Thursday, 16 November 2006

ആകാശപ്രണയത്തിന്‌ ഇത്രേയുള്ളൂ ആയുസ്സ്‌!

ഖത്തറിലെ അറബിയോട്‌ ഗുഡ്‌ബൈ ചൊല്ലി രാജിക്കത്തും കൊടുത്ത്‌ കിട്ടേണ്ടതെല്ലാം മേടിച്ച്‌ ആ രാജ്യത്തോടും അവിടുത്തെ സുഹൃത്തുക്കളോടും വിട ചൊല്ലി പിരിയുന്ന ദിനം.

അവസാനമായി ഞാന്‍ ജോലി ചെയ്‌ത ഇരിപ്പിടവും വിട്ട്‌ നനവാര്‍ന്ന നേത്രങ്ങള്‍ ആരും കാണാതെ തുടച്ച്‌ ഗോവണിയിറങ്ങി താഴെയെത്തുമ്പോള്‍ എന്നും ഉപദേശം തരാറുള്ള പ്രായമുള്ള മാനേജര്‍ രാജേട്ടന്‍ വെളിയില്‍ നിന്നും കയറിവന്നു. എന്നെ കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ അരികെ വന്ന് കൈ പിടിച്ചു. ഞാന്‍ യാത്ര ചോദിച്ചു. അയാള്‍ വിതുമ്പി കരഞ്ഞു. കൊച്ചുകുട്ടികളെ പോലെ!

ആദ്യമായി അന്നാണ്‌ ഞാന്‍ അങ്ങിനെയൊരു ബോസ്സിനെ കാണുന്നത്‌. ഞാന്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച്‌ പുറത്തിറങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ രാജേട്ടന്‍ വാതിലിനടുത്ത്‌ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക്‌. അന്നത്തെ ഫ്ലൈറ്റില്‍ മിക്ക സീറ്റുകളും കാലിയായിരുന്നു. പാന്‍ട്രിയുടെ അരികിലുള്ള സീറ്റാണ്‌ എനിക്ക്‌ ലഭിച്ചത്‌. വലിയൊരു വിമാനത്തില്‍ വിരലിലെണ്ണാവുന്ന ആളുകളും നാല്‌ സുന്ദരി ഹോസ്‌റ്റസുകളും രണ്ട്‌ ഹോസ്‌റ്റന്‍മാരും കൂടാതെ പൈലറ്റുമാരും മാത്രം.

വിമാനം ദോഹ എയര്‍പോര്‍ട്ടില്‍ നിന്നും പൊങ്ങിയുയര്‍ന്നു. അല്‍പം കഴിഞ്ഞ്‌ മധുരവും പാനീയങ്ങളും വിതരണം ചെയ്‌ത്‌ ആകാശസുന്ദരിമാര്‍ അവതരിച്ചു. ഞാന്‍ ജോലിപോയത്‌ ആഘോഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ബിയര്‍ ഒത്തിരി എടുത്ത്‌ അകത്താക്കി. വീണ്ടും ആവശ്യപ്പെട്ട നേരം കരിമിഴിയിളക്കിയ നോട്ടം നോക്കിയ ഒരുത്തി എന്നെ വിലക്കി.

എന്നിട്ടൊരു സ്വകാര്യം കാതില്‍ മൊഴിഞ്ഞു. ഒപ്പം അവളുപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മാസ്‌മരിക വാസന തഴുകിയെത്തി.

"അവിടെ പാന്‍ട്രിയില്‍ വന്നാല്‍ അല്‍പം കൂടെ തരാം. വേറെയാരേയും അറിയിക്കല്ലേ പ്ലീസ്‌.."

ഞാനാകെ കോള്‍മയിര്‍ കൊണ്ടു. ആദ്യം കഴിച്ചതിന്റെ ലഹരി പാദം മുതല്‍ ശിരസ്സ്‌ വരെ വിദ്യുത്‌ തരംഗം പോലെ അനുഭവപ്പെടുന്നു. അപ്പോളിങ്ങനെ ഗഗനസുന്ദരിയും ക്ഷണിച്ചതിന്റെ ത്രില്‍! ഹോ.. ഞാന്‍ ഭൂമിയില്‍ നിന്നും വീണ്ടും പൊങ്ങിയുയര്‍ന്ന് അങ്ങ്‌ നക്ഷത്രങ്ങളുടെ തോഴിമാരുടെയൊപ്പം പറുദീസയിലോ!

