Thursday 5 September 2013

അധ്യാപക/പിക ദിന ഓര്‍മ്മ...


"പറ തറ" ചൊല്ലി ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന മുഹമ്മദ്‌കുട്ടി മാഷ്‌,
"അലിഫ്, ബാ, താ," ചൊല്ലി പഠിപ്പിച്ച അറബിഉസ്താദ്,
"എ, ബി, സി, ഡി" ചൊല്ലിതന്ന ഏലിയാമ്മ ടീച്ചര്‍, ലിസ്സികുട്ടി ടീച്ചര്‍,
"ഒന്നേ, രണ്ടേ, മൂന്നേ.." പഠിപ്പിച്ച ഉണ്ണികൃഷ്ണന്‍ മാഷ്‌...,

വളര്‍ന്നുവലുതാവുമ്പോള്‍ എവിടെവെച്ച് കണ്ടാലും അന്ന് വൃദ്ധയാകാവുന്ന തന്നെ കണ്ടാല്‍ പരിചയഭാവം കാണിക്കില്ലേ എന്ന് ചോദിച്ച, സാമൂഹികപാഠം പഠിപ്പിച്ച സുന്ദരിയായിരുന്ന രാധികടീച്ചര്‍..,

ബുദ്ധിമുട്ടായിരുന്ന ഗണിതം ലളിതം ആക്കിതന്ന നിലമ്പൂര്‍ മിനര്‍വകോളേജ് സാരഥി സോമര്‍വെല്‍ മാഷ്‌,
ഇംഗ്ലീഷ് സാഹിത്യം മനോഹരമാക്കിത്തന്ന ക്ലാസ്സിക് കോളേജ് സാരഥി സോണിമാഷ്‌, ഷേക്സ്പിയര്‍ ഡ്രാമ പഠിപ്പിക്കാന്‍ വന്നിരുന്ന മൊയ്തീന്‍മാഷ്‌.......,

മലയാളകവിത സുന്ദരമായി പഠിപ്പിച്ച മമ്പാട് കോളേജിലെ ലൈലടീച്ചര്‍, കനകലത ടീച്ചര്‍, ഫിസിക്സ് സൂപ്പര്‍ ആക്കിയ മദാരി ഷൌക്കത്ത് സാര്‍, കെമിസ്ട്രി കലക്കിത്തന്ന ഷാജിസാര്‍, ഇംഗ്ലീഷ് അനായാസമാക്കിത്തന്ന മന്‍സൂര്‍ സാര്‍, റയിസ് മുഹമ്മദ്‌ സാര്‍...,

ഫോട്ടോഗ്രാഫി പഠിപ്പിച്ച് വിസ്മയിപ്പിച്ച ശിവന്‍ സാര്‍, സംഗീത് ശിവന്‍, സന്തോഷ്‌ ശിവന്‍ ഗുരുനാഥന്‍മാര്‍, അഭിനയം പരിശീലിപ്പിച്ചുതന്ന സുവീരന്‍, വക്കം ഷക്കീര്‍, സതീഷ്‌ കെ സതീഷ്‌ തുടങ്ങി ജോലിയില്‍ ബാലപാഠം പറഞ്ഞുതന്ന എന്‍റെ സഹപ്രവര്‍ത്തകരെ എല്ലാം ഞാന്‍ ഈ വേളയില്‍ സ്മരിക്കുന്നു.

Saturday 24 August 2013

അകലുന്തോറും... (അധ്യായം - 1)

പച്ചപ്പ്‌ തണലേകിനില്‍ക്കുന്ന മേലോത്ത് തറവാട്ടുപറമ്പിലെ അച്ഛന്‍റെ സമാധിയില്‍ വിളക്ക് കത്തിച്ച് കൈകൂപ്പി കണ്ണടച്ച് സിന്ധു നിന്നു. സമീപം ബിന്ദുവും നന്ദുവും..

