Monday, 18 December 2006

ബത്താക്ക (വീസ)ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഇതാ കാണുന്നില്ലേ? ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ (ബത്താക്ക) ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു മാഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ കറുപ്പും വെളുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍': "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീീീ?"

"അത്‌ മാഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'വിജയന്‍' ചെരിഞ്ഞോടി. അറബി'ദാസന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു.

Thursday, 7 December 2006

കപ്പിത്താന്റെ വഴികാട്ടികള്‍

തിരൂരില്‌ കാലുകുത്തിയ നേരം കണ്ടു ഒരുകൂട്ടമാളുകളെ. ഏത്‌ മലയാളിയുടേയും പോലെ എന്താണെന്നറിയാനുള്ള ആധിയില്‍ ഒന്നുചെന്ന് നോക്കുവാന്‍ തോന്നി. ഞാനറിയാതെ കാലുകള്‍ എന്റെ ദേഹവും വഹിച്ച്‌ അങ്ങോട്ട്‌ പാഞ്ഞു.

ഏതാനും 'തലയില്‍കെട്ടുകാരെ' തിക്കിമാറ്റി ഒരിടം കിട്ടി നോക്കിയപ്പോള്‍...

ജഗതിയണ്ണന്‍ ഏതോ സിനിമയില്‍ ലാടവൈദ്യന്റെ വേഷത്തില്‍ ഒരങ്ങാടിയില്‍ നിന്നുകൊണ്ട്‌:

"കാട്ടില്‍ വിളയാടി നടന്ന ആനയെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഇടത്തേ മസ്‌തകം അടിച്ചുപൊട്ടിച്ച്‌ പാറയിലിട്ട്‌ ഉണക്കിപൊടിച്ച്‌..."

- എന്ന രംഗം അന്വര്‍ത്ഥമാക്കിയിട്ടതാ ഒരു ഏറനാടന്‍കാക്ക കുത്തും കോമായുമില്ലാതെ വാചകങ്ങളിട്ട്‌ അമ്മാനമാടി കുത്തിയിരിക്കുന്നു! പക്ഷെ, കരുണാനിധിയുടെ കണ്ണടയിട്ട്‌ തലപ്പാവ്‌ ധരിച്ച ഈ നാടന്‍കാക്കയെ ആരും ശ്രദ്ധിക്കുന്നേയില്ല. എന്താണെന്നോ?

മൂപ്പരുടെ കൂടെയുള്ള സാധനങ്ങളെയാണ്‌ ഞാനും പിന്നെ നോക്കിനിന്നത്‌. ഇതുവരേക്കും കണ്ടിട്ടില്ലാത്ത സത്വങ്ങളെ അവിടെ കണ്ടു. ശ്ശെടാ! ഇതെന്തോന്ന് ജന്തുവാ? അതും ഒന്നല്ല, മൂന്നെണ്ണം! കെട്ട്യോനും കെട്ട്യോത്തിയും ഒരു പിള്ളയും. കണ്ണടകാക്കയുടെ പക്കലുള്ള വടിയുടേ കുറുകെയുള്ള കമ്പില്‍ കണ്ണുംമിഴിച്ച്‌ ദേഹം നിവര്‍ത്തി ഇരിക്കുന്ന ഇവയും പടച്ചോന്റെ പടപ്പുകള്‍ തന്നെ!

ചുമ്മാതല്ല, ആശുപത്രിയിലേക്കും ചന്തയിലേക്കുമൊക്കെ പോവുന്നര്‍ ടാബ്ലോയിലെന്ന പോലെ നിന്നത്‌. മഹര്‍ഷിയുടെ കൈയ്യിലെ യോഗദണ്ഠ്‌ പോലെയുള്ള വടിയില്‍ യോഗാസനം ചെയ്‌തുകൊണ്ട്‌ ആസനമുയര്‍ത്തി നില്‍ക്കുന്ന ഈ ജന്തുക്കളേതാണ്‌? എവിടെത്തുകാരാണ്‌? ചോദ്യങ്ങള്‍ കുമിഞ്ഞുകൂടി. എന്നാല്‍ ചോദിക്കേണ്ടിവന്നില്ല. നാടന്‍ വൈദ്യര്‍ മണിമണിയായി ശ്വാസം വിടാതെ പറയുന്നതൊന്ന് കേട്ടപ്പോള്‍ പിടികിട്ടി.

"നാട്ടാരേയ്‌, ഇസ്സാധനങ്ങളെ ഇങ്ങക്കാര്‍ക്കും പരിചയംണ്ടാവില്ല. ഇവരാണ്‌ കുട്ടിസ്രാങ്കര്‌. കുട്ടിസ്രാങ്ക്‌ എന്ന് പണ്ട്‌ കപ്പിത്താന്‍സ്‌ ഇട്ട പേരാണ്‌. ദാ വലത്തിരിക്കുന്നവന്റെ കെട്ട്യോളും കുട്ടിയുമാ ഇപ്പുറത്തിരുന്ന് മയങ്ങുന്നത്‌."

"എന്താന്ന്? കണ്ണു തുറന്നിരിക്കുന്നൂന്നോ? ആ അതാണീ പഹയന്‍സിന്റെ അടവ്‌, ഉറങ്ങുമ്പോളൊക്കെ ഉണ്ടക്കണ്ണുകള്‍ തുറന്നുതന്നെയിരിക്കും. ചെയ്‌ത്താന്‍പ്രഭു ഡ്രാക്കുളായെ പോലെ!"

"പിന്നെ ഇസ്സാധനങ്ങളെ എങ്ങനെ പിടിച്ചുതിരിച്ചാലും വടക്കുദിശയിലേക്ക്‌ തിരിഞ്ഞേ നില്‍ക്കൂ! കുറുക്കന്റെ കണ്ണ്‌ കോയിക്കൂട്ടിലെന്ന മാതിരി. ദാ കാണിച്ചെരാം."

ഉറങ്ങുന്ന അവറ്റകളെ "ശ്‌ ശൂ..." എന്ന് വിളിച്ച്‌ മുതുകില്‍ തട്ടികൊണ്ട്‌ മെലിഞ്ഞ ദേഹം പിടിച്ച്‌ രണ്ട്‌ കറക്കം കറക്കിവിട്ടതും കുട്ടിസ്രാങ്കര്‌ ശീലം മാറ്റാതെ ദേ... നിക്കുന്നു വടക്കും നോക്കിയങ്ങനെ. ഉണ്ടക്കണ്ണുകള്‍ ഒരുവേള ചലിച്ചു. പിള്ളസ്രാങ്കന്‍ ചിണുങ്ങി തള്ളസ്രാങ്കിന്റെ പള്ളയില്‍ തലയിട്ടുരച്ചു. വടക്കുദിശ അവര്‍ക്ക്‌ പാട്ടത്തിനു കിട്ടിയതു പോലുണ്ട്‌, സ്രാങ്കുകുടുംബത്തിന്റെ നില്‍പു കണ്ടിട്ട്‌...

അവരുടെ മുതലാളികാക്ക ഒരു ബീഡി കത്തിച്ച്‌ വിവരണം തുടര്‍ന്നു:

"ഇവര്‍ടെ വടക്കുനോട്ടം കൊണ്ട്‌ ഇവന്‍മാര്‌ക്ക്‌ പണിയൊക്കെയുണ്ടായിരുന്നു.

"പണ്ട്‌ ബേപ്പൂരീന്ന്‌ പേര്‍ഷ്യാക്കും ദുനിയാവിന്റെ എല്ലാടുത്തേക്കും പോയിരുന്ന ഉരു, കപ്പല്‌, പടക്കപ്പല്‌ അങ്ങനെ വെള്ളത്തിലൂടെ ദൂരംവഴിക്ക്‌ പോവുന്നതിലൊക്കെ ദിക്ക്‌ നോക്കാന്‍ ഉപയോഗിച്ചിരുന്നത്‌ ആരെയാ?"

"ഈ ജന്തുക്കള്‍ അങ്ങനെ കപ്പലില്‍ പണിയെടുക്കുന്നവരുടെ പേരിന്റെ ഉടമകളുമായി - കുട്ടിസ്രാങ്ക്‌"

അന്നേരം കുട്ടിസ്രാങ്കര്‍ ഒന്ന് ഞെളിഞ്ഞ്‌ നിവര്‍ന്ന് നിന്നു. മുതലാളി അവരുടെ മുതുകിലൂടെ വിരലോടിച്ച്‌ തടവികൊണ്ടിരുന്നു.

"ദെത്താണ്‌ കുട്ടിസ്രാങ്കന്‍മാര്‌ സാധാരണ തിന്നാറ്‌?" - കൂട്ടത്തിലെവിടെ നിന്നോ ഒരു താത്തായുടെ നേര്‍ത്ത സ്വരത്തിലുള്ള സംശയം ഉയര്‍ന്നു.

"അതിപ്പോ പ്രത്യേകിച്ചൊന്നൂല്ല. പകല്‌ ഇവര്‍ക്ക്‌ കാഴ്‌ചയില്ല. വിശ്രമിക്കും. രാത്രിയായാല്‍ പിടിച്ചാകിട്ടൂല. ശങ്കരന്റേയോ കുട്ടപ്പന്റെയോ തെങ്ങുണ്ടെങ്കില്‍ അതീല്‌ വലിഞ്ഞുകേറും."

