ബസ്സുകള്‍ വെളച്ചിലെടുത്ത്‌ നിറുത്താതെ വളവും തിരിഞ്ഞ്‌ മാഞ്ഞുപോവുമ്പോള്‍ പഞ്ചാരവര്‍ത്തമാനത്തിന്‌ ഇത്തിരിനേരം കൂടി കിട്ടിയല്ലോ എന്നാശ്വസിച്ച്‌ നില്‍ക്കുന്നവരാണധികവും..

ഇനി സംഭവത്തിലേക്ക്‌ എത്തിനോക്കിയാലോ? ഇമ്മാതിരി സംഭവം ഈ കാമ്പസിലേ ഉണ്ടായിട്ടുണ്ടാവൂ, റിക്കാര്‍ഡ്‌ തിരുത്തിയതായി 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരേ വാര്‍ത്തയൊന്നുമില്ല.

ക്ലാസ്സിലെ മൊഞ്ചുള്ള കുട്ടിയായിരുന്നു അവള്‍ - തസ്‌ലീമ! ഒത്തിരി ദൂരേന്നും ബസ്സില്‍ കോളേജിലെത്തുന്ന കൂട്ടത്തിലെ ഹൂറി (അപ്‌സരസ്സ്‌) പോലെയാണവള്‍ തസ്‌ലീമ. അവളോടൊന്ന്‌ കൂട്ടുകൂടുവാന്‍ ഒരു കടാക്ഷം ലഭിക്കുവാനായി പല യുവമനസ്സുകളും കൊതിച്ചിരുന്നു. അങ്ങിനെയുള്ള തസ്‌ലീമക്കിങ്ങനെയൊരു അത്യാഹിതം സംഭവിച്ചല്ലോ പടച്ചോനേ!

അന്നും എന്നുമെന്നപോലെ 'നാസിക്‌' ബസ്സ്‌ താളത്തിലുള്ള ഹോണ്‍ മുഴക്കി കോളേജിനടുത്തുള്ള സ്‌റ്റോപ്പിലെത്തി. അരീക്കോട്‌ വഴി കുറ്റ്യ്‌ആടിയിലേക്കുള്ള നാസിക്കിലാണ്‌ അവള്‍ തസ്‌ലീമ എന്നും പോകാറുള്ളത്‌. അസാധാരണമായി അല്‍പദൂരം മാറിയാണ്‌ നാസിക്ക്‌ നിന്നത്‌. പിള്ളേരെല്ലാം ബോംബ്‌ പൊട്ടിയപ്പോള്‍ ഓടുന്നവരെപോലെ നാസിക്കിനടുത്തേക്ക്‌ പായുന്നു..

തിക്കിതിരക്കി വാതിലിനടുത്ത്‌ നില്‍ക്കുന്ന കിളിയെ ഞെരുക്കി പലരും ബസ്സിനകത്തെത്തി. പക്ഷെയിനിയും ഒത്തിരി പെണ്ണുങ്ങള്‍ കയറാനുണ്ട്‌. കിളിചെക്കനവരെ കയറ്റണമെന്നുണ്ടെങ്കിലും നാസിക്കിന്റെ മൊശടന്‍ ഡ്രൈവര്‍ വണ്ടിവിട്ടു. അന്നേരം...!

ദേഹം പാതി ബസ്സിലും പാതി വഴിയിലുമായി ഒരു സുന്ദരി കിടക്കുന്നു! പടച്ചോനേ തസ്‌ലീമ! അവള്‍ ഇമ്പമാര്‍ന്ന സ്വരത്തില്‍ അലറിതുടങ്ങി. ചെക്കന്‍സ്‌ ഓടിയടുത്തു. ഒരു ചാണ്‍ വ്യത്യാസത്തിലാ തസ്‌ലീമ മരണഹസ്‌തത്തില്‍ നിന്നും ഊരിവന്നത്‌. അവള്‍ തെറിച്ച്‌ വീണ്‌ റോഡിനരികിലെ പുല്ല്‌ കിളിര്‍ത്ത ഭാഗത്ത്‌ മലര്‍ന്ന്‌ കിടന്നു. നൂറുകണക്കിന്‌ കോളേജ്‌ കുമാരന്മാരുടെ മനസ്സിലേക്കാണ്‌ തസ്‌ലീമ വന്നുവീണിരിക്കുന്നത്‌, ഒരുള്‍ക്കിടിലത്തോടെ..

ഒന്നും സംഭവിച്ചില്ലെന്ന മട്ടിലവള്‍ എഴുന്നേറ്റു കൈകുടഞ്ഞു പൂച്ചക്കണ്ണുകളാല്‍ നാസിക്കിലെ കിളിചെക്കനെ നോക്കി മുറുമുറുത്തു. തെറിച്ചുപോയ വാനിറ്റി ബാഗ്‌ ഒരു ചെക്കന്‍ എടുത്തുകൊണ്ട്‌ പൊടിതട്ടികൊടുത്തു. അപ്പോഴാണവള്‍ കീഴോട്ട്‌ നോക്കുന്നത്‌. നടക്കാന്‍ ഇത്തിരി പ്രയാസമുണ്ട്‌.

ആ വഴിയെത്തിയ ഒരു ജീപ്പില്‍ കുമാരന്മാരില്‍ ചിലര്‍ തസ്‌ലീമയെ പിടിച്ചു പിടിച്ചില്ലാ എന്നമട്ടില്‍ കയറ്റി. നിലമ്പൂരാശുപത്രിയിലേക്ക്‌ വിട്ടു, ഒരു പ്രഥമ ശുശ്രൂഷ ചെയ്യേണ്ടേ, പലരും നിര്‍ബന്ധിച്ചപ്പോള്‍ കുമാരികളില്‍ കുമാരിയായ അവള്‍ സമ്മതിച്ചു. നാസിക്കിലെ ഡ്രൈവറെ താക്കിത്‌ ചെയ്‌ത്‌ ഒരു ഉന്തും തള്ളുമൊക്കെയുണ്ടാക്കിയതിനു ശേഷം കുമാരന്മാരുടെ നേതാക്കള്‍ സംഗതി ഒതുക്കിയിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു... തസ്‌ലീമ ഇല്ലാതെ മമ്പാട്‌ കലാലയം കലാപം കഴിഞ്ഞുള്ള ദേശം പോലെ ശോകമൂകമായിരിക്കുന്നു. അവളെ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണത്രേ. നേരിയ ചതവും ദേഹത്ത്‌ അല്‍പം മുറിവും ഉണ്ടത്രേ. എന്നും അവളെ സന്ദര്‍ശിക്കുന്നുണ്ട്‌ കുമാരികളേക്കാളും അധികം കുമാരന്‍സ്‌!

കുമാരന്‍സില്‍ പോയവര്‍ തന്നെ വീണ്ടും വിണ്ടും സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. സൂപ്പര്‍ ഹിറ്റ്‌ സിനിമ പോലും മൂന്നിലധികം തവണ കണ്ടാല്‍ പിന്നെ ആയിടത്തേക്ക്‌ നോക്കാത്തവര്‍ എന്നുമെന്നും ക്ലാസ്‌ കട്ടാക്കി ഉച്ചപ്പടത്തിനു പോവുന്നപോലെ ആശുപത്രിയില്‍ തസ്‌ലീമയെ സന്ദര്‍ശിക്കുന്നതിന്റെ പൊരുള്‍ തലപുകച്ചാലോചിച്ചിട്ടും കിട്ടാഞ്ഞ്‌ ഒടുവില്‍...

വൈകിയാണെങ്കിലും ഞാനും ഒന്നുപോയി തസ്‌ലീമയെ കാണാനും സുഖവിവരം ആരായാനും തീരുമാനിച്ചു. പക്ഷെ വിധി മറ്റൊന്നായിപോയി!

അവള്‍ ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമിക്കുകയാണത്രെ. ശ്ശെടാ.. വൈകി വന്ന ബുദ്ധിയെ പഴിച്ചു ഞാന്‍..

നിത്യവും തസ്‌ലീമയെ പോയികണ്ടിരുന്ന ഒരു കുമാരനോട്‌ അതിന്റെ ഗുട്ടന്‍സ്‌ ചോദിച്ചു. അപ്പോള്‍ എനിക്ക്‌ പൊട്ടിക്കരയാന്‍ തോന്നി. എന്തൊരു നഷ്‌ടമായിരുന്നുവതെന്നാലോചിച്ച്‌.

