Saturday, 14 June 2008

പോക്കരും ഐദ്രോസും കുഞ്ഞിപ്പാത്തുവും...

ഗള്‍ഫിലെ പണികളഞ്ഞ് നാട്ടിലെ പണിതീരാത്ത വീട്ടില്‍ ഉള്ള സൌകര്യത്തില് ഭാര്യയുടേയും മൂന്ന് പിള്ളേരുടേയും കൂടെ ഇനിയുള്ള കാലം കഴിഞ്ഞുകൂടാന്‍ എത്തിയ പോക്കര്‍ക്ക് മനസ്സമാധാനം ഇല്ലാതാവാനുണ്ടായ ഹേതു എന്താണെന്നോ? അതല്ലേ പറയാന്‍ പോണത്.

അങ്ങനെ പറഞ്ഞപോലെ പോക്കര്‍ കരിപ്പൂരില്‍ വല്യപെട്ടികളുമായി പറന്നിറങ്ങി. അവിടേന്നും ഒരു ടാക്സിയില്‍ ഗ്രാമത്തിലെത്തി. കല്ലുപാകിയ പഞ്ചായത്തുറോട്ടിലൂടെ ഉലഞ്ഞാടി പെട്ടിയിളക്കികൊണ്ട് ഹോണടിച്ച് ടാക്സി പോക്കരെ പുരയുടെ പടിക്കലെത്തിച്ചു. തീരെ നിനച്ചിരിക്കാതെ എഴുന്നള്ളിയെത്തിയ കെട്ട്യോനെകണ്ട് കെട്ട്യോള് കുഞ്ഞിപ്പാത്തു അന്തം പോയി കുന്തം പോലെനിന്നു. പിള്ളേര് ഉച്ചക്കഞ്ഞി മോന്താന്‍ പള്ളിക്കൂടത്തീന്നും പുരയിലോടിയെത്തിയതും പിതാവിനെകണ്ട് വയറ് നിറഞ്ഞ് ചുറ്റും വലംവെച്ചു. തുറക്കാ‍ത്ത വല്യപെട്ടികളില്‍ തൊട്ടും തലോടിയും അവര്‍ ഊറ്റത്തില്‍ തുള്ളിച്ചാടി.

‘എന്തേയ് ഇങ്ങള് ഒന്നറീക്കാതെ വന്ന്?’ - കുഞ്ഞിപ്പാത്തു ചോദിച്ചു.

പോക്കര്‍ക്കത് തീരെ പിടിച്ചില്ല. കണ്ണുരുട്ടിനോക്കീട്ട് തോര്‍ത്തെടുത്ത് കുടഞ്ഞിട്ട് കുളിമുറീല്‍ കേറി കതകടച്ചു. പിന്നെ അവിടേന്നു പൊട്ടലും ചീറ്റലും കേട്ടപ്പോള്‍ കുഞ്ഞിപ്പാത്തു അടുക്കളേയില്‍ക്ക് വലിഞ്ഞ് കട്ടന്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി. പോക്കര്‍ വെളിയിലെത്തി.

‘എത്രണ്ട് ഇക്കാ ലീവ്?’

‘ഞാന്‍ പറ്റെ പോന്ന്. ഇഞ്ഞി ലീവില്ല. ഇവിടെയൊക്കെ തന്നെ ഉണ്ടാവും. എന്തേലും ബിസ്സിനസ്സ് നോക്കണം.’

ചായപ്പാത്രത്തിലെ തിളച്ചുമറിയുന്ന വെള്ളം നോക്കി കുഞ്ഞിപ്പാത്തുവിന്റെ മനസ്സും തിളച്ചുതികട്ടിവന്നു. പടച്ചോനേ ഇനിയിപ്പം പണിപകുതിയായ പുരയുടെ സ്ഥിതി! അവര്‍ ബേജാറായി.

വല്യപെട്ടി തുറന്ന് അതീന്നും കുട്ടികള്‍ക്ക് കളിപ്പാട്ടവും ഉടുപ്പുകളും എടുത്തുകൊടുത്ത് കുഞ്ഞിപ്പാത്തുവിന് പര്‍ദയുടെ വിവിധതരം സെറ്റുകളും കൊടുത്ത് പോക്കര്‍ മൂരിനിവര്‍ത്തി നിന്നു.