"അത്‌ കണ്ടപ്പോ തോന്നി." - ആരോ വിളിച്ച്‌ കൂവി.

"ആരാന്റെ തെങ്ങിലെ കരിക്ക്‌ പറിച്ച്‌ കടിച്ച്‌ പൊട്ടിച്ച്‌ തിന്നും, ഇളനീര്‌ അകത്താക്കും."

"അല്ല കാക്കാ.. എന്താ ഇവരെ കെട്ടിയിടാത്തത്‌? ഓര്‌ ഓടിപോവൂലേ?"

ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. സ്രാങ്കന്‍മാര്‍ സ്വതന്ത്രരാണ്‌. കെട്ടൊന്നും ഇല്ല.

"ഓടുകയോ, ഇവരോ? അപ്പരിപാടിയില്ല. രാത്രി മുഴുവനും കണ്ടോരെ തൊടീലൊക്കെ തപ്പിനടന്ന് തേങ്ങയും കടിച്ചാ പൊട്ടുന്നതെന്തും തിന്ന് വയറും നിറച്ച്‌ അതിരാവിലെ തിരിച്ചെത്തും."

"ഞാനെവിടെയുണ്ടോ അവിടെ അന്വേഷിച്ചെത്തും. അനുസരണയോടേ ഈ വടിയുടെ കുറുകെയുള്ള വടീല്‌ കേറിയിരിക്കും, കിനാവും കണ്ട്‌ ഉറങ്ങും."

പൊന്നോമനകളെ മുത്തം വെച്ച്‌ കാക്ക എല്ലാരേയും നോക്കി കുത്തിയിരുന്നു. ഏറേയാളുകള്‍ പലവഴി പോകുകയും ചിലരൊക്കെ വരുകയും ചെയ്യുന്നുണ്ട്‌.

"വല്ലതും തന്നേച്ച്‌ പോകണേ... എന്തേലും തിന്നിട്ട്‌ ഒത്തിരി ദെവസായി." - സ്രാങ്ക്‌ മൊതലാളി യാചിച്ചു.

"ആ കുട്ടിസ്രാങ്കരോട്‌ പറഞ്ഞാല്‌ മാങ്ങയോ തേങ്ങയോ കൊണ്ടുവന്ന് തരൂലേ കാക്കേ?" - ഏതോ വിരുതന്‍ ചോദിച്ചു.

രംഗമാകെ മാറ്റിമറിച്ച്‌ ഒരു പോലീസ്‌വണ്ടി വന്ന് നിന്നു. കാക്കിപ്പട ആ കാക്കയെ പൊക്കി, ചോദ്യശരങ്ങള്‍ വിട്ടു. വംശനാശം നേരിടുന്ന ജന്തുക്കളെ പിടിച്ച്‌ കാശുണ്ടാക്കുന്നതിന്‌ അയാളേയും തൊണ്ടിമുതലായ സ്രാങ്കരേയും അറസ്‌റ്റ്‌ ചെയ്തു.

പോലീസിന്റെ കൈപിടിയില്‍ അയാളും, അയാളുടെ കൈപിടിയിലെ വടിയില്‍ മൂന്ന് കുട്ടിസ്രാങ്കരും. എന്താണ്‌ നടക്കുന്നതെന്തെന്നറിയാത്ത സ്രാങ്ക്‌ കുടുംബം അപ്പോഴും മയക്കത്തിലാണ്‌; വടക്കുനിന്നും ആരോ വരുന്നതും കാത്ത്‌ ആ ദിശയില്‍ തിരിഞ്ഞ്‌ വടിയില്‍ ബാലന്‍സ്‌ ചെയ്തിട്ടങ്ങനെ...

Wednesday, 22 November 2006

പൂച്ചയ്‌ക്കെന്താ കെട്ടിടമുണ്ടാക്കുന്നിടത്ത്‌ കാര്യം?

ഈ തണുപ്പുകാലം തുടങ്ങിയ അന്ന് തുടങ്ങിയതാ ഓഫീസിന്റെ തട്ടിന്‍മുകളില്‍ മാര്‍ജാരന്മാരുടെ ബഹളം! ബഹളംന്ന് പറയാന്‍ പറ്റൂല, കൊഞ്ചികുഴയലും കിന്നാരം പറച്ചിലും പിന്നെ മ്യാവൂ ഗീതങ്ങളും യുഗ്‌മ ഗാനങ്ങളും 'ടൈറ്റാനിക്‌' സിനിമയിലെ 'ടാപ്പ്‌' ഡാന്‍സ്‌ കളിക്കുന്ന ശബ്‌ദവും (നിര്‍മ്മാണ സ്ഥലത്തെ താത്‌കാലിക കാരവന്‍ ആയതിനാല്‍ ഉച്ചിയില്‍ പ്ലൈ കൊണ്ടുള്ള തട്ടിന്‍പുറമാണ്‌). ആകെ മൊത്തം ടോട്ടല്‍ പൂച്ചകളുടെ പൊടിപൂരം തന്നെ!

ഒരൊന്നൊന്നര മാസം മുന്‍പ്‌ രണ്ട്‌ 'മ്യാവു'കള്‍ പരിസരത്തൊക്കെ ചുറ്റിപറ്റി ഉലാത്തുന്നതും മുകളിലേക്ക്‌ നോക്കിനിക്കണതും കണ്ടതായിരുന്നു. ഇവരിവിടെ താവളമാക്കുമെന്ന് അന്ന് ലവലേശം വിചാരിച്ചതല്ല. ഇപ്പോള്‍ കണ്ടില്ലേ? രണ്ടല്ല, ഇവന്‍മാര്‌ ഇരട്ടിയിലിരട്ടിയായിരിക്കുന്നു!

സ്വൈരമായിട്ട്‌ ഇരുന്ന് ജോലിയും അതോടൊപ്പം ബ്ലോഗലും പിന്നെ ചില്ലറ ചാറ്റിംഗും നടത്താമെന്ന് ആഗ്രഹിച്ചെങ്കിലും സുഗമമായിട്ട്‌ നടത്താനീ മാര്‍ജാരന്മാര്‍ സമ്മതിക്കണ്ടേ? പൂച്ചയ്‌ക്ക്‌ അറീലല്ലോ ബൂലോഗമെന്താണെന്ന്! ചുമ്മാ സമീപത്തെ മുനിസിപ്പാലിറ്റിയുടെ കച്ചറ ഡ്രമ്മില്‍ കയറുക, കാണുന്നതൊക്കെ വലിച്ചുവാരി വെളിയിലിടുക, വല്ല എല്ലോ കോഴിക്കാലോ തപ്പിയെടുത്ത്‌ കറുമുറാ കടിച്ച്‌ അകത്താക്കുക, പിന്നെ തട്ടിന്‍പുറത്തേറി പ്രണയം തിമിര്‍ത്താടുക, മോങ്ങുക, പിന്നെ അതൊക്കെ തന്നെ മുഖ്യ ജ്വാലി... കാലാവസ്ഥയോ ആഹഹാ തികച്ചും അനുയോജ്യം.. ആനന്ദലബ്‌ധിക്കിനിയെന്ത്‌ വേണം? ഇനിയാരോ മുന്നത്തെ പോസ്‌റ്റിന്‌ കമന്റിയ പോലെ (സിമി ആണെന്ന് തോന്നുന്നു) സംശയിക്കേണ്ട "കഴുത കാമം കരഞ്ഞ്‌ തീര്‍ക്കുന്നുവെന്നൊക്കെ!" ആ ചൊല്ല് മാറ്റാന്‍ നേരമായി. കഴുത വെട്ടി പൂച്ച എന്നാക്കണം. ഇല്ലേല്‍ ഇവിടെ വരൂ സോദര-സോദരീമാരേ.. നേരില്‍ കാണുമ്പോള്‍ തിരിഞ്ഞോളും സംഭവം. ലജ്ജിക്കാന്‍ പൂച്ചകള്‍ക്ക്‌ അറിവില്ലാലോ. മിണ്ടാപ്രാണിയല്ലേ?

സഹികെട്ടിട്ടൊടുവില്‍ ഞാന്‍ എന്റെ ബോസ്സിനോട്‌ പരാതി പറഞ്ഞു. ബോസ്സും അസഹനീയമായിട്ട്‌ കാണപ്പെട്ടു. ഔദ്യോഗികമായി ഉടനെയൊരു എഴുത്ത്‌ മുഖ്യ കരാര്‍ കമ്പനിയിലോട്ട്‌ വിടാന്‍ ഉത്തരവിട്ടു. വെറുതെയിരുന്ന എനിക്കിട്ട്‌ തന്നെ പണി തന്നു. പൂച്ചകളേ ആനന്ദിക്കൂ, ഇന്നുകൂടി. നാളെ നിങ്ങള്‍ തുരത്തപ്പെടും.

എഴുത്ത്‌ ഞാന്‍ ടൈപ്പിയുണ്ടാക്കി. സേഫ്‌റ്റി ഓഫീസറുടെ അനാസ്ഥയില്‍ പണിസ്ഥലം ചിലര്‍ കൈയ്യേറിയതാണ്‌ വിഷയം. ആര്‍ക്കും സുരക്ഷിതമില്ലാത്ത അന്തരീക്ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തലയിലേക്ക്‌ മച്ചില്‍ വിലസുന്ന മാര്‍ജാരസംഘം മൊത്തമായോ ചില്ലറയായോ വന്ന് പതിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇവയെ കുടിയൊഴിപ്പിക്കണമെന്നും ഞാന്‍ ഒരുത്തമ സെക്രട്ടറിയെന്ന നിലയ്‌ക്ക്‌ കത്തിലെഴുതി ചേര്‍ത്തു.