ഇനി ദുരൂഹതയുടെ മറ പൊളിച്ചുനീക്കാം...

തസ്‌ലീമ എന്ന സുന്ദരി കാല്‍മുട്ടിന്‌ അല്‍പം മുകളില്‍ അപകടത്തിലുണ്ടായ ചെറുമുറിവ്‌ വരുന്നവര്‍ക്കെല്ലാം കാണിച്ചുകൊടുത്തിരുന്നു!! ഒരുത്തന്‍ പറേണത്‌ 'അവളുടെ രാവുകളി'ലെ സീമയെ പോലെ എഴുന്നേറ്റ്‌ നിന്നാ പൊക്കിക്കാണിച്ചിരുന്നത്‌ ഈ മുറിവെന്നാണ്‌.

എനീക്ക്‌ എന്തെന്നില്ലാത്ത ഒരു ഫീലിംഗ്‌ മനസ്സില്‍ മൂടല്‍മഞ്ഞായി കിടന്നു.. ആരുമെന്തേ ഇതാദ്യം പറഞ്ഞീല?!

Wednesday, 21 March 2007

ഒരു ചിത്തഭ്രമപ്രണയകഥ - അദ്ധ്യായം (5)


(ചിത്രത്തിന്‌ കട:- www.nilambur.com)

ആല്‍ത്തറയിലെ കൂട്ടുകാരേയും മയങ്ങികിടക്കുന്ന ആളേയും മേയുന്ന പശുക്കളേയും വിട്ടകന്നുകൊണ്ട്‌ വീണ്ടും ഫ്ലാഷ്‌ബാക്കിലേയ്‌ക്ക്‌...

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോവിലകവീഥിയും അതിന്റെ അങ്ങേതലയ്‌ക്കല്‍ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ആനവാതില്‍ എന്നറിയപ്പെടുന്ന കാവല്‍മാടവും. സായാഹ്നസൂര്യകിരണത്തില്‍ പൊന്നില്‍ കുളിച്ചു വെട്ടിതിളങ്ങിയൊഴുകുന്ന ചാലിയാര്‍. ആല്‍മരത്തിലെ വിശ്രമം മതിയാക്കി വേലയ്‌ക്കുപോവാനുള്ള ഉഷാറില്‍ തയ്യാറായികൊണ്ടിരിക്കുന്ന വവ്വാലുകള്‍ ശബ്‌ദമുണ്ടാക്കി തിരക്കുകൂട്ടിതുടങ്ങി.

മീന്‍പിടിക്കാന്‍ പോയതും തമ്പുരാട്ടിയെ രക്ഷിച്ചതും പിന്നീടുണ്ടായ വിചാരണയുമെല്ലാം ഓര്‍ത്തുകൊണ്ട്‌ അബു നടക്കുകയാണ്‌. തമ്പുരാട്ടി വീണ്ടും വീണ്ടും മനസ്സിന്‍ തിരശ്ശിലയില്‍ വന്നുകൊണ്ടേയിരിക്കുന്നു! പക്ഷെ..,

അതിനു ഭംഗം വരുത്തികൊണ്ട്‌ വലിയരാജ തമ്പ്രാക്കന്റെ സ്വരം അശരീരിയായി കാതില്‍ മുഴങ്ങിയത്‌ സഹിക്കാനാവാതെ അബു ആനവാതില്‍ കടന്ന്‌ പൊതുവഴിയിലൂടെ വേഗത്തില്‍ നടന്നു. തമ്പ്രാന്‍ തന്നെ രക്ഷിച്ചുവെന്നത്‌ നേരുതന്നെ. പക്ഷെ തന്റെ പെറ്റുമ്മയെ കുറിച്ച്‌ പറഞ്ഞത്‌ എങ്ങനെ സഹിക്കും.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതിയിലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തിയിരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറുവെന്നോ മാലുവെന്നോ? ആ? ഉം. ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

കാതുകളില്‍ കടന്നല്‍ കയറിയതിലും വലിയ വേദനയുണ്ടാക്കികൊണ്ട്‌ തമ്പ്രാന്റെ ശബ്‌ദവും അട്ടഹാസവും മൂളികറങ്ങികൊണ്ടേയിരുന്നു. അബു ഇരുകാതുകളും പൊത്തിപിടിച്ച്‌ നടത്തം ഓട്ടമാക്കി.

"ഒന്നു നിറുത്തെടോ! മിണ്ട്യാല്‍ കൊല്ലും അന്നെയ്‌ ഞാന്‍! ങ്‌അ്ഹാ..!"

വഴിയേ പോവുകയായിരുന്ന സൈക്കിളുകാരന്‍ - മീശപൊടിഞ്ഞിട്ടുള്ളൊരുത്തന്‍ - അബുവിന്റെ അലര്‍ച്ചയില്‍ നിയന്ത്രണം വിട്ട്‌ നടന്നുപോവുകയായിരുന്ന ഒരു യുവതിയുടെ പിന്നില്‍ ചെന്നിടിച്ചു ഇരുവരും ദാ കിടക്കുന്നു ധരണിയില്‍!

"ഹയ്യോ..!"

"ഠേ."

"ഇയ്യോ! ഞാനല്ല, ആ പിരാന്തനാ എല്ലാം വരുത്തിവെച്ചത്‌."

മീശപൊടിഞ്ഞ പയ്യന്‍ കൈയ്യിലെ ചോരപൊടിഞ്ഞതും തുടച്ച്‌ മോന്തയില്‍ പതിഞ്ഞ യുവതീകരത്തിന്റെ പകര്‍പ്പില്‍ തടവികൊണ്ട്‌ സൈക്കിള്‍ നേരെയാക്കി അബുവിനെ രൂക്ഷമായി നോക്കി.

അബു ഞെട്ടിനോക്കികൊണ്ട്‌ യുവതിയുടെ അടുത്തേക്ക്‌ നടന്നുചെന്നു.

ട്യൂഷന്‍ കഴിഞ്ഞുവരികയാണെന്ന്‌ തോന്നുന്നു. ചിതറികിടക്കുന്ന മംഗളമനോരമാദി വാരികകളും പാഠപുസ്‌തകങ്ങളും പെറുക്കിയെടുക്കാന്‍ യുവതിയെ അബുവും സഹായിച്ചു. പൊതുവെ നിരത്ത്‌ ഒഴിഞ്ഞുകിടന്നതായിരുന്നു. ഇപ്പോള്‍ ഏതാനും ആളുകള്‍ കൂടാന്‍ തുടങ്ങി.

പെണ്ണിന്റെ മുഖം സൈക്കിളില്‍ നിന്നും വീണവരെ പോലെ ആയി. സൈക്കിളില്‍ നിന്നും വീണവനോ.. കഥകളിയിലെ കത്തിവേഷം പോലെ ചുവന്നുതുടുത്തിരിക്കുന്നു. രോക്ഷഭാവം.

ഒത്തിരിയധികം വസ്‌ത്രധാരണത്തില്‍ ബോധവതിയാണെന്ന്‌ തോന്നും യുവതിയെ കണ്ടാല്‍. സാരിയെല്ലാം നേരെയാക്കാനും പിന്നില്‍ പറ്റിയ പൊടി തൂത്തുകളയാനും അവള്‍ മിനിറ്റുകളോളം അവിടെ ചിലവഴിച്ചു.

"എന്തേലും പറ്റിയോ? ആസ്‌പത്രീല്‌ പോണോ?" - അബു മനുഷ്യത്വം പ്രകടിപ്പിച്ചു.

പല്ലുകടിച്ച്‌ മുഖത്തെ പേശികള്‍ വിറപ്പിച്ച്‌ വന്ന പയ്യനെ അന്നേരമാണ്‌ അബു നോക്കിയത്‌.

ഇവന്‍.. അവന്റെ - ആ രവിവര്‍മ്മതമ്പ്രാന്റെ സംഘത്തിലുള്ളവന്‍ തന്നെ. അബു ഉറപ്പിച്ചു. (ഇല്ലാത്തത്‌ കാണുവാനും കേള്‍ക്കുവാനും തുടങ്ങികഴിഞ്ഞു പാവം അബു).