മുറിയില്‍ പണിതുവെച്ച അലമാരകളും മേശയും പോക്കര് തൊട്ടും തുറന്നടച്ചും ബലം നോക്കി ഒന്നു നടന്നു. അയല്‍‌പക്കത്തുള്ള പുരക്കാര്‍ വിവരമറിഞ്ഞ് വന്നുതുടങ്ങി. അവരുടെയൊക്കെ ചോദ്യങ്ങളും കുശലങ്ങളും കൌശലത്തോടെ നേരിട്ട് പോക്കര്‍ വില്ലാദിവീരനായി നിന്നു. വേലിക്കപ്പുറത്തൂടെ പോകുന്ന പഴയ ചങ്ങാതിമാരും പോക്കരെ കണ്ട് കേറിവന്നു. ചായകുടിച്ച് വിശേഷങ്ങളറിഞ്ഞ് അവര്‍ വന്നും പോയുമിരുന്നു. പോകുമ്പോള്‍ അവരുടെ കൈയ്യിലൊക്കെ ഫോറീന്‍ അത്തര്‍‌കുപ്പി കൊടുക്കാന്‍ പോക്കര് മറന്നില്ല.

പോക്കരെ കണ്ടിട്ടും പുരയില്‍ കയറാതെ വഴിമാറിനടന്ന ഒരേയൊരു പോക്കിരി അന്നാട്ടിലുണ്ട്. അല്ലറചില്ലറ മോഷണങ്ങളും പോക്കറ്റടിയും ഒക്കെയായി പെറ്റിക്കേസ്സുകളും മുതല്‍ക്കൂട്ടായി വിലസുന്ന ചട്ടമ്പിഐദ്രോസ് വാര്‍ത്ത കേട്ട് ആഹ്ലാദിച്ചു. തന്റെ സഹപാഠിയായിരുന്ന പോക്കര്‍ എത്തിയ വാര്‍ത്ത കേട്ട് ഐദ്രോസ് സീക്രട്ടായൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

പോക്കര്‍ വന്ന ആ രാത്രി ഓപ്പറേഷന്‍ പ്ലാനിട്ട് ഐദ്രോസ് പരിസരത്തെ കുറ്റിക്കാട്ടില്‍ കള്ളിത്തുണി മടക്കിക്കുത്തി ഒരു ചാക്കുമായി പമ്മിയിരുന്നു. ദൂരെയല്ലാതെ കുറേ പട്ടികളുടെ മോങ്ങല്‍ കേട്ടപ്പോള്‍ ഐദ്രോസ് വിറക്കാതിരുന്നില്ല. ആ ഇരുപ്പില്‍ ഒന്ന് യൂറിനടിച്ചു. അപ്പോള്‍ ഒന്നുവലിക്കാന്‍ മോഹമുദിച്ചു. കാജാബീഡിക്ക് തീ കൊളുത്തിയിട്ട് പോക്കരുടെ പുരയിലേക്ക് കണ്ണും നട്ടിരുന്നു.

അവിടെ പിള്ളേരുടെ മുറിയില്‍ ലൈറ്റണഞ്ഞിട്ടും മറ്റേ മുറിയില്‍ ലൈറ്റ് ഓഫായിട്ടില്ല. പോക്കര്‍ കുറേക്കാലത്തിനുശേഷം വന്നതല്ലേ. കുറേ വിശേഷങ്ങള്‍ പറയാനുണ്ടാവും. ഷോ നടക്കട്ടെ.. ഐദ്രോസ് രണ്ടാമത്തെ ബീഡിക്കും തീ കൊടുത്ത് കാലില്‍ കയറാന്‍ തുടങ്ങിയ ചോണനുറുമ്പിന്‍‌പടയെ ചവിട്ടിയരച്ച് അല്പം മാറിയിരുന്നു.