പക്ഷെ കത്ത്‌ പോയില്ല. അതിന്‌ മുന്‍പെ പണിക്കാരില്‍ ചിലരെത്തി പൂച്ചകളെ (പുകച്ചില്ലെങ്കിലും) പുറത്ത്‌ ചാടിച്ചു. ശരിക്കും പാവങ്ങള്‍! മനുഷ്യരുടെ സൗകര്യത്തിനിവരൊക്കെ എന്തുമാത്രം ത്യാഗം ചെയ്യുന്നു, അല്ലേ?

ഈ തണുത്ത നവംബറിന്റെ ഒടുവില്‍ ഇവര്‍ എങ്ങോട്ട്‌ പോകും. അവരും എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമോടുന്നു. കൂട്ടത്തില്‍ പിഞ്ചുപൈതങ്ങളുമുണ്ട്‌. ലോകമേ തറവാട്‌!

തൊട്ടപ്പുറത്തെ പണിതുകൊണ്ടിരിക്കുന്ന വേറെയാരുടേയോ കെട്ടിട സ്ഥലം കണ്ടില്ലേ പൂച്ചകളേ? ആരോടും 'പൂച്ചാതെ' ചെന്ന് കുടിയേറുക. ബാക്കി കാര്യം 'കല്ലിവല്ലി'!

Tuesday, 21 November 2006

മാഷുമാമയും ഉത്തരക്കടലാസ്സും...

എന്റെ മാമ മാഷാണ്‌. മാഷെന്ന് പറഞ്ഞാല്‍ രസികന്‍ വാധ്യാര്‌ തന്നെ. പേര്‌ മയ്‌മ്മൂട്ടി. എല്ലാ കൊല്ലവും മൂപ്പര്‌ പത്താം ക്ലാസ്സിലെ ഉത്തരക്കടലാസ്‌ ചികയാന്‍ പോകാറുണ്ട്‌. മലപ്പുറത്തെ കേന്ദ്രത്തീന്നും വരുന്ന വഴി നിലമ്പൂരുള്ള ഞങ്ങളുടെ പൊരേലും കയറിയിട്ടേ മാമ പോകാറുള്ളൂ. വരുമ്പോ തന്നെ എന്തേലും തമാശഗുണ്ട്‌ പൊട്ടിക്കാനുള്ള തയ്യാറെടുപ്പ്‌ മൂപ്പരുടെ മുഖത്ത്‌ തെളിഞ്ഞിട്ടുണ്ടാവും.

വരുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ക്ക്‌ തിന്നാന്‍ 'പോപ്പിന്‍സ്‌' മിഠായി കരുതീട്ടുണ്ടാവും. പക്ഷെ ഒട്ടുമുക്കാലും വഴീല്‌ വെച്ചുതന്നെ കാലിയാക്കി പാതി പൊളിഞ്ഞ പാക്കറ്റായിട്ടുണ്ടാവും.

ഒരീസം ഒറ്റയ്‌ക്ക്‌ ചിരിച്ചോണ്ട്‌ മാമ വന്നു. തായ്യര (താഴ്‌വാരം) എന്ന് പണ്ടുമുതലേ അറിയപ്പെടുന്ന വടക്കേപുറത്തെ വിസ്‌താരമുള്ള മുറിയിലെ വിടവുള്ള മരപ്പടിയിലിരുന്ന് മാഷുമാമ ഉത്തരക്കടലാസിലെ രസങ്ങള്‍ പുറത്തിറക്കി.

വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്നത്‌ വിവരിക്കുക എന്ന ചോദ്യത്തിന്‌ വിരുതന്‍ ഒരുത്തന്‍ കൊടുത്ത വിവരണം:

അന്ന്യം നിന്ന് പോരുന്ന പഴയ മുള്ളുവേലിയുള്ള പറമ്പുകള്‍ കാളികാവിലും ചോക്കാട്ടും മറ്റ്‌ മലയോര പ്രദേശത്തും കാണപ്പെടുന്നു. അയല്‍പക്കത്തുള്ളവന്‍ കറുത്തവാവ്‌ ദിനത്തില്‍ ആരുമറിയാതെ ഈ വേലി നീക്കി മറ്റോന്റെ പറമ്പിലേക്ക്‌ കയറ്റുന്നു. ഇതിനെ വേലിയേറ്റം എന്ന് പറയുന്നു!

അപ്പോള്‍ അപ്പുറത്തുള്ളോന്‍ വെളുത്തവാവിന്റെ നേരത്ത്‌ ഇടിമിന്നലോടെയുള്ള അകമ്പടിയോടെ കയറ്റപ്പെട്ട വേലി ഇറക്കി ഇപ്പുറത്തോന്റെ പറമ്പിലേക്ക്‌ അധികമായി സ്ഥാപിക്കുന്നു. ഇതാണ്‌ വേലിയിറക്കമെന്ന് അറിയപ്പെടുന്നത്‌!

എന്നിട്ട്‌ ഉത്തരക്കടലാസ്സ്‌ പരിശോധകന്‌ കണ്ണീരില്‍ ചാലിച്ചൊരു അഭ്യര്‍ത്ഥനയുമുണ്ട്‌. "മാഷേമാനേ... ബാപ്പായ്‌ക്ക്‌ വായുവലിവുള്ളതിനാല്‍ ആശുപത്രീല്‌ കൂട്ടിന്‌ പോയതോണ്ടും തൊടീലെ കാര്യങ്ങളൊക്കെ തലേല്‌ ആയതോണ്ടും പൊസ്‌തകം മറിച്ചാന്‍ പറ്റീല. ദയവായി പാസ്സ്‌ മാര്‍ക്ക്‌ ഇട്ട്‌ കനിവ്‌ കാണിച്ചാല്‍ പടച്ചോന്‍ ഇങ്ങളെ കയ്‌ച്ചിലാക്കും, ആമീന്‍..!"

(ഈ സംഭവം ഈ മാമ അറിയാതെ ഞാന്‍ മനോരമപത്രത്തില്‍ അധ്യാപകരസങ്ങളെന്ന പംക്തിയില്‍ മൂപ്പരെ പേരും പള്ളിക്കൂട മേല്‍വിലാസം സഹിതം അയച്ചു. അച്ചടിച്ചു വന്നു. ഒന്നും അറിയാത്ത മാമയ്‌ക്ക്‌ 250 രൂപ സമ്മാനവും അടിച്ചു. ഒപ്പമുള്ള മാഷന്മാരും മാഷിണിമാരും മൂപ്പരെ പ്രകീര്‍ത്തിച്ചു. ആരാണീ പണിയൊപ്പിച്ചതെന്നറിയാതെ അന്തം വിട്ട മാമ ഒരിക്കല്‍ വീട്ടില്‍ വന്ന് സംഗതി പറഞ്ഞതും ഞാന്‍ അവകാശവാദവുമായി എത്തി. നിവൃത്തിയില്ലാതെ മാഷുമാമ എനിക്ക്‌ 100 ഉറുപ്പിക തന്നൂട്ടോ)

Thursday, 16 November 2006

ആകാശപ്രണയത്തിന്‌ ഇത്രേയുള്ളൂ ആയുസ്സ്‌!

ഖത്തറിലെ അറബിയോട്‌ ഗുഡ്‌ബൈ ചൊല്ലി രാജിക്കത്തും കൊടുത്ത്‌ കിട്ടേണ്ടതെല്ലാം മേടിച്ച്‌ ആ രാജ്യത്തോടും അവിടുത്തെ സുഹൃത്തുക്കളോടും വിട ചൊല്ലി പിരിയുന്ന ദിനം.

അവസാനമായി ഞാന്‍ ജോലി ചെയ്‌ത ഇരിപ്പിടവും വിട്ട്‌ നനവാര്‍ന്ന നേത്രങ്ങള്‍ ആരും കാണാതെ തുടച്ച്‌ ഗോവണിയിറങ്ങി താഴെയെത്തുമ്പോള്‍ എന്നും ഉപദേശം തരാറുള്ള പ്രായമുള്ള മാനേജര്‍ രാജേട്ടന്‍ വെളിയില്‍ നിന്നും കയറിവന്നു. എന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ അരികെ വന്ന് കൈ പിടിച്ചു. ഞാന്‍ യാത്ര ചോദിച്ചു. അയാള്‍ വിതുമ്പി കരഞ്ഞു. കൊച്ചുകുട്ടികളെ പോലെ!

ആദ്യമായി അന്നാണ്‌ ഞാന്‍ അങ്ങിനെയൊരു ബോസ്സിനെ കാണുന്നത്‌. ഞാന്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച്‌ പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ രാജേട്ടന്‍ വാതിലിനടുത്ത്‌ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക്‌. അന്നത്തെ ഫ്ലൈറ്റില്‍ മിക്ക സീറ്റുകളും കാലിയായിരുന്നു. പാന്‍ട്രിയുടെ അരികിലുള്ള സീറ്റാണ്‌ എനിക്ക്‌ ലഭിച്ചത്‌. വലിയൊരു വിമാനത്തില്‍ വിരലിലെണ്ണാവുന്ന ആളുകളും നാല്‌ സുന്ദരി ഹോസ്‌റ്റസുകളും രണ്ട്‌ ഹോസ്‌റ്റന്‍മാരും കൂടാതെ പൈലറ്റുമാരും മാത്രം.