"എടാ സുവറേ..! രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞയച്ചതാല്ലേ. അന്നെയ്‌ ഞാനിന്ന്‌.."

അബു രോക്ഷം കൊണ്ട്‌ വിറച്ചു. സമീപം റോഡുപണിയ്‌ക്ക്‌ കൂട്ടിയിട്ട കല്ലിന്‍കഷ്‌ണങ്ങളീന്നും ഒരുപിടി പെറുക്കി പയ്യനുനേരെ എറിഞ്ഞു. മുതുകത്തു തന്നെ പതിച്ചിരിക്കുന്നു.

പയ്യന്‍ സൈക്കിളെടുത്ത്‌ തിരിച്ച്‌ ചാടികയറി ശരം വിട്ടപോലെ പോയി.

വീണതിന്‍വേദനയും ഏറിന്‍എരിവും സഹിച്ചുകൊണ്ട്‌ ചെക്കന്‍ വഴിയിലൂടെ പോവുന്നവരോടെല്ലാം വിളിച്ചുകൂവി.

"അതീലെ പോവേണ്ടാ.. ഒരു പുത്യേ പിരാന്തന്‍ വന്നീരിക്ക്‌ണൂ..!"

യുവതിയും കേട്ടു. അബുവിനെ കടാക്ഷിച്ച കണ്ണുകളില്‍ ഭയം അരിച്ചെത്തിയതും കൊണ്ടവള്‍ പാഞ്ഞു. അതിലെ വരുകയായിരുന്നവരെല്ലാം പയ്യന്റെ ദീനരോദനത്തിന്‍ അകമ്പടിയുള്ള മുന്നറിയിപ്പിനാല്‍ വഴിമാറി നടന്നു.

അബുവിനൊന്നും പിടികിട്ടുന്നില്ല. അവന്‍ മാത്രം അചഞ്ചലനായിട്ട്‌ കോവിലകം വീഥിയില്‍.

"ശ്ശേടാ, ദെന്താപ്പോ ഇവര്‍ക്ക്‌? എല്ലാറ്റിനും വട്ടായോ പടച്ചോനേ!"

ജുറാസിക്‌ പാര്‍ക്കില്‍ എല്ലാം തകര്‍ത്തെറിഞ്ഞ്‌ അട്ടഹസിച്ചു ചിരിക്കുന്ന ദിനോസറായിമാറിയ അബു.

എങ്ങും ഇരുട്ട്‌ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. ഭൂത-പ്രേത-പിശാചുക്കളും ചുടലയക്ഷികളും വിഹരിക്കും യാമം തുടങ്ങിയതിന്റെ സൂചന!

Sunday, 18 February 2007

"ഒരു ചിത്തഭ്രമപ്രണയം - ഭാഗം 4"


ഇരുപത്‌ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഭാനുപ്രിയതമ്പുരാട്ടിയുടേയും അബുവിന്റേയും പ്രണയകഥ പറയുന്നതിനിടയ്ക്ക്‌ 'പോസ്‌റ്റ്‌മാന്‍' മെയമ്മദാലി ഒന്നു നിറുത്തി. രസം പൂണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ അസ്വാരസ്യം പ്രകടിപ്പിച്ചു.

"വാ നമുക്കേയ്‌ ഈ തിരക്കീന്നും മാറി നടക്കാം. ഇച്ചിരീടെ പോയാല്‌ കോവിലകത്തെ ആല്‍ചുവട്ടിലെത്താം. എന്തേയ്‌?" - മെയ്‌മ്മദാലി ചോദിച്ചു.

അഭിപ്രായം പാസ്സാക്കിയതായി കൂടെയുള്ള 'നീഗ്രോ'നജീബും 'കഞ്ചാവ്‌'റഷീദും 'നായര്‌'ബാബുവും അറിയിച്ചു. ചെട്ട്യങ്ങാടിനാല്‍ക്കവലയിലെ ദേവിവിലാസ്‌ ഹോട്ടലില്‍ കയറി ഊത്തപ്പവും ഉഴുന്നുവടയും കഴിച്ച്‌ ഏമ്പക്കമിട്ട്‌ അവര്‍ പ്രണയകഥ എന്താവും; എങ്ങനെ അന്നത്തെ അബു ഇന്ന്‌ കാണുന്ന പിരാന്തന്‍ അബുവായി? എന്നെല്ലാം ചിന്തിച്ച്‌ ബാക്കികൂടി അറിയാനുള്ള ഉല്‍സുകതയോടെ മെയമ്മദാലീടെയൊപ്പം കോവിലകത്ത്‌ എത്തുവാന്‍ ധൃതിയില്‍ നടന്നു.

പോക്കുവെയിലില്‍ വിജനമായി കിടക്കുന്ന കോവിലകം. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രനടയിലെ ആല്‍ത്തറയില്‍ വിശ്രമിക്കാനും ബാക്കി കഥ പൂര്‍ത്തിയാക്കുവാനും വേണ്ടി നടക്കുന്നേരം മയമ്മദാലി ഒരു നാലുകെട്ട്‌ ചൂണ്ടിക്കാണിച്ചു. ഒരു ബീഡിക്ക്‌ തീ കൊളുത്തീട്ട്‌ അങ്ങോട്ട്‌ നടന്നു.

നിറം മങ്ങിയ കുമ്മായം, അടര്‍ന്നു പൊട്ടിപൊളിഞ്ഞിരിക്കുന്ന ചുമരുകള്‍; കല്ലുകള്‍ ഇളകിയ പടിപ്പുരയുമുള്ള ഒരു പുരാതന സൗധം. മുറ്റമെല്ലാം പുല്ലും കളച്ചെടികളും വളര്‍ന്നിരിക്കുന്നു.

അതിനരികിലൂടെ നീങ്ങവെ, പടിപ്പുരയുടെ വശത്തൊരു മരത്തിന്റെ പലക ചിതലരിച്ചു തൂങ്ങിക്കിടക്കുന്നത്‌ ശ്രദ്ധിച്ചു.

തീറ്റയുമായി വരിവരിയായി പോവുന്ന ഉറുമ്പുകളേയും നിര്‍മ്മാണസാധനങ്ങളുമായി പോവുന്ന ചിതലുകളേയും കൈകൊണ്ട്‌ തട്ടിമാറ്റി മയമ്മദാലി അതിലെഴുതിയ മങ്ങിപോയ അക്ഷരങ്ങള്‍ കൂട്ടുകാര്‍ക്ക്‌ കാണിച്ചുകൊടുത്തു.

"നായര്‌"ബാബു സ്വതസിദ്ധമായ സ്വരത്തില്‍ അത്‌ വായിച്ചതും, ബാക്കിയുള്ളോര്‍ അവന്റെ വായപൊത്തി.

വഴിയേ പോയ ഒരു കിളവന്‍തമ്പ്രാന്‍ ഒന്നു നിന്ന്‌ അവരെ നോക്കീട്ട്‌ പിന്നെ അവ്യക്തമായി എന്തോ പറഞ്ഞിട്ട്‌ നടന്നു.

"പ്രി-യാ-നി-ല-യം" - മൂവരും തപ്പിപിടിച്ച്‌ വായിച്ചെടുത്തു.

"ങ്‌ഹേ! ഇവിടെയല്ലേ ഭാനുപ്രിയാതമ്പുരാട്ടി...?"

"ഉം, അതേ, ദാ ആ കാണുന്ന ചെറുജാലകത്തിലൂടെയാ തമ്പുരാട്ടി അബുവിനോട്‌ സല്ലപിച്ചിരുന്നത്‌."

നിശ്ചലമായി പാതിതുറന്നിട്ട ആ കിളിവാതില്‍ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.

"വാ.. ബാക്കി പറയാം"

തമ്പുരാട്ടി അവിടെയുണ്ടാവുമൊ? 'നീഗ്രോ'നജീബ്‌ സാകൂതത്തോടെ പ്രിയാനിലയത്തിന്റെ മാളികയിലെ കിളിവാതിലില്‍ നോക്കി. കാറ്റില്‍ അതിന്റെ പാതി തുറന്ന പാളി ശബ്‌ദത്തോടെ അടഞ്ഞു.

