Saturday, 4 October 2008

അന്ന് ദുബായില്‍ 9/11

ദുബായില്‍ അന്നൊരു 9/11. അതായത്‌ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ഏറെ നിരപരാധികളെ കൊന്നൊടുക്കിയതിന്റെ വാര്‍ഷികദിനം. വലിയൊരു ആപത്തില്‍നിന്നും തലനാരിഴ വ്യത്യാസത്തില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും കൈച്ചിലായി (രക്ഷപ്പെട്ടൂന്ന്‌)!

ഞാന്‍ പണിയെടുക്കുന്നത്‌ ദുബായിലെ ഒരു കെട്ടിടനിര്‍മ്മാണസ്ഥലത്താണല്ലോ. പതിനഞ്ച്‌ നിലകെട്ടിടമാണ്‌ ഇവിടെ കെട്ടിപൊക്കുന്നത്‌. ഇതിന്റെ അരികിലുള്ള ആട്ടിന്‍കൂട്‌ മാതിരിയുള്ള താല്‍കാലിക ഓഫീസിലാണ്‌ എന്റെ ബോസ്സും ഒരെഞ്ചീനീയറും പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും കാപ്പിയും ബിസ്‌കറ്റുമെല്ലാം തരുന്ന ഓഫീസ്‌കുട്ടി (ബോയ്‌) പിന്നെ കമ്പ്യൂട്ടറില്‍ തരികിട പരിപാടികള്‍ ഒപ്പിച്ച്‌ കൂനിക്കൂടിയിരിക്കുന്ന ഞാനും പകല്‍ തള്ളിനീക്കുന്നത്‌.

രാവിലെ സൈറ്റ്‌കൂടിക്കാഴ്‌ചയായിരുന്നു. എല്ലാ ഉദ്യോഗസ്ഥന്മാരും ഉപവിഷ്ടരായിരുന്നു. വട്ടമേശാസമ്മേളനം തുടങ്ങി. അവരെ അകത്താക്കി വാതില്‍ അടച്ച്‌ (സാക്ഷയിട്ടില്ല) ഞാന്‍ സ്വസ്ഥമായി എന്റെ ഇരിപ്പിടത്തിലിരുന്ന് പിന്‍മൊഴികള്‍ തപ്പി മോണിറ്ററില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു. വേറെയൊരു സൈറ്റില്‍ നിന്നും ഞാന്‍ പഴയൊരു പാട്ട്‌ കീഴെയിറക്കി സ്വരം കുറച്ച്‌ കേട്ട്‌ അല്ലറാചില്ലറ പണികള്‍ ചെയ്യുന്നുവെന്ന് വരുത്തി ഇരുന്നു. ഇന്നെന്തെങ്കിലുമൊന്ന് ബ്ലോഗണമെന്ന ചിന്തയും മനസ്സിലിട്ട്‌ പരുവപ്പെടുത്തികൊണ്ടങ്ങനെ...

"തലയ്‌ക്കുമീതെ ശൂന്യാകാശം.. താഴേ മരുഭൂമീ.." എന്ന പ്രസിദ്ധ നാടകഗാനം പതുക്കെ എനിക്ക്‌ മാത്രം കേള്‍ക്കുന്ന രീതിയില്‍ വെച്ചിട്ടുണ്ടായിരുന്നു. കൂടിക്കാഴ്‌ചാമുറിയിലെ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന എഞ്ചീനീയര്‍മാര്‍ വലിയ ബോസ്സിനെ ഭീതിയോടെ നോക്കി അയാളുടെ ശകാരങ്ങള്‍ കെട്ടഴിഞ്ഞ്‌ ചറപറാന്ന് വരുന്നതും കാത്ത്‌ ഇരിക്കുകയാണ്‌. തൊണ്ട വറ്റിയ ചിലര്‍ മുമ്പിലുള്ള കുപ്പിവെള്ളം അകത്താക്കുന്നുണ്ട്‌. ബോസ്സ്‌ കൊമ്പന്‍മീശ വിറപ്പിച്ച്‌ കണ്ണുരുട്ടി മുമ്പിലുള്ള പ്ലേയ്‌റ്റിലെ ബിസ്‌കറ്റ്‌ തിന്ന് ജ്യൂസ്സ്‌ കുടിച്ച്‌ അവരുടെ പാകപിഴവുകള്‍ അവലോകനം ചെയ്യാനുള്ള ഊര്‍ജ്ജം സംഭരിക്കുകയാണ്‌.

ബോസ്സിനെ സൈറ്റിലെ പണിക്കാര്‍ക്കെല്ലാം ഭയമാണ്‌. പഴയ പട്ടാളക്കാരനായ കാശ്‌മീരിബോസ്സ്‌ പലരേയും ചെറിയ തെറ്റിനുപോലും പിരിച്ച്‌ വിട്ടിട്ടുണ്ട്‌. അയാള്‍ സന്ദര്‍ശിക്കുന്ന ദിനം ഏവര്‍ക്കും പനിപിടിക്കുന്ന നാളാണ്‌.