മണിക്കൂറുകള്‍ ഏറേപോയിട്ടും പോക്കരുടെ മുറിയിലെ ലൈറ്റണയുന്നില്ല. നേരിയ ചാറ്റല്‍ മഴയും തുടങ്ങി. ഐദ്രോസ് ചാക്ക് തലയിലിട്ട് ഇരുന്നു. ഇവര്‍ക്കിത് എത്രാമത്തെ ഫസ്റ്റ് നൈറ്റാ!! ഐദ്രോസിനു ക്ഷമകെട്ടു. അവന്‍ പതിയെപതിയെ ചുറ്റും നോക്കി പുരയുടെ പിന്നാമ്പുറത്തെത്തി അടുക്കളഭാഗത്ത് ചായിപ്പിലൊളിച്ചു. തൊട്ടപ്പുറത്തെ ലൈറ്റുള്ള പോക്കരിന്റെ മുറിയിലെ ഷോയുടെ ശബ്‌ദരേഖ ലൈവായിട്ട് ഐദ്രോസിന്റെ കാതുകളില്‍ പതിക്കുന്നു. ‘തേനേ പാലേ മാനേ കിളിയേ..’ വിളികള്‍ കേട്ട് ഐദ്രോസ് ചിരിപൊത്തിയിട്ട് ചാറ്റല്‍ മഴ നനഞ്ഞ ദേഹത്തെ കുളിരിനെ ഇളക്കിക്കളയാന്‍ ശ്രമിച്ചു.

ഷോയുടെ സമയം തീര്‍ന്നെന്ന് തോന്നുന്നു. ലൈറ്റ് മാറി സീറോബള്‍ബ് വെളിച്ചമായിരിക്കുന്നു. ശബ്‌ദരേഖയും ദി എന്‍ഡ്! പരിസരത്ത് ചിവീടുകള്‍ മാത്രം ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു. അല്‍‌പം കഴിഞ്ഞ് കാള അമറുന്നപോലെ ഒച്ച പൊങ്ങി. അത് പോക്കരിന്റെ കൂര്‍ക്കംവലി. കുഞ്ഞിപ്പാത്തൂന്റെ കാര്യം കട്ടപ്പൊക എന്നാലോചിച്ച് ഐദ്രോസ് തന്റെ ഓപ്പറേഷന്‍ തുടങ്ങി.

ഒരുവിധം ശ്രമിച്ച് പുരപ്പുറത്ത് കേറി ഓടിളക്കി ഒരീച്ചപോലും അറിയാതെ അകത്തെത്തിയ ഐദ്രോസ് പമ്മിപമ്മി ചുറ്റും തപ്പിനോക്കി എവിടെ ഏത് പൊസിഷനില്‍ നില്‍ക്കുന്നെന്ന് മനസ്സിലാക്കി. വിറയാര്‍ന്ന വിരലുകള്‍ തപ്പിചെന്നത് കാലിയായ പുതിയ അലമാരകളിലും അതിലൊന്നും തടയാഞ്ഞ് അപ്പുറത്തെ മേശയിലും..

‘ഒരു മറ്റതുമില്ലേ ഈ ഗള്‍‌ഫുകാരന്റെ ഇതിലൊന്നും!!‘ - ചട്ടമ്പി ഐദ്രോസിനു കലിപ്പായിട്ട് പിറുപിറുത്തു. പെന്‍ ടോര്‍ച്ച് ചാക്കുകൊണ്ട് മൂടി തെളിച്ചുകൊണ്ട് അവിടേന്നും അടുത്ത മുറിയിലേക്ക് നീങ്ങി. മുറിയില്‍ പോക്കരിന്റെ സന്തതികള്‍ നല്ല ഉറക്കത്തിലാണ്. മാറിക്കിടന്ന പുതപ്പെടുത്ത് അവരെപുതച്ച ഐദ്രോസ് അവരെ ബുദ്ധിമുട്ടിക്കാതെ മാറിനടന്നു. തന്റെ വയറിനകത്ത് കപ്പലോട്ടം. ചെറിയ വിറയല്‍ ഐദ്രോസിന്റെ വയറിനെ ഇളക്കിമറിച്ചു. ഇപ്പോതന്നെ കാര്യം സാധിക്കാതെ നിവൃത്തിയില്ലാന്ന് ഐദ്രോസിന് തോന്നി. ഇല്ലെങ്കില്‍ ഓപ്പറേഷന്‍ പൊളിയും. താനകത്താകും. ചാക്കുമൂടിയ പെന്‍ ടോര്‍ച്ചിന്‍ വെളിച്ചത്തില്‍ അയാള്‍ കക്കൂസ് തപ്പി നീങ്ങി. പോക്കരിന്റെ കാളക്കൂര്‍ക്കം. ആ മൂക്കിലും വായയിലും പഞ്ഞിനിറയ്ക്കാന്‍ പൂതിതോന്നിയിട്ടും ഐദ്രോസ് വയര്‍ പൊത്തിപ്പിടിച്ച് നീങ്ങി.