മച്ചിലെവിടേയോ വിശ്രമിക്കുകയായിരുന്ന പ്രാവുകള്‍ കുറുകികൊണ്ട്‌ ശബ്‌ദം വന്നനേരം ഒന്നു പറന്നിട്ട്‌ വീണ്ടും തിരികെ വന്നിരുന്നു.

തിരിഞ്ഞു നടന്നപ്പോഴും അവര്‍ പ്രേതാലയം പോലെത്തെ ആ നാലുകെട്ട്‌ നോക്കുകയാണ്‌.

ആല്‍ത്തറയിലിരിക്കുകയാണവര്‍. നല്ല ഇളം കാറ്റുണ്ട്‌. കുറച്ച്‌ ദൂരെ ഒഴുകുന്ന ചാലിയാറിന്റെ കളകളാരവം കേള്‍ക്കുന്നു. യുഗങ്ങളോളം അക്കരെയിക്കരെ സംഭവിച്ച എല്ലാറ്റിനും ഇനി സംഭവിക്കുന്നതിനും സാക്ഷിയായിട്ട്‌ ചാലിയാറങ്ങനെ ഒഴുകുന്നു...

ആല്‍ത്തറയുടെ അങ്ങേവശത്ത്‌ കിടന്നുറങ്ങുന്ന ആളിനെ മെയമ്മദാലിയും കൂട്ടരും കണ്ടില്ല. മേഞ്ഞു നടക്കുന്ന കന്നുകാലികളേയും അവര്‍ ശ്രദ്ധിച്ചില്ല.

അവന്‍ കഥ തുടര്‍ന്നു...

(തുടരും..)

Tuesday, 30 January 2007

ഒരു ചിത്തഭ്രമപ്രണയം (ഭാഗം-3)


കൂടണയാന്‍ പോവുന്ന പറവകളെ നോക്കിയതിനു ശേഷം കിളിവാതില്‍ പതിയെ ചാരിയിട്ട്‌ ഭാനുപ്രിയ തിരിഞ്ഞു നിന്നു. ചുണ്ടിലും മാറത്തും കാലത്തുണ്ടായ നഖക്ഷതങ്ങളില്‍ വിരലോടിച്ച്‌ നാണിച്ച്‌ മന്ദഹസിച്ചുകൊണ്ട്‌ അവള്‍ മുറിയിലേക്ക്‌ ഓടിചെന്ന് മെത്തയില്‍ കമിഴ്‌ന്നുകിടന്നു. മങ്ങിയ വെളിച്ചത്തില്‍ അവിടെയൊരു മൂലയിലെ പീഠത്തിലെ പീലി ചൂടിയ കണ്ണന്‍ എല്ലാം നോക്കികൊണ്ട്‌ പുല്ലാങ്കുഴലൂതി പുഞ്ചിരിച്ച്‌ നില്‍ക്കുന്നു.

കസവിന്റെ ഇറുകിയ ബ്ലൗസ്സും അതേ നിറത്തിലുള്ള പാവാടയുമിട്ട്‌, നേരത്തെ ക്ഷേത്രത്തില്‍ പോയപ്പോള്‍ ധിരിച്ചതാണിത്‌. നെറ്റിയില്‍ ചന്ദനക്കുറിയും. എല്ലാം കണ്ടുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ പുഞ്ചിരി തൂകിനില്‍ക്കുന്നുവോ?

നീരാടുവാന്‍ കാലത്ത്‌ പുഴയില്‍ പോയതും അവിടെ സംഭവിച്ചതുമെല്ലാം ഓരോരോ രംഗങ്ങളായിട്ടവള്‍ ഓര്‍ത്തു. കമിഴ്‌ന്ന കിടപ്പില്‍ കാലുകള്‍ പിന്നാക്കംവെച്ച്‌ ഉയരത്തില്‍ ആട്ടികൊണ്ടിരുന്നുണ്ട്‌. പാദസരങ്ങള്‍ കിലുങ്ങുന്ന സ്വരം മാത്രം നിശ്ശബ്‌ദതയെ ഭംഗം വരുത്തി. പെട്ടെന്ന്...

"ഭാനൂ.. എവിടെപോയി ഈ കുട്ടി? സന്ധ്യാദീപം തെളിയ്‌ച്ചുവെയ്‌ക്കാന്‍ എന്താത്ര അമാന്തം?"

അമ്മായീടെ വിളിയാണ്‌. ഭാനുപ്രിയ സ്വപ്‌നം മതിയാക്കി എഴുന്നേറ്റ്‌, മുടിയൊതുക്കി കെട്ടിവെച്ച്‌ മുറിയിലെ ഒരു കോണിലുള്ള പീഠത്തില്‍ വെച്ച ചന്ദനത്തിരി എടുത്ത്‌ കത്തിച്ചു. മുഖത്തോട്‌ അടുപ്പിച്ച്‌ അതിന്റെ സുഗന്ധം ആസ്വദിച്ച്‌ കണ്ണുകള്‍ പാതിയടച്ചുനിന്നു. ചന്ദനത്തിന്റെ ധൂളികള്‍ പരത്തിയിട്ട അവളുടെ മുടിയിഴകളിലൂടെ പതുക്കെയൊഴുകുന്നു. ഭാനുപ്രിയ പതിയെ കണ്‍തുറന്ന് ഭഗവാനെ ദര്‍ശിച്ച്‌ തിരിയാലൊരു വട്ടം ഉഴിഞ്ഞ്‌ നിര്‍ന്നിമേഷയായി തൊഴുതു നിന്നു. അപ്പോഴും താഴേന്ന് വിളി തന്നെ...

"ഭാനൂ.. ചത്തോ ഇക്കുട്ടി!"

സ്വപ്‌നങ്ങള്‍ക്കറുതി വന്ന ദേഷ്യം അടക്കിപ്പിടിച്ച്‌ വിളിയ്‌ക്ക്‌ മറുപടി അറിയിക്കാതെ താഴേക്ക്‌ ധൃതിയില്‍ പുറപ്പെട്ടു. താഴേ വരുമ്പോള്‍ കയര്‍ത്തു നില്‍ക്കുന്ന അമ്മായി. അമ്മയില്ലാത്ത തന്നെ വളര്‍ത്തി വലുതാക്കിയ സ്ത്രീയാണ്‌. ഇതുവരെ തല്ലുകയോ നുള്ളുക പോലും ചെയ്തിട്ടില്ലേലും എത്ര തവണ ഒരു ദിനം ശകാരിക്കുന്നതെന്ന് എണ്ണിയാലേ കൃത്യമായിട്ട്‌ അറിയൂ. എന്നാലും ആ ശകാരത്തിലും ഒരു പുന്നാരം ഒളിഞ്ഞിരിപ്പുണ്ടാവും. അതുകൊണ്ട്‌ ശകാരം കിട്ടാനുള്ള എന്തെങ്കിലും ഒപ്പിക്കുവാന്‍ തിടുക്കമാവും.

"എന്താ ഭാനൂവേ? വല്ല ഗന്ധര്‍വനോ മറ്റോ വന്നുവോ ചങ്ങാത്തത്തിന്‌? മാളികേലും മുറീലും തന്നെയാണല്ലോ ഇന്നുച്ച തൊട്ട്‌ തന്റെ വാസം? ജീവന്‍ തിരിച്ചുകിട്ടിയതിന്‌ ഭഗവാനോട്‌ നന്ദി പറയാണ്ട്‌ അതുമിതും ചിന്തിച്ച്‌ വെറുതെ..."

ഭാനുപ്രിയ ഒന്നും ഉരിയാടിയില്ല. അവള്‍ എല്ലാം കേട്ടുകൊണ്ട്‌ അകത്തുപോയി ദീപവിളക്ക്‌ തുടച്ചുവൃത്തിയാക്കി. ഉമ്മറക്കോലായില്‍ ദീപവുമായി പ്രത്യക്ഷപ്പെട്ടു. അമ്മായി തൊഴുതു.

അവള്‍ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന് നാമം നല്ലയീണത്തില്‍ ചൊല്ലി. അമ്പലത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നുണ്ട്‌. തിരക്കു തുടങ്ങുന്നതിന്‌ മുന്‍പ്‌ നാലുമണിയ്‌ക്ക്‌ നട തുറന്നയുടനെ അവരിരുവരും പോയി തൊഴുതു വന്നതാണ്‌.

