Showing posts with label ഹാസ്യകഥ. Show all posts
Showing posts with label ഹാസ്യകഥ. Show all posts

Thursday, 2 August 2018

മീശ വില്‍പനയ്ക്ക്..

ബിസി ബുക്ക് ഷോറൂമിന്റെ മുന്നിലെ ഗ്ളാസ്സിൽ തെളിഞ്ഞ പ്രതിബിംബങ്ങളെ നോക്കുമ്പോഴാണ് കോളേജ് പെൺകുട്ടികൾ ഡോറിനരികിൽ നിൽക്കുന്ന കൊമ്പൻമീശക്കാരൻ സെക്യൂരിറ്റിക്കാരനെ ശ്രദ്ധിച്ചത്. കണ്ടാൽ കാട്ടുകള്ളൻ വീരപ്പന്റെ മീശ പോലുണ്ടെന്നവർക്ക് തോന്നി.
അയാളുടെ കൊമ്പൻ മീശയെ ഒന്ന് 'ആക്കി'ക്കളയാമെന്ന തീരുമാനത്തിലെത്തിയ പെൺകുട്ടികൾ അടുത്തെത്തി ആ മീശയിൽ നിർന്നിമേഷരായി നോക്കി നിൽക്കുമ്പോൾ ഗൗരവത്തിൽ അയാൾ നിന്നു.
'എന്ത് വേണം?' - സെക്യൂരിറ്റിക്കാരൻ കൊമ്പൻമീശയിൽ വിരലാൽ വീണമീട്ടി ചോദിച്ചു.
അയാളുടെ ആകാരത്തിനും കൊമ്പൻമീശയ്ക്കും ചേരാത്ത കൊച്ചുകുട്ടിയുടെ സ്വരത്തിലുള്ള ആ ചോദ്യം പെൺകുട്ടികൾ പ്രതീക്ഷിച്ചതല്ല. അവർ ചിരിയടക്കി അയാളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
'ചേട്ടാ, ചേട്ടന്റെ മീശ ഞങ്ങൾക്ക് ഇഷ്ടായി. അതീന്ന് വലിയ രണ്ടുമൂന്ന് രോമങ്ങൾ പറിച്ചുതരാവോ?'
'എന്നാത്തിനാ എന്റെ മീശ?' - അയാൾ കണ്ണുതുറിപ്പിച്ച് ചോദിച്ചു.
'ആ മീശേലെ രോമം കൊണ്ട് മോതിരം ഉണ്ടാക്കിയിടാനാ, ഈ ആനവാൽ മോതിരം പോലെ.. പേടി മാറിക്കിട്ടാനാ ചേട്ടാ..' - സുന്ദരികൊച്ചിന്റെ പറച്ചിൽ കേട്ട അയാൾക്ക് അവർ തന്നെ കളിയാക്കുകയാണെന്നത് മനസ്സിലായെങ്കിലും ഗൗരവം നടിച്ച് അയാൾ പറഞ്ഞു.
'വർഷങ്ങളെടുത്ത് ഞാനുണ്ടാക്കി പരിപാലിച്ചുപോരുന്ന മീശയാണിത്. നിങ്ങളെപോലെത്തെ പെങ്കുട്ട്യോൾ ചോദിച്ചാൽ ഞാനെന്താ ചെയ്യാ.. ഉം.. ശരി, ഇരുന്നൂറ് രൂപാ എടുക്ക്, മീശേലെ രണ്ട് രോമം തരാ..'
പെൺകുട്ടികൾ വിലപേശി നൂറ് രൂപാ കൊടുത്തത് മേടിച്ച് ഇപ്പോൾ വരാമെന്നറിയിച്ച സെക്യൂരിറ്റിക്കാരൻ കുറച്ച് കഴിഞ്ഞ് അവരുടെ മുന്നിലേക്കെത്തി, നീണ്ട് വളഞ്ഞ് സ്പ്രിംഗ് പോലുള്ള രണ്ട് ചെമ്പൻ രോമങ്ങൾ അവർക്ക് നേരെ നീട്ടി.
'അയ്യോ ചേട്ടാ! ഇതേതാ ഈ ചെമ്പൻ രോമങ്ങൾ?' - അവർ ഞെട്ടി.
കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു: 'ഇത് വെറും ഷോറൂം, വില്പനയില്ല. ഇഷ്ടംപോലെ സ്റ്റോക്കുള്ള ഗോഡൗണിൽ മാത്രമേ വില്പനയുള്ളൂ..'
അയാളുടെ വിരലുകൾ അരയ്ക്ക് താഴോട്ട് പോവുന്നത് കാണാൻ നിൽക്കാതെ പെൺകുട്ടികൾ കണ്ണുപൊത്തി.

Friday, 27 March 2009

ബത്താക്ക മാഫീ.!

ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു ഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ വെളുപ്പും കറുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ സി.ഐ.ഡി 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍'സി.ഐ.ഡി: "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

സി.ഐ.ഡീസ് മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീ..?"

"ബത്താക്കാ മാത്രം മാ-ഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ ബത്താക്ക ഇല്ലെന്നത് കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'ദാസന്‍' ചെരിഞ്ഞോടി. അറബി'വിജയന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു. പാവം കോയമോന്‍ പലഹാരങ്ങളുടെ കൂട്ടത്തില്‍ ബത്താക്ക ചോദിച്ചപ്പോള്‍ മാഫീ എന്നറിയിച്ച് അകത്തായത് ഓര്‍ത്തപ്പോള്‍ ഒരു സുലൈമാനി കൂടി കുടിക്കാന്‍ തോന്നിയില്ല.

Saturday, 24 January 2009

കെ.കെ.കുറുപ്പിന്റെ കുടിനിന്നോ?

അങ്ങനെ കെ.കെ.കുറുപ്പ് ഡോ.അരുണാചലത്തിന്റെ വിശിഷ്‌ട അന്തേവാസി പേഷ്യന്റായി അവിടെ താമസമാരംഭിച്ചു.