പെട്ടെന്നൊരു ഐഡിയ! ഐദ്രോസ് കൈയ്യിലെ ചാക്ക് നിലത്ത് വിരിച്ചു. വേറെ വഴിയില്ല. പോക്കരിന്റെ കൂര്‍ക്കം‌വലിയുടെ ധൈര്യത്തില്‍ ഐദ്രോസ് വയറൊഴിക്കുന്ന സംഗതി അപസ്വരങ്ങളോടെ ഓക്കെയാക്കി. ചാക്ക് പൊതിഞ്ഞുകെട്ടി പുതിയ അലമാരകളിലൊന്നില്‍ നിക്ഷേപിച്ചു. അലമാരയില്‍ ഇനി ഒന്നുമില്ലെന്ന് പോക്കരിന് സങ്കടം വേണ്ട. ഐദ്രോസ് ആ വീട്ടില്‍ ഒന്നും തടയാനില്ലെന്ന് മനസ്സിലാക്കി വെളിയില്‍ പോകാന്‍ തുടങ്ങിയതും...

പോക്കര്‍ കണ്ണുതുറന്നു. പുരയ്ക്കകത്ത് ഈ നേരത്താരാണ്? അയാള്‍ ഞെട്ടി. തൊട്ടപ്പുറത്ത് നോക്കി. കുഞ്ഞിപ്പാത്തു അവിടെയുണ്ട്. അപ്പോള്‍ അത് അവന്‍ തന്നെ! തസ്‌കരവീരന്‍!!

പോക്കര്‍ കള്ളനെ പേടിപ്പിക്കാന്‍ തീരുമാനിച്ചു. പെട്ടെന്ന് നാക്കിലെത്തിയ ഡയലോഗ് കാച്ചി.

‘ഹൂയീസ് ദാറ്റ്?
വേറീസ് മൈ ഗണ്‍?
ഐ വില്‍ ഷൂട്ട് യൂ ബാസ്‌റ്റാര്‍ഡ്!!’

കുഞ്ഞിപ്പാത്തു ഞെട്ടിയെഴുന്നേറ്റു. അപ്പുറത്തെ പിള്ളേരും ഉണര്‍ന്നു. ചട്ടമ്പി ഐദ്രോസ് കോലായില്‍ എത്തിയിരുന്നു. അവന്‍ തിരിഞ്ഞുനിന്ന് തിരിച്ചൊരു ഡയലോഗ് കാച്ചി:

'ഒന്നു പോഡാ ചെങ്ങായ്.
അന്റെടുത്ത് തോക്ക് പോയിട്ട് ഒരു ഉണ്ട വാങ്ങാന്‍ പോലും പൈസല്ലാന്ന്
ഞമ്മളൊന്നിച്ച് പഠിക്കുന്ന അന്നുതൊട്ട് എനിക്കറിയുന്നതല്ലേ പഹയാ..’

പോക്കര്‍ ശരിക്കും ഞെട്ടി.
കുഞ്ഞിപ്പാത്തു പറഞ്ഞു: ‘ഇത് ഓനാണ്. ചട്ടമ്പി ഐദ്രോസ്! അല്ലാതെ ആരാ ഇങ്ങളൊപ്പം പഠിച്ചവര്‍ ഇന്നേരത്ത് വരാന്!!’

‘എഡീ.. അപ്പോ ഐദ്രോസ് ഇവിടെ അല്ലാത്തപ്പോ വരാറുണ്ടല്ലേ!’