ഇരുട്ട്‌ പരന്നു തുടങ്ങി. ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്‌ദം പടിപ്പുരയുടെ സമീപം വന്നു നിലച്ചു. അവള്‍ നാമജപം നിറുത്തി നോക്കി. അമ്മായിയും അങ്ങോട്ട്‌ ശ്രദ്ധിച്ചു.

വലിക്കുന്ന സിഗരറ്റ്‌ പടിപ്പുരയിലിട്ട്‌ കാലുകൊണ്ട്‌ ചതച്ച്‌ കയറിവരുന്നു രവിവര്‍മ്മത്തമ്പുരാന്‍! ദീപം തെളിഞ്ഞു കത്തുന്നത്‌ കണ്ട്‌ മുണ്ടിന്റെ മടക്ക്‌ താഴ്‌ത്തിയിട്ട്‌ ബഹുമാനം കാണിച്ചതായി ഭവിച്ചു.

ഭാനുപ്രിയ ശ്രദ്ധിച്ചതായി നടിക്കാതെ അകത്തേക്ക്‌ നടന്നു. അമ്മായി സന്തോഷത്തോടെ എഴുന്നേറ്റു. അവര്‍ക്ക്‌ തമ്പുരാനെ വലിയ ജീവനാണ്‌. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന പുരയ്‌ക്ക്‌ ഒരു കാവലും എന്തിനുമേതിനും ആണൊരുത്തന്‍ ഉണ്ടല്ലോ എന്ന് പറയുകയും ആവാലോ. അതാണ്‌ ആ തള്ളയുടെ ചിന്ത.

ഇളകുന്ന കാലുള്ള കസേരയിലൊന്ന് അവര്‍ മാറില്‍ ഇട്ടിരുന്ന തുണിയെടുത്ത്‌ തുടച്ച്‌ നീക്കിയിട്ടുകൊടുത്തു. രവിവര്‍മ്മതമ്പുരാന്‍ അതിലിരുന്ന് ഒരു കാലെടുത്ത്‌ മറ്റേതിനു മുകളില്‍ വെച്ച്‌ ആട്ടികൊണ്ടിരുന്നു. മുഖത്ത്‌ സന്തോഷമൊന്നുമില്ല. ആരോടോ ഉള്ള പക തെളിഞ്ഞു കാണാം.

"എന്താ തമ്പുരാന്‍ചെക്കാ കടന്നലു കുത്തിയോ മൊഖത്ത്‌?"

"കടന്നലാണേല്‍ മഞ്ഞളു തേച്ചാ ആക്കം കിട്ടുമായിരുന്നു. ഇതിപ്പോ മനസ്സിലല്ലേ കുത്തിയത്‌, ഒരു ഏമ്പോക്കി..."

അവന്‍ പല്ലിറുമ്മി ഇരുന്നു.

"ഭാനൂട്ടിയെ അധികം വെളീല്‌ കറങ്ങാന്‍ വിടേണ്ട അമ്മായീ. വെള്ളം കുടിച്ച്‌ ചാവാനല്ലാ, ചിലപ്പോ മാനം പോയി മരിക്കാനാവാം അവളുടെ വിധി!"

"എന്താ ഈ പറേണേ ചെക്കാ..!"

"ജീവിതത്തീ ആദ്യായിട്ട്‌ സ്വന്തം തറവാട്ടുമുറ്റത്ത്‌ വലിയേട്ടന്‍ എന്നെ എല്ലാരേം മുന്നീല്‌ കൊച്ചാക്കി. ഒരു മാപ്പിള കാരണം."

"അവനെ ഈശ്വരനാ അവിടെ വരുത്തിയത്‌. നെഞ്ചും വിരിച്ച്‌ നടക്കുന്ന ഒരുത്തനും ഇല്ലായിരുന്നല്ലോ അന്നേരം അവിടെ?"

രവിവര്‍മ്മതമ്പുരാന്‍ ഒന്നും മിണ്ടിയില്ല. അകത്തേക്ക്‌ ഒളികണ്ണിട്ട്‌ നോക്കി. ഭാനുപ്രിയ വാതിലിനപ്പുറം പെട്ടെന്ന് ഒളിച്ചത്‌ കണ്ടു. അവള്‍ എല്ലാം കേട്ടുകൊണ്ട്‌ നില്‍ക്കുകയായിരുന്നു. അമ്മായി ന്യായീകരിച്ചു കൊണ്ട്‌ തുടര്‍ന്നു:

"അന്യജാതീലെ ഒരുത്തന്‍ വരേണ്ടി വന്നു ഭാനുവിനെ രക്ഷിക്കാന്‍. അതിനയാള്‍ക്ക്‌ പൊന്നും മറ്റും കൊടുക്കുകയായിരുന്നു വേണ്ടീരുന്നത്‌. എന്നിട്ടതിനെ തല്ലിച്ചതച്ചുവല്ലേ?"

രവിവര്‍മ്മതമ്പുരാന്‍ ദേഷ്യത്തില്‍ എഴുന്നേറ്റ്‌ ഒന്നും ഉരിയാടാതെ ഇറങ്ങി നടന്നു. ആ ഊക്കില്‍ കസേര മറിഞ്ഞുപോയി. അയാള്‍ ശരവേഗത്തില്‍ പടിപ്പുര കടന്ന് മറഞ്ഞു. ബുള്ളറ്റ്‌ ബൈക്ക്‌ സ്‌റ്റാര്‍ട്ടാക്കി ഓടിച്ചു പോയിമറയുന്നതിന്റെ ശബ്‌ദം അകന്നു ഇല്ലാതായി. മനസ്സില്‍ ചില ഗൂഢപദ്ധതികള്‍ തികട്ടിവരുന്നുണ്ടായിരുന്നു അയാളില്‍. ചിവീടുകളുടെ കലമ്പല്‍ അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെയുണ്ടായിരുന്നു.

മാളികയിലെ ജനാലയിലൂടെ വെറുപ്പോടെ തമ്പുരാന്റെ പോക്കും നോക്കികൊണ്ട്‌ ഭാനുപ്രിയ മുറിയിലേക്ക്‌ പോയി. കോവിലകമുക്കിലെ ലൈബ്രറിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പെടുത്ത ഒരു കഥാപുസ്‌തകം എടുത്ത്‌ വെറുതെ താളുകള്‍ മറിച്ചങ്ങനെ കിടന്നു.

താഴെ അമ്മായി റേഡിയോ ശ്രവിക്കുന്നുണ്ട്‌. മരത്തിന്റെ ചട്ടക്കൂടുള്ള വലിയ റേഡിയോ ആണത്‌. വര്‍ഷങ്ങളായിട്ടതും നാലുകെട്ടിലെ ഒരംഗമായിട്ടുണ്ട്‌. ഗാനവീചികള്‍ ഉയര്‍ന്നു കേള്‍ക്കായി..

"ചന്ദനപല്ലക്കില്‍ വീടുകാണാന്‍
വന്ന ഗന്ധര്‍വരാജകുമാരാ...
ഓ അപ്‌സരരാജകുമാരീ..."

ഒരു നിമിഷം കഴിഞ്ഞ്‌... വെളിയില്‍ നിന്നും മുറിയ്‌ക്ക്‌ അകത്തേക്ക്‌ പറന്നു വന്ന ഭംഗിയുള്ളൊരു ചിത്രശലഭം ശ്രീകൃഷ്‌ണപ്രതിമയിലെ മയില്‍പീലിയുടെ നെറുകയില്‍ ഒരു അലങ്കാരമായി വന്ന് ചിറക്‌ വിടര്‍ത്തി വിശ്രമിച്ചു. ഈ ശലഭം ഇനി വല്ല ഗന്ധര്‍വകുമാരനും ആയിരിക്കുമോ, നേരത്തെ അമ്മായി കളിയാക്കിയതുപോലെ.. അതിനെ നോക്കി ഭാനുപ്രിയ കണ്ണുകളടച്ച്‌ സുന്ദരസ്വപ്‌നത്തിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞിരുന്നു.

