Monday 21 April 2008

ഒരു മലബാര്‍ സൊറക്കല്യാണം (കഥ)

ഇക്കഥയിലെ നായകനായ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയ്ക്ക്‌ വേണ്ടി ഞങ്ങള്‍ (ഒരുപറ്റം) സ്‌നേഹിതര്‍ മനസ്സ്‌ തുറക്കട്ടെ. പരസ്പരം കാണുവാനും യഥാര്‍ത്ഥമുഖം തിരിച്ചറിയാനും ഒരവസരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 27.04.08-ന്‌ ഒത്തിരി കണ്ണീരിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ഒടുവില്‍ നമ്മുടെ കുന്തിരിമാമന്‍ പെണ്ണുകെട്ടുകയാണ്‌.

നാലാം തരത്തില്‍ പഠിക്കുന്ന സമയം തൊട്ടുതന്നെ വെള്ളമടിയുടേയും ബീഡിവലിയുടേയും ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ഈ വീരന്‍ ചീട്ടുകളിയിലും സംഘട്ടനങ്ങളിലും വിരുതനായി. യെവന്റെ ശല്യം സഹിക്കവെയ്യാതെ പള്ളിക്കൂടം വാധ്യാര്‍ കമ്മിറ്റി ഒരിക്കലും ജയിക്കാത്ത കുന്തിരിമാമനെ ജയിപ്പിച്ച്‌ സ്‌ക്കൂളില്‍ നിന്നും ഒഴിവാക്കി സമാധാനിച്ചു.

കാരത്തൂര്‍ സ്‌ക്കൂളിനേയും നല്ലവരായ വാധ്യാര്‍മാരേയും തെറിവിളിച്ച്‌ നമ്മുടെ കുന്തിരിമാമന്‍ എന്ന രാമന്‍ ചോക്കോ നേരെ കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലേക്ക്‌ ബസ്‌ കയറി. യാത്രക്കിടയില്‍ റോഡരുകില്‍ ഒരു കൂട്ടം തരുണീമണികളെ കണ്ട്‌ യെവന്‍ ബസ്സില്‍നിന്നും ചാടിയിറങ്ങി. അവര്‍ മറ്റാരുമല്ലായിരുന്നു. കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളിലെ കുട്ടികളായിരുന്നു. ഒരു നിമിഷം ചിന്തിച്ച യിവന്‍ ഒന്നാലോചിച്ചുനിന്നു. ഒരു വെടിക്ക്‌ രണ്ട്‌ കിളികള്‍. (ലൈനുമടിക്കാം വെള്ളവുമടിക്കാം). എങ്ങനെ കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളില്‍ കയറിപറ്റാമെന്ന് കുന്തിരിമാമന്‍ നീണ്ട അലോചനയിലായിരുന്നു. ഒടുക്കം യെവന്‍ മാതാപിതാക്കളെ ഇംഗിതം അറിയിച്ചു, അവര്‍ സന്തോഷിച്ചു. മകനെ ഒരു ഇഞ്ചിനീയറായി കണ്ട്‌ നിര്‍വൃതിയടയാന്‍ ആഗ്രഹിച്ച ആ സാധു പാരന്റ്‌സ്‌ ആരുടേയൊക്കെയോ കയ്യും കാലും പിടിച്ച്‌ കുണ്ടന്നൂര്‌ സ്‌ക്കൂളില്‍ രാമന്‍ ചാക്കോയ്ക്ക്‌ ഒരു സീറ്റ്‌ റെഡിയാക്കിച്ചു.

പിന്നീടങ്ങോട്ട്‌ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ ജീവിതം സംഭവബഹുലം. നാടിന്റേയും നാട്ടാരുടേയും തീരാശാപവും നിത്യദു:ഖവുമായി നമ്മുടെ നായകന്‍ കുണ്ടന്നൂര്‍ സ്‌ക്കൂളിലെ എണ്ണം പറഞ്ഞൊരു റൗഡിയായി രൂപാന്തരപ്പെട്ടു. കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലെ മദ്യം ഓവറായി ലക്കുകെട്ട്‌ ഹാന്‍സും പാന്‍പരാഗും നുണഞ്ഞ്‌ അദ്ധ്യാപക/പികരേയും വിദ്യാര്‍ത്ഥി/നികളേയും ഒരുപോലെ വിറപ്പിച്ച ഇഷ്‌ടനെ ഒടുവില്‍.. ഗത്യന്തരമില്ലാതെ ഒന്‍പതാം തരത്തില്‍നിന്നും അധികൃതര്‍ക്ക്‌ പിരിച്ച്‌ വിടേണ്ടിവന്നു.

വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ തെറുത്ത്‌ ബീഡിയാക്കി പുകയൂതികൊണ്ട്‌ വന്നുകേറിയ പുത്രനെ കണ്ട്‌ ഇനിയെന്തുചെയ്യുമെന്നറിയാതെ മാതാജി പകച്ച്‌ നിന്നു. നമ്മുടെ കുന്തിരിമാമന്‍ കുലുങ്ങിയില്ല. ജീവിതത്തിലാരേയും ഭയക്കാത്ത യെവന്‍ ഒടുവില്‍ സ്വന്തം പുരയില്‍ നിന്നും നിലാവുള്ളൊരു രാത്രി ഒളിച്ചോടി!

എത്തിപ്പെട്ടതോ വയനാടന്‍ വനാന്തരത്തിലെ ഒരു ആദിവാസി കോളനിയില്‍. അവിടെ കറങ്ങിത്തിരിഞ്ഞ കുന്തിരിമാമന്‍ ഒടുക്കം കാട്ടുമൂപ്പന്‍സ്‌ സുന്ദരിയായ മകളെ കടക്കണ്ണെറിഞ്ഞു പാട്ടിലാക്കി. അരയില്‍ വശീകരണയന്ത്രം ഏലസ്സാക്കി ജപിച്ചുകെട്ടിയ ഇഷ്‌ടനെ മൂപ്പന്റെ സുന്ദരിമോള്‍ക്ക്‌ ഒറ്റനോത്തിലേ പെരുത്ത്‌ ഇഷ്‌ടമായി. കാനനഛായയില്‍ ലല്ലലം പാടി കാട്ടുചോലയില്‍ നീരാടി കാട്ടുതേന്‍ നുണഞ്ഞ്‌ മരം ചുറ്റിപ്പാടി നടന്ന കുന്തിരിമാമനേയും സുന്ദരിമോളേയും കാട്ടുമൂപ്പന്‍ പിടിച്ചുകെട്ടിച്ചുവിട്ടു.