ഡോ.അരുണാചലം ആദ്യദിവസം മുറിയിലെത്തി കെ.കെ.കുവിന്റെ നാഡി തപ്പിനോക്കി പരിശോധിച്ച് ചില ടോണിക്കുകള്‍ വരുത്തിച്ച് കൊടുത്തു. ഓരോ ടോണിക്കിനും ഓരോ ബ്രാന്‍ഡിന്‍ ടേസ്റ്റ് ആയതിനാല്‍ വെള്ളം കൂട്ടാതെ ഒറ്റവലിക്ക് കെ.കെ.കു ഫിനിഷാക്കി. കൂടെ കൊറിക്കാന്‍ ചില വിറ്റാമിന്‍ ഗുളികകള്‍ ഒരു പ്ലേറ്റില്‍ നഴ്സ് സൂസി റെഡിയാക്കി വെച്ചിരുന്നു.

പീനട്ട്സ് പോലെ കറുകുറു ആയി കെ.കെ.കുറുപ്പ് അവയെ പല്ലുകൊണ്ട് പെരുമാറി വരുന്നവഴിക്ക് കൊണ്ടുവന്ന വീക്കിലികള്‍, പുസ്തകങ്ങള്‍ നിരത്തിയിട്ട് വായിക്കാനെടുത്തെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. നഴ്സ് സൂസി അവയ്ക്കുമേല്‍ ഒരു നിഴലായി പതിയുന്നു!

ഒരുവേള നഴ്സ് സൂസി ചോദിച്ചു: 'സാര്‍ സാഹിത്യകാരന്‍ ആണല്ലേ?'

'യയാ'

'സാര്‍ ഷാര്‍ജേന്ന് നേരെ ഇങ്ങോട്ട് പോന്ന് കൂടിയത് വീട്ടുകാര്‍ അറിയത്തില്ലേ?'

വിറ്റാമിന്‍ ഗുളികാസ് കറുമുറു തിന്നുന്നത് സ്റ്റോപ്പാക്കി ഉണ്ടക്കണ്ണാല്‍ നോക്കീട്ട് കെ.കെ.കുറുപ്പ് കിടക്കയില്‍ ഒന്നു നിവര്‍ന്നിരുന്നു.

'സൂസീ ആയിട്ടിനി എന്റെ വീട്ടുകാരെ ഇന്‍ഫോ ചെയ്യേണ്ട. ഞാന്‍ കുടി നിറുത്തീട്ടേ ഇനി എന്റെ കുടിയില്‍ കാലു കുത്തൂ..!'

സൂസി മധുരതരമായി മന്ദഹസിച്ചു മുറിയില്‍ പരിമണം പരത്തി സാന്നിധ്യമറിയിച്ചുനിന്നു.

'എനിക്ക് കഥകള്‍ ഇഷ്‌ടമാണ്‌. സാര്‍ എഴുതിയ കഥകളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് തരാവോ?'

കെ.കെ.കുറുപ്പ് ഉന്മേഷവാനായി കട്ടിലിനടിയിലെ ട്രാവല്‍ ബാഗ് കുനിഞ്ഞെടുത്ത് തുറന്ന് തന്റെ വിശ്വവിഖ്യാതമാവാന്‍ മോഹിച്ച ആദ്യപുസ്തകം ഒരു കോപ്പി വെളിയിലെടുത്ത് ആദ്യപേജില്‍ ഒരൊപ്പ് പതിച്ച് സൂസിക്ക് കൊടുത്തു.

സൂസി അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു:

'ഇത് പ്രണയമാണോ അതോ കടിച്ചാപൊട്ടാ കഥയോ?'

കെ.കെ.കുറുപ്പ് കിടക്കയില്‍ ഇരുന്നാടി കൗതുകമോടെ ചൊല്ലി:

'ഇതില്‍ പ്രണയമൂര്‍ദ്ധന്യാവസ്ഥ അതിന്‍ ഉത്തുംഗപഥത്തില്‍ കൊടുമ്പിരികൊള്ളും വിധം ചാലിച്ച് പച്ചയായി എഴുതിയിട്ടുണ്ട്. അതുകൊണ്ട് സൂസി തനിച്ചിരിക്കുമ്പൊള്‍ മാത്രമേ ഇക്കഥ വായിക്കാവൂ. എന്നാലേ രസം കിട്ടൂ.'

സൂസി ഒന്ന് മൂളികൊണ്ട് ഇനി നിന്നാല്‍ ശരിയാവില്ലെന്ന പോലെ പിന്നെ വരാം എന്നറിയിച്ച് അവിടെ നിന്നിറങ്ങി.

അങ്ങിനെ ദിനങ്ങള്‍ കഴിഞ്ഞുപോയി. ബ്രാന്‍ഡുകളെ വെല്ലുന്ന ടോണിക്കുകള്‍ കാലിയാക്കി വിറ്റാമിന്‍ ഗുളികാസ് കടിച്ചു കൊറിച്ചകത്താക്കി ആ പ്രവാസി കഥാകാരന്‍ അരുണാചലം ക്ലിനിക്കില്‍ അന്തേവാസിയായി തുടര്‍ന്നു. മറ്റ് ചില കുടിയന്‍ അന്തേവാസികള്‍ അപ്പുറത്തെ ചില മുറികളിലുണ്ട്, അവര്‍ക്കൊപ്പം അവരവരുടെ ഭാര്യമാരോ, അമ്മമാരോ കൂട്ടിനുണ്ട്. ഇവിടെ ഈ മുറിയില്‍ തനിക്ക് സ്വന്തക്കാര്‍ ഇല്ലെങ്കിലും കൂട്ടിന്‌ സൂസി ഉണ്ടല്ലോ എന്നൊരാശ്വാസം കുറുപ്പിനു ചിലനേരം ആനന്ദമുളവാക്കി. അതും തന്റെ പുതിയ ഒരാരാധിക!

എന്നും രണ്ട് നേരം കിളവന്‍ ഡോ.അരുണാചലം വരും ചെക്കപ്പ് ചെയ്യും പുതിയ മരുന്നുകളും കൊറിക്കാന്‍ ചില നട്ട്സ് ഗുളികാസും കുറിച്ചിട്ട് പോകും. സൂസി വരുന്നതിന്‌ കണക്കില്ല. അവള്‍ കൊണ്ടുവരുന്ന ബില്ലിലെ കണക്കിനും ഒരു കണക്കുമില്ല! എന്നാലെന്ത്, സൂസി ഒരു നഴസ് മാത്രമല്ലല്ലോ, വിലമതിക്കാനാവാത്ത പരിചാരികയും തന്റെ ഒരാരാധികയുമല്ലേ..