നിലാവില്‍ കുളിച്ചു കിടക്കുന്ന അമ്പലവും പരിസരവും അകലെ ഒഴുകുന്ന ചാലിയാര്‍പുഴയും നിശ്ചലമായങ്ങനെ ഒരു ചിത്രം പോലെ. 'പ്രിയാനിലയ'ത്തിലെ മാളികമുറിയില്‍ അരണ്ട വെളിച്ചം ദൂരേനിന്നും ദര്‍ശിക്കുന്ന തരത്തില്‍ പ്രകാശമയമായങ്ങനെ... തൊടിയിലെ നിശാഗന്ധിച്ചെടിയിലെ പൂമൊട്ട്‌ വിരിയാനുള്ള പുറപ്പാടിലാണ്‌. നനുത്ത സുഗന്ധം പരിസരത്ത്‌ പരക്കുവാന്‍ തുടങ്ങിയിരുന്നു.

(തുടരും)

Wednesday, 17 January 2007

ഒരു ചിത്തഭ്രമപ്രണയം (തുടര്‍ച്ച - രണ്ടാം ഭാഗം)

രവിവര്‍മ്മതമ്പുരാന്‍ ആരോ വന്നുപറഞ്ഞത്‌ വിശ്വസിക്കാനാവാതെ പഴയ ബുള്ളറ്റ്‌ ബൈക്കില്‍ കുതിച്ചെത്തിയിരിക്കുകയാണ്‌. അവിടെയുള്ള ആല്‍മരച്ചുവട്ടില്‍ നിറുത്തിയിട്ട്‌ അയാള്‍ പുഴവക്കില്‍ ഈറ്റപ്പുലിയെന്ന കണക്കെ ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ പാഞ്ഞെത്തി.

കൂട്ടത്തില്‍ ഉഷിരുള്ള ചെറുതമ്പുരാക്കന്മാര്‍ അബുവിനെ പിടിച്ചു പൂശി. അതില്‍ പ്രധാനി രവിവര്‍മ്മതമ്പുരാന്‍ തന്നെ! മദ്രാസില്‍ പഠിക്കുന്ന ഈ യുവരാജന്റെ മനസ്സില്‍ കുടിയേറിയവള്‍ - ഭാനുപ്രിയ. അവളെയിതുവരെ അവന്‍ പോലും സ്പര്‍ശിച്ചിട്ടില്ല. അതിനിതുവരെ സാഹചര്യം കിട്ടിയില്ലയെന്നുവേണം പറയാന്‍.

എന്നിട്ടിപ്പോ പട്ടാപകല്‍ എല്ലാരും നോക്കിനില്‍ക്കേ ഒത്ത ശരീരമുള്ള ഒരു മാപ്പിളചെക്കന്‍ അവളെ വെള്ളത്തില്‍ വെച്ച്‌ താമരത്തണ്ട്‌ പോലെ പിഴുതെടുത്തതും പോരാഞ്ഞ്‌ പരസ്യമായി, ഛെയ്‌! "അയ്യയ്യോ ശിവനേ!". രവിവര്‍മ്മതമ്പ്രാന്റെ മനസ്സ്‌ മാത്രം നിലവിളിച്ചുപോയി.

വന്നപാടെ അബുവിനെ പൊക്കിയെടുത്ത്‌ നന്നായി പെരുമാറി. അബു നിലവിളിച്ചു. ഭാനുപ്രിയ എന്ന കൊച്ചുതമ്പുരാട്ടി ക്ഷീണിച്ച കണ്ണുകളാല്‍ ദയനീയമായി നോക്കി. ഒപ്പമുള്ള ബന്ധുസ്ത്രീകളോട്‌ എന്തോ പറയുവാനെന്നോണം ആ നറുംചുണ്ടുകള്‍ വിതുമ്പി.

"വേണ്ടാ ഇനിയത്ര തല്ലണ്ടാ.. ചാവുന്നേനും മുന്‍പ്‌ വല്യമ്പ്രാന്റെ അടുത്തു കൊണ്ടോവാം." - രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞപ്പോള്‍ തല്ലിന്റെ പെരുമഴ നിലച്ചു, അബുവിന്‌ തല്ലില്‍ നിന്നും മോചനവും കിട്ടി.

വലിയകോയിക്കല്‍ കൊട്ടാരത്തിന്റെ പാറാവുപുരയും കടന്ന് ഒത്ത ശരീരമുള്ള ഒരുത്തനെ കള്ളനെന്ന പോലെ തമ്പുരാക്കര്‍ കൊണ്ടുവരുന്നത്‌ കണ്ട്‌ വലിയരാജ മട്ടുപാവിലെ ആട്ടുകട്ടിലില്‍ ആട്ടം നിറുത്തി നോക്കി. മുറുക്കാനുള്ളത്‌ എടുത്തു തരുവാന്‍ ചാരെ നിന്നിരുന്ന ഒരു യുവതി അടുത്ത മുറുക്കിനുള്ളതും വായയില്‍ വെയ്‌ക്കുവാന്‍ ഒരുങ്ങിയത്‌ തമ്പുരാന്‍ ബലിഷ്‌ടമായ കരത്താല്‍ തടഞ്ഞു.

പെണ്ണിനോട്‌ അകത്തുപോവാന്‍ ആംഗ്യം കാണിച്ച്‌ ഒന്നു മുരടനക്കി തീഷ്‌ണമായ ദൃഷ്‌ടി അബുവില്‍ പതിപ്പിച്ച്‌ വലിയരാജ എഴുന്നേറ്റു. വലിയ കോലായിലേക്കുള്ള കൊത്തുപണിയുള്ള ഗോവണി പതുക്കെ എല്ലാ രാജഭാവാതികളോടേയും വലിയരാജ ഇറങ്ങിവന്നു.

മുറ്റത്ത്‌ അടികൊണ്ട്‌ അടിമയെപോലെ അവശനായ അബുവും എന്തോ വലിയ കാര്യം ചെയ്ത സംതൃപ്തിയില്‍ ചെറുതമ്പ്രാക്കളും ആ വരവും നോക്കി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ബുള്ളറ്റിലേറി രവിവര്‍മ്മതമ്പ്രാനുമെത്തി.

ചെറിയ തരത്തിലുള്ള വിചാരണ അവിടെ നടന്നു. സംഗതിയുടെ കിടപ്പ്‌ ഒരു തരത്തില്‍ പിശകില്ല എന്ന നിഗമനത്തിലാണ്‌ വലിയരാജ എത്തിയത്‌.

"തമ്പുരാട്ടികുട്ടീടെ ജീവന്‍ ഈശ്വരന്‍ തിരിച്ചു തന്നത്‌ ഈ ചെറുക്കനിലൂടെയല്ലേ? അതിനിവന്‍ ചെയ്തത്‌ അത്ര അപരാധമൊന്നുമല്ലാലോ. വെള്ളത്തില്‍ പെട്ടവരെ രക്ഷിയ്ക്കാന്‍ ആരും ചെയ്യണതൊക്കെയല്ലേ ഈ മാപ്പിളച്ചെക്കനും ചെയ്തേ?"

തമ്പ്രാക്കര്‍ മറുപടിയില്ലാതെ നിലം നോക്കി നിന്നു. രവിവര്‍മ്മ തമ്പ്രാന്‍ ഇതൊട്ടും പ്രതീക്ഷിച്ചതല്ല. അച്‌ഛന്റെ പ്രായമുള്ള തന്റെ വലിയേട്ടന്‍ ആയിപോയില്ലേ. അയാള്‍ പല്ല് കടിച്ച്‌ കടുക്‌ വറക്കുമ്പോഴുള്ള ശബ്‌ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചു. അയാള്‍ ഈര്‍ഷ്യയോടെ കൊട്ടാരത്തിനകത്തേക്ക്‌ വേഗം കയറിപോയി.

അബുവിന്റെ മനം കുളിര്‍ത്തു. കണ്ണുകളിലെ പൊന്നീച്ച പോയി കുളിരിമയെത്തി. അവന്‍ മന്ദഹസിച്ചു നിന്നു. വലിയരാജ പെരിയരാജ എന്ന് വിളിച്ചുകൂവണമെന്നുണ്ട്‌. വല്യമ്പ്രാന്‍ എല്ലാരോടും പിരിഞ്ഞുപോവാന്‍ ആക്ഞ്ഞാപിച്ചു. നല്ലൊരു ഒഴിവുസമയം ആസ്വദിച്ചിരുന്നത്‌ നഷ്‌ടമായ ദേഷ്യം പ്രകടമായിരുന്നു അയാളുടെ മുഖത്ത്‌.