ആദിവാസിമൂപ്പനില്‍ നിന്നും നാടന്‍ കാച്ചല്‍ എന്ന വിദ്യ സ്വായത്തമാക്കിയ കുന്തിരിമാമന്‍ മെല്ലെ ആദിവാസി ഊരില്‍നിന്നും തടിതപ്പി. അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ എത്തിപ്പെട്ടത്‌ വയനാട്ടിലെ സെന്റ്‌ ജോസഫ്‌ പള്ളിയുടെ മൂത്രപ്പുരയില്‍ ആയിരുന്നു!

മൂത്രമൊഴിക്കാനെത്തിയ ഫാദര്‍ അലോഷ്യസ്‌ നമ്മുടെ നായകനെ കണ്ടു കാര്യം ചോദിച്ചറിഞ്ഞ്‌ കൂട്ടികൊണ്ടുവരികയും കുന്തിരിമാമനെ രാമന്‍ ചാക്കോ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജോലി ഒന്നുമില്ലാത്ത യെവന്‌ പള്ളിപ്പണിക്ക്‌ വന്ന കമ്പിപ്പണിക്കാര്‍ക്ക്‌ കമ്പി പെറുക്കിക്കൊടുക്കുന്ന ജോലി കൊടുത്തു. കമ്പി പെറുക്കി പെറുക്കി രാമന്‍ ചാക്കോ ഒടുവില്‍ അവിടേനിന്നും മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ ചെലവൂരിലെ തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലായിരുന്നു. ചുരുങ്ങിയകാലം കൊണ്ട്‌ കമ്പിപെറുക്കല്‍ മേസ്‌തിരി ആയ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ മനസ്സിലൊരു ആശ പെരുത്തു.

തന്റെ സുഹൃത്തുക്കളെല്ലാം കുടുംബിതരായി. തനിക്കുമൊരു കുടുംബിതന്‍ ആകണം. 'ശങ്കരന്‍ കുട്ടിക്കൊരു പെണ്ണുവേണം' എന്ന പീസുപടം പലതവണ കണ്ടപ്പോള്‍ കുന്തിരിരാമന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാന്‍ അവര്‍ മനസാവാചാകര്‍മണാ തയ്യാറല്ല. അവര്‍ അരുമയാം മകന്റെ ദുരാഗ്രഹത്തിന്റെ ഫയല്‍ മാറ്റിവെച്ചു.

മദം പൊട്ടിവലഞ്ഞ കുന്തിരിമാമന്‍ കുണ്ടന്നൂര്‌ ബാറിലും ബീവറേജിലും മെമ്പര്‍ഷിപ്പെടുത്ത്‌ വെള്ളമടിച്ച്‌ ലൈഫിന്‌ ഫുള്‍സ്റ്റോപ്പിടാന്‍ പ്ലാനിട്ടു. കള്ളുകുടിച്ചും മദ്യമടിച്ചും വാളും വെച്ച്‌ പീടികത്തിണ്ണയിലും വഴിവക്കിലും മാനം നോക്കി കിടക്കുന്ന മകനെ പറ്റിയാലോചിച്ച്‌ ഒടുവില്‍ വീട്ടുകാര്‍ ഒരു കുടുംബയോഗം വിളിച്ച്‌ ഒരു പെണ്ണുകെട്ടിക്കാനുള്ള ഫയല്‍ അനുമതിയാക്കി.

ആറുമാസത്തിലൊരിക്കല്‍ മാത്രം കുളിക്കുന്ന സ്വഭാവമുള്ള കുന്തിരിമാമനെ ആദ്യം ഒരു വയര്‍ബ്രഷ്‌ വാങ്ങി ഉരച്ചുക്ലീനാക്കി, സര്‍ഫ്‌ എക്‍സ്‌ട്രായില്‍ കുതിര്‍ത്ത്‌ കഴുകിയെടുത്ത്‌ ചാക്ക്‌ കൊണ്ട്‌ തുടച്ച്‌ പന്ത്രണ്ട്‌ ഫെയര്‍ ആന്റ്‌ ലൗലി വാങ്ങി പുരട്ടിയിട്ട്‌ പൗഡര്‍ പൂശി സുന്ദരകുട്ടപ്പനാക്കി. പത്രപ്പരസ്യങ്ങള്‍ മുറതെറ്റാതെ കൊടുത്തിട്ടും യെവനെ തപ്പി ഒരു വിവാഹാലോചനയും വന്നില്ല. അത്രക്ക്‌ സ്വഭാവഗുണം കൊണ്ട്‌ സല്‍ഗുണസമ്പന്നന്‍ ആണല്ലോ രാമന്‍ ചാക്കോ എന്ന കുന്തിരിമാമന്‍.

നാട്ടിലെ ബ്രോക്കര്‍മാര്‍ക്കും കള്ള്‌, ബാറ്‌, ബീവറേജ്‌ ഇത്യാദികള്‍ക്ക്‌ പണമൊഴുക്കി പാപ്പരായ കുന്തിരിമാമന്‍ ടെന്‍ഷനടിച്ച്‌ മദ്യവും ഹാന്‍സും പാന്‍പരാഗും ഒരുമിച്ചടിച്ച്‌ ടെന്‍ഷന്‍ കുറക്കാന്‍ നോക്കി മാനസികമായി തകര്‍ന്നടിഞ്ഞു. തളര്‍ന്ന നിലയിലായ യിവനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സുഹൃത്തുക്കള്‍ കൂടിയാലോചിച്ചു. ഒരു സ്‌നേഹിതന്റെ സഹോദരിയുടെ കാലുപിടിച്ച്‌ ഒടുവില്‍ ഒരു പെണ്ണിനെ ഒത്തുകിട്ടി.

തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലെ സഹപ്രവര്‍ത്തകയും സര്‍വോപരി സിക്രട്ടറിയുമായ അനഘ എന്ന മുത്തിനെ ഒടുക്കം കമ്പിവളക്കുമ്പോലെ വളച്ചെടുക്കുന്നതില്‍ രാമന്‍ ചാക്കോ വിജയിച്ചു. പണ്ട്‌ വയനാടന്‍ കാട്ടുമൂപ്പന്റെ മോളെ വലയിലാക്കിയ വശീകരണയന്ത്രമുള്ള ഏലസ്സ്‌ ഒന്നുപൊടിതട്ടിയെടുത്ത്‌ ശക്തി കൂട്ടിയപ്പോള്‍ അനഘ എന്ന ആരും ആഗ്രഹിക്കുന്ന മുത്തിനെ കുന്തിരിമാമന്‍ വലയിലാക്കുകയും ഒരു പട്ടുസാരി പുടവയായി നല്‍കി ബന്ധം ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു!