നല്ലൊരു ഹോളിഡേ ആസ്വദിച്ച കെ.കെ.കുറുപ്പ് ആ മുറിയിലിരുന്ന് തന്റെ ലാപ്പ്‌ടോപ്പില്‍ വരമൊഴിയിലൂടെ കിടിലന്‍ നവകഥ ജനിപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്‌ നിദാനമായത് നഴ്സ് സൂസി ആയതിനാല്‍ ആ കഥ സൂസിക്ക് ഡെഡിക്കേറ്റ് ചെയ്യാനും മറന്നില്ല.

കഥ കഴിഞ്ഞപ്പോള്‍ സൂസിക്ക് വായിച്ചുകൊടുക്കാനും കുറുപ്പ് മറന്നില്ല. അവള്‍ ചില മാറ്റങ്ങളൊക്കെ മടിച്ചുകൊണ്ട് അറിയിച്ചപ്രകാരം മാറ്റപ്പെടുത്തി. സൂസിക്കും ഈ വിദ്യ പഠിക്കാന്‍ മോഹം അറിയിച്ചപ്പോള്‍ അവളുടെ നീണ്ടവിരലുകള്‍ മൃദുവായി പിടിച്ച് തന്റെ ലാപ്പ്ടോപ്പ് കീബോര്‍ഡിലൂടെ ഒഴുകിനടത്തിച്ച് കുറുപ്പ് ആദ്യാക്ഷരി പറഞ്ഞുകൊടുത്തു. അവര്‍ വരമൊഴിയിലൂടെ കൂടുതല്‍ തൊട്ടുരുമ്മി ഇരുന്ന് മണിക്കൂറുകള്‍ പോയതറിയാതെ ഇരുന്നു.

ഈ വരമൊഴി ട്യൂഷന്‍ അരങ്ങേറിയത് ഡോ.അരുണാചലം ഉച്ചമയക്കത്തിനു പോകുന്ന ഉച്ച തിരിഞ്ഞ രണ്ട് മണിക്കൂറ് നേരമായിരുന്നു. കുറുപ്പ് അങ്ങിനെ എല്ലാ ബ്രാന്‍ഡുകളും പാടേ മറന്നു കഴിഞ്ഞു. ചിലനേരം ടോണിക്കുകള്‍ പോലും വിസ്മരിക്കപ്പെട്ട് ഫുള്‍ ബോട്ടിലായി മേശമേല്‍ ഇരുന്നു. സൂസി മാത്രമായിരുന്നു ബെസ്റ്റ് മെഡിസിന്‍!

ഒടുവില്‍ സൂസിയും വരമൊഴിയില്‍ അഗ്രഗണ്യയായിമാറി. ഡോക്ടര്‍ ഇല്ലാത്ത നേരം ക്ലിനിക്കിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ചുളുവില്‍ തന്റെ എല്ലാമെല്ലാമായ സാഹിത്യകാരന്‌ ഉപയോഗിക്കാന്‍ സജ്ജമാക്കി സൂസി ഗുരുദക്ഷിണ ചെയ്തു. അതിലൂടെ കെ.കെ.കുറുപ്പ് തന്റെ സൂസിക്കഥ ബ്ലോഗില്‍ പോസ്റ്റി. സൂസിക്കും ബ്ലോഗാന്‍ ബാലപാഠം കാതില്‍ മന്ത്രിച്ചുകൊടുത്തു. അവളും ബ്ലോഗാന്‍ കൊതിയോടെ അത് ശ്രവിച്ച് ഇരുന്നു. അങ്ങിനെ അവര്‍ ഇരുവരും ബ്ലോഗി ബ്ലോഗി നേരം പോയതറിയാതെ മുറിയില്‍ കഴിഞ്ഞു. ബ്ലോഗുലകത്തിലൂടെ സൂസിയുടെ കൈപിടിച്ച് കുറുപ്പ് പലയിടത്തും ആടിപ്പാടി നടന്നു.

സൂസിയുടെ ബ്ലോഗാരംഭം ആരുമറിയാതെ കെ.കെ.കു ഉല്‍ഘാടിച്ചു. ആദ്യപോസ്റ്റ് സൂസിക്കുവേണ്ടി അവള്‍ പറഞ്ഞുകൊടുത്ത പ്രകാരം ഇട്ടതിന്‌ ആദ്യകമന്റ് ചാര്‍ത്തിയും കൊടുത്തു. 'ഒരു നഴ്സിന്റെ രാവുകള്‍' എന്ന തലക്കെട്ടായിരുന്നു സൂസിസ് ബ്ലോഗിന്‌ ചാര്‍ത്തിക്കൊടുത്തത്.

പക്ഷെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അവര്‍ ഇങ്ങനെ ബ്ലോഗിക്കൊണ്ടിരുന്ന ഒരു ഉച്ചനേരത്ത് അത് സംഭവിച്ചു!

ഡോ.അരുണാചലം ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ മുറിയില്‍ കയറിവന്നു. അവര്‍ ബ്ലോഗല്‍ നിറുത്തി ഞെട്ടി പിന്മാറി. സൂസി ചമ്മലോടെ മേശമേലേ ഗുളികകള്‍ എണ്ണിനോക്കുന്ന പോലെ നിന്നു. കുറുപ്പ് ലാപ്പ്ടോപ്പ് മടക്കിവെച്ചു.

ഡോ.അരുണാചലം ഒന്നുമറിയാത്ത പോലെ ഭവിച്ച് സീരിയസ്സായി കുറുപ്പിനെ നോക്കി.

'മിസ്റ്റര്‍ കെ.കെ.കു, താങ്കള്‍ തണ്ണി മറന്തിറുക്ക്. ഇനി തണ്ണിയേ ഉങ്കള്‍ക്ക് അലര്‍ജിയാവുത്. ആനാല്‍ ഉങ്കള്‍ടെ ട്രീറ്റ്മെന്റ് ഫിനിഷാച്ച്.'