നോക്കുമ്പോളതാ ചിത്രശലഭങ്ങളെപോലെ നാലെണ്ണം ഒഴുകി പറന്ന് പോവുന്നു. പാന്‍ട്രിയില്‍ ചേക്കേറുന്നു. എന്നെ ക്ഷണിച്ചവള്‍ സാകൂതം കടക്കണ്ണാലെ "വരൂന്നേ.." എന്ന് വിളിക്കുന്നുവോ? ബാക്കിയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലാണ്‌. ഞാന്‍ അങ്ങോട്ട്‌ നടന്നു.

"ഹായ്‌ ഞാന്‍ സാലി." - ഞാന്‍ സ്വയം പരിചയപ്പെടുത്തി കൈ നീട്ടി.

"ഹായ്‌ ഞാനും സാലി!" - അവള്‍ കൈയ്യില്‍ മൃദുലമായി തൊട്ടുകൊണ്ട്‌ പുഞ്ചിരിച്ചു.

"എന്നെ കളിയാക്കുകയാ അല്ലേ?"

"അല്ലാ മിസ്‌റ്റര്‍ എന്റെ പേര്‌ അതു തന്നെയാ."

"എന്നാല്‍ എന്റെ ഫുള്‍ നെയിം സാലിഹ്‌ എന്നാ" - ഒരു പെണ്ണിന്റെ പേരില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ഉരുണ്ടുകളിച്ചു. അതവള്‍ക്ക്‌ മനസ്സിലായോ? അവള്‍ ബിയറും ബദാം പാക്കറ്റും എടുത്ത്‌ തന്നു. പൊട്ടിച്ച്‌ ഗ്ലാസ്സിലൊഴിക്കാനും സഹായിച്ചു.

"മിസ്റ്റര്‍ സാലി സീറ്റില്‍ പോയി ഇരുന്നോളൂ. അരികെ സീറ്റ്‌ കാലിയല്ലേ? ഞാന്‍ ഇതൊക്കെ ഒതുക്കി വെച്ചതിന്‌ ശേഷം ജോയിന്‍ ചെയ്‌തോളാം. ഒകെയ്‌?"

"ശരി മിസ്സ്‌ സാലി. വൈകരുത്‌ട്ടോ.." - ഞാന്‍ തിരിച്ച്‌ സീറ്റില്‍ വന്നിരുന്നു.

എനിക്ക്‌ നൃത്തം ചെയ്യാനും മേഘക്കൂട്ടത്തിലൂടെ അവളുടെ പിറകെ അവസാനമില്ലാതെ ഓടിക്കളിക്കാനുമൊക്കെ പൂതി വന്നു.

ബിയര്‍ നുണഞ്ഞ്‌ കണ്ണടച്ച്‌ ഞാന്‍ മന:സ്ക്രീനില്‍ സാലി-സാലികളുടെ മഴപ്പാട്ട്‌ കാണവേ... ഒരു മൃദുസ്പര്‍ശം. ഉണര്‍ന്ന് നോക്കുമ്പോള്‍ അവള്‍ സാലി പുഞ്ചിരിച്ച്‌ കൊണ്ട്‌ സമീപം വന്ന് ഇരിക്കുന്നു. അവള്‍ സോഫ്‌റ്റ്‌ ഡ്രിങ്ക്സ്‌ നുണയുന്നുണ്ട്‌.

ആദ്യമാദ്യം ഒരു സ്‌ടാര്‍ടിംഗ്‌ പ്രോബ്ലം. പിന്നെ പരിചയം തുടങ്ങി. പാന്‍ട്രിയിലേക്ക്‌ നോക്കി. അവിടെ രണ്ട്‌ ഹോസ്‌റ്റന്മാര്‍ മൂന്നെണ്ണത്തിനെ കത്തി വെച്ച്‌ പൊട്ടിച്ചിരിച്ച്‌ സമയം കൊല്ലുന്നു.