കല്യാണാഘോഷം:

26.04.2008 ഉച്ചതിരിഞ്ഞ്‌ വെള്ളാട്ടം (സുഹൃത്തുക്കള്‍ മാത്രം, അന്യര്‍ക്ക്‌ പ്രവേശനമില്ല).
27.04.2008 രാവിലെ 5 മണിക്ക്‌ - കുന്തിരിമാമനെ പള്ളിയുണര്‍ത്തല്‍,
6 മണിക്ക്‌ പ്രഭാതഭക്ഷണം നല്‍കല്‍ (പഴങ്കഞ്ഞി, വളിച്ച മോര്‌ തൈര്‌ മിശ്രിതം),
6:30 ഇടവേള, സ്‌മോളടി ഹാന്‍സ്‌ പാന്‍ പരാഗ്‌ ഉപയോഗത്തിന്‌.
7 മണിക്ക്‌ അണിയിച്ചൊരുക്കല്‍ സുഹൃത്തുക്കളുടെ മേല്‍നോട്ടത്തില്‍.
9 മണിക്ക്‌ കാരണവന്മാരുടെ കാല്‌ പിടിച്ച്‌ ക്ഷമ ചോദിക്കല്‍ (ചെയ്‌തുപോയ സകല അപരാധങ്ങള്‍ക്കും).
10:45-ന്‌ അനഘമുത്തിന്റെ കഴുത്തില്‍ കുരുക്കിടാന്‍ വരനെ പറഞ്ഞയക്കല്‍.
11:30-ന്‌ നായകന്റെ കുരുക്കിടല്‍ ചടങ്ങ്‌. ശേഷം വധൂവരന്മാരെ ഹാന്‍സ്‌, മധു, പാന്‍പരാഗ്‌ എന്നിവകൊണ്ട്‌ അഭിഷേകം.
12 മണിക്കുശേഷം ഒത്തിരിനാളായി കാത്തിരിക്കാന്‍ തുടങ്ങിയവര്‍ക്കായി ഭക്ഷണവിതരണം. ഭക്ഷണശേഷം വധുവിനെ അടിച്ചുമാറ്റല്‍. തിരിച്ചുപോക്ക്‌ അലങ്കരിച്ച ഉന്തുവണ്ടിയില്‍.
2 മണിക്ക്‌ വധൂവരന്മാരെ ചാണകവെള്ളം തളിച്ച്‌ വീട്ടിലേക്ക്‌ എഴുന്നള്ളിക്കല്‍.
വൈകിട്ട്‌ 3 മണിക്കുശേഷം ഭക്ഷണപ്പൊതി വിതരണം.
രാത്രി 10 മണിക്ക്‌ ശേഷം തിറ, വെളിച്ചപ്പാട്‌.
12 മണിക്ക്‌ ശേഷം നാടകം ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (2 ഷോ). പുലര്‍ച്ചെ 3 മണി മുതല്‍ക്ക്‌ വെടിക്കെട്ട്‌.

പ്രത്യേക ശ്രദ്ധക്ക്‌:

വധുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ ഒരു കാരണവശാലും കുന്തിരിമാമന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

27.04.2008 മുതല്‍ കുന്തിരിമാന്‍ എന്ന രാമന്‍ ചാക്കോ പരസ്യമായി പുകവലി, വെള്ളമടി, ഹാന്‍സ്‌ വെക്കല്‍, പാന്‍പരാഗ്‌ വെക്കല്‍, 11 (ഒന്ന് ഒന്ന്) എന്നീ പരിപാടികളില്‍ ഏര്‍പ്പെടുന്നതല്ല. (എല്ലാം രഹസ്യമായിരിക്കും).

സൊറക്കല്യാണം അറിയിപ്പ്‌ തീര്‍ന്നു.

-ശുഭം-

Saturday 12 April 2008

ഫ്ലവര്‍ ഫ്രം ഫ്ലോറിഡ!

വെള്ളരിപ്പാടത്തെ നാല്‍കവല ഉച്ചതിരിഞ്ഞൊരു സമയത്ത്‌ പൊതുവെ വിജനമായിരുന്നു. ഉച്ചതിരിഞ്ഞാല്‍ വൈകുന്നേരം വരെ കടകളിലൊന്നും വലിയ തിരക്ക്‌ ഉണ്ടാകാറില്ല. ഈ ഇടവേളയിലാണ്‌ പീടികയിലുള്ള പലരും പത്രപാരായണവും പരദൂഷണവും രാഷ്‌ട്രീയചര്‍ച്ചകളും ഇയ്യിടെ നാട്ടിലെ തരംഗമായ എഫ്‌.എം റേഡിയോ പാട്ടുകള്‍ കേള്‍ക്കലും പതിവ്‌. അങ്ങിനെയുള്ളൊരു നേരം, നാല്‍കവലയിലെ ഇബ്രായിക്കയുടെ പലചരക്ക്‌ കടയുടെ മുന്നില്‍ ഒരു ലേറ്റസ്റ്റ്‌ മോഡല്‍ ബൈക്ക്‌ ഇരമ്പിവന്ന് നിന്നു. സൈഡില്‍ സാധനങ്ങള്‍ നിറച്ച ലെതര്‍ ബാഗുണ്ട്‌.