വിമാനം ദോഹ എയര്‍പോര്‍ട്ടില്‍ നിന്നും പൊങ്ങിയുയര്‍ന്നു. അല്‍പം കഴിഞ്ഞ്‌ മധുരവും പാനീയങ്ങളും വിതരണം ചെയ്‌ത്‌ ആകാശസുന്ദരിമാര്‍ അവതരിച്ചു. ഞാന്‍ ജോലിപോയത്‌ ആഘോഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ബിയര്‍ ഒത്തിരി എടുത്ത്‌ അകത്താക്കി. വീണ്ടും ആവശ്യപ്പെട്ട നേരം കരിമിഴിയിളക്കിയ നോട്ടം നോക്കിയ ഒരുത്തി എന്നെ വിലക്കി.

എന്നിട്ടൊരു സ്വകാര്യം കാതില്‍ മൊഴിഞ്ഞു. ഒപ്പം അവളുപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മാസ്‌മരിക വാസന തഴുകിയെത്തി.

"അവിടെ പാന്‍ട്രിയില്‍ വന്നാല്‍ അല്‍പം കൂടെ തരാം. വേറെയാരേയും അറിയിക്കല്ലേ പ്ലീസ്‌.."

ഞാനാകെ കോള്‍മയിര്‍ കൊണ്ടു. ആദ്യം കഴിച്ചതിന്റെ ലഹരി പാദം മുതല്‍ ശിരസ്സ്‌ വരെ വിദ്യുത്‌ തരംഗം പോലെ അനുഭവപ്പെടുന്നു. അപ്പോളിങ്ങനെ ഗഗനസുന്ദരിയും ക്ഷണിച്ചതിന്റെ ത്രില്‍! ഹോ.. ഞാന്‍ ഭൂമിയില്‍ നിന്നും വീണ്ടും പൊങ്ങിയുയര്‍ന്ന് അങ്ങ്‌ നക്ഷത്രങ്ങളുടെ തോഴിമാരുടെയൊപ്പം പറുദീസയിലോ!

നോക്കുമ്പോളതാ ചിത്രശലഭങ്ങളെപോലെ നാലെണ്ണം ഒഴുകി പറന്ന് പോവുന്നു. പാന്‍ട്രിയില്‍ ചേക്കേറുന്നു. എന്നെ ക്ഷണിച്ചവള്‍ സാകൂതം കടക്കണ്ണാലെ "വരൂന്നേ.." എന്ന് വിളിക്കുന്നുവോ? ബാക്കിയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലാണ്‌. ഞാന്‍ അങ്ങോട്ട്‌ നടന്നു.

"ഹായ്‌ ഞാന്‍ സാലി." - ഞാന്‍ സ്വയം പരിചയപ്പെടുത്തി കൈ നീട്ടി.

"ഹായ്‌ ഞാനും സാലി!" - അവള്‍ കൈയ്യില്‍ മൃദുലമായി തൊട്ടുകൊണ്ട്‌ പുഞ്ചിരിച്ചു.

"എന്നെ കളിയാക്കുകയാ അല്ലേ?"

"അല്ലാ മിസ്‌റ്റര്‍ എന്റെ പേര്‌ അതു തന്നെയാ."

"എന്നാല്‍ എന്റെ ഫുള്‍ നെയിം സാലിഹ്‌ എന്നാ" - ഒരു പെണ്ണിന്റെ പേരില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ഉരുണ്ടുകളിച്ചു. അതവള്‍ക്ക്‌ മനസ്സിലായോ? അവള്‍ ബിയറും ബദാം പാക്കറ്റും എടുത്ത്‌ തന്നു. പൊട്ടിച്ച്‌ ഗ്ലാസ്സിലൊഴിക്കാനും സഹായിച്ചു.

"മിസ്റ്റര്‍ സാലി സീറ്റില്‍ പോയി ഇരുന്നോളൂ. അരികെ സീറ്റ്‌ കാലിയല്ലേ? ഞാന്‍ ഇതൊക്കെ ഒതുക്കി വെച്ചതിന്‌ ശേഷം ജോയിന്‍ ചെയ്‌തോളാം. ഒകെയ്‌?"

"ശരി മിസ്സ്‌ സാലി. വൈകരുത്‌ട്ടോ.." - ഞാന്‍ തിരിച്ച്‌ സീറ്റില്‍ വന്നിരുന്നു.

എനിക്ക്‌ നൃത്തം ചെയ്യാനും മേഘക്കൂട്ടത്തിലൂടെ അവളുടെ പിറകെ അവസാനമില്ലാതെ ഓടിക്കളിക്കാനുമൊക്കെ പൂതി വന്നു.

ബിയര്‍ നുണഞ്ഞ്‌ കണ്ണടച്ച്‌ ഞാന്‍ മന:സ്ക്രീനില്‍ സാലി-സാലികളുടെ മഴപ്പാട്ട്‌ കാണവേ... ഒരു മൃദുസ്പര്‍ശം. ഉണര്‍ന്ന് നോക്കുമ്പോള്‍ അവള്‍ സാലി പുഞ്ചിരിച്ച്‌ കൊണ്ട്‌ സമീപം വന്ന് ഇരിക്കുന്നു. അവള്‍ സോഫ്‌റ്റ്‌ ഡ്രിങ്ക്സ്‌ നുണയുന്നുണ്ട്‌.

ആദ്യമാദ്യം ഒരു സ്‌ടാര്‍ടിംഗ്‌ പ്രോബ്ലം. പിന്നെ പരിചയം തുടങ്ങി. പാന്‍ട്രിയിലേക്ക്‌ നോക്കി. അവിടെ രണ്ട്‌ ഹോസ്‌റ്റന്മാര്‍ മൂന്നെണ്ണത്തിനെ കത്തി വെച്ച്‌ പൊട്ടിച്ചിരിച്ച്‌ സമയം കൊല്ലുന്നു.

സാലി ഏതാനും മാസമേ ആയുള്ളൂ ഹോസ്‌റ്റസ്സായിട്ട്‌. അവള്‍ക്കിത്‌ ഇഷ്‌ടമല്ലാഞ്ഞിട്ടും തുടരേണ്ടി വന്നു. കാരണം ബോംബെയിലെ അവളുടെ കാമുകനെന്നും പറഞ്ഞ്‌ പിറകേ നടക്കുന്ന ഒരുത്തന്റെ ശല്യം അസഹനീയമായപ്പോള്‍ കിട്ടിയ രക്ഷാമാര്‍ഗം ആകാശയാത്രയല്ലാതെ വേറൊന്നില്ലായിരുന്നു. ജന്മനാടായ ബോംബേയില്‍ ഒരു നിമിഷം പോലും കഴിയാന്‍ ഇന്നവള്‍ക്ക്‌ താത്‌പര്യമില്ല. അവള്‍ കഥ തുടര്‍ന്നു. ഏറെ നേരം അറബിക്കടലിന്റെ മുകളില്‍ ലോകര്‍ മൊത്തം നിദ്രയിലായ വേളയില്‍ ഉറങ്ങാതെ ഞങ്ങള്‍ പരസ്പരം അറിഞ്ഞ്‌ അരികിലങ്ങനെ കഴിഞ്ഞ്‌ പറന്നുകൊണ്ടിരുന്നു. കൂട്ടിന്‌ അല്‍പം ലഹരിയും. ഞാന്‍ അവളെ സ്പര്‍ശിച്ചു. എതിരൊന്നും പറഞ്ഞില്ല.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ സൗകര്യം എപ്പോഴും കിട്ടില്ല. ചോദിച്ച്‌ വാങ്ങിയാല്‍ ഒരുപക്ഷെ നമ്മുടെ പി.ജെ.ജോസഫിന്റെ സ്ഥിതിയാവും അവസ്ഥ. (പാവം പുള്ളിയേയും ഇതേ പോലെ ഒരവസ്ഥയില്‍ ആരെങ്കിലും കണ്ട്‌ പരസ്യമാക്കിയതാവാം).

"ഇനി തൊടേണ്ടാട്ടോ. വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരിക്കാം. അതല്ലേ രസം?" - അവള്‍ അതൃപ്‌തി സൗമ്യമായി അറിയിച്ചു. അതിനിടയില്‍ ഏതോ സീറ്റിലെ യാത്രക്കാരന്റെ ബെല്ലടി വന്നപ്പോള്‍ അവള്‍ എഴുന്നേറ്റ്‌ പോയി. ആവശ്യപ്പെട്ട വെള്ളമോ മറ്റോ കൊണ്ടുപോയി കൊടുത്ത്‌ തിരികെയെത്തി.