പെട്ടെന്നാണത്‌ സംഭവിച്ചത്‌! ചെവിപൊട്ടുംവിധം ഒരു ശബ്‌ദം. മുകളില്‍ നിന്നാണ്‌. അതായത്‌ പതിമൂന്നാമത്‌ നിലയില്‍ നിന്നും ഭാരമുള്ളയെന്തോ സാധനം നേരെ താഴോട്ട്‌ വലിയ ഒച്ചയോടെ വീഴുന്നു! ഞാന്‍ ബൂലോഗത്തിലെ ചിലരുടെ പറമ്പുകളില്‍ മേയുകയായിരുന്നു. സ്ഥലകാലബോധം വന്ന് ഞാന്‍ ഇരിപ്പിടത്തില്‍ നിന്നും ചാടിയോടി. മനസ്സില്‍ പലവിധ ചിന്തകളാണ്‌ ഉടലെടുത്തത്‌. അമേരിക്കയിലേതുപോലെ ഇനി ഈ 9/11-ന്‌ ഇവിടെ എമറാത്തിന്റെ ഹൃദയഭാഗമായയിവിടെ ബോംബ്‌ പൊട്ടുകയാണോ? അതോ ബൂകമ്പം വല്ലതുമോ!

ശബ്‌ദം നിലച്ചു. ഹാളിന്റെ വാതില്‍ തുറക്കപ്പെട്ടു. എല്ലാരും പല ഭാഷകളില്‍ "പടച്ചോനേ" എന്നും വിളിച്ച്‌ പുറത്തേക്കോടി. ഞാനും മലയാളത്തില്‍ വിളിച്ച്‌ പിന്നാലെ പുറത്തേക്ക്‌ ചാടി. എന്താണ്‌ സംഭവിച്ചത്‌? എല്ലാവരും പണിനടക്കുന്ന കെട്ടിടത്തിന്റെ ഉച്ചിയിലേക്ക്‌ നോക്കി. അവിടേ നിന്നും കുറേ പണിക്കാര്‍ താഴെ നില്‍ക്കുന്ന ഞങ്ങളേയും നോക്കി കൈകൊണ്ട്‌ "എതാണ്‌ നടന്നത്‌?" എന്നയര്‍ത്ഥത്തില്‍ ചോദിച്ച്‌ നില്‍ക്കുന്നു.

പിന്നെയെല്ലാവരും അകത്തു കയറി. ഹാളില്‍ ചെന്നു. അവിടെ പരപരാ വെളിച്ചം! ബഷീറിയന്‍ ശൈലിയില്‍ പറഞ്ഞാല്‍ "വെളിച്ചത്തിനെന്തൊരു വെളിച്ചം!" മേല്‍ക്കൂര പൊളിഞ്ഞിരിക്കുന്നു. വട്ടമേശായില്‍ ബിസ്‌ക്കറ്റ്‌ പ്ലേയ്‌റ്റിനരികെ വലിയൊരു കോണ്‍ക്രീറ്റ്‌ കഷ്‌ണം കിടക്കുന്നു! മേശ ഒടിഞ്ഞിട്ടുണ്ട്‌. എല്ലാം വീക്ഷിച്ച്‌ കൊമ്പന്‍ മീശയില്‍ വിരലോടിച്ച്‌ പട്ടാളബോസ്സ്‌ വീണുകിടക്കുന്നതിനെ ഇമവെട്ടാതെ നോക്കി കറങ്ങുന്ന കസേരയില്‍ കറങ്ങാതെയിരിക്കുന്നു. അതുകണ്ട്‌ ഞങ്ങള്‍ വിറച്ചു. "ദൈവമേ നീ രക്ഷിച്ചു" - ഞാന്‍ മനസ്സാ നമിച്ചു.

പിന്നീട്‌ പലര്‍ക്കും തോന്നിയത്‌ ചിലപ്പോള്‍ ബോസ്സിനെ വകവരുത്തുവാന്‍ ഏതോ കഷ്‌മലന്‍ മുകളില്‍ നിന്നും എറിഞ്ഞതാവാമെന്നാണ്‌. ആയുസ്സിന്റെ നീളംകൊണ്ട്‌ അയാളും ജന്മസുകൃതത്താല്‍ ഞാനടക്കമെല്ലാവരും കൈച്ചിലായി. അതുകൊണ്ട്‌ ഇത്‌ എഴുതിയറിയിക്കുവാന്‍ ഞനിപ്പോഴും ഇവിടെയുണ്ട്‌.

സംഭവം കഴിഞ്ഞ്‌ മണിക്കൂറുകളായെങ്കിലും നിര്‍മ്മാണസ്ഥലത്തുപോലും ഹെല്‍മെറ്റ്‌ ധരിക്കാത്ത എഞ്ചീനിയര്‍മാരില്‍ പലരും ഓഫീസിലിരിക്കുമ്പോഴും തലയില്‍ നിന്നത്‌ മാറ്റാതെ പ്രധിഷ്‌ടിച്ചിരിക്കുന്നാതായി കണ്ടു. എനിക്കൊരു ഹെല്‍മെറ്റ്‌ ആരെങ്കിലും തരണേ!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com