സിന്ധുവിന്‍റെ ഓര്‍മ്മകളില്‍ അച്ഛന്‍ തെളിഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ ഗോപാലന്‍റെ സ്കൂട്ടറില്‍ അഞ്ചുവയസ്സുള്ള, കണ്ടാല്‍ ഒരുപോലെ തോന്നിക്കുന്ന, സുന്ദരികളായ സിന്ധുവും ബിന്ദുവും ആദ്യമായി സ്കൂളിലേക്ക് യാത്രയാവുന്നു. അവരെ നോക്കി കൈവീശുന്ന അമ്മ മാധവി മൂന്നുവയസ്സുള്ള നന്ദുവിനെ മാറോട് ചേര്‍ത്ത് താലോലിക്കുന്നുണ്ട്.

സര്‍ക്കാര്‍സ്കൂളിലെ ഒന്നാംക്ലാസ്സില്‍ ഇരട്ടകളെ ഇരുത്തി മുത്തം കൊടുത്ത് തിരികെപോകുന്ന അച്ഛന്‍. ഒരുപാട് കുട്ടികള്‍ കലപിലകൂട്ടുന്ന പുതിയലോകത്തെ പകച്ചുനോക്കി ഇരിക്കുന്ന ഇരട്ടകള്‍..

“സിന്ധൂ.. അമ്മേടെ അടുത്താരുമില്ല. പോകാം.”

ബിന്ദുവിന്‍റെ ശബ്ദം സിന്ധുവിനെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി. അവര്‍ പറമ്പിലൂടെ വീട്ടിലേക്ക് നടന്നു. ഗേറ്റിനുമുന്നില്‍ ഒരു കാര്‍ വന്നുനിന്നു. അവര്‍ അങ്ങോട്ട്‌ നോക്കി. ഗേറ്റ് തുറന്ന് പത്തുവയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ കുറേ സമ്മാനപൊതികളുമായി ഓടിവന്നു. കാര്‍ തിരിച്ച്പോകുന്ന ശബ്ദം നേര്‍ത്തില്ലാതായി.

“എന്‍റെ മോനാ.. നിഥിന്‍. എല്ലാ ഞായറാഴ്ചയും അവന്‍റെ അച്ഛന്‍ വന്നുകൊണ്ടുപോകും. ബീച്ചിലും മാളിലും കൊണ്ടുനടന്ന് അവന് പലതും മേടിച്ചുകൊടുത്ത് വൈകിട്ട് കൊണ്ടുവിടും.”

ബിന്ദു ഓടിവന്ന മകനെ കെട്ടിപ്പിടിച്ച് സിന്ധുവിനോട് പറഞ്ഞു.

“മോനേ.. ഇതാരാന്നറിയോ? പണ്ട് അമേരിക്കയില്‍ പോയ സിന്ധുമാമിയാ ഇത്.”

നിഥിന്‍ പുഞ്ചിരിച്ചു. സിന്ധു അവനെ തലോടി ഒരുപാടുനേരം നോക്കിനിന്നു.

“മാമീ.. എവിടെ സോനയും അങ്കിളും?”

സിന്ധു മറുപടി കിട്ടാതെ വല്ലാതായി. നന്ദു ഇടപെട്ടു.

“അവര്‍ ഉടനെയെത്തും. മോന്‍ പോയി കളിച്ചേ.. ചെല്ല്.” – നന്ദു പറഞ്ഞു.

തൊഴുത്തിലെ പശുക്കളെ കുളിപ്പിക്കുന്ന നാണുവേട്ടന്‍റെ അടുത്തേക്ക് ചെല്ലുന്ന നിഥിന്‍ അച്ഛന്‍ മേടിച്ചുകൊടുത്ത പുതിയ കളിക്കോപ്പുകള്‍ കാണിച്ചുകൊടുക്കുന്നു. നാണുവേട്ടന്‍ അവ നോക്കിയിട്ട് ഉഷാറാണല്ലോ എന്നൊക്കെ പറഞ്ഞ് അവനെ സന്തോഷിപ്പിക്കുന്നുണ്ട്.