പിന്നെ കുഞ്ഞിപ്പാത്തുവും പോക്കരും കൂടി അടുത്ത ഫൈറ്റ് ഷോ ആരംഭിച്ചതും പിള്ളേര്‍ കരച്ചില്‍ മേളം തുടങ്ങിയതും ഐദ്രോസ് അവിടേന്ന് ഓടിപ്പോയതും ഒരുമിച്ചായിരുന്നു.

പിറ്റേന്ന് രാവിലെ പോക്കര്‍ തന്റെ പുതിയ അലമാര തുറന്നാല്‍ കാണുന്ന ചാക്കിലെ ‘കണി‘ ഓര്‍ത്ത് ഊറിച്ചിരിച്ചുകൊണ്ട് ഐദ്രോസ് കുറ്റിക്കാടും കഴിഞ്ഞ് ഓടി..

Sunday, 8 June 2008

ഒരു പള്ളിക്കൂടചരിതം.

ചെട്ട്യങ്ങാടി എല്‍‌പി സ്‌ക്കൂളില് ഞാന്‍ രണ്ടാം ക്ലാസ്സില്‌ പഠിക്കുന്ന കാലം. കുട്ടികള്‌ കലപില ഒച്ചയുണ്ടാക്കുന്നത്‌ നിറുത്താനായിട്ട്‌ സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില്‌ ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി. ഞങ്ങള്‌ പിള്ളേര്‍ക്ക്‌ ആദ്യമൊക്കെ ഒരു അടക്കോം ഒതുക്കോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ ദിവസങ്ങള്‌ കഴിഞ്ഞപ്പോഴേക്കും അപ്പുറമിപ്പുറം ഇരിക്കുന്ന ചങ്ങായിച്ചികള്‍ക്ക്‌ പെന്‍സിലുപൊട്ട്‌ കൊടുത്തും സ്ലേയിറ്റ്‌ മായിക്കാന്‍ വഴിയ്ക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന വെള്ളത്തണ്ട്‌ പൊട്ടിച്ചുകൊണ്ടുവന്ന് കൊടുത്തും നല്ല കൂട്ടായി. എനിക്കിപ്പഴും ഓര്‍മ്മയുണ്ട്‌, എന്റെ വലതുവശത്തിരുന്നത്‌ സൈറാബാനുവും ഇടതുവശത്ത്‌ ശാന്തകുമാരിയും. ആ മുഖങ്ങളിന്നും ഓര്‍മയിലുണ്ടെങ്കിലും അവരെ അന്നുപിരിഞ്ഞിട്ട്‌ പിന്നെ കണ്ടിട്ടില്ല.

ശാന്തകുമാരിയെന്ന കറുമ്പി വലിയ കുറുമ്പിയായിരുന്നു. അവളെ കാണാന്‍ വല്യ ശേലില്ല എന്നു കളിയാക്കിയ എന്റെ ഇടതുകണ്ണിലിട്ട്‌ അവള്‍ പെന്‍സില്‍ വെച്ച്‌ കുത്തിയതിന്റെ പോറല്‍ ഒരു കറുത്തപുള്ളിയായിട്ട്‌ ഇന്നും മായാതെ എന്റെ തിരിച്ചറിയല്‍ അടയാളമായിട്ട്‌ ആധികാരികരേഖകളിലും ഇടം നേടികൊണ്ട്‌ കിടപ്പുണ്ട്‌. കുറുമ്പിശാന്ത എന്ന അവള്‍ എന്റെ കണ്ണിലിട്ട്‌ കുത്തിയപ്പോള്‍ ഞാന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അവള്‍ അതിലും വല്യ കരച്ചില്‌ കരഞ്ഞ്‌ എന്നെ കുറ്റക്കാരനാക്കി. ടീച്ചര്‍ ഞാന്‍ പറഞ്ഞത്‌ ഗൗനിക്കാതെ എനിക്ക്‌ ചൂരല്‍ കഷായം തന്നതും, അടുത്തദിവസം കറുമ്പിശാന്ത ചോയിചേട്ടന്റെ പശുത്തൊഴുത്തില്‌ കറവക്കാരനായ അവളുടെ അച്‌ഛനെ പള്ളിക്കൂടത്തില്‍ കൊണ്ടുവന്ന് എന്നെ ചൂണ്ടിക്കാണിച്ചതും.. കരിമുട്ടിപോലെത്തെ പുള്ളിക്കാരന്‍ എന്നെ പള്ളിക്കൂടത്തില്‍ ഇട്ടോടിച്ച്‌ പിടിക്കാന്‍ ശ്രമിച്ചതും.. എല്ലാമെല്ലാം ഞാന്‍ ഒരുകാലത്തും മറക്കൂല!! ദിവസം പലവട്ടം കണ്ണാടിയില്‍ നോക്കുന്നേരം എന്റെ ഇടത്തേകണ്ണിലെ കറുത്തമറുക്‌ ആ കിടിലന്‍ സംഭവങ്ങള്‍ റീ-പ്ലേ ചെയ്തും സ്ലോമോഷനാക്കിയും സൂം-ഇന്‍ ആക്കിയും കാണിച്ച്‌ എന്നെ കിടുകിടെയാക്കാറുണ്ട്‌.