പത്രം മടക്കിവെച്ച്‌ കണ്ണട താഴ്‌ത്തിയിട്ട്‌ മുകളിലൂടെ കണ്ണുകള്‍ ഫോക്കസ്സാക്കി ഇബ്രായിക്ക അങ്ങോട്ട്‌ നോക്കി. ചുവപ്പ്‌ കളറില്‍ പലവിധ സ്‌റ്റിക്കറുകള്‍ പതിച്ചിട്ടുള്ള സ്‌പോര്‍ട്‌സ്‌ സ്‌റ്റൈല്‍ ബൈക്ക്‌ സൈഡ്‌ സ്‌റ്റാന്‍ഡിലിട്ട്‌ ചുവന്ന ഹെല്‍മെറ്റ്‌ ധരിച്ച രണ്ട്‌ യുവാക്കള്‍ കടയിലേക്ക്‌ നടന്നുവന്നു. പിറകിലുള്ള ഹെല്‍മെറ്റുകാരന്‍ ഇരുകൈ കൊണ്ട്‌ സൂക്ഷിച്ച്‌ താങ്ങിപ്പിടിച്ചിട്ടുള്ള 'സാധന'ത്തില്‍ ഇബ്രായിക്ക നെറ്റിചുളിച്ച്‌ സൂക്ഷിച്ച്‌ നോക്കി. അലങ്കരിച്ച്‌ വര്‍ണ്ണക്കടലാസ്സില്‍ ഒരുഭാഗം പൊതിഞ്ഞ്‌ നിറമെഴുന്ന നൂലില്‍ കെട്ടിവെച്ച വലിയൊരു പൂക്കൂട!

ഹെല്‍മെറ്റ്‌ ഊരിപ്പിടിച്ച ഒന്നാമന്‍ ചൂട്‌ ശമിപ്പിക്കാന്‍ നെഞ്ചിലൂതി, കടയില്‍ മൊത്തം ഒന്ന് കണ്ണോടിച്ചു. പിറകിലുള്ളവന്‍ ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങിനെ പോലെ ഹെല്‍മെറ്റ്‌ ഊരാന്‍ ഗതിയില്ലാതെ പൂക്കൂട താങ്ങിപ്പിടിച്ച്‌ അല്‍പം വളഞ്ഞ്‌ നില്‍പാണ്‌.

അപരിചിതരായ ബൈക്ക്‌ യാത്രികരെ കണ്ടതും അപ്പുറത്തും ഇപ്പുറത്തും കച്ചവടം ചെയ്യുന്ന ഉമ്മറും കാദറും റേഡിയോ ഓഫാക്കിയിട്ട്‌ സംശയത്തോടെ ചുവട്‌ വെച്ച്‌ അവിടെയെത്തി. ഹെല്‍മെറ്റുകാരേയും 'സാധനത്തേയും' പാതയോരത്തെ ബൈക്കിനേയും മാറിമാറി നോക്കിനിന്നു.

'കൂള്‍ ഡ്രിംഗ്‌സ്‌ ഉണ്ടോ, പെപ്‌സി, കോള, സെവനപ്പ്‌, മിറിന്‍ഡാ?'- ഹെല്‍മെറ്റ്‌ ഊരിയിട്ട്‌ കൂളിംഗ്‌ ഗ്ലാസ്സ്‌ ധരിച്ച പല്ല് പൊങ്ങിയ മോന്തകാണിച്ച്‌ മുന്നിലെത്തവന്‍ ചോദിച്ചു.

'ഇങ്ങള്‌ ചോയിച്ച സാധനങ്ങളൊന്നും ഇബടെ മാര്‍ക്കറ്റില്ല. വേണേങ്കി നാരങ്ങള്ളം തരാം, ന്തേയ്‌ അത്‌ വേണോ?' - കാദര്‍ തലക്കെട്ടൊന്നഴിച്ച്‌ കെട്ടിവെച്ച്‌ ചോദിച്ചു.

'അതെങ്കിയത്‌. ഉം എടുത്തോ.' - ഇതേത്‌ പട്ടിക്കാടാണപ്പാ എന്ന ഭാവത്തില്‍ ബൈക്ക്‌ യാത്രികര്‍ നിന്നു.

കാദര്‍ നാരങ്ങവെള്ളം എടുത്ത്‌ കൊടുന്നു. അത്‌ കുടിച്ച്‌ ദാഹമകറ്റുന്നത്‌ നോക്കി കൊതിപൂണ്ട്‌ നില്‍ക്കുന്ന പൂക്കൂട താങ്ങിനില്‍ക്കുന്നയാള്‍ ഹെല്‍മെറ്റ്‌തല ഇളക്കിയാട്ടി ഒരെണ്ണം അവനും ആവശ്യപ്പെട്ടു. ഉടനടി ഉമ്മര്‍ ഓടിപ്പോയി സ്വന്തം കടയിലെ ഫിഡ്‌ജിലെ നാരങ്ങവെള്ളം സ്‌ട്രോയിട്ട്‌ കൊടുത്തു. അവന്‍ എന്തോ ആംഗ്യത്തില്‍ പറയാന്‍ ശ്രമിച്ചു. ഉമ്മര്‍ അവന്റെ ഹെല്‍മെറ്റിന്റെ ഗ്ലാസ്‌ പൊക്കിവെച്ച്‌ കൂള്‍ ഡ്രിംഗ്‌സ്‌ സ്‌ട്രോയിട്ട്‌ പിടിച്ച്‌ നിന്നു. സ്‌ട്രോയില്‍ കാറ്റ്‌ കയറി 'ശുശൂ' കേട്ടപ്പോള്‍ ഒരാശ്വസത്തിലവര്‍ 'താങ്ക്യൂ' ചൊല്ലി.

ഇവരേത്‌ നാട്ടീന്ന് എന്തിനാ വന്നതാവോ എന്നൊക്കെ കാദര്‍ ആംഗ്യത്തില്‍ ഇബ്രായിക്കയോട്‌ ചോദിക്കുന്നുണ്ടായിരുന്നു. ഇബ്രായിക്ക ചോദിക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നാമന്‍ പോക്കറ്റില്‍ മടക്കിവെച്ച കമ്പ്യൂട്ടര്‍ പ്രിന്റ്‌ എടുത്ത്‌ നിവര്‍ത്തികൊണ്ട്‌ ചോദിച്ചു:

'ഈ ഡോക്‌ടര്‍ സൂറയുടെ വീട്ടില്‍ക്ക്‌ ഏതിലേ പോയാലെത്തും?'

'അങ്ങിനെയൊരു ഡാക്കിട്ടറെ കേട്ടിട്ടില്ലാലോ?' - ഇബ്രായിക്ക പറഞ്ഞു.

'സൂറാന്റെ ഉപ്പാന്റെ പേരെന്താ? പള്ളീല്‌ വരുന്ന ആളാണെങ്കി ഞമ്മക്ക്‌ മനസ്സിലാകും' - കാദര്‍ ചോദിച്ചു.