അമ്മയുടെ മുറിയില്‍ വരുന്ന സിന്ധുവും ബിന്ദുവും അമ്മയെ എണീപ്പിച്ച് കട്ടിലില്‍ തലയിണവെച്ച് ചാരിയിരുത്തി. ഇരുവശത്തും ഇരുന്ന് അവര്‍ ഓറഞ്ച് തൊലിച്ച് കൊടുത്തു.

“രണ്ടു ഡോക്ടര്‍മാര്‍ ഇടതും വലതും ഉള്ളതാ ഒരാശ്വാസം. ഒരിക്കലും ഇനി ഒരുമിച്ച് നിങ്ങളെ കാണില്ലാ എന്ന വിഷമത്തോടെ പോയില്ലേ പാവം അച്ഛന്‍” – ക്ഷീണിച്ച സ്വരത്തില്‍ അമ്മ പറഞ്ഞു.

“അമ്മേ.., വെറുതെ ഓരോന്ന് ഓര്‍ത്ത് വിഷമിക്കല്ലേ..” – ബിന്ദു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“കാരാഗൃഹത്തില്‍ പെട്ടപോലെ ആയിരുന്നല്ലോ ഞാനവിടെ.. ഒരുവിധത്തിലും സ്വന്തക്കാരെ ബന്ധപ്പെടാന്‍പോലും അനുവദിക്കാത്ത ജയിലര്‍ ആയിരുന്നു സുധി. അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വീട്ടിലേക്ക് ഒന്ന്‍ വിളിക്കാന്‍പോലും എന്നെ സമ്മതിച്ചില്ല.” – സിന്ധു വിഷമത്തോടെ പറഞ്ഞു.

“സുധീടെ കാര്യം ഇനി പറയേണ്ട. എന്നേയും മനുവിനേയും വേര്‍പ്പെടുത്തിയതും, ഇരട്ടകളായ നമ്മളെ അകറ്റിയതുമെല്ലാം അവന്‍റെ കുബുദ്ധിയാണ്!” – ബിന്ദു രോഷംകൊണ്ടു.

“എല്ലാം തലവിധി. മുജ്ജന്മശാപം, ഈശ്വരാ..” – അമ്മ പിറുപിറുത്തു.

“പ്രിയയേയും മോളേയും കൂട്ടികൊണ്ടുവരാന്‍ പോകുന്നു. വിരുന്നുപാര്‍ക്കാന്‍ പോയിട്ട് ഒത്തിരി ദിവസങ്ങളായി.” - നന്ദു വാതില്‍ക്കല്‍ വന്നുപറഞ്ഞിട്ട് പോയി. കാര്‍ സ്റ്റാര്‍ട്ടായി ഗേറ്റ് കടന്നുപോകുന്ന ശബ്ദം കേട്ടു.

“മോളേ.. സന്ധ്യാദീപത്തിന് നേരായി.” – അമ്മ പറഞ്ഞത് കേട്ട് ബിന്ദു എഴുന്നേറ്റ് പോയി.

സിന്ധു അമ്മയുടെ ശോഷിച്ചകൈകള്‍ ചേര്‍ത്തുപിടിച്ചു. അമ്മ അവളെ നോക്കി ചോദിച്ചു: “ഇനിയെന്നാ അമേരിക്കയിലേക്ക്..?”

“ഇനി പോണില്ല! ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്യണം.” – സിന്ധു അറിയിച്ചു.

“ങേ..! അപ്പോ.., സുധീം സോനമോളും..?!” – അമ്മ അന്തംവിട്ടു അവളെ നോക്കി.
സിന്ധു ശൂന്യമായ നോട്ടത്തോടെ ഇരുന്നു.
“അരുതാത്തത് എന്തൊക്കെയോ സംഭവിച്ചപോലെ അമ്മയ്ക്ക് തോന്നുന്നു മോളേ.. എന്താണ്ടായേ?” - അമ്മയുടെ ചോദ്യം മുള്ളുപോലെ സിന്ധുവിന്‍റെ ഹൃദയത്തില്‍ കൊണ്ടു.