സാലി ഏതാനും മാസമേ ആയുള്ളൂ ഹോസ്‌റ്റസ്സായിട്ട്‌. അവള്‍ക്കിത്‌ ഇഷ്‌ടമല്ലാഞ്ഞിട്ടും തുടരേണ്ടി വന്നു. കാരണം ബോംബെയിലെ അവളുടെ കാമുകനെന്നും പറഞ്ഞ്‌ പിറകേ നടക്കുന്ന ഒരുത്തന്റെ ശല്യം അസഹനീയമായപ്പോള്‍ കിട്ടിയ രക്ഷാമാര്‍ഗം ആകാശയാത്രയല്ലാതെ വേറൊന്നില്ലായിരുന്നു. ജന്മനാടായ ബോംബേയില്‍ ഒരു നിമിഷം പോലും കഴിയാന്‍ ഇന്നവള്‍ക്ക്‌ താത്‌പര്യമില്ല. അവള്‍ കഥ തുടര്‍ന്നു. ഏറെ നേരം അറബിക്കടലിന്റെ മുകളില്‍ ലോകര്‍ മൊത്തം നിദ്രയിലായ വേളയില്‍ ഉറങ്ങാതെ ഞങ്ങള്‍ പരസ്പരം അറിഞ്ഞ്‌ അരികിലങ്ങനെ കഴിഞ്ഞ്‌ പറന്നുകൊണ്ടിരുന്നു. കൂട്ടിന്‌ അല്‍പം ലഹരിയും. ഞാന്‍ അവളെ സ്പര്‍ശിച്ചു. എതിരൊന്നും പറഞ്ഞില്ല.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഈ സൗകര്യം എപ്പോഴും കിട്ടില്ല. ചോദിച്ച്‌ വാങ്ങിയാല്‍ ഒരുപക്ഷെ നമ്മുടെ പി.ജെ.ജോസഫിന്റെ സ്ഥിതിയാവും അവസ്ഥ. (പാവം പുള്ളിയേയും ഇതേ പോലെ ഒരവസ്ഥയില്‍ ആരെങ്കിലും കണ്ട്‌ പരസ്യമാക്കിയതാവാം).

"ഇനി തൊടേണ്ടാട്ടോ. വര്‍ത്തമാനം പറഞ്ഞങ്ങനെ ഇരിക്കാം. അതല്ലേ രസം?" - അവള്‍ അതൃപ്‌തി സൗമ്യമായി അറിയിച്ചു. അതിനിടയില്‍ ഏതോ സീറ്റിലെ യാത്രക്കാരന്റെ ബെല്ലടി വന്നപ്പോള്‍ അവള്‍ എഴുന്നേറ്റ്‌ പോയി. ആവശ്യപ്പെട്ട വെള്ളമോ മറ്റോ കൊണ്ടുപോയി കൊടുത്ത്‌ തിരികെയെത്തി.

ഞാന്‍ എന്റെ പഴയകാല പ്രണയകഥ പറഞ്ഞു. കഥാനായികയും ഞാനും ഒരുപാട്‌ കാലത്തിനിപ്പുറം വീണ്ടും അറിയാനിട വന്ന സാഹചര്യം അവള്‍ ഒരു സിനിമ ദര്‍ശിച്ച ഭാവത്തിലാണ്‌ ശ്രവിച്ചത്‌. പക്ഷെ അവള്‍ കുടുംബിനിയും ഞാന്‍ അവിവാഹിതനുമായി കഴിയുന്നത്‌ കഷ്‌ടമായെന്ന് സാലി അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സരസവര്‍ത്തമാനത്തില്‍ ബാക്കിയുള്ള ഹോസ്‌റ്റസ്സുമാരും കൂടി. അവര്‍ ഞങ്ങള്‍ക്ക്‌ നല്ല പൊരുത്തമാണെന്ന് പരിഹസിച്ചു. ഞങ്ങളുടെ പേരുകള്‍ ഒരേ സമയം വിളിച്ച്‌ ഞങ്ങളെ നട്ടം തിരിച്ചു. അതിലൊരുത്തി എന്നെ ആംഗ്യത്തിലൂടെ സാലിയെ താലികെട്ടിക്കൂടേ എന്നുപോലും അഭിപ്രായം അറിയിച്ചു. എനിക്കും തോന്നി എന്തുകൊണ്ട്‌ ആയിക്കൂടാ?

