Monday, 1 May 2017

വിരലൊന്ന് തൊട്ടപ്പോൾ..!

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത, അവിവാഹിതനായ നാല്പതുകാരൻ അജയൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

ഒരുദിവസം, ടിവി ചാനലുകൾ കണ്ടുകൊണ്ട് അജയൻ സോഫയിൽ കിടക്കുമ്പോൾ മൊബൈലിന്റെ lock pattern ഒന്ന് മാറ്റിയാലോ എന്നാലോചിച്ചു.. കുറേനാളായി ഒരേ പാറ്റേൺ അവന് മടുപ്പുണ്ടാക്കിയിരുന്നു. ടിവിയിൽ കണ്ണുംനട്ട് മൊബൈൽ സ്‌ക്രീനിൽ പുതിയ lock pattern സെറ്റ് ചെയ്തു. നേരത്തെ ഉണ്ടായിരുന്നത് മുകളിൽനിന്നും താഴോട്ട് വരുന്ന രീതിയിലെ ഒരു പാറ്റേൺ കൊണ്ടാവാം താനിങ്ങനെ ഉയർച്ച ഇല്ലാതെ പോയത് എന്ന് തോന്നിയ അജയൻ താഴേന്ന് മോളിലോട്ട് വിരലുകൾ ചലിപ്പിച്ച് പുതിയ പാറ്റേൺ ഉണ്ടാക്കി, ഇനി വരുംനാളുകൾ ഉയർച്ചയുടേതാവും എന്ന പ്രത്യാശയോടെ ടിവി നോക്കി കിടന്നു.

റിമോട്ടിൽ ഞെക്കി, ചാനലുകൾ മാറ്റി മടുത്ത അജയൻ ഇനി കുറച്ച് മൊബൈൽ നെറ്റ് നോക്കാം എന്നുറപ്പിച്ച് മൊബൈൽ എടുത്തു. പക്ഷെ, lock pattern എത്ര ഓർത്തിട്ടും അജയന് കിട്ടുന്നില്ല. കുറേ ആലോചിച്ചുനോക്കി, പലതും ശ്രമിച്ചുനോക്കിയപ്പോൾ മൊബൈൽ സ്‌ക്രീനിൽ തെറ്റായ പാറ്റേൺ, ഇനി 1 മണിക്കൂർ കഴിഞ്ഞ് ശ്രമിക്കൂ എന്ന സന്ദേശം കാണിച്ചപ്പോൾ അജയൻ പരാജിതനായി.

ഉടനെ ഡ്രസ്സ് മാറി ബൈക്കെടുത്ത് അജയൻ സിറ്റിയിലെ മൊബൈൽ ഷോപ്പിൽ ചെന്ന്‌ കാര്യം പറഞ്ഞു. ഒരു ഇരയെ കിട്ടിയ വേട്ടക്കാരനെപോലെ അവിടെത്തെ സ്റ്റാഫ് അജയന്റെ ഫോൺ തിരിച്ചും മറിച്ചും നോക്കിയിട്ട് പറഞ്ഞു: 'സോഫ്റ്റ്‌വെയർ പൊളിക്കണം. എല്ലാ ഡാറ്റാസും പോവും. വേറെ വഴിയില്ല'.

'സോഫ്റ്റ്‌വെയർ പൊളിക്കേ! മൊബൈൽ പൊളിക്കൂലല്ലോ? എത്ര ചിലവ് വരും?' അജയൻ അന്തംവിട്ട് ചോദിച്ചു.

സ്റ്റാഫ് മുഖത്ത് ചൊറിഞ്ഞ് ആലോചിച്ച് പറഞ്ഞു: 'സോഫ്റ്റ്‌വെയർന് 600 ഉറുപ്യ, മൊബൈൽ സർവീസ് ഫീസ് 500 ഉറുപ്യ. ന്നാ ചെയ്യാല്ലേ? ഒരു മണിക്കൂർ മതി.'