“ദീപം.. ദീപം.. ദീപം...” – ബിന്ദുവിന്‍റെ സ്വരം ഇടനാഴിയിലൂടെ പോയി കോലായില്‍ ചെന്നവസാനിച്ചു. അമ്മ കണ്ണടച്ച് നാമം ജപിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ചുമരിലെ കൃഷ്ണഭഗവാന്‍റെ ചിത്രത്തില്‍ ചെന്നുനിന്നു.


(തുടരും../-)

Thursday 22 August 2013

അകലുന്തോറും...

കരിപ്പൂര്‍ വിമാനതാവളത്തിന്‍റെ ‘ആഗമന’കവാടത്തില്‍ നന്ദു കാത്തുനിന്നു. ദുബായ് ഫ്ലൈറ്റ് ഇറങ്ങിവരുന്ന യാത്രക്കാരില്‍ അവന്‍റെ കണ്ണുകള്‍ പാഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍ പ്രതീക്ഷിച്ചയാള്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ സിന്ധു. മുഖം മ്ലാനമാണ്. വര്‍ഷങ്ങള്‍ക്കുശേഷം പെങ്ങളും ആങ്ങളയും തമ്മില്‍ കാണുകയാണ്. അവളെ സ്വീകരിച്ച് ഒന്ന് കെട്ടിപ്പിടിച്ച് അവന്‍ ലഗേജ്ട്രോളി ഉറുട്ടികൊണ്ട് പാര്‍ക്ക് ചെയ്ത കാറിന്‍റെ ഡിക്കിയില്‍ വെച്ചു.

കാര്‍ ഓടിക്കുന്ന നന്ദു. സമീപം സിന്ധു. അവര്‍ ഒന്നും അധികം മിണ്ടിയില്ല. ഏറെനേരം ഓടിയ കാര്‍ ഒരു പഴയ തറവാട്ടുവളപ്പിലേക്ക് പ്രവേശിച്ചു. സിന്ധുവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാര്‍ വരുന്നത് കണ്ട കാര്യസ്ഥന്‍ നാണുവേട്ടന്‍ കോലായില്‍ നിന്നും ഇറങ്ങിവന്നു. കുഞ്ഞുനാള്‍തൊട്ടേ കാണുന്ന നാണുവേട്ടനെ കുറേകാലത്തിനുശേഷം സിന്ധു കാണുകയാണ്. അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. നാണുവേട്ടനും ചിരിച്ചു. കാര്‍ മുറ്റത്ത് നിറുത്തിയിട്ട്‌ നന്ദു ഇറങ്ങി. ഡിക്കി തുറന്ന് ലഗേജ് നാണുവേട്ടന്‍ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി.  സിന്ധുവും നന്ദുവും അനുഗമിച്ചു.

ഇരുണ്ടമുറിയില്‍ രോഗശയ്യയില്‍ കിടക്കുന്ന പ്രായമായ അമ്മ മാധവി, അരികെ മകള്‍ ഡോക്ടര്‍ ബിന്ദു. വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട ഇരട്ടസഹോദരിയായ സിന്ധുവിനെ കണ്ട ബിന്ദു നിര്‍വികാരമായ നോട്ടത്തോടെ എഴുന്നേറ്റു. പിറകെ നന്ദുവും മുറിയിലേക്ക് കടന്നുവന്നു. മാധവിയമ്മയുടെ ക്ഷീണിച്ച കണ്ണുകള്‍ പാതിതുറന്ന് ആഗതരെ നോക്കി. ആ നോട്ടത്തില്‍ സിന്ധുവിന്‍റെ രൂപം അവ്യക്തമായി തെളിഞ്ഞു. അമ്മയുടെ ചുണ്ടുകള്‍ പ്രയാസപ്പെട്ട് അനങ്ങാന്‍ തുടങ്ങി. അവ്യക്തമായ വാക്കുകള്‍ നിര്‍ഗളിച്ചു.