'മൂസാജി'

'ആ ഞമ്മളെ മൂസാജി. പഴേ ബീ.ഏക്കാരന്‍, മലപ്പൊറം ജില്ലേലെ ആദ്യപ്രവാസി മൂസാജില്ലേ.' - ഉമ്മര്‍ ഉറക്കെ പറഞ്ഞു.

വന്നവര്‍ പരസ്‌പരം നോക്കി. ഇബ്രായിക്ക കണ്ണട ഒന്നെടുത്ത്‌ വെച്ച്‌ നോക്കി. കാദര്‍ ഉമ്മറിനെ നോക്കി. വഴിയേ പോയവര്‍ ഒന്നു നിന്ന് നോക്കി.

'മൂസാജിന്റെ ഇരട്ടപെണ്‍കുട്ട്യോള്‌ സൂറയും സൈറയും മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷം പഠിക്കുകയല്ലേ." - ഇബ്രായിക്ക അറിയിച്ചു.

'ആ അതൊന്നും ഞങ്ങക്കറിയൂല. ഇതിലെ മേല്‍വിലാസത്തില്‌ ഡോ.സൂറ എന്നാ അടിച്ചിരിക്കുന്നത്‌.' - വന്നവരിലൊരുത്തന്‍ അക്ഷമയോടെ അറിയിച്ചു.

'ഇങ്ങളെവിടേന്ന് വരുന്നത്‌? വല്ല വിവാഹാലോചനേം ആണോ?'

വന്നവര്‍ ഞെട്ടി. ഇഷ്‌ടക്കേട്‌ പ്രകടിപ്പിച്ച്‌ പിറുപിറുത്തു. ഇതെന്തൊരു പട്ടിക്കാടപ്പാ! ഒരു വഴി ചോദിച്ചാ എന്തൊക്കെ അറിയണം, എന്തൊക്കെ പറയണം!

'ഞങ്ങള്‍ക്കിത്‌ ഡോ.സൂറയെ ഏല്‍പിക്കണം. എന്നിട്ട്‌ വേറെ വഴിപോകാനുള്ളതാ.' - പൂക്കൂട താങ്ങിനില്‍ക്കുന്ന ഹെല്‍മറ്റ്‌ധാരി അക്ഷമയോടെ പറഞ്ഞു.

എല്ലാവരും അവന്‍ താങ്ങിപ്പിടിച്ച വലിയ അലങ്കരിച്ച പൂക്കൂടയില്‍ തുറിച്ചുനോക്കിനിന്നു. ഉമ്മറും കാദറും സംശയത്തോടെ അവരെ മൊത്തം കണ്ണുരുട്ടിനോക്കി. ഇബ്രായിക്കയും വെളിയില്‍ ഇറങ്ങിവന്നു.

'അതുശരി. ബൈക്കില്‌ ചെത്തിനടന്ന്‌ ഞമ്മളെ നാട്ടീവന്ന് പട്ടാപകല്‌ പെണ്‍കുട്ട്യോളെ വീടന്വേഷിക്ക്വാ, പൂക്കൂട സമ്മാനിക്ക്വാ. ആഹഹാ! ഇങ്ങള്‍ക്കെന്താ പരിപാടി?' - ഇബ്രായിക്ക തുണിമടക്കികുത്തി വിരട്ടുന്ന മട്ടോടെ ചോദിച്ചു.

വന്നവര്‍ ഒന്നുപരുങ്ങി. പൂക്കൂട പിടിച്ചവന്‍ പിന്നാക്കം നീങ്ങി. നാല്‍കവലയില്‍ ആളുകൂടാന്‍ തുടങ്ങി. എന്തോ പന്തികേട്‌. നേരമ്പോക്കിന്‌ വഴിയേ പോകുന്ന വാഹനങ്ങളെണ്ണി പണിയില്ലാതെ നില്‍ക്കുന്നവരും വന്നു ചുറ്റും നിന്നു.

'അയ്യോ. ഇത്‌ നിങ്ങള്‌ കരുതുമ്പോലെ ഡോ.സൂറയ്‌ക്ക്‌ ഞങ്ങള്‍ സമ്മാനിക്കുന്ന പൂക്കളല്ല.'

'പിന്നെ? മൂസാജിന്റെ മോള്‍ക്ക്‌ പൂ കൊടുത്തയച്ചത്‌ ആരാഡാ?' - കൂട്ടത്തിലൊരുത്തന്‍ കേറിവന്ന് ചോദിച്ചു.

'ഇത്‌ ഫ്ലോറിഡയില്‍ നിന്ന് അയച്ചതാ.'

'ഫ്ലോറിഡ. അതേത്‌ പഞ്ചായത്ത്‌. ഏത്‌ ജില്ല?
ഒരോരോ പുത്യേ സ്ഥലപ്പേരും കൊണ്ട്‌ പൂവുമായി പെണ്ണുങ്ങളെ വലവീശാനെറങ്ങിയിരിക്കുന്നു!'

'ഫ്ലോറിഡ അമേരിക്കായിലാ, കാക്കമാരേ. അവിടെ ഏത്‌ പഞ്ചായത്ത്‌ ഏത്‌ ജില്ല എന്നൊന്നും മേല്‍വിലാസത്തിലില്ല. ഇങ്ങള്‌ വഴിപറഞ്ഞുതാ. ഞങ്ങള്‍ക്കിത്‌ ഡോ.സൂറയെ ഏല്‍പിച്ച്‌ വേറെ പലയിടത്തും വേറേ സാധനങ്ങള്‌ ചെന്ന് ഏല്‍പിക്കാനുള്ളതാ ഭായ്‌..'

'ഇങ്ങളങ്ങിനെ എവിടേം ഒന്നും കൊടുക്കണ്ട. ഇത്‌ ഇവിടെ ഞങ്ങള്‌ അവസാനിപ്പിച്ചുതരാം!'

കൂട്ടത്തിലെ ഉശിരുള്ള ചിലര്‌ അവരെ വളഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന ചിലര്‍ തമ്മില്‍ ചര്‍ച്ച തുടങ്ങി. സംഗതി കൈവിട്ടുപോകുമെന്നായപ്പോള്‍ വന്നവര്‍ അവരുടെ ബിസ്സിനസ്സ്‌ കാര്‍ഡ്‌ എടുത്ത്‌ കാണിച്ചു.