സ്റ്റാഫിന്റെ കൈയ്യിൽനിന്നും മൊബൈൽ തട്ടിപ്പറിച്ച് അജയൻ: 'എന്തേ കുറച്ചത്? ഒരു മണിക്കൂർ മൊബൈൽ ഇവിടെ വെക്കുന്നതിനും വാടക ഈടാക്കിക്കോ..'

അജയൻ വേഗത്തിൽ പുറത്തേക്ക് പോയി. ഇനിയെന്ത് ചെയ്യും മൊബൈൽ നോക്കി കഴിയാനല്ലാതെ വേറെ എന്താ മാർഗം? ബൈക്കോടിച്ച് നേരെപോയത് ബാറിലേക്കാണ്.

കുറേനാൾക്ക് ശേഷം ബാറിലെത്തിയ അജയൻ ബിയർ ഓർഡർ ചെയ്ത് മൊബൈൽ നോക്കി ഇരുന്നു. ബിയർ കുടി തുടങ്ങിയ അജയൻ വേറെ ഒന്നും ചിന്തിക്കാതെ ഓർമ്മയെ റിവേഴ്‌സ് ഗിയറിലിട്ടു. ബാറിലെ ടിവിയിൽ Zee ചാനൽ നോക്കി ഇരുന്ന അജയന്റെ തലയ്ക്കുള്ളിൽ മിന്നൽപിണർ വന്നുപോയി. വീട്ടിലെ സോഫയിൽ കിടന്ന് കണ്ടതും ഇതേ ചാനൽ. അന്നേരമാണ് മൊബൈൽ lock pattern മാറ്റിയത്.. വീണ്ടും ബിയർ കുടിച്ച അജയൻ ഒന്നൂടെ ഓർത്തുകൊണ്ട് മൊബൈൽ സ്‌ക്രീൻ തൊട്ടു. അവന്റെ വിരലുകൾ lock pattern കുത്തുകളിലൂടെ Z രൂപത്തിൽ ചലിച്ചു. അത്ഭുതം! മൊബൈൽ ഫോൺ തുറക്കപ്പെട്ടു. അജയൻ ഉച്ചത്തിൽ ആഹ്ലാദസ്വരം ഉണ്ടാക്കിയപ്പോൾ എല്ലാവരും അവനെ നോക്കി. കുടി മതിയാക്കിയ അജയൻ ബില്ല് നോക്കി പൊട്ടിച്ചിരിച്ചു. വെറും 160 രൂപയേ ആയിട്ടുള്ളൂ.

200 രൂപ കൊടുത്ത് അജയൻ എഴുന്നേറ്റ് പോവുമ്പോൾ ഒരുത്തൻ ജോലിക്കാരനോട് പറഞ്ഞു: 'ആദ്യായിട്ട് കുടി തുടങ്ങിയ ആളാണെന്നാ തോന്നുന്നേ.. അതാത്ര സന്തോഷം. ഇനി വട്ടാണോ എന്തോ..'

അജയൻ അയാളുടെ അടുത്തെത്തി സംഗതി പറഞ്ഞു: 'കുടിക്കാൻ വേണ്ടി ഞാൻ കുടിക്കില്ല. പക്ഷെ ഇന്നത് വേണ്ടിവന്നു. 200 രൂപക്ക് ബിയർ കുടിച്ചപ്പോൾ എന്റെ മൊബൈൽ ശരിയായി. അല്ലേൽ നന്നാക്കാൻ കൊടുത്ത് 1100 രൂപ പോയേനെ, ഒപ്പം കുറെ ഡാറ്റാസും.'

അജയൻ പോവുന്നത് നോക്കി അയാൾ പറഞ്ഞു: 'ബിയർ കുടിച്ചാ മൊബൈൽ നന്നാവോ! ഏതാണാ മൊബൈൽ സെറ്റ്!'

Monday, 17 April 2017

ഓർമ്മകളൊഴുകും ത്രിവേണി..