“മോളേ... നീ വന്നോ? അമേരിക്കയില്‍ സുഖാണോ നിനക്കും.. കുടുംബത്തിനും..?”

സിന്ധു ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു വിതുമ്പി.

“അമ്മേ.. ഈ മോളോട് പൊറുക്കണം.”

അമ്മയുടെ മാറില്‍ ഒരു കൊച്ചുകുഞ്ഞിനെപോലെ അവള്‍ കിടന്നുകരഞ്ഞു. അവളെ നന്ദു പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇരട്ടഅനുജത്തി ബിന്ദു നിര്‍വികാരയായി നോക്കിനിന്നു. കാര്യസ്ഥന്‍ നാണുവേട്ടന്‍ ഒന്നെത്തിനോക്കിയിട്ട് അപ്പുറത്തേക്ക് പോയിമറഞ്ഞു.

(തുടരും../)


Saturday 13 July 2013

എട്ടിന്‍റെ തത്ത

എട്ടുവീട്ടിലെ എട്ടുസലീം ഒരിക്കല്‍ നിലമ്പൂര്‍കാട്ടില്‍വെച്ച് തെറ്റാലി തൊടുത്ത് പിടിച്ചു നല്ലൊരു പച്ചതത്തയെ... തത്തയ്ക്ക് നല്ലൊരു പേരും ഇട്ടു. മാളൂട്ടിതത്ത.

“മോളേ മാളൂട്ടീ..” എന്ന് വിളിച്ചാല്‍ തത്ത വിളികേള്‍ക്കാന്‍ തുടങ്ങി.
എട്ടുവീട്ടിലെ ഇറയത്ത്‌ തൂക്കിയ കൂട്ടില്‍ മാളൂട്ടിയെ പൊന്നുപോലെ അവന്‍ വളര്‍ത്തി. നായ്കരിമ്പ് കൊടുത്ത് മലയാളം പറയിക്കാന്‍ പഠിപ്പിച്ചു. തത്ത ആദ്യമായി “പോടാ പട്ടീ, തെണ്ടീ..” ഒക്കെ പറയാന്‍ പഠിച്ചു.

എന്നും എട്ടുസലീം പൂവന്‍പഴം കൊണ്ടുവന്ന് മാളൂട്ടിയ്ക്ക് കൊടുത്തു. പക്ഷെ, ആ പഴം മാളൂട്ടിയ്ക്ക് കിട്ടീല. ഓട്ടോ ഓടിച്ച് തിരിച്ചുവന്ന എട്ടുസലീം നോക്കുമ്പോള്‍ ദുഖിതയായ മാളൂട്ടിതത്ത തലതാഴ്ത്തി കൂട്ടില്‍ ഇരിക്കുന്നു. പഴം തൊലിയോടെ അപ്രത്യക്ഷം.

“മോളേ മാളൂട്ടീ..” എട്ടുസലീം സ്നേഹത്തോടെ വിളിച്ചു.

“പോടാ പട്ടീ..” തത്ത പ്രതികരിച്ചുകൊണ്ട് കൂട്ടിലെ മരക്കൊമ്പില്‍ നിരങ്ങി മാറിയിരുന്നു.

