Monday 11 June 2012

മൂട്ടകടി, മുറിമാറ്റം പിന്നെയൊരു മലപ്പുറംകാക്കയും.



മുറി മാറണമെന്ന് തീരുമാനിച്ചത്‌ പ്രവാസികളായ അവര്‍ ഒരുമിച്ചായിരുന്നു. കാരണം മൂട്ടകടിയും മുറിമുതലാളിയുടെ അടിക്കടിയുള്ള വാടകകൂട്ടലുമാണ്. മുറിമുതലാളി അലിഭായ്‌ അറിയാതെ സുഹൃത്തുക്കളായ ഷമീറും കുര്യാക്കോസും രാജനും ബാലേട്ടനും ഷാജിയും വേഗം കരുക്കള്‍ നീക്കി. എന്നും പണികഴിഞ്ഞാല്‍ അവര്‍ മുറി തേടി അലഞ്ഞു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഷമീറും ഷാജിയും ഓഫീസ്‌ കമ്പ്യൂട്ടറില്‍ നിന്നും പ്രിന്‍റ് എടുത്ത മുറി ആവശ്യമുണ്ട് എന്ന നോട്ടീസ്‌ അബുദാബിയിലെ ഒരുമാതിരി എല്ലാ ബസ്സ്‌സ്റ്റോപ്പുകളിലും കൊണ്ടുപോയി പതിച്ചു. ദിവസങ്ങള്‍ കഴിഞ്ഞുപോയെങ്കിലും ഒരുത്തനും അവരെ വിളിച്ചില്ല.

അടുത്തപടി എന്നും അവര്‍ പത്രങ്ങളില്‍ പരതി കാണുന്ന നമ്പരുകളില്‍ വിളിച്ചുനോക്കി. ഒരു മുറി കാണാന്‍ ഷമീറും ഷാജിയും ഒരുമിച്ച് പുറപ്പെട്ടു. എയര്‍പോര്‍ട്ട് റോഡിലെ പഴയൊരു കെട്ടിടത്തിലെ ഒന്‍പതാം നിലയിലെ പഴയൊരു ഫ്ലാറ്റിനു മുന്നില്‍ അവര്‍ കോളിംഗ്ബെല്‍ അടിച്ചു കാത്തുനിന്നു.

അന്‍പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു മലപ്പുറംകാക്ക കതക്‌ തുറന്നു അവരെ തുറിച്ചുനോക്കി മൊത്തം അളന്നുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു. അയാളുടെ നിസ്കാരതഴമ്പ് കണ്ടിട്ട് ഷാജി ഒരു ഊഷ്മളതയ്ക്ക് വേണ്ടി അസ്സലാമു അലൈക്കും പറഞ്ഞപ്പോള്‍ മലപ്പുറംകാക്ക പല്ല് കൊഴിഞ്ഞ മോണകാട്ടി സലാം മടക്കി അവരോട് ഇരിക്കാന്‍ പറഞ്ഞു. മുറിയില്‍ നിന്നും ഉറക്കച്ചടവില്‍ മൂന്നാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവരും വന്നവരെ മൊത്തം നോക്കി. അവരുടെ നോട്ടത്തില്‍ ഷാജിയും ഷമീറും ചൂളിപ്പോയി. ഇവരെന്താ മനുഷ്യരെ കണ്ടിട്ടില്ലേ എന്ന് തോന്നിപ്പോയി.

നാട്ടില്‍ എവിടെയാ? മലപ്പുറം കാക്ക ഒന്ന് ചുമച്ചുകൊണ്ട് ചോദിച്ചു.

ഞാന്‍ കോഴിക്കോട്‌, ഇവന്‍ പാലക്കാട്‌ ഷാജി പറഞ്ഞു.

ഞങ്ങള്‍ സഹോദരന്മാരാണ്. തിരൂര്‍കാരാണ്. ഇവിടെ കുറെ കൊല്ലമായി. മലപ്പുറംകാക്ക അറിയിച്ചു.