'അതേയ്‌ ഞങ്ങള്‌ നിങ്ങള്‌ കരുതുമ്പോലെ പെണ്ണുങ്ങളെ വലയിലാക്കാന്‍ പൂവും കൊണ്ട്‌ കറങ്ങുന്ന ടീമല്ല. ഞങ്ങള്‌ ബ്ലൂഡാര്‍ട്ട്‌ എക്‌സ്‌പ്രസ്സീന്നാ. ഒരോരുത്തര്‌ അയക്കുന്ന സാധനങ്ങള്‌ മേല്‍വിലാസക്കാരനെ കൃത്യസമയത്ത്‌ എത്തിക്കലാ ജോലി.'

'ഹെന്ത്‌? ബ്ലൂ..ആര്‍ട്ടോ? അപ്പോ അതാണല്ലേ കൈയ്യിലിരുപ്പ്‌. ബ്ലൂ...?'

- ആശ്ചര്യപ്പെട്ട്‌ വാപൊളിച്ച്‌ അന്തം വിട്ട്‌ തരിച്ച്‌ നിന്ന ഇബ്രായിക്ക നിയന്ത്രണം വിട്ട്‌ കൈയ്യോങ്ങി. ബ്ലൂഡാര്‍ട്ടുകാര്‍ ഊരിപ്പിടിച്ച ഹെല്‍മെറ്റ്‌ തലയില്‍ ഫിറ്റാക്കി ബൈക്കില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‌ തടഞ്ഞു.

'പൊന്നു സഹോദരങ്ങളേ. ഞങ്ങളിങ്ങള്‌ കരുതുമ്പോലെ അല്ല. യൂ.എസിലെ ഫ്ലോറിഡയിലെ ഒരു സിറാജ്‌ അയച്ച പൂക്കള്‌ ഡോ.സൂറയെ ഏല്‍പിക്കാന്‍ വന്നതാ. ആര്‌ ആര്‍ക്കയക്കുന്നതും അവരെ നേരില്‍ കണ്ട്‌ ഏല്‍പിക്കാനാ കമ്പനി ഉത്തരവ്‌.'

'ഇവമ്മാര്‌ അന്താരാഷ്‌ട്രാ ബന്ധം ഉള്ളവരാ! അതും അമേരിക്കയുമായിട്ട്‌. ബുഷിന്റെ ആള്‍ക്കാരാവും.' - കൂടിനിന്നവരില്‍ ആരോ പറയുന്നത്‌ കേട്ടു.

പാക്കിസ്ഥാനോടും അവിടെത്തെ ക്രിക്കറ്റ്‌ കളിക്കാരോടും പ്രത്യേകമമതയുള്ള വെള്ളരിപ്പാടത്ത്‌ ബ്ലൂഡാര്‍ട്ടര്‌ ഒറ്റപ്പെട്ട്‌ തലയില്‍ കൈവെച്ച്‌ ബൈക്കിനരികെ നിന്നു. സെല്‍ഫോണെടുത്ത്‌ കമ്പനിയില്‍ വിളിക്കാന്‍ തുനിഞ്ഞപ്പോള്‍ വെള്ളരിപ്പാടക്കാര്‌ അവരെ തടയാന്‍ ശ്രമിച്ചു.

'ഒരുകാര്യം ചെയ്യാം. നമുക്കിവരേം കൊണ്ട്‌ മൂസാജീടെ വീട്ടില്‍ പോകാം. ഡോ.സൂറയും സൈറയും കോളേജീന്ന് വന്നിട്ടുണ്ടെങ്കി ചോയിച്ച്‌ നോക്കാലോ. ഇവര്‌ പറയുന്ന സിറാജിനെ അറിയോന്ന്' - ഇബ്രായിക്ക കൂടിനിന്നവരോട്‌.

അതെല്ലാവരും സമ്മതിച്ചു. ബൈക്ക്‌ എടുക്കാന്‍ സമ്മതിക്കാതെ ബ്ലൂഡാര്‍ട്ടുകാരെ ചുറ്റും വലയമുണ്ടാക്കി ഇബ്രായിക്കയും ഉമ്മറും കാദറും പരിവാരവും മൂസാജിയുടെ വീട്ടിലേക്ക്‌ നടന്നു.

പെയിന്റ്‌ പണിക്കാര്‍ക്ക്‌ നിര്‍ദേശം കൊടുത്ത്‌ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന മൂസാജി ഒന്നു ഞെട്ടി. ഒരു സംഘമാളുകള്‍ രണ്ട്‌ ഹെല്‍മെറ്റ്‌ധാരികളെ ബന്ധികളാക്കിയപോലെ വീട്ടിലേക്കുള്ള വഴിയിലൂടെ വരുന്നു! അവര്‌ പാടവരമ്പത്തൂടെ വരിവരിയായി വരുന്നത്‌ കണ്ട്‌ മൂസാജി ഭാര്യയെ വിളിച്ച്‌ കാണിച്ചുകൊടുത്തു. ഹെല്‍മെറ്റിലൊരുത്തന്‍ താങ്ങിപ്പിടിച്ച അലങ്കരിച്ച പൂക്കൂടയിലാണ്‌ മിസ്സിസ്‌ മൂസാജി നോക്കിയത്‌.

'പടച്ചോനേ ഇത്ര പെട്ടെന്ന് ഓര്‌ എത്ത്യാ! ചെക്കന്റെ വീട്ടീന്ന് കൊടുത്തയച്ച വല്ല സാധനവും ആയിരിക്കും'

ഡോ.സൂറയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട്‌ അധികനാളായിട്ടില്ല. ബാക്കികര്യങ്ങള്‍ പറഞ്ഞുറപ്പിക്കാന്‍ ഉടനെ ചെക്കന്റെ വീട്ടുകാരെത്തും എന്നറിയിച്ചിരുന്നു.

സംഘം വീട്ടുവളപ്പിലെത്തി. ഇബ്രായിക്ക മുന്നിലുണ്ട്‌. ഹെല്‍മെറ്റുകാര്‌ കുറ്റവാളികളെപ്പോലെ കൂട്ടത്തില്‍. മൂസാജിയുടെ ഭാര്യ വീട്ടിനകത്തേക്ക്‌ പോയി വാതിലിനപ്പുറം നിന്നു. വന്നവരേയും അതിലുപരി ഹെല്‍മെറ്റുകാരുടെ കൈയ്യിലെ പൂക്കൂടയിലും ഒളിഞ്ഞുനോക്കി.

'അസ്സലാമു അലൈക്കും' - ഇബ്രായിക്ക മൂസാജിയോട്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ‘ഇവര്‌ ഡോ.സൂറയെ അന്വേഷിച്ച്‌ വന്നതാ. അമേരിക്കായിലെ....'