എന്നും പൂവന്‍പഴം കൊണ്ടുവന്നു കൊടുത്ത എട്ടുസലീം പഴം കാണാതെ മാളൂട്ടിതത്തയുടെ തെറിവിളി കേട്ട് അന്തംപോയി വിഷണ്ണനായി. മാളൂട്ടിയെ പിടിക്കാന്‍ നോക്കിയ കാടന്‍പൂച്ചയെ എട്ടുസലീം ഒരിക്കല്‍ തല്ലിക്കൊന്നു. ബാക്കിയുള്ള വീട്ടിലെ പൂച്ചകളെ മൊത്തം ഒരു ചാക്കിലാക്കി അവന്‍ ഓട്ടോയില്‍ കയറ്റി ചാലിയാര്‍പുഴയുടെ അക്കരേയ്ക്ക് നാടുകടത്തിയിരുന്നു.

ദിനംപ്രതി മാളൂട്ടിതത്ത മെലിഞ്ഞുകൊണ്ടിരുന്നു. പൂവന്‍പഴം കട്ടെടുക്കുന്ന പ്രതിയെ പിടിക്കാന്‍ എട്ടുസലീം പ്ലാനിട്ടു. ഒരുദിവസം പൂവന്‍പഴത്തില്‍ എലിവിഷം പൂഴ്ത്തിവെച്ച് എട്ടുസലീം മാളൂട്ടിതത്തയുടെ കൂട്ടില്‍ തൂക്കിയിട്ടു. കുറേനേരം കാവലിരുന്ന എട്ടുസലീം അറിയാതെ ഉറങ്ങിപ്പോയി.

ഒരു ദീനരോദനം കേട്ട് ഞെട്ടിയുണര്‍ന്ന എട്ടുസലീം കണ്ടത് പഴം വിഴുങ്ങി കണ്ണുതള്ളി ഗുഡ്ബൈ പറഞ്ഞുകൊണ്ടിരിക്കുന്ന മാളൂട്ടിതത്തയെ!

“മോളേ.. മാളൂട്ടീ..” എട്ടുസലീം കൂടിനടുത്ത് ഓടിയെത്തി. കൂടുതുറന്ന് തത്തയുടെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന പൂവന്‍പഴം അവന്‍ തോണ്ടിയെടുത്തു. തത്തയുടെ അണ്ണാക്കില്‍ അവന്‍ വെള്ളം ഒഴിച്ചുകൊടുത്തു.

എട്ടുസലീം കരഞ്ഞു. “മാളൂട്ടീ.. എന്നും പയം കൈക്കാതെ ഇജ്ജ് എത്തിനാ ഇന്ന് പയം കൈച്ചേ?”

“പോടാ.. പട്ടീ..” - മരിക്കുന്നതിനു മുന്‍പ് മാളൂട്ടിതത്ത അവസാനം മൊഴിഞ്ഞ ഡയലോഗ്.

തത്തയുടെ ചുവന്ന കണ്ണുകള്‍ എട്ടുസലീമില്‍ നിന്നും മാറി അട്ടത്ത് ഫിക്സ്‌ ആയി നിന്നു. തത്തയുടെ ഡെഡ്ബോഡി തൂക്കിയെടുത്ത് എട്ടുസലീം നടക്കുമ്പോള്‍ ഇറയത്ത്‌ ആരോ വന്ന ഒച്ചകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അവന്‍ ഞെട്ടി!

എട്ടുസലീമിന്‍റെ അനുജന്‍ എട്ടുസലാം പമ്മിപമ്മി തത്തക്കൂട്ടിനടുത്ത് വരുന്നു. കൂടുതുറന്നു കൈയ്യിട്ട് പരതുന്നു. പഴമില്ല. തത്തയുമില്ല!

“ഛെ! വൈകിപ്പോയി.” – എട്ടുസലാം പിറുപിറുത്തു നോക്കുമ്പോള്‍ തത്തയെ തൂക്കി ഓടിവരുന്ന എട്ടുസലീമിനെ കണ്ടു. അവന്‍ ഇറങ്ങിയോടി.

“ഡാ ഇജ്ജാല്ലേ എന്നും മാളൂട്ടീന്‍റെ പയം കക്കുന്ന കള്ളന്‍?”

