Thursday, 23 August 2007

തേങ്ങാകള്ളന്‍-ജോസപ്പന്‍, കട്ടരിവാള്‍ & അബുട്ടി

അബുട്ടി മമ്മുക്കയെ പിടിച്ചുകെട്ടാന്‍ ആളെതപ്പി ഓടുന്നതിനിടയില്‍ ഉടുതുണി എവിടേയോ ഊരിവീണുപോയത്‌ അറിഞ്ഞില്ലായിരുന്നു. അടിയില്‍ പേരിനെന്ന്‌ പറയാമോന്നറിയില്ല, ആയിരക്കണക്കിന്‌ തുളകള്‍ വന്ന ഒരു തുണിക്കഷ്‌ണം മാത്രം (ഏതോ പതാകയോ സമ്മേളനബാനറോ കൊണ്ട്‌ തയ്‌പിച്ചത്‌). എതിരെ വന്നവരത്‌ കണ്ട്‌ കണ്ണുപൊത്താന്‍ പാട്‌ പെട്ടു. എന്നാല്‍ അബുട്ടി വേറൊന്നാണ്‌ ശ്രദ്ധിച്ചത്‌.

കോഴിക്കോട്‌ - ഊട്ടി മെയിന്‍ റോഡിന്റെ ചെട്ട്യങ്ങാടിമുക്കിലെ കലുങ്കില്‍ അവന്‍ ഇരിക്കുന്നു! അവനെന്നു വെച്ചാല്‍ നാടിനെ കിടുകിടാ വിറപ്പിക്കുന്ന 'തേങ്ങാകള്ളന്‍' ജോസപ്പന്‍ സ്ഥിരം കൈവശമുള്ള വെട്ടുകത്തി കലുങ്കിന്റെ അറ്റത്ത്‌ രാകിമിനുക്കി കുനിഞ്ഞിരിക്കുന്നു. മൂര്‍ച്ചകൂട്ടല്‍ മതിയാക്കി വെട്ടുകത്തിയുടെ അറ്റം വിരലാല്‍ തഴുകികൊണ്ട്‌ ജോസപ്പന്‍ കലുങ്കിലിരുന്നു. ജോസപ്പന്‍ കൊറേശ്ശെ തലപ്പിരി ലൂസായ കേസ്സാണെന്നത്‌ ജോസപ്പനൊഴിച്ച്‌ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരമാര്‍ത്ഥമാണല്ലോ. പോരാത്തതിന്‌ സകലമാന തെങ്ങുടമകളുടേയും ഉറക്കം കെടുത്തുന്ന നാളികേരമോഷ്‌ടാവും.

ഓടിവന്ന അബുട്ടി ജോസപ്പനിരിക്കുന്ന കലുങ്കിനെ തൊട്ടുതൊട്ടില്ലാ എന്നമാതിരി സഡന്‍ ബ്രേയിക്കിട്ട്‌ നിന്നു. പൊടിപറന്നില്ലെങ്കിലും അബുട്ടിയുടെ ധൈര്യം പറപറന്നു. കൈകാലുകള്‍ വിറകൊണ്ടു. കണ്ണുകള്‍ വെട്ടിതിളങ്ങും വെട്ടുകത്തിയുടെ മൂര്‍ച്ചമുനയില്‍ ഉടക്കിനിന്നു. അബുട്ടി റിവേഴ്‌സെടുക്കുന്നത്‌ ജോസപ്പന്‍ കണ്ടു.