'ഡോ! യെന്നാ ശൊന്നത്? ഇല്ലൈ, എനക്ക് കുടി മറക്കാന്‍ തോന്നാത്. കൊഞ്ചം ദിനംസ് ഒന്ന് ചെക്കപ്പ് ചെയ്യണം ഡോക്ടര്‍?'

'എന്ന പഠിപ്പിക്കാത് കെ.കെ.കു. നാന്‍ ശൊന്നത് ശൊന്നതുതാന്‍. ആ സൂസീ ബില്ല് എല്ലാമേ ചെക്ക് ചെയ്ത് എത്രയാച്ച് എന്ന് കാല്‍ക്കുലേറ്റ് ചെയ്ത് സെറ്റില്‍ ചെയ്‌വാന്‍ ശീഘ്രം നോക്ക്, പോങ്കോ?'

'ശെരി സാര്‍' സൂസി വേഗം മുറിയില്‍ നിന്നിറങ്ങി. വാതിലിനടുത്തെത്തി ഒന്നൂടെ തന്റെ ബ്ലോഗ് നാഥനെ കടാക്ഷയേറ് വെച്ചുകൊടുത്തു.

കെ.കെ.കുറുപ്പ് വിഷാദമൂകനായിരുന്നു. വൈകുന്നേരം എല്ലാ സ്ഥാവക ജംഗമ വസ്തുക്കളുമായി അദ്ധേഹം മുറിവിട്ടിറങ്ങി. ഡോ.അരുണാചലം തന്റെ കാറില്‍ ടൗണില്‍ കൊണ്ടുവിടാന്‍ തയ്യാറായി. കുറുപ്പിന്റെ ഉണ്ടക്കണ്ണുകള്‍ ക്ലിനിക്കിലും പരിസരത്തും എല്ലാം പരതിയോടി നടന്നു. സൂസിയെവിടെ?

'സൂസിയെ സ്ഥലം മാറ്റി വിട്ടു. ഇങ്കെ നഴ്സ് തങ്കമ്മ ചാര്‍ജ്ജെടുത്തു.'

കുറുപ്പ് ഞെട്ടിപ്പോയി. താന്‍ മനസ്സില്‍ ചോദിച്ചത് അറിഞ്ഞപോലെ ഡോക്ടര്‍ അരുണാചലം പറഞ്ഞത് കേട്ട് ഒന്നൂടെ ഞെട്ടി. അപ്പോള്‍ ഒന്ന് ചുമച്ചുകൊണ്ട് കറുത്തിരുണ്ട നഴ്സ് തങ്കമ്മ ഒരു ട്രേയില്‍ മരുന്നുമായി ഒരു മുറിയില്‍ നിന്നിറങ്ങിവരുന്നു. പിന്നെ കുറുപ്പ് ഒന്നാശ്വസിച്ചു. ഹൊ! ഐയാം ലക്കി. ഞാന്‍ അഡിമിറ്റായ ഇത്രേം ദിവസങ്ങള്‍ ഈ കറുത്ത തങ്കമ്മ ആയിരുന്നെങ്കിലോ?! താന്‍ ഓടിരക്ഷപ്പെട്ടേനേം.

ഡോക്ടര്‍ അരുണാചലം കാറോടിച്ചു. സൈഡ് സീറ്റില്‍ കെ.കെ.കുറുപ്പും.

'ഡോക്ടര്‍ ഇപ്പോഴും എന്റെ ആരോഗ്യസ്ഥിതിയെ പറ്റി പറഞ്ഞില്ല?'

'ഡോ, യാര്‍ ശൊന്നത് ഉങ്കള്‍ ഉടമ്പ് മോശമെന്ന്? ഉങ്കള്‍ക്ക് ഒന്നുമേയില്ലൈ. ഉങ്കള്‍ടെ കിഡ്നി, ലിവര്‍, ഹാര്‍ട്ട് എല്ലാം ഗുഡ് കണ്ടീഷന്‍ തന്നൈ!
യൂ ആര്‍ ഹെല്‍ത്തി, പെര്‍‌ഫെക്റ്റ് തന്നെ.
ഇനി കുടി പറ്റെ നിറുത്താനൊന്നും നാന്‍ അഡ്‌വൈസ് ചെയ്യില്ല.
കുറുപ്പിന്‌ വേണേച്ചാല്‍ കുടിക്കാം, ലിമിറ്റ് വിടാത് കുടിക്കണം. ഓക്കെ?'

കുറുപ്പ് അന്തം വിട്ട് ആഹ്ലാദചിത്തനായി ഡോക്ടറെ കെട്ടിപ്പിടിച്ചു. ഡ്രൈവ് ചെയ്യുന്ന ഡോ.അരുണാചലത്തിന്റെ കണ്‍‌ട്രോള്‍ ഒന്ന് തെറ്റി തെറ്റിയില്ലാന്നായി. കാറ് റോഡിലൂടെ വളഞ്ഞുപുളഞ്ഞ് പിന്നെ ലെവലായി ഓരം ചേര്‍ന്ന് മുന്നോട്ട് ഓടി.

കുറുപ്പ് സന്തോഷം കൊണ്ട് തുള്ളിച്ചാടി പലവിധ സ്വരങ്ങളും ഉച്ചത്തില്‍ ഉണ്ടാക്കി വഴിയോരത്തൂടെ പോകുന്നവരെ കൈവീശി ഇരുന്നു. അപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു.

'ബാ‌ര്‍‌ര്‍‌ര്‍‌'

'വണ്ടി നിറുത്തിക്കേ.' അരുണാചലം വണ്ടി നിറുത്തി. ഏറെ നിര്‍ബന്ധിച്ച് അദ്ധേഹത്തെ കെ.കെ.കുറുപ്പ് പിടിച്ചുവലിച്ച് ബാറിലേക്ക് കൊണ്ടുപോയി.

'കടവുളൈ, നാന്‍ കുടി എന്നേ നിറുത്തി. ഇനി തൊടാത്. വിടുങ്കോ.'

കുറുപ്പ് അതൊന്നും കേള്‍ക്കാതെ ഡോ.അരുണാചലത്തെ വലിച്ചുകൊണ്ട് ഒരു ഇരുണ്ട കോണിലിരുത്തി.