“അള്ളോ.. ഇന്ന് പയം കട്ടത് ഞമ്മളല്ലേ..”

അവരുടെ അടിപിടിയില്‍ മാളൂട്ടിയുടെ ഡെഡ്ബോഡി തെറിച്ചു കറങ്ങി മുരിങ്ങമരക്കൊമ്പില്‍ കുരുങ്ങിക്കിടന്നു.

Tuesday 28 May 2013

ചാറ്റ് കൊടുങ്കാറ്റ്

വര്‍ഷങ്ങളായിട്ട്‌ എന്നും അയാള്‍ ഇന്റര്‍നെറ്റില്‍ അവളെ തിരഞ്ഞു. എവിടേയും അയാള്‍ക്ക് അവളെ കാണാന്‍ കഴിഞ്ഞില്ല. ഫേസ്ബുക്കില്‍ അവളുടെ കൂട്ടുകാരിയെ കിട്ടി. അവളുമായി അയാള്‍ ചാറ്റ് ചെയ്തു. കൂട്ടുകാരിയും അവളെ കുറിച്ച് അയാളോട് പറയാന്‍ കൂട്ടാക്കിയില്ല. അയാള്‍ ദേഷ്യപ്പെട്ട് കൂട്ടുകാരിയെ ബ്ലോക്ക് ചെയ്തു.

അതിനു ശേഷം അയാള്‍ തേടിനടന്ന അവള്‍ ഒരു ഈമെയില്‍ രൂപത്തില്‍ ഒരുനാള്‍ വന്നു! “ഏട്ടാ എന്തിനാ നമ്മുടെ സ്വകാര്യങ്ങള്‍ നിങ്ങള്‍ കൂട്ടുകാരിയുമായി ചാറ്റ് ചെയ്തത്?” പിന്നീട് അയാളും അവളും മെയില്‍ വഴി വീണ്ടും അടുത്തു. അയാള്‍ ആ കൂട്ടുകാരിക്ക് മനസ്സില്‍ നന്ദി പറഞ്ഞു.

ഫേസ്ബുക്ക് മുതലാളിക്ക് അയാള്‍ ജയ്‌ വിളിച്ചുപോയി.

ഒന്ന് കാണാന്‍ കൊതിയായി എന്നറിയിച്ച അയാളോട് അവള്‍ ഇനി ഒരിക്കലും കാണരുത് എന്നറിയിച്ചു. എന്നിട്ടും അയാള്‍ അവളെ പോയി കണ്ടു. അവള്‍ ഞെട്ടി. ഇത്രയും കാലം ഏട്ടന്‍ എവിടെ ആയിരുന്നു എന്നൊക്കെ കയര്‍ത്തു. താന്‍ അങ്ങനെ ഈമെയിലുകള്‍ അയച്ചിട്ടില്ല എന്നവള്‍ നിരാകരിച്ചു. അയാള്‍ ഞെട്ടി. 

"ഏതായാലും വന്നതല്ലേ.. ഏട്ടന് ഞാന്‍ രണ്ടുപേരെ പരിചയപ്പെടുത്താം."

അവള്‍ അയാളെ തന്‍റെ ഭര്‍ത്താവിനും മകള്‍ക്കും പരിചയപ്പെടുത്തികൊടുത്തു! 

“ഇത് എന്‍റെ ആദ്യഭര്‍ത്താവ്. ആരോ എന്‍റെ പേരില്‍ അയച്ച മെയിലുകള്‍ കിട്ടിയിട്ട് വന്നതാ..” 

അയാളുടെ മനസ്സില്‍ അവളുടെ കൂട്ടുകാരി ചാറ്റ് കൊടുങ്കാറ്റ് ആയി തെളിഞ്ഞു.


ഫേസ്ബുക്ക് മുതലാളിക്ക് മൂര്‍ദാബാദ് വിളിച്ചുകൊണ്ട് അയാള്‍ അവിടെ നിന്നും തിരികെ പോയി.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com