ഞാന്‍ എന്റെ പഴയകാല പ്രണയകഥ പറഞ്ഞു. കഥാനായികയും ഞാനും ഒരുപാട്‌ കാലത്തിനിപ്പുറം വീണ്ടും അറിയാനിട വന്ന സാഹചര്യം അവള്‍ ഒരു സിനിമ ദര്‍ശിച്ച ഭാവത്തിലാണ്‌ ശ്രവിച്ചത്‌. പക്ഷെ അവള്‍ കുടുംബിനിയും ഞാന്‍ അവിവാഹിതനുമായി കഴിയുന്നത്‌ കഷ്‌ടമായെന്ന് സാലി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സരസവര്‍ത്തമാനത്തില്‍ ബാക്കിയുള്ള ഹോസ്‌റ്റസ്സുമാരും കൂടി. അവര്‍ ഞങ്ങള്‍ക്ക്‌ നല്ല പൊരുത്തമാണെന്ന് പരിഹസിച്ചു. ഞങ്ങളുടെ പേരുകള്‍ ഒരേ സമയം വിളിച്ച്‌ ഞങ്ങളെ നട്ടം തിരിച്ചു. അതിലൊരുത്തി എന്നെ ആംഗ്യത്തിലൂടെ സാലിയെ താലികെട്ടിക്കൂടേ എന്നുപോലും അഭിപ്രായം അറിയിച്ചു. എനിക്കും തോന്നി എന്തുകൊണ്ട്‌ ആയിക്കൂടാ?

ഒന്നൂല്ലെങ്കില്‍ ഞാനും പതിനായിരങ്ങള്‍ പൊട്ടിച്ച്‌ കാബിന്‍ ക്രൂ പരിശിലനം നേടിയിട്ടുണ്ടല്ലോ. ഈ പണി ചെയ്തില്ലെന്നേയുള്ളൂ. ഇവളെന്ത്‌ കൊണ്ടും എനിക്കിണങ്ങും. ആകാശ റാണിയെ പ്രണയിച്ച ഒരു സാധാരണ 'ധര്‍ത്തിപുതൃ' മാത്രമായി ഞാന്‍ ഇരുന്നു.

"ഇനിയെങ്കിലും വിവാഹം ചെയ്‌തൂടെ വൈകാതെ?" - സാലി ചോദിച്ചത്‌ കേട്ട്‌ രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന കണക്കെ ഞാന്‍ ഞെട്ടി.

"അതിനിപ്പോ എങ്ങനെ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാ ഞാന്‍"

"ചെന്ന് കാണണം നല്ലൊരു മൊഞ്ചത്തിക്കുട്ടിയെ. എന്നിട്ട്‌ സന്തോഷമായി ജീവിക്കണം"

"ഓ, എനിക്ക്‌ ഉടനെയൊന്നും കുടുംബജീവിതത്തിനോട്‌ ആഗ്രഹമില്ല."

ഞാന്‍ മൂഡ്‌ നഷ്‌ടമായി ഇരുന്നു. ശുഭരാത്രി ആശംസിച്ച്‌ സാലി എഴുന്നേറ്റു. ഞാന്‍ മയക്കത്തിന്റെ കയത്തിലേക്ക്‌ മുങ്ങി.

ഏറെ നേരം മയങ്ങിയിരിക്കുന്നു. കോക്‍പിറ്റിലെ അറിയിപ്പ്‌ കേട്ടാണ്‌ ഉണര്‍ന്നത്‌. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മണ്ണില്‍ ഈ ആകാശപേടകം ഇറങ്ങുന്നതായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍മ അനുഭവപ്പെട്ടു. എല്ലാവരും സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി. ഞാന്‍ തിരിഞ്ഞു നോക്കി. സാലി ജോലിത്തിരക്കിലാണ്‌. ഞാന്‍ വിളിച്ച്‌ ഒരു സുപ്രഭാതം നേര്‍ന്നു.

വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ വിമാനം റണ്‍വേയിലൂടെ പാഞ്ഞു. ഗട്ടറുള്ള പാതയില്‍ ബസ്സ്‌ ഓടുന്ന അതേ പ്രതീതി. പിന്നെ ഏതാനും തിരിച്ചിലിന്‌ ശേഷം നിശ്ചലമായി. എല്ലാവരും ബാഗേജുകളെടുത്ത്‌ വെളിയിലേക്ക്‌.

ഞാനിതാ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌ യാന്ത്രികമായി ബാഗുമെടുത്ത്‌ പാന്‍ട്രിയുടെ അരികിലെ ഗോവണി ലക്ഷ്യമാക്കി നടക്കുന്നു. ഇനി നമ്മള്‍ കാണുമോ? അറിയില്ല. ഒരു രാത്രി മാത്രം പ്രണയിച്ച ആദ്യ ജോഡിയെന്ന ബഹുമതി നിലനിര്‍ത്തികൊണ്ട്‌ ഞങ്ങള്‍ പിരിയുന്ന, ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്നറിയുന്ന ആ നിമിഷത്തെ ശപിച്ച്‌ അവളെ കൈ ഗ്രഹിച്ച്‌ ഞാന്‍ യാത്ര ചൊല്ലി.

അവള്‍ ഒരു ടിഷ്യൂപേപ്പറില്‍ ഇമെയില്‍ വിലാസം എഴുതി എന്റെ പോക്കറ്റിലിട്ടു.

"താങ്കള്‍ ബന്ധപ്പെടാന്‍ മറക്കരുത്‌. കല്ല്യാണക്കാര്യമെല്ലാം അറിയിക്കണം."

ഞാന്‍ തലകുലുക്കി തിരിയുമ്പോള്‍ വീണ്ടും അവള്‍ എന്നെ വിളിച്ചു. ഞാന്‍ നിന്നു. വിമാനത്തിനകത്ത്‌ യാത്രക്കാരനായി ഞാന്‍ മാത്രമുണ്ട്‌ പുറത്തിറങ്ങാന്‍.

"സീ മിസ്റ്റര്‍ സാലി? എന്റെ എന്‍ഗേജ്‌മന്റ്‌ റിംഗ്‌ ശ്രദ്ധിച്ചിരുന്നില്ലേ? ഞാന്‍ പറയാന്‍ മറന്നു. എന്റെ വിവാഹം അടുത്ത മാസമാണ്‌. വരന്‍ ഞാന്‍ പറഞ്ഞ ശല്ല്യക്കാരന്റെ അയല്‍പക്കത്തുള്ള പോലീസ്‌ ഇന്‍സ്പെക്‍ടറാണ്‌."

"ങ്‌ഹേ! എനിക്കൊന്നും അറിയില്ലേ!"

"എന്തേലും പറഞ്ഞോ ഇപ്പോള്‍?

"ഉം.. ദീര്‍ഘ സുമംഗലീ ഭവ:" എന്ന് പുലമ്പി ഞാനെന്റെ ബാണ്ടക്കെട്ടെടുത്ത്‌ മ്ലാനവദനവുമായി പുറത്തിറങ്ങി. എന്നെ ആദ്യം വരവേറ്റത്‌ കാക്കകളുടെ "കാ കാ" ഈണമാണ്‌. ഗള്‍ഫില്‍ കേള്‍ക്കാനാവാത്തതിനാല്‍ കാക്കയുടെ സ്വരത്തിനെന്തൊരു മാധുര്യം!

Monday, 13 November 2006

ഒരു യാചകചരിതം

നഗരത്തിലെ തീയേറ്ററില്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ പുതിയ സിനിമ നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടുകയാണ്‌. ജനങ്ങള്‍ ടിക്കറ്റിന്‌ വേണ്ടി തിക്കിത്തിരക്കി. പോലീസ്‌ തിരക്ക്‌ നിയന്ത്രിച്ചു.

തീയേറ്ററിന്റെ കവാടത്തില്‍ പൊരിവെയിലുള്ള നേരം ഒരു വൃദ്ധന്‍ ആളുകള്‍ക്ക്‌ നേരെ കൈ നീട്ടി ഭിക്ഷ യാചിച്ച്‌ ഇരിപ്പുണ്ടായിരുന്നു. നീണ്ട താടിരോമങ്ങള്‍ക്കുള്ളില്‍ യൗവ്വനകാലത്തെ സുന്ദരവദനം ഒളിഞ്ഞിരുന്നു.

ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന വൃദ്ധന്‍ ആരായിരുന്നുവെന്ന് എല്ലാവരും മറന്നുപോയോ? യുവതലമുറ അറിയില്ലെങ്കിലും പഴയകാല കാശ്‌വാരി പടങ്ങള്‍ നിര്‍മ്മിച്ച ഒരു നിര്‍മ്മാതാവ്‌! അയാള്‍ നിര്‍മ്മിച്ച സിനിമകളില്‍ ഭൂരിഭാഗവും എത്രയോ നാളുകള്‍ കളിച്ചിരുന്ന അതേ തിയേറ്ററിന്റെ പരിസരത്ത്‌ വെയിലത്തും മഴയത്തും അയാള്‍ ഇരിക്കുന്നു. ഒരു ചാണ്‍ വയര്‍ നിറയാന്‍ അയാള്‍ക്ക്‌ ഇനി ഇതല്ലാതെ മാര്‍ഗ്ഗമില്ല.

ഒരു കാലത്ത്‌ തന്റെയരികെ ഭവ്യതയോടെ തലചൊറിഞ്ഞ്‌ എന്നും വരുമായിരുന്ന സുമുഖനായ യുവാവിനെ ഒരു പടത്തില്‍ അഭിനയിപ്പിച്ചു. ഇന്നയാള്‍ താരരാജാവാണ്‌. ആക്ഷന്‍ ഹീറോയാണ്‌. യുവതികളുടെ സ്വപ്‌ന നായകനാണ്‌.