മുഴുവന്‍ പറയാനോ കേള്‍ക്കാനോ നില്‍ക്കാതെ മൂസാജി മുന്നോട്ട്‌ വന്ന് സന്തോഷത്തോടെ ബ്ലൂഡാര്‍ട്ടുകാരെ സ്വീകരിച്ചു.

'ഇങ്ങള്‌ സിറാജിന്റെ ആള്‍ക്കാരാ അല്ലേ?' - മൂസാജി ചിരിച്ച്‌ ചോദിച്ചു.

ബ്ലൂഡാര്‍ട്ടുകാര്‍ അതെ എന്നര്‍ത്ഥത്തില്‍ നിന്ന്‌ പൂക്കൂട മൂസാജിയുടെ കൈയ്യില്‍ ഏല്‍പിച്ചു. ഇബ്രായിക്കയും ഉമ്മറും കാദറും മറ്റുള്ളവരും പരസ്‌പരം നോക്കി. ഒരു അടിസീന്‍ പ്രതീക്ഷിച്ച്‌ എത്തിയ ചിലര്‍ തിരിച്ചുപോകാന്‍ തുടങ്ങി.

'ഇത്‌ സിറാജ്‌ അയച്ചതാണ്‌. ഡോ.സൂറയില്ലേ ഇവിടെ?'

'അകത്തുണ്ട്‌. ഇങ്ങള്‌ കേറി കുത്തിരിക്കീന്ന്‌. സൈനാ വേഗം ജ്യൂസ്‌ എടുത്താ. സൂറയെ വിളി. ഓള്‍ടെ സിറാജിന്റെ വീട്ടീന്ന് ആളെത്തിയിട്ടുണ്ട്‌. വരീന്‍ കേറി ഇരിക്കീന്‍'

ഹെല്‍മെറ്റ്‌ ഊരി ആശ്വാസത്തോടെ നിശ്വസിച്ച്‌ ബ്ലൂഡാര്‍ട്ടു പയ്യന്‍സ്‌ കോലായിലെ കസേരയില്‍ ഇരുന്നു. ഒരു സംഘട്ടനത്തില്‍ നിന്നും രക്ഷപ്പെട്ട അവര്‍ മുറ്റത്ത്‌ വാപൊളിച്ച്‌ നില്‍ക്കുന്ന ഇബ്രായിക്ക, കാദര്‍, ഉമ്മര്‍ കൂട്ടാളികളെയൊക്കെ നോക്കി പുഞ്ചിരിച്ചു.

''ഇത്‌ സൂറയെ കെട്ടാന്‍ പോവുന്ന സിറാജിന്റെ ആള്‍ക്കാരാ. എല്ലാം ഒന്നുറച്ചിട്ട്‌ എല്ലാരേം അറീക്കാം എന്നു വിചാരിച്ചതാ. ഇനീ നേരിട്ട്‌ വന്ന് ക്ഷണീക്കാം വിവാഹം ഉറപ്പിച്ചിട്ട്‌..' - മൂസാജി മുറ്റത്ത് നില്‍ക്കുന്നവരോട് സന്തോഷത്തോടെ അറിയിച്ചു.

'കടയിലാളില്ല. ഞങ്ങളങ്ങോട്ട്‌..' - ഇബ്രായിക്കയും കാദറും ഉമ്മറും മറ്റും പിരിഞ്ഞുപോയിതുടങ്ങി. മുറ്റം കാലിയായി.

സൂറയുടെ ഉമ്മ സൈന വാതിലിനപ്പുറം തല പാതി വെളിയിലിട്ട്‌ കുശലം ചോദിച്ചു. ഇടയ്‌ക്കിടെ വാച്ചില്‍ നോക്കി അക്ഷമരായി ബ്ലൂഡാര്‍ട്ടു പയ്യന്‍സ്‌ ഇരുന്നു.

'ഞങ്ങള്‍ക്ക്‌ വേഗം പോണം. വൈകുന്നേനും മുന്‍പ്‌ പലയിടത്തും എത്താനുണ്ടേയ്‌.'

'ഹ, അതെന്ത്‌ പോക്കാ. ബിരിയാണി ഉണ്ടാക്കികൊണ്ടിരിക്കുന്നു. അത്‌ കഴിച്ചിട്ട്‌ പോയാമതി. സിറാജ്‌ വിളിക്കുമ്പോ ഇങ്ങള്‌ ഒന്നും കഴിക്കാതെ പോയെന്നറിഞ്ഞാ മോശം ആര്‍ക്കാ.'

'ങ്‌ഹേ!'

അവര്‍ വാപൊളിച്ചിരുന്നു. തൊണ്ട വറ്റിവരണ്ടു. അപ്പോഴാണ്‌ കൊലുസ്‌ കിലുക്കികൊണ്ട്‌ ഡോ.സൂറ മന്ദസ്‌മിതത്തോടെ രണ്ട്‌ ഗ്ലാസ്സ്‌ ജ്യൂസുമായിട്ട്‌ പ്രത്യക്ഷപ്പെട്ടത്‌. മൂസാജി പൂക്കൂട അവളെ ഏല്‍പിച്ചു. അവളത്‌ സന്തോഷത്തോടെ വാങ്ങി നോക്കിനിന്നു.

'ഹാപ്പി വാലന്റൈന്‍സ്‌ ഡേ.' - പൂക്കൂടയില്‍ ഒളിപ്പിച്ചുവെച്ച കുറിപ്പില്‍ എഴുതിയത്‌ വായിച്ച്‌ ഡോ.സൂറ അകത്തേക്ക്‌ പോയി. ബ്ലൂഡാര്‍ട്ട്‌ പയ്യന്‍സ്‌ ആ പോക്ക്‌ നോക്കി ജ്യൂസ്‌ ഫിനിഷാക്കി. മൂസാജി സിറാജിന്റെ വീട്ടുകാരുടെ കാര്യമൊക്കെ ചോദിച്ചു. അവര്‍ വാപൊളിച്ചു പോകാന്‍ ധൃതിവെച്ചു. ഇടയ്ക്കിടെ അവരുടെ മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു.

'ബിരിയാണി തിന്നാന്‍ പിന്നൊരിക്കെ വരാം. ഇപ്പോ ഞങ്ങള്‌ പൊയ്‌ക്കോട്ടെ.'