പള്ളിക്കൂടത്തില്‍ പോകുന്ന ഊറ്റം അല്‍പമില്ലാതാക്കിയ ഈ കറുമ്പിശാന്ത പിന്നീട്‌ എന്നോട്‌ കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പുച്ഛിച്ച്‌ തള്ളി. പിന്നേയും പലവട്ടം അവളുടേ കറവക്കാരനച്ഛന്‍ ചെളിനിറമുള്ള തോര്‍ത്തും തോളത്തിട്ട്‌ മുറുക്കിത്തുപ്പിയ വിണ്ടുകീറിയ ചുണ്ടുകള്‍ കോട്ടിക്കൊണ്ട്‌ ശാന്തകുമാരിയെ കാണാനെത്തിയിരുന്നു. ഞാനന്നേരം കാണുന്ന വല്ലയിടത്തും പോയൊളിക്കും. പക്ഷെ ആ പുള്ളി അതെന്നേ മറന്നുപോയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ മുതിര്‍ന്നൊരാളാകേണ്ടിവന്നു.

കേട്ടെഴുത്ത്‌ കഴിഞ്ഞ്‌ താടിവാലന്‍ ഉണ്ണിമെയിതീന്‍ മാഷ്‌ എന്റെ സ്ലേയിറ്റില്‍ പലവട്ടം പൊങ്ങിപ്പോവുന്ന 'വിമാനം' പോലെ കോറിയിട്ടപ്പോള്‍ ഞാന്‍ തുള്ളീച്ചാടി സൈറാബാനുവിനും ബാക്കിലിരിക്കുന്ന യൂസഫിനും കാണിച്ചുകൊടുത്ത്‌ 'നോക്കെടീ(ടാ) പറക്ക്‌ണ ബീമാനം!' എന്നാഹ്ലാദിച്ചു. അവര്‍ കളിയാക്കി പറഞ്ഞപ്പോഴാണ്‌ അത്‌ വിമാനമല്ല, തെറ്റുത്തരം സൂചിപ്പിക്കുന്ന സിമ്പലാണെന്ന് ആദ്യമായറിയുന്നത്‌!

പിന്നെയൊരിക്കല്‍ ലീലാവതിടീച്ചര്‍ എന്റെ ഒരുത്തരത്തിനു നേരെ വല്യ മുട്ട വരച്ചുതന്നപ്പോള്‍ ഞാന്‍ അതിനു എന്റെവക കണ്ണും മൂക്കും കൈയ്യും കാലും ഒക്കെ വരച്ചുചേര്‍ത്തപ്പോള്‍ വയറില്‍ ബട്ടനുള്ള ഭാഗത്ത്‌ പിടിച്ച്‌ പിച്ചിക്കശക്കിയ ടീച്ചര്‍ പലപ്രാവശ്യം പറയാറുള്ള ഡയലോഗ്‌ ശിഷ്യഗണങ്ങള്‍ വഴി നാട്ടിലിന്നും പാട്ടാണ്‌.

"പഠിക്കത്തില്ല ചെക്കന്‍ (ചെക്കത്തി), ഉപ്പുമാവ്‌ തിന്നാനായിട്ട്‌ ഇങ്ങട്ട്‌ വന്നോളും!"