ഈ താരത്തിന്റെ സിനിമ കൈയ്യടി നേടികൊണ്ടോടുമ്പോള്‍ വെളിയില്‍ ആ യാചകവൃദ്ധന്‍ ആരാരുമറിയാതെ കൈനീട്ടി നീങ്ങുന്നു.

സിനിമാലോകത്ത്‌ ഒരായിരം പേര്‍ക്ക്‌ മേല്‍വിലാസം ഉണ്ടാക്കികൊടുത്ത അയാള്‍ സ്വന്തം മേല്‍വിലാസം പോലും മറന്ന് ജീവിതം മടുത്ത്‌ കഴിഞ്ഞു.

ജീവിതം ഇതോ ജിവിതം!

Sunday, 22 October 2006

ആകസ്‌മികം

നേരം പുലരുമ്പോള്‍ വിമാനത്തിന്റെ ജാലകത്തിലൂടെ നേരിയ വെളിച്ചത്തില്‍ താഴെ ദൃശ്യമായിവരുന്ന പച്ചതുരുത്തുകളും നേര്‍വരപോലെ ഒഴുകുന്ന പുഴയും മനാഫിന്റെ മനസ്സിനെ കുളിരണിയിച്ചു. അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മനാഫ്‌ ദുബായില്‍ നിന്നും നാട്ടിലേക്ക്‌ വരുന്നത്‌.

അയാളുടെ ആഗമനം ആരേയും അറിയിക്കാതെയായിരുന്നു. എയര്‍പോര്‍ട്ടില്‍ മനാഫിനെ സ്വീകരിക്കാനാരും ഇല്ല. മണലാരണ്യത്തില്‍ നിന്നെത്തുന്ന ഉറ്റവരെ വരവേല്‍ക്കാന്‍ അക്ഷമരായി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനെ കണ്ടില്ലെന്ന് നടിച്ച്‌ അയാള്‍ ഒരു ടാക്‍സിക്ക്‌ കൈകാണിച്ച്‌ നിറുത്തി കൈയ്യിലെ ചെറിയ ബാഗുമായി കയറി. ഡ്രൈവര്‍ ലഗേജ്‌ പ്രതീക്ഷിച്ച്‌ നിന്നുവെങ്കിലും ഒന്നുമില്ലായെന്ന് ബോധ്യമായപ്പോള്‍ സ്‌റ്റാര്‍ട്ടാക്കി. സ്വന്തം മണ്ണിലെത്തിയപ്പോള്‍ എത്രയോ സംവല്‍സരങ്ങള്‍ കഴിഞ്ഞതായി മനാഫിന്‌ തോന്നി.

മനാഫിന്‌ ഒരു ലക്ഷ്യമുണ്ട്‌. അത്‌ സാധിച്ചാല്‍ മാത്രമേ നഷ്‌ടമായ സന്തോഷം തിരിച്ചുകിട്ടുകയുള്ളൂ. മനാഫ്‌ യാത്രയ്‌ക്കിടയില്‍ ചിന്തയിലാണ്ടു. ഒരാളെ തേടി മാത്രമാണ്‌ ഇയാള്‍ വന്നത്‌. തന്റെ സഹായത്താല്‍ ദുബായിലെത്തിയ മഹ്‌റൂഫിനെ കണ്ടെത്തണം. ആത്മസുഹൃത്ത്‌ എന്നപോലെ പെരുമാറിയൊടുവില്‍ പാടേ അവഗണിച്ച്‌ നടക്കുന്ന മഹ്‌റൂഫ്‌ എന്ന കോടീശ്വരനെ കാണണം. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗള്‍ഫില്‍ വരുമ്പോള്‍ മനാഫ്‌ മാത്രമായിരുന്നു ഒരു സഹായി. അന്ന് തന്റെ പക്കല്‍നിന്ന് പലപ്പോഴായി വാങ്ങിയ പണം ഇന്ന് വലിയൊരു സംഖ്യയായിരിക്കുന്നു. മഹ്‌റൂഫ്‌ കൗശലബുദ്ധിയാല്‍ വലിയ ബിസ്സിനസ്സ്‌ സാമ്രാജ്യം ഗള്‍ഫിലും കേരളത്തിലും വ്യാപിപ്പിച്ച്‌ പറന്നുനടക്കുന്നവന്‍!

"സാര്‍, സ്ഥലമെത്തി. ഇനിയെങ്ങോട്ടാ തിരിയേണ്ടത്‌?" - ഡ്രൈവറുടെ ശബ്‌ദം മനാഫിനെ ഉണര്‍ത്തി.

വഴി പറഞ്ഞുകൊടുത്തു. അഞ്ച്‌ വര്‍ഷങ്ങള്‍ തന്റെ നാട്ടിന്‍പുറത്തെ എത്രയധികം മാറ്റിയിരിക്കുന്നു! തന്റെ കൊച്ചുപുരയില്‍ എത്തിയപ്പോള്‍ അയാള്‍ നേത്രങ്ങള്‍ നിറഞ്ഞു. ഭാര്യ കിണറ്റിന്‍കരയില്‍ പാത്രം കഴുകുന്നു. പ്രായമേറിയ ഉമ്മ കൂനിക്കൂടി ഉമ്മറത്തേക്ക്‌ നടന്നു വന്ന് ആരാണ്‌ വരുന്നതെന്ന് നോക്കി. ഇവര്‍ക്കൊന്നും വേണ്ടി യാതൊന്നും സമ്പാദിച്ചുണ്ടാക്കുവാന്‍ തന്റെ ഡ്രൈവറുദ്യോഗം കൊണ്ടാവുന്നില്ലല്ലോ പടച്ചവനേ. മനാഫ്‌ വിതുമ്പി.

നാളുകള്‍ക്കൊടുവില്‍ മനാഫിനെ കണ്ടപ്പോള്‍ ഭാര്യക്ക്‌ വിശ്വസിക്കാനായില്ല. അവര്‍ ഓടിവന്ന് ഒരുനിമിഷം ഒന്നുമുരിയാടാതെ നോക്കിനിന്നു. വീട്ടിനകത്ത്‌ പ്രവേശിച്ച്‌ മനാഫ്‌ ഉമ്മയേയും ഭാര്യയേയും നെഞ്ചിലടുപ്പിച്ച്‌ നിന്നു. പുരയുടെ മേല്‍ക്കൂരയുടേ വിടവിലൂടെ സൂര്യകിരണം സാക്ഷിയായി.

കുളിച്ച്‌, ഭക്ഷണം കഴിച്ചൊരു മയക്കത്തിനു ശേഷം മനാഫ്‌ വസ്‌ത്രം മാറുന്ന നേരം ഭാര്യ ഉറക്കച്ചറവ്‌ വിട്ടെഴുന്നേറ്റു. വന്ന് മണിക്കൂറുകളായില്ല. എങ്ങോട്ടാണാവോ പുറപ്പാട്‌? അവര്‍ക്ക്‌ ചോദിക്കണമെന്നുണ്ട്‌. എന്നാല്‍ മുന്നോടിയായിട്ട്‌ മനാഫ്‌ പറഞ്ഞു:

"കൊച്ചിവരേയൊന്ന് പോവണം. നാളെയേ വരൂ."

തന്റെ ലക്ഷ്യം നിറവേറ്റാന്‍ അയാള്‍ പുറപ്പെട്ടു. എറണാകുളത്തേക്ക്‌ ട്രെയിന്‍ ടിക്കറ്റ്‌ എടുത്ത്‌ പ്ലാറ്റ്‌ഫോമിലെത്തിയ മനാഫ്‌ പഴയ ഒരു ഡയറിയിലെ മഷിമങ്ങിയ ഒരു ഫോണ്‍ നമ്പര്‍ നോക്കി അടുത്തുള്ള ബൂത്തിലെത്തി. മഹ്‌റൂഫിന്റെ നമ്പര്‍ ഇപ്പോഴും നിലവിലുണ്ട്‌. നീണ്ട ഇടവേളക്ക്‌ ശേഷം വിളിക്കുകയാണ്‌. മനസ്സിലുള്ളത്‌ മറച്ചുവെച്ച്‌ സന്തോഷം നടിച്ച്‌ എങ്ങുംതൊടാതെയുള്ള വര്‍ത്തമാനത്തിനൊടുവില്‍ താന്‍ നേരില്‍ കാണുവാന്‍ പുറപ്പെട്ടുവെന്ന് മനാഫ്‌ അറിയിച്ചു. ട്രെയിന്‍ ഇറങ്ങുമ്പോള്‍ കാറുമായി വന്ന് മനാഫിനെ കൊണ്ടുപോകാമെന്ന് മഹ്‌റൂഫ്‌ പറഞ്ഞു.

