Tuesday, 8 January 2019

തോമാച്ചന്റെ വീട്ടിലെ യേശുകൃസ്തുവിന്റെ പടംതോമാച്ചൻ പുതിയ വീട് പണിത് താമസമായി. കൂടെ അമ്മയും കുട്ടികളില്ലാത്ത ഭാര്യയും.. ദൈവഭക്തിയില്ലാത്ത തോമാച്ചനോട് അവർ മുട്ടിപ്പായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറഞ്ഞെങ്കിലും അതിൽനിന്നും ഒഴിഞ്ഞുമാറാൻ അങ്ങേര് ഒരു പോംവഴി കണ്ടു. യേശുകൃസ്തുവിന്റെ നല്ലൊരു പടം കളിമണ്ണിൽ ചുട്ടെടുത്തത് വീട്ടിൽ വെയ്ക്കാം, എന്നിട്ട് പ്രാർത്ഥന തുടങ്ങാം..

നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരൻ കൃഷ്ണനെ കണ്ട് കാര്യം അറിയിച്ചു പെട്ടെന്ന് ഏർപ്പാടാക്കി. തിരക്കിനിടയിൽ കൃഷ്ണൻ യേശുവിന്റെ ചിത്രം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കി തോമാച്ചന്റെ വീട്ടിലേക്ക് കൊണ്ടുപോവാൻ നേരത്ത് ഒരു സംഗതി കണ്ണിൽ പെട്ടു. യേശുവിന്റെ ഒരു ചെവിയുടെ സ്ഥാനത്ത് ഒരു വിടവ്! ചെവി വിട്ടുപോയിരിക്കുന്നു. കൃഷ്ണന്റെ പണിക്കാരൻ ബംഗാളി വേഗം അല്പം കളിമണ്ണ് കുഴച്ച് അവിടെ ഒട്ടിച്ച് വെച്ചു. തോമാച്ചന്റെ തുടരെയുള്ള വിളി വന്നപ്പോൾ ആ പടവുമായി അവരവിടെ ചെന്ന് ചുമരിൽ സ്ഥാപിച്ച് കാശിനുവേണ്ടി നിന്നപ്പോൾ അടുത്ത ആഴ്ച്ച വിളിച്ചിട്ട് വരാൻ തോമാച്ചൻ അറിയിച്ചു.

ഒരാഴ്ച്ച കഴിഞ്ഞ് കൃഷ്ണൻ തോമാച്ചനെ ഫോൺ ചെയ്തു, യേശുക്രിസ്തു പടത്തിന്റെ കാശ് റെഡിയല്ലേ എന്നാരാഞ്ഞപ്പോൾ തോമാച്ചൻ ഞെട്ടിക്കുന്ന കാര്യമാണ് അറിയിച്ചത്.

'അല്പം ഭ്രാന്തുള്ള അമ്മയ്ക്ക് മുഴുഭ്രാന്തായി ചികിത്സയിലാണ്. കാരണം കൃഷ്ണൻ ഉണ്ടാക്കിയ യേശുകൃസ്തുവിന്റെ പടമാണ്!'

ഞെട്ടിപ്പോയ കൃഷ്ണൻ എന്താ ഉണ്ടായേ എന്ന് ചോദിച്ചു.

'ഒരു ദിവസം അമ്മ പ്രാർത്ഥിക്കാൻ യേശുവിന്റെ പടത്തിന് മുന്നിൽ നിൽക്കുമ്പോൾ അതാ യേശുവിന്റെ ഒരു ചെവിയിൽ നിന്നും മൂളികൊണ്ടൊരു വലിയ വണ്ട് വട്ടമിട്ട് പറന്നുപോവുന്നു! അതു കണ്ട അമ്മ സ്തോത്രം ചൊല്ലി ബോധം കെട്ട് വീണു. വെള്ളം തളിച്ച് ഉണർത്തിയപ്പോൾ പിച്ചും പേയും പറഞ്ഞു വട്ട് മൂത്തു. എവിടെയോ കന്യാമറിയത്തിന്റെ കണ്ണിലൂടെ പാലൊഴുകി, ഇവിടെയിതാ കൃസ്തുവിന്റെ കാതിലൂടെ വണ്ട് പറക്കുന്നു! ഹലേലൂയ്യാ, സ്തോത്രം!'

കൃഷ്ണൻ ഫ്‌ളാഷ്ബാക്കിൽ കൃസ്തുവിന്റെ പടത്തിൽ ചെവിയുടെ ഒഴിഞ്ഞ ഭാഗത്ത് ബംഗാളി പണിക്കാരൻ കളിമണ്ണ് കുഴച്ച് ഒട്ടിച്ചത് ഓർത്തു.