കൊച്ചിയിലെ ഒരു ബാറിൽ കുമ്പവയറുള്ള കറുത്തുരുണ്ട ബെയറർ കൊണ്ടുവെച്ച ബിയർകുപ്പിയിൽ നിന്നൊഴിച്ച് കുടിക്കുമ്പോൾ അജിയുടെ ഓർമ്മകൾ ചിറകടിച്ച് കടൽ കടന്ന് അബുദാബിയിലെ ത്രിവേണി ബാറിലെത്തി.

മലയാളിസ്ത്രീകൾ പരിചരിക്കുന്ന ത്രിവേണിയിലെ സുന്ദരരാത്രികൾ.. പലവിധ പ്രശ്നങ്ങൾ തരണം ചെയ്യാൻ വന്ന അവരുമായുള്ള നല്ല സൗഹൃദം.. തന്നോട് കുറച്ചൂടെ അടുപ്പം കാണിച്ചിരുന്ന അപ്സരസ്സിന്റെ മേനിയഴകുള്ള, ഗോതമ്പിൻ നിറമുള്ള ഗീതു.. തന്റെ കൂടെ ഇടയ്ക്കൊക്കെ വന്നിരിക്കാറുള്ള ത്രിവേണിയുടമ ഹരിയേട്ടൻ.. . ത്രിവേണിയിൽ വെച്ച് പരിചയപ്പെട്ട നല്ല കൂട്ടുകാർ.. അവിടെയിരുന്ന് എഴുതിയ സിനിമാകഥകൾ.. എല്ലാം മനസ്സിന്റെ തിരശീലയിൽ തെളിഞ്ഞപ്പോൾ അജി ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു.

വിരസമായ ജോലിയുടെ ടെൻഷനിൽ നിന്നും മുക്തനാവാൻ അജി ത്രിവേണിയിൽ എത്തുമായിരുന്നു.. സദാചാരപ്രശ്നങ്ങൾ രൂക്ഷമായ നമ്മുടെ നാട്ടിൽനിന്നും വ്യത്യസ്തമായി നിയമങ്ങൾ കർക്കശമായ അറബ് രാജ്യത്ത്, പെണ്ണുങ്ങൾ പരിചരിക്കുന്ന ത്രിവേണി ശരിക്കുമൊരു സ്വർഗ്ഗമായിരുന്നെന്ന് അജി തിരിച്ചറിഞ്ഞു. നാട്ടിൽനിന്നും വ്യത്യസ്തമായി ഗൾഫിലെ ബാറുകളിൽ സ്വാതന്ത്യം അനുഭവിച്ച് ലഭിച്ച സൗഹൃദങ്ങൾ ഊഷ്മളമായിരുന്നു.

ത്രിവേണിയുടെ കൊത്തുപണികളുള്ള വലിയ വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ കാതിൽ ഒഴുകിയെത്തുന്ന മനോഹരഗാനങ്ങൾ... മങ്ങിയ വെളിച്ചത്തിൽ പുഞ്ചിരിയോടെ, സാരിയും ബ്ലൗസുമണിഞ്ഞ് ആരേയും മോഹിപ്പിക്കുന്ന അഴകോടെ ഗീതു പ്രത്യക്ഷപ്പെടും, അജിയ്ക്ക് മാത്രം ഹസ്തദാനം നൽകും.. നീട്ടിയ കൈ പിൻവലിച്ച് നിരാശരായി കൂട്ടുകാർ നിൽക്കും. അവർക്കായി അവൾ സ്ഥിരം ഒരു കോർണർ ടേബിൾ ഒഴിച്ചിട്ടിരുന്നു. അജിയ്ക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ ഗീതു വെച്ചിട്ടുണ്ടാവും.. ഒരു താലത്തിൽ ബഡ്‌വൈസർ ബിയറും നത്തോലി ഫ്രൈയും കൊണ്ടുവരുന്ന ഗീതുവിനെ കാണുമ്പോൾ അജിയ്ക്ക് തോന്നിയത്, താനിപ്പോൾ ഇന്ദ്രസദസ്സിൽ ഒരു അപ്സരസ്സിന്റെ മുന്നിലാണെന്നാ.. അരികെ നിന്നുകൊണ്ട് ഗീതു ഗ്ളാസ്സിൽ ബിയർ ഒഴിച്ച് അജിയുടെ നേരെ നീട്ടികൊടുക്കുമ്പോൾ, അവളുടെ നീണ്ടവിരലുകളിൽ അവന്റെ വിരലുകൾ തഴുകുമ്പോഴേക്കും അവൾ പുഞ്ചിരിയോടെ പോവാൻ തുടങ്ങും..