കുപ്പായത്തിന്‌ കുത്തിപിടിച്ച്‌ ജോസപ്പന്‍ അബുട്ടിയെ സ്‌റ്റോപ്പാക്കി. പഴയ കുപ്പായത്തിന്റെ കോളര്‍ മൊത്തം ജോസപ്പന്റെ കൈയ്യില്‍ ഈസിയായി പറിഞ്ഞുപോന്നു. കുപ്പായം കൊടുത്തെങ്കിലും മോചിതനാകാമാല്ലോ. അബുട്ടി വിറച്ചുകൊണ്ട്‌ കുപ്പായം ഊരി കലുങ്കില്‍ മടക്കിവെച്ചു. ഇപ്പോള്‍ അബുട്ടിയുടെ കോലം.. ഹോ! മുണ്ടില്ലാതെ ഷര്‍ട്ടില്ലാതെ ഏതോ പാര്‍ട്ടിക്കാരുടെ ആയിരം തുളകളുള്ള ഒരു മറ മാത്രം ധരിച്ച ആദിമ മനുഷ്യന്‍ തന്നെ!

ജോസപ്പന്‍ ഭീമന്‍ രഘുവിന്റെ ഭാവഹാതികളോടെ അരയില്‍ തിരുകിയ ദിനേശ്‌ ബീഡിയിലൊരെണ്ണമെടുത്ത്‌ ചുണ്ടില്‌ വെച്ചു. തീപ്പെട്ടിയില്ല. തപ്പിനോക്കി. ഇല്ല.

"ഡാ..തീയുണ്ടോ എടുക്കാന്‍?"

അബുട്ടി തലയാട്ടി "ഇല്ലെന്ന്‌"

"പോയി വാങ്ങീട്ട്‌ വാ. ഞാനിവിടെ തന്നെയുണ്ടാവും. കേട്ടോടാ..?"

അബുട്ടി കിട്ടിയ ചാന്‍സില്‍ ഓടെടാ ഓട്ടം. അതിനിടയില്‍ ആയിരം തുളകള്‍ ഒരുമിച്ച്‌ അരയ്‌ക്ക്‌ താഴെ മറച്ചിരുന്ന ബാനര്‍-തുണിയും വീഴും വീഴില്ലാന്ന്‌ ശങ്കിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ജീവന്‍ തിരിച്ചുകിട്ടിയതായി തോന്നിയ അബുട്ടി വഴിയേവരുന്നവരോടെല്ലാം വിളിച്ചുകൂവി പാഞ്ഞുകൊണ്ടിരുന്നു.

"അതിലേ പോകണ്ടാ. തേങ്ങാകള്ളന്‍ ജോസപ്പന്‌ പിരാന്തെളകീ.. ജോസപ്പന്‌ വട്ടായീ.. വെട്ടുകത്തീണ്ട്‌ വരുന്നോരെ വെട്ടാന്‍ വട്ടന്‍ ജോസപ്പന്‍ കലുങ്കില്‌ വെയിറ്റ്‌ ചെയ്യാണ്‌. പോകല്ലേ.."

മുക്കാലും നഗ്നനായിട്ടോടി വരുന്ന അബുട്ടി പറയുന്നതില്‍ നഗ്നസത്യം ഉണ്ടാവാം എന്ന്‌ തോന്നിയ പലരും വഴിമാറ്റിപിടിച്ചു. മാനവേദനുസ്‌ക്കൂളില്‍ പോവുന്ന പിള്ളേരും ടീച്ചര്‍മാരും കണ്ണുപൊത്തി നിന്നു. കണ്ണുകള്‍ പൊത്തിയടച്ച്‌, ഏതിലേപോവുമെന്നറിയാതെ ഡാന്‍സ്‌ പഠിപ്പിക്കുന്ന മാലിനിടീച്ചറുടെ നേതൃത്വത്തില്‍ സംഘം വരിവരിയായിട്ട്‌ പാദസ്‌പര്‍ശത്താല്‍ റൂട്ട്‌ മനസ്സിലാക്കി ഒരുവിധം പാടവരമ്പില്‍ ഇറങ്ങിനിന്നു.