അവര്‍ പേര് ചോദിച്ചു പിന്നെ മുറിയുടെ വാടകയും അഡ്വാന്‍സും ഒക്കെ പറഞ്ഞു. ഫ്ലാറ്റിലെ മൂന്നു മുറികളില്‍ ഒരു മുറിയാണ് അവര്‍ പുറത്ത്‌ കൊടുക്കുന്നത്. അവരെ മുറി കാണിച്ചു. പഴയതെങ്കിലും മുറി കുഴപ്പമില്ല. ഷാജിയും ഷമീറും അവിടെഎല്ലാം പരതി. മൂട്ടയുടെ അടയാളങ്ങള്‍ എവിടെയും കണ്ടില്ല. അവരാശ്വസിച്ചു. ഞങ്ങളുടെ കൂട്ടുകാരും മുറി കാണാന്‍ വരും. എന്നിട്ട് ഉടനെ അറിയിക്കാമെന്ന് പറഞ്ഞ് ഷമീറും ഷാജിയും അവിടെനിന്നും പോന്നു.

മുറിയില്‍ തിരിച്ചെത്തിയ അവര്‍ കൂട്ടുകാരോട് ചര്‍ച്ചചെയ്തു. അഡ്വാന്‍സ്‌ മൂവായിരം കൊടുക്കണം. എല്ലാവര്‍ക്കും പറ്റിയാല്‍ ഉറപ്പിക്കാമെന്നു തീരുമാനിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞില്ല. ഷാജിയുടെ മൊബൈലില്‍ മലപ്പുറംകാക്ക വിളിച്ചു പറഞ്ഞു. വേറെ ഒരുപാട് ആളുകള്‍ മുറികാണാന്‍ വരുന്നു. വേണമെങ്കില്‍ അഡ്വാന്‍സ്‌ തന്ന് മുറി ഉറപ്പിക്കണമെന്ന്. അവര്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ച് ഇരിക്കുമ്പോള്‍ ഇപ്പോഴത്തെ മുറിയുടമ അലിഭായിയോട് ഇടഞ്ഞുനില്‍ക്കുന്ന ഷാനവാസ്‌ മൂവായിരം കടമായി തരാമെന്ന് അറിയിച്ചു. ഒന്നിച്ച് ഒരുകൂട്ടം അന്തേവാസികള്‍ മുറിവിട്ടുപോകുന്നതില്‍ വാടക തോന്നുമ്പോഴെല്ലാം കൂട്ടുന്ന അലിഭായിക്ക് ഒരടിയാവട്ടെ എന്നാണ് ഷാനവാസ്‌ ആഗ്രഹിച്ചത്‌. അവന്‍ ഏതായാലും ഗള്‍ഫ്‌ മതിയാക്കി നാട്ടിലേക്ക്‌ പോകാനിരിക്കുകയാണ്.

ഷാജി മലപ്പുറംകാക്കയെ വിളിച്ചു. അഡ്വാന്‍സ്‌തുകയുമായി ഉടനെ അങ്ങോട്ട്‌ തിരിച്ചു. മുറി ഉറപ്പിച്ചു. ഒരു സുലൈമാനിചായ കുടിച്ച് അവിടെനിന്നും പോന്നു.

അടുത്ത ദിവസം മലപ്പുറംകാക്കയുടെ മുറി കാണുവാന്‍ കുര്യാക്കോസും ബാലേട്ടനും രാജനും അവിടെയെത്തി. രാജന്റെ കൈയ്യിലെ ജപിച്ചുകെട്ടിയ പലനിറത്തിലുള്ള ചരടുകളിലും ബാലേട്ടന്റെ കഴുത്തിലെ അയ്യപ്പലോക്കറ്റ് സ്വര്‍ണ്ണചെയിനിലും കുര്യാക്കോസിന്റെ കുരിശുമാലയിലും തറപ്പിച്ചുനോക്കിയ മലപ്പുറംകാക്കയും സഹോദരങ്ങളും അവരോട് ഇരിക്കാന്‍പോലും പറയാതെ മാറിനിന്ന് രഹസ്യം പറയുന്നുണ്ടായിരുന്നു. എന്നിരുന്നാലും വന്നവര്‍ക്ക് മുറി ഇഷ്ടമായി. അവര്‍ ഷാജിയെ വിളിച്ചറിയിച്ചു.

അവര്‍ പുറപ്പെട്ടതിനുശേഷം മലപ്പുറംകാക്ക ഷാജിയെ മൊബൈലില്‍ വിളിച്ചു അല്പം രോഷത്തോടെ സംസാരിച്ചു.