'ഡോ ഒന്നു ഉരിയാടാത്. ഇത് എന്റെ ഒരു സന്തോഷത്തിന്‌. ഒരു പെഗ്ഗ് മാത്രം കഴിക്കണം പ്ലീസ്.'

ഡോ ഒന്നും ഉരിയാടിയില്ല. ഇരുണ്ടകോണില്‍ ഇരുന്ന് ബാറിലെ ബഹളം ശ്രദ്ധിച്ച് ചുറ്റും നോക്കി കൂനിക്കൂടിയിരുന്നു. കുറുപ്പ് തന്റെ മൊബൈലില്‍ ആരെയൊക്കെയോ വിളിക്കുന്നു.

'അതേഡേയ്, ഞാന്‍ തന്നെ. ഇപ്പോ നാട്ടിലുണ്ട്. ഉടനെ തിരിച്ചുപോകും. നീ വാടാ. ഇവിടെ ഹൈനസ്സ് ബാറിലുണ്ട്. ഉടനെത്തണംട്ടാ.'

ഇതേ ഡയലോഗ് പത്തുപേരോട് മാലപ്പടക്കം പോലെ പറഞ്ഞ് ബെയറോട് പല ബ്രാന്‍ഡുകള്‍ ഓര്‍ഡറിട്ടു. കൂടെ കൊറിക്കാന്‍ ഓയില്‍ പീനട്ട്സും ബീഫ് ചില്ലിയുമെല്ലാം..

ആദ്യം ഒരു ലാര്‍ജും ഒരു സ്മോളും വന്നു. നിര്‍ബന്ധിക്കാന്‍ തുനിയുന്നേനും മുന്‍പേ ഡോ.അരുണാചലം സ്മോള്‍ ഫിനിഷാക്കി ചിറി തുടച്ചു. കുറുപ്പ് ആഹാ കൊള്ളാല്ലോ എന്ന ഭാവത്തിലിരുന്ന് ലാര്‍ജടിച്ചു. കുറച്ചുകഴിഞ്ഞ് പലപ്പോഴായി പത്തു പേര്‍ അവിടെയെത്തി. എല്ലാം കുറുപ്പിന്റെ ഉറ്റസുഹൃത്തുക്കള്‍. അവരെല്ലാരും ഒരു വലിയ കാബിനിലേക്ക് ഷിഫ്റ്റായി.

അങ്ങിനെ വലിയൊരു മദ്യസദ്യ അരങ്ങേറി. കുപ്പികള്‍ പലതും കാലിയായികൊണ്ടിരുന്നു. മദ്യം വിട്ട ഡോക്ടര്‍ എത്രയകത്താക്കിയെന്നറിയില്ല. മദ്യവിമുക്തിക്ക് വേണ്ടി വന്ന രോഗി എത്ര ഫിനിഷാക്കിയെന്നും ആരുമറിഞ്ഞില്ല. ഇതൊന്നും അറിയാത്ത പത്തു ചെങ്ങാതിമാര്‍ എത്രയോ കുപ്പികള്‍ കാലിയാക്കി പാട്ടും കൂത്തുമായി ഇരുന്നു.

വലിയൊരു ബില്ല് ടിപ്പോടെ കൊടുത്ത് കുറുപ്പ് നേരെ തന്റെ വീട്ടിലേക്ക് ടാക്സിപിടിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ഏറെ ഉല്ലാസവാനായി ഷാര്‍ജാ ഫ്ലൈറ്റില്‍ കുടുച്ചുല്ലസിച്ച് വാനത്തിലൂടെ കെ.കെ.കുറുപ്പ് പറന്നു.

ഇപ്പോള്‍ ഡോ.അരുണാചലം ക്ലിനിക്കില്‍ വരുമ്പോള്‍ വല്ലാത്ത മദ്യനാറ്റം പരക്കുന്നുവെന്നും എന്നും ഉച്ചതിരിഞ്ഞുള്ള മയക്കം നിറുത്തി പകരം ബാറിലിരുന്ന് മദ്യം നുണയാറാണ്‌ പതിവെന്നും നാട്ടില്‍ ശ്രുതി!

(തീര്‍ന്നു.)

Thursday, 15 January 2009

ഡോ.അരുണാചലം & കെ.കെ.കുറുപ്പ്

'ഡോ? മേ ഐ കം ഇന്‍?'

വഴകുഴായുള്ള ശബ്‌ദം വന്നത് പാതിതുറന്ന വാതിലിലൂടെ പ്രത്യക്ഷപ്പെട്ട കഷണ്ടിത്തലയുടെ ഉടമയില്‍ നിന്നാണ്‌. ഗാന്ധിക്കണ്ണടയും ബുള്‍‌ഗാന്‍ താടിയും ഫിറ്റ് ചെയ്ത അതാരാണാവോ എന്നറിയാന്‍ ഡോക്‌ടര്‍ അരുണാചലം എത്തിനോക്കി. അകത്തേക്ക് വരുവാന്‍ സിഗ്നല്‍ കൊടുത്തു.

ആഗതന്‍ വലിയൊരു ട്രാവല്‍ ബാഗും തോളില്‍ തൂക്കിയിട്ട് വേച്ച് വേച്ച് വന്ന് ഡോക്ടറുടെ മുന്നിലിരുന്ന് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തു.

മുന്‍പ് കണ്ടിട്ടില്ലാത്ത അവതാരത്തെ സൂക്ഷിച്ചുനോക്കി ഡോ.അരുണാചലം. എവിടേന്ന് പൊട്ടിവീണതാണാവോ. ദൂരം ദിക്കിലെവിടേയോനിന്ന് വന്നിറങ്ങിയതാണെന്ന് ആ ട്രാവല്‍ ബാഗിലെ ഫ്ലൈറ്റ് ലഗേജ് ടാഗ് വ്യക്തമാക്കുന്നുണ്ട്. ഡോക്ടര്‍ മേശപ്പുറത്തുള്ള കണ്ണട ധരിച്ചു ഒന്നൂടെ ആ ടാഗില്‍ നോക്കി. ഓ അതുശെരി, നല്ല കണിയാണല്ലോ. വന്നത് ഒരു പ്രവാസിയാണ്‌. പക്ഷെ, ഈ പ്രവാസി എന്തിനാണാവോ വിമാനമിറങ്ങി നേരെ ഇങ്ങോട്ട് വെച്ചടിച്ചത്? അതും ഈ ഓണം കേറാമുക്കിലെ അത്ര ബിസിയല്ലാത്ത എന്നെ അന്വേഷിച്ച്? ഡോ. അരുണാചലം ആഗതന്റെ ക്ഷീണം വന്ന പാതിയടഞ്ഞ കണ്ണുകളില്‍ തറച്ചുനോക്കി ചിന്തിച്ചിരുന്നു.