ഒന്നൂല്ലെങ്കില്‍ ഞാനും പതിനായിരങ്ങള്‍ പൊട്ടിച്ച്‌ കാബിന്‍ ക്രൂ പരിശിലനം നേടിയിട്ടുണ്ടല്ലോ. ഈ പണി ചെയ്തില്ലെന്നേയുള്ളൂ. ഇവളെന്ത്‌ കൊണ്ടും എനിക്കിണങ്ങും. ആകാശ റാണിയെ പ്രണയിച്ച ഒരു സാധാരണ 'ധര്‍ത്തിപുതൃ' മാത്രമായി ഞാന്‍ ഇരുന്നു.

"ഇനിയെങ്കിലും വിവാഹം ചെയ്‌തൂടെ വൈകാതെ?" - സാലി ചോദിച്ചത്‌ കേട്ട്‌ രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന കണക്കെ ഞാന്‍ ഞെട്ടി.

"അതിനിപ്പോ എങ്ങനെ ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാ ഞാന്‍"

"ചെന്ന് കാണണം നല്ലൊരു മൊഞ്ചത്തിക്കുട്ടിയെ. എന്നിട്ട്‌ സന്തോഷമായി ജീവിക്കണം"

"ഓ, എനിക്ക്‌ ഉടനെയൊന്നും കുടുംബജീവിതത്തിനോട്‌ ആഗ്രഹമില്ല."

ഞാന്‍ മൂഡ്‌ നഷ്‌ടമായി ഇരുന്നു. ശുഭരാത്രി ആശംസിച്ച്‌ സാലി എഴുന്നേറ്റു. ഞാന്‍ മയക്കത്തിന്റെ കയത്തിലേക്ക്‌ മുങ്ങി.

ഏറെ നേരം മയങ്ങിയിരിക്കുന്നു. കോക്‍പിറ്റിലെ അറിയിപ്പ്‌ കേട്ടാണ്‌ ഉണര്‍ന്നത്‌. ഏതാനും നിമിഷങ്ങള്‍ക്ക്‌ ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മണ്ണില്‍ ഈ ആകാശപേടകം ഇറങ്ങുന്നതായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലൊരു കുളിര്‍മ അനുഭവപ്പെട്ടു. എല്ലാവരും സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി. ഞാന്‍ തിരിഞ്ഞു നോക്കി. സാലി ജോലിത്തിരക്കിലാണ്‌. ഞാന്‍ വിളിച്ച്‌ ഒരു സുപ്രഭാതം നേര്‍ന്നു.

വലിയ ശബ്‌ദത്തിന്റെ അകമ്പടിയോടെ വിമാനം റണ്‍വേയിലൂടെ പാഞ്ഞു. ഗട്ടറുള്ള പാതയില്‍ ബസ്സ്‌ ഓടുന്ന അതേ പ്രതീതി. പിന്നെ ഏതാനും തിരിച്ചിലിന്‌ ശേഷം നിശ്ചലമായി. എല്ലാവരും ബാഗേജുകളെടുത്ത്‌ വെളിയിലേക്ക്‌.

ഞാനിതാ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌ യാന്ത്രികമായി ബാഗുമെടുത്ത്‌ പാന്‍ട്രിയുടെ അരികിലെ ഗോവണി ലക്ഷ്യമാക്കി നടക്കുന്നു. ഇനി നമ്മള്‍ കാണുമോ? അറിയില്ല. ഒരു രാത്രി മാത്രം പ്രണയിച്ച ആദ്യ ജോഡിയെന്ന ബഹുമതി നിലനിര്‍ത്തികൊണ്ട്‌ ഞങ്ങള്‍ പിരിയുന്ന, ഇനിയൊരിക്കലും കാണാന്‍ കഴിയില്ല എന്നറിയുന്ന ആ നിമിഷത്തെ ശപിച്ച്‌ അവളെ കൈ ഗ്രഹിച്ച്‌ ഞാന്‍ യാത്ര ചൊല്ലി.

അവള്‍ ഒരു ടിഷ്യൂപേപ്പറില്‍ ഇമെയില്‍ വിലാസം എഴുതി എന്റെ പോക്കറ്റിലിട്ടു.