പായുന്ന അബുട്ടിയെ നോക്കീട്ട്‌ മൂക്കത്ത്‌ വിരല്‍ വെച്ചുകൊണ്ട്‌ മദ്രസ്സ വിട്ടുവരുന്ന രായിന്‍ മുസ്‌ല്യാര്‌ അന്തം വിട്ട്‌ സഹചാരിയായ വളഞ്ഞകാലുള്ള കുട കുത്തിനിന്നുകൊണ്ടിങ്ങനെ മൊഴിഞ്ഞു:

"അള്ളള്ളാ.. ശരിക്കും ആര്‍ക്കാണാവോ പിരാന്ത്‌. അബുട്ടിക്കോ അതോ ജോസപ്പനോ??"

"പിരാന്തന്മാരുടെ കോലാഹലം കഴീണവരേക്കും ഇവിടെ കേറിയിരുന്ന്‌ ചായകുടിച്ചോളിന്‍ മൊയില്യാരേ?"

ചായമക്കാനി നടത്തുന്ന പരുത്തിമെയമാക്ക പല്ല്‌ പോയ തൊണ്ണകാട്ടിചിരിച്ചിട്ട്‌ രായിന്‍ മുസ്‌ല്യാരെ ക്ഷണിച്ചിരുത്തി. വെളിയിലൂടെ അബുട്ടി ശരം വിട്ടപോലെ പാഞ്ഞുപോയി.

"ഈ പാവം ഇങ്ങനെയായത്‌ വല്ലോം അറീണുണ്ടൊ ആവോ ആ വര്‍മ്മപെണ്ണ്‌!"

"ഭാനുവര്‍മ്മപെണ്ണോ? നല്ല കഥ. അത്‌ ഒരു വശം കുഴഞ്ഞുകിടപ്പായതല്ലേ. കൊല്ലമെത്ര കഴിഞ്ഞിരിക്ക്‌ണ്‌. ആരോര്‍ക്കാനാ അതൊക്കെ!"

മക്കാനിയില്‍ ചായകുടിക്കാതെ പത്രം മറിച്ചുനോക്കിയിരിക്കുന്ന കോവിലകമുക്കിലെ രണ്ട്‌ വയസ്സന്മാര്‍ ഗതകാലസ്മരണയുടെ കെട്ടഴിക്കാന്‍ തുടങ്ങിയത്‌ ചായക്കാരന്‍ തടഞ്ഞു.

"ഇവിടെ വന്നങ്ങട്ട്‌ കുത്തിയിരുന്നോളും ഓരോരോ ബഡായീം പൊട്ടിച്ചാണ്ട്‌. ഒരു ചായപോലും എവിടെ ഹൂഹും."
..............

അബുട്ടി പ്രാണരക്ഷാര്‍ത്ഥം പാഞ്ഞുപോവുമ്പോള്‍ ഒരു വളവു തിരിഞ്ഞെത്തിയത്‌ മറ്റൊരു കഥാപാത്രത്തിനടുത്ത്‌!

അബുട്ടി നിന്നു. വിട്ടുപോയ ധൈര്യം പാറിപ്പറന്ന്‌ ചിറകിട്ടടിച്ച്‌ തിരികെയെത്തിയപോലെ അബുട്ടി ഒന്നുഷാറായി നെഗളിച്ചുനിന്നു. സ്ലോമോഷനില്‍ നടന്ന്‌ അവിടെ കണ്ട കഥാപാത്രത്തിനടുത്തെത്തി.

വലിയൊരു മുട്ടിക്കഷ്‌ണം പിടിച്ച്‌ തോളില്‍ വെച്ച്‌ പിറുപിറുത്ത്‌ നില്‍ക്കുന്ന ഇയാളാണ്‌ 'കട്ടരിവാള്‍' എന്നെല്ലാരും പരിഹസിക്കുന്ന കമ്മ്വാക്ക. വട്ടുകേസ്സ്‌ തന്നെ എന്നതില്‍ സംശയം വേണ്ട.