'ഡോ? ഐ ആം ഫ്രം ഷാര്‍ജ. ഫ്ലൈറ്റിറങ്ങി നേരെ ഇങ്ങോട്ട് ടാക്സിപിടിച്ചു പോന്നു. ഡോക്ടറെ കാണാന്‍ തന്നെ'

'യാത്ര എപ്പടിയിരുന്ത്? സൗഖ്യാച്ചാ? യെന്നാ ഉടമ്പ്ക്ക് കെടച്ചത്?'

അപ്പോ ഈ ഡോ. അണ്ണാച്ചിയാല്ലേ. പ്രവാസി മനസ്സിലാക്കി. എല്ലാത്തിനും തലയാട്ടി.

'സാര്‍ അതു വന്ത്. നാന്‍ റൊമ്പ കുടിക്ക്ത്. തണ്ണി തണ്ണി.'

'യെന്നാ ശൊല്ല്ത്? തണ്ണി ഉടമ്പ്ക്ക് നല്ലത്. ജാസ്തി കുടിക്കണം. എനര്‍ജിക്ക് ബെസ്റ്റ്.'

'ഡോ. അന്ത തണ്ണിയല്ലൈ ഇന്ത തണ്ണി ഹോട്ട് തണ്ണി. സ്കോച്ച്, വിസ്കി, ബ്രാന്‍ഡി, റം, ജിന്‍, വോഡ്ക, ഷം‌ബാഗിനി (ഷാമ്പെയിന്‍) അപ്പടി യെല്ലാ തണ്ണിവഹകളും കുടുകുടെ കുടിക്കും. ശീലമാച്ച് പോച്ച്. ഒബ്‌സെഷന്‍ ആച്ച്. നമ്മ ജോലിയേ ബാധിച്ചുപോച്ച്. കുടുംബം നാട്ടീപോച്ച്. തണ്ണിയടി മട്ടും താന്‍ നമ്മ വേലൈ.'

ഒറ്റശ്വാസത്തില്‍ സംഗതി പറഞ്ഞിട്ട് ആഗതന്‍ ബാഗുതുറന്ന് പാതിനിറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് മോന്തി നെടുവീര്‍പ്പിട്ടു. ഡോ.അരുണാചലം വാപൊളിച്ച് അത് തടഞ്ഞു.

'സെരി, സെരി. യെന്നാ ഉങ്കള്‍ പേര്‍?'

'മൈ നെയിം ഈസ് കുഞ്ഞുകുഞ്ഞുകുറുപ്പ്. നാട്ടാരും സ്നേഹിതരും പിന്നെ ആരാധകരും കെ.കെ.കുറുപ്പ് എന്നു വിളിക്കും.'

'ഐസി. അപ്പോ മിസ്റ്റര്‍ കെ.കെ.കു ഒരു കലാകാരനാണോ? ആരാധകരെന്ന് ശൊല്ലിയത്?'

'ഡോ.. ഞാന്‍ എഴുത്തുകാരനാ. കമ്പ്യൂട്ടറിലൂടെ എഴുതി പ്രസാധകര്‍ വഴി ബുക്കിറക്കി ആരാധകരെ പ്രീതിപ്പെടുത്തുന്ന നവറൈറ്റര്‍. ബട്ട് ജോലി വേറെയുണ്ട്. എഴുത്തിന്‌ ഇന്ത തണ്ണിയടി ബെസ്റ്റ്, എന്നാല്‍ ജോലിക്ക് തണ്ണിയടി വേഴ്സ്റ്റ്..! എന്നെ രക്ഷിക്കണം സാര്‍..'

ഡോ.അരുണാചലം താടിചൊറിഞ്ഞ് ചിന്താമഗ്നനായിരുന്നു. മേശപ്പുറത്തെ ബെല്ലമര്‍ത്തി. ഉടനെ അഴകിന്‍ ധാമം പോലെ നഴ്സ് യുവതി പ്രത്യക്ഷപ്പെട്ടു. കെ.കെ.കു ഗാന്ധിക്കണ്ണടയിലൂടെ ഉണ്ടക്കണ്ണു തള്ളിച്ച് അവളെ നോക്കി. നഴ്സ് ഒരു കടക്കണ്ണെറിഞ്ഞ് അരികില്‍ നിന്നും വിട്ട് നിന്നു.

'സൂസീ, നമ്മുടെ ഇന്‍‌പേഷ്യന്റ്സ് റൂം അറേഞ്ച് ചെയ്യ്വാ. നല്ല ബെസ്റ്റ് മുറി തന്നെ വേണം. ഇത് നമ്മ മുഖ്യമാന ഗസ്റ്റ് കം പേഷ്യന്റ്. വോക്കെ?'

'സൂസീ...' കുഞ്ഞുകുഞ്ഞുകുറുപ്പിന്റെ വായയിലൂടെ കാറ്റ് ശൂന്ന് ഇങ്ങനെ മന്ത്രിച്ചുപോയി അലിഞ്ഞു. സൂസി ഉടന്‍ മുറിവിട്ടു പോയി.

'മിസ്റ്റര്‍ കെ.കെ.കു. ഒരു വീക്ക് ഇങ്കെ നീങ്കള്‍ അഡ്മിറ്റാവണം. നാന്‍ ഉങ്കള്‍ തണ്ണിയടി കമ്പ്ലീറ്റ് ഡിലീറ്റാക്കി തറും. പ്രോമിസ്. ഓക്കെ?'

'സാര്‍.. ഒരു വീക്കല്ല ഒരു ഇയര്‍ വേണേല്‍ ഇങ്ക നാന്‍ കെടക്കാം. തണ്ണിയടി പോണേല്‍ പോട്ട്.'