"താങ്കള്‍ ബന്ധപ്പെടാന്‍ മറക്കരുത്‌. കല്ല്യാണക്കാര്യമെല്ലാം അറിയിക്കണം."

ഞാന്‍ തലകുലുക്കി തിരിയുമ്പോള്‍ വീണ്ടും അവള്‍ എന്നെ വിളിച്ചു. ഞാന്‍ നിന്നു. വിമാനത്തിനകത്ത്‌ യാത്രക്കാരനായി ഞാന്‍ മാത്രമുണ്ട്‌ പുറത്തിറങ്ങാന്‍.

"സീ മിസ്റ്റര്‍ സാലി? എന്റെ എന്‍ഗേജ്‌മന്റ്‌ റിംഗ്‌ ശ്രദ്ധിച്ചിരുന്നില്ലേ? ഞാന്‍ പറയാന്‍ മറന്നു. എന്റെ വിവാഹം അടുത്ത മാസമാണ്‌. വരന്‍ ഞാന്‍ പറഞ്ഞ ശല്ല്യക്കാരന്റെ അയല്‍പക്കത്തുള്ള പോലീസ്‌ ഇന്‍സ്പെക്‍ടറാണ്‌."

"ങ്‌ഹേ! എനിക്കൊന്നും അറിയില്ലേ!"

"എന്തേലും പറഞ്ഞോ ഇപ്പോള്‍?

"ഉം.. ദീര്‍ഘ സുമംഗലീ ഭവ:" എന്ന് പുലമ്പി ഞാനെന്റെ ബാണ്ടക്കെട്ടെടുത്ത്‌ മ്ലാനവദനവുമായി പുറത്തിറങ്ങി. എന്നെ ആദ്യം വരവേറ്റത്‌ കാക്കകളുടെ "കാ കാ" ഈണമാണ്‌. ഗള്‍ഫില്‍ കേള്‍ക്കാനാവാത്തതിനാല്‍ കാക്കയുടെ സ്വരത്തിനെന്തൊരു മാധുര്യം!

25 comments:

 1. ബല്ലാത്തൊരു മൊഹബ്ബത്ത്‌ കഹാനി ഇങ്ങളുടെ ബായനക്കായി ഇട്ടിരിക്കുന്നു.

  ReplyDelete
 2. ശ്ശെ...

  ജോസപ്പ് പാവം...കണ്ണും മിഴിച്ചിരിക്കുകയാ, അപ്പോ ദേ ഇവിടൊരാള്...ഒന്നൂല്ല പറയാന്‍..ശിവ...ശിവാ..

  -പാര്‍വതി.

  ReplyDelete
 3. എന്റമ്മച്ചി..ചുള്ളിക്കാടിന്റെ ചിദമ്പരസ്മരണക്കു ശേഷം ഒരു “ടച്ചിങ്ങ്” കഥ വായിക്കുന്നത് ഇപ്പോളാ.ഏറനാടാ അമ്പടാ വീരാ,“ഓച്ചന്‍ തുരുത്തിയില്‍ നിന്ന് ഞങ്ങളുടെ പ്രതിനിധി പ്രകാശന്‍ തരുന്ന റിപ്പോര്‍ട്ടും പ്രതീക്ഷിച്ചിരിക്കുന്ന ടിവി വാര്‍ത്തക്കാരനെപ്പോലെയുള്ള ഈ ഇരിപ്പ് കണ്ടാല്‍ത്തന്നെ അറിയാം “ ആളൊരു പുള്ളിപ്പുലിയാണെന്ന്..!

  ReplyDelete
 4. എനിക്കെന്തോ... തീരെ രസിച്ചില്ല. :-)

  ഓടോ: എയര്‍ഹോസ്റ്റസ്സുമാരെ പറ്റി ഇനി ഒരക്ഷരം മിണ്ടിയാല്‍ ഇവിടെ അടി നടക്കും. അല്ല പിന്നെ. ഒക്കെ പാവങ്ങളാണെന്നേ.. :-)

  ReplyDelete
 5. ഇതാ പറഞ്ഞത്‌. ചിലര്‍ക്കു ബീറടിച്ചാല്‍ തന്നെ ഫുള്‍ഫിറ്റ്‌,
  അപ്പൊള്‍ സ്മാളോ ലാര്‍ജോ ചെന്നാലോ?
  എതായാലും നല്ലൊരു കഥ കിട്ടും.