ഗദ പിടിച്ചുനില്‍ക്കുന്ന ഹനുമാനെ അനുസ്മരിപ്പിക്കുന്ന ഭാവഹാദികളോടെ മുട്ടിക്കഷ്‌ണം താങ്ങി തോളില്‍ സ്ഥാപിച്ച്‌ 'ആപ്പീസുതൊടു' എന്ന ഫോറസ്‌റ്റ്‌ ഓഫീസിന്റെ മുന്നിലെ കവലയില്‍ എപ്പോഴുമുണ്ടാവുന്ന ഒരൊഴിയാബാധയാണ്‌ 'കട്ടരിവാള്‍'. ഈ പേര്‌ വിളിച്ച്‌ പ്രകോപിപ്പിക്കുന്നവരെ ഒന്നും ചെയ്യില്ല. പകരം 'അന്റെ ബാപ്പാന്റെ ബാപ്പ' എന്നു മാത്രം പുലമ്പിനിന്നോളും.

അതല്ലേ അബുട്ടിക്കിത്ര ധൈര്യം വന്നത്‌. അബുട്ടി അരികിലെത്തി കട്ടരിവാളെ അടിമുടി നോക്കി. വലം വെച്ചു ഒത്തിരിവട്ടം. എന്നിട്ട്‌ നിന്നു മുഖത്തേക്ക്‌ ഊതി.

കട്ടരിവാള്‍ സ്ഥിരം മന്ത്രണമുരുവിട്ട്‌ നിന്നു "അന്റെ വാപ്പാന്റെ വാപ്പ..അന്റെ വാപ്പാ ഓന്റെ വാപ്പ.."

കട്ടരിവാള്‍ അണിഞ്ഞിരിക്കുന്നത്‌ മുന്‍ഭാഗം ഏതാണ്ട്‌ ദൃശ്യമാകുന്ന കീറലുള്ള 'ബെര്‍മുഡ'യുടെ അപരനായ പണ്ടുകാലത്തെ ഒരു കള്ളിട്രൗസറാണ്‌!

അതിലാണ്‌ അബുട്ടി നോക്കുന്നത്‌. കീറിപ്പറിഞ്ഞ ട്രൗസറണിഞ്ഞ കട്ടരിവാളെ ആയിരം തുളകളാല്‍ സമ്പന്നമായ പതാകയുടെ ചെറുതുണ്ട്‌ മാത്രമണിഞ്ഞ അബുട്ടി വലയം വെച്ചു. വില്ലാധിവില്ലനെപോലെ..

"എടാ..അനക്കൊന്നും നാണമില്ലേടോ പെണ്ണുങ്ങളും മറ്റും നടക്കുന്ന ഇവിടെങ്ങനെ കീറിയ ട്രൗസറ്‌ മാത്രമിട്ട്‌ നില്‍ക്കാന്‍! പോയി തുണിയുടുത്ത്‌ വാടാ കട്ടരിവാളേ!!"

അബുട്ടി ഉച്ചത്തില്‍ കട്ടരിവാളോട്‌ പറയുന്നത്‌ വഴിയേപോയവര്‍ കേട്ടിട്ട്‌ വടിയായിനിന്നു. ഇതിലാര്‍ക്കാണ്‌ തുണിയുള്ളത്‌ തുണിയില്ലാത്തത്‌ എന്ന്‌ തിട്ടപ്പെടുത്താനാവാതെ ചിലരെങ്കിലും സൊല്യൂഷന്‍ കിട്ടാന്‍ അവിടെ നിന്നു.

കുറച്ചപ്പുറത്ത്‌ ഇതൊന്നും കാണുവാന്‍ കാഴ്‌ച ഇല്ലാതെ മുഹമ്മദിക്ക എന്ന അന്ധവൃദ്ധന്‍ ഭിക്ഷ യാചിച്ച്‌ അറബിസൂക്തങ്ങള്‍ ചൊല്ലി റോഡിനരികെ കസേരയില്‍ ഇരിക്കുന്നതാരും കണ്ടില്ല!

Wednesday, 22 August 2007

രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി!