ഒരിയ്ക്കൽ, അജി ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന ഒരാളെ പരിചയപ്പെട്ടു. അയാൾ ഓഫ്‌ഷോറിൽ ജോലി ചെയ്യുന്നു. മൂന്ന് മാസത്തിലൊരിക്കൽ മാത്രം കരയിൽ എത്തുന്നവൻ.. ചുട്ടുപൊള്ളുന്ന ഓഫ്‌ഷോർ ജോലിയിൽ ഒരു സ്ത്രീയെപോലും കാണാനോ കേൾക്കാനോ സാധ്യമല്ലാത്തപ്പോൾ കരയിൽ എത്തുമ്പോൾ ഒരാശ്വാസത്തിന് സ്ത്രീകൾ പരിചരിക്കുന്ന ത്രിവേണിയിൽ വരുന്നതാണയാൾ.. അവരുടെ സാമീപ്യം, അവരുടെ സംസാരം അയാളുടെ മരവിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് ആശ്വാസമായിരുന്നു.. അയാളുടെ കുടുംബത്തെ കുറിച്ച് അജി ചോദിച്ചപ്പോൾ അയാൾ കുറച്ചൊക്കെ പറഞ്ഞു. 'ഭാര്യയ്ക്ക് തന്റെ സമ്പാദ്യം മാത്രം മതി. ഒരാണിന് വേണ്ടതൊന്നും അവൾ തരാറില്ല. ഓഫ്‌ഷോറിൽ ജോലിയ്ക്കിടയിൽ പുറംലോകവുമായി വലിയ ബന്ധമില്ല. ആഴ്ചയിൽ രണ്ടുപ്രാവശ്യം നാട്ടിൽ വേണ്ടപ്പെട്ടവരുമായി സാറ്റലൈറ്റ് ഫോണിൽ സംസാരിക്കാൻ അവസരമുണ്ട്. മുടങ്ങാതെ ചിലവിനുള്ളത് കിട്ടിയാമതി അവൾക്കും വീട്ടുകാർക്കും.. പിന്നെ, നമ്മൾ ഇങ്ങനെ കുറച്ചെങ്കിലും സന്തോഷിക്കുന്നതിൽ എന്താ തെറ്റ്?'