ഈ ഡയലോഗ്‌ ഒരു പ്രത്യേക താളത്തിലാണ്‌ ലീലാവതിടീച്ചര്‍ പറയാറ്‌, ആ താളത്തിനൊത്ത്‌ പൊക്കിള്‍ കൂട്ടിപ്പിടിച്ച്‌ തിരിച്ച്‌ നമ്മളേയും ഇട്ടുവട്ടം കറക്കും. അതനുഭവിക്കുന്നവന്‍(വള്‍) പൊന്നീച്ച, നക്ഷത്രം എന്നിവ ഒരുമിച്ച്‌ തലയ്ക്കുചുറ്റും കറങ്ങുന്നത്‌ കണ്ടെന്നിരിക്കും.

അങ്ങിനെയിരിക്കെ, ഒരുനാള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധിയായിട്ട്‌ ഒരു മീശക്കൊമ്പന്‍ സാറ്‌ ക്ലാസ്സുകളില്‍ പരിശോധനയ്ക്കെത്തി. തലേദിവസം തന്നെ ടീച്ചറമ്മാരും മാസ്‌റ്റമ്മാരും കുട്ട്യോളെ "മാനേ തേനേ" എന്നൊലിപ്പിച്ച്‌ വല്യകാര്യത്തില്‍ ഒരുനാളെങ്കിലും പുസ്‌തകം പഠിച്ചുവരാന്‍ സോപ്പിട്ടതാണ്‌. ആ മിശക്കൊമ്പന്‍ സാറ്‌ വന്നപ്പോള്‍ അവരെല്ലാം ഓഛാനിച്ച്‌ പിറകില്‍ നിന്നു. ചങ്കിടിപ്പോടെ ഞങ്ങള്‌ കുട്ട്യോളെല്ലാം ആ മീശക്കൊമ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു.

ആ സാര്‍ പാഠവിഷയങ്ങളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിച്ചില്ല. പകരം വിരല്‍ ചൂണ്ടുന്ന ദിക്കില്‍ ആരാണോ ആസനസ്ഥന്‍, അവരോട്‌ പൊതുവേയുള്ള കാര്യങ്ങളാണ്‌ ആരാഞ്ഞത്‌. അങ്ങിനെ ആ മീശക്കൊമ്പന്റെ ചൂണ്ടുവിരല്‍ എന്നിലും വന്നുനിന്നു. ഞാന്‍ എഴുന്നേറ്റു. മുട്ടുകള്‍ വിറച്ചിടിക്കുന്നുണ്ട്‌.

'എന്താ പേര്‌?'

'..........'

'വീടെവിടാ? വീട്ടിലാരൊക്കെ?'

ഞാന്‍ വിറച്ചുകൊണ്ടുത്തരമോതി.

'ഉമ്മയ്‌ക്ക്‌ എന്താ പണി?'

'പൊരേല്‌ വരുന്ന വിരുന്നുകാര്‍ക്ക്‌ ചായ, കാപ്പി, ചോറ്‌ ചാറ്‌ ഉണ്ടാക്കല്‌'

'അതുശെരി! ഉപ്പ എന്തുചെയ്യുന്നു?'

'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില്‌ കൊണ്ടുവരും'

മീശക്കൊമ്പന്‍ സാറ്‌ അന്തംവിട്ട്‌ പിറകില്‍ പമ്മിനില്‍ക്കുന്ന അധ്യാപഹരെ നോക്കി.

'ഉമ്മ വീട്ടില്‌ മക്കാനി നടത്തുന്നു. ഉപ്പ പെട്ടിക്കച്ചവടവും, അല്ലേ?'

മീശക്കൊമ്പന്‍ മഞ്ഞപ്പല്ലിളിച്ചുകൊണ്ട് പരിഹാസത്തോടെ ചോദിച്ചതിനുള്ള വിശദീകരണം സത്യവതിടീച്ചറാണ്‌ കൊടുത്തത്‌.

'ഇവന്റെ ഉപ്പ ഗള്‍ഫിലാണ്‌ സാര്‍. എന്നും വിരുന്നുകാര്‍ വരുന്ന വീട്ടില്‌ ഇവന്റെ ഉമ്മയ്ക്ക്‌ ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ'

താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട്‌ ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com