നിത്യവുമെന്ന പോലെയന്നും അബുട്ടി നേരെ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടിലെത്തി. വീടിന്റെ കോലായിലെ അരപ്പടിയില്‍ തൂണും ചാരിയിരുന്ന്‌ മനോരമ-മംഗള-മാതൃഭൂമി-മാധ്യമ ദിനപത്രങ്ങള്‍ ഓരോന്നായി മടക്കിപിടിച്ച്‌ പാരായണമാരംഭിച്ചു.

"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച്‌ അന്തം വിട്ട്‌ അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട്‌ മുറ്റത്തൂടെ പോയ പിള്ളേരോട്‌:

"ഏതോ ദക്കറിയക്ക്‌ സമനില വന്നതുവരെ പത്രത്തില്‌ വന്ന്‌. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന്‌ പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."

പിള്ളേരോടി പോയി.

"രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച്‌ നോക്കി. മുഖത്ത്‌ ഭീതി കൂടി.

"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത്‌ കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"

അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല്‌ നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത്‌ പൂശികൊണ്ട്‌ ഖദര്‍ കുപ്പായമിട്ട്‌ കോലായിലെത്തി.

"ആ അതുശരി. കറുത്ത കൈ പൗഡറിട്ട്‌ വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"

അബുട്ടി നാക്ക്‌ കടിച്ച്‌ മന്ത്രിച്ച്‌ പറഞ്ഞു.

മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന്‌ കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‌ 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത്‌ മടക്കിനിവര്‍ത്തി.

അബുട്ടി എഴുന്നേറ്റ്‌ തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട്‌ പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില്‌ ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.

'ഇപ്പം മമ്മൂവിനെ പോലീസില്‌ കൊടുത്താല്‌ നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്‌. രാജീവ്‌ ഗാന്ധിയേണ്‌. ആഹാ..!'

റോഡിലിറങ്ങിയിട്ട്‌ അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട്‌ എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.

അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട്‌ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത്‌ ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക്‌ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.

വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ്‌ ശ്രദ്ധിച്ചതും. ഉടനെ..

"ആരിത്‌ അബുട്ടിയോ. നീ പോയിട്ടേയ്‌ ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന്‌ ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട്‌ കുടിച്ചോളൂ."

"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'

അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ വെളുക്കെ ചിരിച്ചോണ്ട്‌ മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്‌..

'ഞാന്‍ പോയിട്ട്‌ എന്റെ ചായ കുടിച്ച്‌ വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'

ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച്‌ അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന്‌ അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..

ശേഷം ചിന്ത്യം..

Monday, 13 August 2007

അബുട്ടി - ചിത്തഭ്രമപ്രണയകഥാനായകന്‍!

ചിത്തഭ്രമപ്രണയകഥയിലെ നായകനെ നിങ്ങളോര്‍ക്കുന്നില്ലേ? പിരാന്തന്‍ അബുട്ടിയെ? അക്കഥ തുടരനാക്കാനായില്ല. എന്തെന്നാല്‍ വിമര്‍ശന-പ്രാദേശിക-ജാതീയ വിസ്‌ഫോടനത്താലും പിന്നെ.. അക്കാലയളവില്‍ പൊട്ടിയുദിച്ച ചില 'വര്‍മ്മനോണി'കളാലും തലയ്‌ക്കുള്ളില്‌ നിറഞ്ഞുകിടപ്പുള്ള ഇക്കഥ അന്നുതന്നെ ഞാന്‍ ഫുള്‍-സ്റ്റോപ്പിട്ടതാണ്‌.

നിങ്ങള്‍ക്ക്‌ സമ്മതാണേല്‌ ബാക്കികൂടി വായിക്കാന്‍ ഇടണമെന്നുണ്ട്‌. ഇപ്രാവശ്യം ഒരു നുറുങ്ങുനര്‍മ്മം (പിരാന്തനബുട്ടി വക) പറഞ്ഞോട്ടെ...