മലയാളിബാർ ആണെങ്കിലും അവിടെ സ്ഥിരം വരുന്ന CID-കളായ അറബിയുവാക്കളുണ്ട്. ബാറിൽ വരുന്നവരെയൊക്കെ അവരറിയാതെ നോട്ടമിട്ട് ബിയർ കുടിച്ച് അവരങ്ങിനെ ഇരിക്കും. മലയാളഗാനങ്ങൾ അവരും ആസ്വദിക്കുന്നുണ്ടായിരുന്നു. ഒരിയ്ക്കൽ ഗീതുവിനോട് അപ്പുറത്ത് ഇരുന്ന അറബി ആവശ്യപ്പെട്ടു: 'എന്റെ ഖൽബിലെ വെണ്ണിലാവ് നീ.. song please play..'
അജി രൂക്ഷമായി അറബിയെ നോക്കുന്നത് ഗീതു ശ്രദ്ധിച്ചു.  മറ്റാരും അവളോട് സംസാരിക്കുന്നതും പരിചയപ്പെടുന്നതും അവന് സഹിക്കില്ല. ഗീതു പാട്ട് വെച്ചപ്പോൾ അറബിയുവാവ് അറിയാവുന്ന രീതിയിൽ പാടാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ  ത്രിവേണിയിൽ കണ്ടുമുട്ടിയ സുഹൃത്തുക്കൾ പലവഴി പിരിഞ്ഞുപോയി.. ചിലരെ നാട്ടിൽ  വീണ്ടും കണ്ടുമുട്ടി. മറ്റു പലരെകുറിച്ചും ഒരു വിവരവുമില്ല.   മറക്കാൻ പറ്റാത്ത ഗീതുവിന്റെ പുഞ്ചിരിക്കുന്ന മുഖം താൻ പോവുന്ന വഴിയൊക്കെ പരതിയെങ്കിലും അജിയ്ക്ക് ഇതുവരെ കണ്ടെത്താനായില്ല. അജി അബുദാബി വിട്ടുപോന്നതിനു ശേഷം ഗീതുവും അവിടം വിട്ടുപോയെന്ന് ത്രിവേണിയുടമ ഹരിയേട്ടൻ whatsapp മെസ്സേജിലൂടെ അറിയിച്ചിരുന്നു. അവളുടെ ലാൻഡ്നമ്പർ മാത്രമേ അറിയാമായിരുന്നുള്ളൂ. വിളിച്ചുനോക്കിയെങ്കിലും നമ്പർ നിലവിലില്ല എന്നറിഞ്ഞു.

പണ്ട്, ത്രിവേണിയിലിരുന്ന് തന്റെ സിനിമാസ്വപ്നങ്ങൾ അജി പറയുമ്പോൾ നല്ലൊരു ശ്രോതാവായിരുന്ന ഗീതു പറഞ്ഞിരുന്നു.. 'നോക്കിക്കോ.. അജീടെ ആദ്യസിനിമ ആദ്യദിനത്തിലേ ഈ ഗീതു പോയി കണ്ടിരിക്കും..'

താൻ രചിച്ച് സംവിധാനം ചെയ്ത ആദ്യസിനിമ മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ വന്നിട്ട് ഏതാനും ദിവസങ്ങളായി. എന്നിട്ടും ഗീതു, നീ അതറിഞ്ഞിട്ടില്ലേ? നീയത് കണ്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. കാരണം അത് നമ്മുടെ ത്രിവേണീസംഗമം നിന്നെ ഓർമ്മിപ്പിക്കും ഗീതൂ...

Monday, 20 March 2017

കോഴിക്കോട്ടെത്തിയ കുഞ്ഞൂട്ടി

നേരിൽ കണ്ടിട്ട് 12 വർഷങ്ങളായ മൂത്തമ്മാന്റെ മോൻ കുഞ്ഞൂട്ടിന്റെ ഫോൺ വിളി രാവിലെ എന്നെ ഉണർത്തി. . കുഞ്ഞൂട്ടി കോഴിക്കോട്ട് കാറോടിച്ച് വരികയാണ്. വണ്ടൂർകാരനായ മൂപ്പർക്ക് കോഴിക്കോട് വഴി അത്ര അറിയില്ലെന്നും, എന്നെ കണ്ടിട്ടും കാലം കുറെയായെന്നും കൂടെ വരാനും പറഞ്ഞപ്പോൾ ഞാൻ വരാനുള്ള വഴി പറഞ്ഞുകൊടുത്തു.