'അപ്പോൾ എന്റെ പണിക്കൂലി?' കൃഷ്ണൻ ചോദിച്ചു.

'അമ്മയുടെ ഭ്രാന്ത് മാറിയിട്ട് തരാം. പക്ഷെ ഡോക്ടർ പറഞ്ഞത് കുറേക്കാലം എടുക്കും നോർമൽ ആവാനെന്നാണ്. അമ്മയ്ക്ക് ഇല്ലാത്തത് കണ്ടതായി തോന്നിയതാന്നാണ് ഡോക്ടർ പറഞ്ഞത്. ഞങ്ങളും കണ്ടതാ യേശുവിന്റെ പടത്തിൽ ചെവിയിലൂടെ വണ്ട് പാറുന്നത്. ഞാനതിനെ തല്ലിക്കൊന്ന് ഡോക്ടറെ കാണിച്ച് ഉള്ള കാര്യം പറഞ്ഞു. എന്നിട്ടും ഡോക്ടർ അമ്മയെ ഡിസ്ചാർജ് ആക്കാതെ ചികില്സിക്കുവാ.. അപ്പൊ ശരി, രോഗം ഭേതമായിട്ട് കാശ് തരാം. എല്ലാം കൃഷ്ണൻ ഉണ്ടാക്കിയ ചിത്രം കാരണമല്ലേ?'

ഫോൺ കട്ടായപ്പോൾ കൃഷ്ണൻ ബംഗാളി പണിക്കാരന്റെ ഒരു ദിവസത്തെ കൂലി വെട്ടി, ചുട്ടെടുത്ത കളിമണ്ണ് ചിത്രത്തിൽ വെറും കളിമണ്ണ് കൊണ്ട് ചെവി കൃസ്തുവിന് വെച്ചതിലാണ് വണ്ട് കൂട് കൂട്ടിയത്!

ഇത് കഥയല്ല, നടന്ന സംഭവവും ആവാം..

Thursday, 2 August 2018

മീശ വില്‍പനയ്ക്ക്..

ബിസി ബുക്ക് ഷോറൂമിന്റെ മുന്നിലെ ഗ്ളാസ്സിൽ തെളിഞ്ഞ പ്രതിബിംബങ്ങളെ നോക്കുമ്പോഴാണ് കോളേജ് പെൺകുട്ടികൾ ഡോറിനരികിൽ നിൽക്കുന്ന കൊമ്പൻമീശക്കാരൻ സെക്യൂരിറ്റിക്കാരനെ ശ്രദ്ധിച്ചത്. കണ്ടാൽ കാട്ടുകള്ളൻ വീരപ്പന്റെ മീശ പോലുണ്ടെന്നവർക്ക് തോന്നി.
അയാളുടെ കൊമ്പൻ മീശയെ ഒന്ന് 'ആക്കി'ക്കളയാമെന്ന തീരുമാനത്തിലെത്തിയ പെൺകുട്ടികൾ അടുത്തെത്തി ആ മീശയിൽ നിർന്നിമേഷരായി നോക്കി നിൽക്കുമ്പോൾ ഗൗരവത്തിൽ അയാൾ നിന്നു.
'എന്ത് വേണം?' - സെക്യൂരിറ്റിക്കാരൻ കൊമ്പൻമീശയിൽ വിരലാൽ വീണമീട്ടി ചോദിച്ചു.
അയാളുടെ ആകാരത്തിനും കൊമ്പൻമീശയ്ക്കും ചേരാത്ത കൊച്ചുകുട്ടിയുടെ സ്വരത്തിലുള്ള ആ ചോദ്യം പെൺകുട്ടികൾ പ്രതീക്ഷിച്ചതല്ല. അവർ ചിരിയടക്കി അയാളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
'ചേട്ടാ, ചേട്ടന്റെ മീശ ഞങ്ങൾക്ക് ഇഷ്ടായി. അതീന്ന് വലിയ രണ്ടുമൂന്ന് രോമങ്ങൾ പറിച്ചുതരാവോ?'
'എന്നാത്തിനാ എന്റെ മീശ?' - അയാൾ കണ്ണുതുറിപ്പിച്ച് ചോദിച്ചു.
'ആ മീശേലെ രോമം കൊണ്ട് മോതിരം ഉണ്ടാക്കിയിടാനാ, ഈ ആനവാൽ മോതിരം പോലെ.. പേടി മാറിക്കിട്ടാനാ ചേട്ടാ..' - സുന്ദരികൊച്ചിന്റെ പറച്ചിൽ കേട്ട അയാൾക്ക് അവർ തന്നെ കളിയാക്കുകയാണെന്നത് മനസ്സിലായെങ്കിലും ഗൗരവം നടിച്ച് അയാൾ പറഞ്ഞു.
'വർഷങ്ങളെടുത്ത് ഞാനുണ്ടാക്കി പരിപാലിച്ചുപോരുന്ന മീശയാണിത്. നിങ്ങളെപോലെത്തെ പെങ്കുട്ട്യോൾ ചോദിച്ചാൽ ഞാനെന്താ ചെയ്യാ.. ഉം.. ശരി, ഇരുന്നൂറ് രൂപാ എടുക്ക്, മീശേലെ രണ്ട് രോമം തരാ..'
പെൺകുട്ടികൾ വിലപേശി നൂറ് രൂപാ കൊടുത്തത് മേടിച്ച് ഇപ്പോൾ വരാമെന്നറിയിച്ച സെക്യൂരിറ്റിക്കാരൻ കുറച്ച് കഴിഞ്ഞ് അവരുടെ മുന്നിലേക്കെത്തി, നീണ്ട് വളഞ്ഞ് സ്പ്രിംഗ് പോലുള്ള രണ്ട് ചെമ്പൻ രോമങ്ങൾ അവർക്ക് നേരെ നീട്ടി.
'അയ്യോ ചേട്ടാ! ഇതേതാ ഈ ചെമ്പൻ രോമങ്ങൾ?' - അവർ ഞെട്ടി.
കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു: 'ഇത് വെറും ഷോറൂം, വില്പനയില്ല. ഇഷ്ടംപോലെ സ്റ്റോക്കുള്ള ഗോഡൗണിൽ മാത്രമേ വില്പനയുള്ളൂ..'
അയാളുടെ വിരലുകൾ അരയ്ക്ക് താഴോട്ട് പോവുന്നത് കാണാൻ നിൽക്കാതെ പെൺകുട്ടികൾ കണ്ണുപൊത്തി.