മുള്ളില്‍ ഇരിക്കുന്ന മൂലക്കുരു ഉള്ളവരെ പോലെ അവര്‍ എരിപിരി കൊണ്ടു. മൂസാജി അവരെ പിടിച്ചിരുത്തി. ഉച്ചനേരം. നല്ല വിശപ്പും. അവരും ഒരു ബിരിയാണി അകത്താക്കാനുള്ള ആഗ്രഹമൊക്കെയായി ഇരുന്നു. പക്ഷെ, എത്ര ഇടങ്ങളിലിനി കവറുകളും ഗിഫ്‌റ്റും എത്തിക്കാനുണ്ട്‌ എന്നോര്‍ത്തപ്പോള്‍ ഒരു ഉള്‍ക്കിടിലം.

ബിരിയാണി വിളമ്പിവെച്ച ഡൈനിംഗ്‌ ടേബിളിനുചുറ്റും അവരും മൂസാജിയും ഓരോരോ നാട്ടുവര്‍ത്തമാനങ്ങള്‍ വിളമ്പി ഇരുന്ന് തീറ്റതുടങ്ങി. അടുക്കളവാതിലിനപ്പുറം തട്ടമിട്ട ഒരു തല വന്നു നോക്കി മറയുന്നു. മിസ്സിസ്‌ മൂസാജിയാണത്‌. ഇപ്പുറം കോണിപ്പടവുകളില്‍ കൊലുസിന്റെ 'ച്‌ലും ച്‌ലും' താഴോട്ടെത്തി. കോഴിക്കാല്‍ ഓരോന്ന്‌ കൈയ്യിലെടുത്ത്‌ വാപൊളിച്ച്‌ ബ്ലൂഡാര്‍ട്ടര്‌ ഡോ.സൂറയെ നോക്കി. മൂസാജി മുരടനക്കി. അവര്‌ ഒന്നും കണ്ടില്ല എന്നമട്ടില്‍ കോഴിക്കാല്‌ ഫിനിഷാക്കി. ബിരിയാണി വേഗം തീര്‍ത്ത്‌ ബ്ലൂഡാര്‍ട്ടര്‌ കൈകഴുകി കോലായിലെത്തി.

'ഇനിയെന്നാ വരിക? ഇടയ്‌ക്കൊക്കെ വാ.' - തട്ടം നേരേയാക്കി സൂറയുടെ ഉമ്മ ചിരിച്ച്‌ ചുമ്മാ പറഞ്ഞു. പിറകിലായിട്ട്‌ പൂക്കൂട പിടിച്ച്‌ ഡോ.സൂറയും അതിനും പിറകിലായിട്ട്‌ ഡോ.സൈറയും നിന്നു.

'സിറാജ്‌ ഇനി വല്ലതും അയച്ചാല്‍ ഇനിയും വരാം. വരും.' - ഒരുത്തന്‍ ചിരിച്ചറിയിച്ചു.

'ബിരിയാണി കൊള്ളാംട്ടോ. അപ്പോള്‍ പോയിട്ട്‌ പിന്നെ.. വരാം.'

മൂസാജിയോടും യാത്രപറഞ്ഞ്‌ ബ്ലൂഡാര്‍ട്ടര്‌ അവിടേനിന്നും ധൃതിയില്‍ പോന്നു. വഴിയിലൂടെ നടക്കുകയല്ല എന്നാല്‍ ഓടുകയും അല്ല എന്ന മട്ടില്‍ അവര്‍ ബൈക്ക്‌ വെച്ച നാല്‍കവലയിലേക്ക്‌.. പോകുന്ന പോക്കില്‍ പിറകിലുള്ളവന്‍ പെട്ടെന്ന് എന്തോ ഓര്‍മിച്ചിട്ട്‌ ചോദിച്ചു:

'അല്ലാ നീയാ പെണ്ണിന്റെ ഒപ്പ്‌ വാങ്ങിച്ചോ ഡെലിവറി നോട്ടില്‍?'

'ഡെലിവറി? ഓ അതോ, ആ നോട്ടില്‍ നീ തന്നെ ഒരു ഒപ്പിട്ടോളൂ. എടാ മരങ്ങോടാ നമ്മള്‍ ചെക്കന്റെ ആള്‍ക്കാരായിട്ടല്ലെ ബിരിയാണി തട്ടിയത്, അപ്പോ എന്ത്‌ കോപ്പ്‌ പറഞ്ഞിട്ടാ ആ കൊച്ചിനെകൊണ്ട് ഒപ്പ്‌ ഇടീക്കുക കോപ്പേയ്‌?'

അവര്‍ ഒരുനിമിഷം നിന്നു. പാടവരമ്പിലേക്ക്‌ ഇറങ്ങുന്ന ഭാഗത്ത്‌ സുഗന്ധമുള്ള പലവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വഴിയരികില്‍ പൂത്ത്‌ നിരനിരയായികിടക്കുന്നു. രണ്ടാമന്‍ ചുറ്റും നോക്കിയിട്ട്‌ അവ പറിച്ചെടുക്കാന്‍ തുനിഞ്ഞു. മറ്റവനത്‌ തടഞ്ഞു. എന്തെഡേയിത്‌?

'ഇപ്പൂക്കള്‍ നമുക്ക്‌ നല്ലോണം അലങ്കരിച്ച്‌ പൊതിഞ്ഞ്‌ വേറേ ഏതേലും വീട്ടില്‍ കൊണ്ട്‌ കൊടുക്കാന്നേയ്‌. ഫ്ലവര്‍ ഫ്രം ഫ്ലോറിഡ! നല്ല തങ്കപ്പെട്ട വീട്ടുകാര്‍, അല്ലേ?'

'ഉം ഉം തങ്കപ്പെട്ട വീട്ടുകാരും കൂതറ നാട്ടാരും. ബൈക്ക്‌ അവിടെ ഉണ്ടോ ആവോ' - അവര്‍ വീണ്ടും പാഞ്ഞു.

ബൈക്ക്‌ അവിടെതന്നെയുണ്ട്‌. അവരതില്‍ കയറുമ്പോള്‍ ഇബ്രായിക്കയും കാദറും ഉമ്മറും പീടികയില്‍ ഇരുന്ന് ഇടംകണ്ണിട്ട്‌ അവരെ കണ്ടു കണ്ടില്ല എന്നമട്ടിലിരുന്നു.

-ശുഭം-

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com