ഞാൻ ധൃതിയിൽ റെഡിയായി കുറച്ച് നേരമായപ്പോൾ കുഞ്ഞൂട്ടി എത്തി എന്നെ കൂടെ കൂട്ടി കാറിൽ കോഴിക്കോട് ലക്ഷ്യമാക്കി പുറപ്പെട്ടു.. എന്താ വരവിന്റെ കാര്യമെന്ന് ഞാൻ  ചോദിച്ചപ്പോൾ അനുജന്റെ വില്ല നിർമ്മാണത്തിന്റെ ചെങ്ങായ്ക്ക് കുറച്ച് കാശ് കൊടുക്കാനും അതുകഴിഞ്ഞ് ഒന്ന് ചുറ്റി കറങ്ങാനും പറ്റുമെങ്കിൽ ഒരു സിനിമയ്ക്ക് കേറാംന്നും അറിയിച്ചു.

ഏതാ ഒടുവിൽ കണ്ട സിനിമ എന്ന് ചോദിച്ചപ്പോൾ പ്രേംനസീറിന്റെ 'വനദേവത' ആണത്രേ തീയേറ്ററിന്ന് കണ്ടത്! ടിവിയിൽ വരുന്ന പടങ്ങൾ കുറച്ച് കാണും. എന്നാ ശരി അന്നത്തെ സിനിമകൾ അല്ല ഇന്ന്, അന്നത്തെ കൊട്ടകകൾ അല്ല ഇന്നത്തെ മൾട്ടിപ്ലെക്സ് കാണിച്ചുതരാം എന്ന് പറഞ്ഞ എന്നോട് കുഞ്ഞൂട്ടി പറഞ്ഞു, സിനിമ കാണാനല്ല, ACയിൽ ഇരുന്ന് ഉറങ്ങിയിട്ട് നാളേറെയായെന്ന്!

RP മാളിൽ കാർ പാർക്ക് ചെയ്യുമ്പോൾ അവിടെത്തെ ജോലിക്കാരൻ വണ്ടി നേരെ പാർക്കിങ്ങിൽ ഇടാൻ പറഞ്ഞപ്പോൾ ഗൾഫിൽ മാനേജറായിരുന്ന  കുഞ്ഞൂട്ടിക്ക് പിടിച്ചില്ല, ചൂടായി..
'Don't teach me, I have driven several times in London and Paris roads.'

Hair dye വാങ്ങാൻ കേറിയ കുഞ്ഞൂട്ടി ഒരു brand എടുത്തപ്പോൾ sales girls വേറെ പലവിധ brands എടുത്ത് ഇതെടുക്കൂ, ഇതിൽ അമോണിയ ഇല്ല, അമോണിയയുടെ ദോഷങ്ങൾ പറയാൻ തുടങ്ങിയ അവരോട് chemistry ബിരുദാനന്തര ബിരുദമുള്ള അധ്യാപകനുമായ കുഞ്ഞൂട്ടി ഗൗരവത്തിൽ ചോദിച്ചു 'അമോണിയയുടെ രാസപ്രവർത്തനം അറിയോ? രാസനാമം പറയൂ'

Sales girls ഒരുമിച്ച് പറഞ്ഞു 'അത് മാനേജർ പറഞ്ഞുതന്നിട്ടില്ല സാർ'.

Hair dye തേക്കാനുള്ള ബ്രഷ് കിട്ടുന്ന കട അവർ കാണിച്ചുതന്നപ്പോൾ ഞങ്ങൾ അങ്ങോട്ട് നടന്നു. ഗ്ലാസ്സ് ഡോർ തുറന്ന് കയറിയ കുഞ്ഞൂട്ടിയേയും എന്നെയും സ്വാഗതം ചെയ്തത് കാതടപ്പിക്കുന്ന തമിഴ് ഡപ്പാംകൂത്ത് പാട്ടായ "അണ്ണാ തലൈവരേ വാങ്കോ.. വാള മീനുക്കും കല്യാണം..."

പച്ചഷർട്ടും മുണ്ടും ധരിച്ച gold frame കണ്ണട വെച്ച കറുപ്പ് നിറമുള്ള കുഞ്ഞൂട്ടി എന്നെ നോക്കി ചിരിച്ചു. Sales girl എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ കറുപ്പിക്കാനുള്ള  ബ്രഷ് എന്നറിയിച്ച കുഞ്ഞൂട്ടിയോട് അവൾ മൊഴിഞ്ഞു..