Tuesday, 13 February 2018

പെൺകുട്ടിയുടെ അച്ഛൻ

അയാൾ എന്നും ഭക്ഷണം കഴിക്കാറുള്ള ഒരിടത്തരം ഹോട്ടലിൽ, രാത്രി, ടേബിളിൽ അപ്പുറത്ത് ഒരു മിടുക്കി പെൺകുട്ടിയും അതിന്റെ അമ്മയും അച്ഛനും വന്ന് ഇരിപ്പായി. പെൺകുട്ടിക്ക് ഏതാണ്ട് 12 വയസ്സായിട്ടുണ്ടാവും.

എന്താ കഴിക്കാൻ വേണ്ടതെന്ന അമ്മയുടെ ചോദ്യത്തിന് 'പൊറോട്ട' എന്ന് പറഞ്ഞ പെൺകുട്ടിയുടെ ഉത്സാഹം അച്ഛൻ ശ്രദ്ധിച്ചില്ലെങ്കിലും അയാൾ ശ്രദ്ധിച്ചു. അച്ഛൻ വേറെ കറികളൊക്കെ ഓർഡർ കൊടുത്തു. കുറച്ചുകഴിഞ്ഞ് ഭക്ഷണം എത്തി.

അയാൾ ഭക്ഷണം കഴിക്കുമ്പോഴും ആ കുട്ടിയെ നോക്കുന്നുണ്ടായിരുന്നു. കുട്ടിയും അമ്മയും അയാളുടെ നോട്ടം ശ്രദ്ധിച്ചു. അച്ഛൻ പരിസരം മറന്ന് തിന്നുകൊണ്ടിരിക്കുകയാണ്..

പെൺകുട്ടി വാതോരാതെ അമ്മയോട് പലതും സംസാരിക്കുന്നത് അയാൾ കൗതുകത്തോടെ നോക്കി ഇരുന്നു. കുട്ടിയുടെ സുന്ദരമായ കണ്ണുകൾ അയാളിൽ പതിഞ്ഞു. അയാൾ പുഞ്ചിരിച്ചു. പെൺകുട്ടി നാണത്തോടെ അമ്മയോട് എന്തോ സ്വകാര്യമോതി.

അമ്മ അയാളെ തുറിച്ചുനോക്കി, പിന്നെ ഭർത്താവിനോട് ആംഗ്യത്തിൽ അയാളിലേക്ക് ശ്രദ്ധ വരുത്തിച്ചു. ധൈര്യം കിട്ടിയ പെൺകുട്ടി 'അച്ഛാ.. അയാളെന്നെ നോക്കി വല്ലാത്ത ചിരി'

അമ്മയും പരാതി തുടങ്ങി 'കുറേനേരായി ഇയാൾ ഞങ്ങളെ നോക്കി വെള്ളമിറക്കുന്നു. ഞരമ്പുരോഗി!'