കുഞ്ഞുകുഞ്ഞുകുറുപ്പ് ചാടിയെണീറ്റ് ബാഗ് തുറന്ന് ഒരുകെട്ട് കറന്‍സിയെടുത്ത് മേശപ്പുറത്ത് വെച്ചു. കൂടെ ഈയ്യിടെ പ്രസിദ്ധീകരിച്ച തന്റെ നോവലും..

(തുടരും..)

Thursday, 25 December 2008

ബല്ലാത്ത ബിയ്യാത്ത!

'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്‌?'

കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില്‌ നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട്‌ വഴിപോക്കര്‌ ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക്‌ വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!

'ഞമ്മള്‌ നെലമ്പൂർക്ക്‌ പോക്വാണ്‌. ഉണ്ണിവൈദ്യേരെ ഒന്ന്‌ കാണാനേയ്‌. കൊറച്ച്‌ കൊയമ്പ്‌ മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ്‌ കയിഞ്ഞ്‌. ഇഞ്ഞ്‌ അടുത്തൊല്ലത്തെ മാങ്ങീട്ട്‌ കരുതണ്ടേ..'

അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ്‌ പാലം കടന്ന്‌ ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ്‌ പോകുന്ന 'തുറാൻ' ബസ്സും വന്ന്‌ എതിരേയുള്ള സ്റ്റോപ്പിൽ നിന്ന്‌ ആളെയിറക്കി.

ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട്‌ ഓടി രണ്ട്‌ ബസ്സിനേം വലയം വെച്ച്‌, ഏത്‌ ബസ്സ്‌ ഏത്‌ ദിശേൽക്ക്‌ എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ്‌ ഡോറിലൂടെ അകത്തേക്ക്‌ ചാടിക്കേറി. കിളി വിസിലൂതി. അത്‌ തുറാൻ ബസ്സായിരുന്നു!

കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.

'എങ്ങോട്ടാ?'

'ഉണ്ണിവൈദ്യേരെ അങ്ങട്ട്‌.'

'എവിടേക്ക്‌?'

'നെലമ്പൂർക്ക്‌'

'ഇത്‌ കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല്‌ കേറിക്കോളീം.'

കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന്‌ കിതച്ചു.

'പണ്ടാറടങ്ങാൻ ബസ്സ്‌ രണ്ടെണ്ണം ഒന്നിച്ച്‌ ബന്ന്‌ ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.

കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക്‌ വിട്ടു.

ലേഡീസ്‌ സീറ്റ്‌ കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച്‌ കൈചൂണ്ടി പറഞ്ഞു:

'ഇത്താ സീറ്റ്‌ കാലിയായ്‌ കെടക്കുന്നത്‌ കണ്ടില്ലേ. അങ്ങോട്ട്‌ കുത്തിരുന്നൂടേ?'

'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര്‌ പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്‌!'

ബിയ്യാത്ത കലിപ്പായി നിന്നിട്ട്‌ പറഞ്ഞു. കിളി വാപൊളിച്ച്‌ നീട്ടിയൊരു ചൂളമടിച്ചു.

നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ്‌ രണ്ട്‌ കുപ്പി വാങ്ങി രണ്ട്‌ കക്ഷത്തും ഇറുക്കിപ്പിടിച്ച്‌ കല്ലാമൂല വഴി പോകുന്ന ബസ്സ്‌ കാത്തുനിന്നു. കുറച്ച്‌ കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്‌. അതിൽ തിക്കിക്കയറി. സീറ്റ്‌ കിട്ടി. ഇരുകക്ഷത്തും കുഴമ്പ്‌ കുപ്പികളും വെച്ച്‌ ബിയ്യാത്ത സ്വസ്ഥമായിരുന്നു.

ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച്‌ കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട്‌ ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട്‌ വാൾവെക്കുന്നവരെ പ്രതിരോധിച്ചു.

ബസ്സ്‌ പുറപ്പെട്ട്‌ മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ്‌ കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന്‌ ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.

'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'

ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന്‌ ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ്‌ മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട്‌ ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്‌... എന്തും സംഭവിക്കാം..

ഇതിനിടയ്ക്ക് കിട്ടിയ ചാന്‍‌സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:

'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'

'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'

'പക്ഷെ? ഉം?'

'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'

'ഞാനും തപ്പിക്കോട്ടെ?'

കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന്‌ ചെക്കനും ഹെല്‍‌പുചെയ്തു.

ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട്‌ ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച്‌ വലിച്ച്‌ മാറ്റി.

'ഇങ്ങളെന്താ തള്ളേ നോക്ക്ണത്‌? ഹലാക്കാക്കാൻ ഒലക്ക!'

'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത്‌ മാങ്ങ്യതാ കൊയമ്പ്‌ കുപ്പി. അത്‌ കാണാനില്ല.'

'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില്‌ മുറുക്കിവെച്ചിക്കിണത്‌! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'

ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ്‌ അപ്പോഴാണ്‌ ബിയ്യാത്ത ശ്രദ്ധിച്ചത്‌. തൂങ്ങിയാടുന്ന പല്ലിളിച്ച്‌ ബിയ്യാത്ത പാഞ്ഞു.

എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില്‌ മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.

അത്‌ മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!

(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്‌. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ഓടിക്കൊണ്ടേയിരിക്കും. അതാണ്‌ അവന്റെ പിരാന്ത്‌. പണ്ട്‌ തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത്‌ വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക്‌ പ്രത്യേകിച്ച്‌) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)

മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക്‌ ഡോർ വഴി കയറുന്നത്‌ കണ്ട്‌ ആരോ വിളിച്ചുകൂവിയതാണ്‌ ഈ പൊല്ലാപ്പിനൊക്കെ ഹേതു.

ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട്‌ ന്യൂസു'മായാണ്‌ ഇറങ്ങിയത്‌.

"തൂറാൻ മുട്ടി രണ്ടാൾക്ക്‌ പരിക്ക്‌, 'തീവണ്ടി' കാരണം അപകടം!'

Monday, 8 December 2008

'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും' പൊല്ലാപ്പായി.

അവുളക്കുട്ടി മീന്‍‌കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്‌.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.

നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ്‌ വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല്‌ മേലോട്ട് മീന്‍‌വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.