  ഏതായാലും എയരിന്ത്യാ എക്‌സ്‌പ്രസ്സിലെ സുന്ദരികളെ ഇതിനു കിട്ടില്ല.
  അവരെ കണ്ടു പഠിക്കണം. അവര്‍ പണിവേഗം തീര്‍ത്തു യാത്രക്കാര്‍ക്കു മുന്‍പേ കസേരയില്‍ കെട്ടിവരിഞ്ഞുറക്കമാണ്‌.

  ReplyDelete
 6. ഞാന്‍ ഫ്ലൈറ്റില്‍ കേറുമ്പോഴോക്കെ അതില്‍ നിന്നു തിരിയാന്‍ പോലുമിടമില്ലാത്ത തിരക്കായിരിക്കും.
  അങ്ങിനെ പറഞ്ഞാശ്വസിക്കാം, അല്ലാതെന്തു ചെയ്യാന്‍ :-)

  ReplyDelete
 7. തീരെ രസിക്കാത്തത് എനിക്ക് മാത്രല്ല എന്നറിഞ്ഞപ്പോ സന്തോഷം തോന്നി.

  ഏറനാടാ, പി ജെ ജോസഫ് എപ്പിസോഡ് സത്യമായികൊള്ളണമെന്നില്ല.

  ReplyDelete
 8. ഏറനാടാ. സൂക്ഷിയ്കൂട്ടോ. അത്രയുമേ ഞാന്‍ പറയൂ.

  ReplyDelete
 9. ഏറനാടന്‍ ബഡായി.. ചുമ്മ വെറും പുളു, ഒരിക്കലും അങ്ങിനെ സംഭവിച്ചിട്ടുണ്ടാവില്ല, ഇനിയൊട്ടു സംഭവിക്കുകയുമില്ല, വെറുതേ ഓരോന്നങ്ങട്‌ എഴുത്വാ അല്ലേ....
  ജനുവരിയില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്‌ ചെയ്യണം, സാലിഹേ, അതേതാ ഫ്ലൈറ്റെന്നാ പറഞ്ഞേ.....

  ReplyDelete
 10. കയറുന്നെങ്കില്‍ ലങ്കന്‍ വിമാനത്തില്‍ കയറണം.ആവശ്യത്തിനു കള്ള്‌.
  അടിച്ച്‌ മൂത്ത്‌ കൊച്ചിയാണോ കോപന്‍ഹേഗന്‍ ആണോ എന്ന് അറിയാന്‍ വയ്യാതെ ഇരുന്ന എന്റെ കൂട്ടുകാരനെ ലങ്കന്‍ പെണ്‍പിള്ളേര്‍ എടുത്താണു വിമാനത്തില്‍ നിന്നും ഇറക്കിയത്‌.[എന്നെയല്ല സത്യം]

  ReplyDelete
 11. dear sali

  flight story njan read chaithu Aakasha pranayam nannayi athilum nannayathu ne ennodu parayatatanu,inganayoru karyam ne ennodu paranjilallo?ennalum nannayi ippole enikkithay parayanullu

  naseer doha qatar

  ReplyDelete
 12. കിരണ്‍സ് ഏറനാടനെ ആക്കിയതാണല്ലേ ;)

  രേഷ്മയുടേയും ദില്‍ബന്റേയും സംഘത്തിലേയ്ക്കൊരാള്‍ കൂടി.

  ReplyDelete
 13. ബിയറടിച്ച്‌ മയങ്ങിയപ്പോള്‍ കണ്ട സ്വപ്നത്തിന്റെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്തപോലുണ്ട്‌. എങ്കേജ്‌മന്റ്‌ റിങ്ങിന്റെ കാര്യം ആദ്യം പറഞ്ഞിരുന്നെങ്കില്‍ രസം പോയെനെ അല്ലേ..
  കൃഷ്‌ | krish

  ReplyDelete
 14. kochugupthan17/11/06 2:53 pm

  കഥപാത്രം കഥയില്‍നിന്നിറിങ്ങി ഓടുന്നപോലെ !!!......