മടങ്ങുന്നവരില്‍ പിറകിലായിരുന്ന അബുവിനെ ഒരു ഭൃത്യനെ അയച്ച്‌ വിളിപ്പിച്ചു. ഇനിയെന്തിനാണാവോ വല്യമ്പ്രാന്‍ വിളിക്കുന്നത്‌! അബു തിരികെ ചെന്നു. ഭവ്യതയോടെ നിന്നു. വലിയരാജ ഹിമക്കരടിയെ പോലെ വെളുത്ത ദേഹം നിവര്‍ത്തി വടിപോലെ നില്‍ക്കുന്നു. അപ്പോഴും മുറുക്കുന്നുണ്ട്‌. അപ്പുറത്തെ തെങ്ങിന്‍തോപ്പില്‍ കുറെ പണിക്കാര്‍ നാളികേരം പെറുക്കുന്നതും കൂടയിലാക്കി കൊണ്ടുപോവുന്നതുമൊക്കെ നോക്കിനില്‍പാണ്‌.

അബു ഒന്ന് മുരടനക്കിയപ്പോള്‍ അയാള്‍ നോക്കി. കോലായിലെ ചാരുകസേരയില്‍ ഇരുന്ന് കാലുകള്‍ നിവര്‍ത്തിവെച്ചു. ഒരു ഭൃത്യന്‍ അരികില്‍ നിന്ന് വീശറി ചലിപ്പിച്ചു. വേറെ ഒരാള്‍ കരിക്ക്‌ വെട്ടിയത്‌ കൊണ്ടുവന്നു. അതും കുടിച്ച്‌ ഏമ്പക്കമിട്ട്‌ വലിയരാജ അബുവിനോട്‌ ചോദിക്കുവാന്‍ തുടങ്ങി.

(കരിക്കിന്‍വെള്ളം ഇത്തിരി തനിക്കും തന്നൂടേ? ചോദിച്ചാല്‍ തരുമോ? അബു വൃഥാ ആഗ്രഹിച്ചുപോയി.)

"തന്റെ പേരെങ്ങിനേയാ?"

"അബു"

"എന്താ തന്റെ പണി?"

"വേല ഇന്നത്‌ എന്നൊന്നുമില്ല തമ്പ്രാ.. മീന്‍പിടുത്താ മെയിന്‍"

"അതു ശരി. കോലോത്തെ കുളിക്കടവിലെന്നെ മീന്‍ പിടിക്കണംന്നുണ്ടോ, ങ്‌ഹേ?"

"അത്‌.. അത്‌.. ഇവിടെത്തെ മീനുകള്‍ക്ക്‌ നല്ല മുഴുപ്പുണ്ടേയ്‌. അങ്ങാടീല്‌ കൊടുത്താല്‌ മെച്ചം ഇവിടുന്ന് പിടിക്കണതിനാണേയ്‌."

"നല്ലത്‌. നോം മീന്‍ കഴിക്കാത്തത്‌. ഇല്ലേല്‌ പിടിക്കണതെല്ലാം ഇങ്ങട്‌ കൊണ്ടുവരേണ്ടിവന്നേനെ! ഇവിടെത്തെ മുഴുപ്പുള്ള മീന്‌ മാത്രം അങ്ങാടീല്‍ക്ക്‌ പിടിച്ചോണ്ടായാ മതി. മനസ്സിലായോ മാപ്പിളേ?"

"ഓ... ഉത്തരവ്‌" - അബു പല്ലിളിച്ചു ചിരിച്ചു.

"ഈ വലിയരാജ ഒരു കോമഡിരാജയാണല്ലേ." (ആത്മഗതം)

"ആട്ടെ, തന്റെ വീടെവിടെയാടോ?"

"രാമംകുത്താണേയ്‌"

"അവിടെ ഒരു പാന്താത്ത എന്നൊരു സ്ത്രീയെ അറിയോ തനിക്ക്‌? അത്‌ ഒരുരുപ്പിടിയായിരുന്നു ആയകാലത്തേയ്‌"

തമ്പ്രാന്‍ കുടുകുടെ ചിരിച്ചു തുടരുകയാണ്‌.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതീലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തീരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറു എന്നോ മാലുവെന്നോ? ആ? ഉം ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

തമ്പ്രാന്‍ പഴയ രസങ്ങള്‍ അയവിറക്കി ആര്‍ത്തലച്ച്‌ ചിരിക്കുമ്പോള്‍ അബുവിന്റെ മുഖം കരിമേഘം വന്ന പോലെയായി. കണ്ണീര്‍ പൊടിഞ്ഞു.

"അത്‌... അതെന്റെ പെറ്റ ഉമ്മയാണ്‌!"

"ശ്ശോ! ഭഗവാനേ! ക്ഷമിക്ക്യാട്ടോ മാപ്പിളേ.." - വല്ല്യമ്പ്രാന്‍ വിഷണ്ണനായി എഴുന്നേറ്റു.

"ഞാന്‍ പോട്ടേ തമ്പ്രാ?"

സമ്മതം കേള്‍ക്കാന്‍ നിക്കാതെ അബു കൊട്ടാരമുറ്റം വിട്ടു. കോവിലക പാതയിലൂടെ മനസ്സിലെന്തൊക്കെയോ ചിന്തകളുമായി സായാഹ്നസൂര്യന്റെ ശോണിമയില്‍ അയാള്‍ നീങ്ങി. അമ്പലപറമ്പില്‍ മേയുന്ന പശുക്കളുടെ നടുവിലൂടെ ഒരു സ്വപ്‌നാടകന്‍ ആയിമാറിയ അബു നടന്നു. സഹയാത്രികനായി സ്വന്തം നിഴലും നീളത്തില്‍ വിടാതെയുണ്ട്‌.

അയാള്‍ അറിയാതെ അമ്പലത്തിന്റെ സമീപത്തുള്ള 'പ്രിയാനിലയം' എന്ന പഴയ തറവാടിന്റെ കിളിവാതിലിലൂടെ സുന്ദരമായ കണ്ണുകള്‍! അബു പോയി മറഞ്ഞപ്പോള്‍ ആ കിളിവാതില്‍ അടഞ്ഞു. സൂര്യനും ചക്രവാളത്തില്‍ പോയൊളിച്ചു.

(തുടരും)

Monday, 8 January 2007

ഒരു ചിത്തഭ്രമ പ്രണയം!

കര്‍ക്കിടകം ബലപ്പെടുമ്പോള്‍ ഭ്രാന്തും ബലപ്പെടുന്ന 'പിരാന്തന്‍'അബു ചെട്ട്യങ്ങാടിയില്‍ ഏവര്‍ക്കും അറിയാവുന്ന ഒരുത്തനാണ്‌. അവനെങ്ങനെ ഭ്രാന്തുണ്ടായി അല്ലെങ്കില്‍ സ്ഥിരബുദ്ധി പോയി എന്നുള്ളത്‌ ചികഞ്ഞാലോചിച്ച്‌ ഒരു ഉത്തരം കണ്ടെത്തുവാന്‍ നാട്ടിലെ തലമുറകളിലെ അങ്ങേതല തൊട്ടിങ്ങേതല വരെ പുകഞ്ഞാലോചിച്ചതാണ്‌.

വിശ്വസനീയമായ ഒരു കണ്ടെത്തല്‍ പോസ്‌റ്റ്‌മാന്‍ മെയമ്മാലി വകയുള്ളതാണ്‌. അബുവിന്റെ യുവരക്തം തിളക്കുന്ന കാലം. അന്നവന്‍ ഏതു കടക്കണ്ണും ഒന്നുടക്കി പോവാന്‍ പോന്ന ഒരു ഹൃത്തിക്കോ അതോ സല്‍മാനോ അതോ അതേപോലെത്തെ ഒരു മാങ്ങാതൊലിയോ ആയിരുന്നുവത്രേ.