അങ്ങിനെ പിരാന്തനബുട്ടി നിലമ്പൂരിലെ ചെട്ടിയങ്ങാടി കൊടികുത്തി അലഞ്ഞുതിരിഞ്ഞുവസിക്കും കാലം.. ഉച്ചഭക്ഷണം സ്ഥിരം അകത്താക്കുന്നത്‌ വര്‍ഷങ്ങളായിട്ട്‌ ജനകീയസമ്മതനായ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടില്‍ നിന്നാണെന്നറിയാല്ലോ.. അതിനൊരു കാരണം അബുട്ടീസ്‌ ചോദ്യത്തിലുണ്ട്‌:

"ഞമ്മള്‌ നാട്ടാര്‌ വെയിലും മയീം കൊണ്ട്‌ ക്യൂനിന്ന്‌ എല്ലാ വട്ടവും ജയിപ്പിച്ചുകൊണ്ടുവരുന്ന കുഞ്ഞാക്കയുടെ വീട്ടിലെ ഫുഡടിക്കുന്നത്‌ ചോയിക്കാന്‍ ഉശിരുള്ള ഏതെവനുണ്ടെടാ ഞാനല്ലാതെ ഇവിടെ വേറെ??!"

അങ്ങിനെ ഒരിക്കലൊരു ഇലക്ഷന്‍ പ്രചരണകാലം, നേതാവ്‌ കുഞ്ഞാക്ക പുരയിലുള്ള വേള. വാരിവലിച്ച്‌ ചോറും കറിയും തിണ്ണയിലിരുന്ന്‌ തിന്നുന്ന അബുട്ടിയെ മൂപ്പര്‌ ശ്രദ്ധിച്ചു. അരികിലെത്തി. കൂടെ ഖദറിട്ട ലോക്കല്‍ നേതാക്കളുമുണ്ട്‌.

"മോനേ.. അബുട്ടീ.. ഇപ്രാവശ്യം കുഞ്ഞാക്ക ജയിക്കൂലേടോ?"

വായ നിറച്ചും ചോറുനിറച്ച്‌ കണ്ണും തള്ളി മോന്ത തുടച്ച്‌ ഒരു പൊരിച്ച അയക്കോറ പീസും കൂടി വായയിലിട്ട അബുട്ടി എക്കിളെടുത്ത്‌ വെള്ളത്തിന്റെ സ്‌റ്റീല്‍ കപ്പെടുത്ത്‌ പോസായിട്ടൊന്ന്‌ ഇരുന്നു.

"കുഞ്ഞാക്ക കൊല്ലം കൊറേയായില്ലേ ജയിച്ചങ്ങനെ തിരോന്തരത്ത്‌ പോയി കഴിയുന്നത്‌! ഇപ്രാവശ്യം കുഞ്ഞാക്ക തോറ്റാല്‍ മതി."

"ങ്‌ഹേ! എന്ത്‌? അതെന്താ?"

"ആന്ന്‌. ഇങ്ങള്‌ തോറ്റാല്‌ മാസത്തില്‌ ഒരു വട്ടം വരുന്നത്‌ മാറി പിന്നെ എന്നും പുരയിലുണ്ടാവൂലേ. അപ്പോള്‌ ഞമ്മള്‍ക്ക്‌ എന്നും തിന്നാന്‌ പൊരിച്ച കോയീം മീനും, നെയിച്ചോറും ബിരിയാണീം കിട്ട്വോലോ.. ഇതിപ്പം ഇങ്ങള്‌ വരുന്ന അന്നല്ലേ നല്ല ഫുഡ്‌ കിട്ടുന്നേ!"

ഇതുകേട്ട്‌ കുഞ്ഞാക്ക പുഞ്ചിരിച്ചപ്പോള്‍ കൂടെയുള്ള കുട്ടിനേതാവ്‌ അറിയാത്തപോലെ അബുട്ടി കുടിക്കുന്ന സ്‌റ്റീല്‍ കപ്പ്‌ കൈയ്യാല്‍ തട്ടി നിലത്തിട്ടതാരും അറിഞ്ഞീല..!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com