  ReplyDelete
 15. ഇതു സത്യമല്ല,കഥമാത്രമാണെന്ന് ഞാന്‍ പറയുന്നു

  ReplyDelete
 16. ആ ശല്യക്കാരന്‍ കാമുകന്റെ പേര് ദില്‍ബാസുരന്‍ എന്നായിരുന്നോ?

  ഓ:ടോ: ഓരോരോ മോഹങ്ങളെ!

  ReplyDelete
 17. ഈ കഥയ്ക്കെതിരെ ഞാന്‍ സ്വന്തം പേരിലും അനോണിയായും പ്രതിഷേധമറിയിക്കുന്നു.ഈ ടൈപ്പ് ‘ടച്ചിങ്സ്’യാത്രക്കാരെ പറ്റി എനിയ്ക്ക് വിവരം ലഭിയ്ക്കാറുള്ളതും ഞാന്‍ രോഷം കൊള്ളാറുള്ളതുമാണ്. ഇപ്പൊ ഒരാളെ കൈയ്യില്‍ കിട്ടി. എന്നാ അടുത്ത മീറ്റ്? ;-)

  ReplyDelete
 18. ഡേയ്... ദില്‍ബാ.. പോലീസോഫീസര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് റിംഗ് നല്കിയത് നീയാണോ ?

  ഓടോ : നന്നാ‍യിരിക്കുന്നു.

  ReplyDelete
 19. ഉം കൊള്ളാം (സംഭവ) കഥ ;)

  എന്തെല്ലാമെന്തെല്ലാം മോഹങ്ങളാണെന്നോ......

  ReplyDelete
 20. ഏറനാടാ.. ഇനിയും ശ്രമിക്കൂ.. എല്ലാ എയര്‍ഹോസ്റ്റസുമാരും ഇങ്ങനെ അവസാനം രസച്ചെരട് പൊട്ടിച്ച് കോണ്ടോടുന്നവരല്ല. അനുഭവം ഗുരു.

  ReplyDelete
 21. സാലീ, കഥ കൊള്ളാം!
  കഥയാ‍ണോ? അതോ..?

  ReplyDelete
 22. എന്റീശ്വരാ.. രണ്ടീസം ബൂലോഗത്തീന്ന് മാറി നിന്നപ്പം എന്തൊരു പുകില്‌! എന്റെ പ്രിയപ്പെട്ടവരേ, സത്യായിട്ടും ഞാന്‍ എയര്‍ ഹോസ്‌റ്റസ്സിനേയോ വേറെ ആരേയുമോ പീഡിപ്പിച്ചിട്ടില്ല എന്ന് ഈ സുപ്രഭാതത്തില്‍ ആണയിട്ട്‌ പറഞ്ഞോട്ടെ.. എന്റെ പുളുക്കഥ ഇഷ്‌ടപ്പെട്ട ഏവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി നമസ്‌കാരം...

  ReplyDelete
 23. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്നു പറഞ്ഞതുപോലെ ആയിപ്പോയല്ലൊ എന്താ ചെയ്യാ അല്ലേ..
  ഒരു കള്ളക്ഥ ആയിട്ടും വായിച്ചു രസിച്ചു. ഓരൊരോ ആഗ്രഹങ്ങളേ...

  ഇഷ്ടമായി താങ്കളുടെ ‘കള്ള ക്കഥ’.
  സിമി

  ReplyDelete
 24. " നാല്‌ സുന്ദരി ഹോസ്‌റ്റസുകളും രണ്ട്‌ ഹോസ്‌റ്റന്‍മാരും കൂടാതെ പൈലറ്റുമാരും മാത്രം."

  ഈ ഹോസ്റ്റന്മാര്‍ എന്നു പറയുന്നത് ആട്ടിന്‍ കൊറ്റന്മാരെപോലെയാണൊ?

  ഇതു നല്ല കഥ.

  -സുല്‍

  ReplyDelete
 25. Shankar Elayath28/12/06 1:34 pm

  ഏറനാടന്റെ കഹാനി വായിച്ചപ്പം എനിക്കെന്റെ ഫ്ലാഷ്‌ ബാക്ക്‌ ഓര്‍മ്മ വന്നു.. പക്ഷെ അതു ഇതൊപോലെ അല്ലയിരുന്നു ഇച്ചിരി വിത്യാസം...

  ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com