അന്നേ അബുവിന്റെ ഹോബി കോവിലകം കടവില്‍ മീന്‍ പിടിക്കുന്നതായിരുന്നു. ഒരു ചൂണ്ടയും ഇരയായ മണ്ണിരകളെയിട്ട കവറുമായി അവന്‍ അവിടെ കെട്ടിയിട്ട വള്ളത്തിന്റെ ഒരറ്റത്തിരിക്കും. ചുണ്ടിലൊരു കാജാബീഡിയും ഇരിപ്പുണ്ടാവും, പുകഞ്ഞങ്ങനെ...

എല്ലാം നോക്കി അപ്പുറത്തെ ഒരു കമ്പിലൊരു വെള്ളകൊക്കും "ആനമയക്കി" (ഒരു വാറ്റ്‌ ഇനം) അകത്താക്കിയ പോലെ ഒറ്റക്കാലില്‍ വിക്രസ്സില്ലാതെയിരിപ്പുണ്ടാവും.

മീനെ പിടിക്കുന്ന അബു ഇരയെ ചൂണ്ടയില്‍ കോര്‍ക്കുമ്പോള്‍ അപ്പുറത്തെ കുളിക്കടവിലേക്ക്‌ നോക്കി പരിസരവും ശ്രദ്ധിച്ച്‌ തടി നോക്കുന്നുണ്ടാവും. വെയില്‍ ചൂടാവുന്നതിനും മുന്‍പ്‌ കോവിലകത്തെ പെണ്ണുങ്ങള്‍ മാത്രം നീരാട്ടിനിറങ്ങുന്ന കടവിലൊരു മൂലയില്‍ പൊന്തയ്‌ക്കപ്പുറം അബു ഉള്ളത്‌ ആരും അറിയാറില്ല. പല നാളുകളായിട്ടും.

കോവിലകവാസികളായ സ്ത്രീജനങ്ങള്‍ ഒരുപാടുനേരം സ്വകാര്യവും പ്രാദേശികവും ദേശിയാന്തര്‍ദേശീയവും എല്ലാം അവലോകനം ചെയ്ത്‌ അടുത്തെങ്ങും ഒരു പുരുഷന്‍ പോലുമില്ല എന്ന വിശ്വാസത്തില്‍ അര്‍ദ്ധനഗ്നകളായികൊണ്ട്‌ ദര്‍ശനയോഗ്യമല്ലാത്ത ശരീരഭാഗമെല്ലാം ചാലിയാറില്‍ അര്‍പ്പിച്ച്‌ നീന്തിത്തുടിച്ച്‌ ഏറേനേരം ചിലവഴിക്കുന്നത്‌ കണ്ട്‌ അബു ഇരിക്കും. ഒരു ചെറുമീന്‍ പോലും കൊത്താത്ത ചൂണ്ടയും അതിലെ മൃതപ്രായനായ ഇരയുമൊത്ത്‌ നിശ്ചലനായങ്ങനെ...

നീരാടുന്നവരില്‍ പരിചയം കുറഞ്ഞ ഒരു പെണ്‍കുട്ടി നീന്തിത്തുടിക്കുന്നുണ്ട്‌. കൊടിയ വേനല്‍ക്കാലത്തും അഞ്ചാള്‍ക്ക്‌ വെള്ളമുള്ള ചുഴിനിറഞ്ഞ 'കോവിലകക്കുഴി' എന്ന ചാലിയാറിലെ ഒരു ഭാഗം ഏറേ ദൂരെയല്ല. ആ വെളുത്ത കുട്ടി മുടിയെല്ലാം പരത്തിയിട്ട്‌ ഒരു ജലകന്യകയെ പോലെ മുങ്ങാംകുഴിയിട്ടും നീന്തിത്തുടിച്ചും കരയില്‍ നിന്നകന്ന് എത്തുന്നത്‌... പടച്ചോനേയ്‌ അങ്ങോട്ടാണല്ലോ.

ആരും അതു കണ്ടില്ല, അബു കണ്ടു. "ട്ടെപ്പോ!" എന്ന ഒച്ചയോടെ വള്ളത്തിന്റെ അറ്റത്തിരിക്കുകയായിരുന്ന അബു ഇരയെ കണ്ട ചീങ്കണ്ണി വെള്ളത്തില്‍ ചാടുന്ന പോലെ ചാടി. നീന്താനും തുടങ്ങി.

കരയിലും വെള്ളത്തിലും നീരാടിയും അലക്കിയും നിന്ന കോവിലക തമ്പുരാട്ടികള്‍ മാറും മറ്റും കൈകൊണ്ടും കിട്ടുന്നതു കൊണ്ടെല്ലാം മറച്ചുകൊണ്ട്‌ അലമുറയിട്ട്‌ മറവുള്ളയിടം നോക്കിയോടി. അപ്പോഴും അവര്‍ അബുവിനെയല്ലാതെ കയത്തില്‍ ജീവന്‍ പോവാനൊരു നിമിഷം മാത്രമുള്ള കൂട്ടുകാരിയെ കണ്ടിട്ടില്ല.

അബു അതിവേഗത്തില്‍ ആ പെണ്‍കുട്ടിയുടെ അരികില്‍ നീന്തിയെത്തി. മുടി കടന്നുപിടിച്ചു. പെണ്‍കുട്ടി ഭയന്നു, നിലവിളിച്ചു. അവള്‍ മുന്നിലേക്ക്‌ കുതിച്ചു. ഇപ്പോള്‍ ശരിക്കും കയത്തില്‍ പെട്ടുപോയി!

എവിടെയെല്ലാം പിടിക്കാമെന്നോ തൊടുവാന്‍ പാടില്ലായെന്നോ ചിന്തിക്കുവാന്‍ നേരം കളയാതെ അബു അവളെ വാരിയെടുത്തു. മുടിയിലെ പിടി വിട്ടിട്ടില്ല. അപ്പോഴേക്കും യുവതി ബോധരഹിതയായിട്ടുണ്ട്‌.

വരുംവരായ്‌കയൊന്നും ഓര്‍ക്കാതെ അബു യുവതിയെ ക്ലേശപ്പെട്ട്‌ കരയിലെത്തിച്ചു. പെണ്ണുങ്ങളുടെ നിലവിളി കേട്ട്‌ കോവിലകവാസികളും അമ്പലത്തിലെത്തിയവരുമെല്ലാം അവിടെ വന്നുകൂടി.

നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വെളുത്ത ദേഹത്ത്‌ അബു താഴെ കിടന്നിരുന്ന ഒരു തുണിയെടുത്തിട്ടു. ചുറ്റുമുള്ളവരെ ശ്രദ്ധിയ്‌ക്കാതെ പ്രദമശുശ്രൂഷ തുടങ്ങി. ബീഡി വലിക്കുന്ന നാറ്റമുള്ള അബുവിന്റെ വായ ആദ്യമായി ഒരു പെണ്‍കിടാവിന്റെ താമരമൊട്ടു പോലുള്ള നനുത്ത അധരത്തില്‍ സ്പര്‍ശിച്ചു. മനസ്സില്‍ യാതൊരു ചീത്ത ചിന്തയുമില്ല. രക്ഷിക്കണം ജീവന്റെ ഒരംശമെങ്കിലും തിരിച്ചെടുക്കണം. ആ ചുണ്ടില്‍ ആഞ്ഞു വലിച്ച്‌ വെള്ളം തുപ്പിക്കളഞ്ഞു. ഒരു കുടം വെള്ളമെങ്കിലും (ഇത്തിരി ഉമിനീരടക്കം) വെളിയില്‍ കളഞ്ഞു.

അധികം തുടരുവാന്‍ പരസരവാസികല്‍ സമ്മതിച്ചില്ല. അവര്‍ അബുവിനെ പിടിച്ചുമാറ്റി. യുവതി നേത്രങ്ങള്‍ പതിയെ തുറന്ന് എല്ലാവരേയും നോക്കി. ബന്ധുഗണത്തിലുള്ള സ്ത്രീകള്‍ കരഞ്ഞുകൊണ്ട്‌ അടുത്തെത്തി അവളെ എഴുന്നേല്‍പിച്ചു.

അബു വലിയ ചാരിതാര്‍ത്ഥ്യത്തോടെ നിവര്‍ന്നു. നെഞ്ചും വിരിച്ചു മുടിയിലെ നനവു തുവര്‍ത്തി ആ കുട്ടിയെ നോക്കി നിന്നു.

(തുടരും)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com