രാത്രിയാവുമ്പോള്‍ മനാഫ്‌ എറണാകുളത്തെത്തി. വെളിയില്‍ തന്നെ കാത്തുനില്‍ക്കുമെന്നറിയിച്ച മഹ്‌റൂഫിനെ പരതികൊണ്ട്‌ അയാളുടെ കണ്ണുകള്‍ ഓടിനടന്നു. പ്ലാറ്റ്‌ഫോമിലെ തിരക്കിനിടയില്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തമ്മില്‍ കാണുമ്പോള്‍ തിരിച്ചറിയുമോ രണ്ടാള്‍ക്കും? വെറുതെ അയാള്‍ ഓരോന്നോര്‍ത്തു. ഏതോ ദിക്കിലേക്ക്‌ നോക്കിനില്‍ക്കെ പിന്നിലാരോ തൊടുന്നതറിഞ്ഞ്‌ മനാഫ്‌ തിരിഞ്ഞപ്പോള്‍ മുടിയില്‍ വെള്ളിനര കയറി, സ്വര്‍ണ്ണഫ്രെയിമുള്ള കണ്ണട ധരിച്ച്‌, വിദേശസിഗരറ്റ്‌ വലിച്ച്‌ പുകവിട്ട്‌ നില്‍ക്കുന്ന മഹ്‌റൂഫ്‌! ആദ്യം തിരിച്ചറിയാന്‍ അല്‍പം ബുദ്ധിമുട്ടി.

നേരിയ ഗസല്‍ഗീതം വെച്ച്‌ ഓടുന്ന ബെന്‍സ്‌ കാറില്‍ മഹ്‌റൂഫ്‌ സ്വന്തം ബിസിനസ്സ്‌ സാമ്രജ്യങ്ങളെ കുറിച്ച്‌ വാചാലനായപ്പോള്‍ മനാഫ്‌ വെറുതെ മൂളികൊണ്ട്‌ കേള്‍ക്കുന്നുവെന്ന് വരുത്തി ഇരുന്നു. ഒരു നിഗൂഢ പദ്ധതി മനസ്സില്‍ ആവിഷ്‌കരിക്കുന്ന തിരക്കിലാണയാള്‍. ഇടയ്‌ക്കിടെ പാന്റ്‌സിന്റെ കീശയില്‍ തപ്പുന്നത്‌ മഹ്‌റൂഫ്‌ ശ്രദ്ധിച്ചുവോ?

സ്വപ്‌നത്തില്‍ മാത്രം കണ്ടിട്ടുള്ള ഒരു ബംഗ്ലാവിന്റെ വലിയ ഗേയ്‌റ്റിലെത്തിയ കാറിന്റെ ഹോണടി കേട്ട്‌ സെക്യൂരിറ്റിക്കാരന്‍ ഓടിവന്നു. കാര്‍ അകത്ത്‌ പ്രവേശിച്ചു. ഒരു നിമിഷം കൂരപുരയില്‍ പട്ടിണിയില്‍ ജീവിക്കുന്ന ഭാര്യയേയും ഉമ്മയേയും മനാഫ്‌ ഓര്‍ത്തു.

മഹ്‌റൂഫിന്റെ പിറകിലായി ആ സ്വപ്‌നസൗധത്തിനകത്ത്‌ എത്തിയപ്പോള്‍ മുതല്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ മനാഫിനെ വല്ലാതെ അലോസരപ്പെടുത്തി. സ്വര്‍ഗ്ഗത്തിലേക്കുള്ള സ്വര്‍ണ്ണഗോവണിയെന്ന് തോന്നിപ്പിക്കുന്ന വളഞ്ഞ്‌ കലാപരമായ ഗോവണിയിറങ്ങി വരുന്നു സുന്ദരിയായ മഹ്‌റൂഫിന്റെ ഭാര്യ. കരയുന്ന കുഞ്ഞിന്‌ കുപ്പിപാല്‍ കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു അവര്‍.

"ലുക്ക്‌ ഡിയര്‍, ഇതെന്റെ പഴയകാല സുഹൃത്താണ്‌.
സീ മൈ ഫ്രണ്ട്‌, ദി ഈസ്‌ മൈ വൈഫ്‌ ആന്‍ഡ്‌ സ്വീറ്റ്‌ ബേബി."

മനാഫ്‌ വല്ലാതെയായി. കരയുന്ന കുഞ്ഞിനെ ഇമവെട്ടാതെ നോക്കി നിന്നു. മുഖത്ത്‌ വിഷാദം നിറഞ്ഞു. ഏതെല്ലാമോ പ്ലാന്‍ ചെയ്‌തുവെച്ച ഗൂഢ സംഗതികള്‍ ഉപേക്ഷിക്കേണ്ടിവരുമോ! അയാളുടെ മനസ്സ്‌ കൊടുങ്കാറ്റടങ്ങിയ ശാന്തമായ സാഗരം പോലെയായി തീര്‍ന്നു.

മനാഫ്‌ പെട്ടെന്ന് ഒന്നും പറയാതെ പുറത്തിറങ്ങി നടന്നു. അവര്‍ക്കൊന്നും മനസ്സിലായില്ല. മഹ്‌റൂഫ്‌ പിറകെ ചെന്നു. അയാള്‍ ഓടുകയാണ്‌. ഗേറ്റും കടന്ന് റോഡിലൂടെ ഒരു ഭ്രാന്തനെ പോലെ ഇരുകൈകളും തലയ്‌ക്കുപിറകില്‍ പിടിച്ച്‌ മനാഫ്‌ ശീഘ്രം നീങ്ങി. മഹ്‌റൂഫ്‌ നോക്കുമ്പോള്‍ മൂര്‍ച്ചയുള്ള കഠാരകത്തി റോഡിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ ഇരുളില്‍ മറയുന്ന മനാഫിനെയാണ്‌ കാണുന്നത്‌! അയാള്‍ അടിമുടി വിറച്ചുനിന്നു.

സുഹൃത്തിനെ വധിക്കുവാനെത്തിയ അയാള്‍ക്ക്‌ മാനസ്സാന്തരം വന്നതെന്താണെന്ന് അയാള്‍ക്ക്‌ പിന്നീട്‌ മനസ്സിലായി. വിവാഹിതനായിട്ടും ഒരു കുട്ടിയുടെ പിതാവ്‌ ആകുവാന്‍ മനാഫിനോട്‌ പടച്ചവന്‍ ഇതുവരേക്കും കനിഞ്ഞിട്ടില്ല. കുട്ടികളില്ലാത്ത അയാള്‍ക്ക്‌ കുഞ്ഞുങ്ങളെന്നാല്‍ ജീവനേക്കാളും വലിയതാണ്‌.

തിരികെ കിട്ടിയ ജീവനുമായി ബംഗ്ലാവിലേക്ക്‌ നടക്കുമ്പോളും കുഞ്ഞിന്റെ കരച്ചില്‍ നിന്നിരുന്നില്ല. ഭാര്യ ഒന്നും അറിഞ്ഞിട്ടില്ല. അപ്പോഴേക്കും കരച്ചില്‍ നിറുത്താന്‍ അറിയാവുന്ന താരാട്ട്‌പാട്ടെല്ലാം ആ അമ്മ പാടി കഴിഞ്ഞിരുന്നു.

Wednesday, 27 September 2006

പൊറോട്ട തട്ടുന്ന ഭീകരര്‍!

ഞങ്ങളുടെ നാട്ടിലൊരു ശങ്കരന്‍ചേട്ടനുണ്ട്‌. ടിയാന്റെ പ്രത്യേകതയെന്തെന്നാല്‍ 'ചൊറിച്ചുമല്ലലില്‍' ലോകോത്തര ബിരുദം ചുളുവില്‍ അടിച്ചെടുത്തയാള്‍ എന്നതാണ്‌. പക്ഷെ യഥാവിധം വേണ്ടേടത്തുപയോഗിക്കാനറിയില്ല എന്നേയുള്ളൂ. മൂപ്പരെ കണ്ടാലാരെപോലെയാണെന്നോ? മരിച്ചുപോയ ഒരു നടനുണ്ടല്ലോ, സെക്കന്റ്‌ഷോ കാണാനിരിക്കുന്ന ഒന്നുരണ്ടാള്‍ കണക്കെ കുറച്ച്‌ പല്ലുകള്‍ മാത്രമുള്ള ആരെങ്കിലും ചൂടായാലും പൊട്ടിച്ചിരിച്ച്‌ കാജാബീഡി വലിച്ച്‌ പുകയൂതിയിരിക്കാറുള്ള നടന്‍ അബൂബക്കര്‍! മൂപ്പരെ പോലെതന്നെയാണ്‌ നമ്മുടെ നായകന്‍ ശങ്കരന്‍ചേട്ടനും.