നിങ്ങള്‍ എന്താണ് കരുതിയത്‌? ങേ.. ഞങ്ങളുടെ മുറി അങ്ങനെ കണ്ണീകണ്ട മറ്റ് ജാതിക്കാര്‍ക്ക് നിരങ്ങാനുള്ളതല്ല. കൈയ്യില്‍ ചരടും, കഴുത്തില്‍ യേശുവും, മറ്റ് ദൈവങ്ങളും ഒക്കെയുള്ളവര്‍ക്ക്‌ താമസിക്കാനുള്ളതല്ല ഞങ്ങളുടെ മുറി. നിങ്ങള് തന്ന അഡ്വാന്‍സിന് ഞമ്മളെ ജാതിക്കാര്‍ മാത്രം താമസിച്ചാമതി. ഇല്ലെങ്കില്‍ ആ പൈസ പോയി എന്ന് കൂട്ടിക്കോ.

ഇത്കേട്ട ഷാജി അന്തംവിട്ടു. ഷാനവാസിനോട്‌ കടം മേടിച്ച മൂവായിരം ദിര്‍ഹംസ് വെള്ളത്തിലായോ?

അലിഭായിയോട്‌ അവര്‍ മുറി ഒഴിയുന്ന കാര്യം അറിയിച്ചുംപോയി. അവര്‍ക്ക്‌ പകരം വേറെ അന്തേവാസികളെ ബുക്ക്‌ ചെയ്തുതുടങ്ങിയിരിക്കുകയാണ് അലിഭായ്‌. ഇനിയെന്ത്‌ ചെയ്യും എന്നറിയാതെ ഷാജിയും ഷമീറും കുര്യാക്കോസും രാജനും ബാലേട്ടനും അര്‍ദ്ധരാത്രി ഏറെനേരം ഇരുന്നു പദ്ധതിയാലോചിച്ചു. അവര്‍ മലപ്പുറംകാക്കയുടെ മുറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ കൊടുത്ത മൂവായിരം എങ്ങനെ തിരികെമേടിക്കും? അലിഭായിയെ അവര്‍ വിളിച്ചുപറഞ്ഞു. മുറി വിടുന്നില്ല. അലിഭായ്‌ അല്പം വെയിറ്റ്‌ ഇട്ടു. വേറെ ആളുകളോട്‌ അഡ്വാന്‍സ്‌ വാങ്ങിയല്ലോ എന്നൊക്കെ. എന്നാലും സാരമില്ല. നിങ്ങള്‍ പോകുന്നില്ലെങ്കില്‍ അവ തിരികെ കൊടുത്ത് ഒഴിവാക്കാം എന്നറിയിച്ചു.

അടുത്ത ദിവസം രാത്രി. ഷാജിയും ഷമീറും മലപ്പുറം കാക്കയുടെ ഫ്ലാറ്റിനു മുന്നില്‍ എത്തി. ബെല്ലടിക്കുന്നതിന് മുന്‍പ്‌ അവര്‍ നേരത്തെ പ്ലാന്‍ ചെയ്തപോലെ മുഖത്ത് വിഷമം നടിച്ചു നിന്ന് ബെല്ലടിച്ചു. മലപ്പുറംകാക്ക വാതില്‍ തുറന്നു വിഷമത്തോടെ അവരെ നോക്കി അകത്തേക്ക് ക്ഷണിച്ചു.

അവരല്‍പനേരം കണ്ണില്‍ നോക്കി ഇരുന്നു. മലപ്പുറംകാക്കയുടെ സഹോദരങ്ങളും ഉറക്കചടവോടെ രംഗത്തെത്തി. ഷാജി കാര്യം അറിയിച്ചു.

പറയുന്നതില്‍ വിഷമമുണ്ട്. ഞങ്ങള്‍ക്ക്‌ ഈ മുറി എടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കൂടെയുള്ള കുര്യാക്കോസിനും, ബാലേട്ടനും രാജനും താല്പര്യമില്ല. അവര്‍ക്ക്‌ അവരുടെ പൂജയും പ്രാര്‍ഥനയും നടത്താന്‍ ഇവിടെ അസൗകര്യമുണ്ട് എന്നറിയിച്ചു. ഞങ്ങള്‍ക്ക്‌ ഒറ്റയ്ക്ക് ഇത്രേം വാടക കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇക്ക ആ മൂവായിരം തിരികെ തരണം.

മലപ്പുറം കാക്ക സഹോദരങ്ങളെ നോക്കി. എന്നിട്ട് മാറിനിന്ന് സ്വകാര്യചര്‍ച്ച നടത്തി തിരികെ പണവുമായി വന്ന് ഷാജിയെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു.