'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'

ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍‌പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.

അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.

'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'

'അതൊരു സര്‍‌പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'

'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'

ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.

'ഇബടെ നല്ല മീനോള്‌ ബില്‍ക്കപ്പെടും'

'എന്തേയ്?'

'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'

'ഇല്ല'

'എന്നാല്‌ അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'

അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.

'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'

കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.

'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള്‌ സംസയിക്കും.'

അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.

'മീനുകള്‍ വില്‍ക്കപ്പെടും'

ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.

കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള്‌ മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!

'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'

'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'

കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ്‌ ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.

ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.

'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'

'എന്തേയ് ആഗൂ?'

'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'

'ഇല്ലാ..'

'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'

'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'

'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'

ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..

ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.

ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!

(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)

Monday, 13 August 2007

അബുട്ടി - ചിത്തഭ്രമപ്രണയകഥാനായകന്‍!

ചിത്തഭ്രമപ്രണയകഥയിലെ നായകനെ നിങ്ങളോര്‍ക്കുന്നില്ലേ? പിരാന്തന്‍ അബുട്ടിയെ? അക്കഥ തുടരനാക്കാനായില്ല. എന്തെന്നാല്‍ വിമര്‍ശന-പ്രാദേശിക-ജാതീയ വിസ്‌ഫോടനത്താലും പിന്നെ.. അക്കാലയളവില്‍ പൊട്ടിയുദിച്ച ചില 'വര്‍മ്മനോണി'കളാലും തലയ്‌ക്കുള്ളില്‌ നിറഞ്ഞുകിടപ്പുള്ള ഇക്കഥ അന്നുതന്നെ ഞാന്‍ ഫുള്‍-സ്റ്റോപ്പിട്ടതാണ്‌.

നിങ്ങള്‍ക്ക്‌ സമ്മതാണേല്‌ ബാക്കികൂടി വായിക്കാന്‍ ഇടണമെന്നുണ്ട്‌. ഇപ്രാവശ്യം ഒരു നുറുങ്ങുനര്‍മ്മം (പിരാന്തനബുട്ടി വക) പറഞ്ഞോട്ടെ...

അങ്ങിനെ പിരാന്തനബുട്ടി നിലമ്പൂരിലെ ചെട്ടിയങ്ങാടി കൊടികുത്തി അലഞ്ഞുതിരിഞ്ഞുവസിക്കും കാലം.. ഉച്ചഭക്ഷണം സ്ഥിരം അകത്താക്കുന്നത്‌ വര്‍ഷങ്ങളായിട്ട്‌ ജനകീയസമ്മതനായ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടില്‍ നിന്നാണെന്നറിയാല്ലോ.. അതിനൊരു കാരണം അബുട്ടീസ്‌ ചോദ്യത്തിലുണ്ട്‌:

"ഞമ്മള്‌ നാട്ടാര്‌ വെയിലും മയീം കൊണ്ട്‌ ക്യൂനിന്ന്‌ എല്ലാ വട്ടവും ജയിപ്പിച്ചുകൊണ്ടുവരുന്ന കുഞ്ഞാക്കയുടെ വീട്ടിലെ ഫുഡടിക്കുന്നത്‌ ചോയിക്കാന്‍ ഉശിരുള്ള ഏതെവനുണ്ടെടാ ഞാനല്ലാതെ ഇവിടെ വേറെ??!"

അങ്ങിനെ ഒരിക്കലൊരു ഇലക്ഷന്‍ പ്രചരണകാലം, നേതാവ്‌ കുഞ്ഞാക്ക പുരയിലുള്ള വേള. വാരിവലിച്ച്‌ ചോറും കറിയും തിണ്ണയിലിരുന്ന്‌ തിന്നുന്ന അബുട്ടിയെ മൂപ്പര്‌ ശ്രദ്ധിച്ചു. അരികിലെത്തി. കൂടെ ഖദറിട്ട ലോക്കല്‍ നേതാക്കളുമുണ്ട്‌.

"മോനേ.. അബുട്ടീ.. ഇപ്രാവശ്യം കുഞ്ഞാക്ക ജയിക്കൂലേടോ?"

വായ നിറച്ചും ചോറുനിറച്ച്‌ കണ്ണും തള്ളി മോന്ത തുടച്ച്‌ ഒരു പൊരിച്ച അയക്കോറ പീസും കൂടി വായയിലിട്ട അബുട്ടി എക്കിളെടുത്ത്‌ വെള്ളത്തിന്റെ സ്‌റ്റീല്‍ കപ്പെടുത്ത്‌ പോസായിട്ടൊന്ന്‌ ഇരുന്നു.

"കുഞ്ഞാക്ക കൊല്ലം കൊറേയായില്ലേ ജയിച്ചങ്ങനെ തിരോന്തരത്ത്‌ പോയി കഴിയുന്നത്‌! ഇപ്രാവശ്യം കുഞ്ഞാക്ക തോറ്റാല്‍ മതി."

"ങ്‌ഹേ! എന്ത്‌? അതെന്താ?"

"ആന്ന്‌. ഇങ്ങള്‌ തോറ്റാല്‌ മാസത്തില്‌ ഒരു വട്ടം വരുന്നത്‌ മാറി പിന്നെ എന്നും പുരയിലുണ്ടാവൂലേ. അപ്പോള്‌ ഞമ്മള്‍ക്ക്‌ എന്നും തിന്നാന്‌ പൊരിച്ച കോയീം മീനും, നെയിച്ചോറും ബിരിയാണീം കിട്ട്വോലോ.. ഇതിപ്പം ഇങ്ങള്‌ വരുന്ന അന്നല്ലേ നല്ല ഫുഡ്‌ കിട്ടുന്നേ!"

ഇതുകേട്ട്‌ കുഞ്ഞാക്ക പുഞ്ചിരിച്ചപ്പോള്‍ കൂടെയുള്ള കുട്ടിനേതാവ്‌ അറിയാത്തപോലെ അബുട്ടി കുടിക്കുന്ന സ്‌റ്റീല്‍ കപ്പ്‌ കൈയ്യാല്‍ തട്ടി നിലത്തിട്ടതാരും അറിഞ്ഞീല..!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com