പണിയെടുക്കാനുള്ള പ്രായമെല്ലാം കഴിഞ്ഞ ചേട്ടന്‍ മിക്കസമയവും ചാലിയാര്‍ പുഴയുടെ തീരത്തുള്ള കുഞ്ഞഹമ്മദിന്റെ ചായമക്കാനിയില്‍ ഇരുന്ന് നേരം കൊല്ലും. മണലെടുക്കാന്‍ വരുന്ന തൊഴിലാളികളുടെ നാട്ടുവര്‍ത്തമാനങ്ങള്‍ കേട്ട്‌ തൊണ്ണകാട്ടി ചിരിച്ച്‌ എന്തേലും മണ്ടത്തരം പറഞ്ഞതിനൊപ്പം തന്നെ, പരിഹസിച്ച്‌ ചിരിക്കുന്നവരുടെയൊപ്പം കൂടി സ്വയം ചിരിക്കും. രാവിലെ തൊട്ട്‌ വായിച്ച്‌ തീര്‍ത്ത എല്ലാ ദിനപത്രങ്ങളും പലയാവര്‍ത്തി വായിച്ച്‌ ഹൃദിസ്ഥമാക്കിയിട്ടുണ്ടാവും ശങ്കരന്‍ചേട്ടന്‍. കുഞ്ഞഹമ്മദിന്‌ അയാളൊന്ന് പോയികിട്ടിയാല്‍ മതിയെന്ന ഭാവമാണ്‌. സദാസമയവും ഹാജറുള്ള ചേട്ടന്‍ ആകെ വാങ്ങികുടിക്കുന്നത്‌ ഒന്നോ രണ്ടോ ചായ മാത്രമാണ്‌ (അതും കടമായിട്ട്‌). ഏറെ ചോദിച്ച്‌ മടുക്കുമ്പോള്‍ വല്ലവരോടും വാങ്ങി കൊടുത്ത്‌ ശങ്കരന്‍ചേട്ടന്‍ മക്കാനിയിലെ പറ്റ്‌ തീര്‍ക്കാറുണ്ട്‌. അല്ലെങ്കില്‍തന്നെ അവിടെ വരുന്ന മിക്കവരും പറ്റുകാരാണ്‌. രാവിലെയാണ്‌ ഇവന്‍മാരുടെ തള്ളികയറ്റം കൂടുക. "ഓസിക്ക്‌ കുടിക്കുന്ന പഹയന്‍മാര്‍" എന്നാണ്‌ കുഞ്ഞഹമ്മദ്‌ ഇവര്‍ക്കിട്ട വിശേഷണം.

എന്നും നേരം വെളുത്താല്‍ വരും അവിടന്നുമിവിടന്നും കുറേയെണ്ണം മക്കാനിയിലേക്ക്‌! ദേശാഭിമാനിയും ചന്ദ്രികയും മാതൃഭൂമിയും മനോരമയും മാധ്യമവും ഒരുമിച്ച്‌ വരുത്തുന്ന കളത്തിന്‍കടവിലെ ഏക കേന്ദ്രമായ കുഞ്ഞഹമ്മദിന്റെ ചായമക്കാനിയില്‍ ഇരുന്ന് മുഴുവന്‍ വായിച്ച്‌ നാശകൂശമാക്കി ചായയും സുലൈമാനിയും കാപ്പിയും എന്നിത്യാദി കിട്ടുന്നതെല്ലാം വരുത്തിച്ച്‌ കുടിച്ച്‌ സിഗരറ്റും ബീഡിയും വലിച്ച്‌ കുറ്റി നിലത്ത്‌ പരത്തിയിട്ട്‌ അവര്‍ പോവാനൊരുങ്ങുമ്പോള്‍ കുഞ്ഞഹമ്മദ്‌ പടിവാതിലില്‍ നില്‍പുണ്ടാവും, ചുമച്ച്‌ ശബ്‌ദമുണ്ടാക്കിയിട്ടങ്ങനെ.

"നാളെ തരാം" എന്ന് മുന്നില്‍ പോവുന്നവന്‍ പറയുന്നത്‌ പിന്നില്‍ പോവുന്നവനും ഏറ്റ്‌ പിടിച്ച്‌ സ്ഥിരം മൊഴിഞ്ഞ്‌ പുഴയുടെ വിശാലമായ മണല്‍പരപ്പിലെത്തിയിട്ടുണ്ടാവും ഓസുകുടിയന്മാര്‍!

അവരുടെ പോക്ക്‌ നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന കുഞ്ഞഹമ്മദ്‌ ലോകത്തിലെ ചതിയന്‍മാരേയും കാപഠ്യക്കാരേയും കുറിച്ച്‌ ചിന്തിച്ചു. ശരിക്കും രാജ്യം ഭരിക്കുന്ന രാജാക്കന്‍മാര്‍! അയാള്‍ തിരിഞ്ഞ്‌ മേശയുടെ അരികിലേക്ക്‌ നടക്കുമ്പോള്‍ കണ്ടു ശങ്കരന്‍ചേട്ടനെ.

"ഹോ, പാവം പറ്റുകാരന്‍, ഇയാളെയങ്ങ്‌ മേലോട്ടെടുക്കാന്‍ പടച്ചോന്‌ നേരം കിട്ടിയില്ലേയാവോ!" - കുഞ്ഞഹമ്മദ്‌ ചേട്ടനെ നോക്കി പ്രാകികൊണ്ടിരുന്നു. ഇതൊന്നും അറിയാതെ ശങ്കരന്‍ചേട്ടന്‍ പ്രായംപോലും മറന്ന് ഒരു നിമിഷം ചെറുപ്പമായിതീര്‍ന്നിട്ട്‌ തൊട്ടപ്പുറത്തെ പുഴയിലെ വെളുപ്പാന്‍കാലത്തെ കാഴ്‌ചകള്‍ ഓരോന്നായിട്ട്‌ നോക്കിയങ്ങനെ രസിച്ചിരിക്കുകയാണ്‌.

പൊടുന്നനെ സമീപത്തെ 'മാനവേദന്‍ ഹൈസ്‌കൂളിലെ' ഒരു സംഘം പിള്ളേര്‍ മക്കാനിയിലേക്ക്‌ ഓടിയെത്തി. "കുരുത്തം കെട്ട ചെയ്‌ത്താന്‍കുട്ട്യേള്‌" - കുഞ്ഞഹമ്മദ്‌ അവരേയും പ്രാകി. ഈ പിള്ളേരും അവിടെ സ്ഥിരം ഓസുകാരാണ്‌. അവര്‍ വരും, അടുക്കളയില്‍ കയറും, കാണുന്നതെല്ലാം അകത്താക്കി ഏമ്പക്കമിട്ട്‌ ഓടിപോവും. സ്‌കൂളിലാണെന്ന് പറഞ്ഞിട്ട്‌ കാര്യമില്ല, പലര്‍ക്കും മീശയും താടിയുമൊക്കെ കിളിര്‍ത്തുവന്നിരിക്കുന്നു! പിന്നെ തൊട്ടതിനെല്ലാം പഠിപ്പ്‌ മുടക്കി സമരമുണ്ടാക്കുന്നവരും. എല്ലാം കണ്ടില്ലാ കേട്ടില്ലായെന്ന് കരുതി കുഞ്ഞഹമ്മദ്‌ അവരെ ഉള്ളില്‍ പ്രാകിയങ്ങനെ കഴിയുന്നു.

അന്നും ആ 'ചെയ്‌ത്താന്‍കുട്ട്യേള്‌' മക്കാനിയിലെ അലമാര വലിച്ചുതുറന്ന് അതില്‍ ദിനങ്ങളോളം സൂക്ഷിച്ച്‌ വെച്ച പൊറോട്ട വാരിയെടുത്ത്‌ വായിലിട്ട്‌ പുറത്തേക്കോടി. പിന്നാലെ അലമാരയുടെ അകത്ത്‌ തടവിലായിരുന്ന കുറേ ഈച്ചകളും രക്ഷപ്പെട്ട്‌ പറന്നുപോയി. എല്ലാം കണ്ട്‌ ആത്മസംയമനം പാലിച്ച്‌ താടിക്ക്‌ താങ്ങായി കൈയ്യുംകൊടുത്തിരിക്കുന്ന കുഞ്ഞഹമ്മദിനെ നോക്കി ശങ്കരന്‍ചേട്ടന്‍ രോക്ഷം കൊണ്ടു.

ചേട്ടന്റെ തിരുനാവ്‌ അടങ്ങിനില്‍ക്കുന്നില്ല. തട്ടിയിട്ടൊരു ഡയലോഗ്‌!

"എന്റെ പൊന്നാര കുഞ്ഞയമ്മദോ.. കണ്ടില്ലേഡോ കുണ്ടന്‍മ്മാര്‌ പാഞ്ഞ്‌ വന്ന് പൊറോട്ട തൊറന്ന്‌ അതിനകത്തെ അലമാര ചുരുട്ടി വായിലിട്ട്‌ തിരുകികയറ്റീട്ട്‌ ശ്ശൂംന്ന് പോവുന്നത്‌!!"

കുഞ്ഞഹമ്മദ്‌ ഞെട്ടിതിരിഞ്ഞ്‌ ചേട്ടനെ നോക്കി. ഇപ്പറഞ്ഞത്‌ വല്ലതും നടന്നോയിവിടെ? അലമാര വായില്‌ തിരുകാന്‍പോന്ന രാക്ഷസ്സന്‍മാരുടെ സന്തതികളിന്നും ഭൂമിയിലുണ്ടോ! ശരിയാണ്‌ ഇപ്പോള്‍ പോയ 'ചെയ്‌ത്താന്‍ കുട്ട്യേള്‌' അതിലും ഭീകരന്മാര്‍ തന്നെ.

നെടുവീര്‍പ്പിട്ട കുഞ്ഞഹമ്മദ്‌ അരികിലുള്ള റേഡിയോ ഓണാക്കി, ഒരു തട്ട്‌ കൊടുത്തു.

"ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത്‌ സുഷമ.." - വാര്‍ത്ത ശ്രദ്ധിച്ച്‌ കാതും കൂര്‍പ്പിച്ച്‌ അവരിരുവരും ഇരുന്നു. പശ്ചാത്തലത്തില്‍ തുറന്നുകിടക്കുന്ന പഴയ അലമാരയും...

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com