വേറെ ഒന്നും തോന്നരുത്‌. മറ്റ് ജാതിക്കാര്‍ക്ക് ഞങ്ങള്‍ മുറി കൊടുക്കില്ല. പരസ്യം കൊടുക്കുമ്പോള്‍ അത് സൂചിപ്പിക്കാന്‍ വിട്ടുപോയതാണ്. ഞങ്ങള്‍ക്ക്‌ വേറെ മലപ്പുറംകാരെ കിട്ടി. നിങ്ങള് വേറെ മുറി നോക്കിക്കോ. ഒക്കെ പൊരുത്തപ്പെട്ടോളൂ

മനസ്സില്‍ തികട്ടിവന്ന അമര്‍ഷം കടിച്ചമര്‍ത്തികൊണ്ട് മുഖത്ത് പുഞ്ചിരിവരുത്തിയ ഷമീറും ഷാജിയും വിഷമം ഭാവിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ എന്നപോലെ മൂവായിരം മേടിച്ചു.

ഞങ്ങളോടോന്നും തോന്നരുത്‌. നിങ്ങള്‍ക്ക്‌ മറ്റു ജാതിക്കാരെ കണ്ടുകൂടായെന്നു അറിയില്ലായിരുന്നു. പറയുന്നത് കൊണ്ടൊന്നും തോന്നരുത്‌. ഷാജി ഒന്ന് നിറുത്തി ഷമീറിനെ നോക്കി. ഷമീര്‍ ബാക്കികൂടെ പറഞ്ഞോ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

അവര്‍ ഇരുവരും എഴുന്നേറ്റു. അതുവരെ ഉണ്ടായിരുന്ന അവരുടെ വിഷമഭാവം പെട്ടെന്ന് മാറി. അവര്‍ രോഷാകുലരായി.

നിങ്ങളൊക്കെ മനുഷ്യന്മാരാണോ? ഏതു നൂറ്റാണ്ടിലാടോ താനൊക്കെ ജീവിക്കുന്നത്? സമുദായത്തെ പറയിപ്പിക്കാന്‍ വേണ്ടി നടന്നോളും. ആദ്യം കറകളഞ്ഞ മനസ്സിന്റെ ഉടമകളാവൂ. പടച്ചവന്റെ മുന്നില്‍ കുമ്പിട്ട് നിസ്കാരതഴമ്പ് കനപ്പിച്ച് നടന്നാപോരാ. മനസ്സിന്റെ വാതില്‍ തുറന്നിടൂ. എന്നാലേ പടച്ചതമ്പുരാന്‍ അവിടെ കുടികൊള്ളൂ, വെളിച്ചം നിങ്ങളുടെ മുഖത്ത് പരക്കുകയുള്ളൂ..

മലപ്പുറംകാക്കയും സഹോദരങ്ങളും അത് തീരെ പ്രതീക്ഷിച്ചില്ല. അവര്‍ ഡാ എന്ന് ആക്രോശിച്ച് വന്നപ്പോഴേക്കും ഷാജിയും ഷമീറും ഫ്ലാറ്റിന്റെ ഡോര്‍ തുറന്ന് പുറത്ത്‌ കടന്നിരുന്നു. അവര്‍ ഡോര്‍ വലിച്ചടച്ചു.

പോയി എന്ന് കരുതിയ മൂവായിരം ദിര്‍ഹംസ് നോക്കി ഷാജിയും ഷമീറും പൊട്ടിച്ചിരിച്ചു.

അന്നേരം, കതകിനു അപ്പുറം മലപ്പുറംകാക്കയും സഹോദരങ്ങളും പൊട്ടിച്ചിരിച്ചുകൊണ്ട് മുറിയില്‍ താമസിക്കുമായിരുന്ന മറ്റുമതക്കാരെ ഒഴിവാക്കിയ സന്തോഷത്തിലായിരുന്നു.

കെട്ടമനസ്സുകളുള്ളവരെക്കാള്‍ ഭേതം മൂട്ടകടിയാണ് എന്നാശ്വസിച്ച് ഷാജിയും ഷമീറും ഷാനവാസിന് മൂവായിരം തിരികെകൊടുത്ത് അലിഭായിയോട്‌ പറഞ്ഞ് ആ പഴയ മുറിയില്‍ തന്നെ പ്രവാസജീവിതം തുടര്‍ന്നു. 

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com