പെൺകുട്ടിയുടെ കലി മൂത്ത അച്ഛൻ ഗ്ലാസ്സിലെ ചൂടുവെള്ളം അയാളുടെ മുഖത്തേക്ക് ഊക്കോടെ ചിന്തികൊണ്ട് അലറി: 'എന്താടോ തന്റെ സൂക്കേട്? ഞാനിപ്പോൾ പോലീസിനെ വിളിച്ചാ താൻ പിന്നെ പുറംലോകം കാണൂല്ല. ബാലികാ പീഢനം അറിയാലോ?'

ഹോട്ടലിലെ എല്ലാവരും നിശബ്ദരായി ചുറ്റും നോക്കി ഇരുന്നു. അയാളെ അറിയുന്ന മാനേജർ ശാന്തമാക്കാൻ അടുത്തെത്തിയെങ്കിലും കുട്ടിയുടെ അച്ഛൻ തട്ടിമാറ്റി, മൊബൈലിൽ പോലീസിനെ വിളിക്കാൻ തുടങ്ങിയിരുന്നു.

ചൂടുവെള്ളം മുഖത്തുനിന്നും തുടച്ച് അയാൾ കുട്ടിയുടെ പിതാവിൽനിന്നും മൊബൈൽ തട്ടിമാറ്റി. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.

പെൺകുട്ടിയും അമ്മയും മിഴിച്ചു നോക്കി നിൽക്കുമ്പോൾ അയാൾ ആ സത്യം എല്ലാവരും കേൾക്കെ പറഞ്ഞു:

'നിങ്ങളെന്നെ തെറ്റിദ്ധരിക്കുകയാണ് മിസ്റ്റർ. ഞാൻ നിങ്ങൾ കരുതുമ്പോലെ ബാലികാ പീഢകനോ ഞരമ്പുരോഗിയോ അല്ല. എനിക്കും ഉണ്ടൊരു മകൾ. ഈ മോളുടെ അതേ പ്രായം. എനിക്കാ മകളെ ഇതുവരെ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. ഒരു ഫോട്ടോപോലും എനിക്ക് കാണാൻ കിട്ടിയിട്ടില്ല..'

എല്ലാവരും സ്തബ്ധരായി നിൽക്കുമ്പോൾ അയാൾ ആ പെൺകുട്ടിയുടെ തലയിൽ കൈവെച്ച് തുടർന്നു : 'ഈ കുട്ടിയുടെ മുഖം കണ്ടപ്പോൾ.. ഞാൻ അറിയാതെ എന്റെ മകളുടെ മുഖം കണ്ടു, അല്ല ഇങ്ങനെയാവും എന്ന് ചിന്തിച്ചുപോയി. അത് തെറ്റായിപോയെങ്കിൽ നിങ്ങൾക്ക് എന്നെ പോലീസിൽ ഏല്പിക്കാം.'

അച്ഛനും അമ്മയും പെൺകുട്ടിയും അയാൾക്ക് മുന്നിൽ കൈകൂപ്പി നിന്ന് : 'ഞങ്ങളോട് പൊറുക്കണം. എല്ലാം സംശയത്തോടെ, തെറ്റായി കാണുന്ന ഇക്കാലത്തെ പ്രവണതയിൽ ഞങ്ങളും പെട്ടുപ്പോയി.'

അയാൾ വേഗം കൈകഴുകി, മുഖം തുടച്ച് കൗണ്ടറിൽ ചെന്ന് കാശ് കൊടുക്കുമ്പോൾ മാനേജർ അയാളെ ആശ്വസിപ്പിച്ചു. 'ങേ! എനിക്കിതൊന്നും അറിയില്ലായിരുന്നു. അപ്പോൾ ഭാര്യ?'

'ദൂരെ ഒരിടത്ത്, നിധി കാക്കും ഭൂതം പോലെ ഇരിപ്പുണ്ട് ഭാര്യ ആയിരുന്നവൾ, മകളെ കാത്ത് സൂക്ഷിച്ച് കൊണ്ട്..'

അതും പറഞ്ഞ് അയാൾ പുറത്തേക്ക് പോവുമ്പോൾ ഒന്നൂടെ ആ പെൺകുട്ടിയെ നോക്കി പുഞ്ചിരിച്ച് കൈവീശി. കുട്ടി തിരിച്ചും പുഞ്ചിരിയോടെ കൈവീശി.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com