'Sorry sir, painting items ഇവിടില്ല' എന്ന് അവൾ.

Dye brush എന്ന് പറഞ്ഞ് ഞങ്ങൾ നോക്കി നടന്ന് കണ്ടെത്തി. വേറെയും ചില സാധനങ്ങൾ എടുത്ത് കൗണ്ടറിൽ ബില്ല് നോക്കി കാശ് കൊടുക്കുമ്പോൾ തമിഴ് പാട്ട് മാറി മലയാളമായി..

'പ്രേമമെന്നാൽ എന്താണ് പെണ്ണേ...'

കുഞ്ഞൂട്ടി കലിപ്പായി.
'ഇങ്ങളെന്താ ആളെ കളിയാക്കാ? ഞങ്ങളെ ഓടിക്കാൻ വേണ്ടി ഓരോ പാട്ട് ഇട്ടോളും. ഇമ്മാതിരി പാട്ട് ഞങ്ങളെപോലെത്തെ മാന്യന്മാരെ കൊരങ്ങാക്കും.'

Sales girl വളിച്ച ചിരിയോടെ 'സാർ, പാട്ട് നിർത്താൻ എനിക്ക് അധികാരമില്ല. Superviser ഓണാക്കി പോയതാ, വരാൻ വൈകും'.

'ബാക്കി കാശ് താ, ഞാൻ നിൽക്കുന്നില്ല, പോവാ..' കുഞ്ഞൂട്ടി ചൂടായി.

'ബാക്കി ഒരു രൂപ ഇല്ല, മിട്ടായി എടുക്കട്ടെ?'

'എനിക്ക് ഷുഗറാ, മിട്ടായി ഇവന് കൊട്' എന്നെ ചൂണ്ടി കുഞ്ഞൂട്ടി പുറത്തേക്ക് നടന്നു.

Sales girl തന്ന മിട്ടായി മേടിച്ച് ഡോർ തുറന്ന് അടക്കുമ്പോൾ 'പ്രേമമെന്നാൽ എന്താണ് പെണ്ണേ' പാട്ട് നേർത്ത് ഇല്ലാതായി.

സിനിമ കാണാൻ കൗണ്ടറിൽ ചെന്ന് കുഞ്ഞൂട്ടി ചോദിച്ചു..

'വരയൻപുലിയെ പിടിച്ച് അമ്മാനമാടുന്ന ലാലേട്ടന്റെ പടം 2 ടിക്കറ്റ്.'

'ആ പടം രാത്രി ഒരു കളിയുണ്ട്. ഇപ്പോ അലമാരയുണ്ട്, എടുക്കട്ടെ?' സ്റ്റാഫ് ചോദിച്ചു.

കുഞ്ഞൂട്ടി എന്നെനോക്കി കൗണ്ടറിലെ ആളോട് പറഞ്ഞു..

'അലമാര താങ്ങൂല. വേറെ ഏതാ ഉള്ളത്?'

'സൈറാബാനു ഉണ്ട്. വേണോ? ഷോ ഒന്നര മണിക്കൂർ കഴിഞ്ഞേയുള്ളൂ.'

കുഞ്ഞൂട്ടി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു, പിറകെ കൂടിയ ഞാൻ ചോദിച്ചു..

'എന്തേ സൈറാബാനു കാണണ്ടേ?'

കുഞ്ഞൂട്ടി വികാരാധീനനായി പറഞ്ഞു..

'കോളേജിൽ പഠിക്കുമ്പോൾ എന്നെ തേച്ചിട്ടുപോയ സൈറാബാനുവിനെ ഓർത്തുപോയി.'

ഞങ്ങൾ ഓരോ മസാലചായ കുടിച്ച് ട്രിപ്പ് മതിയാക്കി പിരിഞ്ഞു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com